"കാത്തുസൂക്ഷിച്ചത് എന്‍.ഐ.എ കൊണ്ടുപോയി"; പനായിക്കുളം കേസിനെ കുറിച്ച് സിബി മാത്യൂസ് പറഞ്ഞത്
|കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ക്രെഡിറ്റെടുക്കേണ്ടെന്ന് കരുതിയാണ് പാനായിക്കുളം കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്നും പണിയെടുക്കാതെ എന്‍.ഐ.എക്ക് ക്രെഡിറ്റ് മുഴുവനും കിട്ടിയെന്നും സിബി മാത്യൂസ് ആരോപിക്കുന്നു. കഷ്ടപ്പെട്ടും അപകടം പിടിച്ച ജോലിചെയ്തും കുറ്റപത്രം തയ്യാറാക്കിയ കേരളാ പൊലീസിന് അവഗണനമാത്രമായിരുന്നു പ്രതിഫലമെന്നും അദ്ദേഹം ആരോപിക്കുന്നു.
കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പാനായിക്കുളം കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോതി വിധി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. 2006 ല്‍ ഈ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ ഡി.ജി.പിയായിരുന്ന സിബി മാത്യൂസ് എഴുതിയ സര്‍വീസ് സ്റ്റോറിയില്‍ പാനായിക്കുളം കേസ് സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. പാനായിക്കുളം കേസ് കേരള പൊലീസില്‍നിന്ന് എന്‍.ഐ.എ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പുസ്കത്തില്‍ സിബി മാത്യൂസ് കുറ്റപ്പെടുത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ക്രെഡിറ്റെടുക്കേണ്ടെന്ന് കരുതിയാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തതെന്നും പണിയെടുക്കാതെ എന്‍.ഐ.എയ്ക്ക് ക്രെഡിറ്റ് മുഴുവനും കിട്ടിയെന്നും സിബി മാത്യു പുസ്തകത്തില്‍ ആരോപിക്കുന്നു. കഷ്ടപ്പെട്ടും അപകടം പിടിച്ച ജോലിചെയ്തും കുറ്റപത്രം തയ്യാറാക്കിയ കേരളാ പോലീസിന് അവഗണനമാത്രമായിരുന്നു പ്രതിഫലമെന്നും അദ്ദേഹം കുറിക്കുന്നു. 'നിര്‍ഭയം - ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകം ഗീന് ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2006 ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് പാനായിക്കുളം കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആഗസ്റ്റ് 15ന് എറണാകുളം പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ വെച്ച് 'സ്വാതന്ത്രസമരത്തില്‍ മുസിലിംകളുടെ പങ്ക്'എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിനെ നിരോധിത സംഘടനയായ സിമിയുടെ രഹസ്യ ക്യാമ്പെന്ന് ആരോപിച്ച് പതിനാറു പേര്‍ക്കതിരെ കേസെടുക്കുകയായിരുന്നു. ബിനാനിപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുകയും യു.എ.പി.എ വകുപ്പ് ഉള്‍പ്പെടുത്തുകയും ചെയ്തു. കോടതിയില്‍ കുറ്റപത്രം സമര്‍പിക്കുന്ന ഘട്ടത്തില്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തു. കേസില്‍ 11 പേരെ വെറുതെ വിട്ട വിചാരണ കോടതി അഞ്ചുപേരെ ശിക്ഷിച്ചു. ഇതിനെതിരെ എന്‍.ഐ.എ ഹൈക്കോടതിയെ സമീപിക്കുകയും ഡിവിഷന് ബെഞ്ച് എല്ലാവരെയും വെറുതെ വിടുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ എന്‍.ഐ സുപ്രീംകോടതിയില്‍ സമര്‍പിച്ച ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു.
