Analysis
ഷുക്കൂര്‍ വക്കീലിന്റെ ഹരജിയും സ്റ്റേറ്റിസ്റ്റ് മനോഭാവവും
Analysis

ഷുക്കൂര്‍ വക്കീലിന്റെ ഹരജിയും സ്റ്റേറ്റിസ്റ്റ് മനോഭാവവും

കെ.പി ഹാരിസ്
|
10 Aug 2024 10:24 AM GMT

പൗരസമൂഹം എന്ന നിലയില്‍നിന്ന് പ്രജകള്‍ എന്ന തലത്തിലേക്ക് ഒരു ജനത തലകുത്തി വീഴുമ്പോള്‍ സംഭവിക്കുന്നതാണ് ഭരണകൂട ദാസ്യത. സ്റ്റേറ്റ് സംവിധാനങ്ങളോടുള്ള അമിതാസക്തി ഫാസിസം സൃഷ്ടിക്കുന്ന ഒരു മാനസികാവസ്ഥയാണ്.

വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഫണ്ട് ശേഖരണവും വിതരണവും മുഴുവന്‍ സ്റ്റേറ്റിന്റെ മേല്‍നോട്ടത്തില്‍ ആവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷുക്കൂര്‍ വക്കീല്‍ (സി. ഷുക്കൂര്‍) ഹൈക്കോടതിയില്‍ ഒരു പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. പക്ഷേ, ഹൈക്കോടതി ഇരുപത്തി അയ്യായിരം രൂപ പിഴയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി തള്ളുകയായിരുന്നു. ഇവിടെ കോടതി പിഴയായിട്ടാണ് 25,000 രൂപ വിധിച്ചത്. അതും ദുരിതാശ്വാസനിധിയില്‍ അടക്കണമെന്നും പറഞ്ഞിരിക്കുന്നു. അഥവാ, അടച്ചില്ലെങ്കില്‍ അത് കണ്ടുകെട്ടാനുള്ള അവകാശം കോടതിക്കുണ്ട് എന്നര്‍ഥം. സത്യത്തില്‍ കോടതി, ഹര്‍ജി തള്ളിയതിലൂടെ ജനസമൂഹത്തിന്റെ മൗലികമായ ഒരു അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ചെയ്തത്. എല്ലാ പ്രവര്‍ത്തനങ്ങളും സ്റ്റേറ്റിന്റെ അധീനതയില്‍ വരണം എന്ന സ്റ്റേറ്റിസ്റ്റ് സങ്കല്‍പവും ജനസഞ്ചയത്തിന്റെ അഥവാ, മനുഷ്യ സമൂഹത്തിന്റെ ജൈവികമായ സാമൂഹ്യ പ്രവര്‍ത്തനവും തമ്മിലുള്ള ഒരു ആശയ സംവാദം ഈ ഹരജി ഫയല്‍ ചെയ്തതിലൂടെ വക്കീല്‍ ഉയര്‍ത്തി വിട്ടിട്ടുണ്ട്.

സാധാരണയായി മുസ്‌ലിം പ്രതിനിധാനത്തെയും മുസ്‌ലിം ചിഹ്നങ്ങളെയും അവമതിപ്പോടെ കാണാനും അതിലൂടെ ലഭിക്കുന്ന പുരോഗമന നെറ്റിപ്പട്ടം സ്വയം അണിയാനും ശ്രമിക്കാറുമുള്ള ഒരാളുടെ പ്രഹസനമായിട്ടുള്ള പ്രവര്‍ത്തനം എന്ന നിലയില്‍ ഇതിനെ തള്ളിക്കളയാന്‍ പറ്റില്ല. അഥവാ, വയനാട് ദുരന്തമുഖത്ത് നാം അനുഭവിച്ച മുസ്‌ലിം സംഘടനാ നേതൃത്വത്തിലുള്ള എന്‍.ജി.ഒകളുടെ കൂടുതല്‍ ദൃശ്യത മാത്രമല്ല വക്കീലിനെ പ്രകോപിപ്പിച്ചത് എന്നര്‍ഥം.

