ഞായറാഴ്ച അവധി: ചരിത്രം മറച്ചുവെച്ചുള്ള മോദിയുടെ വിഷം നിറഞ്ഞ വഷളത്ത പ്രസ്താവനകള്‍
|ഞായറാഴ്ച അവധിക്ക് ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ വേരുകളുണ്ടെന്നും, അത് ക്രിസ്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഹിന്ദു സമൂഹത്തിന് അതുമായി യാതൊരു ബന്ധവുമില്ല എന്നുമുള്ള മോദിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ - ഞായറാഴ്ച അവധി പ്രഖ്യാപനത്തിന്റെ യഥാര്‍ഥ ചരിത്രം അനാവരണം ചെയ്യുന്നു.
റിച്ചാര്‍ഡ് ആറ്റന്‍ബറോ സിനിമയിലൂടെയാണ് ഗാന്ധി പ്രശസ്തനായത് എന്ന ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്തെ അടുക്കളയില്‍ വേവിച്ചെടുത്ത അറിവ് പ്രസരിപ്പിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യ സമരത്തിന്റെ പേറ്റന്റിനു വേണ്ടി ബ്രിട്ടനോട് യാചിക്കേണ്ടിവരുന്ന അവസ്ഥയാണ് ഗാന്ധി എന്ന പേരിന്റെ ചരിത്രത്തെ തലകീഴാക്കിക്കൊണ്ട് ചെയ്തിരിക്കുന്നത്. അതായത് രാജ്ഘട്ടില്‍ നാഥുറാം ഗോഡ്‌സെയുടെ സ്മരണാഞ്ജലി അര്‍പ്പിക്കുന്ന കാലം വിദൂരമല്ല എന്ന് ഓര്‍മിപ്പിക്കുകയാണ്.
എന്നാല്‍, ഈ പ്രസ്താവനയുടെ അന്തരീക്ഷത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തല്‍ അദ്ദേഹത്തിന്റെ വെറുപ്പ് നിറച്ച മസ്തിഷ്‌കത്തില്‍ നിന്ന് പുറത്തു ചാടിയത് കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. ജാര്‍ഖണ്ഡിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി പറഞ്ഞത് ഇന്ത്യയിലെ ഞായറാഴ്ച അവധിക്ക് ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ വേരുകളുണ്ടെന്നും, അത് ക്രിസ്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഹിന്ദു സമൂഹത്തിന് അതുമായി യാതൊരു ബന്ധവുമില്ല എന്നുമാണ്. അധികാര ദാഹവും വെറുപ്പും മൂലം പുഴുവരിച്ചുപോയ അദ്ദേഹത്തിന്റെ സമചിത്തതയില്‍ നിന്ന് പുറത്തുവന്ന ഈ പ്രസ്താവനയുടെ സത്യം നാം അറിഞ്ഞിരിക്കണം.
1848ല്‍ മഹാരാഷ്ട്രയിലെ താനെയില്‍ ജനിച്ച ലോഖണ്ഡേയുടെ നേതൃത്വത്തിലുള്ള തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അവധി പ്രഖ്യാപനത്തിന് പുറമേ ഉച്ചയ്ക്ക് അരമണിക്കൂര്‍ വിശ്രമവിരാമം, മില്ലിന്റെ പ്രവര്‍ത്തനത്തിന് കൃത്യമായ സമയനിഷ്ഠ, എല്ലാ മാസവും 15 നു വേതനം നല്‍കുക എന്നിങ്ങനെയുള്ള തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കപ്പെട്ടത്.
ഇന്ത്യയില്‍ ഞായറാഴ്ച അവധി പ്രഖ്യാപനത്തിന് ക്രൈസ്തവ സമൂഹവുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ദലിതനായ നാരായണ്‍ മേഘാജി ലോഖണ്ഡേ (Narayan Meghaji Lokhande) യാണ് വലിയ പോരാട്ടത്തിലൂടെ തൊഴിലാളികള്‍ക്ക് ഞായറാഴ്ച അവധി അവകാശം നേടിയെടുത്തതും, ബ്രിട്ടീഷ് രാജ് അവധി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായതും. മഹാത്മാ ജ്യോതിരാജ് ഫൂലയുടെ സഹപ്രവര്‍ത്തകനായിരുന്ന അദ്ദേഹം സത്യശോധക് സമാജിലെ (Satyashodhak Samaj) അംഗമായിരുന്നു.
1880 മുതല്‍ മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദീനബന്ധുവിന്റെ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു. ഈ സമയത്ത് അദ്ദേഹം മുംബൈയിലെ ഒരു കോട്ടണ്‍ മില്ലിലെ ഹെഡ് ക്ലാര്‍ക്ക് ജോലിയും ഉപേക്ഷിച്ച് മില്‍ഹാന്‍ഡ്‌സ് അസോസിയേഷന്‍ (Mill hands' Association) സ്ഥാപിച്ച് പൂര്‍ണ്ണമായും സാമൂഹിക സേവനത്തിനായി സ്വയം സമര്‍പ്പിച്ചു. തുടര്‍ന്നാണ് തൊഴിലാളികള്‍ക്ക് ഞായറാഴ്ച അവധി എന്ന അവകാശം ഉന്നയിച്ച് വലിയ പോരാട്ടത്തിന് ലോഖണ്ഡേ നേതൃത്വം നല്‍കിയത്.
ലോഖണ്ഡേയ്ക്കൊപ്പം ബോംബെയിലെ ടെക്സ്റ്റൈല്‍ തൊഴിലാളികളുടെ യോഗങ്ങളെ മഹാത്മാ ഫൂലെയും അഭിസംബോധന ചെയ്തിരുന്നു. ഫൂലെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ കൃഷ്ണറാവു ഭലേക്കറും ലോഖണ്ഡേയും കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ്, തൊഴിലാളികളുടെ ദാരുണമായ അവസ്ഥയും അവകാശങ്ങളും ഉന്നയിക്കാന്‍ മറ്റൊരു സംഘടനയും ഇന്ത്യയില്‍ ഉദയം കൊണ്ടിരുന്നില്ല. അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു സംഘടനയും അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുമില്ല.
ബഹുജന നായകനും മാര്‍ഗദര്‍ശിയുമായ മഹാത്മാ ജ്യോതിറാവു ഫൂലെയും അദ്ദേഹത്തിന്റെ അനുയായികളും ലോഖണ്ഡേയെ വളരെയധികം സ്വാധീനിച്ചു. അദ്ദേഹം സ്ഥാപിച്ച ബോംബെ മില്‍ ഹാന്‍ഡ്‌സ് അസോസിയേഷന്‍ ഇന്ത്യയിലെ ആദ്യത്തെ ലേബര്‍ അസോസിയേഷനാണ്.
1948ല്‍ മഹാരാഷ്ട്രയിലെ താനെയില്‍ ജനിച്ച ലോഖണ്ഡേയുടെ നേതൃത്വത്തിലുള്ള തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അവധി പ്രഖ്യാപനത്തിന് പുറമേ ഉച്ചയ്ക്ക് അരമണിക്കൂര്‍ വിശ്രമവിരാമം, മില്ലിന്റെ പ്രവര്‍ത്തനത്തിന് കൃത്യമായ സമയനിഷ്ഠ, എല്ലാ മാസവും 1നു വേതനം നല്‍കുക എന്നിങ്ങനെയുള്ള തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കപ്പെട്ടത്.
തൊഴിലാളികള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപനത്തിന് കാരണമായ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ-ദലിത് മുന്നേറ്റത്തിന്റെ ചരിത്രം മറച്ചുപിടിച്ച് അത് ക്രൈസ്തവ ആരാധനാ ദിനമാക്കി വ്യാജ ചിത്രീകരണം നടത്തി, ഒരേസമയം വംശീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും, ദലിത് പ്രത്യയശാസ്ത്ര കര്‍തൃത്വത്തിന്റെ ചരിത്രത്തിലേക്കുള്ള വാതില്‍ കൊട്ടിയടയ്ക്കാനും ഉള്ള ഹിന്ദുത്വ ഫാസിസത്തിന്റെ വിവിധോദ്ദേശങ്ങളാണ് നരേന്ദ്രമോദി നിന്ദാ പ്രസ്താവനകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍, തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ലോഖണ്ഡേയുടെ പോലെ നേതൃത്വപരമായ വലിയ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും നടക്കുമ്പോള്‍ അക്കാലത്തെ മോദിയുടെ പ്രത്യയശാസ്ത്ര വാഹകര്‍ തൊഴിലാളികള്‍ക്ക് എന്നല്ല സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്കോ, മനുഷ്യ വംശത്തിനു വേണ്ടിത്തന്നേയൊ എന്തെങ്കിലും ധാര്‍മിക കര്‍മങ്ങള്‍ ചെയ്തതായി ഒരു ചരിത്രവും രേഖപ്പെടുത്തിയിട്ടില്ല. എന്നുമാത്രമല്ല ഗോരക്ഷാനി സഭയും, രാമസഭയും രൂപീകരിച്ച് വലിയ വംശീയ കലാപങ്ങള്‍ തുറന്നു വിടുകയാണ് ചെയ്തത്.
