Analysis
കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: ചെയര്‍മാനും ഡയറക്ടറും സര്‍ക്കാരിനെ കബളിപ്പിക്കുന്നു
Analysis

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: ചെയര്‍മാനും ഡയറക്ടറും സര്‍ക്കാരിനെ കബളിപ്പിക്കുന്നു

റഹുമത്ത് എസ്
|
2 Jan 2023 5:23 AM GMT

വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരും ശുചീകരണ തൊഴിലകളും ഒന്നടങ്കം ഡയറക്ടര്‍ ശങ്കര്‍ മോഹന് എതിരായി സംസാരിക്കുമ്പോള്‍ അദ്ധേഹത്തെ ന്യായീകരിച്ചുകൊണ്ടാണ് അടൂരിന്റെ പ്രതികരണം. തീര്‍ത്തും വിദ്യാര്‍ഥി വിരുദ്ധ നിലപാടാണ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്റേത്.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് 2022 ഡിസംബര്‍ അഞ്ചിനാണ് സ്റ്റുഡന്റസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കൊണ്ടായിരുന്നു സമരത്തിന്റെ തുടക്കം. രാവിലെ 8 മുതല്‍ 12 മണി വരെയാണ് ഗവണ്‍മെന്റ് തലത്തില്‍ പറഞ്ഞിട്ടുള്ള അവരുടെ ജോലി സമയം. പക്ഷേ, ജോലി സമയം കഴിഞ്ഞും ഇവരില്‍ ചിലരെ തിരഞ്ഞ് പിടിച്ച് കൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പലരുടെയും വീടുകളിലെ ജോലി ചെയ്യിപ്പിച്ചു. സ്‌ക്രബ്ബര്‍ മാത്രം ഉപയോഗിച്ച് കക്കൂസ് കഴുകിക്കും. അധിക സമയം ജോലി ചെയ്യുന്നതിനുള്ള വേതനം പോലും നല്‍കാതെ ഇവരെ കൊണ്ട് രാത്രിവരെ ജോലിചെയ്യിപ്പിക്കുമായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലക്ക് നടന്ന സമരമാണ് പുറംലോകത്തേക്കെത്തുന്നത്.

മലയാള ചാനലിന് കൊടുത്ത അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുകയുണ്ടായി, കല്‍ക്കട്ടയിലും, പുനെയിലും പലകാരണങ്ങള്‍ പറഞ്ഞ് മലയാളികള്‍ക്ക് അഡ്മിഷന്‍ നിഷേധിക്കുന്നു. അതുകൊണ്ടൊക്കെയാണ് ഞാന്‍ ഇ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്, മലയാളികള്‍ പഠിക്കണം എന്ന്. എന്നാല്‍, ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അടുത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഫീസ്, റിസര്‍വേഷന്‍ അടക്കമുള്ള വിഷയങ്ങളെ ചൊല്ലി സംസാരിക്കാന്‍ ചെല്ലുമ്പോള്‍ മോശമായ രീതിയിലാണ് അദ്ദേഹം വിദ്യാര്‍ഥികളോട് സംസാരിക്കുന്നത്.

ഇനി വിദ്യാര്‍ഥികളുടെ കാര്യത്തിലേക്ക് വന്നാല്‍ 2022 അഡ്മിഷനിലെ മുഴുവന്‍ റിസര്‍വേഷന്‍ സീറ്റും ഇന്‍സ്റ്റിറ്റ്യൂട്ട് അധികാരികള്‍ അട്ടിമറിച്ചു. 51 വിദ്യാര്‍ഥികളില്‍ നാലുപേര്‍ മാത്രമാണ് സംവരണ വിഭാഗത്തില്‍ പ്രവേശനം നേടിയത്. നിലവില്‍ റിസര്‍വേഷന്‍ സീറ്റ് ബാധകമായവര്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്നു. പക്ഷേ, അതിനെ റിസര്‍വേഷന്‍ വിഭാഗത്തിലായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ കണക്കാക്കുന്നത്. ഓരോ കാസ്റ്റിനും എത്ര ശതമാനം റിസര്‍വേഷന്‍ എന്നുള്ളത് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോസ്‌പെക്ടസില്‍ എടുത്തുപറയുന്നുണ്ട്. 10 പേരാണ് ഒരു ക്ലാസ്സിലുള്ളത്. അങ്ങനെ ആറ് ബാച്ചുകളിലായി ആകെ 60 വിദ്യാര്‍ഥികള്‍. തിരുവനന്തപുരത്തുള്ള എല്‍.ബി.എസ് സെന്ററാണ് പ്രവേശന നടപടികള്‍ നടത്തുന്നത്.


