Art and Literature
നിശബ്ദതയുടെ അന്ത്യം - ലിവിങ് ടുഗെതര്‍ | നോവല്‍
Art and Literature

നിശബ്ദതയുടെ അന്ത്യം - ലിവിങ് ടുഗെതര്‍ | നോവല്‍

അനിത അമ്മാനത്ത്
|
18 May 2024 7:31 AM GMT

ലിവിങ് ടുഗെതര്‍ നോവല്‍ | അധ്യായം 17

'കണ്ടില്ലേ വീട്ടില്‍ നിന്നും വേണ്ടപ്പെട്ടത് കിട്ടില്ലെന്ന് കണ്ടപ്പോള്‍ അവളുടെ മനസ്സു മാറിയത്? അവനും അതുതന്നെയായിരുന്നു, ഇവിടെ നിന്ന് കിട്ടാവുന്നതെല്ലാം അടിച്ചു മാറ്റണം. ഉദ്ദേശം നടക്കില്ലെന്ന് കണ്ടപ്പോള്‍ രണ്ടുപേര്‍ക്കും ഈ വിവാഹം വേണ്ട. ഒരു വിശുദ്ധ പ്രണയം! ത്ഫൂ... ഇവരെയൊക്കെ വിശ്വസിച്ച് കല്യാണം എങ്ങാനും നടത്തി കൊടുത്തിരുന്നെങ്കില്‍ രണ്ടും കൂടി ഈ തറവാട് തന്നെ മുടിപ്പിക്കുമായിരുന്നു. നിനക്കിപ്പോ തൃപ്തിയായല്ലോ.' ബാഹുലേയന്‍ ചന്ദ്രികയെ നോക്കി പറഞ്ഞു.

ചന്ദ്രിക താടിക്ക് കൈയ്യും കൊടുത്ത് മൃദുല കയറിപ്പോയ വഴിയെ തന്നെ നോക്കി നില്‍ക്കുകയാണ്.

'ഏതുസമയവും മോളുടെ പിന്നാലെ തന്നെ ആയിരുന്നല്ലോ. എന്നിട്ട് ഒന്നും കണ്ടുപിടിക്കാന്‍ നിനക്ക് കഴിഞ്ഞില്ലേ? അതെങ്ങനെയാണ് മക്കളുടെ എന്തെങ്കിലും കാര്യം നീ അന്വേഷിച്ചിട്ടുണ്ടോ? മക്കളുടെ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ ഒരു അമ്മ എന്ന നിലയില്‍ നീ നിന്നിട്ടുണ്ടോ? ഇടപെട്ടിട്ടുണ്ടോ? പെറ്റിട്ടു എന്നതുകൊണ്ട് മാത്രം ഒരാളും അമ്മയാകുന്നില്ല. എന്റെ കുടുംബക്കാരോട് ഉറഞ്ഞ് തുള്ളാനും ഏഷണികള്‍ പറഞ്ഞ് തമ്മില്‍ തെറ്റിച്ച് അവരെയെല്ലാം ഇവിടെ നിന്ന് ഓടിക്കാനും മാത്രമല്ലേ നിനക്ക് സമയം ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഞാന്‍ പരാതി ഒന്നും പറയാതിരുന്നത് കുടുംബത്തിലെ സമാധാനം കളയേണ്ട എന്ന് ഓര്‍ത്തതു കൊണ്ട് മാത്രമാണ്. നിനക്ക് ശേഷം നിന്റെ മകളും സമാധാനം തരില്ല എന്ന് ഉറപ്പിച്ച മട്ടിലാണ്. വല്ലാത്തൊരു നരക ജീവിതം തന്നെയാണ് എന്റെ. ' ബാഹുലേയന്‍ പിറുപിറുത്തു കൊണ്ട് ചാരുകസേരയിലേക്ക് അമര്‍ന്നു.

'അല്ലാ... അവളുടെ കല്യാണം...' ചന്ദിക വാചകം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ നെഞ്ചില്‍ തലോടി.

'എന്തായാലും അവളുടെ മനസ് മാറിയ സ്ഥിതിക്ക് ആലോചിച്ചു നോക്കാം.'

