എസ്.എസ്.എല്‍.സി: വിജയികളെ അഭിനന്ദനിക്കാം.. പക്ഷെ..!
|എസ്.എസ്.എല്‍.സിക്ക് ശേഷം പ്ലസ് ടു വിലേക്ക് കടക്കുന്ന വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധികളും, മാനസിക പ്രയാസങ്ങളും, വെല്ലുവിളികളും മുന്‍നിര്‍ത്തി സ്വാനുഭവം ഉള്‍ച്ചേര്‍ത്ത് എഴുതുന്നു.
മറ്റൊരധ്യയന വര്‍ഷം കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു. കടന്നുപോയ അധ്യയന വര്‍ഷത്തിന്റെ കലാശക്കൊട്ടെന്നോണം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. കാലമെത്ര മാറിയിട്ടും എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിന് ലഭിക്കുന്ന 'ഹൈപ്പിന്' തെല്ലും കുറവ് വന്നിട്ടില്ലായെന്നത് അത്ഭുതാവഹമാണ്..! മുന്‍കാലങ്ങളില്‍ പത്താം തരം പാസാവുകയെന്നത് ഒരു ബെഞ്ച് മാര്‍ക്കായിരുന്നു. അന്നത്തെ സാമൂഹിക-സാംസ്‌കാരിക സാഹചര്യവും അത്തരത്തിലൊന്നായിരുന്നു. പത്താം ക്ലാസ് എങ്ങനെയെങ്കിലും കൈച്ചലായി എന്തെങ്കിലും ജോലിക്ക് പോവുക, ഗള്‍ഫിലേക്ക് ചാടുക തുടങ്ങിയ മധ്യവര്‍ഗ അംബീഷനുകളില്‍ നിന്നാണ് ഈ ഹൈപ്പിന്റെ തുടക്കം എന്ന് തോന്നുന്നു. പിന്നീട് 210 എന്ന മാന്ത്രിക സംഖ്യയില്‍ ചുറ്റിപ്പറ്റിയായി സംസാരം. പാസ് മാര്‍ക്ക് താണ്ടുന്നവര്‍ തന്നെ ഭയങ്കരന്മാരായി, ഫസ്റ്റ് ക്ളാസും ഡിസ്റ്റിംക്ഷനും കിട്ടുന്നവര്‍ക്ക് നാട്ടുകവലകളില്‍ കളക്ടറുടെ പവറായി..! പിന്നീട് ഗ്രേഡിംഗ് സിസ്റ്റം വരുന്നു. തുടക്കത്തില്‍ 13 ഉം പിന്നെ 10 ഉം എ പ്ലസ്സുകളുടെ കളിയായി. എ പ്ലസ്സുകള്‍ എണ്ണി വിദ്യാര്‍ഥിയുടെ പഠന നിലവാരം തീരുമാനിക്കുന്നിടത്തേക്ക് പതിയെ പതിയെ കാര്യങ്ങള്‍ നീങ്ങി..!
ഇത്തരത്തില്‍, എ പ്ലസ് നേടാനുള്ള പിയര്‍ പ്രഷര്‍ കുട്ടികളില്‍ ചെലുത്തുന്ന മാനസികാഘാതങ്ങളെ പറ്റി ഒരു പരിധി വരെയെങ്കിലും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പക്ഷെ, പലപ്പോഴും അഡ്രസ് ചെയ്യപ്പെടാതെ പോകുന്ന ഒരു മറുവശമുണ്ട്. ഇങ്ങനെ ചുറ്റുമുള്ള സമൂഹത്തിന്റെ SSLC 'ഹൈപ്പുകള്‍' കേട്ട്, താന്‍ ജീവിതത്തിലെ സുപ്രധാന ഘട്ടം താണ്ടിയെന്ന് അഭിമാനിച്ച്, കൊട്ടക്കണക്കിന് എ പ്ലസ്സുകളും പേറി പ്ലസ് ടു വിദ്യാഭ്യാസത്തിലേക്ക് കടന്നു പോകുന്ന ഭൂരിഭാഗം കുട്ടികള്‍ക്കും അവിടെ നേരിടേണ്ടി വരുന്ന അസ്തിത്വ വ്യഥകളെ പറ്റി ആലോചിച്ചിട്ടുണ്ടോ..!