എഡിറ്റിംഗ് ബാച്ചില്‍ മൊത്തം 10 സീറ്റാണുള്ളത്. അതില്‍ ആറുസീറ്റിലും അഡ്മിഷന്‍ നടത്തി ഏഴാമതായിട്ടാണ് ശരത് എന്ന വിദ്യാര്‍ഥി വരുന്നത്. ദലിത് വിദ്യാര്‍ഥി എന്ന ഒറ്റ കാരണം കൊണ്ട് അവനെ അയോഗ്യനാക്കി. ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ശരത് കോടതിയില്‍ കേസ് കൊടുത്തു. കോടതി ശരത്തിന് അഡ്മിഷന്‍ നല്‍കണമെന്ന് പറഞ്ഞെങ്കിലും അപ്പോഴേക്കും ശരത്തിന് സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ചിരുന്നു. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാര്‍ക്ക് കുറഞ്ഞെന്ന പേരിലും ജാതിയുടെ പേരിലും ഒഴിവാക്കിയ ആളാണ് ശരത് എന്നോര്‍ക്കണം. അപ്പോള്‍ സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എങ്ങനെയാണ് ശരത്തിനു അഡ്മിഷന്‍ കിട്ടിയതെന്നാണ് ആലോചിക്കേണ്ടത്. ഇതൊക്കെ ഈ അധ്യയന വര്‍ഷം സംഭവിച്ചതാണ്. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പുകളും ഗ്രാന്റും കൃത്യസമയത്ത് നല്‍കാത്തത് മൂലം കോഴ്‌സ് അവസാനിപ്പിച്ച് പോയ എത്രയോ വിദ്യാര്‍ഥികളുണ്ട്. ഗ്രാന്‍ഡ് തടഞ്ഞുവെച്ചതിനെതിരെ സമരം നടത്തിയ പലരുടെയും ഡിപ്ലോമ പോലും തടഞ്ഞുവെച്ചിരിക്കുകയാണ്. ഇപ്പോഴും അവര്‍ കോഴ്‌സ് പൂര്‍ത്തിയാക്കാത്ത നിലയില്‍ തുടരുകയാണ്. സമരങ്ങള്‍ നടത്തിയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികാര നടപടികള്‍ അനുഭവിക്കേണ്ടി വരുന്നത് ദലിത് വിദ്യാര്‍ഥികളാണ്.