'ആരെങ്കിലും വന്നാല്‍...?'

'എത്ര മെനകെട്ടവന്‍ ആണെങ്കിലും ഞാനത് നടത്തിക്കൊടുക്കും. ഒരു ഡിമാന്‍ഡും വയ്ക്കാനുള്ള ഒരു വോയിസും നമുക്ക് ഇല്ല.'

ചന്ദ്രികയുടെയും ബാഹുലേയന്റെയും ഈ വീഴ്ച നാട്ടില്‍ ഒരു ആഘോഷമായിരുന്നു. മകളെക്കുറിച്ച് വലിയ അഭിമാനമായിരുന്നല്ലോ രണ്ടാള്‍ക്കും. വല്ലവന്റെയും കൂടെ കഴിഞ്ഞവളാണ്. എന്നിട്ടിപ്പോള്‍ അവന്‍ ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചപ്പോള്‍ വീട്ടിലേക്ക് തിരിച്ചു വന്നു എന്ന് ചിലര്‍. വയറ്റില്‍ ഉണ്ടാക്കിയിട്ടാണ് വന്നത് എന്ന് മറ്റു ചിലര്‍. പരദൂഷണ സഭകള്‍ ഒന്ന് പത്തായി ഏറ്റ് പിടിച്ചു.

പൊലീസുകാരന്‍ മുമ്പില്‍ വെച്ച ചായ മുഴുവനും കുടിച്ചപ്പോള്‍ തന്നെ ബാഹുലേയന് ചെറിയൊരു ഊര്‍ജം കൈവന്നു.

'അങ്ങനെയിരിക്കുമ്പോഴാണ് പ്രിയദര്‍ശന്റെ വിവാഹ ആലോചന മോള്‍ക്ക് വരുന്നത്. കുറച്ച് പ്രശ്‌നങ്ങളെല്ലാം അവന് ഉണ്ടെങ്കിലും ഇതുപോലെ ചപ്പുചവറു പോലെ പേരുദോഷം വരുത്തിയ മകളെ വിവാഹം ചെയ്യാന്‍ ആരെങ്കിലും വേണ്ടെ എന്നോര്‍ത്ത് ഞങ്ങള്‍ ആ വിവാഹം നടത്താന്‍ സമ്മതിച്ചു. അതുകൊണ്ട് തന്നെ ഞങ്ങള്‍ അവനെ മരുമകനായ അല്ല മകന്റെ സ്ഥാനത്താണ് കണ്ടത്. അവന്‍ കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ടുതന്നെ വിവാഹം ചെയ്യുന്നതു കൊണ്ട് ഞങ്ങള്‍ക്കുള്ളില്‍ പേടിക്കാന്‍ ഒന്നുമില്ല എന്ന് തോന്നലാണ് ഉണ്ടായത്. എന്നാല്‍, വിവാഹശേഷം കഥകള്‍ മാറിമറിഞ്ഞു. അവളുടെ എല്ലാ കാര്യങ്ങളിലും ഉള്ള അവന്റെ കൈകടത്തലുകളെയും ചൂടന്‍ സ്വഭാവത്തേയും പിടിവാശികളേയും ഞങ്ങള്‍ ഏറെ ഭയത്തോടെയാണ് കണ്ടത്. അവിടെനിന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം നഥാന്റെ കുടുംബ കാര്യത്തിലും അവന്‍ ഇടപെട്ട് തുടങ്ങി. നഥാനോട് ഭാര്യയെ ഒഴിവാക്കാന്‍ അവന്‍ നിരന്തരം ആവശ്യപ്പെട്ടു തുടങ്ങി.'

'എന്തിന്?'

