സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ യുദ്ധം തുടരുന്ന ലോകം: 2023 കഴിഞ്ഞു പോകുമ്പോള്‍
|വിജയിക്കുമോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലെങ്കില്‍ പോലും തങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാനുള്ള പലരുടെയും പരിശ്രമങ്ങള്‍ കൂടിയായിരുന്നു പോയ വര്‍ഷം.
ദൂരദര്‍ശന്‍ മാത്രം പ്രക്ഷേപണ രംഗത്തുണ്ടായിരുന്ന കാലത്ത് ഓരോ പുതുവര്‍ഷത്തലേന്നും എന്‍.ഡി.ടിവിയുടെ പ്രൊഡ്യൂസറായ പ്രണയ് റോയിയുടെ വേള്‍ഡ്‌സ് റൗണ്ട് അപ് ലാസ്റ്റ് ഇയര്‍ പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു. 2024 ലേക്ക് ഒരു ദിനം കൂടി ശേഷിക്കുമ്പോള്‍ മനസ്സിനെ തൊട്ട ചില കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുകയാണ്.
2023 പല കാര്യങ്ങള്‍ കൊണ്ടും സുപ്രധാനമായ ഒരു വര്‍ഷമായി തോന്നിയിട്ടുണ്ട്. ഒന്നാമത്തേത് ഒറ്റപ്പെട്ട ചില എതിരുകളുടേതാണ്. വിജയിക്കുമോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലെങ്കില്‍ പോലും തങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാനുള്ള പലരുടെയും പരിശ്രമങ്ങള്‍ കൂടിയായിരുന്നു പോയ വര്‍ഷം. അതില്‍ ആദ്യത്തേത് ഫലസ്തീന്‍ ജനതയുടെ അതിജീവന പോരാട്ടമാണ്. ലോകത്ത് ഏറ്റവും അധികം ജനസാന്ദ്രതയുള്ള ഒരു കടല്‍ മുനമ്പില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും രക്തസാക്ഷികളാവുകയും ചെയ്തത് ലോകം മുഴുവന്‍ വലിയ വികാരവായ്‌പോടെയാണ് കണ്ടത്. '' ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം വേട്ടയാടപ്പെട്ട ജനത'' എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ജൂതന്മാര്‍ എല്ലാ യുദ്ധ നിയമങ്ങളെയും അതിലംഘിച്ചുകൊണ്ട് ഗസ്സയിലെ സ്ത്രീകളേയും കുട്ടികളേയും കൂട്ടക്കുരുതി നടത്തിയത് ലോക മനഃസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. ഇരുപതിനായിരത്തിലേറെ ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. അതില്‍ 6,200 പേര്‍ സ്ത്രീകളും 8,000 പേര്‍ കുട്ടികളുമാണ്. ഏതു യുദ്ധവും ആത്യന്തികമായി ബാധിക്കുക സ്ത്രീകളെയും കുട്ടികളെയും ആണെങ്കില്‍ ഫലസ്തീനില്‍ നടന്നത് നേരിട്ടുള്ള വംശഹത്യയാണെന്ന് ഈ കൂട്ടഹത്യ തെളിയിക്കുന്നുണ്ട്.
റഷ്യന്‍ - ഉക്രൈന്‍ യുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും തീരുമാനമാകാതെ നീണ്ടുപോകുന്നു എന്നതും ലോകസമാധാനം ദൂരെയാണെന്ന നിരാശ തന്നെയാണ് ഉളവാക്കുന്നത്.