അക്കാദമിക് രീതികള്‍ മുഴുവനും ഡയറക്ടര്‍ കുളമാക്കിയിരിക്കുകയാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ശങ്കര്‍ മോഹനും, അടൂര്‍ ഗോപാലകൃഷ്ണനും വന്നതിന് ശേഷമാണ് സ്റ്റുഡന്റ് കൗണ്‍സില്‍ നിന്നും, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിവാക്കിയത്. യൂണിവേഴ്‌സിറ്റി സെനറ്റുകളില്‍ വിദ്യാര്‍ഥികള്‍ അനാവശ്യ കാര്യങ്ങള്‍ പറയുന്നു എന്നതായിരുന്നു ഇവരെ ഒഴിവാക്കിയതിന് അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാഗത്ത് നിന്നുള്ള ന്യായം. ലോക്ഡൗണ്‍ സമയത്ത് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന് വര്‍ഷമായിരുന്ന പി.ജി കോഴ്‌സുകള്‍ പിന്നീട് രണ്ടുവര്‍ഷ പി.ജി ഡിപ്ലോമ കോഴ്‌സുകളാക്കി ചുരുക്കി. പി.ജിയില്‍ നിന്നും പി.ജി ഡിപ്ലോമ ആക്കുമ്പോള്‍ അതനുസരിച്ച് കോഴ്‌സുകളുടെ ക്വാളിറ്റിയും കൂട്ടണം. അധ്യാപക നിയമനം സംബന്ധിച്ചും അഴിമതികള്‍ നടക്കുന്നുണ്ട്. ഗവണ്മെന്റ് തലത്തില്‍ രണ്ട് തസ്തികയും, ബാക്കിയുള്ളത് കരാര്‍ അടിസ്ഥാനത്തിലുമാണ്. ഡയറക്ടറുടെയും ചെയര്‍മാന്റെയും സ്വന്തക്കാരായ ആളുകളെയാണ് കരാറടിസ്ഥാനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമിക്കുന്നത് എന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇവരെല്ലാം തന്നെ റിട്ടയേര്‍ഡ് ആയവരാണ്. ശമ്പളത്തിന് പുറമെ ഇവര്‍ക്കു പെന്‍ഷനും ലഭിക്കുന്നുണ്ട്. ശമ്പളം ഒരുലക്ഷമായി ഉയര്‍ത്തണമെന്ന് കാണിച്ച് കൊണ്ട് സര്‍ക്കാരിന് നിരന്തരം കത്തയക്കുകയാണ് ഇവര്‍. ഇന്റര്‍വ്യൂ ഓറിയന്റേഷന്റെ അവസാനഘട്ടത്തില്‍, ഡയറക്ടറും, ഡിപ്പാര്‍ട്‌മെന്റില്‍ നിന്നുമുള്ളവരുമൊക്കെയാണ് ഇന്റര്‍വ്യൂ പാനലില്‍ ഇരിക്കുന്നത്. സാമ്പത്തികമായി നല്ല നിലയിലുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടി മാത്രം നടത്തുന്ന ഒരു ഇന്റര്‍വ്യൂ ആണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നത്. ചോദ്യങ്ങള്‍ പോലും അച്ഛന്‍ എന്ത് ചെയ്യുന്നു? ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫീസ് അടക്കാന്‍ പറ്റുമോ? എന്ന തരത്തിലുള്ളവയാണ്. സാമ്പത്തികമുള്ളവര്‍ മാത്രം ഇവിടെ പഠിച്ചാല്‍ മതി എന്നതല്ലേ ഇതിന്റെ സാരം എന്ന് ഒരു വിദ്യാര്‍ഥി ചോദിക്കുന്നു. ഒരു ഗവണ്മെന്റ് സ്ഥാപനത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിവേചനങ്ങളാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ അനുഭവിക്കേണ്ടിവരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികളുണ്ടെങ്കില്‍ അതിനുള്ള പരിഹാരം കാണാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാധ്യസ്ഥരാണ്.





പ്രമുഖ മലയാള ചാനലിന് കൊടുത്ത അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ പറയുകയുണ്ടായി, കല്‍ക്കട്ടയിലും, പുനെയിലും പലകാരണങ്ങള്‍ പറഞ്ഞ് മലയാളികള്‍ക്ക് അഡ്മിഷന്‍ നിഷേധിക്കുന്നു. അതുകൊണ്ടൊക്കെയാണ് ഞാന്‍ ഇ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്, മലയാളികള്‍ പഠിക്കണം എന്ന്. എന്നാല്‍, ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അടുത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഫീസ്, റിസര്‍വേഷന്‍ അടക്കമുള്ള വിഷയങ്ങളെ ചൊല്ലി സംസാരിക്കാന്‍ ചെല്ലുമ്പോള്‍ മോശമായ രീതിയിലാണ് അദ്ദേഹം വിദ്യാര്‍ഥികളോട് സംസാരിക്കുന്നത്. തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ താമസത്തിനായി ഏര്‍പ്പാടാക്കിയ മുറി ക്യാന്‍സല്‍ ചെയ്തത് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ സമരത്തിലായത് കൊണ്ട് റൂം കൊടുക്കണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാരിന് 25,000 രൂപ നഷ്ടം വരുത്തിയാണ് അദ്ദേഹം ഈ പ്രതികാര നടപടി വിദ്യാര്‍ഥികളോട് ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരും, ശുചീകരണ തൊഴിലാളികളും ഒന്നടങ്കം ഡയറക്ടര്‍ ശങ്കര്‍ മോഹന് എതിരായി സംസാരിക്കുമ്പോള്‍ അദ്ധേഹത്തെ ന്യായീകരിച്ചുകൊണ്ടാണ് അടൂരിന്റെ പ്രതികരണം. തീര്‍ത്തും വിദ്യാര്‍ഥി വിരുദ്ധ നിലപാടാണ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്റേത്.

സമരം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന 82 വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ച് രാജ്യത്ത് ജാതി വിവേചനം കൊണ്ട് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വിദ്യാര്‍ഥികള്‍ക്കും, തൊഴിലാളികള്‍ക്കും വേണ്ടികൂടിയാണ്. ഒരര്‍ഥത്തില്‍ സര്‍ക്കാരും ഇവരുടെ ഇരകളാണ്. ശങ്കര്‍ മോഹന്റെയും, അടൂര്‍ഗോപാലകൃഷ്ണന്റെയും അധികാരവും സ്വാധീനവും ഉപയോഗിച്ച് കബളിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരും.