ഈ വിഷയത്തെ പറ്റി മുമ്പേ എഴുതണം എന്ന് കരുതിയതാണ്. പക്ഷെ ഇപ്പോഴാണ് ഒന്നുകൂടെ നല്ല നേരം എന്ന് തോന്നുന്നു. ഈ ഒരു തുറന്നെഴുത്ത് ഡിമാന്‍ഡ് ചെയ്യുന്ന നേരം..!
പത്താം ക്ലാസ് സിലബസ്സിന്റെ സമഗ്രമായ പരിഷ്‌കരണവും അത്യാവശ്യമാണ്. പത്തില്‍ നിന്ന് പ്ലസ് ടു വിലേക്ക് എത്തുമ്പോള്‍ സിലബസില്‍ തോന്നുന്ന ആടും ആനയും തമ്മിലുള്ള അന്തരം ഒഴിവാക്കാന്‍ അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അതുപോലെ നിലവിലെ മൂല്യനിര്‍ണയ രീതിയിലും ഗ്രേഡിങ് സിസ്റ്റത്തിലും വ്യത്യാസം വരുത്തേണ്ട നാളുകള്‍ അതിക്രമിച്ചിരിക്കുന്നു.
ഒരവസരം തന്നാല്‍ ഇതുവരെയുള്ള ജീവിതത്തില്‍ തേച്ചുമായ്ച്ചു കളയാന്‍ തോന്നുന്ന കാലഘട്ടം പ്ലസ് ടു നാളുകള്‍ ആണെന്ന് ഞാന്‍ തമാശയായി പലരോടും പറഞ്ഞിട്ടുണ്ട്. ലിറ്ററല്‍ മീനിങ്ങില്‍ അല്ലയെങ്കില്‍ പോലും വളരെ നിഷ്‌ക്രിയമായിപ്പോയ രണ്ട് വര്‍ഷങ്ങളായിരുന്നു അത്..! SSLC പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ മലയാളം മീഡിയം വിദ്യാര്‍ഥിയുടെ തലക്കനത്തിലായിരുന്നു പ്ലസ് ടു സയന്‍സ് അഡ്മിഷനായി ഞാനടക്കമുള്ള 'ഫുള്‍ എ പ്ലസ് ഗ്യാങ്' ഏകജാലക സംവിധാനത്തില്‍ നാട്ടിലെ ഏറ്റവും മികച്ച ഗവണ്‍മെന്റ് സ്‌കൂളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നത്. അവിടുത്തെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തന്നെ ഏതാണ്ട് നാല്‍പതിന് മേലെ ഫുള്‍ എ പ്ലസ്സുകാര്‍ ഉണ്ടായിരുന്നു. പിന്നെ ഏകജാലകത്തിലെ പഞ്ചായത്ത്, ക്ലബ്, നീന്തല്‍ ഇത്യാദി ബോണസ് പോയിന്റ് നൂലാമാലകള്‍ കടന്നെത്തിയപ്പോള്‍ ഫസ്റ്റ് അലോട്ട്‌മെന്റില്‍ എന്റെ റാങ്ക് വളരെ പിന്നിയിലായിരുന്നു. ലിസ്റ്റില്‍ ജസ്റ്റ് കയറിക്കൂടി എന്ന് പറയാം. അവിടം മുതല്‍ റാങ്ക് ഇടിച്ചിലിന്റെ ഭൂതം ഞാനടക്കം പല ഫുള്‍ എ പ്ലസ് കാരുടെയും പിന്നാലെ കൂടിയിരുന്നു..! SCERT ഇല്‍ പ്ലസ് ടു