Analysis
ഫലസ്തീന്‍, ഇസ്രോയേല്‍ യുദ്ധം
Analysis

ഇസ്രായേല്‍ - ഫലസ്തീന്‍ യുദ്ധത്തിന്റെ ഗതി - തമീം അല്‍ ബര്‍ഗൂസി

എസ്.എം സൈനുദ്ദീന്‍
|
5 April 2024 2:41 AM GMT

ഇത്രയധികം കൂട്ട നരമേധങ്ങള്‍ നടക്കുമ്പോഴും നാം എങ്ങനെ നിരാശരാകാതിരിക്കും എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍, നിരാശ ഇസ്രായേലിനാണ് എന്ന് അവര്‍ മനസ്സിലാക്കണം. രണ്ടാം നകബാ- ദുരന്തം ഉണ്ടാക്കാനാണ് അവര്‍ ലക്ഷ്യമിട്ടത്. അതില്ലാതെ ജൂതരാഷ്ട്രത്തിന് നിലനില്‍പ്പില്ല. പക്ഷേ, അത് നടന്നില്ല. അത് അവരെ നിരാശരാക്കിയിരിക്കുന്നു. ഫലസ്തീനിയന്‍ കവിയും ആക്ടിവിസ്റ്റുമായ തമീം അല്‍ ബര്‍ഗൂസി നടത്തിയ പ്രഭാഷണത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

വിവര്‍ത്തകന്റെ ആമുഖ കുറിപ്പ്:

പ്രിയപ്പെട്ടവരെ ഈ പ്രഭാഷണം ഞാന്‍ റെക്കോര്‍ഡ് ചെയ്യുന്നത് 2024 മാര്‍ച്ച് 30 നാണ്. ഈ ദിനത്തിന് ഒരു പ്രത്യേകതയുണ്ട് ഫലസ്തീനികള്‍ 'യൗമുല്‍ അര്‍ദ്' - ലാന്റ് ഡേ ആചരിക്കുന്ന ദിവസമാണ് അന്ന്. (1976 മാര്‍ച്ച് 29 സയണിസ്റ്റ് അധിനിവേശകര്‍ ആയിരക്കണക്കിന് ഏക്കര്‍ ഫലസ്തീന്‍ ഭൂമി പിടിച്ചടക്കുകയും തദ്ദേശീയരെ അവിടെ നിന്ന് ആട്ടി പുറത്താക്കുകയും അവിടെ കുടിയേറ്റ കോളനികള്‍ സ്ഥാപിക്കുകയും ചെയ്ത ദിവസമാണ്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 30 ന് ഫലസ്തീനികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ വമ്പിച്ച ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലില്‍ ആറു പേര്‍ രക്തസാക്ഷികളായി. നൂറുകണക്കിന് പേര്‍ അറസ്റ്റില്‍ ആവുകയും ചെയ്തു. ഗലീല്‍ മുതല്‍ നേഗവ് വരെയുള്ള പ്രദേശമാണ് ഇസ്രായേല്‍ പിടിച്ചെടുത്തത്. ഈ സംഭവം ഓര്‍ക്കുന്നതിനു വേണ്ടി പിറ്റേ വര്‍ഷം മുതല്‍ ഫലസ്തീനികള്‍ മാര്‍ച്ച് 30 ''യൗമുല്‍ അര്‍ദ്'' -ലാന്റ് ഡേ ആയി ആചരിച്ചു പോന്നു.)

തമീം അല്‍ ബര്‍ഗൂസിയുടെ പ്രഭാഷണം:

സഹോദരങ്ങളെ, ദീര്‍ഘമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 2021 ല്‍ ഞാന്‍ പറഞ്ഞത്, ആ പ്രദേശങ്ങള്‍ അടക്കം മുഴുവന്‍ ഫലസ്തീനും നാം വിമോചിപ്പിച്ചെടുക്കും എന്നായിരുന്നു. നമുക്ക് അതിന് സാധിക്കും. 2023 ന്റെ തുടക്കത്തിലെ യുദ്ധത്തില്‍ ഞാന്‍ ആവര്‍ത്തിച്ചതും ഇതു തന്നെയായിരുന്നു. അന്നു ഞാന്‍ ഒരു സംശയവും അവശേഷിപ്പിക്കാത്ത വിധം പറഞ്ഞത് ഇപ്രകാരമാണ്:

''ആ നാടിന്‍ന്റെ വിമോചനം നമുക്ക് സിധ്യമാകും. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നാം പ്രവേശിക്കാന്‍ ആരംഭിക്കുകയാണ്. ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള (മിനന്നഹ്‌രി ഇലല്‍ ബഹ്ര്‍) മുഴുവന്‍ പ്രദേശങ്ങളും അടങ്ങുന്ന ചരിത്രപരമായ ഫലസ്തീന്‍ വീണ്ടെടുക്കാന്‍ വേണ്ടി രംഗത്തുവന്ന പോരാളികളുടെയും ചെറുത്തുനില്‍ക്കുകാരുടെയും പോരാട്ടം ആണ് ഇത് സാധ്യമാക്കുക. തല്‍അവീവ് കേന്ദ്രമായി നിലനില്‍ക്കുന്ന വംശീയ രാഷ്ട്രത്തെയും അധിനിവേശ ഭരണകൂടത്തെയും പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ഈ പോരാട്ടം. ഇസ്രായേലിന്റെ പേരും കുറിയും പൂര്‍ണമായും ഇല്ലാതാക്കും വരെ ഈ പോരാട്ടം നാം തുടരും. കാരണം, വംശീയതയുടെ അടിസ്ഥാനത്തിലും മതത്തിന്റെ അടിസ്ഥാനത്തിലും ആണ് ഈ രാഷ്ട്രം ജനങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് പോലും. ഇത് അംഗീകരിക്കാന്‍ നമുക്കു കഴിയുകയില്ല. ഇന്ന് ഭയത്താല്‍ അവരുടെ ഹൃദയങ്ങള്‍ തൊണ്ടകളിലേക്ക് എത്തി. ആ പ്രദേശത്തുകാര്‍ സുരക്ഷയ്ക്ക് വേണ്ടി തങ്ങളുടെ ശത്രുക്കളെ - ഫലസ്തീനികളെ സഹായിക്കുകയാണ്. തോല്‍വി സമ്മതിക്കുന്ന ശബ്ദങ്ങള്‍ ഇന്ന് അവിടെനിന്നും ഉയര്‍ന്നു കേള്‍ക്കാം. ചെറുത്തുനില്‍പ്പിന്റെ പ്രഹരം താങ്ങാന്‍ ആവാതെ ആ പാവങ്ങള്‍ തങ്ങളെ തന്നെ പഴിക്കുകയാണ്. ഇസ്രായേലിനെ കൂട്ട രക്തച്ചൊരിച്ചിലില്‍ നിന്ന് രക്ഷിക്കണമെന്ന് അവര്‍ തങ്ങളുടെ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ് '

1099 ല്‍, ഒന്നാം കുരിശുയുദ്ധ വേളയില്‍ ഫ്രഞ്ചുകാര്‍ ജെറുസലേമില്‍ കാല്‍കുത്തിയ അന്നുമുതല്‍ മേഖല ഇതുപോലൊരു കൂട്ടക്കുരുതി ദര്‍ശിച്ചിട്ടില്ല. അത്രയ്ക്കും ഭയാനകമായ ഹിംസയാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

എന്റെ മുന്‍ അഭിപ്രായങ്ങളും നിലപാടുകളും ആവര്‍ത്തിച്ച് പറയാന്‍ നിങ്ങളെന്നെ അനുവദിക്കണം. ഫലസ്തീന്‍ പരിപൂര്‍ണ്ണമായും സ്വതന്ത്രമാകും. സ്വാതന്ത്ര്യത്തിലേക്കുള്ള പ്രക്രിയകള്‍ തുടങ്ങി കഴിഞ്ഞു. ഈ പോരാട്ടത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ വലിയ പ്രയാസമാണ്. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ ദയ കാണിക്കണം. കേട്ടതിനു ശേഷം നിങ്ങള്‍ക്ക് എന്തും തീരുമാനിക്കാം.

തീര്‍ച്ചയായും ഈ യുദ്ധം ഒന്നുകില്‍ കൂടുതല്‍ വ്യാപകമായേക്കാം. അല്ലെങ്കില്‍, ഇങ്ങനെ തന്നെ നിലനില്‍ക്കുകയോ ഒരു പക്ഷേ അവസാനിക്കുകയോ ചെയ്യാം. സഖ്യശക്തികളുടെ നയതന്ത്ര സമീപനം വഴിയോ ശത്രുവിന്റെ മണ്ടത്തരവും അവിവേകവും ദയാരാഹിത്യവും കാരണമായോ യുദ്ധം കൂടുതല്‍ വ്യാപകമാവുകയാണെങ്കില്‍, അതായത് ഗസ്സയുടെ സഖ്യകക്ഷികള്‍ ഗസ്സയെ ഒറ്റക്ക് വിടാതിരിക്കുകയാണെങ്കില്‍, ഫലസ്തീന്റെ സ്വാതന്ത്ര്യം ആരംഭിക്കുകയായി എന്നാണ് മനസ്സിലാക്കേണ്ടത്. ആസന്ന ഭാവിയില്‍ ഫലസ്തീന്‍ സമ്പൂര്‍ണ്ണമായ വിമോചനം കൈവരിക്കും എന്നതിന്റെ സൂചനയായിരിക്കും അത്. 1099 ല്‍, ഒന്നാം കുരിശുയുദ്ധ വേളയില്‍ ഫ്രഞ്ചുകാര്‍ ജെറുസലേമില്‍ കാല്‍കുത്തിയ അന്നുമുതല്‍ മേഖല ഇതുപോലൊരു കൂട്ടക്കുരുതി ദര്‍ശിച്ചിട്ടില്ല. അത്രയ്ക്കും ഭയാനകമായ ഹിംസയാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍, ഇന്ന് ശത്രുവിന്റെ അവസ്ഥയെന്താണെന്ന് നിങ്ങള്‍ ഒന്ന് നോക്കണം. ഇസ്രയേലി പത്രങ്ങള്‍ പറയുന്നത് ഇപ്രകാരമാണ്: '' കഴിഞ്ഞ ഏഴര പതിറ്റാണ്ടായി തങ്ങളുടെ കയ്യിലുള്ളതും സഖ്യകക്ഷികള്‍ നല്‍കിയതുമായ വമ്പിച്ച ആയുധങ്ങള്‍ കൊണ്ട് യുദ്ധം ചെയ്യുകയായിരുന്നു ഇസ്രായേല്‍. ഈ യുദ്ധം എവിടെയും എത്തിയിട്ടില്ല. ഇപ്പോള്‍ ഇസ്രായേലി അധികൃതര്‍ പറയുന്നത് ഏഴായിരം മുതല്‍ പതിനായിരം വരെ സൈനികരെ തങ്ങള്‍ക്ക് അനിവാര്യമായും വേണമെന്നാണ്. വ്യാപകമായ തോതില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു എന്നാണിതിന്റെ അര്‍ഥം. 66,000 സിവിലയന്‍സിനെ സൈനിക സേവനം ചെയ്യാന്‍ ഇസ്രായേല്‍ ഭരണകൂടം നിര്‍ബന്ധിക്കുകയാണ്. അവരാകട്ടെ ഇതിനു ഒരു താല്‍പര്യവും പ്രകടിപ്പിക്കുന്നില്ല. ഇപ്പോള്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന സിവിലിയന്‍സിനോട് ചുരുങ്ങിയത് നാലുമാസം കൂടിയെങ്കിലും യുദ്ധത്തില്‍ തുടരണമെന്ന് സൈനിക നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. ''


ആറ് ഗ്രൂപ്പായി സൈന്യത്തെ വേര്‍തിരിച്ച് കഴിഞ്ഞ ആറുമാസം തുടര്‍ച്ചയായി യുദ്ധം ചെയ്തിട്ടും പ്രസ്താവ്യമായ ഒരു നേട്ടവും ഇസ്രയേലിന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഗസ്സയില്‍ വിജയിക്കാനും ആയില്ല. 1967 ലെ സിക്‌സ് ഡേ വാറില്‍ ആറു ദിവസം മൂന്നു ബെറ്റാലിയനുകള്‍ മാത്രം ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ആയിരുന്നു സീനായ് പെനിന്‍സുല, ഇസ്രായേല്‍ കീഴടക്കിയത് എന്നത് ഓര്‍ക്കണം. ആ സൈന്യമാണ് ഇന്നീ നിലയില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്നത്. ഇവര്‍ക്കെങ്ങനെ ഇനിയും ഈ യുദ്ധം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയും. ഈ യുദ്ധം ശത്രുവിന്റെ സാമ്പത്തിക ശേഷിയെ അപ്പാടെ തകര്‍ത്തു. ഇസ്രയേലിന്റെ സാമ്പത്തിക ശേഷിയില്‍ ഇരുപതു ശതമാനത്തിന്റെ ഇടിവാണ് യുദ്ധം ഉണ്ടാക്കിയത്. നിക്ഷേപം 70% ആയി കുറഞ്ഞു.

തെക്കും വടക്കും ഉള്ള കുടിയേറ്റക്കാരായ പൗരന്മാര്‍ ഇസ്രയേലിന്റെ മധ്യഭാഗത്തേക്ക് ഒഴുകുകയാണ്. അഞ്ചു ലക്ഷം കുടിയേറ്റക്കാരാണ് ഇങ്ങനെ എത്തിയത്. വേറെ അഞ്ച് ലക്ഷം ഇസ്രായേല്യര്‍ രാജ്യം വിട്ടു. അവര്‍ ഇതുവരെ മടങ്ങി എത്തിയിട്ടില്ല. ഇത്രയധികം ഫലസ്തീനികളെ കൂട്ടക്കശാപ്പ് ചെയ്തിട്ടും, ജനസംഖ്യാ ശാസ്ത്രത്തിന്റെ ഏത് അളവുകോലുകള്‍ കൊണ്ട് അളന്നു നോക്കിയാലും ശത്രുവിന് പ്രതീക്ഷ നല്‍കുന്ന ഒന്നും ഫലസ്തീനില്‍ സംഭവിച്ചതായി പറയാനാവില്ല. നേരെ തിരിച്ചാണ് സംഭവവികാസങ്ങളുടെ ഗതി. യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ആഗ്രഹം ഇസ്രയേലിനകത്തും പുറത്ത് സഖ്യകക്ഷികള്‍ക്കിടയിലും ശക്തമാണ്. റഫാ അതിര്‍ത്തി തുറന്ന് കൂടുതല്‍ മാനുഷിക സഹായം ഫലസ്തീനിലേക്ക് എത്തിക്കണം എന്നുള്ള മുറവിളിയും ശക്തമായി കൊണ്ടിരിക്കുന്നു.

സായുധ ശേഷി കൊണ്ട് ഗസ്സയേക്കാള്‍ കരുത്തുള്ള വെസ്റ്റുബാങ്കും പൂര്‍ണ്ണമായും യുദ്ധത്തില്‍ പ്രവേശിച്ചിട്ടില്ല. ഇതെല്ലാം ഇസ്രായേലിന് നന്നായി അറിയാം. ഫലസ്തീന്‍കാര്‍ ലെബനാനിലെ തങ്ങളുടെ സഹോദരങ്ങളില്‍ വമ്പിച്ച പ്രതീക്ഷയുള്ളവരാണ്. അവിടുത്തെ ചെറുത്തുനില്‍പ്പ് മുന്നണി സര്‍വ്വ സജ്ജവുമാണ്. പ്രതിരോധവും ചെറുത്തുനില്‍പ്പും അവര്‍ ഇപ്പോഴും കനപ്പിച്ചിട്ടുമില്ല. അതിനാല്‍ ഫലസ്തീന്റെ ഭാവി ഫലസ്തീനിലെ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.