സമര രംഗത്തുള്ള വിദ്യാര്‍ഥികള്‍ പറയുന്നു: സമരം തുടങ്ങി രണ്ടാം ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ നേതൃത്വത്തില്‍, മന്ത്രിയുടെ ചേംബറില്‍ സ്റ്റുഡന്റസ് കൗണ്‍സില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഫസ്റ്റ് ഇയര്‍ റെപ്രെസെന്ററ്റീവ് എന്നിവരെ ഡയറക്ടറുമായി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ആ ചര്‍ച്ചയില്‍ പോലും ജാതിപരമായാണ് അദ്ദേഹം സംസാരിച്ചത്. റിസര്‍വേഷന്‍ സംബന്ധിച്ച് നടന്ന അട്ടിമറികള്‍ തെളിവുകള്‍ സഹിതം ചര്‍ച്ചയില്‍ മന്ത്രിക്ക് വിദ്യാര്‍ഥികള്‍ കൊടുത്തതാണ്. റിസര്‍വേഷന്‍ കൊടുത്താല്‍ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ കിട്ടില്ലെന്നനായിരുന്നു എല്‍.ബി.എസ് മുന്‍പാകെ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍വേഷന്‍ സംബന്ധിച്ച് പറഞ്ഞത്. വിദ്യാര്‍ഥികള്‍ കാമ്പസ്സിനുള്ളില്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് മന്ത്രിക്ക് ബോധ്യപ്പെട്ടതാണ്. പക്ഷെ, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒരു അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ പ്രതികരിക്കാന്‍ കഴിയൂ എന്നാണ് മന്ത്രി പറഞ്ഞത്. ഡിസംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം മൂന്നംഗ സമിതിയെ മന്ത്രി നിയോഗിച്ചത്. പക്ഷെ, അവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്ന് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഡിസംബര്‍ 17നാണ്. റിപ്പോര്‍ട്ട് എടുക്കുന്ന ദിവസം വിദ്യാര്‍ഥി പ്രതിനിധികളുമായും, സ്റ്റുഡന്റസ് കൗണ്‍സിലുമായും രാത്രിവരെ വിഷയത്തെ പറ്റി സംസാരിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ എത്രയും വേഗത്തിലാക്കാമെന്ന് ഉറപ്പ് നല്‍കിയാണ് സമിതി അന്ന് അവിടെ നിന്നും പോകുന്നത്. എന്നാല്‍, പിന്നീട് അവര്‍ അതിനെ പറ്റി ഒരു നടപടി എടുത്തില്ലെന്ന് മാത്രമല്ല, കേസിന്റെ മെല്ലെപോക്കാണ് പിന്നീട് കണ്ടത്. കാരണം ചോദിച്ചപ്പോള്‍, ദേഹാസ്വസ്ഥം കാരണം 27 വരെ ലീവ് ആണെന്നാണ് കമീന്‍ അധ്യക്ഷന്‍ അറിയിച്ചത്.


കേസുമായി അദ്ദേഹം സഹകരിക്കാതെ സാഹചര്യത്തിലാണ് പുതിയ രണ്ട് അംഗ കമീഷനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പിന്നീട് നിയോഗിച്ചത്. മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറിക്കും, പ്രൈവറ്റ് സെക്രട്ടറിക്കും പരാതി കൊടുത്തിരുന്നു. വാക്കാല്‍ സര്‍ക്കാരിന് കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടെങ്കില്‍ പോലും, അടൂര്‍ ഗോപാലകൃഷ്ണന്റെ ഇടപെടല്‍ മൂലം അവര്‍ ഞങ്ങളെ തെറ്റിദ്ദരിക്കപ്പെടുന്നു എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കുട്ടികളെല്ലാം മദ്യത്തിന് അടിമകളാണെന്നും, അവര്‍ക്കൊന്നും ക്ലാസ്സില്‍ കയറാന്‍ താല്‍പര്യം ഇല്ലാത്തവരാണെന്നും, കാമ്പസ്സിനുള്ളില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിനെ ബോധിപ്പിച്ചിരിക്കുന്നത്.