സയന്‍സ് പഠിപ്പിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണ്. മലയാളത്തില്‍ പരീക്ഷ എഴുതാം എന്ന സൗകര്യമുണ്ടെങ്കിലും ക്‌ളാസുകളെല്ലാം ഇംഗ്ലീഷില്‍..! അങ്ങനെ മലയാളം മീഡിയത്തില്‍ നിന്നും പൊടുന്നനെ ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള കൂടുമാറ്റം, അതുവരെ ഒളിച്ചുവച്ച ദുര്‍മുഖവും കണ്ടെന്റ് പെരുപ്പവും വെളിയില്‍ കാട്ടി ഭൂതഗണങ്ങളെ പോലെ നാല് ഘടാഘടിയന്‍ സയന്‍സ് സബ്‌ജെക്ട്‌സ്, ഇതൊന്നും പോരാത്തതിന് ബാക്കി നേരം ട്യൂഷന്‍ ക്ലാസ്സും..! കൂട്ടയോട്ടത്തിനിടയില്‍ പെട്ടത് പോലെ ആര്‍ക്കോ പിറകെ എങ്ങോട്ടെന്നില്ലാതെയുള്ള പാച്ചില്‍. അക്ഷരാര്‍ഥത്തില്‍ എന്താണ് ചുറ്റും നടക്കുന്നത് എന്ന് മനസ്സിലാവാത്ത ഗതി..!
അക്കാലത്ത് ദിവസം തുടങ്ങിയിരുന്നത് രാവിലെ 5.45 നായിരുന്നു. 7.15 ന് പ്രാതലടക്കം തീര്‍ത്ത് ട്യൂഷന്‍ ക്‌ളാസിലേക്ക്. സാദാ നേരത്ത് തന്നെ കൃത്യമായി ഓട്ടോ കിട്ടാത്ത നാട്ടിലെ റോഡില്‍ (കര്‍ക്കിടക മഴയത്തും മറ്റും പ്രത്യേകിച്ച്) പുലര്‍ച്ചെ ഓട്ടോ കിട്ടാതെ വിറച്ചു നിന്നത്, നേരം വൈകിച്ചെല്ലുമ്പോള്‍ ട്യൂഷന്‍ മാഷുടെ വക സെപറേറ്റ് തെറിമഴ - ഇതിലെല്ലാമായിരുന്നു ശുഭാരംഭം..! ഇത് കഴിഞ്ഞാണ് സ്‌കൂളിലെ അങ്കം. ഫിസിക്‌സ് ആയിരുന്നു തുമ്പും വാലുമില്ലാതെ എന്നെ വരിഞ്ഞു ചുറ്റിയത്. വെക്റ്റര്‍ എന്നും മൊമെന്റ് ഓഫ് ഇനേര്‍ഷ്യ എന്നുമൊക്ക കേള്‍ക്കുമ്പോള്‍ തലച്ചോറിലെ കിളികള്‍ എങ്ങോട്ടെന്നില്ലാതെ പറന്നു പൊങ്ങി..! ബോട്ടണിയായിരുന്നു മറ്റൊരു വില്ലന്‍. അടിയാധാരത്തിലെ മലയാളം പോലെ മനസ്സില്‍ നില്‍ക്കാത്ത ഒരുപാട് പദങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങേണ്ടി വന്നു. സംശയങ്ങളുണ്ടായിരുന്നു, മണ്ടത്തരമാകുമോ എന്ന് കരുതി ചോദിച്ചില്ല. കുറച്ചു കൂടി മനസ്സിലാവും വിധം പഠിപ്പിച്ചു കൂടെ എന്ന് പല അധ്യാപകരോടും ചോദിക്കണമെന്നുമുണ്ടായിരുന്നു. പേടി കാരണം ചോദിച്ചില്ല..!
