ജന്മിത്തം വാഴുന്ന സിനിമാ ലോകം
|ഇടതുവിരുദ്ധമായ ആശയങ്ങളെ പ്രസരണം ചെയ്ത രഞ്ജിത്ത് എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ചോയ്സ് ആയത്?
ഫ്യൂഡലിസത്തില് നിന്ന് മുതലാളിത്തത്തിലേക്കും മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കും തുടര്‍ന്ന് കമ്യൂണിസത്തിലേക്കും ലോകം സഞ്ചരിക്കും എന്നത് മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്ത്വമാണ്. അഥവാ, ഓരോ ഘട്ടത്തിലും വൈരുധ്യങ്ങള്‍ മൂര്ചിച്ച് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും. അങ്ങനെയെങ്കില്‍, നമ്മള് ജീവിക്കുന്ന ലോകം മുതലാളിത്തം ആണോ അതല്ല ഫ്യൂഡല്‍ കാലഘട്ടമാണോ?
ലോകം മുഴുവന്‍ സഞ്ചരിക്കുന്നത് മുതലാളിത്ത കാലഘട്ടത്തിലൂടെയാണ് എന്ന് നമുക്ക് അറിയാം. പക്ഷേ, കേരളം മുതലാളിത്ത ലോകത്തേക്ക് പ്രവേശിക്കാതെ ഇപ്പോഴും പഴയ ജന്മി-കുടിയാന് കാലത്ത് തന്നെ പാര്‍ക്കുകയാണ്. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സാംസ്കാരികമായി നാമിപ്പോഴും ഫ്യൂഡല്‍ കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കാം. മുതലാളിത്തത്തിന്റെ എല്ലാ പിന്തിരിപ്പന് ആശയങ്ങളെയും സ്വാംശീകരിക്കുകയും മുതലാളിത്തത്തിന്റെ തന്നെ പുരോഗമന ആശയം എന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യം, സ്ത്രീ സമത്വം, സ്ത്രീ വിമോചനം തുടങ്ങിയ സങ്കല്പ്പനങ്ങളെ തിരസ്കരിക്കുകയും ചെയ്ത ഒരു ജനതയായിട്ടാണ് നമുക്ക് നമ്മെതന്നെ മനസ്സിലാക്കാന്‍ സാധിക്കുക.
ഫ്യൂഡലിസത്തില് നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോവാത്ത ആണ്‍കോയ്മയുടെ ലോകത്ത് തന്നെയാണ് നമ്മുടെ സാംസ്കാരിക ലോകം സഞ്ചരിക്കുന്നത്. വലിയ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുമ്പോള്‍ തികഞ്ഞ മൗനത്തിലാണ് ലിബറലുകളും നാസ്തികരും. കുടുംബ ബാഹ്യ ലൈംഗികതയെ സ്വാതന്ത്ര്യവും പുരോഗമനവും ആയി കാണുന്ന ഇക്കൂട്ടര്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങളെ കണ്‍സെന്റ് എന്ന ഒറ്റ കുറ്റിയില്‍ തറച്ച് ഉദാര ലൈംഗികതയെ പ്രമോട്ട് ചെയ്യുകയാണ്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനുശേഷം വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളും നമ്മോട് പറയുന്നത് നാം ഇപ്പോഴും ഫ്യൂഡല്‍ കാലഘട്ടത്തിലെ ജനസമൂഹമാണ് എന്നാണ്. ഒരു വ്യവസായം എന്നതിലുപരി ഒരു ജനതയെ സ്വാധീനിക്കുന്ന വലിയൊരു സാംസ്കാരിക പ്രവര്‍ത്തനമേഖലയാണ് സിനിമാലോകം. പക്ഷേ, അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. സ്ത്രീകള്‍ക്ക് നേരെ നടന്ന കയ്യേറ്റങ്ങളുടെയും അതിക്രമങ്ങളുടെയും കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സത്യത്തില്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിന്റെ പിന്നിലും വലിയ ഒരു പോരാട്ടത്തിന്റെ ചരിത്രമുണ്ട്.
