Analysis
The Malabaris route of exile
Analysis

ദീനം താണ്ടിയ ദേശാടനങ്ങള്‍; മലബാരികളുടെ പ്രവാസ വഴി

അസ്‌നഹ് എം.കെ
|
6 April 2024 11:17 AM GMT

സങ്കീര്‍ണ്ണതകളില്‍ നിന്നും സന്ദിഗ്ധതകളില്‍ നിന്നും കുതിച്ച് ചാടാനുള്ള വെമ്പല്‍ മുസ്ലിം സമുദായത്തിനുണ്ടെന്നും, ക്രിയാത്മക ഇടപെടലുകളാണ് അവ ത്വരിതപ്പെടുത്തുന്നതെന്നും 1921 ന് ശേഷമുള്ള സമരാനന്തരകാലം നമ്മോട് പറയുന്നു. പ്രവാസം സുപ്രധാന സാന്നിധ്യം അലങ്കരിക്കുന്ന മലബാറിന്റെ സാമ്പത്തിക അതിജീവനമാണ് പ്രത്യുത ക്രിയാത്മക ഇടപെടലുകളുടെയെല്ലാം അടിസ്ഥാനമായി വര്‍ത്തിച്ചത്. മലബാറും പ്രവാസവും കേരളത്തിന്റെ വികസനത്തില്‍ പരിവര്‍ത്തിച്ച വിധം, സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ വരുത്തിയ മാറ്റം വിശകലനം ചെയ്യുന്നു.

രണ്ടായിരങ്ങളിലെ ഒരു മലബാര്‍ ബാല്യത്തെ അലട്ടിയ രണ്ട് ആശങ്കകളുണ്ട്. ഒന്ന്, ഗള്‍ഫ് നിലച്ചാല്‍ എന്ത് ചെയ്യും? രണ്ട്, തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള പച്ചക്കറി, അരി വരവ് നിലച്ചാല്‍ എന്ത് ചെയ്യും? സ്വാശ്രയത്വം എന്ന ഭീമന്‍ മണ്ടത്തരത്തെ പ്രസക്തമാക്കാനായിരിക്കണം ഈ രണ്ട് ആശങ്കകള്‍ ജനമനസ്സുകളില്‍ ഉല്‍പ്പാദിപ്പിച്ചത്. വ്യക്തി, സമുദായം, ദേശം തുടങ്ങി സംവര്‍ഗങ്ങള്‍ ഏതൊന്നിന്റെയും പുരോഗതിക്കും സമൃദ്ധിക്കും ആഭ്യന്തര ഉല്‍പ്പാദനം, ആസൂത്രണം, സാശ്രയത്വം എന്നീ പരിഹാരങ്ങള്‍ക്കോ മറുപടികള്‍ക്കോ ആണ് അനിഷേധ്യം അപ്രമാദിത്വം കല്‍പ്പിക്കാറുള്ളത്. മാനവിക സ്വഭാവത്തിന്റെയും ചരിത്രത്തിന്റെയും സ്വഭാവികമോ സൂക്ഷ്മമോ ആയ അന്വേഷണത്തില്‍ സ്വാശ്രയത്വം എന്നത് അസാധ്യവും കേവല കാല്‍പനികവുമാണെന്ന് വിലയിരുത്തുന്നത് അസങ്കീര്‍ണമാണ്. മറിച്ച് പരസ്പരാശ്രയത്വമാണ് മാനവികതയുടെ സമൂലമോ ആത്യന്തികമോ ആയ അതിജീവനത്തിനാശ്രയം. അവ്വിധം ദേശാതിര്‍ത്തികള്‍ക്കപ്പുറത്തെ പരസ്പരാശ്രയത്വത്തില്‍ ഊന്നിയ മാനവിക-അതിജീവന സാധ്യതകളെ സന്ദേഹാതീതമായി പ്രതിഫലിപ്പിക്കുന്നതാണ്, ലോകത്ത് നിലക്കാതെ തുടരുന്ന പ്രവാസവും കൈമാറ്റ - കുടിയേറ്റ ഗതിവിഗതികളും. പ്രവാസത്താല്‍ ദീനം മാറിയതും സാമ്പത്തിക അതിജീവനം കൈവന്നതുമായ വിശാല ലോക ഭൂപടത്തിലെ സുപ്രധാന ഏടായാണ് മലബാറിനെയും മലബാറിലെ മുസ്ലിം സമുദായത്തെയും അടയാളപ്പെടുത്തേണ്ടത്.

1930 വരെ മലബാര്‍ സമരത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ മാപ്പിളമാരെ വേട്ടയാടിക്കൊണ്ടിരുന്നു. വളരെ പതുക്കയാണെങ്കില്‍ പോലും ഏറെ അത്ഭുതകരമായാണ് ശൂന്യതയില്‍ നിന്ന് ഇന്ന് കാണുന്ന മാത്രയിലേക്ക് മലബാറിലെ മുസ്ലിം സമൂഹം അതിജീവിച്ചത്. അതോടൊപ്പം വിപ്ലവാനന്തരം മുസ്ലിം രാഷ്ട്രീയത്തിലും മുസ്ലിം അതിജീവനത്തിന്റെ രീതിശാസ്ത്രത്തിലും വലിയ ചുവടുമാറ്റവും ദര്‍ശിക്കാവുന്നതാണ്.

വിപ്ലവാനന്തരം മലബാര്‍

1921 ആഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട്, വയനാട് താലൂക്കുകളിലായി മുഖ്യമായും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തിയാര്‍ജിച്ച സായുധ പോരാട്ടമായിരുന്നു മലബാര്‍ സമരത്തിലെ അവസാന ഏടുകള്‍. ഇരുപതാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്ലിംകള്‍ അഭിമുഖീകരിച്ച ആഴമേറിയ പ്രതിസന്ധി 1947ലെ ഇന്ത്യന്‍ വിഭജനമായിരുന്നെങ്കില്‍ കേരളത്തില്‍ 1921 ലെ മലബാര്‍ സമരാനന്തരമാണ്. 17 വ്യത്യസ്ത സേനാ വിഭാഗങ്ങളാല്‍ ഈ കൊച്ചു പ്രദേശത്തെയും പോരാട്ടങ്ങളെയും പൂര്‍ണ്ണമായും അടിച്ചതൊക്കി. പതിനായിരത്തിലധികം പേര്‍ ബ്രീട്ടീഷ് മോചനത്തിനായി ജീവത്യാഗം ചെയ്തു. ബ്രിട്ടീഷുകാരുടെ കണക്ക് പ്രകാരം 2339 പേര്‍ മാത്രമാണ് രക്തസാക്ഷികള്‍. 1600 പേര്‍ ജയിലുകളില്‍ മരണത്തിന് കീഴടങ്ങി. ബ്രിട്ടീഷ് ഭാഷ്യപ്രകാരം 5995 പേര്‍ അറസ്റ്റിലാവുകയും 39340 പേര്‍ കീഴടങ്ങുകയും 1300 ഓളം പേരെ അന്തമാനിലേക്ക് നാടുകടത്തുകയും ചെയ്തു. അഥവാ, 50000 പേര്‍ ബ്രിട്ടീഷ് ക്രൂരതയുടെ നേരിട്ടുള്ള ഇരകളായെന്നാണ് ബ്രിട്ടീഷ് രേഖാ ഭാഷ്യം. ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് മലബാര്‍ ജനസംഖ്യയുടെ 30 ശതമാനത്തിനു മീതെ ഇവിടെ നിന്ന് അപ്രത്യക്ഷമായെന്നാണ്. പുരുഷന്മാരില്ലാത്ത വീടുകളും എങ്ങും അനാഥകളും വിധവകളും. കൊള്ളയും കൊലയും സാര്‍വതികമായി. ജനങ്ങളുടെ സ്വത്തുക്കളും വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുകയും ചുട്ടെരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പീഡനങ്ങള്‍ അഴിച്ചുവിട്ടു. കലാപബാധിതമല്ലാത്ത പ്രദേശങ്ങളിലും പട്ടാളം അഴിഞ്ഞാടിയതായി മാധവന്‍ നായരുള്‍പ്പെടെയുള്ള ചരിത്രകാരന്മാര്‍ എഴുതുന്നുണ്ട. ഇതിനെല്ലാം പുറമെ, ഭീമമായ സംഖ്യ മാപ്പിളമാരില്‍ നിന്ന് ബ്രിട്ടീഷുകാര്‍ വസൂലാക്കി. 5000 മാപ്പിളമാരില്‍നിന്ന് മൊത്തം 363458 രൂപ പിഴയാണ് അവര്‍ കൈക്കലാക്കിയത് എന്നാണ് ബ്രിട്ടീഷ് രേഖകളില്‍. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം സമുദായത്തെ നിരാശയിലേക്ക് ഒറ്റപ്പെടുന്നതിലേക്കും നയിക്കുന്ന പലതും അന്ന് സംഭവിച്ചു.