രണ്ട് കുക്കി വംശജരായ സ്ത്രീകളെ പൂര്‍ണ്ണ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത വീഡിയോ വെറുപ്പിന്റെ ആഴങ്ങളെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ്. മണിപ്പൂരില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്നതിനേക്കാള്‍ ഭീതിദമായി ബലാല്‍ക്കാരം ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നിരവധി സ്ത്രീകളുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്ക് വലിയ കുറവൊന്നും ഇല്ലാതിരുന്ന വര്‍ഷമാണ് കടന്നുപോയത്. നമ്മുടെ രാജ്യത്തെ നാണം കെടുത്തുന്ന അനീതി നടന്നത് രാജ്യ തലസ്ഥാനത്ത് തന്നെയാണ്. ഒളിമ്പിക്‌സിലും മറ്റ് ലോക കായികമേളകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഗുസ്തി താരങ്ങള്‍ മാസങ്ങളോളം നിരാഹാരം ഇരിക്കുന്നതും റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നതും ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ മറയില്ലാതെ പൊട്ടിക്കരയുന്നതും ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ട് കാണുകയും സഹിക്കേണ്ടി വരികയും ചെയ്തു. കൈക്കരുത്തും മെയ്ക്കരുത്തും ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് ഒരിക്കല്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയവര്‍, പണത്തിന്റെയും അധികാരത്തിന്റെയും മുന്നില്‍ ഒടുവില്‍ അടിയറവ് പറഞ്ഞു കൊണ്ട് കണ്ണീരോടെ പടിയിറങ്ങുകയാണ്. ലൈംഗിക പീഡനക്കേസില്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല എന്നത് മാത്രമല്ല ഉന്നത അധികാര സ്ഥാനങ്ങളിലേക്ക് ആരോപണ വിധേയരായവര്‍ എത്തപ്പെടുന്നു എന്നത് എത്ര അപമാനകരമാണ്! സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങളായ അര്‍ജുന അവാര്‍ഡും പത്മശ്രീയും ഖേല്‍ രത്‌നയുമൊക്കെ ഉപേക്ഷിച്ച് പ്രതിഷേധം അറിയിക്കുമ്പോള്‍ പോലും യാതൊരു നടപടികളും ഉണ്ടാകുന്നില്ല എന്നത് ചിന്തനീയമാണ്.
സ്ത്രീധന മരണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും യാതൊരു കുറവുമില്ല എന്നുള്ളത് സമീപകാല സംഭവങ്ങള്‍ തെളിവ് നല്‍കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷഹനയുടെ മരണം സാംസ്‌കാരിക കേരളത്തെ പിടിച്ചു കുലുക്കിയതാണ്. വിദ്യാസമ്പന്നയായ യുവഡോക്ടര്‍ അതേ പ്രൊഫഷനിലുള്ള ഒരാളില്‍ നിന്നും സ്ത്രീധനത്തെ പ്രതി വിലപേശല്‍ നേരിടേണ്ടി വന്നു എന്നതും നമ്മുടെ നാടിനെ നാണംകെടുത്തിയതാണ്. സ്ത്രീധന മരണങ്ങള്‍ എത്രയേറെ ഇതിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു! 2022-ലെ വിസ്മയയുടെ ആത്മഹത്യയും ഉത്രയുടെ കൊലപാതകവുമെല്ലാം സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്റെ തുടര്‍ കെണികളെക്കുറിച്ച് തെളിവു നിരത്തുന്നു.
വംശഹത്യകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന് സാക്ഷ്യം പറയുന്ന മണിപ്പൂര്‍ കലാപം വലിയ അക്രമങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പടരുന്ന ഏതൊരു കലാപവും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. അധികൃതര്‍ ഇപ്പോഴും മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പഠിച്ചു വരുന്നതേയുള്ളൂ. സ്ത്രീകള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ മണിപ്പൂരും വിഭിന്നമായിരുന്നില്ല. രണ്ട് കുക്കി വംശജരായ സ്ത്രീകളെ പൂര്‍ണ്ണ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത വീഡിയോ വെറുപ്പിന്റെ ആഴങ്ങളെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ്. മണിപ്പൂരില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്നതിനേക്കാള്‍ ഭീതിദമായി ബലാല്‍ക്കാരം ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നിരവധി സ്ത്രീകളുണ്ട് .
ശിരോവസ്ത്രം അണിയാന്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സമരം ചെയ്യേണ്ടിവന്ന കര്‍ണാടകയിലെ സ്ഥിതിക്ക് ഭരണമാറ്റത്തോടെ പരിഹാരം വന്നു എന്നത് ആശ്വാസകരമായ വസ്തുതയാണ്. ഭക്ഷണത്തിലും വസ്ത്രത്തിലും വ്യക്തിഗതമായ ഇഷ്ടങ്ങളും മതസ്വാതന്ത്ര്യവും കാത്തു രക്ഷിക്കുക നമ്മുടെ ഭരണഘടന ഉറപ്പു നല്‍കിയ അവകാശങ്ങളാണ്.
കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത വര്‍ഷമാണ് കടന്നു പോയത്. പലതും കേസു പോലും ആകാതെയും കേസായാല്‍ തന്നെ തെളിയിക്കപ്പെടാതെയും പോകുന്നു. 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും പലപ്പോഴും അവര്‍ ഗര്‍ഭിണികളാവുകയും ചെയ്ത ധാരാളം കേസുകള്‍ കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയില്‍ പല കേസുകളിലും കുറ്റവാളികള്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ ആണ്. ആലുവയില്‍ ഒരു ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിച്ചു കൊല്ലുകയും ചെയ്ത അതിഥി തൊഴിലാളിയെ താമസം വിനാ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തു എന്നത് ഒറ്റപ്പെട്ട സംഭവമായി തോന്നുന്നു. 2021-ല്‍ വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ തെളിവുകളോടെ കിട്ടിയിയിരുന്നു. എന്നാല്‍, വിചാരണ ഈ വര്‍ഷം പൂര്‍ത്തിയായപ്പോള്‍ പ്രോസിക്യൂഷന്റെ അലംഭാവം മൂലമാണ് അയാളെ കോടതി വെറുതെ വിട്ടതെന്ന ആരോപണം പോക്‌സോ കേസുകളുടെ പഴുതുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക പീഡന പരാതികള്‍ വേണ്ടത്ര തെളിവുകളില്ലെന്ന വാദത്തോടെ കോടതിയില്‍ തള്ളിക്കളയുന്നത് ഇത്തരം കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പല പോക്‌സോ കേസുകളും വാദം തീരുമ്പോഴേക്കും കുട്ടികള്‍ മുതിര്‍ന്നിട്ടുണ്ടാകും. സ്വകാര്യതാ ലംഘനം ഭയന്ന് പലരും കേസുമായി മുന്നോട്ടു പോകാന്‍ കഴിയാതെ അവ വേണ്ടെന്നു വയ്ക്കുകയും ചെയ്യും. ഇത്തരം കേസുകള്‍ അതിവേഗ കോടതികളില്‍ കൈകാര്യം ചെയ്യേണ്ടതും പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കേണ്ടതുമാണ്.
ശിരോവസ്ത്രം അണിയാന്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സമരം ചെയ്യേണ്ടിവന്ന കര്‍ണാടകയിലെ സ്ഥിതിക്ക് ഭരണമാറ്റത്തോടെ പരിഹാരം വന്നു എന്നത് ആശ്വാസകരമായ വസ്തുതയാണ്. ഭക്ഷണത്തിലും വസ്ത്രത്തിലും വ്യക്തിഗതമായ ഇഷ്ടങ്ങളും മതസ്വാതന്ത്ര്യവും കാത്തു രക്ഷിക്കുക നമ്മുടെ ഭരണഘടന ഉറപ്പു നല്‍കിയ അവകാശങ്ങളാണ്. അതോടൊപ്പം ഓര്‍ത്തെടുക്കേണ്ട ഒന്നാണ് സ്ത്രീകളുടെ ശിരോവസ്ത്രത്തിന്റെ പേരില്‍ ഇറാനില്‍ ഉണ്ടായ കലാപവും ദീര്‍ഘനാളായി സ്ത്രീകളുടെ അവകാശസംരക്ഷണത്തിനു വേണ്ടി സമരം ചെയ്തതിന്റെ പേരില്‍ അവിടെ ജയില്‍വാസം അനുഷ്ഠിക്കുന്ന നര്‍ഗീസ് മുഹമ്മദിക്ക് നോബല്‍ സമ്മാനം കിട്ടിയതും. നോബല്‍ സമ്മാനത്തിന്റെ ആഗോള മുതലാളിത്ത രാഷ്ട്രീയം മാറ്റിവെച്ച് ചിന്തിച്ചാല്‍ പോലും വ്യക്തിഗത സ്വാതന്ത്ര്യങ്ങളെ വിലമതിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നവാഗത സംവിധായകയായ ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതല്‍ 44 വരെ' കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം വനിതാ സംവിധായകര്‍ക്കായി അവസരം നല്‍കി നിര്‍മിച്ചതായിരുന്നു. ഇപ്രകാരം നിര്‍മ്മിച്ച മിനി ഐ.ജിയുടെ ഡിവോഴ്‌സ്, ഇന്ദു ലക്ഷ്മിയുടെ നിള എന്നിവയും iffk യില്‍ പ്രേക്ഷകപ്രീതി നേടിയ ഫാസില്‍ റസാക്കിന്റെ തടവ്, ആനന്ദ് ഏകര്‍ഷിയുടെ ആട്ടം എന്നീ സിനിമകളും പലതരത്തിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ നോക്കിക്കാണുന്നവയായിരുന്നു.