ഇന്ത്യയിലുള്‍പ്പെടെ ലോകത്തുള്ള വ്യത്യസ്തങ്ങളായ എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നത് ആ നാട്ടിലുള്ള ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ്. അഥവാ, ഒരു സ്റ്റേറ്റ് സംവിധാനത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത അത്രയും വലുപ്പത്തിലുള്ള പ്രതിസന്ധികള്‍ ഓരോ രാജ്യത്തിലും മനുഷ്യര്‍ അനുഭവിക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം നമുക്ക് മുന്നിലുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്ന ഒരു പദ്ധതിയില്‍ ഏര്‍പ്പെടുക എന്ന പ്രവര്‍ത്തനമാണ് എന്‍.ജി.ഒകള്‍ ചെയ്യുന്നത്. അഥവാ, സ്റ്റേറ്റിനുള്ളിലെ ഒരു സ്റ്റേറ്റ് ആയി ഇവര്‍ സ്വയം പ്രവര്‍ത്തിക്കുന്നതായി കാണാം.

ഒരു സ്റ്റേറ്റിസ്റ്റ് മാനസികാവസ്ഥ അദ്ദേഹത്തില്‍ രൂപപ്പെട്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഇത് അദ്ദേഹത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല. അദ്ദേഹത്തെ പിന്തുണക്കുന്ന പുരോഗമന ലിബറലുകള്‍ ഉള്‍പ്പെടെ ഈ മാനസികാവസ്ഥയിലേക്ക് വികസിച്ചിരിക്കുന്നു എന്ന് കാണാം. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യയില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഗവണ്‍മെന്റ് ആണ്. ഫാസിസ്റ്റ് ഭരണകൂടം ഉല്‍പാദിപ്പിക്കുന്ന ഒരു മൂല്യബോധമാണ് ഭരണകൂടത്തിനോടുള്ള അമിത വിധേയത്വം എന്നത്. പൗരസമൂഹം എന്ന നിലയില്‍ നിന്ന് പ്രജകള്‍ എന്ന തലത്തിലേക്ക് ഒരു ജനത തലകുത്തി വീഴുമ്പോള്‍ സംഭവിക്കുന്നതാണ് ഈ ഭരണകൂട ദാസ്യത. സ്റ്റേറ്റ് സംവിധാനങ്ങളോടുള്ള അമിതാസക്തി ഫാസിസം സൃഷ്ടിക്കുന്ന ഒരു മാനസികാവസ്ഥയാണ്.

ദുരന്തമുഖത്ത് ഒരു ജനത സര്‍വ്വതും മറന്ന് എല്ലാം നഷ്ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവരുടെ നൈതികതയെ സംശയിക്കുന്നു എന്ന് മാത്രമല്ല, സ്റ്റേറ്റ് മാത്രമാണ് സത്യം എന്ന പുരോഗമന അന്ധവിശ്വാസത്തെയാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. അതിനാല്‍ ഹൈക്കോടതി ഈ പുരോഗമന അന്ധവിശ്വാസത്തെ തള്ളിക്കളയുക എന്ന രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. ഇന്ത്യയിലുള്‍പ്പെടെ ലോകത്തുള്ള വ്യത്യസ്തങ്ങളായ എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നത് ആ നാട്ടിലുള്ള ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ്. അഥവാ, ഒരു സ്റ്റേറ്റ് സംവിധാനത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത അത്രയും വലുപ്പത്തിലുള്ള പ്രതിസന്ധികള്‍ ഓരോ രാജ്യത്തിലും മനുഷ്യര്‍ അനുഭവിക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം നമുക്ക് മുന്നിലുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്ന ഒരു പദ്ധതിയില്‍ ഏര്‍പ്പെടുക എന്ന പ്രവര്‍ത്തനമാണ് എന്‍.ജി.ഒകള്‍ ചെയ്യുന്നത്. അഥവാ, സ്റ്റേറ്റിനുള്ളിലെ ഒരു സ്റ്റേറ്റ് ആയി ഇവര്‍ സ്വയം പ്രവര്‍ത്തിക്കുന്നതായി കാണാം. ഒരു രാജ്യത്തിലെ വികസനത്തെ സഹായിക്കുന്നതിനാണ് എന്‍.ജി.ഒകള്‍ മുന്നോട്ട് വന്നിട്ടുള്ളത് എന്നും അതിനാല്‍ വലിയ സമൂഹ്യപ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത് എന്നും നമുക്ക് കാണാം. ഡി.വൈ.എഫ്.ഐ നല്‍കുന്ന പൊതിച്ചോറ് ഒരു ചാരിറ്റി എന്നതിനപ്പുറം ഉജ്വലമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മനസ്സിലാക്കുന്നത് അതുകൊണ്ടാണ്.

