Analysis
ഇന്ത്യന്‍ മുസ്‌ലിംകളുടെ പേടിസ്വപ്നം അവസാനിച്ചു - ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
Analysis

ഇന്ത്യന്‍ മുസ്‌ലിംകളുടെ പേടിസ്വപ്നം അവസാനിച്ചു - ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ഷെല്‍ഫ് ഡെസ്‌ക്
|
5 Jun 2024 2:30 PM GMT

മോദി വീണ്ടും പ്രധാനമന്ത്രിയായാലും അത് നമ്മള്‍ ഇതുവരെ അറിഞ്ഞിരുന്ന അമ്പത്താറിഞ്ച് നെഞ്ചുള്ള ശക്തനായ മോദിയായിരിക്കില്ല.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഇന്ത്യന്‍ മുസ്‌ലിംകളുടെ പേടിസ്വപ്നം അവസാനിച്ചു എന്നതാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഏകദേശം 200 ദശലക്ഷമാണ്, അതായത് ഇന്ത്യയിലെ മൊത്തം ജനസംഖ്യയായ 1400 ദശലക്ഷത്തിന്റെ (അതില്‍ ഏകദേശം 80 ശതമാനം ഹിന്ദുക്കളാണ്) ഏകദേശം 15 ശതമാനം വരും അത്.

വലതുപക്ഷ ഹിന്ദു പാര്‍ട്ടിയായ ബി.ജെ.പി 2014-ല്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പും ഇന്ത്യയിലെ മുസ്‌ലിംകള്‍ പലപ്പോഴും ഇരകളാക്കപ്പെടുകയും പൈശാചികവത്കരിക്കപ്പെടുകയും വിവേചനത്തിന് വിധേയരാകുകയും ചെയ്തിട്ടുണ്ട്. അത് താത്കാലികവും അപൂര്‍വവുമായിരുന്നു. എന്നാല്‍, 2014-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും ക്രമാതീതമായി വര്‍ധിച്ചു. അത്തരം സംഭവങ്ങള്‍ സര്‍വസാധാരണയായി മാറി. പ്രത്യക്ഷവും അതി ക്രൂരവുമായ രീതിയില്‍ അത് തുടര്‍ന്നു.

മുസ്ലിംകളെ ബീഫ് കഴിക്കുകയും വില്‍ക്കുകയും ചെയ്യുന്നു എന്ന വ്യാജാരോപണത്തിന്റെ പേരില്‍, അവരുടെ വീടുകള്‍ക്കുനേരെ ബുള്‍ഡോസര്‍ രാജ് നടത്തുക, 'ജയ് ശ്രീറാം' വിളിക്കാത്തതിന് ക്രൂരമായി മര്‍ദിക്കുക, തീവ്രവാദികളും ഗുണ്ടാസംഘങ്ങളുമാണെന്നും ഹിന്ദു സ്ത്രീകളെ പീഡിപ്പിക്കുന്നവരും വശീകരിക്കുന്നവരുമാണെന്നുമൊക്കെയുള്ള വ്യാജവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്ത് വര്‍ഷങ്ങളോളം ജയിലില്‍ അടക്കുക തുടങ്ങിയ കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകാണ്ടിരുന്നു.

ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതില്‍ വലിയ പങ്കുണ്ട്.

2001-ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുകയും, 2002-ല്‍ 2000-3000 മുസ് ലിംകളെ കൂട്ടക്കൊല ചെയ്യുകയുമുണ്ടായി. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം മുസ്‌ലിംകളെ നിരന്തരം അടിച്ചമര്‍ത്തുകയും അവര്‍ക്കുനേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. അത് ഹിന്ദു വോട്ടുകള്‍ സുരക്ഷിതമാക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല, അത് അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് ചിന്തയുടെ ഭാഗമായിരുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ തങ്ങളുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയത്തിന്റെ ഭാഗമായി 1925-ല്‍ സൃഷ്ടിച്ച ഒരു ഫാസിസ്റ്റ് ഹിന്ദു സംഘടനയാണ് ആര്‍.എസ്.എസ് (രാഷ്ട്രീയ സ്വയംസേവക് സംഘം). ഇത് മുസ്‌ലിം ലീഗിന്റെ അതേ നാണയത്തിന്റെ മറുവശമായിരുന്നു, ഇരുവരും ബ്രിട്ടീഷ് ഏജന്റുമാരായിരുന്നു.

ആര്‍.എസ്.എസ്സിലെ എല്ലാ അംഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് മുസ്‌ലിംകളോടുള്ള വിദ്വേഷമാണ്. എല്ലാ ആര്‍.എസ്.എസുകാരും നിര്‍ബന്ധമായും വായിക്കുന്ന ആര്‍.എസ്.എസ് നേതാവ് എം.എസ്. ഗുരുജി ഗോള്‍വാള്‍ക്കറുടെ 'എ ബഞ്ച് ഓഫ് തോട്ട്സ്' എന്ന തന്റെ പുസ്തകത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ വിദേശ ആക്രമണകാരികള്‍, കൊള്ളക്കാര്‍, ബലാത്സംഗക്കാര്‍, ഗുണ്ടാസംഘങ്ങള്‍, തീവ്രവാദികള്‍ എന്നിങ്ങനെയുള്ള വിഷം ചീറ്റുന്ന വാക്കുകള്‍കൊണ്ടാണ് വിശേഷിപ്പിക്കുന്നത്.