ഗാന്ധിയും ദേശീയ പ്രസ്ഥാനവും സമരത്തെ തള്ളിപ്പറയുകയും സമര നേതൃത്വത്തിലെ പലരും രക്തസാക്ഷികളാവുകയും ചെയ്തു. മാപ്പിളമാരോട് അനുഭാവ സമീപനമെടുത്ത ദേശീയ പ്രസ്ഥാനത്തിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, മൊയ്തു മൗലവി, എം.പി നാരായണ മേനോന്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി എന്നിവര്‍ തടവിലാക്കപ്പെട്ടു. കട്ടിലശ്ശേരിയെ പോലുള്ളവര്‍ ഒളിവില്‍ പോവാന്‍ നിര്‍ബന്ധിതരായി. ചുരുക്കത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയില്‍ ധൈര്യം നല്‍കാനും ചോദ്യം ചെയ്യാനും ആരുമില്ലാതായി. മിക്ക കുടുംബങ്ങളിലേതും അഭയാര്‍ത്ഥി തുല്യമായ ജീവിതമായിരുന്നു. 1923 - 24 കാലത്ത് കേരള തീരത്തേക്ക് പ്രളയം കൂടി വന്നതോടു ദുരിതം ഇരട്ടിയായി. 1930 വരെ മലബാര്‍ സമരത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ മാപ്പിളമാരെ വേട്ടയാടിക്കൊണ്ടിരുന്നു. വളരെ പതുക്കയാണെങ്കില്‍ പോലും ഏറെ അത്ഭുതകരമായാണ് ശൂന്യതയില്‍ നിന്ന് ഇന്ന് കാണുന്ന മാത്രയിലേക്ക് മലബാറിലെ മുസ്ലിം സമൂഹം അതിജീവിച്ചത്. അതോടൊപ്പം വിപ്ലവാനന്തരം മുസ്ലിം രാഷ്ട്രീയത്തിലും മുസ്ലിം അതിജീവനത്തിന്റെ രീതിശാസ്ത്രത്തിലും വലിയ ചുവടുമാറ്റവും ദര്‍ശിക്കാവുന്നതാണ്. പോര്‍ച്ചുഗീസ് - ബ്രിട്ടീഷ് കാലങ്ങളില്‍ നേരിട്ടുള്ള പോരാട്ടങ്ങളായിരുന്നു അവരുടെ അതിജീവനമെങ്കില്‍, സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമാണ് വിപ്ലവാനന്തരം മുസ്ലിം അതിജീവനം ലക്ഷ്യം വെച്ചത്.

