മോദിയുഗത്തില്‍ അടിമത്തം പേറുന്ന തൊഴിലാളി വര്‍ഗം - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 5
|തൊഴിലാളികളെ അടിച്ചമര്‍ത്തുക, കോര്‍പ്പറേറ്റുകളെ ശാക്തീകരിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ നയം. ജനവഞ്ചനയുടെ കണക്കെടുപ്പ്; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 5
സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍
< തൊഴിലാളികള്‍ക്കുള്ള ക്ഷേമം, ബഹുമാനം ഉറപ്പ് വരുത്തും.
< മുനിസിപ്പല്‍ തൊഴിലാളികളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.
യഥാര്‍ഥത്തില്‍ സംഭവിച്ചത്
< തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും പ്രത്യേക പരിഗണനകളും റദ്ദാക്കി.
< അസംഘടിത/ദിവസ വേതന/കരാര്‍ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും എടുത്തു കളഞ്ഞു. യാതൊരു സുരക്ഷിതത്വവുമില്ലാത്ത തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ സന്ദിഗ്ധമായ അവസ്ഥയിലാണ്. അടിമവേലയുടെ ആധുനിക രൂപമാണ് കരാര്‍ തൊഴില്‍. ഈ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല, അതുകൊണ്ടു തന്നെ അവര്‍ക്ക് ഇഷ്ടാനുസരണം ജോലിക്കെടുക്കാനും പിരിച്ചുവിടാനും കഴിയും.
< തൊഴില്‍ സുരക്ഷയില്ല, പ്രൊവിഡന്റ് ഫണ്ട് (പി.എഫ്), എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ), പെന്‍ഷന്‍, ബോണസ് എന്നിവയൊന്നും ലഭിക്കുന്നില്ല.
< കരാര്‍ തൊഴിലാളികളുടെ ശമ്പളം തികച്ചും അപര്യാപ്തമാണ്. ഇരട്ട ബിരുദമുള്ള കരാര്‍ അധ്യാപകരുടെ ശരാശരി പ്രതിമാസ ശമ്പളം ഏകദേശം പ്രതിമാസം 8,000 രൂപ മാത്രമാണ്.
< ഭൂരിഭാഗം മുനിസിപ്പല്‍ തൊഴിലാളികളും ഇപ്പോഴും തരംതാഴ്ന്ന, കഠിനമായ തൊഴില്‍ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്, ഗട്ടറുകളിലേക്ക് ഇറങ്ങി നമ്മുടെ നഗരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്ന ഇവര്‍ക്ക് വളരെ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. അവരുടെ പാദങ്ങള്‍ പൂജിക്കുക എന്ന മോദിയുടെ വിലകുറഞ്ഞ നാടകം അവരുടെ ജീവിതത്തിന് ഒരു പുരോഗതിയും കൊണ്ട് വന്നിട്ടില്ല. മാത്രമല്ല, തെരുവുകളും മലിനജലവും വൃത്തിയാക്കുന്ന ഈ മുനിസിപ്പല്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം ലഭിക്കുന്നത് ശരാശരി വെറും 5,000 രൂപ.
< ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രതിമാസം ശരാശരി 5,000 രൂപയില്‍ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്.
< വീടും പ്രതീക്ഷകളും ഉപേക്ഷിച്ച് ഓല, ഊബര്‍, സ്വിഗ്ഗി, സൊമാറ്റോ, പോലുള്ളവയില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ പ്രതിമാസം ശരാശരി 10,000 രൂപയാണ് സമ്പാദിക്കുന്നത്.
< ഓട്ടോ/ ടാക്‌സി ഡ്രൈവര്‍മാരുടെ ഉപജീവനമാര്‍ഗം അനിശ്ചിതത്വത്തിലാണ്. മാത്രമല്ല, ലോട്ടറി നേടുന്നത് പോലെ അവരുടെ വരുമാനം സ്ഥിരതയില്ലാത്തതാണ്. കാരണം, ഇതെല്ലാം ഇപ്പോള്‍ ഓല, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ അധിഷ്ഠിത കമ്പനികളെ ആശ്രയിച്ചാണിരിക്കുന്നത്.