വളരെ ചെറുപ്പത്തില്‍ തന്നെ ആര്‍.എസ്.എസില്‍ ചേര്‍ന്നതിനാല്‍, മോദിയും ഇതെല്ലാം വായിച്ചുകൊണ്ടാണ് വളര്‍ന്നുവരുന്നത്. എല്ലാ ആര്‍.എസ്.എസുകാരെയും പോലെ മുസ്‌ലിംകളോട് അദ്ദേഹം കടുത്ത വിദ്വേഷം വെച്ചുപുലര്‍ത്തി. നാസി ജര്‍മനിയിലെ ജൂതന്മാരെപ്പോലെ ഇന്ത്യന്‍ മുസ്ലിംകള്‍ അദ്ദേഹത്തിന്റെ ഭരണകാലത്തുടനീളം ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിച്ചു. മുസ്‌ലിംകളെ അവഹേളിക്കുന്ന പരസ്യ പ്രസ്താവനകള്‍ നിരന്തരം അദ്ധേഹം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. സംസ്ഥാന-വിദ്യാഭ്യാസ സ്ഥാപനങ്ങളെ 'കാവിവത്കരിക്കാനും' ശാസ്ത്രത്തെയും വിദ്യാഭ്യാസത്തെയും വികൃതമാക്കാനും മോദി ശ്രമിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ നടത്തിയ പ്രസംഗങ്ങളില്‍ മോദി വീണ്ടും മുസ്‌ലിംകള്‍ക്കെതിരെ വിഷം ചീറ്റി, അവരെ വിദേശ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിച്ചു. എന്നാല്‍ 95 ശതമാനം ഇന്ത്യന്‍ മുസ്‌ലിംകളും പല കാരണങ്ങളാല്‍ ഇസ്‌ലാം മതം സ്വീകരിച്ച ഹിന്ദു പൂര്‍വ്വികരില്‍ നിന്നുള്ളവരാണ് എന്നതാണ് സത്യം. പക്ഷേ അവര്‍ ഒരിക്കലും വിദേശികളായിരുന്നില്ല. ബാക്കിയുള്ള അഞ്ച് ശതമാനം ആളുകള്‍ അധികം വൈകാതെതന്നെ ഇന്ത്യക്കാരായിമാറി. മംഗളസൂത്രം, ആട്ടിറച്ചി, മുര്‍ഗ, മുജ്റ തുടങ്ങിയവയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ താഴ്ന്ന സംസ്‌കാരത്തെയായിരുന്നു വെളിപ്പെടുത്തിയത്. എന്നിരുന്നാലും, എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇരുണ്ട ദിനങ്ങള്‍ അവസാനിച്ചിരിക്കുന്നു.

545 സീറ്റുകളുള്ള ലോക്സഭയില്‍ 240 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായതെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നു. അത് 273 എന്ന പകുതിയില്‍ താഴെയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളുടെ സഹായം തേടേണ്ടിവരും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകാന്‍ പോകുന്ന ചന്ദ്രബാബു നായിഡുമാണ് അതില്‍ പ്രധാനികള്‍. സഖ്യകക്ഷികളില്‍നിന്ന് പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിലും ബ്ലാക്ക് മെയിലിംഗിലും ഇവര്‍ രണ്ടുപേരും വിദഗ്ധരാണ് എന്നത് മുന്‍കാല അനുഭവമാണ്. അവര്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ കഴിയുന്ന ധനകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം തുടങ്ങിയ ലാഭകരമായ സ്ഥാനമാനങ്ങള്‍ തീര്‍ച്ചയായും അവര്‍ ആവശ്യപ്പെടും. തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കണമെന്നും നിയമനിര്‍മാണത്തില്‍ തങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടേക്കാം.

സാഹചര്യം ഇതായിരിക്കെ, മോദി വീണ്ടും പ്രധാനമന്ത്രിയായാലും അത് നമ്മള്‍ ഇതുവരെ അറിഞ്ഞിരുന്ന 56 ഇഞ്ച് നെഞ്ചുള്ള ശക്തനായ മോദിയായിരിക്കില്ല, ആ രൂപത്തിന്റെ ദുര്‍ബലമായ കാരിക്കേച്ചറും നിഴലും മാത്രമായിരിക്കും.

കഴിഞ്ഞ പത്തുവര്‍ഷമായി നടത്തികൊണ്ടിരിക്കുന്ന മുസ്‌ലിംകളെ പീഡിപ്പിക്കുന്ന ചെയ്തികള്‍ ആവര്‍ത്തിക്കാന്‍ അവര്‍ അദ്ദേഹത്തെ തീര്‍ച്ചയായും അനുവദിക്കില്ല. ഒന്നാമതായി, മുസ്‌ലിം വോട്ടുകള്‍ നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്തവരാണ് അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍. മറുവശത്ത് ശക്തമായ പ്രതിപക്ഷമായ ഇന്‍ഡ്യാ സഖ്യത്തിന്റെ സാന്നിദ്ധ്യവും അതിന് തടസ്സമാകും. ഒരര്‍ഥത്തില്‍, എല്ലാ ഇന്ത്യന്‍ മുസ്‌ലിംകളും ഇപ്പോള്‍ സ്വതന്ത്രമായി ശ്വസിക്കുന്നു.


Similar Posts