ഉണര്‍വിലേക്കുള്ള കൂട്ടബാങ്കുകള്‍

1950 കള്‍ക്ക് ശേഷം മലബാര്‍ ദേശത്ത് വര്‍ദ്ധിച്ച് വന്ന കൂട്ടബാങ്കുകളെക്കുറിച്ച് പല വാമൊഴി രേഖകളിലും കാണാവുന്നതാണ്. മുസ്ലിം സമുദായത്തിലെ ഒരു കുടുംബാംഗത്തിന്റെ യാത്ര സമയത്ത് (ഹജ്ജ്, തൊഴില്‍ എന്നിവക്കായുള്ള ദീര്‍ഘ ദൂര യാത്രകള്‍) കുടുംബാംഗങ്ങള്‍ റെയില്‍വേ സ്റ്റേഷനിലും യാത്ര പുറപ്പെടുന്നിടങ്ങളിലും കൂട്ടമായി ബാങ്ക് വിളിക്കുന്നതിനെയാണ് ഇത് കുറിക്കുന്നത്. അത്തരം ഉണര്‍വിലേക്കുള്ള ബാങ്കൊലികള്‍ അവസാനിച്ചെങ്കിലും വിട്ടു പിരിയലിന്റെ വേദനകള്‍ ഇന്നും നിലക്കാതെ പ്രവാസ വേര്‍പാടുകളില്‍ ധ്വനിച്ചു കൊണ്ടേയിരിക്കുന്നു.

സങ്കീര്‍ണ്ണതകളില്‍ നിന്നും സന്ദിഗ്ധതകളില്‍ നിന്നും കുതിച്ച് ചാടാനുള്ള വെമ്പല്‍ മുസ്ലിം സമുദായത്തിനുണ്ടെന്നും, ക്രിയാത്മക ഇടപെടലുകളാണ് അവ ത്വരിതപ്പെടുത്തുന്നതെന്നും 1921 ന് ശേഷമുള്ള സമരാനന്തരകാലം നമ്മോട് പറയുന്നു. പ്രവാസം സുപ്രധാന സാന്നിധ്യം അലങ്കരിക്കുന്ന മലബാറിന്റെ സാമ്പത്തിക അതിജീവനമാണ് പ്രത്യുത ക്രിയാത്മക ഇടപെടലുകളുടെയെല്ലാം അടിസ്ഥാനമായി വര്‍ത്തിച്ചത്. ഒരു സമൂഹത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ വളര്‍ച്ചയെ നിര്‍ണയിക്കുന്നതില്‍, ആ സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിരതക്കും വിസ്തൃതിക്കും ഏറെ പങ്കുണ്ട് എന്ന ബോധ്യത്തിലാണ് പ്രവാസ ദൂരങ്ങള്‍ മലബാര്‍ മുസ്ലിമിന് മറികടക്കാനായത്. 1921 ലെ സമരാനന്തരം അനുഭവിച്ച കൊടിയ ദാരിദ്രവും അരക്ഷിതാവസ്ഥയും മറികടന്ന് മുന്നേറാന്‍ ഭൂപരിഷ്‌കരണമോ നാമമാത്രമായ സര്‍ക്കാറാനുകൂല്യങ്ങളോ മതിയാകുമായിരുന്നില്ല. മലബാറിലെ മുസ്ലിം സാമ്പത്തിക ഉണര്‍വിനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി. ബോംബെ, ഹൈദരാബാദ്, ഡല്‍ഹി, മദ്രാസ് എന്നീ സംസ്ഥാനങ്ങളും രാജ്യത്തിനപ്പുറം ബര്‍മ്മ, സിലോണ്‍, മലേഷ്യ എന്നിവയും മലബാറുകാരന്റെ പ്രവാസ കേന്ദ്രങ്ങളായി. പിന്നീട് അറേബ്യന്‍ നാടുകളിലേക്കും തൊഴില്‍ തേടി വലിയ തോതില്‍ കുടിയേറ്റം അരങ്ങേറി. 1970 മുതല്‍ 1990 വരെയുള്ള ഒന്നാം തലമുറ കുടിയേറ്റവും 1990 മുതല്‍ രണ്ടാം തലമുറ കുടിയേറ്റവും മുസ്ലിം അതിജീവനത്തിലെ വലിയ ഏടാണ്. കാരണം, കേരളത്തിലെ സാമുദായികമോ സാമൂഹികമോ ആയ നവോത്ഥാന - സംഘടന - രാഷ്ട്രീയ മുന്നേറ്റങ്ങളുടെയെല്ലാം സാമ്പത്തിക സ്രോതസ്സ് ഗള്‍ഫ് കുടിയേറ്റമാണെന്ന് പഠനങ്ങള്‍ പറയുന്നു.