ഈ യുദ്ധം അവസാനിച്ചാല്‍ പുതിയ യുദ്ധത്തെ നേരിടാന്‍ ശത്രുവിനും സഖ്യകക്ഷിക്കും എങ്ങനെ കഴിയും എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. ഇനിയൊരു യുദ്ധം ഉണ്ടായാല്‍ ഇപ്പോഴത്തെക്കാള്‍ പതിന്മടങ്ങ് പ്രഹരം ഇസ്രായേലിന് നേരിടേണ്ടി വരും. കഴിഞ്ഞ ആറുമാസത്തെ യുദ്ധത്തില്‍ ഇസ്രായേലിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന അമേരിക്കയ്ക്ക്, വീണ്ടും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഒരു ചുക്കും ചെയ്യാന്‍ ആവില്ല എന്നതാണ് വസ്തുത. അമേരിക്കയില്‍ ഇലക്ഷന്‍ അടുത്ത പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഇസ്രായേലിനെ കണ്ണും പൂട്ടി പിന്തുണയ്ക്കുന്ന അമേരിക്കന്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ് അവിടെ. അനന്തമായി നീളുന്ന ഉക്രൈന്‍ യുദ്ധവും അമേരിക്കയെ കുഴക്കുകയാണ്. സാമ്പത്തികമായി ഇതൊന്നും താങ്ങാന്‍ അമേരിക്കയ്ക്ക് കഴിയാതായിരിക്കുന്നു എന്നുള്ളതാണ് മറ്റൊരു യാഥാര്‍ഥ്യം. അതായത്, ശത്രു സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും അന്തര്‍ദേശീയമായും ധാര്‍മികമായും മനഃശാസ്ത്രപരമായും തകര്‍ന്നിരിക്കുന്നു എന്ന് അര്‍ഥം. ഇസ്രായേലിനെകൊണ്ട് സഖ്യ രാഷ്ട്രങ്ങള്‍ക്കും തലവേദന പിടിച്ചിരിക്കുന്നു. സ്വന്തം പൗരന്മാര്‍ക്കും സൈന്യത്തിനും തന്നെ ഇസ്രായേല്‍ ഭാരമായി മാറിയിരിക്കുന്നു എന്നത് ചില്ലറ കാര്യമല്ല.

കഴിഞ്ഞ ആറുമാസം എല്ലാ സന്നാഹങ്ങളോടെയും യുദ്ധം ചെയ്തിട്ടും ശത്രു ക്ഷീണിച്ചുവെങ്കില്‍, അതും ഈജിപ്ത് അതിര്‍ത്തി പങ്കിടുന്ന ഒരു പട്ടണം പൂര്‍ണമായും ഉപരോധിക്കുന്ന യുദ്ധമായിരുന്നിട്ടും, ഇതാണ് സയണിസത്തിന്റെ അവസ്ഥയെങ്കില്‍, ഇനി അവര്‍ക്ക് ഫലസ്തീനെ പരാജയപ്പെടുത്താന്‍ എങ്ങനെ കഴിയാനാണ്. കടലിലെ തിരമാല കണക്കെ അലയടിക്കുന്ന, ജീവന്‍ ത്യാഗം ചെയ്യാന്‍ ഒരുങ്ങിയ, സായുധരായ ഒരു ജനതക്കു മുന്നില്‍ ശത്രു പരാജയപ്പെടുക തന്നെ ചെയ്യും.


ഈ യുദ്ധം തുടങ്ങി ഇത്രയായിട്ടും ഫലസ്തീന്റെ ഉള്ളിലെ ഒരു കുഞ്ഞു പോലും ഇളകിയിട്ടില്ല. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഒരു ഇളക്കവും ഉണ്ടായില്ല എന്ന് ജനങ്ങള്‍ പറയുന്നു. മാത്രവുമല്ല, അവര്‍ ആരും ഇപ്പോള്‍ ഇസ്രായേലിനെ പോലെ പൂര്‍ണ്ണമായും യുദ്ധത്തില്‍ പ്രവേശിച്ചിട്ടുമില്ല എന്നതും ഓര്‍ക്കണം. ഫലസ്തീന്‍ പോരാട്ടത്തെ നിര്‍ലോഭമായി പിന്തുണയ്ക്കുന്ന സഖ്യശക്തികളായ ലബനാന്‍ ചെറുത്തുനില്‍പ്പ് മുന്നണിയും അവരുടെ പൂര്‍ണമായ ശക്തി ഇപ്പോഴും യുദ്ധത്തിലേക്ക് തിരിച്ചു വിട്ടിട്ടില്ല. സായുധ ശേഷി കൊണ്ട് ഗസ്സയേക്കാള്‍ കരുത്തുള്ള വെസ്റ്റുബാങ്കും പൂര്‍ണ്ണമായും യുദ്ധത്തില്‍ പ്രവേശിച്ചിട്ടില്ല. ഇതെല്ലാം ഇസ്രായേലിന് നന്നായി അറിയാം. ഫലസ്തീന്‍കാര്‍ ലെബനാനിലെ തങ്ങളുടെ സഹോദരങ്ങളില്‍ വമ്പിച്ച പ്രതീക്ഷയുള്ളവരാണ്. അവിടുത്തെ ചെറുത്തുനില്‍പ്പ് മുന്നണി സര്‍വ്വ സജ്ജവുമാണ്. പ്രതിരോധവും ചെറുത്തുനില്‍പ്പും അവര്‍ ഇപ്പോഴും കനപ്പിച്ചിട്ടുമില്ല. അതിനാല്‍ ഫലസ്തീന്റെ ഭാവി ഫലസ്തീനിലെ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.

