നാട്ടിലാകെ ഭീതിപരത്തി ആടും അറബിയും; പ്രബുദ്ധ മലയാളിയുടെ 'കഴുത ജീവിതം'
|നോവല്‍ സിനിമയാകുന്നു. സിനിമ വില്‍ക്കാന്‍ എഴുത്തുകാരനും നടനും സംവിധായകനും നോവലിലെ ആത്മകഥാപുരുഷനും നാടുനീളെ നടന്ന് അഭിമുഖങ്ങള്‍ കൊടുക്കുന്നു. പറഞ്ഞ് പറഞ്ഞ് കൈവിട്ടുപോവുകയും അതില്‍നിന്ന് ഉരുവപ്പെടുകയും ചെയ്ത വിവാദമാണിപ്പോഴത്തേത്.
രസകരമായൊരു വിവാദ പരിസരത്തിലാണ് മലയാളികള്‍ ഇന്ന് ജീവിക്കുന്നത്. ശാന്തമായിരിക്കുകയും പൊടുന്നനെ അലയടിച്ചുയരുകയും ചെയ്ത വിവാദമാണത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഒരു നോവല്‍, ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഒരു നോവല്‍, അതേച്ചൊല്ലിയാണിപ്പോള്‍ സമൂഹമാധ്യമ മൂക്കന്‍മാര്‍ തര്‍ക്കിക്കുന്നത് (ബഷീറിന്റെ വിശ്വവിഖ്യാതനായ മൂക്കന് സമാനമാണ് ഇന്നത്തെ സോഷ്യല്‍ മീഡിയ മൂക്കന്‍മാര്‍. ഒരു സുപ്രഭാതത്തില്‍ എന്തോ കാരണത്തിന്റെ പേരില്‍ പ്രശസ്തരായവര്‍). ലക്ഷക്കണക്കിനുപേര്‍ വായിച്ചപ്പോള്‍ തോന്നാത്ത ഒരു വിവാദമാണിപ്പോഴത്തേത്. വിവാദത്തിന്റെ മൂലകാരണം സിനിമയാണ്. നോവല്‍ സിനിമയാകുന്നു. സിനിമ വില്‍ക്കാന്‍ എഴുത്തുകാരനും നടനും സംവിധായകനും നോവലിലെ ആത്മകഥാപുരുഷനും നാടുനീളെ നടന്ന് അഭിമുഖങ്ങള്‍ കൊടുക്കുന്നു. പറഞ്ഞ് പറഞ്ഞ് കൈവിട്ടുപോവുകയും അതില്‍നിന്ന് ഉരുവപ്പെടുകയും ചെയ്ത വിവാദമാണിപ്പോഴത്തേത്. ഒരുപാട് തിന്നിട്ട് എല്ലിന്റെ ഇടയില്‍ക്കയറുക എന്നൊരു പ്രയോഗമുണ്ടല്ലോ. ഏതാണ്ടതുതന്നെ.
ലക്ഷക്കണക്കിന് മലയാളികള്‍ പേര്‍ഷ്യയില്‍ നിന്ന് പണം വാരിയപ്പോഴും ആടുജീവിതം നയിച്ച ചുരുക്കംചില നജീബുമാര്‍ നമ്മുടെ അന്തരാളങ്ങളില്‍ ആന്തലുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
ആടുജീവിതം
മലയാളികള്‍ ഏറെ വായിക്കുകയും പരസ്പരം വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത നോവലാണ് ബെന്യാമിന്റെ ആട് ജീവിതം. അതിന് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവും പ്രധാനം പ്രവാസത്തോടുള്ള അഭിനിവേശം തന്നെ. കേരളത്തില്‍ ജനിച്ചുവളരുന്ന ഓരോ കൗമാരക്കാരനും തന്റെ ജീവിതത്തില്‍ ഏതെങ്കിലും ഒരുഘട്ടത്തില്‍ പ്രവാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടാകും. പോയാലും പോയില്ലെങ്കിലും പ്രവാസം അവന്റെ മുന്നില്‍ എന്നും ഒരു സാധ്യതയായിരുന്നു. ഓരോ വിജയിയും കൂടുതല്‍ വിജയിക്കാന്‍ പ്രവാസം തിരഞ്ഞെടുക്കുമായിരുന്നു. ഓരോ പരാജിതനും പ്രത്യാശയായിരുന്നു പ്രവാസം. ഞാന്‍ ഗള്‍ഫില്‍പ്പോയി രക്ഷപ്പെടും എന്ന് ചിന്തിക്കാത്ത മലയാളി യുവാവുണ്ടോ. ഇവരുടെ ചര്‍ച്ചകളിലെ ചുവപ്പ് കൊടിയായിരുന്നു ആടുജീവിതം. ഗള്‍ഫിനെപ്പറ്റിയുള്ള ഭീതിപരത്തുന്ന ഒരോര്‍മത്തുണ്ടായിരുന്നു ഈ നോവല്‍.
മനുഷ്യന്റെ സഹജാവബോധപ്രകാരം മുന്നറിയിപ്പ് തരുന്നതെന്തും അവന്റെ ഹൃദയത്തിലുടക്കും. പ്രവാസമെന്നത് അത്തറിന്റെ മണവും പളപളത്ത വസ്ത്രങ്ങളും അംബരചുംബികളും മാത്രമല്ലെന്ന് ആടുജീവിതം അവനെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അവിടെ മരുഭൂമിയും പനകളും ആടുകളും കാട്ടറബികളും ഉണ്ടെന്ന് നോവല്‍ അവനെ ഭീതിപ്പെടുത്തി. ഭീതിപടരാനെളുപ്പമായതുകാരണം നോവലും പടര്‍ന്നു. ലക്ഷക്കണക്കിന് മലയാളികള്‍ പേര്‍ഷ്യയില്‍ നിന്ന് പണം വാരിയപ്പോഴും ആടുജീവിതം നയിച്ച ചുരുക്കംചില നജീബുമാര്‍ നമ്മുടെ അന്തരാളങ്ങളില്‍ ആന്തലുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
ഇസ്‌ലാമോഫോബിയയുടെ മേമ്പൊടി
ആട് ജീവിതം നോവല്‍ വിജയിക്കാന്‍ അന്തര്‍ധാരയായി വര്‍ത്തിച്ചത് മലയാളി മനസുകളിലെ ഇസ്‌ലാം പേടികൂടിയാണ്. ഗള്‍ഫില്‍നിന്ന് പൊന്നും വെള്ളിയും എത്ര വാരിയാലും അര്‍ബാബും ഒട്ടകവും മരുഭൂമിയും അവിടത്തെ നിയമങ്ങളും ശരാശരി മലയാളിയില്‍ ഭീതിപടര്‍ത്തിയിരുന്നു. ഉള്ളില്‍ വേരോടിയ ഇസ്‌ലാം പേടിയാണിതിന് കാരണം. ആടുജീവിതം നോവല്‍ ഇതേ ഇസ്‌ലാമോഫോബിയക്ക് പാകമായൊരു സാഹിത്യസൃഷ്ടിയായിരുന്നു. അറബിനാട്ടില്‍ ഒന്നും അത്ര ഭദ്രമല്ലെന്ന് നോവല്‍ മലയാളിയെ ഓര്‍മിപ്പിച്ചകൊണ്ടിരുന്നു. തേനും പാലും ഒഴുക്കിയാലും ശരീഅത്താണ് അവിടത്തെ നിയമം എന്നത് നമ്മില്‍ ഉള്‍ക്കിടിലം ഉണ്ടാക്കി. ആടുജീവിതം നോവല്‍ ഇസ്‌ലാമോഫോബിക് ആണോ എന്ന കാര്യത്തില്‍ തീര്‍ച്ചയായും സംവാദങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍, വായനക്കാരില്‍ അന്തര്‍ലീനമായ ഇസ്‌ലാംഭീതിയെ നോവല്‍ പ്രേചോദിപ്പിച്ചിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. ഇപ്പോള്‍ സിനിമയായപ്പോള്‍ ഹിന്ദുത്വ ഭീകരര്‍ മുസ്‌ലിം വെറുപ്പ് പ്രചരിപ്പിക്കാന്‍ സിനിമയെ വ്യാപകമായി ഉപയോഗിക്കുന്നത് അതിന്റെ ദൃഷ്ടാന്തമാണ്.
സിനിമയും നോവലും
ആടുജീവിതം സിനിമയാകുന്നതിന് പ്രധാനകാരണം അതിന്റെ ജനപ്രിയതയാണ്. യഥാര്‍ഥത്തില്‍ ഒരു സിനിമക്കുവേണ്ട സാമഗ്രികള്‍ ഇല്ലാത്ത നോവലാണ് ആടുജീവിതം. സിനിമയെന്നാല്‍ ആഖ്യാനങ്ങളുടെ കലയാണ്. ഒരുപാട് സംഭവങ്ങള്‍ സിനിമയില്‍ ആവശ്യമാണ്. പരസ്പര വിരുദ്ധമായ സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഇതൊന്നും ആടുജീവിതത്തില്‍ ഇല്ല. അതൊരു രേഖീയമായ ആഖ്യാനം മാത്രമാണ്. ഒട്ടും സിനിമാറ്റിക് അല്ലാത്ത നോവലിനെ ദൃശ്യവത്കരിച്ചതിന്റെ തട്ടുകേടുകള്‍ സിനിമയില്‍ കാണാം. എന്നാല്‍, ഈ സിനിമയെ ഇത്രയും പ്രചാരത്തിലാക്കിയത് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പ്രയത്‌നങ്ങളാണ്. ശാരീരിക പീഡകള്‍ മുതല്‍ തൊഴില്‍ പീഡകള്‍വരെ സിനിമക്കായി നടന്നിട്ടുണ്ട്. നായകന്റെ രൂപാന്തരങ്ങളും സംവിധായകന്റെ കാത്തിരിപ്പും തീര്‍ച്ചയായും മൂല്യവത്തായതാണ്. അതിന്റെ ഫലങ്ങള്‍ സിനിമയില്‍ ഉണ്ടുതാനും.
ആരും കാണാത്ത ഒരുകാര്യം മൂക്കന്മാര്‍ ചൂഴ്‌ന്നെടുത്തു. അത് നജീബിന്റെ മൃഗഭോഗമായിരുന്നു. ആടുകളോടൊപ്പം ജീവിച്ച് ആടായി രൂപാന്തരപ്പെട്ട മനുഷ്യന്റെ അന്തരാള സംഘര്‍ഷങ്ങള്‍ സന്നിവേശിപ്പിക്കാന്‍ നോവലിസ്റ്റ് കൂട്ടിച്ചേര്‍ത്ത ഭാഗമായിരുന്നു അത്. യാതൊരു സങ്കോചവുമില്ലാതെ നജീബിനോടും മൂക്കന്മാര്‍ ഇത് ഉന്നയിക്കുന്നു.
പ്രചാരണങ്ങള്‍ കൊഴുക്കുന്നു
സിനിമ ഇറങ്ങി ഒരാഴ്ച്ച നിരൂപണങ്ങളും ആസ്വാദനങ്ങളും ഒഴിവാക്കണം എന്ന മുറവിളി നടക്കുന്ന കാലമാണിത്. തീര്‍ച്ചയായും പരീക്ഷിക്കാവുന്ന സംഗതിയാണത്. ഒപ്പം ഒരുകാര്യംകൂടി ചെയ്യണം. സിനിമ ഇറങ്ങുന്നതിന് ആഴ്ച്ചകള്‍ മുമ്പ് തുടങ്ങുന്ന പ്രമോഷന്‍ എന്ന പേരിലുള്ള വ്യാജ പ്രചരണങ്ങള്‍കൂടി നിര്‍ത്തിവെക്കണം. നിരൂപണം മാത്രം നിര്‍ത്തുകയും പ്രചരണം തുടരുകയും ചെയ്യുന്നത് നീതിയോ യുക്തിയോ അല്ല. അതിന് സിനിമാക്കാര്‍ തയ്യാറാകുമോ എന്നതും പ്രധാനമാണ്. എന്തായാലും ആടുജീവിതം പ്രമോഷന്‍ തകൃതിയായി നടക്കുകയും ആളുകള്‍ അതില്‍ ആകൃഷ്ടരാവുകയും ചെയ്തു. പതിവിന് വിപരീതമായി ഇതിനെല്ലാം ഇടയില്‍ ഒരു മനുഷ്യനുംകൂടി ഉണ്ടായിരുന്നു. അത് സാക്ഷാല്‍ നജീബ് എന്ന ഷുക്കൂറാണ്. ഒരുപക്ഷെ ആദ്യമൊക്കെ ആ സാധുമനുഷ്യന്‍ ഇതൊക്കെ ആസ്വദിച്ചുകാണും. പോകെപ്പോകെ അഭിനവ മൂക്കന്മാര്‍ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.
ഏതോഘട്ടത്തില്‍ തങ്ങള്‍ കൊണ്ടാടുന്നത് ഒരു മനുഷ്യന്റെ ജീവിതമാണെന്ന ബോധ്യം നോവലിസ്റ്റിനും സംവിധായകനും മറ്റ് പ്രമോഷന്‍ വെമ്പലുകാര്‍ക്കും നഷ്ടപ്പെടുന്നുണ്ട്. മൂക്കന്മാരുടെ ആഘോഷം അവര്‍ക്കും പ്രചോദനമായിരിക്കും. ഇതിനിടെ ഇതുവരെ ആരും കാണാത്ത ഒരുകാര്യം മൂക്കന്മാര്‍ ചൂഴ്‌ന്നെടുത്തു. അത് നജീബിന്റെ മൃഗഭോഗമായിരുന്നു. ആടുകളോടൊപ്പം ജീവിച്ച് ആടായി രൂപാന്തരപ്പെട്ട മനുഷ്യന്റെ അന്തരാള സംഘര്‍ഷങ്ങള്‍ സന്നിവേശിപ്പിക്കാന്‍ നോവലിസ്റ്റ് കൂട്ടിച്ചേര്‍ത്ത ഭാഗമായിരുന്നു അത്. യാതൊരു സങ്കോചവുമില്ലാതെ നജീബിനോടും മൂക്കന്മാര്‍ ഇത് ഉന്നയിക്കുന്നു. പിന്നെ അവര്‍ നോവലിസ്റ്റിനോടും സംവിധായകനോടും ഇതേ കാര്യം ആവര്‍ത്തിക്കുന്നു. അങ്ങിനൊരു സംഭവം ഇല്ലെന്ന് നജീബും ഷൂട്ട് ചെയ്തിട്ട് ഒഴിവാക്കിയെന്ന് നോവലിസ്റ്റും ഷൂട്ട് ചെയ്തിട്ടേ ഇല്ലെന്ന് സംവിധായകനും പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു. വിവിധ ഉത്തരങ്ങള്‍ കുഴമറിഞ്ഞ് വന്നതോടെ മൂക്കന്മാരുടെ ലോകം മുഴുവന്‍ ഇളകിമറിഞ്ഞു.