നമ്മുടെ ജനാധിപത്യം കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലഘട്ടമാണ്. ദേശീയ തലത്തില്‍ ഉണ്ടായ ഇന്ത്യ പോലൊരു സഖ്യം അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം വരിക്കുമോ എന്നും ജനാധിപത്യ വാദികള്‍ ഉറ്റു നോക്കുന്നുണ്ട്. ക്ഷേത്രനിര്‍മാണവും ഉദ്ഘാടനവും പൊലിപ്പിച്ച് മൂന്നാം വട്ടവും കസേര ഉറപ്പിക്കാനാണ് എന്‍.ഡി.എ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അതിരൂക്ഷമാകുന്നെങ്കിലും, അവ സാധാരണക്കാരിലേക്കെത്തിക്കാനും ഇലക്ഷന്‍ പ്രചരണ ആയുധമാക്കാനും ഇനിയും പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെങ്കില്‍ പുതിയ അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ലോക്‌സഭയില്‍ ചോദ്യശരങ്ങളുമായി നിറഞ്ഞു നിന്ന മഹുവ മൊയ്ത്രയെ എത്ര എളുപ്പത്തിലാണ് സഭയില്‍ നിന്ന് തെറിപ്പിച്ചത് ! രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കലും കോടതി നടപടികളും കോടതികളെ കൂടി സംശയത്തിന്റെ നിഴലിലാക്കിയ ഒരു വര്‍ഷം കൂടിയാണ് കടന്നുപോയത്.
വന്യജീവി - മനുഷ്യ സംഘര്‍ഷം അതിരുവിടുന്ന വലിയ കാഴ്ചകള്‍ക്കു കൂടി 2023 സാക്ഷ്യം വഹിച്ചു. ധോണിയിലെ പി.ടി സെവന്‍, ചിന്നക്കനാലിലെ അരിക്കൊമ്പന്‍, വയനാട്ടിലെ രുദ്രന്‍ എന്നിവയെല്ലാം ക്യാമറ കണ്ണുകള്‍ക്ക് ഉത്സവമായെങ്കിലും വരാനിരിക്കുന്ന വലിയ വിപത്തുകള്‍ക്കുള്ള സൂചന കൂടിയാണ്. മൃഗങ്ങളുടെ ആക്രമണം മൂലം മരിക്കുന്ന മനുഷ്യരുടെ എണ്ണവും അവ ജനവാസ മേഖലകളിലേക്കിറങ്ങാതിരിക്കാന്‍ വേണ്ടി സ്ഥാപിക്കുന്ന ഇലക്ട്രിക് ഫെന്‍സുകളില്‍ നിന്ന് ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണവും താരതമ്യം ചെയ്യാന്‍ ഈ വിഷയത്തില്‍ പഠനം നടത്തുന്നവര്‍ തയ്യാറാകുന്നത് നന്നായിരിക്കും.
പറമ്പില്‍ പണിയെടുക്കാന്‍ വന്നവര്‍ക്ക് കുഴികുത്തി കഞ്ഞി കൊടുത്ത് സംതൃപ്തി കണ്ടെത്തിയ ഒരു കാലഘട്ടത്തെക്കുറിച്ച് നടന്‍ കൃഷ്ണകുമാര്‍ വാചാലനായപ്പോള്‍ കുഴി കുത്തി കഞ്ഞി കുടിച്ച തന്റെ ബാല്യകാലം 'എതിര് ' എന്ന ആത്മകഥയിലൂടെ കേരള സമൂഹത്തിന് മുന്നില്‍ തുറന്നിട്ട സാമൂഹ്യ ചിന്തകനും സര്‍വകലാശാല അധ്യാപകനും സാമ്പത്തിക വിദഗ്ധനുമായിരുന്ന എം. കുഞ്ഞാമന്‍ തന്റെ ജീവിതത്തിന് പെട്ടെന്ന് ഫുള്‍സ്റ്റോപ്പ് ഇട്ടത് ജാതിയുടെ, പ്രിവിലേജുകളുടെ അതിരുവത്കരണത്തിനെതിരെ നിരന്തരം കലാപം നടത്തി മടുത്തതു കൊണ്ടാവാം.