പ്ലസ് വണ്ണിലെ ഏതോ ക്ലാസ് പരീക്ഷയിലായിരുന്നു ഞാന്‍ ജീവിതത്തില്‍ ആദ്യമായി തോല്‍ക്കുന്നത്. സ്വാഭാവികമായും ഫിസിക്‌സില്‍..! അന്ന് പേപ്പര്‍ തരുമ്പോള്‍ മാഷ് നോക്കിയ ആ നോട്ടം അടുത്ത ജന്മം ഈ കുറിപ്പ് എഴുതുമ്പോള്‍ പോലും ഞാന്‍ മറക്കാന്‍ ഇടയില്ല. ചെറുതെങ്കിലും-വിജയിച്ചു മാത്രം ശീലിച്ച, ആഘോഷിക്കപ്പെട്ടു മാത്രം ശീലമുള്ള ഒരുവന് - ആ തോല്‍വിയുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു...! പാറ്റ ഡിസക്ഷന്‍ സമയത്തു ചറപറ കിട്ടിയ തല്ലുകള്‍, ഉത്തരമറിയാത്തതിന് എഴുന്നേറ്റു നിര്‍ത്തിയുള്ള വഴക്കുകള്‍, കണ്‍സെപ്റ്റ് അറിയാതെ ഉത്തരകടലാസുകളില്‍ വീണ കണ്ണീരിറ്റുകള്‍ - ഇതെല്ലാം മേലെ പരാമര്‍ശിച്ച വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിക്ക് ആദ്യമായി അനുഭവിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എഴുതി ഫലിപ്പിക്കാന്‍ പ്രയാസമാണ്...! എങ്കിലും പ്ലസ് വണ്‍ റിസള്‍ട്ട് വരുമ്പോള്‍ എനിക്ക് അത്യാവശ്യം മാര്‍ക്ക് ഉണ്ടായിരുന്നു. ശരാശരിയില്‍ വളരെ ഉയരെ തന്നെ. പക്ഷെ, അപ്പോഴും സ്‌കൂളിലും, ട്യൂഷന്‍ ബാച്ചിലുമെല്ലാം എന്റെ സ്ഥാനം ഏറെ പിന്നില്‍ തന്നെയായിരുന്നു.
തളര്‍ന്നു പോകേണ്ടതായിരുന്നു. സ്വത്വത്തോടുള്ള പരാജയമായിരുന്നു..! ഗതി മാറിപ്പോകുന്നവനെ ചേര്‍ത്ത് നിര്‍ത്താന്‍ പോന്ന അന്തരീക്ഷം സ്‌കൂളില്‍ ഇല്ലായിരുന്നു. സിസ്റ്റത്തോട് തോന്നിയ ഏറ്റവും വലിയ പരാതിയും അതാണ്. ഞായറാഴ്ച സ്‌പെഷ്യല്‍ ക്‌ളാസുകളില്‍ പോലും യൂണിഫോം ഇടുന്നുണ്ടോ എന്ന് നോക്കാന്‍ കാണിച്ച കണിശത ഇത്തരം വിഷയങ്ങളില്‍ കാട്ടാഞ്ഞതില്‍, സൗഹൃദങ്ങളെ ലിംഗവ്യത്യാസത്തിന്റെ കണ്‍വെന്‍ഷനല്‍ കണ്ണ്‌കൊണ്ട് ചിലപ്പോഴെങ്കിലും നോക്കിക്കണ്ടതില്‍, നല്ല ക്ലാസ് റൂം അന്തരീക്ഷതോടൊപ്പം നല്ല ക്യാംപസ് അന്തരീക്ഷം ഒരുക്കാന്‍ പറ്റാതെ പോയതില്‍...! പറയാതെ അറിയാന്‍ ദിവ്യദൃഷ്ടി ഒന്നും ഇല്ലല്ലോ എന്നതാണ് മറുപടിയെങ്കില്‍ അങ്ങനെ അറിയാന്‍ ചിലരെങ്കിലും കൂടെയുണ്ടായിരുന്നതു കൊണ്ടാണ് ഇന്നിപ്പോള്‍ ഇതെഴുതാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നത്.