1950 കളില്‍ തുടങ്ങിയ പലായനങ്ങള്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ സര്‍വോന്മുഖ വളര്‍ച്ചക്കിടയാക്കി എന്നു മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടനയെ തന്നെ താങ്ങിനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചെന്നും മനസ്സിലാക്കാം. വികസന വിഷയങ്ങളിലും വിഭവ വിതരണത്തിലും എന്നും വിവേചന ഭൂപടത്തില്‍ ഇടം പ്രാപിച്ച മലബാറിന്റെ, മാനവ വിഭവശേഷി വികസനത്തിലും ജീവിത നിലവാരമുയര്‍ത്തുന്നതിലും പ്രവാസം നിര്‍ണായക സാന്നിദ്ധ്യമാണ്.

2018-ലെ കണക്കനുസരിച്ച് കേരളത്തിലെ മൊത്തം പ്രവാസികളുടെ 43 ശതമാനവും മുസ്ലിംകളാണ്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ല മലപ്പുറമാണ്. കേരളത്തിലെ മൊത്തം പ്രവാസികളുടെ 89.2 ശതമാനവും ഗള്‍ഫ് രാഷ്ട്രങ്ങളിലാണ്. വിദേശമലയാളികള്‍ പ്രതിവര്‍ഷം നാട്ടിലേക്കയക്കുന്ന പണം 900 ബില്യന്‍ രൂപ വരും. ഇതില്‍ 21 ശതമാനവും മലപ്പുറം ജില്ല വഴിയാണ്. കേരളത്തിന്റെ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 35 ശതമാനം വരുമിത്. അഥവാ, 1950 കളില്‍ തുടങ്ങിയ ഇത്തരം പലായനങ്ങള്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ സര്‍വോന്മുഖ വളര്‍ച്ചക്കിടയാക്കി എന്നു മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടനയെ തന്നെ താങ്ങിനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചെന്നും മനസ്സിലാക്കാം. വികസന വിഷയങ്ങളിലും വിഭവ വിതരണത്തിലും എന്നും വിവേചന ഭൂപടത്തില്‍ ഇടം പ്രാപിച്ച മലബാറിന്റെ, മാനവ വിഭവശേഷി വികസനത്തിലും ജീവിത നിലവാരമുയര്‍ത്തുന്നതിലും പ്രവാസം നിര്‍ണായക സാന്നിദ്ധ്യമാണ്. എന്നാല്‍, ശൂന്യതയില്‍ നിന്ന് സാമ്പത്തിക അതിജീവനത്തിലേക്കുള്ള ഈ കുതിച്ച് ചാട്ടം അതിജീവന ചരിത്രത്തില്‍ വളരെ അപൂര്‍വുമായി കാണപ്പെടുകയും, ഗള്‍ഫ് പണം സ്രോതസ്സായി വളര്‍ന്ന സാംസ്‌കാരിക-രാഷ്ട്രീയ ഉപോല്‍പ്പന്നങ്ങള്‍ അതിജീവന താളുകളില്‍ നിറഞ്ഞൊഴുകാറുമാണ് പതിവ്. സ്വല്‍പം ചില രചനകളിലും സിനിമകളിലും പ്രമേയമായി വന്നെങ്കിലും, സ്‌തോഭജനകമായ ആടുജീവതങ്ങളായാണ് പ്രവാസം ജീവിതം പലതും അവതരിച്ചത്. മലബാര്‍ മുസ്ലിമിന് ഒരു ആടുജീവിതം പോലും നല്‍കാന്‍ സ്വദേശ ഭൂമികയോ അധികാരികളോ തയ്യാറായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം എഴുതാപ്പുറമായി അപ്പോഴും ബാക്കിയാകുന്നു.

വിവേചനത്തിന്റെ വികസന ഭൂപടത്തില്‍ അപ്രിയമായ തുടരലും കലഹവും നിര്‍ലോപം നിര്‍വഹിക്കുമ്പോളും പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കുള്ള പര്യവേക്ഷണങ്ങളിലെ സാധ്യത അനന്തമാണെന്ന് കൂടി തൊഴില്‍ തേടിയ ദേശാടനങ്ങള്‍ തെളിയിച്ചു. അത് വിദ്യാഭ്യാസ മേഖലയിലുള്‍പ്പടെ ഇന്ന് കാണുന്ന രീതിയില്‍ അന്തര്‍ സംസ്ഥാന-അന്താരാഷ്ട്ര പര്യവേക്ഷണ-പരീക്ഷണങ്ങളിലേക്ക് വരെ കൊണ്ടെത്തിച്ചു.

പ്രവാസ പോഷണം ചില മൗലിക ആലോചനകള്‍

പ്രവാസ ലോകത്തേക്ക് അവിശ്രമം ഒഴുക്ക് തുടരുമ്പോഴും മതിയായ ആസൂത്രണം, ബോധവത്കരണം, പരിശീലനം എന്നിവയുടെ അഭാവം, ആ ഒഴുക്കിനെ ബലഹീനമാക്കുന്നു എന്ന് സമര്‍ഥിക്കേണ്ടിയിരിക്കുന്നു. തദടിസ്ഥാനത്തില്‍ പ്രവാസജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ (പ്രവാസ പ്രവേശനം, പ്രവാസം, പ്രവാസാനന്തരം) ചില മൗലികാലോചനകള്‍ സാധ്യമാണ്.


പ്രവാസ പ്രവേശനത്തിന്റെ ഘട്ടമാണ് പ്രാഥമികമായി പരിഗണിനീയം. വേണ്ടത്ര വൈദഗ്ധ്യമോ പരിശീലനമോ പ്രവൃത്തി പരിചയമോ ഇല്ലാതെ പ്രവാസത്തിലേക്ക് ഇടിച്ച് കയറുന്നവരാണ് അധികവും. ഭൂരിഭാഗം സന്ദര്‍ശന വിസകളുടെ സ്വഭാവം പരിശോധിക്കുന്നതിലൂടെ അത് വ്യക്തമാകാം. പ്രതീക്ഷിച്ചതോ അന്വേഷിച്ചതോ അല്ലാത്ത മേഖലകളില്‍ സംതൃപ്തിയടഞ്ഞ് പ്രവാസ പ്രാന്തങ്ങളില്‍ കഴിഞ്ഞ് കൂടുന്നവരാണ് ഏറെയും. വെറുംകയ്യാലുള്ള തിരിച്ച് പോക്കിലുള്ള നിസ്സഹായവസ്ഥയും ദുരഭിമാനവുമാണ് അത്തരം നിര്‍വൃതികള്‍ക്ക് പിന്നില്‍. പ്രവാസ പ്രവേശനത്തിന് മുന്നോടിയായി മതിയായ വൈദഗ്ധ്യം, പരിശീലനം, പ്രവൃത്തി പരിചയം എന്നിവയെക്കുറിച്ച അവബോധം സൃഷ്ടിക്കലും അവസരങ്ങള്‍ ഒരുക്കലും പ്രവാസ പോഷണത്തിലെ മൗലികമായ മുന്നുപാധിയാണ്. പ്രവാസ പ്രദേശങ്ങളിലെ ഭാഷകളില്‍ പ്രാഥമിക പരിശീലനവും അവഗാഹം നല്‍കലും ഏറെ ശ്രദ്ധ നല്‍കേണ്ട മേഖലയാണ്. പ്രവാസ പ്രവേശത്തിന് മുന്നോടിയായി തൊഴില്‍ കുതുകികള്‍ക്ക് മതിയായ സാമ്പത്തിക സാക്ഷരത നല്‍കലും പ്രസക്തിയേറിയ വസ്തുതയാണ്. ലഭിക്കുന്ന വേതനത്തിന്റെ കൃത്യമായ ഉപഭോഗം, മിച്ചം, നിക്ഷേപം എന്നിവയെക്കുറിച്ച ധാരണ സാമ്പത്തിക സാക്ഷരതയെ കുറിക്കുന്നു.