കലാ സാംസ്‌കാരികരംഗം ഉപരിസ്പര്‍ശിയാണെങ്കിലും അതിരുവത്കരിക്കപ്പെട്ടവരോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു കാഴ്ച 2023 ല്‍ കാണാന്‍ കഴിഞ്ഞു. കൊറോണ കാലത്ത് തുടങ്ങിവച്ച സ്ത്രീ സൗഹൃദ ഇടങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയാണത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നവാഗത സംവിധായകയായ ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതല്‍ 44 വരെ' കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം വനിതാ സംവിധായകര്‍ക്കായി അവസരം നല്‍കി നിര്‍മിച്ചതായിരുന്നു. ഇപ്രകാരം നിര്‍മ്മിച്ച മിനി ഐ.ജിയുടെ ഡിവോഴ്‌സ്, ഇന്ദു ലക്ഷ്മിയുടെ നിള എന്നിവയും iffk യില്‍ പ്രേക്ഷകപ്രീതി നേടിയ ഫാസില്‍ റസാക്കിന്റെ തടവ്, ആനന്ദ് ഏകര്‍ഷിയുടെ ആട്ടം എന്നീ സിനിമകളും പലതരത്തിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ നോക്കിക്കാണുന്നവയായിരുന്നു. കച്ചവട താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെങ്കിലും ശേഷം മൈക്കിള്‍ ഫാത്തിമ, അടി എന്നീ സിനിമകള്‍ അവയുടെ പ്രമേയം കൊണ്ട് ശ്രദ്ധേയമായിരുന്നു. 2022 - ലെ മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്‌കാരം വിന്‍സി അലോഷ്യസിന് നേടിക്കൊടുത്ത നായികാ പ്രാധാന്യമുള്ള രേഖ എന്ന സിനിമ റിലീസ് ആയത് 2023 ലാണ്. 200ല്‍ കൂടുതല്‍ സിനിമകള്‍ കഴിഞ്ഞവര്‍ഷം റിലീസ് ചെയ്തിരുന്നു. വാണിജ്യ വിജയം നേടിയത് നാലോ അഞ്ചോ സിനിമകള്‍ മാത്രമാണ്. അവയെല്ലാം തന്നെ ഗതാനുഗതികമായ കൊമേര്‍ഷ്യല്‍ ചേരുവകള്‍ ഉള്‍ക്കൊള്ളി ച്ചുള്ളതായിരുന്നു. ജൂഡ് ആന്റണിയുടെ 2018 എവരി വണ്‍ ഈസ് എ ഹീറോ വാണിജ്യ വിജയത്തോടൊപ്പം നിരവധി വിവാദങ്ങള്‍ സമ്മാനിച്ച് വാര്‍ത്താ പ്രാധാന്യം നേടി. ഓസ്‌കാര്‍ നോമിനേഷന്‍ നേടിയതില്‍ ജൂഡിന് അഭിമാനിക്കാം.
ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളുടെ ഒരു കാലം കൂടിയാണ് കടന്നു പോയത്. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, കണ്ണൂര്‍ സര്‍വ്വകലാശാല ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്നിങ്ങനെ പ്രാദേശിക തലത്തില്‍ സാഹിത്യ സദസ്സുകളുടെ ഒരു നിര തന്നെ കഴിഞ്ഞവര്‍ഷം നടക്കുകയുണ്ടായി. പ്രാദേശികമായ ഇത്തരം സാഹിത്യ കൂട്ടായ്മകള്‍ ഒച്ചയില്ലാത്തവരുടെ ഒച്ചയായി മാറുമെന്ന പ്രതീക്ഷ നല്‍കുന്നു.