രക്ഷിതാക്കളോട്...! നിങ്ങളുടെ കുട്ടി വണ്ടര്‍ കിഡ് ആണെന്ന ധാരണ എ പ്ലസ് ലഡ്ഡുവിനോടൊപ്പം ചവച്ചിറക്കുക. അവരെ സാധാരണ വിദ്യാര്‍ഥിയായി പരിഗണിക്കുക. തോല്‍വികളില്‍ താങ്ങാകാന്‍ നിങ്ങള്‍ കൂടെയുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തുക...!
മേല്‍ പറഞ്ഞ സംഭവങ്ങളാണ് പൂര്‍ണമായും താല്‍പര്യം ഇല്ലാത്ത കാര്യങ്ങള്‍ പഠിക്കാനോ ചെയ്യാനോ ഏറ്റെടുക്കില്ല എന്ന ഉറച്ച തീരുമാനത്തില്‍ എന്നെ എത്തിച്ചത്...! എന്റെ തല എഞ്ചിനീയറുടെ തലയല്ല എന്ന് വീട്ടുകാരോട് പറയാന്‍ ധൈര്യം തന്നത്. പഠിക്കുന്ന വിഷയങ്ങളില്‍ ഇഷ്ടം കെമിസ്ട്രിയോട് മാത്രമാണെന്ന് അവരെ ബോധിപ്പിക്കാന്‍ സാധിച്ചത്...! എല്ലാറ്റിലുമുപരി ഉപരി ഇക്കണ്ട എ പ്ലസ്സുകള്‍ കേവലം ഒരു ഘട്ടത്തിലെ മാത്രം മൂല്യനിര്‍ണയ ഉപാധികളാണെന്നും, നമ്മള്‍ നമ്മളില്‍ തന്നെ തിടമ്പേറ്റേണ്ട വിഗ്രഹങ്ങല്ലെന്നും തിരിച്ചറിഞ്ഞത്..! പറയുമ്പോള്‍ ഏറെ വേഗം തീര്‍ന്നെങ്കിലും ഇത്തരമൊരു വീഴ്ചയില്‍ നിന്ന് തിരിയെ കയറി വരാനുള്ള പാത ഏറ്റം ദുര്‍ഘടമായിരുന്നു. രക്ഷിതാക്കളെ, ഏട്ടനെ, പ്രിയപ്പെട്ട ചില അധ്യാപകരെ, കൂട്ടുകാരെ പരാമര്‍ശിക്കാതെ പോയാല്‍ ആ വഴി അപൂര്‍ണമായിപ്പോവും..!
മേല്‍ പറഞ്ഞ വിഷയത്തിലെ 'ഞാന്‍' എന്നത്, ഇത്തരം അസ്തിത്വ പ്രതിസന്ധി നേരിട്ട ഒരു വലിയ വിഭാഗത്തിന്റെ കേവലമൊരു പ്രതിനിധി മാത്രമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. അവര്‍ക്ക് കൂടി പറയാനുള്ളത് വരാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എഴുതുന്നു എന്ന് മാത്രം. പ്രധാനമായും പറയാനുള്ളത് മൂന്ന് കാര്യങ്ങളാണ്. അതില്‍ ആദ്യത്തേത് നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥയോടും അതിന്റെ പ്രതിനിധികളായ അധ്യാപകരോടുമാണ്. ഭീമാകാരമായ ഒരു സിലബസ് തലയില്‍ കേറ്റിവച്ച്, വര്‍ഷാ വര്‍ഷം സീറ്റിന്റെ എണ്ണവും കൂട്ടിത്തരുന്ന ഒരു സിസ്റ്റത്തെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ഓരോ കുട്ടിക്കും ഇന്‍ഡിവിജ്വല്‍ അറ്റന്‍ഷന്‍ കൊടുക്കണം എന്ന് പറയുന്നതില്‍ വിരോധാഭാസമുണ്ട് എന്ന പൂര്‍ണ ബോധ്യത്തോടെ തന്നെ പറയട്ടെ, ആ കെയര്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ആവശ്യമാണ്..! ഒരു വിഭാഗം കുട്ടികളെ മാത്രം പരിഗണിച്ച് കൊണ്ട് സിസ്റ്റം മുന്നോട്ട് പായുമ്പോള്‍, വഴിയില്‍ വീണു പോയെന്ന് വിളിച്ചു പറയാന്‍ പോലും ത്രാണിയില്ലാത്തവര്‍ കൂട്ടത്തിലുണ്ടാകുന്നു. അവരെ കൂടെ പരിഗണിക്കുക. എന്നിട്ടും അവര്‍ക്ക് ജയിച്ചു കയറാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ തോല്‍വി വലിയ തോല്‍വിയല്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍, അവരെ ചേര്‍ത്തു നിര്‍ത്താനെങ്കിലും ശ്രമിക്കുക.
