കോടതിയോടാണ്, ഞെട്ടാന്‍ കാത്തിരിക്കരുത്
|സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്ത കേട്ട് കോടതിക്കുണ്ടായ ഞെട്ടലില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇനിയൊരു സ്റ്റാന്‍ സ്വാമി കൂടി ജനിക്കാതെ നോക്കേണ്ടത് നീതിന്യായ വ്യവസ്ഥയുടെ ബാധ്യതയാണ്. കാല് നൂറ്റാണ്ട് കാലമായി ഭരണകൂട ഭീകരതയുടെ തടവറയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ ഗുരുതരമാണ്. മഅ്ദനിക്ക് ജാമ്യം അനുവദിക്കുകയും വിദഗ്ധ ചികിത്സക്കുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യേണ്ടത് മാനുഷികമായ പരിഗണനയാണ്.
ഗുരുതരമായ ഹൃദ്രോഗം കൊണ്ടും പാര്‍ക്കിന്‍സണ്‍സ് രോഗം കൊണ്ടും ശാരീരിക അവശതകള്‍ നേരിടുന്ന, രണ്ട് ചെവിയുടെയും കേള്‍വി നഷ്ട്ടപ്പെട്ട് പരസഹായമില്ലാതെ സ്വന്തം ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സാധിക്കാത്ത എണ്‍പത്തി നാല് വയസ്സുള്ള വന്ദ്യവയോധികനായ സ്റ്റാന്‍ സ്വാമിയെന്ന മനുഷ്യന്. മുവായിരത്തി അഞ്ഞൂറോളം പേര് തടവില്‍ കഴിയുന്ന കോവിഡ് പടര്‍ന്നു തുടങ്ങിയ തലോജ സെന്‍ട്രല്‍ ജയിലിലെ ഇരുട്ടറയില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ ബോംബെ ഹൈക്കോടതിയില്‍ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യത്തിന് വേണ്ടി വാദം നടക്കുകയായിരുന്നു. വാദത്തിന്റെ അവസാനനിമിഷങ്ങളില്‍ അഭിഭാഷകന് മിഹിര്‍ ദേശായി സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്ത കോടതിയെ അറിയിച്ചപ്പോള്‍ ഞെട്ടിക്കുന്നത് എന്നായിരുന്നു കോടതിയുടെ പ്രതികരണം.
'എട്ട് മാസങ്ങള്‍ക്ക് മുമ്പ് ജയിലിലെത്തുമ്പോള്‍ എന്റെ ശരീരം സാധാരണ നിലയിലായിരുന്നു. എന്നാല്‍, ഇന്നെനിക്ക് നടക്കാനോ സ്വന്തമായി കുളിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. എന്റെ രണ്ട് ചെവിയുടെയും കേള്‍വി ശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയിലാണ്. ജയിലിലെ ചികിത്സയെക്കാള്‍ ഭേദം മരണമാണ്. ഞാന്‍ പ്രവര്‍ത്തിച്ച നാട്ടില്‍ റാഞ്ചിയില്‍ എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ വെച്ച് എനിക്ക് മരിക്കണം. എനിക്ക് ജാമ്യം തരൂ.' എന്ന് ഭരണകൂടത്തിന് മുമ്പില്‍ ഒരു തെളിവ് കൊണ്ടും കുറ്റം സ്ഥിരീകരിക്കപ്പെടാത്ത സ്റ്റാന്‍ സ്വാമി കേണപേക്ഷിച്ചിട്ടും കോവിഡിന്റെ മറവില്‍ പുറത്തു കടക്കാനുള്ള തന്ത്രമാണെന്ന എന്‍.ഐ.എ യുടെ വാദത്തെ നിര്‍ലജ്ജം അംഗീകരിച്ച അതേ കോടതിയാണ് അദ്ധേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിയത്. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് കൈ വിറക്കുന്നത് കൊണ്ട് വെള്ളം കുടിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു സ്ട്രോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി വാദം കേള്‍ക്കാനായി മൂന്നാഴ്ച്ചത്തേക്ക് മാറ്റിവെച്ച അതേ കോടതി! ഞാന്‍ പതിയെ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് വീഡിയോ കോണ്‍ഫറണ്‍സിലൂടെ കോടതിയെ നിരന്തരം അറിയിച്ചിട്ടും അവഗണിച്ച അതേ കോടതിയാണ് ഞെട്ടിയത്!
ആ ഞെട്ടല്‍ ആത്മാര്‍ഥമായിരുന്നെങ്കില്‍ ഇനിയൊരു സ്റ്റാന്‍ സ്വാമി കൂടി ജനിക്കാതെ നോക്കേണ്ടത് നീതിന്യായ വ്യവസ്ഥയുടെ ബാധ്യതയാണ്. കാല് നൂറ്റാണ്ട് കാലമായി ഭരണകൂട ഭീകരതയുടെ തടവറയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ ഗുരുതരമാണ്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം വന്ന് ഒന്‍പതു വര്‍ഷം പിന്നിട്ടിട്ടും ഹൈക്കോടതി വിചാരണ പൂര്‍ത്തിയായിട്ടില്ല എന്ന യഥാര്‍ഥ്യം നിലനില്ക്കുന്നു. സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പലപ്പോഴും ചികിത്സ നിഷേധിക്കപ്പെടുന്ന മഅ്ദനിക്ക് ജാമ്യം അനുവദിക്കുകയും വിദഗ്ധ ചികിത്സക്കുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യേണ്ടത് മാനുഷികമായ പരിഗണനയാണ്.
തടവറയിലടക്കപ്പെടുമ്പോള് 110 കിലോയോളം തൂക്കമുണ്ടായിരുന്ന മഅ്ദനി ഇന്ന് 40 കിലോയോളം മാത്രം തൂക്കമുള്ള ക്ഷയിച്ച ശരീരമായി മാറിയിരിക്കുന്നു. തന്റെ ഇരുപത്തി ഏഴാം വയസ്സില്‍ ഫാസിസ്റ്റ് ഭീകരരാല്‍ ബോംബ് വെച്ച് തകര്‍ക്കപ്പെട്ട കാലുമായാണ് ഇത്രയും കാലം മഅ്ദനി തടങ്കലില്‍ കഴിഞ്ഞത്. മുറിച്ചു മാറ്റിയ കാല്‍മുട്ടിനു മുകള്ലേക്കുള്ള ഭാഗം സ്പര്‍ശന ശേഷി നഷ്ടമായിരിക്കുന്നു. ഷുഗറിന്റെ അളവ് ക്രമാതീതമായി കൂടിയത് കാരണം ഒരു കണ്ണിന്റെ കാഴ്ച്ച ശക്തി പൂര്‍ണ്ണമായും നഷ്ടമായിരിക്കുന്നു. അടുത്ത കണ്ണിന്റെ കാഴ്ച്ച പതിയെ നഷ്ടമാവുന്നു.
കഴിഞ്ഞ വര്‍ഷം സംഭവിച്ച പക്ഷാഘാതം ദീര്‍ഘനാളായി ഒരുപാട് രോഗങ്ങള്‍ അനുഭവിക്കുന്ന മഅ്ദനിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തലച്ചോറിലേക്ക് രക്തം പ്രവഹിക്കുന്ന ഇന്റേണല്‍ കരോട്ടിഡ് ആര്‍ട്ടറിയില്‍ സംഭവിച്ച ബ്ലോക്ക് കാരണം വീണ്ടും പക്ഷാഘാതം തേടിയെത്തിരിക്കുകയാണ്. പക്ഷാഘാതം മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ നേരിടുകയാണ് ഇപ്പോള്‍ മഅ്ദനി. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി സ്ട്രോക്കും അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരമായി മുന്നിലുള്ളത് അടിയന്തര ശാസ്ത്രകിയയാണ്. ദീര്‍ഘകാലങ്ങളായി ഉയര്‍ന്ന അളവില്‍ തുടരുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. 0.74 mg/dL ഇനും 1.35 mg/dL ഇനും ഇടയില്‍ വേണ്ട ക്രിയാറ്റിനിന്‍ 6.6 mg/dL ആണുള്ളത്. ശാസ്ത്രക്രിയക്കും അതിന് മുമ്പുള്ള പരിശോധനകള്‍ക്കുമായി നല്കപ്പെടുന്ന ഇന്ജെക്ഷനുകള് ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമത വളരെ കുറഞ്ഞ കിഡ്നിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലമാക്കാന്‍ സാധ്യതയുണ്ട് എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്ത മെഡിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍ ഒരുമിച്ചു നടത്തുന്ന ക്രോസ്സ് കണ്‍സള്‍ട്ടേഷനിലൂടെ മാത്രമേ മഅ്ദനിയുടെ ചികിത്സ ഫലപ്രദമാവുകയുള്ളൂ.
ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 1998 മാര്‍ച്ച് 31 മുതല്‍ ഒന്‍പതര വര്‍ഷം കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ ജയിലില്‍ കിടന്ന മഅ്ദനിയെ 2007 ഓഗസ്റ്റ് 1 ന് വിചാരണ നടത്തി കുറ്റക്കാരനല്ലെന്ന് പ്രത്യേക കോടതി വിധിയെഴുതി വെറുതെ വിട്ടതാണ്. ഏറ്റവും ക്രിയാത്മകമായ ഒരു പതിറ്റാണ്ടോളം കാലത്തെ ഒരു തെറ്റും ചെയ്യാതെയുള്ള മഅ്ദനിയുടെ തടവറ ജീവിതത്തിന് പകരം നല്‍കാനെന്തുണ്ട് എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
മൂന്ന് വര്‍ഷത്തിന് ശേഷം 2010 ഓഗസ്റ്റ് 10 ന് വീണ്ടും കേരളത്തിലെത്തി മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നു. ബാംഗ്ലൂര്‍ സ്ഫോടനം നടന്നത് 2009 ലാണെങ്കില്‍ 2007 മുതല്‍ പൊലീസ് വലയത്തിലായിരുന്നു മഅദനി. ഇതിനിടയില്‍ നിന്നാണ് സ്ഫോടനം നടത്തിയെന്ന് ആരോപിക്കപ്പെടുന്നത്. ബാംഗ്ലൂര്‍ സ്ഫോടന കേസിന്റെ രണ്ട് കുറ്റപത്രങ്ങള്‍ പുറത്തു വന്നതിന് ശേഷം മൂന്നാം കുറ്റപത്രത്തിലാണ് മഅ്ദനിയുടെ പേര് വന്നതെന്നും സാക്ഷികളും തെളിവുകളും കെട്ടിച്ചമച്ചതാണെന്നും തെഹല്‍ക അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്നും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഒരാള്‍ ശിക്ഷിക്കപ്പെടാന്‍ കൃത്യമായ നടപടി ക്രമങ്ങളുണ്ട്. പൊലീസ് കുറ്റം ചുമത്തിയ ആളെ കോടതിക്ക് മുന്നില്‍ ഹാജരാക്കുന്നു. കോടതി വിചാരണ നടത്തുന്നു. പൊലീസ് ആരോപിക്കുന്നതും അയാള്‍ക്ക് പറയാനുള്ളതും കോടതി കേള്‍ക്കുന്നു. തെളിവുകള്‍ പരിശോധിക്കുന്നു. കുറ്റം ചെയ്തതാണെങ്കില്‍ മാത്രം ശിക്ഷിക്കുന്നു. കുറ്റം ചെയ്തതായി തെളിഞ്ഞില്ല എങ്കില്‍ വെറുതെ വിടുന്നു. എങ്കില്‍ മഅഅദനിയുടെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല എന്ന രൂപത്തിലാണ് നീതി ന്യായവ്യവസ്ഥ. മഅ്ദനിയെ കേള്‍ക്കാന്‍ പോലും പലപ്പോഴും കോടതികള്‍ തയ്യാറായില്ല എന്നത് ഒരു വസ്തുതയാണ്.