'വല്ലവനും ചവച്ചു തുപ്പിയതിനെ നാണംകെട്ട് ഞാന്‍ തലയില്‍ ചുമക്കുമ്പോള്‍ അവള്‍ടെ ആങ്ങളക്ക് കുടുംബ ജീവിതം ഉണ്ടാകാന്‍ സമ്മതിക്കില്ല എന്നതായിരുന്നു കണ്ണന്റെ ആക്രോശം. കണ്ണന്‍ പറയുന്നതിന് ഒന്നിനും തിരിച്ച് ഒരു ചോദ്യവും ചോദിക്കാനുള്ള ശബ്ദം ഞങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. അവന്‍ പറയുന്നത് അതുപോലെ അനുസരിച്ചില്ലെങ്കില്‍ മകളുടെ ജീവിതം തകരാറിലാകും എന്ന് മാത്രമേ ഞങ്ങള്‍ക്ക് അറിയുമായിരുന്നുള്ളൂ.'

'നിങ്ങള്‍ ഭയപ്പെടുന്ന ചന്ദ്രിക പോലും അവന്റെ മുമ്പില്‍ അനുസരണയുള്ള കുഞ്ഞാടായിരുന്നു. വിവാഹമോചനം നടന്നു കിട്ടാന്‍ വേണ്ടി എല്ല ബാക്ക് ഗ്രൗണ്ട് വര്‍ക്കും അവന്‍ തന്നെയാണ് ചെയ്തത്. അല്ലേ ?'

'അതെ... എല്ലാവിധ പിന്തുണയും തന്നത് അവനും അവന്റെ വീട്ടുകാരും ചേര്‍ന്നാണ്. സാമുദായിക നേതാക്കളെ ഫോണ്‍ വിളിച്ചും നേരിട്ടു പോയി കണ്ടും കാര്യങ്ങള്‍ നീക്കിയിരുന്നത് പ്രിയദര്‍ശനും അവന്റെ അമ്മയുമായിരുന്നു. അവിടെയെല്ലാം ഞങ്ങളുടെ ആവശ്യം മുതലെടുത്ത് പണവും സ്വത്തും ഞങ്ങള്‍ക്ക് കൈമോശം വന്നു തുടങ്ങി. അതെല്ലാം ആവശ്യ പ്രകാരം അവര്‍ക്ക് കൊടുക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു വഴിയും ഇല്ലാതായി എന്നു തന്നെ പറയാം. മകളുടെ ജീവിതം നേരെ നിര്‍ത്തുവാന്‍ മകന്റെ ജീവിതം ഞങ്ങള്‍ക്ക് ബലി കൊടുക്കേണ്ടി വന്നു. എന്ത് വില കൊടുത്തും മരുമകളെ പുറത്താക്കുക എന്നത് മാത്രമായി ഞങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടി വഴിവിട്ട രീതിയില്‍ കുറെയേറെ ഞങ്ങള്‍ ചിലവാക്കി. എന്നിട്ടും കാര്യങ്ങളൊന്നും നടന്നില്ലെന്ന് മാത്രമല്ല കണ്ണന്റെ ആവശ്യം നടത്തിക്കൊടുക്കാത്തതിന്റെ പേരില്‍ മൃദുലയെ ഒരുപാട് അവന്‍ ഉപദ്രവിക്കുവാന്‍ തുടങ്ങി.'

ബാഹുലേയന്റെ കുമ്പസാരം ഇത്രയും പെട്ടെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നില്ല.

ഉടന്‍ തന്നെ ബാഹുലേയന്റേയും ചന്ദ്രികയുടേയും കുമ്പസാരത്തിന്റെ അപ്‌ഡേറ്റുകള്‍ എസ് പിയെ വിളിച്ച് അറിയിച്ചു.

'ഇത് കൈവിട്ട കളിയാണല്ലോ കളിച്ചിരിക്കുന്നത്. മരുമകളെ ഒഴിവാക്കാന്‍ വേണ്ടി മരുമകന്‍ അമ്മായിയമ്മയ്ക്ക് കൊട്ടേഷന്‍ കൊടുക്കുക. അതിനുവേണ്ടി മറ്റൊരു പെണ്ണിനെ മകന് കൂട്ടിക്കൊടുക്കുക. വെറൈറ്റി വൃത്തികേട് തന്നെ ഇത്രയും വൃത്തികെട്ട കേസ് എന്റെ കരിയറില്‍ ഞാന്‍ ഇന്നുവരെ കണ്ടില്ല.' ഭാവനയ്ക്ക് അരിശവും നിരാശയും പ്രകടിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ശിഹാബുദീന്‍ ഫോണ്‍ വെച്ചു, കോണ്‍സ്റ്റബിളിനെ അടുത്തേക്ക് വിളിച്ച് ഭക്ഷണം ഏര്‍പ്പാടാക്കാന്‍ പറഞ്ഞു.