പത്താം ക്ലാസ് സിലബസ്സിന്റെ സമഗ്രമായ പരിഷ്‌കരണവും അത്യാവശ്യമാണ്. പത്തില്‍ നിന്ന് പ്ലസ് ടു വിലേക്ക് എത്തുമ്പോള്‍ സിലബസില്‍ തോന്നുന്ന ആടും ആനയും തമ്മിലുള്ള അന്തരം ഒഴിവാക്കാന്‍ അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അതുപോലെ നിലവിലെ മൂല്യനിര്‍ണയ രീതിയിലും ഗ്രേഡിങ് സിസ്റ്റത്തിലും വ്യത്യാസം വരുത്തേണ്ട നാളുകള്‍ അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനം അതിനുള്ള നടപടികള്‍ ആരംഭിച്ചു എന്ന വാര്‍ത്ത ആശ്വാസദായകമാണ്. ഇത്തരം ചര്‍ച്ചകളില്‍ താഴെതട്ട് മുതലുള്ള അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് മുന്നോട്ട് പോകണമെന്നതാണ് മറ്റൊരു നിര്‍ദേശം. പ്ലസ് വണ്ണിന്റെ അലോട്‌മെന്റ് കഴിഞ്ഞ് ഔദ്യോഗിക ക്‌ളാസുകള്‍ തുടങ്ങും മുമ്പേ വിവിധ കോഴ്‌സ് സ്ട്രീമുകളെ പരിചയപ്പെടുത്തുന്ന ബ്രിഡ്ജ് കോഴ്‌സുകള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കാവുന്നതാണ്. കുട്ടികളില്‍ ഉടലെടുത്തേക്കാവുന്ന അനിശ്ചിതത്വം ഒഴിവാക്കാന്‍ ഇതും ഒരു പരിധിവരെ ഉപകാരപ്രദമാണ്.
രക്ഷിതാക്കളോട്...! നിങ്ങളുടെ കുട്ടി വണ്ടര്‍ കിഡ് ആണെന്ന ധാരണ എ പ്ലസ് ലഡ്ഡുവിനോടൊപ്പം ചവച്ചിറക്കുക. അവരെ സാധാരണ വിദ്യാര്‍ഥിയായി പരിഗണിക്കുക. തോല്‍വികളില്‍ താങ്ങാകാന്‍ നിങ്ങള്‍ കൂടെയുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തുക...!