ഗസ്സ മാത്രം ഒഴിവാക്കി ഈ പ്രശ്‌നം പരിഹരിക്കാം എന്ന് ആരും കരുതണ്ട. അങ്ങനെ എങ്ങാനും സംഭവിച്ചാല്‍ മുഴുവന്‍ ഫലസ്തീനിലേക്കും ഗസ്സ വ്യാപിക്കും. യുദ്ധവിരാമവും വെടിനിര്‍ത്തലും ശത്രു പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ പ്രതിരോധത്തിന്റെ സാധ്യതയില്‍ കൂടുതല്‍ വിശ്വാസമുള്ളവരും പ്രതീക്ഷയുള്ളവരായി മാറും. യുദ്ധം തുടരാനാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നത് എങ്കിലോ, അത് ഇസ്രായേലിനു വിനാശമായെ ഭവിക്കുകയുള്ളു. യുദ്ധം അവസാനിപ്പിക്കാതെ ഗസ്സയെ നിലംപരിശാക്കാണ് ഭാവമെങ്കില്‍, വഞ്ചകന്റെ ഭാവി വഞ്ചിക്കപ്പെട്ടവരുതിനേക്കാള്‍ മോശമായിരിക്കും!

ഇത്രയധികം കൂട്ട നരമേധങ്ങള്‍ നടക്കുമ്പോഴും നാം എങ്ങനെ നിരാശരാകാതിരിക്കും എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍, നിരാശ ഇസ്രായേലിനാണ് എന്ന് അവര്‍ മനസ്സിലാക്കണം. രണ്ടാം നകബാ- ദുരന്തം ഉണ്ടാക്കാനാണ് അവര്‍ ലക്ഷ്യമിട്ടത്. അതില്ലാതെ ജൂതരാഷ്ട്രത്തിന് നിലനില്‍പ്പില്ല. പക്ഷേ, അത് നടന്നില്ല. അത് അവരെ നിരാശരാക്കിയിരിക്കുന്നു.

ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്, ഈ യുദ്ധത്തില്‍ ശത്രു ജയിക്കുകയില്ല എന്ന്. കാരണം, ഫലസ്തീനികള്‍ മരണം വരിക്കാന്‍ സന്നദ്ധരായ ജനതയാണ്. ഫലസ്തീന്റെ അകത്തും പുറത്തും ഉള്ള ഇസ്രയേല്‍ വിരുദ്ധ മുന്നണികളിലുള്ള മുഴുവന്‍ ആളുകളും ശത്രു തങ്ങള്‍ക്ക് നിശ്ചയിച്ച സ്ഥലത്ത് മരിച്ചുവീഴാന്‍ സന്നദ്ധരായിരംഗത്ത് വന്നവരാണ്. ഇതാണ് ഇസ്രായേലിനെ യുദ്ധമുഖത്തു നിന്നും പിന്തിരിപ്പിക്കുന്നത്. ഫലസ്തീന്‍ ഉന്മൂലനം എന്ന തങ്ങളുടെ പദ്ധതി ഫലസ്തീനികളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇസ്രായേലിനെ എല്ലാ നിലയ്ക്കും പ്രകോപിപ്പിക്കുന്ന ശൈലി ഫലസ്തീന്‍ മുന്നണികളില്‍ നിന്ന് ഇനിയും ഉണ്ടാകും.

യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞാല്‍ ഇസ്രായേലിന് അതുണ്ടാക്കുന്ന നഷ്ടം ഭാരിച്ചതായിരിക്കും. നേതാക്കന്മാര്‍ക്ക് അല്ലാതെ അതുകൊണ്ട് ഒരു നേട്ടവും ഉണ്ടാവുകയില്ല. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം യുദ്ധം വികസിച്ചില്ലെങ്കില്‍ അത് അവര്‍ക്കിടയില്‍ കടുത്ത നിരാശ സൃഷ്ടിക്കും. അവര്‍ യുദ്ധം അവസാനിപ്പിച്ചാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അതുകൊണ്ട്, ഫലസ്തീന്റെ സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തെക്കുറിച്ച് നാം നിരാശരാവരുത്. അങ്ങനെ സംഭവിച്ചാല്‍, ചെറുത്തുനില്‍പ്പ് കൊണ്ട് ഒരു ഫലവും ഇല്ല എന്ന് നാം നിശ്ചയിക്കുന്നതിനു തുല്യമാകും. ഇസ്രായേല്‍ നമ്മോട് ചെയ്തതെല്ലാം ന്യായമാണെന്ന് സമ്മതിച്ചു കൊടുക്കലാകും അത്. നമ്മുടെ മണ്ണില്‍ അവര്‍ക്ക് അവകാശമുണ്ട് എന്ന് സമ്മതിച്ചു കൊടുത്തതിനു തുല്യമാണ് അത്. ഇസ്രായേലിനെ നോര്‍മലൈസ് ചെയ്ത, അവരുടെ അസ്തിത്വം അംഗീകരിച്ചവരോട് ചേരലാകും. നാം പരാജയപ്പെടും. നമ്മുടെ പ്രിയപ്പെട്ടവരുടെ രക്തവും ജീവനും പാഴായത് വെറുതെയാവും. ഒരു കാരണവശാലും അത് ഉണ്ടാവാന്‍ പാടില്ല. നാം നിരാശരാകുന്നില്ല എങ്കില്‍, ഫലസ്തീന്റെ സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം നമുക്ക് സാധ്യമാക്കാനാവും. സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ എല്ലാ പ്രതിരോധങ്ങളും സമരങ്ങളും നിലനില്‍ക്കും. നഷ്ടപ്പെട്ടതെല്ലാം നമുക്ക് വീണ്ടെടുക്കുക എളുപ്പമാകും.

ഇത്രയധികം കൂട്ട നരമേധങ്ങള്‍ നടക്കുമ്പോഴും നാം എങ്ങനെ നിരാശരാകാതിരിക്കും എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍, നിരാശ ഇസ്രായേലിനാണ് എന്ന് അവര്‍ മനസ്സിലാക്കണം. രണ്ടാം നകബാ- ദുരന്തം ഉണ്ടാക്കാനാണ് അവര്‍ ലക്ഷ്യമിട്ടത്. അതില്ലാതെ ജൂതരാഷ്ട്രത്തിന് നിലനില്‍പ്പില്ല. പക്ഷേ, അത് നടന്നില്ല. അത് അവരെ നിരാശരാക്കിയിരിക്കുന്നു. ഇതൊക്കെയായിട്ടും നാം പരാജിതരായില്ല. നമ്മെക്കുറിച്ച് അവര്‍ക്ക് നിര്‍ഭയരാകാനും ഇന്നേവരെ സാധിച്ചിട്ടുമില്ല. ഇസ്രയേലിലെ പൗരന്മാര്‍ക്കും അവരുടെ സഖ്യരാഷ്ട്രങ്ങള്‍ക്കും നിരാശ ബാധിച്ചിരിക്കുന്നു. സിയോണിസ്റ്റ് പദ്ധതികള്‍ ഒന്നും നടപ്പാകാത്തതിലെ കടുത്ത ഇച്ഛാഭംഗം ആണ് അവര്‍ക്ക്.

പ്രിയപ്പെട്ടവരെ, നിങ്ങള്‍ ഗസ്സയെ വഞ്ചിക്കുകയാണ് എങ്കില്‍, നിങ്ങളുടെ കിടപ്പുമുറിയില്‍ ശത്രു കയറി വരും എന്ന് ഞാന്‍ നിങ്ങളെ സന്തോഷവാര്‍ത്ത അറിയിക്കുകയാണ്. മനുഷ്യ പ്രകൃതിയിലെ അടിസ്ഥാന ഘടകമായ പ്രതിരോധ മനസ്സ് നമ്മെ ആത്മരക്ഷയ്ക്ക് വേണ്ടി രംഗത്തിറങ്ങാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങള്‍ പ്രതിരോധിക്കുക. നിങ്ങളെ സംരക്ഷിക്കുക. ശത്രു നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ആശുപത്രികളിലിട്ടാണ് കൊല്ലുന്നത്. ഇത്തരം വേദനിപ്പിക്കുന്ന നൂറായിരം കാര്യങ്ങള്‍ ആയിരുന്നു നമ്മെ റമദാനിലേക്ക് വരവേറ്റത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന നമസ്‌കാരങ്ങളിലേക്ക് ഒരുമിച്ചു കൂട്ടിയത്.