ഞങ്ങള്‍ക്ക് രക്തം തരൂ
ആടും അറബിയും മൃഗഭോഗവും എന്ന പ്രലോഭിപ്പിക്കുന്ന കോമ്പിനേഷനിലാണ് ഇപ്പോള്‍ ആടുജീവിതം കേരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ആരുടെയെങ്കിലും രക്തം വീഴ്ത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യം. നോവലിസ്റ്റിന്റെ രക്തം തേടുന്നവരാണ് അധികവും. ഉള്ളതെന്ന് പറഞ്ഞ് ഇല്ലാത്തത് എഴുതി, ഒരാളുടെ ജീവിതം കൊണ്ടുനടന്നുവിറ്റു എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഒരു നോവലിസ്റ്റിന് ജീവിതങ്ങളില്‍ നിന്ന് പ്രചോദനം നേടാനായില്ലെങ്കില്‍ ഈ ലോകത്ത് നോവലുകളേ ഉണ്ടാവുകയില്ല. ഒരു നോവലിസ്റ്റ് ഒരു ജീവിതം അപ്പടി പകര്‍ത്തിവച്ചാല്‍ അതെന്തൊരു വിരസമായിരിക്കും. ഭ്രമാത്മക ജീവിതങ്ങളില്‍നിന്ന് മതിഭ്രമാത്മകമായ ആഖ്യാനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നവരാണ് നോവലിസ്റ്റുകള്‍. അവര്‍ എഴുതുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നവരെ കുറഞ്ഞ വാക്കില്‍ സാധുക്കള്‍ എന്നേ വിളിക്കാനാകൂ. പണ്ട് മാന്ത്രിക പൂച്ച എഴുതുന്ന കാലത്ത് തന്റെ വീട്ടില്‍ പൂച്ചയെത്തേടിവന്ന വായനക്കാരുടെ കാര്യം ബഷീര്‍ ഓര്‍മക്കുറിപ്പുകളില്‍ പങ്കുവെക്കുന്നുണ്ട്. വായിക്കുന്നത് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും വായനക്കാര്‍ക്കുണ്ട്. അത്രയും വിശ്വസനീയമായി എഴുതുമ്പോഴാണ് നോവലിസ്റ്റ് അതുല്യനായി മാറുന്നത്. എന്നാല്‍, എഴുതുന്നതിനെല്ലാം നിന്നെക്കൊണ്ട് കണക്കുപറയിക്കും എന്ന ആക്രോശങ്ങള്‍ അശ്ലീലം മാത്രമാണ്.
മലയാളിയുടെ 'കഴുത ജീവിതം'
നജീബ് ആടുജീവിതം നയിച്ചെങ്കില്‍ അത് സിനിമയായതോടെ കുറേ മലയാളികള്‍ കഴുത ജീവിതം നയിക്കുകയാണ്. നോവലും മനുഷ്യനും സിനിമയും കൂടിക്കുഴഞ്ഞ ഭാവനാ ലോകമാണത്. ഇതിനെയെല്ലാം വേര്‍തിരിച്ച് കാണാനോ വിശകലനം ചെയ്യാനോ കഴിയാത്ത മനുഷ്യരുടെ ഒപ്പാരികളാണ് എവിടേയും. മലയാളി അടുത്തിടെ കടന്നുപോയ ഏറ്റവും പ്രതിലോമകരമായ വിവാദംകൂടിയാണ് ഇപ്പോഴത്തേത്.
ആടുജീവിതംപോലൊരു നോവല്‍ സിനിമയാകുമ്പോള്‍ ചില വിവാദങ്ങള്‍ പ്രതീക്ഷിക്കേണ്ടതാണ്. കാരണം ഓരോ വായനക്കാരനിലും ഓരോ ആടുജീവിതവും നജീബുമുണ്ട്. മലയാളികളില്‍ അധികവും വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ നോവലാണിത്. വായിച്ചവരെല്ലാം തന്റെ മനസ്സില്‍ ഉണ്ടാക്കിയെടുത്ത ദൃശ്യലോകമുണ്ട്.
അതിനോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ അവന്‍ കലിപ്പിലാകും എന്നത് പ്രശ്‌നമാണ്. സര്‍ഗാത്മകമായി പരിണമിക്കാമായിരുന്ന ഇത്തരം വിവാദങ്ങള്‍ക്ക് പകരം സിനിമ പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായത് നികൃഷ്ടമായ വായനകളാണ്. മൂക്കന്മാര്‍ നിറഞ്ഞാടുന്ന പുതിയലോകത്ത് ഇതൊരു തുടക്കം മാത്രമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.