ഏറ്റവും പ്രധാനമായും കുട്ടികളോടാണ്. സമൂഹം നിങ്ങളില്‍ കുത്തിവച്ച മേല്‍ പറഞ്ഞ 'ഹൈപ്പിന്റെ' മേലെ നിന്ന് കൊണ്ട് കിട്ടിയ എ പ്ലസ്സുകളില്‍ അഭിരമിച്ച്, 'ഞാന്‍ എന്തോ ആണ്..' എന്ന ബോധ്യത്തില്‍ ഒന്നിനെയും സമീപിക്കാതെയിരിക്കുക. ഇനിയും ഒരുപാട് മുന്നോട്ടു പോകാനുള്ള പ്രോത്സാഹനമായി/ ആത്മവിശ്വാസമായി മാത്രം ഈ വിജയത്തെ കരുതുക. നിങ്ങളില്‍ ഒരു ഡോക്ടര്‍/എഞ്ചിനീയര്‍/ശാസ്ത്രജ്ഞ ഉണ്ടെന്ന്/ഇല്ലെന്ന് നിങ്ങള്‍ തന്നെ തിരിച്ചറിയുക. ആര്‍ക്കോ കുഴച്ചു വയ്ക്കാനുള്ള കളിമണ്ണാകാതെ സ്വന്തം ഐഡന്റിറ്റി സ്വയം കണ്ടെത്തുക..!
ആസ്വദിച്ച വഴി തെരെഞ്ഞെടുത്തതില്‍ പിന്നെ എന്ത് സംഭവിച്ചു എന്നത് കൂടിപ്പറഞ്ഞ് അവസാനിപ്പിക്കാമെന്ന് തോന്നുന്നു..! ഡിഗ്രിക്ക് കെമിസ്ട്രി മെയിന്‍ എടുത്ത് പയ്യന്നൂര്‍ കോളജില്‍ മുതല്‍ എന്തെങ്കിലും കഷ്ടപ്പെട്ട് പഠിക്കുകയാണെന്ന തോന്നലുണ്ടായില്ല. കൂടുതല്‍ ഉള്ളറിയുമ്പോള്‍ അടുപ്പക്കാരനാകുന്ന മുരടന്‍ ചങ്ങാതിയെ പോലെ പഴയ ശത്രു ഫിസിക്‌സ് എന്റെ ഇഷ്ടക്കാരനായി..! M.Sc. എടുത്തത് NIT തിരുച്ചിറപ്പള്ളിയില്‍ നിന്നായിരുന്നു, ഇപ്പോള്‍ IIT മദ്രാസ് ഇല്‍ ഗവേഷണ വിദ്യാര്‍ഥി. ഗവേഷണ വിഷയം കെമിസ്ട്രിയെക്കാള്‍ ഏറെ ഫിസിക്‌സ് ഉള്ള ഫിസിക്കല്‍ കെമിസ്ട്രി...! നെഞ്ചില്‍ തൊട്ട് പറയട്ടെ, ഇപ്പോള്‍ ഉള്ള ഇടത്തെ പറ്റി അമിതമായ അഭിമാനമോ ആത്മരതിയോ ഇല്ല. (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസ രീതിയിലെ കല്ല്കടികളെയും, പുഴുക്കുത്തുകളെയും പറ്റി ഇത് പോലെ ഒരു നീണ്ട ലേഖനം എഴുതാനുണ്ട് ...!). ഒരുപക്ഷെ മറ്റൊരു വഴിയില്‍ വേറെ ഏതൊക്കെയോ വലിയ വലിയ നേട്ടങ്ങള്‍ കാത്തിരുന്നിരിക്കാം...! പക്ഷെ, ഈ ഇടം ഞാന്‍ ആസ്വദിക്കുന്നു എന്നതാണ് വ്യത്യാസം, അതിലാണ് സന്തോഷം..!
നമുക്ക് വേണ്ടി നാം തന്നെ സ്വപ്നം കണ്ട് തുടങ്ങുക..! 'അവനെ/അവളെ ഇന്നയാരാക്കണം എന്നതാണ് എന്റെ സ്വപ്നമെന്ന' ഡയലോഗ് കര്‍ക്കിടക മഴയത്ത് തോണിയാവട്ടെ...! അവനവന്‍ ആസ്വദിക്കുന്ന ഇടമാകട്ടെ അവനവന്റെ ലക്ഷ്യം, സ്വപ്നം...!
(മദ്രാസ് ഐ.ഐ.ടിയിലെ രസതന്ത്ര വിഭാഗം ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍.