അല്‍-നക്ബ; ഫലസ്തീനിന്റെ ജീവിതത്തിലേക്കുള്ള മടക്ക യാത്രയുടെ താക്കോല്‍
|''അല്‍-നക്ബ. അറുപതു കൊല്ലമായി ബലം പ്രയോഗിച്ച് നാടുകടത്തപ്പെട്ട ഫലസ്തീനികളുടെ ഇനിയും മരിച്ചിട്ടില്ലാത്ത ഇച്ഛാശക്തിയുടെ പ്രകടനപത്രികയാണിത്..' ബാബു ഭരദ്വാജ് എഴുതി, പ്രതീക്ഷ ബുകസ് പ്രസിദ്ധീകരിച്ച 'പ്രവാസിയുടെ വഴിയമ്പലങ്ങള്‍' യാത്രാ പുസ്തകത്തില്‍ നിന്ന്.
അല്‍-നക്ബ എന്ന വാക്കിന്റെ അര്‍ഥം ദുരന്തമെന്ന് മാത്രമല്ല. ഒരു വാക്കിനുള്ളില്‍ അനേകം വാക്കുകള്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന ഭാഷയാണ് അറബി. ഒരുപക്ഷേ, മരുഭൂമിയുടെ പ്രവചനാതീതമായ സ്വഭാവ വൈരുധ്യങ്ങളും ആകസ്മികതകളും ആകുലതകളും ആശങ്കകളുമായിരിക്കണം ആ ഭാഷയെ ഇത യേറെ പ്രണയ മധുരവും ദര്‍ശന സമൃദ്ധവുമാക്കി മാറ്റിയത്. മനുഷ്യകുലം ജീവിതത്തില്‍ നിന്നാണല്ലോ ഭാഷ രൂപവത്കരിക്കുന്നതും സമൃദ്ധമാക്കുന്നതും. 2008ല്‍ ഒരു മെയ് മാസമൊടുക്കമാണ് ഞാന്‍ സഫിയയെ കാണുന്നത്. ഹൂസണിലെ ഒരു ചെറിയ റെസ്റ്റോറന്റിന്റ ഏകാന്തപരിസരത്തില്‍ സഫിയയെ കണ്ടില്ലായിരുന്നെങ്കില്‍ ഈ കഥ ഞാനൊരിക്കലും എഴുതുമായിരുന്നില്ല. ഈ കഥ വിശ്വസിക്കാനും എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കു വെക്കാനും എനിക്ക് കഴിയുമായിരുന്നില്ല. ആകാശത്തു നിന്നിറങ്ങിവരുന്ന അനേകായിരം താക്കോലുകള്‍ ആര്‍ക്കെങ്കിലും വിചാരിക്കാന്‍ പറ്റുമോ? തുരുമ്പിച്ച ഓരോ താക്കോലും പ്രതിരോധത്തിന്റെ ആയുധവും ആത്മവിശ്വാസവുമായി മാറുന്നത് ആ സായാഹ്നത്തിലാണ് ഞാനറിഞ്ഞത്. ദശകങ്ങളായി ഞാനറിഞ്ഞതും കേള്‍ക്കുന്നതുമായ ഫലസ്തീന്‍ എന്റെ മനസ്സില്‍ മൂര്‍ത്തമാവുന്നത് ആ നിമിഷം മുതലാണ്.
മുപ്പതു വര്‍ഷം മുമ്പ് സൗദി അറേബ്യയിലെ അല്‍ക്കോ ബാറില്‍ ഒരു ലബനാനി ലേബര്‍ ക്യാമ്പില്‍ ഞാന്‍ കഴിഞ്ഞു കൂടിയിട്ടുണ്ട്. കുറെക്കാലം നാടുവിട്ട് അഭയം തേടി നടക്കുന്ന ഫലസ്തീനികളും എവിടെയൊക്കെയോ വെച്ച് എന്റെ സൗഹൃദ വലയത്തില്‍ വന്നു ഭവിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും ഇത്ര ആഴത്തില്‍ ഫലസ്തീന്‍ എന്റെ ബോധ മണ്ഡലത്തില്‍ തറഞ്ഞുകയറിയിട്ടില്ലെന്ന കുറ്റബോത്തോടെ ഞാനെഴുതട്ടെ. യാഥാര്‍ഥ്യത്തെ കൂടുതല്‍ യാഥാര്‍ഥ്യമായി അനുഭവിപ്പിക്കുന്നത് കലയാണെന്നു കൂടി എനിക്കിപ്പോള്‍ പറയേണ്ടിവരുന്നു. അതെന്താണെന്ന് പിന്നീട് വിശദീകരിക്കാം. ഫലസ്തീനികള്‍ക്കൊപ്പം രാത്രി അത്താഴത്തിനിരിക്കുമ്പോള്‍ എന്റെ മനസ്സ് യാഥാര്‍ഥ്യത്തെ ലളിതവത്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ തീക്കൂനകള്‍ക്ക് ചുറ്റുമിരുന്ന് നിശ്ശബ്ദരായി ഭക്ഷിക്കുന്നു. ചിലപ്പോഴൊക്കെ ആ ഭൂതകാലത്തിന്റെ തടവുകാര്‍ അവരുടെ പഴയ രാജ്യത്തെക്കുറിച്ച് ഗൃഹാ തുരരാവുന്നു. അവര്‍ ചെറുപ്പത്തില്‍ പരിചയിച്ച ഭക്ഷ്യ പേയങ്ങള്‍ തന്നെ കഴിക്കുന്നു. ഇടയ്ക്കാരോ അവരുടെ പഴയ നാടന്‍ പാട്ടുകള്‍ പാടാന്‍ ശ്രമിച്ച് അക്ഷരങ്ങളും വാക്കുകളും കിട്ടാതെ കുഴങ്ങുന്നു. ഒരു നഷ്ടപ്പെട്ട ജനതയായിട്ടാണ് അവരെന്നും എന്റെ മനസ്സില്‍ ഇടം പിടിച്ചത്. പ്രതിരോധശേഷി ആരൊക്കെയോ ചേര്‍ന്ന് ചോര്‍ത്തിക്കളഞ്ഞ ഒരു പാവം ജനത. പഴയ നിയമത്തില്‍ എവിടെയോ വെച്ച് നഷ്ടപ്പെട്ടുപോയവര്‍. അത്തരം ഒരു ധാരണയുണ്ടാവാനുള്ള കാരണവും വിചിത്രമാണ്. ഈ കുറിപ്പിന്റെ പരിധിയില്‍ ഒതുങ്ങാത്ത ഒരു നിരീക്ഷണമാണ് അതെങ്കിലും പറയാതെ വയ്യ. അന്ന് പത്രങ്ങളിലൊക്കെ നിറഞ്ഞു നിന്നിരുന്നത് ഫലസ്തീനാണ്. വിവരങ്ങള്‍ ഒന്നിനു മീതെ ഒന്നായി വന്നുനിറയുന്നു. എന്നാലതിനൊരു കുഴപ്പമുണ്ട്. കൂടുതല്‍ വായിക്കുന്തോറും നമുക്ക് കിട്ടുന്ന വിവരങ്ങള്‍ കുറഞ്ഞുകുറഞ്ഞ് പോവുന്നു. വിവരങ്ങള്‍ അന്യോന്യം തേഞ്ഞു തേഞ്ഞ് തീരലാണത്. ഈ നിരീക്ഷണത്തിനെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നെനിക്കറിയില്ല.
ഞാന്‍ വീണ്ടും സഫിയയിലേക്ക് തിരിച്ചുവരുകയാണ്. ലോകത്തിലെ വര്‍ത്തമാനകാല പ്രതിരോധ പ്രസ്ഥാനങ്ങളെക്കുറിച്ച് ഗാഢമായി ആലോചിക്കുമ്പോള്‍ പ്രതിരോധ പ്രസ്ഥാനങ്ങളുടെ മുഖ്യ പോരാളികള്‍ സ്ത്രീകളാണെന്ന് എനിക്ക് തോന്നുന്നു (ഈ ആഖ്യാനത്തിലും അവളാണ് ധീരനായിക). കാരണം അതിജീവനത്തെക്കുറിച്ച് അവരേക്കാള്‍ ഉത്കണ്ഠപ്പെടാന്‍ പുരുഷസമൂഹത്തിന് ആവില്ല. കാരണം, സ്ത്രീകളാണ് ജീവിതത്തിന്റെ നൈരന്തര്യത്തിന്റെ കര്‍മ മണ്ഡലവും അടയാള വാക്യവും. അത് ഞാനറിയുന്നു, നിങ്ങളും അറിയുന്നു. അവരെ സ്‌നേഹിക്കുകയും ബഹു മാനിക്കുകയും ചെയ്യുന്ന സമൂഹത്തിനേ നിതാന്ത ജീവിതമുള്ളൂവെന്നും ഞാനറിയുന്നു. അതുകൊണ്ടായിരിക്കണം ഈ നൂറ്റാണ്ടിലെ മനുഷ്യ സമൂഹത്തെ മുന്നില്‍നിന്ന് നയിക്കുന്നത് സ്ത്രീകളായിരിക്കുമെന്ന് മാര്‍ക്വിസ് പറഞ്ഞത്.
അവളൊരു അറബി ഹൂറിയായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്തത്ര വശ്യമധുരമായിരുന്നു പാതി തുറന്ന കണ്ണാടി വാതിലിലൂടെ വെളിവായ ആ മുഖം.അവള്‍ കണ്ണുകള്‍കൊണ്ട് മുറിയാകെ പരതി. ഒഴിഞ്ഞുകിടക്കുന്ന എല്ലാ തീന്‍മേശകളും ഒഴിവാക്കി അവള്‍ എന്റെ നേരേ നടന്നടുത്തു. ക്ഷമാപണപൂര്‍വം എതിരെയുള്ള കസേരയില്‍ ഇരുന്നോട്ടെയെന്ന് അനുവാദം ചോദിച്ചു.
2008 മെയ് മാസത്തിലെ പ്രസന്ന മധുരമായ സായാഹ്നം. തലേന്ന് വരെ ഏതൊക്കെയോ കൊടുങ്കാറ്റുകളുടെ മുന്നറിയിപ്പുമായി ആകാശം കറുത്തിരുണ്ട് മേഘഭരിതമായിരുന്നു. ദിവസത്തില്‍ പലതവണ കാറ്റടിക്കുകയും മഴ ധൂളിയിടുകയും ചെയ്തുകൊണ്ടിരുന്നു. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് പൂമൂടി നിന്നിരുന്ന പാത മരങ്ങളൊക്കെ പൂകൊഴിച് നഗ്‌നമേനികളായി നിലകൊണ്ടു. മാനം തെളിഞ്ഞപ്പോഴാണ് ഞാനേകാന്ത സവാരിക്കിറങ്ങിയത്. ഒരു ഫലസ്തീനി ഭക്ഷണശാലയുടെ തണുത്ത അകത്തളത്തില്‍ ഞാനൊറ്റക്കായിരുന്നു. അമേരിക്കയിലെ മിക്ക ഭക്ഷണ ശാലകളിലും നമ്മളിങ്ങനെ ഒറ്റപ്പെടുന്ന അനുഭവമുണ്ട്. ഉണ്ണുന്നവര്‍ ഇല മടക്കുന്നതും കാത്ത് അക്ഷമരായി ഒഴിയുന്ന കസേര ചാടിപ്പിടിക്കാന്‍ കാത്തുനില്‍ക്കലാണ് നമ്മുടെ ഭക്ഷണശീലം.