'എന്റെ അഭിഭാഷകന് കുറെ നേരമായി അങ്ങയോട് വാദിക്കുന്നു. അത് കേള്‍ക്കാനുള്ള സൗമനസ്യം താങ്കള്‍ കാണിക്കുന്നില്ല. എതിര്‍ഭാഗത്തിന്റെ വാക്കുകള്‍ക്ക് താങ്കള്‍ അസാധരണമാം വിധം കാതു കൂര്‍പ്പിക്കുന്നു. താങ്കളൊരു നീതിമാനായ ന്യായാധിപനാകണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍, നീതിമാനായ ന്യായാധിപനാണ് താനെന്ന് അഭിനയിച്ചുകാണിക്കുകയെങ്കിലും വേണം. ഇത് എന്റെ അവസാനത്തെ കോടതിയല്ല. എന്നെ സംബന്ധിച്ചിടത്തോളം അവസാന കോടതി പടച്ചവന്റേതാണ്. അവിടെ ഞാനും വരും. നിങ്ങളും വരും എന്റെ കാര്യം ഞാന്‍ പറയും. നീതിയുടെ കസേരയിലിരുന്ന് എന്താണ് ചെയ്തതെന്ന് അവിടെ നിങ്ങള്‍ കണക്കു പറയേണ്ടി വരും' പരപ്പന ജയിലിനകത്തെ കോടതിയിലിരുന്ന് തന്നെ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ മുന്‍കൂട്ടി തയ്യാറാക്കിയ വിധിന്യായവുമായി വന്ന ന്യായാധിപനോട് മഅ്ദനി പറഞ്ഞ വാക്കുകളാണിത്. നിരന്തരമായ ജാമ്യം നിഷേധങ്ങള്‍ക്ക് ശേഷം 2014 ലാണ് ആദ്യം ഒരു മാസത്തേക്ക് ജാമ്യം അനുവദിക്കുന്നതും പിന്നീട് ബാംഗ്ലൂര്‍ വീട്ടു പോകരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെ ജാമ്യം സ്ഥിരപ്പെടുത്തുന്നതും. സുരക്ഷ പ്രശ്നങ്ങളില്ലാതെ വിദഗ്ധ ചികിത്സ തേടണമെങ്കില്‍ ബാംഗ്ലൂര്‍ വിടുകയെന്നത് അനിവാര്യവുമാണ്.
സുപ്രീം കോടതിയുടെ വിധിയില്‍ ഏറ്റവും പ്രധാന ഘടകമാകുക കര്‍ണാടക സര്‍ക്കാറിന്റെ നിലപാട് കൂടിയാണ്. ഒരുപക്ഷേ, കര്‍ണാടക സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കും. അതുകൊണ്ട് തന്നെ കേരള സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. 'ആകാശം മറിഞ്ഞു വീണാല്‍ വീഴട്ടെ, അതിനു മുകളില്‍ കൂടെ നടക്കാം എന്ന് കരുതുന്ന ശക്തനായ നേതാവാണ് പിണറായി വിജയന്' എന്ന് മഅ്ദനി പ്രസംഗത്തില്‍ വിശേഷിപ്പിച്ച പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. ഒരു പതിറ്റാണ്ട് കാലത്തോളം അന്യായമായി തടവറയില്‍ കഴിഞ്ഞിട്ടും കാര്യമായ ഇടപെടലുകള്‍ നടത്താതിരിക്കുകയും മഅ്ദനിയുടെ അറസ്റ്റിനെ നായനാര്‍ ഗവര്‍മെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും ഉപയോഗച്ചിട്ടും വീണ്ടും ഇടതുപക്ഷത്തെ വിശ്വസിച്ച ആള് കൂടിയാണ് മഅ്ദനി. തിരൂരങ്ങാടിയിലും ഗുരുവായൂരും കാര്യമായ രാഷ്ട്രീയ ചലനങ്ങള്‍ക്ക് ഭാഗവാക്കാകുകയും 2009 ലോക്സഭ ഇലക്ഷനില്‍ ഇടതു പക്ഷത്തിന്റെ വിജയത്തിന് വേണ്ടി കേരള യാത്ര നടത്തുകയും ചെയ്ത മഅ്ദനിക്ക് വേണ്ടി ശബ്ദിക്കാന്‍ മാനുഷികവും ധാര്‍മികവുമായ ഉത്തരവാദിത്വത്തിനപ്പുറം കടപ്പാടുകള്‍ കൂടിയുണ്ട് ഇടതുപക്ഷത്തിന്.