ജനങ്ങളെ, ഫലസ്തീന്റെ സമ്പൂര്‍ണ്ണ മോചനം അസാധ്യമായ ഒന്നല്ല. അത് സാധ്യമാണ്. സ്വാതന്ത്ര്യവും വിമോചനവും ആരംഭിച്ചു കഴിഞ്ഞു. ഇനിയും യുദ്ധം വ്യാപകമായാല്‍, സ്വാതന്ത്ര്യം അതിനേക്കാള്‍ എളുപ്പത്തില്‍ സാധ്യമാകും. നാം ഒരുങ്ങി ഇരുന്നാല്‍ വിമോചനം സാധ്യമാകും. എനിക്ക് ഇതാണ് നിങ്ങളോടു പറയാനുള്ളത്. അല്ലാഹു അനുഗ്രഹിക്കട്ടെ.


തമീം അല്‍ ബര്‍ഗൂസി

ഫലസ്തീനിയന്‍ കവിയും പൊളിറ്റിക്കല്‍ സയന്റിസ്റ്റും ആക്ടിവിസ്റ്റുമായ തമീം മുരീദ് അല്‍-ബര്‍ഗൂസി 1977 ജൂണ്‍ 13 ന് കെയ്റോയിലെ ദീര്‍ ഗസാന ഗ്രാമത്തില്‍ ജനിച്ചു. 'ജറുസലേമിലെ കവി' എന്ന് വിളിപ്പേരുള്ള അദ്ദേഹം അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കവികളില്‍ ഒരാളാണ്. 2004 ല്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി. ബര്‍ഗൂസിയുടെ പിതാവ് ഫലസ്തീന്‍ കവി മുരീദ് അല്‍ ബര്‍ഗൂസിയും മാതാവ് ഈജിപ്ഷ്യന്‍ നോവലിസ്റ്റ് റിസ്വി ആശൂറും ആണ്. അറബി ഭാഷയിലെ കൊളോകിയല്‍, ക്ലാസിക് ശൈലികളില്‍ മീജനാ (1999), അല്‍ മന്‍ദര്‍ (2000), മഖാം ഇറാഖ് (2005), ഫില്‍ ഖുദ്‌സ് (2008) യാ മസ്‌റ് ഹാനത് (2012)അടക്കം ആറ് കവിത സമാഹരങ്ങള്‍ ബര്‍ഗൂസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫലസ്തീന്‍, ഖുദ്‌സ് പ്രമേയമാക്കിയ നാല്‍പതില്‍ പരം കവിതകള്‍ രചിച്ച ബര്‍ഗൂസി, അറബ് രാഷ്ട്രീയം, ചരിത്രം എന്നീ വിഷയങ്ങളില്‍ രണ്ട് അക്കാദമിക കൃതികളും രചിച്ചിട്ടുണ്ട്. 2003 മുതല്‍ ഈജിപ്ഷ്യന്‍, ലെബനീസ് ദിനപത്രങ്ങളില്‍ സ്ഥിരം കോളമിസ്റ്റായ അല്‍-ബര്‍ഗൂതി 2011 ലെ പ്രക്ഷോഭങ്ങളിലും ഈജിപ്തിലെയും ഫലസ്തീനിലെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. നിലവില്‍ ബെയ്റൂത്ത് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന പശ്ചിമേഷ്യയ്ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷനില്‍ ജോലി ചെയ്യുന്നു. ഫലസ്തിന്റെ സ്വാന്ത്ര്യത്തിന് വേണ്ടി തന്റെ കവിതകളിലൂടെ പോരാടുന്ന ബര്‍ഗൂസി ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് നല്‍കുന്ന സംഭാവന വലുതാണ്.

വിവര്‍ത്തനം: എസ്.എം സൈനുദ്ദീന്‍


Similar Posts