2017ല്‍ നടി അക്രമിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഏറെ മുറവിളികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. അക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കേണ്ട താര സംഘടനയായ അമ്മ, ഇതില്‍ വേട്ടക്കാരെ സംരക്ഷിക്കുന്ന സ്ഥിതിവിശേഷം സംജാതമായ സന്ദര്‍ഭത്തില്‍ ഏതാനും വനിതാ ആര്‍ട്ടിസ്റ്റുകള്‍ അമ്മയില്‍ നിന്നിറങ്ങി പോവുകയും wcc (Women in Cinema CollectÇ) എന്ന വനിതാ മൂവ്മെന്റിന് നേതൃത്വം നല്‍കുകയും ചെയ്തു. അവര്‍ നടത്തിയ പോരാട്ടത്തിന്റെ ബാക്കിപത്രമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുവന്ന വെളിപ്പെടുത്തലുകളും. സിനിമാലോകത്ത് ഇത്ര വലിയ അതിക്രമങ്ങളും അനീതികളും നടക്കുന്നുണ്ട് എന്നുള്ള കണ്ടെത്തലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടിനെ അദൃശ്യമാക്കാന്‍ സര്‍ക്കാര്‍ നാലര വര്‍ഷം ശ്രമിച്ചു എന്ന യാഥാര്‍ഥ്യം നമ്മുടെ മുന്നിലുണ്ട്, എങ്കിലും ഏറെ ശ്രമഫലമായി റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ട് വന്ന ഉടനെ ആദ്യ ആരോപണം വന്നത് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ആയിരുന്നു. രഞ്ജിത്ത് രാജിവച്ച് നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സത്യത്തില്‍ രഞ്ജിത്ത് നിര്‍മിച്ച സിനിമകള്‍ അധികവും ഫ്യൂഡല്‍ കാലഘട്ടത്തിലെ മൂല്യങ്ങള്‍ പ്രസരണം ചെയ്യുന്നതാണ്. അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയും ദലിത്-മുസ്ലിം വിരോധവും ഇന്ധനമാക്കി സവര്‍ണ്ണ ബിംബങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമയാണ് ഇദ്ദേഹം സംവിധാനം ചെയ്തത്.
'' ഞാന്‍ കോഴിക്കോട് ആണ് ജീവിക്കുന്നത്. എനിക്ക് വയനാട് ഒരു വീടുണ്ട്. അവിടെ വീട് നോക്കുന്ന ആള് നാടന്‍ നായിക്കളെ പോറ്റാറുണ്ട്. അവര്‍ എന്നെ കാണുമ്പോള്‍ കുരയ്ക്കും. ഞാന്‍ ആ വീടിന്റെ ഉടമസ്ഥനാണെന്ന യാഥാര്‍ഥ്യം ഒന്നും അവര്‍ക്കറിയില്ല. അത്രയേ ഞാന്‍ ഈ ചലചിത്ര മേഖലയിലെ അപശബ്ദങ്ങളെ കാണുന്നുള്ളൂ''. ചലചിത്ര മേഖലയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളെ ഈ രീതിയില്‍ ജനാധിപത്യ വിരുദ്ധമായിട്ടാണ് അദ്ധേഹം പ്രതികരിച്ചത്. ഇത്തരത്തില്‍ അഹന്ത നിറഞ്ഞ പ്രസ്താവന നടത്തുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തുടരുന്നത് തന്നെ അപമാനകരമായിരുന്നു. ഇദ്ദേഹം ചെയ്ത സിനിമകള്‍ ഫ്യൂഡലിസത്തിന്റെ ആശയാവലികളെ പ്രമോട്ട് ചെയ്യുന്ന നിലവാരത്തിലുള്ളതാണ്. ഇടതുപക്ഷ വിരുദ്ധമായ ആശയങ്ങളെ പ്രസരണം ചെയ്ത രഞ്ജിത്ത് എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ചോയ്സ് ആയത് എന്ന് നമുക്ക് മനസ്സിലായിട്ടില്ല.