'ഇനി ഉടന്‍ ചോദ്യം ചെയ്യേണ്ട. അയാള്‍ ഏജ് ഓവര്‍ ആയിട്ടുള്ള മനുഷ്യനാണ്. ടെന്‍ഷന്‍ കയറി ഇവിടെ കിടന്നു എങ്ങാനും തട്ടിപ്പോയാല്‍ നമ്മള്‍ അതിന് സമാധാനം പറയേണ്ടിവരും. അതുകൊണ്ട് ടെന്‍ഷനില്‍ ആക്കുന്ന ചോദ്യം ചെയ്യല്‍ ഇനി വേണ്ട. അത്യാവശ്യത്തിലധികം വേണ്ട കാര്യങ്ങള്‍ നമുക്ക് കിട്ടിക്കഴിഞ്ഞു. ഇനിയും ബാക്കി രണ്ടു പേരുണ്ടല്ലോ ചോദ്യം ചെയ്യാന്‍. നല്ലപോലെ പിഴിഞ്ഞാല്‍ ഇതിന്റെ ബാക്കിയുത്തരം അവിടെ നിന്നും കിട്ടും.'

ശിഹാബുദീന്‍ എല്ലാ റെക്കോര്‍ഡുകളുമായി പോകുന്ന വഴിയില്‍ എസ്.ഐ അനന്തരാമനെ കണ്ടപ്പോള്‍ വിശദമായി തന്നെ ചിരിച്ചു.

'താന്‍ എങ്ങോട്ടാണ് ?'

'നമ്മുടെ എ.എസ്.പി ഷാജഹാന്‍ സര്‍ ലീവ് കഴിഞ്ഞു ജോയിന്‍ ചെയ്തിട്ടുണ്ട്. മാഡത്തിന്റെ കാബിനില്‍ ഉണ്ട്. അങ്ങോട്ട് വിളിപ്പിച്ചിട്ടുണ്ട്.'

'ആണോ. അതൊരു നല്ല വാര്‍ത്തയാണല്ലോ. ഞാനും അങ്ങോട്ട് തന്നെ ആണ്.'

രണ്ടു പേരും മുറിയിലേക്ക് കടന്ന് സല്യൂട്ട് ചെയ്തു.

'എന്തു പറയുന്നു രണ്ട് വിദഗ്ധ കുറ്റാന്വേഷകര്‍?' ഷാജഹാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.

'സാറിനെ പോലെയുള്ളവരെ കണ്ടു പഠിച്ചതു കൊണ്ട് ഈ ജോലിയെ ഇത്രയധികം ഇഷ്ടപ്പെടുന്നത്. ' ശിഹാബുദീന്‍ മറുപടി പറഞ്ഞു.

'ഒരു പ്രത്യേക കാര്യം അറിയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ നിങ്ങളോട് വരാന്‍ പറഞ്ഞത്. നമ്മുടെ ഇപ്പോഴത്തെ ടീമില്‍ ഒരു ചെറിയ അഴിച്ചുപണി നടത്തുന്നു. ഇനി മുതല്‍ അന്വേഷണ ചുമതല ഷാജഹാന് ആയിരിക്കും. ആക്‌സിഡന്റിനുശേഷം പൂര്‍ണമായ റെസ്റ്റിനുശേഷം ഇദ്ദേഹം ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഷാജഹാന്‍ അത്തരമൊരു അവസ്ഥയിലായിരുന്നതുകൊണ്ടാണ് എനിക്ക് നിര്‍ബന്ധിക്കാന്‍ കഴിയാതിരുന്നത്. കാരണം ഷാജഹാനെ പോലെയുള്ള ഒരു പൊലീസ് ഓഫീസര്‍ കൂടെയുള്ളപ്പോള്‍ ജോലിക്ക് ടെന്‍ഷന്‍ കുറവാണ്. അതെല്ലാം അദ്ദേഹം നോക്കിക്കൊള്ളുമെന്ന് എനിക്കറിയാം. പക്ഷേ ആക്‌സിഡന്റ് ആയി വയ്യാതെ കിടക്കുന്ന ഒരാളോട് തിരിച്ചുവന്ന് ജോയിന്‍ ചെയ്യാന്‍ പറയുന്നത് മര്യാദകേടല്ലേ. അതുകൊണ്ട് ഞാന്‍ ചെയ്തില്ല എന്ന് മാത്രമേയുള്ളൂ. എന്തായാലും എന്റെ ഭാഗ്യത്തിന് അദ്ദേഹം വന്നു ജോയിന്‍ ചെയ്തു.' ഭാവന ചിരിച്ചു കൊണ്ട് പറഞ്ഞു.