പ്രവാസ കേന്ദ്രങ്ങളില്‍ വ്യത്യസ്തമായ സംഘാടനങ്ങളും സംഘടനകളും ദൃശ്യമാണെങ്കിലും, അല്‍പ്പം കൂടി ക്രിയാത്മകമായ ചലനങ്ങളിലേക്കും ആലോചനകളിലേക്കും അവ സഞ്ചരിക്കേണ്ടിയിരിക്കുന്നു. സമീപകാലങ്ങളില്‍ സംഘടനാ വൈവിധ്യവും എണ്ണവും ക്രമാധീതമായി വര്‍ധിച്ചിട്ടിണ്ട്. എങ്കിലും പ്രവാസ സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തെയോ അടിസ്ഥാന ആവശ്യങ്ങളെയോ അഭിമുഖീകരിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പ്രവാസി സംഘാടനങ്ങള്‍ കേവലം മാതൃ-സംഘടനക്കുള്ള വോട്ട് ബാങ്ക്, സാമ്പത്തിക സ്രോതസ്സ് എന്നീ പരികല്‍പ്പനകളിലേക്ക് പരിമിതപ്പെടുന്നത് നിരര്‍ത്ഥകമാണ്. തൊഴിലാളികളുടെ മതിയായ വേതനം, ആരോഗ്യം തുടങ്ങീ അടിസ്ഥാന വിഷയങ്ങളിലേക്ക് പോലും ആലോചനകള്‍ എത്തുന്നില്ല എന്നത് ഒരേസമയം അസ്വസ്ഥതയും അത്ഭുതവും ഉളവാക്കുന്നു. പലപ്പോഴും അത്തരം ആലോചനകളെ സ്വദേശത്തോട് താരതമ്യപ്പെടുത്തി, ലഭ്യമായതില്‍ സംതൃപ്തിയടയാറാണ് പ്രവാസ കേന്ദ്രങ്ങളിലെ പതിവ്.


പ്രവാസ ജീവിതത്തിലെ ഏറ്റവും അവഗണനീയ സന്ദര്‍ഭമാണ് പ്രവാസാനന്തര ഘട്ടം. ഭരണകൂട - സംഘടന സംവിധാനങ്ങളില്‍ നിന്ന് ഈ ഘട്ടത്തെ അഭിമുഖീകരിക്കാനോ പരിഹാരമേകാനോ ആസൂത്രിത നയങ്ങളോ പദ്ധതികളോ ഉണ്ടായി വന്നിട്ടില്ല. പ്രവാസ ലോകത്ത് നിന്നുള്ള തിരിച്ച് വരവിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണ്. വീട് നിര്‍മാണം, സഹോദരിമാരുടെ വിവാഹം തുടങ്ങി നിശ്ചിത ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണാനന്തരമുള്ള സാധാരണ മടക്കമാണ് അവയില്‍ ഏറെയും. ഇവ്വിധം മടങ്ങുന്നവരുടെ പ്രവാസ ലോകത്ത് നിന്ന് ആര്‍ജ്ജിച്ച വൈദഗ്ധ്യവും പ്രവൃത്തി പരിചയും ഉപയോഗപ്പെടുത്തുന്ന പദ്ധതികളോ സംരംഭകത്വ സാധ്യതകളോ വിരളമാണ്. പ്രവാസ ലോകത്ത് നിന്ന് അപ്രതീക്ഷിത മടക്കം ലഭിച്ചവരും അനവധിയാണ്. കുവൈത്ത് യുദ്ധം, നിതാഖാത്ത്, കോവിഡ് വ്യാപനം എന്നിവ അത്തരം അപ്രതീക്ഷിത മടക്കം സൃഷ്ടിച്ച സന്ദര്‍ഭങ്ങളാണ്. മാനസികമായും സാമ്പത്തികമായും സ്തംഭിച്ച് പോവുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ മതിയായ പുനരധിവാസ പരിഗണനയര്‍ഹിക്കുന്നു. പ്രവാസ കേന്ദ്രങ്ങള്‍ മാറ്റി മാറ്റി പരീക്ഷിക്കുന്നവരും ഈ ഗണത്തില്‍ പരിഗണീയരാണ്. ഇവ്വിധം മടക്കത്തിന്റെ കാരണങ്ങളും ആവശ്യങ്ങളും മുന്‍നിര്‍ത്തിയുള്ള പ്രവാസ പുനരധിവാസത്തിന്റെ വിവിധങ്ങളായ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങളുടെ പരിഗണനകളില്‍ ഉള്‍പ്പെടേണ്ടതുണ്ട്. സ്വദേശിയേക്കാള്‍ പ്രവാസികളില്‍ അധികരിച്ച് വരുന്ന അകാല മരണം, ആത്മഹത്യ നിരക്ക് എന്നിവ അത്തരം ആലോചനകളുടെ അനിവാര്യതയെക്കുറിക്കുന്നതാണ്. മലപ്പുറം ജില്ലയില്‍ മാത്രം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പ്രവാസമവസാനിപ്പിച്ച് മടങ്ങിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് (ഏകദേശം 13 ലക്ഷത്തോളം) പഠനങ്ങള്‍ രേഖപ്പെടുത്തുന്നു. മലബാര്‍ മേഖലകളിലെ ചില താലൂക്കുകളില്‍ അഞ്ചില്‍ മൂന്ന് ഭാര്യമാരുടെയും ഭര്‍ത്താക്കന്മാര്‍ പ്രവാസ ലോകത്താണെന്നും ഈ മടക്കത്തെ ആസ്പദിക്കുന്ന വസ്തുതയാണ്.