മഅ്ദനിക്ക് വേണ്ടി ശബ്ദിക്കുന്നതിലൂടെ മഅ്ദനി എന്ന വ്യക്തിക്ക് വേണ്ടി മാത്രമല്ല ശബ്ദമുയരുന്നത്. ഫാസിസത്തിന്റ എതിര് ശബ്ദങ്ങളോടുള്ള അസഹിഷ്ണുതക്ക് നേരെ കൂടിയാണ്. തങ്ങള്‍ക്കെതിരെ ശബ്ദിച്ചാല്‍ ഇതായിരിക്കും അവസ്ഥയെന്ന് പറയാതെ പറയുന്ന ഫാസിസത്തിന്റെ പ്രതീക സൃഷ്ടിക്ക് നേരെ കൂടിയാണ്. ഫാസിസത്തിനെതിരെ ശബ്ദിക്കുന്ന ഓരോ വ്യക്തിയുടെ ഉള്ളിലും ഭയം സൃഷ്ടിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട പ്രതീകം കൂടിയാണ് മഅ്ദനി. അതുകൊണ്ട് തന്നെ മഅ്ദനിക്ക് വേണ്ടി ശബ്ദിക്കുകയെന്നത് വെറുപ്പിന്റെ രാഷ്ട്രീയം ഭരിക്കുന്ന വര്‍ത്തമാന കാലത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം കൂടിയാണ്. സത്യവും നീതിയും അസ്തമിക്കരുതെന്ന് ആഗ്രഹിക്കുന്ന ജനാധിപത്യവിശ്വാസിയുടെ കടമയാണ്. അറിയപ്പെടാത്ത ഒരായിരം മഅ്ദനിമാര്‍ വിചാരണ കാത്ത് ഇരുളറയില്‍ കഴിയുന്നുണ്ടാവും. അവര്‍ക്ക് വേണ്ടിയുള്ള ശബ്ദം കൂടിയാവും ഇത്.
ചരിത്രത്തിലൊരു കറുത്ത പാടായി മഅ്ദനിയെ കാലം ഓര്‍ത്തുകൊണ്ടേയിരിക്കും. ഇങ്ങനെ ഒരു മനുഷ്യന് അന്യായമായി കാല് നൂറ്റാണ്ട് തടവറയില്‍ കഴിഞ്ഞിട്ടും ചികിത്സ പോലും നിഷേധിക്കപ്പെട്ടിട്ടും ചോദ്യം ചെയ്യപ്പെടാന്‍ ഇവിടെ മനുഷ്യരില്ലായിരുന്നോയെന്ന് വരും കാലം അത്ഭുതപ്പെട്ടാല്‍ എന്ത് തെറ്റാണുള്ളത്? തോറ്റ ജനതയെന്ന് നമ്മള് മുദ്ര കുത്തപ്പെട്ടാല്‍ അത്ഭുതപ്പെടാന്‍ എന്താണുള്ളത്?
സ്റ്റാന്‍ സ്വാമിയുടെ മരണത്തെഹിന്ദു പത്രം വിശേഷിപ്പിച്ചത് 'പ്രവചിത മരണമെന്നായിരുന്നു'. ഇത്രയും രോഗപീഡകളിലൂടെ കടന്നു പോകുന്നു എന്ന കൃത്യമായ അറിവുണ്ടായിട്ടും ഒരിറ്റുവെള്ളം കുടിക്കാനുള്ള അവകാശം അനുവദിക്കാന്‍ പോലും ഇരുപത് ദിവസം സാവകാശം ചോദിച്ച കോടതിയുടെയും ഭരണകൂടത്തിന്റെയും കൊല. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടിയത് പോലെ ഞെട്ടാന്‍ മഅ്ദനിയുടെ കാര്യത്തിലും കാത്തിരിക്കരുത്. ജീവന് രക്ഷിക്കുക എന്ന പ്രാഥമിക അവകാശത്തിനെങ്കിലും അനുവദിക്കുകയെന്നത് നീതിന്യായവ്യവസ്ഥയില്‍ നിന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന കാര്യമാണ്.