1874-ല്‍ ബോംബെയിലെ ഫുല്‍മാലി സമൂഹം മഹാത്മാ ഫൂലെയെ ഒരു പ്രഭാഷണം നടത്താന്‍ ക്ഷണിച്ചു. ജോതിബ ഫൂലെയുടെ അന്നത്തെ പ്രഭാഷണങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് ലോഖണ്ഡേ സത്യശോധക് സമാജിന്റെ സജീവ അംഗവും പ്രവര്‍ത്തകനുമായത്. കാര്യക്ഷമമല്ലാത്ത മാനേജ്‌മെന്റും പ്രശ്‌നങ്ങളും തൊഴിലാളികള്‍ക്ക് ജോലി ചെയ്യേണ്ടി വന്ന ദയനീയമായ അവസ്ഥകളും വിശദീകരിച്ചുള്ള ലോഖണ്ഡേയുടെ ലേഖനങ്ങള്‍ നിരവധി തൊഴിലാളിവര്‍ഗ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും വിപ്ലവകാരികളില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു.
ഫാക്ടറി ഉടമകളും മാനേജ്മെന്റും തൊഴിലാളികളെ ചൂഷണം ചെയ്തിരുന്നതിനാല്‍ പലരും ജോലിക്കിടെ ഫാക്ടറികള്‍ക്കുള്ളില്‍ മരിക്കുന്നത് സാധാരണമായിരുന്നു. വ്യാവസായികവത്കരണത്തിന്റെ കാലഘട്ടമായിരുന്നു അത്. ബോംബെ പ്രദേശത്ത് ധാരാളം കോട്ടണ്‍, തുണിത്തരങ്ങള്‍, ചണം മില്ലുകള്‍ വന്നുകൊണ്ടിരുന്നു. ഗ്രാമങ്ങളില്‍ ജീവിക്കാന്‍ കഴിയാതെ പല കര്‍ഷകരും ജോലിക്കായി നഗരങ്ങളിലേക്ക് മാറുകയായിരുന്നു. എന്നാല്‍, ഫാക്ടറി ഉടമകള്‍ കൂടുതല്‍ പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍ തൊഴിലാളികളെ അടിമ വേലക്കാരാക്കി ചൂഷണം ചെയ്തു. ഇതിനെല്ലാം എതിരെ വലിയ തൊഴിലാളിവര്‍ഗ പ്രക്ഷോഭമാണ് ലോഖണ്ഡേയുടെ നേതൃത്വത്തില്‍ നടന്നത്.
തൊഴിലാളികള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപനത്തിന് കാരണമായ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ-ദലിത് മുന്നേറ്റത്തിന്റെ ചരിത്രം മറച്ചുപിടിച്ച് അത് ക്രൈസ്തവ ആരാധനാ ദിനമാക്കി വ്യാജ ചിത്രീകരണം നടത്തി, ഒരേസമയം വംശീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും, ദലിത് പ്രത്യയശാസ്ത്ര കര്‍തൃത്വത്തിന്റെ ചരിത്രത്തിലേക്കുള്ള വാതില്‍ കൊട്ടിയടയ്ക്കാനും ഉള്ള ഹിന്ദുത്വ ഫാസിസത്തിന്റെ വിവിധോദ്ദേശങ്ങളാണ് നരേന്ദ്രമോദി നിന്ദാ പ്രസ്താവനകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.
ചരിത്രത്തിന്റെ 'ശല്യം' ഒഴിവാക്കുന്ന ഈ ഹിന്ദുത്വ ഫാസിസ്റ്റ് ആസൂത്രണങ്ങള്‍ പ്രധാനമന്ത്രിയുടെ വിഷം നിറഞ്ഞ ഉച്ഛ്വാസങ്ങളില്‍ നിന്ന് നിരന്തരം പുറത്തുവരുന്നത് അദൃശ്യവും അമൂര്‍ത്തവുമായ ഒരു ഭയം നിലനിര്‍ത്താന്‍ വേണ്ടിയാണ്.