ജനസംഖ്യാ ഗതി വിഗതികളും പ്രവാസ സമ്പദ്‌വ്യവസ്ഥയുടെ ആകുലതയും

ജനസംഖ്യാ നിരക്കിലും ജനന നിരക്കിലുമുണ്ടാകുന്ന അസ്വാഭാവികമായ കുറവ്, ജനതയുടെ സാമ്പത്തിക വ്യവഹാരങ്ങളെ പൊതുവായും പ്രവാസ മൂലധനത്തെ സവിശേഷമായും ബാധിക്കും. പ്രവാസ സമ്പദ് വ്യവസ്ഥയില്‍ മനുഷ്യ വിഭവം അത്രമേല്‍ പ്രധാനമാണ്. അഥവാ പ്രവാസം എന്ന പ്രക്രിയയെ, മനുഷ്യ വിഭവത്തിന്റെ കയറ്റുമതി എന്ന് ഉല്‍പ്പന്ന യുക്തിയില്‍ പരിഭാഷപ്പെടുത്താം. മലബാര്‍ മേഖലയില്‍ ജനസംഖ്യയിലെയും ജനനിരക്കിലെയും ഗണ്യമായ കുറവ്, പ്രവാസം താങ്ങി നിര്‍ത്തുന്ന ഒരു സമ്പദ് വ്യവസ്ഥയെ അപ്രിയമായി ബാധിക്കും എന്നത് തീര്‍ച്ചയാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ വര്‍ധനവും കുടുംബാസൂത്രണത്തെ ആസ്പദിച്ച അനുചിത ആലോചനകളും വരെ ജനന നിരക്കിനെയും ജനസംഖ്യയെയും നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ഇതില്‍ തൊഴിലെടുക്കുന്ന സ്ത്രീയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ആലോചന ഈ കാലത്ത് അസാധ്യമാണെന്നിരിക്കെ, തൊഴിലെടുക്കുന്ന സ്ത്രീയെ അംഗീകരിച്ച് കൊണ്ട് തന്നെ ശിശു - കുടുംബപരിപാലനത്തിന്റെ പുതു മാര്‍ഗങ്ങളെക്കുറിച്ച അന്വേഷണമാകും ജനസംഖ്യാ സന്തുലിതത്വം വീണ്ടെടുക്കാന്‍ കൂടുതല്‍ സാധ്യത നല്‍കുക. ജനസംഖ്യ വര്‍ധനവും ഉയര്‍ന്ന ജനന നിരക്കും ജീര്‍ണതയുടെ ആഖ്യാനങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നതിന് പകരം, സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന മനുഷ്യ മൂലധനമെന്ന പ്രധാന്യം അവക്ക് കൈവരുത്തേണ്ടിയിരിക്കുന്നു.


Similar Posts