ഓര്‍ഡര്‍ ചെയ്ത് ഭക്ഷ്യപേയങ്ങള്‍ കാത്തിരിക്കുന്നതിനിടയിലാണ് കണ്ണാടി വാതില്‍ പതുക്കെ തുറന്ന് അകത്തേക്കൊന്ന് പാളിനോക്കി ഒരു ചെറുചിരിയുമായി സഫിയ കടന്നുവന്നത്. കണ്ണാടി വാതില്‍ പാതി തുറന്ന് അവളുടെ മുഖം മാത്രം വെളിവായപ്പോള്‍ എന്റെ മനസ്സ് അകാരണമായി തുടിച്ചു. അവളൊരു അറബി ഹൂറിയായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്തത്ര വശ്യമധുരമായിരുന്നു പാതി തുറന്ന കണ്ണാടി വാതിലിലൂടെ വെളിവായ ആ മുഖം.അവള്‍ കണ്ണുകള്‍കൊണ്ട് മുറിയാകെ പരതി. ഒഴിഞ്ഞുകിടക്കുന്ന എല്ലാ തീന്‍മേശകളും ഒഴിവാക്കി അവള്‍ എന്റെ നേരേ നടന്നടുത്തു. ക്ഷമാപണപൂര്‍വം എതിരെയുള്ള കസേരയില്‍ ഇരുന്നോട്ടെയെന്ന് അനുവാദം ചോദിച്ചു. ഞാന്‍ സമ്മതപൂര്‍വം പുഞ്ചിരിച്ചു. മനോഹരമായ ഒരു സായാഹ്നത്തില്‍ ഒരു മനോഹരിക്കൊപ്പം അത്താഴം കഴിക്കുന്നതിനെ ഞാനെന്തിനെതിര്‍ക്കണം.'
അവള്‍ക്കൊറ്റക്കിരിക്കാന്‍ ആവില്ലെന്നും അത്താഴത്തിനൊപ്പം ആരോടെങ്കിലും സംസാരിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എനിക്ക് തോന്നി. അവള്‍ ഈ ലോകത്ത് അവളെ അടയാളപ്പെടുത്തുന്നതും, ലോകമില്ലാത്ത അവള്‍ ലോകത്തെ തേടുന്നതും ഇങ്ങനെയായിരിക്കണം. വരട്ടെ, പരിചയപ്പെടുന്നതിന് മുമ്പ് ഇങ്ങനെയൊക്കെ ആലോചിക്കാന്‍ എനിക്കൊരവകാശവുമില്ല. എങ്കിലും മനുഷ്യരുടെ ഹൃദയം അവരുടെ മുഖത്ത് പ്രസരിക്കുമെന്ന് ഞാനറിഞ്ഞുവശായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവരുടെയൊക്കെ കഥ എന്റെ കഥയായി എനിക്കെഴുതേണ്ടിവരുന്നതും.
ഒരു നരച്ച താടിക്കാരനെ കൂട്ടുകിട്ടിയതില്‍ അവള്‍ ആഹ്ലാദവതിയാണെന്ന് എനിക്കെന്തോ തോന്നി. ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ കസേരയില്‍ ഇരുന്നു. കൈയിലെ നീളന്‍ കടലാസ് ചുരുള്‍ അവള്‍ മേശ പുറത്ത് വെച്ചു. അതെന്താണെന്നറിയാനുള്ള ആകാംക്ഷ മനസ്സിലുണര്‍ന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല. മടിയില്‍ വെച്ചിരുന്ന ബാഗിന്റ കീശയില്‍ പരതി ഒരു പാക്കറ്റ് പേപ്പര്‍ ടവ്വലുകള്‍ അവള്‍ പുറത്തെടുത്തു. കഴുത്തും മുഖവുമൊക്കെ തുടച്ചിട്ട് അവള്‍ വിശദമായി എന്നെ നോക്കി ചിരിച്ചു.
''ഞാന്‍ സഫിയ. ആസ്മിന്‍ യൂനിവേഴ്‌സിറ്റിയില്‍ സോഷ്യല്‍ ആന്ത്രാപ്പോളജി പഠിക്കുന്നു. Iam a victim of forced exile.. രാജ്യം ഇല്ലാത്തവള്‍. രാജ്യത്തു നിന്ന് ബലം പ്രയോഗിച്ച് പിടിച്ചിറക്കിവിടപ്പെട്ടവള്‍. ഏതൊക്കെയോ രാജ്യങ്ങളിലലയുന്ന ഉമ്മയെയും ബാപ്പയെയും സഹോദരങ്ങളെയും ഓര്‍ത്ത് വിലപിക്കുന്നവള്‍. ഇനി എപ്പോഴെങ്കിലും ഒത്തുചേരാന്‍ കഴിയുമോ എന്ന് വേവലാതിപ്പെടുന്നവള്‍.''
'ഇന്ത്യന്‍?
''അതെ. ലബനാനി.''
''അല്ല ഫലസ്തീനി...'
പിന്നീട് ഒരു വിശദീകരണക്കുറിപ്പുപോലെ അവള്‍ തുടര്‍ന്നു.
''ഒരു ലബനാനി പോലും ആ പേരില്‍ വിളി കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ ലെവന്‍തുകളാണ്. ലെവന്‍ടൈനുകള്‍ (Levantine). ബൈബിളില്‍ പറയുന്ന ലെവന്തുകള്‍. നൂറ്റാണ്ടുകളോളം നീണ്ട ഒട്ടോമന്‍ സാമ്രാജ്യ അധിനിവേശമാണ് അവരെ ലബനാനികളാക്കിയത്.''
പെണ്ണ് ഞാന്‍ വിചാരിച്ചതുപോലെയല്ലല്ലോ? ചരിത്രത്തെക്കുറിച്ചുള്ള കൃത്യമായ ദിശാബോധത്തോടെയാണവള്‍ എന്റെ അത്താഴമേശ പകുക്കുന്നത്. ഈ ചുരുങ്ങിയ വാക്കുകള്‍ക്കിടയിലൂടെ ഞങ്ങള്‍ രണ്ട് ലോകങ്ങളില്‍ നിന്ന് ഒരു ലോകത്തിലെത്തി. അവള്‍ അവളെ പേര് പറഞ്ഞ് പരിചയപ്പെടുത്തിക്കഴിഞ്ഞിരുന്നില്ല, ഞാനവളെയും.
തല ചരിച്ചവളെ നോക്കുന്നതിനിടയില്‍ എന്റെ മൂക്കില്‍ നിന്ന് വഴുതി താഴേക്ക് വീഴാന്‍ പോയ എന്റെ കണ്ണട വലതുകരം നീട്ടി അവള്‍ യഥാ സ്ഥാനത്ത് ഉറപ്പിച്ചു. എന്നിട്ട് ചിരിച്ചു. എന്റെ ഓര്‍മയില്‍ എവിടെയോ സമാനമായ ഒരു നിമിഷം തെളിഞ്ഞു. താഴേക്കു വീഴുന്ന കണ്ണട കൈ നീട്ടി യഥാസ്ഥാനത്ത് ഉറപ്പിക്കുന്ന എന്റെ മകളുടെ ചിത്രം. അതോടെ അപരിചിതത്വത്തിന്റെ എല്ലാ അദൃശ്യ രേഖകളും മാഞ്ഞുപോയി.
''ഞാന്‍ സഫിയ. ആസ്മിന്‍ യൂനിവേഴ്‌സിറ്റിയില്‍ സോഷ്യല്‍ ആന്ത്രാപ്പോളജി പഠിക്കുന്നു. Iam a victim of forced exile.. രാജ്യം ഇല്ലാത്തവള്‍. രാജ്യത്തു നിന്ന് ബലം പ്രയോഗിച്ച് പിടിച്ചിറക്കിവിടപ്പെട്ടവള്‍. ഏതൊക്കെയോ രാജ്യങ്ങളിലലയുന്ന ഉമ്മയെയും ബാപ്പയെയും സഹോദരങ്ങളെയും ഓര്‍ത്ത് വിലപിക്കുന്നവള്‍. ഇനി എപ്പോഴെങ്കിലും ഒത്തുചേരാന്‍ കഴിയുമോ എന്ന് വേവലാതിപ്പെടുന്നവള്‍.''
''ഞാനെന്റെ ഉമ്മയെ സ്വന്തമാക്കുന്നത് ഉമ്മയുടെ ഡയറിക്കുറിപ്പുകളിലൂടെയാണ്. ചെറുപ്പത്തില്‍ അഭയം തേടിയുള്ള എന്റെ സഞ്ചാരം ആരംഭിച്ചപ്പോള്‍ ഉമ്മ എന്നെ ഏല്‍പിച്ചതാണ്. ഞങ്ങള്‍ക്ക് മാതളത്തോപ്പിനിടയില്‍ മറഞ്ഞിരിക്കുന്ന ഒരു വീടുണ്ട്. ഫലസ്തീനിലെ ഏതോ ഗ്രാമത്തില്‍. ഇന്നാ ഗ്രാമം ഇസായേലിലാണ്.
ചുരുങ്ങിയ വാചകങ്ങളില്‍ സഫിയ ഒരു ജനതയുടെ ചരിത്രം പറഞ്ഞു തീര്‍ത്തു. പിന്നെ എന്റെ മുഖഭാവം പഠിച്ചുകൊണ്ടവള്‍ ഇരുന്നു. അവളുടെ ചേഷ്ടകള്‍ എത്ര കൗതുകകരമാണെന്നാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്. ഒരു പെണ്‍കുട്ടിയുടെ എല്ലാ നിഷ്‌കളങ്കതയോടും കൂടെ അവള്‍ ചിരിക്കുകയും തന്റെ കൈകള്‍ എന്തുചെയ്യണമെന്നറിയാതെ ഇടക്കിടെ മേശമേല്‍ വെക്കുകയും പിന്നെ വിരലുകള്‍ കൊണ്ട് മേശമേല്‍ എന്തൊക്കെയോ കുത്തിവരക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയില്‍ പലതവണ അവളുടെ മുഖം അകാരണമായി തുടുത്തു. വെയിറ്റര്‍ ഓര്‍ഡറെടുക്കാന്‍ വന്നപ്പോള്‍ അവള്‍ നിഷ്‌കളങ്കമായി എന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ നേരത്തേ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞതാണല്ലോ. അവളുമായി പങ്കുവെക്കാന്‍ മാത്രമുണ്ടാവുമോ എന്നെനിക്കറിയില്ല. പങ്കു വെക്കപ്പെടണമെന്ന് അവള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാല്‍ പങ്കുവെക്കപ്പെടണമെന്ന് ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഒരു സൗഹൃദത്തിന്റ പേരിലല്ല, അവളുടെ വേവലാതികള്‍ എന്റേതു കൂടിയാണെന്ന് അവളെ ബോധ്യപ്പെടുത്താന്‍. ഞാന്‍ ആവശ്യപ്പെട്ടത് എന്തൊക്കെയാണെന്ന് അവളെ അറിയിച്ചു. അവള്‍ക്കിഷ്ടപ്പെട്ടത് എന്തും ആവശ്യപ്പെടാന്‍ പറഞ്ഞു: നമുക്കൊന്നിച്ച് ആഹാരം പകുത്ത് കഴിക്കാം. അവള്‍ ഹൃദ്യമായി ചിരിച്ചു. വെയിറ്റര്‍ പോയിക്കഴിഞ്ഞപ്പോള്‍ മന്ത്രിക്കുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു:
''ഒരുപാട് കാലമായി അപ്പം പകുത്തു തിന്നിട്ട്. മനുഷ്യര്‍ അപ്പം പങ്കു വെക്കുമ്പോഴാണ് പുതിയ ലോകം ഉണ്ടാവുന്നത്. ഇസ്ലാം ഭക്ഷണം പങ്കുവെക്കുന്നവരുടെ വിശ്വാസമാണ്.''
അവള്‍ നിശ്ശബ്ദയായി. അന്യമനസ്‌കയായി. അവള്‍ ഏതോ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ടു. ഓര്‍മയില്‍ നഷ്ടപ്പെട്ടിരിക്കുന്ന പെണ്‍കുട്ടിയാണ് ഏറ്റവും കൗതുകകരമായ കാഴ്ചയെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയിരുന്നു. എന്തോ അബദ്ധം കാണിച്ചതുപോലെ അവള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്ന് എന്നെ നോക്കി പുഞ്ചിരിച്ചു:
''എന്റെ ഉമ്മയുടെ ഓര്‍മകളിലേക്ക് ഞാന്‍ ചേക്കേറിപ്പോയതാണ്. ഉമ്മയുടെ ഓര്‍മകളില്‍നിന്നാണ് ഞാനെന്റെ വീടും രാജ്യവും അറിയുന്നതും അനുഭവിക്കുന്നതും. ഒരുപക്ഷേ, എന്റെ തലമുറയിലെ എല്ലാ ഫലസ്തീനികളും അവരൊരിക്കലും കാണാത്ത സ്വന്തം നാടറിയുന്നത ഒരിക്കലും അവരുടെ സ്വന്തമല്ലാത്ത ഈ ഓര്‍മകളിലൂടെയായിരിക്കണം.''
''ഞാനെന്റെ ഉമ്മയെ സ്വന്തമാക്കുന്നത് ഉമ്മയുടെ ഡയറിക്കുറിപ്പുകളിലൂടെയാണ്. ചെറുപ്പത്തില്‍ അഭയം തേടിയുള്ള എന്റെ സഞ്ചാരം ആരംഭിച്ചപ്പോള്‍ ഉമ്മ എന്നെ ഏല്‍പിച്ചതാണ്. ഞങ്ങള്‍ക്ക് മാതളത്തോപ്പിനിടയില്‍ മറഞ്ഞിരിക്കുന്ന ഒരു വീടുണ്ട്. ഫലസ്തീനിലെ ഏതോ ഗ്രാമത്തില്‍. ഇന്നാ ഗ്രാമം ഇസായേലിലാണ്. ഇത്തരം സായാഹ്നങ്ങളില്‍ മുറ്റത്തൊരു നെരിപ്പോട് നീറിക്കത്തും. അതിനരികില്‍ ഒട്ടകത്തോല് കൊണ്ടുണ്ടാക്കിയ പരവതാനി വിരിച്ചിരിക്കും. ധൂമ പാനത്തിനായി ഹുക്കുകള്‍ വെച്ചിരിക്കും. പെണ്‍മക്കള്‍ അബ്ദമാര്‍ക്കായി ഹുക്കകള്‍ നിറച്ചു കൊളുത്തിക്കൊടുക്കും.''
ഏതോ ലോകത്തുനിന്ന് വരുന്ന മുഴക്കം പോലെ അവളുടെ വാക്കുകള്‍. പുകയിലധൂമം സുരഭിലമാക്കിയ അതീതകാല നിമിഷങ്ങള്‍. അവളുടെ മനസ്സ് സുതാര്യമായ ചിറകുകള്‍ വിടര്‍ത്തി പറക്കുന്നത് എനിക്ക് കാണാമായിരുന്നു. ''മുറ്റത്ത് സന്ധ്യ വെളിച്ചത്തിലായിരുന്നു അത്താഴം. സ്ത്രീകള്‍ ചോള റൊട്ടികള്‍ ചൂടോടെ ചുട്ടെടുത്ത് കിണ്ണങ്ങളില്‍ ഇടും. ചോള റൊട്ടിക്കൊപ്പം പാല്‍ക്കട്ടിയും ഒലിവ് പഴങ്ങളും ഈത്തപ്പഴങ്ങളും. എനിക്കൊരിക്കലും അതൊന്നും അനുഭവിക്കാനായിട്ടില്ല. എന്നാലും എന്റെ ബോധതലത്തില്‍ ആ ചരിത്രവും ആ നിമിഷങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു.''
അത്താഴത്തിന്റെ വിഭവ രുചികളിലേക്ക് അവളുടെ മനസ്സ് പറന്നിറങ്ങി. പ്രവാസികള്‍ക്ക് അത്താഴത്തിന്റെ ഓര്‍മകള്‍ അതിജീവനത്തിന്റെ ഓര്‍മകളാണ്. നാവുകൊണ്ടല്ല അവര്‍ രുചിക്കുന്നത്, മനസ്സുകൊണ്ടാണ്. ചോളറൊട്ടി മൊരിയുന്നതിന്റെ ശബ്ദ ഗന്ധങ്ങളിലേക്ക് ഞാനും പറന്നിറങ്ങി. അല്‍ ഹസ്സയുടെ ഗ്രാമഗന്ധങ്ങളില്‍ മൊരിഞ്ഞ റൊട്ടിയുടെ ഗന്ധം പരക്കുന്നത് അനുഭവിച്ച ഒരുപാട് സായാഹ്നങ്ങള്‍ എന്റെ മനസ്സി ലുണ്ട്. അവള്‍ മേശപ്പുറത്തെ കടലാസ് ചുരുളില്‍ വീണ്ടും കൈവെച്ചപ്പോള്‍ അതെന്താണെന്ന ചോദ്യം എന്റെ കണ്ണുകളില്‍ നിറഞ്ഞു. കടലാസ് ചുരുള്‍ മേശപ്പുറത്ത് അവള്‍ തടവി നിവര്‍ത്തി. എന്നിട്ടവള്‍ എന്റെ മുഖത്തേക്ക് നോക്കി. അതൊരു പോസ്റ്ററായിരുന്നു.
''അല്‍-നക്ബ. അറുപതു കൊല്ലമായി ബലം പ്രയോഗിച്ച് നാടുകടത്തപ്പെട്ട ഫലസ്തീനികളുടെ ഇനിയും മരിച്ചിട്ടില്ലാത്ത ഇച്ഛാശക്തിയുടെ പ്രകടനപത്രികയാണിത്...' ഞാന്‍ കൗതുകത്തോടെ ആ പോസ്റ്റര്‍ നോക്കിയിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. നൂറുകണക്കിന് പാരചൂട്ടുകള്‍ പറന്നിറങ്ങുന്ന ഒരു ചിത്രം. ഓരോ പാരചൂട്ടിനും അറബിയുടെ സ്വത്വബോധത്തെ പ്രസരിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. ആദ്യം അതെന്താണെന്ന് മനസ്സിലായില്ല. പെട്ടെന്നാണ് ബോധോദയം ഉണ്ടായത്. ഈ പാര്‍ക്യൂട്ടുകളെല്ലാം അറബി കളുടെ ശിരോവസ്ത്രമായ ''കുഫിയ്യ'കള്‍ ആണ്. കറുപ്പും വെളുപ്പും ചതുര ങ്ങള്‍ നിറഞ്ഞ ഫലസ്തീനിയന്‍ 'കുഫിയ്യ'കള്‍. ''കുഫിയ്യകള്‍' പാരച്യൂട്ടുകളായി വിടര്‍ത്തി അതിന്റെ അറ്റത്ത് മനുഷ്യര്‍ക്ക് പകരം താക്കോലുകള്‍. നൂറുകണക്കിന് താക്കോലുകള്‍ ജെറൂസലമിലേക്ക് മാനത്തില്‍ നിന്നിറങ്ങിവരുന്നു. താഴെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും നഷ്ടാവശിഷ്ടങ്ങള്‍ക്കുമേല്‍ എന്തൊക്കെയോ എഴുതിവെച്ചിരിക്കുന്നു.
''1948ല്‍ ഇസായേല്‍ അധിനിവേശത്തില്‍ തകര്‍ന്ന ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരുകളാണതൊക്കെ. അതിലൊന്ന് എന്റെ പൂര്‍വ പിതാക്കളുടെ ഗ്രാമമാണ്. അതിലൊരു താക്കോല്‍ എന്റേതാണ്.'' അവള്‍ ബാഗിന്റെ ഉള്ളറകളില്‍ നിന്നൊരു തുരുമ്പിച്ച താക്കോല്‍ പുറത്തെടുത്തു. ചുകന്ന പട്ടുതുണികൊണ്ടുണ്ടാക്കിയ ഒരു ചെറിയ തുണി ബാഗിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന താക്കോല്‍. ''ഈ പോസറിന് കദനം നിറഞ്ഞ ഒരു പ്രണയ കഥകൂടി പറയാനുണ്ട്. ഇത് വരച്ചത് ഒരു അറബിയല്ല, ഇല്‍ദിക്കോ-ടോത്ത് എന്ന ഹംഗറിക്കാരിയാണ്. ഹംഗറിയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ ഒരു പെണ്ണ്. 34 വയസ്സുകാരിയായ ടോത്ത് ഇന്റര്‍നെറ്റിലൂടെ സമീര്‍ എന്നൊരു ഫലസ്തീന്‍ അമേരിക്കന്‍ വിദ്യാര്‍ഥിയുമായി പ്രണയത്തിലാവുന്നു. എന്നെപ്പോലെതന്നെ ഒരു അമേരിക്കന്‍ ഫലസ്തീന്‍ വിദ്യാര്‍ഥിയാണവനും. കഴിഞ്ഞ കൊല്ലം മെയ് മാസമാദ്യം ഈജിപ്തില്‍ കെയറോവില്‍ വെച്ചവര്‍ വിവാഹിതരാവുന്നു. നൈല്‍ നദിയിലുടെ നൗകാഗൃഹത്തില്‍ ഹണി മൂണ്‍ സഞ്ചാരം. അതുകഴിഞ്ഞ് ഹംഗറിയിലെ കുടുംബജീവിതം. വീണ്ടും ഒത്തുചേരാനായി അവര്‍ രണ്ടുവഴിക്ക് പിരിയുന്നു. ടോത്ത് അമേരിക്കയിലേക്കും സമീര്‍ ഫലസ്തീനിലേക്കും. സമീര്‍ മാതാപിതാക്കളെ കാണാനാണ് പോയത്. എന്നാല്‍ സമീറിന് അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ പറ്റിയില്ല. അമേരിക്കയുടെ ഭീകരവാദ നിയമത്തിന്റെ പുതിയ വകുപ്പുകള്‍ സമീറിന്റെ 'നക്ബ' ആയി മാറി. അതുകൊണ്ടുതന്നെ കോത്തിന്റെയും ''നക്ബ' ആയി. വിരഹത്തിന്റെ ഉഷ്ണമേഖലയുടെ കനല്‍ചൂടിലിരുന്നാണ് ടോത്ത് ഈ പോസര്‍ വരച്ചത്.
1948 മെയ് 14നാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം സൃഷ്ടിക്കപ്പെടുന്നത്. അതോടെ ഫലസ്തീനികള്‍ക്ക് സ്വന്തം നാട് നഷ്ടമായി. സയണിസ്റ്റുകള്‍ 2008 മെയ് മാസത്തില്‍ അറുപതാം വാര്‍ഷികം ''ഒരു പുരാതന സ്വപ്നത്തിന്റെ സാക്ഷാത്കാരം' എന്ന പേരില്‍ കൊണ്ടാടി. അതിനെതിരെയുള്ള ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ പാരചൂട്ട് ആക്രമണമാണ് ടോത്തിന്റെ പോസ്റ്റര്‍.
ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ വഞ്ചനകളിലൊന്നാണ് ഫലസ്തീന്‍ ചരിത്രം. ഫലസ്തീന്‍ എന്ന ബിബ്ലിക്കല്‍ വാക്കിന്റെ അര്‍ഥം തന്നെ ''അപരിചിതര്‍' വസിക്കുന്ന ഇടമെന്നാണ്. ഒരിക്കല്‍ ആ നാട് അപരിചിതരുടെ നാടാകുമെന്ന് ദീര്‍ഘദര്‍ശനമായിരിക്കണം ബൈബിളിലേത്.
ഈ കൊടുംവഞ്ചനയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു അറബിക്കും കൈകഴുകി രക്ഷപ്പെടാനാവില്ല. നിസ്സഹായതകൊണ്ടാണ് അങ്ങനെ സംഭ വിച്ചതെന്ന് പറഞ്ഞാല്‍ പോലും അതൊരു ന്യായീകരണമാവുന്നില്ല.
1948ലെ ആ മെയ് മാസം ഫലസ്തീനികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. വീടുകള്‍ നഷ്ടപ്പെടുകയും താക്കോലുകള്‍ മാത്രം ബാക്കിയാവുകയും ചെയ്ത ക്രൂരമായ ഒരു മെയ് മാസമാണത്. ഇസ്രായേല്‍ രൂപവത്കരണത്തിനെതിരെ ഉയര്‍ന്ന സമരമുന്നണിയായിരുന്നു അറബ് വിമോചന സേന. വിമോചന സേന ഫലസ്തീന്‍ ഗ്രാമീണരോട് ലബനാനിലും ജോര്‍ദാനിലും സിറിയയിലും ഒരുക്കിയ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് നീങ്ങാന്‍ അഭ്യര്‍ഥിക്കുന്നു. മുഴുവന്‍ ഫലസ്തീനികളെയും സയണിസ്റ്റുകള്‍ കൊന്നൊടുക്കുന്നത് തടയാനായിരുന്നു ഇത്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം തിരിച്ചുവരാനുള്ള ഒരു പലായനം. മോസസും മോസസിന്റെ ജനതയും ഒരിക്കലും തിരിച്ചുവരാത്ത പുറപ്പാടുകളിലേക്കാണ് ഇറങ്ങിപ്പുറപ്പെട്ടത്. ആയിരത്താണ്ടുകള്‍ക്കുശേഷം ഫലസ്തീനികള്‍ തിരിച്ചുവരാമെന്ന് പ്രതീക്ഷയില്‍ ജന്മദേശം ഉപേക്ഷിക്കുന്നു. ചില അല്ലറ ചില്ലറ സാധനങ്ങള്‍ മാത്രം ഭാണ്ഡം കെട്ടി വീടുകള്‍ ഭദ്രമായി താഴിട്ട് പൂട്ടി ഒരു ജനത ഒന്നിച്ച് താക്കോലുകളുമായി ഇറങ്ങുന്നു. ഇനി ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്രക്കാണ് തങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടതെന്ന് അപ്പോള്‍ അവര്‍ നിനച്ചിരുന്നില്ല. വിമോചനസേനയുടെ അഭ്യര്‍ഥന മാനിച്ചതാണ് ഫലസ്തീനികള്‍ ചെയ്ത ഏറ്റവും വലിയ ''ചരിത്രപരമായ മണ്ടത്തരം.'
കുറച്ചുദിവസത്തേക്കുള്ള ദേശാടനം അറുപത് വര്‍ഷത്തിലേറെക്കാലമായി ഫലസ്തീന്‍ ജനത ഇന്നും തുടരുന്നു അവരിന്നും താല്‍ക്കാലിക വസതികളില്‍ അപരിചിത ദേശങ്ങളില്‍ അവയോടൊന്നും ഇണങ്ങാതെ തിരിച്ചുപോക്കിനായി കാത്തിരിക്കുന്നു. ഒരുപാട് ആയുസ്സുകളുടെ കാത്തിരിപ്പായിരിക്കാമത്. ഒരുപക്ഷേ, ഒരിക്കലും ഒടുങ്ങാത്ത ഒരു കാത്തിരിപ്പ്.
ഫലസ്തീനികള്‍ അറുപത് വര്‍ഷത്തിനു ശേഷവും ആ തുരുമ്പിച്ച താക്കോലുകള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. തിരിച്ചുവരാനായി വീടുകള്‍ ഭദ്രമായി പൂട്ടി കൈയിലെടുത്ത അതേ താക്കോലുകള്‍, കാല ഭേദങ്ങളില്ലാതെ അഭയാര്‍ഥി ക്യാമ്പുകളില്‍നിന്ന് മറ്റേതെങ്കിലും അഭയാര്‍ഥി ക്യാമ്പു കളിലേക്ക് പലായനം ചെയ്യുമ്പോഴും അവരാ താക്കോലുകള്‍ ഹൃദയങ്ങളില്‍ കൊളുത്തിയിട്ടിരിക്കുന്നു. ഇനി ഒരിക്കലും ആ പഴയ താക്കോലുകള്‍ കൊണ്ട് അവരുടെ പുരാതന ഭവനങ്ങള്‍ തുറക്കാനാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ആ തുരുമ്പിച്ച താക്കോലുകള്‍ അവര്‍ സൂക്ഷിക്കുന്നു.
ഒരു വാഗ്ദാനത്തിന്റെയും വാഗ്ദത്ത ലംഘനത്തിന്റെയും സ്മാരകങ്ങളാണ് ആ താക്കോലുകള്‍. സഫിയയെ കാണുന്നതിനു മുമ്പ് എന്റെ മനസ്സില്‍ താക്കോല്‍ ഒരു അധികാരചിഹ്നമായിരുന്നു. ഇന്നത് അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ചിഹ്നമായി മാറി. ഒരു ചിഹ്നം എങ്ങനെയാണ് വ്യത്യസ്ത പരിതഃസ്ഥിതികളില്‍ മാറിമറിയുന്നതെന്ന് ഞാനറിയുന്നു. ഒരു പക്ഷേ, പ്രതിലോമമെന്ന് കരുതുന്ന പലതും പ്രതിരോധത്തിന്റെ കൊടിയടയാളമായി മാറിയേക്കാം. ആ താക്കോലുകളാണ് ടോത്തിന്റെ ചിത്രത്തില്‍ ''കുഫിയ്യ'കളില്‍ പറന്നിറങ്ങുന്നത്.
ഭക്ഷണം പകുത്തുകഴിച്ച് പിരിയുമ്പോള്‍ സഫിയ ചുവന്ന ചെറുതുണി സഞ്ചിയില്‍ നിന്ന് ആ താക്കോലെടുത്ത് എന്റെ കൈയില്‍ തന്നു. ആ താക്കോല്‍ എന്റെ കൈവെള്ളയില്‍ക്കിടന്ന് പൊള്ളുന്നതു പോലെ എനിക്ക് തോന്നി. ആ താക്കോലിനു മാനവ ചരിത്രത്തിന്റെ മുഴുവന്‍ ഭാരവും ഉണ്ടായിരുന്നു. അവള്‍ വിരലുകള്‍ കൊണ്ട് എന്റെ കൈയില്‍ നിന്നാ താക്കോല്‍ നുള്ളിയെടുത്ത് ചുവന്ന തുണിസഞ്ചിക്കുള്ളിലാക്കി. പിന്നെ വിഷാദം നിറഞ്ഞ ഒരു പുഞ്ചിരിയോടെ തെരുവിലെ ഇരുളിലേക്കിറങ്ങിപ്പോയി. ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ അവള്‍ നടന്നുനീങ്ങി. നഷ്ടപ്പെട്ട താക്കോലുകള്‍ ഒരുപാട് തവണ എന്നെ വേവലാതിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ നഷ്ടപ്പെടാത്ത ഈ താക്കോലുകളാണ് എന്നെ വേദനിപ്പിക്കുന്നത്.
പ്രവാസിയുടെ വഴിയമ്പലങ്ങള്‍: വാരാദ്യ മാധ്യമത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പ്രവാസിയുടെ വഴിയമ്പലങ്ങള്‍ കോഴിക്കോട്ടെ പ്രതീക്ഷ ബുക്‌സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.
ബാബു ഭരദ്വാജ്: മാധ്യമ പ്രവര്‍ത്തകനും, നോവലിസ്റ്റുമായിരുന്നു. മികച്ച നോവലിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട്. മീഡിയാവണ്‍ ടി.വി പ്രോഗ്രാം എഡിറ്റര്‍, കൈരളി ടി.വി ക്രീയേറ്റീവ് എക്‌സിക്യുട്ടീവ്, ചിന്ത വീക്ക്‌ലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2016 മാര്‍ച്ച് മുപ്പതിന് അന്തരിച്ചു.