< ഇത്രയും നിസ്സാരമായ വരുമാനം കൊണ്ട് തൊഴിലാളികള്‍ക്ക് എങ്ങനെ അതിജീവിക്കാനാകും? വിലക്കയറ്റത്തിന്റെ ഭാരത്തില്‍ അവര്‍ക്ക് എങ്ങനെ ഉപജീവനം കൈകാര്യം ചെയ്യാന്‍ കഴിയും? കുട്ടികളുടെ സ്‌കൂള്‍ ഫീസ് എങ്ങനെ അടക്കും? അസുഖം വന്നാല്‍ വായ്പയെടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇതിനെല്ലാം പുറമേ പ്രായമായ മാതാപിതാക്കള്‍ക്ക് പണം അയയ്‌ക്കേണ്ടതുണ്ട്. അവര്‍ക്കെങ്ങനെ സ്വന്തമായി ഒരു വീട് സങ്കല്‍പ്പിക്കാന്‍ കഴിയും?
< അതും പോരാതെ, ഈ സര്‍ക്കാര്‍, ജോലി സമയം പ്രതിദിനം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ഉയര്‍ത്തി. ഇതുവരെ, ഒരു ദിവസം എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നത് ഒരു നൂറ്റാണ്ട് മുമ്പ് തൊഴിലാളികളുടെ നീണ്ട സമരത്തിന്റെ ഭാഗമായി സ്ഥാപിതമായ ഒരു അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡമായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ അവഗണിച്ച് ജോലി സമയം നാല് മണിക്കൂര്‍ കൂടി നീട്ടുന്നതിലൂടെ സര്‍ക്കാര്‍ തൊഴിലാളികളെ കൂടുതല്‍ ചൂഷണത്തിന് ഇരയാക്കുകയാണ്.
കാരണങ്ങള്‍
< കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും.
< തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെയും തൊഴില്‍ ഓപ്ഷനുകള്‍ കുറയ്ക്കുന്നതിലൂടെയും തൊഴില്‍രഹിതരും വിദ്യാസമ്പന്നരുമായ വിദഗ്ധ തൊഴിലാളികളെ വര്‍ധിപ്പിക്കുന്നതിലൂടെയും അവരെ 12 മണിക്കൂര്‍ കുറഞ്ഞ വേതനത്തില്‍ അടിമകളായി നിയമിക്കാന്‍ കഴിയും. സ്‌കില്‍ ഇന്ത്യ പോലുള്ള ഉപയോഗശൂന്യമായ പ്രോഗ്രാമുകള്‍ക്ക് കീഴില്‍ കുറച്ച് ആളുകളെ പരിശീലിപ്പിക്കുന്നതിലൂടെ കോര്‍പ്പറേറ്റ് ലാഭത്തിനായി വിദഗധരായ അടിമകളുണ്ടാവുന്നു.
< കുറഞ്ഞ വേതനത്തില്‍ പരിചയസമ്പന്നരും വിദഗ്ധരുമായ തൊഴിലാളികളുടെ ലഭ്യത വിദേശ നിക്ഷേപകരെ ആകര്‍ഷിക്കും. അവര്‍ ഈ ലാഭവിഹിതത്തിന്റെ ഒരു ഭാഗം അഴിമതി നിറഞ്ഞ ഈ സര്‍ക്കാരിന് നല്‍കും.
< ലളിതമായി പറഞ്ഞാല്‍, മോദി സര്‍ക്കാരിന്റെ നയം 'തൊഴിലാളികളെ അടിച്ചമര്‍ത്തുക, കോര്‍പ്പറേറ്റുകളെ ശാക്തീകരിക്കുക' എന്നതാണ്.
(തുടരും) കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ വിവര്‍ത്തനം: അലി ഹസ്സന്‍