'കമ്മീഷണറും ഷാജഹാനെ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത്യാവശ്യം വരുന്ന ഘട്ടങ്ങളില്‍ നമ്മള്‍ കോഡിനേറ്റ് ചെയ്യും, ഡിസ്‌കസ് ചെയ്യും. ഷാജഹാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എനിക്കു തന്നെയാണ്. ഇതേ സീരീസില്‍ പെട്ട മുമ്പ് നടന്ന മൂന്ന് കൊലപാതകങ്ങളുടെ ചുരുള്‍ കൂടി അവസാനിപ്പിക്കാനുണ്ട്. അതേതായാലും അവസാനഘട്ടത്തിലാണ്. എന്നാലും പൂര്‍ണമായും കോണ്‍സെന്‍ട്രേഷന്‍ അവിടെ തന്നെ വേണ്ടതാണ്. അതിലേക്ക് ഞാനൊരു എസ്‌ഐയുടെ സഹായം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ബാക്കി ഫുള്‍ ഫോഴ്‌സ് നിങ്ങള്‍ക്ക് ഇവിടെ ഉപയോഗിക്കാം.'

' ഒക്കെ മാഡം... ' ശിഹാബുദീനും അനന്തരാമനും പറഞ്ഞു.

'പുതിയ അപ്‌ഡേറ്റ് എന്തെങ്കിലും ഉണ്ടോ?' ഷാജഹാന്‍ ചോദിച്ചു.

'വീടിനുള്ളില്‍ നടത്തിയ നാടകത്തിന്റെയും ഗുണ്ടായിസത്തിന്റേയും അവസാന ഘട്ടം ഇനി നമുക്ക് അഴിച്ചെടുക്കാവുന്ന ദൂരത്തിലെ ഉള്ളൂ. അത്ര വലിയ കോംപ്ലിക്കേഷന്‍സ് ഇനിയില്ല എന്ന് തോന്നുന്നു. ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ ഒരു വിശിഷ്ട അതിഥി കൂടി എത്തിച്ചേരാന്‍ ഉണ്ടല്ലോ കഥയില്‍. അതോടെ കഥ അവസാനിക്കുമോ ട്വിസ്റ്റോടു കൂടി പുതിയ കഥക്ക് കതിനവെടി പൊട്ടുമോ എന്ന് കാത്തിരുന്ന് കാണാം. ' ശിഹാബുദീന്‍ മറുപടി പറഞ്ഞു.

'ഇത്രനേരം ബാഹുലേയനും ചന്ദ്രികയും പൊട്ടിച്ചതിനോളം വരുമോ ഇനിയുള്ളത് ?' ഷാജഹാന്‍ ചോദിച്ചു.

'ഇതൊക്കെ സാമ്പിള്‍ അല്ലേ? ഇവര്‍ക്ക് ഓപ്പോസിറ്റ് ആയി നില്‍ക്കുന്ന ഒരു കഥാപാത്രം ഉണ്ടല്ലോ ബാക്കി. ' ഭാവന പറഞ്ഞു.

'അതാര്?' ഷാജഹാന്‍ അത്ഭുതപ്പെട്ടു.

'താരക..! '

Long silence is over...!

(തുടരും)

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.




Similar Posts