ഇന്ത്യയിലെ വലിയ ഒരു എന്‍.ജി.ഒ ഏജന്‍സിയാണ് അസീം പ്രേംജി ഫൗണ്ടേഷന്‍. അവര്‍ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ വ്യത്യസ്ത സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അപ്രാപ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന വളരെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ഇവര്‍ ചിലവഴിക്കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരളത്തില്‍ മാത്രം ആയിരത്തി മുന്നൂറോളം വീടുകള്‍ നിര്‍മിച്ചു കൊടുത്ത ഒരു അനുഭവ പരിസരത്തില്‍ നിന്നാണ് എന്‍.ജി.ഒകള്‍ക്ക് എതിരെയുള്ള ഇത്തരത്തിലുള്ള ഡി മോറലൈസേഷന്‍ പ്രവര്‍ത്തനങ്ങളുമായി ഒരു കൂട്ടര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കേവലമായ പിണറായി ഭക്തി എന്നതിനപ്പുറം ഇന്ത്യയിലെ പൗരസമൂഹത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന സ്റ്റേറ്റിസ്റ്റ് മെന്റാലിറ്റിയുടെ പ്രകാശനമായിട്ടാണ് നാം ഇതിനെ കാണേണ്ടത്.


| പുത്തുമല ദുരന്ത പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഹര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍.

മുസ്‌ലിംകളുടെ വഖഫ് സ്വത്തില്‍ കൈവെക്കാന്‍ പാകത്തില്‍ ഒരു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധ സ്വരം ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ചില പൊതുപ്രവര്‍ത്തകരുടെ സ്റ്റേറ്റിനോടുള്ള അമിതാസക്തി സംശയം ജനിപ്പിക്കുന്നതാണ്. ലോകത്ത് ഏകാധിപതികള്‍ ഉയര്‍ന്നുവന്നത് ഇത്തരത്തില്‍ പൗരസമൂഹം കേവല പ്രജകളായി രൂപാന്തരണം പ്രാപിച്ചപ്പോഴാണ് എന്ന് നാം അറിയുന്നു. ഹിറ്റ്‌ലറും പോള്‍പോട്ടും സ്റ്റാലിനും ഹുസ്‌നി മുബാറക്കും ഇത്തരം ഏകാധിപതികള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവരെയെല്ലാം വളര്‍ത്തിയത് സ്റ്റേറ്റ് മൗലിവാദികളാണ് എന്നതാണ് യാഥാര്‍ഥ്യം. അത്തരത്തില്‍ ഒരു ഏകാധിപതിയെ നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് സഹികെട്ട ഒരു ജനത ആട്ടി ഓടിച്ചിരിക്കുന്നു എന്നതും നാം മറക്കാന്‍ പാടില്ലാത്തതാണ്. എന്ന് മാത്രമല്ല, അവിടെ ഇപ്പോള്‍ ഭരണനേതൃത്വം ഏറ്റെടുത്തിരിക്കുന്നത് ലോകത്തിലെ തന്നെ വലിയ എന്‍.ജി.ഒകളുടെ ഒന്നിന്റെ ഉപജ്ഞാതാവായ മുഹമ്മദ് യുനുസ് ആണ്. അതിനാല്‍ ഭരണകൂടം മാത്രമാണ് സത്യമെന്ന ആധുനിക പുരോഗമന നുണയെ പ്രതിരോധിക്കുന്നത് ഒരു ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനമാണ് എന്ന് തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ സാക്ഷരത നാം കൈവരിക്കണം.



Similar Posts