വിദ്യാര്‍ഥികള്‍ ആരോപിക്കുന്നതുപോലെ സര്‍ക്കാര്‍ തീര്‍ത്തും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇവരൊക്കെ മനസ്സിലാക്കേണ്ട ഒരു കാര്യം, വിദ്യാര്‍ഥികളാരും തന്നെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് എടുത്ത കോഴ്‌സ് അല്ല ഇത് എന്നതാണ്. എം.എ കഴിഞ്ഞവരും, ജോലി ചെയ്തവരും ഒക്കെയാണ് ഈ കോഴ്‌സ് പഠിക്കാന്‍ എത്തിയിരിക്കുന്നത്. അത്രയ്ക്കാഗ്രഹിച്ചാണ് ഓരോ വിദ്യാര്‍ഥികളും എന്‍ട്രന്‍സും ഇന്റര്‍വ്യൂവും പാസ്സായി ഇന്സ്റ്റിറ്റിയൂട്ടില്‍ പഠിക്കാനായി എത്തിയിരിക്കുന്നത്. അപ്പോള്‍ പിന്നെ വിദ്യാര്‍ഥികളെന്തിനാണ് ക്ലാസ്സില്‍ കയറാതിരിക്കുന്നത്. ഇപ്പോള്‍ ക്ലാസ്സില്‍ കയറാന്‍ പറ്റാതാക്കിയതും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ തന്നെയാണ്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിച്ച കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണമാണെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാരില്‍ ഇപ്പോഴും വിദ്യാര്‍ഥികള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. പക്ഷെ, അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാരിനെ തെറ്റിധരിപ്പിച്ച കൊണ്ടിരിക്കുകയാണ്. ഒരു സംഘടനകളുടെയും കൂട്ടുപിടിച്ചല്ല വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കൊണ്ട് പല സംഘടനകള്‍ വരാറുണ്ടെങ്കിലും അവരുടെ പൊളിറ്റിക്സിനെയോ, സമരരീതികളെയോ ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. എല്ലാ പൊളിറ്റിക്കല്‍ പാര്‍ട്ടികളില്‍ നിന്നും വിട്ട് നിന്ന് സ്വതന്ത്രമായും സമാധാനപരവും സമരത്തെ കൊണ്ടുപോകണം എന്നാണ് അവരുടെ ആഗ്രഹം.


വിദ്യാര്‍ഥികള്‍ പറയുന്നു: മാധ്യമങ്ങളിലൂടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടുന്ന കാര്യങ്ങളെ പറ്റി ഞങ്ങള്‍ അറിയുന്നത്. 2011 പോലീസ് ആക്റ്റിലെ സെക്ഷന്‍ 81 പ്രകാരം, നിരാഹാര സമരം നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ നടക്കാനിടയുണ്ടെന്നാണ് കലക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടലുമായി ബന്ധപ്പെട്ട് മധ്യമങ്ങളോട് പറഞ്ഞത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്ത് നിന്ന് ഒരു നോട്ടീസ് പോലും അയക്കാതെ അടച്ചിടുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കേരളത്തിന്റെ പല ഭാഗത്ത് നിന്നും മറ്റു സംസ്ഥാനത്തുനിന്നും പഠിക്കാന്‍ വരുന്ന കുട്ടികളാണ്. പെട്ടന്ന് കാമ്പസ്സില്‍ നിന്ന് ഇറങ്ങേണ്ടി വന്നപ്പോള്‍, ക്രിസ്മസ് ന്യൂ ഇയര്‍ സീസണ്‍ ആയതിനാല്‍ വാഹനസൗകര്യം പോലും ലഭിക്കാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടി. വിദ്യാര്‍ഥികളുടെ സുരക്ഷയാണ് പ്രാധാന്യം എന്ന് പറഞ്ഞ് നടക്കുന്നവര്‍ തന്നെയാണ് ഇങ്ങനെയൊക്ക ചെയ്യുന്നത്. ഞങ്ങള്‍ നടത്തുന്ന സമരം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന 82 വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ച് രാജ്യത്ത് ജാതി വിവേചനം കൊണ്ട് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വിദ്യാര്‍ഥികള്‍ക്കും, തൊഴിലാളികള്‍ക്കും വേണ്ടികൂടിയാണ്. ഒരര്‍ഥത്തില്‍ സര്‍ക്കാരും ഇവരുടെ ഇരകളാണ്. ശങ്കര്‍ മോഹന്റെയും, അടൂര്‍ഗോപാലകൃഷ്ണന്റെയും അധികാരവും സ്വാധീനവും ഉപയോഗിച്ച് കബളിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരും.




Similar Posts