ഇത്രയും വലിയൊരു വിവേചനവും പീഡനവും സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത ആ ഇന്ഡസ്ട്രിയിലെ ആണ്‍കോയ്മയുടെ പവര്‍ സിസ്റ്റത്തെയാണ് വിളിച്ചറിക്കുന്നത്. ഫ്യൂഡലിസത്തില് നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോവാത്ത ആണ്‍കോയ്മയുടെ ലോകത്ത് തന്നെയാണ് നമ്മുടെ സാംസ്കാരിക ലോകം സഞ്ചരിക്കുന്നത്. വലിയ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുമ്പോള്‍ തികഞ്ഞ മൗനത്തിലാണ് നമ്മുടെ ലിബറലുകളും നാസ്തികരും. കുടുംബ ബാഹ്യ ലൈംഗികതയെ സ്വാതന്ത്ര്യവും പുരോഗമനവും ആയി കാണുന്ന ഇക്കൂട്ടര്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങളെ കണ്‍സെന്റ് എന്ന ഒറ്റ കുറ്റിയില്‍ തറച്ച് ഉദാര ലൈംഗികതയെ പ്രമോട്ട് ചെയ്യുകയാണ്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ മറികടക്കാന്‍ ശക്തമായ നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ടത് സര്‍ക്കാര്‍ ആണ്. പക്ഷേ സര്‍ക്കാര്‍
പോലും വേട്ടക്കാരോടൊപ്പം നിന്ന് കോണ്‍ക്ലേവ് നടത്തി രക്ഷനേടാം എന്ന അജണ്ടയിലാണ് കാര്യങ്ങള്‍ നീക്കുന്നത്. എന്നുമാത്രമല്ല, ആരോപണ വിധേയനായ ഒരു എം.എല്‍.എയെ സംരക്ഷിക്കുവാന്‍ പാര്‍ട്ടി തന്നെ മുന്നോട്ടുവന്ന ദയനീയ കാഴ്ചയും നാം കാണുന്നു. കോണ്‍ക്ലേവ് നടത്തി ഇരകള്‍ക്ക് പിന്തുണ നല്കുന്നു എന്ന പ്രതീതി സ്രഷ്ടിച്ച് വേട്ടക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറില്‍ നിന്ന് ഉണ്ടാവുന്നത്. എന്നാല്‍, ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി നിങ്ങള്‍ ആരുടെ കോണ്‍ക്ലേവാണ് നടത്തുന്നത് എന്ന പാര്‍വതി തിരുവോത്തിന്റെ ചോദ്യം സര്‍ക്കാരിന് മുന്നിലുണ്ട്.
പുരോഗമന ആശയപരിസരം നിലനില്ക്കുന്നു എന്ന് പറയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ പോലും സംസ്കാരികമായി ഫ്യൂഡല്‍ ബോധങ്ങളെ ഉല്പാദിപ്പിക്കാന് മാത്രമേ സാധിക്കുന്നുള്ളൂ എന്നത് ഇപ്പോഴും ജന്മിത്തം അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. ഇവിടെ നവ ജന്മികളുടെ പിറവിക്ക് കാരണമായി തീരുന്ന സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. അറു ബോറന്മാരായ, വഷളന്മാരായ താര രാജാക്കന്മാരും മാടമ്പികളായ സംവിധായക തമ്പ്രാക്കന്മാരും വാഴുന്ന ഒരു വ്യവസായമായി, അസംസ്കാരിക ലോകമായി സിനിമാലോകം മാറിയിരിക്കുന്നു. ഈ ഫ്യൂഡല്‍ പ്രഭുക്കളില്‍ നിന്ന് സാംസ്കാരിക ലോകത്തെയും സിനിമാലോകത്തെയും സംരക്ഷിക്കുവാനുള്ള പോരാട്ടത്തിന് ഡബ്ല്യുസിസിയോടൊപ്പം നില്ക്കുക എന്നുള്ള ഉത്തരവാദിത്വം കേരളീയ സമൂഹത്തിന് മുഴുവനായും ഉണ്ട്.