നിര്‍ഭയം - ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍ - പുസ്തകത്തില്‍നിന്ന്:
" .............. പാനായിക്കുളം സിമി ക്യാമ്പ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത് അപ്പോഴാണ്. 2006 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പതിനാറ് മുസ്ലിം യുവാക്കള്‍ ആലുവയിലെ ബിനാനിപ്പുരത്തിനു സമീപമുള്ള ഹാപ്പി ഓഡിറ്റോറിയത്തില്‍ സമ്മേളിച്ച് ഇന്ത്യന്‍ മുസ്ലീങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. നിരോധിത സംഘടനയായ സിമിയിലെ പ്രവര്‍ത്തകരായിരുന്നു ഇവര്‍ എന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് എസ്.ഐ. കെ.എന്‍. രാജേഷ് അവരെ അറസ്റ്റുചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ' മുകളില്‍നിന്നുള്ള' നിര്‍ദേശം വന്നപ്പോള്‍ അന്നു വൈകുന്നേരം തന്നെ അവരെ വിട്ടയച്ചു. രാഷ്ട്രീയനേതൃത്വത്തില്നിന്നുമുള്ള ഇടപെടലായിരുന്നില്ല ഇത്. പൊലീസ് ഉന്നതരുടേതായിരുന്നു ".
" സംസ്ഥാന ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം ആ കേസിന്റെ അന്വേഷണം പുതിയ അന്വേഷണസംഘം ഏറ്റെടുത്തു. തീവ്രവാദപ്രവര്‍ത്തനങ്ങളെ നേരിടുവാനുള്ള പ്രത്യേക നിയമമായ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (യു.എ.പി.എ) പ്രകാരം വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് ബോംബുസ്ഫോടനക്കേസ് അന്വേഷിക്കവെ, അതില്‍ പ്രതികളായവര്‍ കോട്ടയം വാഗമണ്ണില്‍ നടത്തിയ ഒരു ക്യാമ്പില്‍ പങ്കെടുത്തതായി വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് അതിനും ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്റലിജന്‍സ് വിഭാഗം സൂപ്രണ്ടായിരുന്ന എ.വി ജോര്‍ജിനെയും ടീമിനെയും അഹമ്മദാബാദിലേക്കും ബാംഗ്ലൂരിലേക്കും അയച്ചു. തീവ്രവാദവിരുദ്ധ സ്ക്വാഡ് നടത്തുന്ന അന്വേഷണങ്ങളെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അയച്ചത്.."
" പാനായിക്കുളം കേസ്, വാഗമണ്‍ കേസ്, കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് എന്നിവയുടെ അന്വേഷണം വളരെ കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയെങ്കിലും കുറ്റപത്രം കോടതിക്ക് സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പായി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍.ഐ.എ ഈ കേസുകളുടെ തുടരന്വേഷണം ഏറ്റെടുത്തു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അങ്ങനെ ക്രെഡിറ്റെടുക്കേണ്ടെന്ന് കരുതിക്കാണും "
" എന്‍.ഐ.എ കൂടുതലായൊന്നും അന്വേഷിക്കാതെതന്നെ കുറ്റപത്രം സമര്‍പിച്ചു. മൂന്നു കേസുകളും കോടതിയില്‍ വിചാരണ നടന്നു. മുഖ്യ പ്രതികളെയെല്ലാം കോടതി ശിക്ഷിച്ചു. പണിയെടുക്കാതെ എന്‍.ഐ.എയ്ക്ക് ക്രെഡിറ്റ് മുഴുവനും കിട്ടി. കഷ്ടപ്പെട്ടും അപകടം പിടിച്ച ജോലിചെയ്തും കുറ്റപത്രം തയ്യാറാക്കിയ കേരളാ പോലീസിന് അവഗണനമാത്രമായിരുന്നു പ്രതിഫലം. എന്റെ കീഴില്‍ പോലീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന രാജ്മോഹനെ എന്‍.ഐ.എ. ഡപ്യുട്ടേഷന് നല്കി നിയമിച്ചു "
നിര്‍ഭയം (ഒരു ഐ.പി.എസ് ഓഫീസറുടെ ഓര്‍മക്കുറിപ്പുകള്‍) എന്ന പുസ്തകം 2017ലാണ് പ്രസിദ്ധീകരിച്ചത്. മതമേധാവികളും രാഷ്ട്രീയക്കാരും പൊലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങള്‍ നല്‍കിയെന്ന് പുസ്തകത്തില്‍ സിബി മാത്യൂസ് വെളിപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പ്രമാദമായ പല കേസുകളുടേയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സിബി മാത്യൂസ്. കേരള പൊലീസില്‍ 33 വര്‍ഷത്തെ സേവനത്തിനു ശേഷം 2011-ല്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ശേഷം 2016 വരെ സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്നു.