Analysis
ദി സ്‌ക്വാഡ്: ലോക പൊലീസിന്റെ നെറുകയിലെ പ്രോ ഫലസ്തീനികള്‍
Analysis

ദി സ്‌ക്വാഡ്: ലോക പൊലീസിന്റെ നെറുകയിലെ പ്രോ ഫലസ്തീനികള്‍

സി.വി അല്‍ത്താഫ്
|
27 Aug 2024 12:42 PM GMT

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഫാര്‍-റൈറ്റുകളോടും ട്രംപിന്റെ വംശീയ മനോഭാവത്തോടുമുള്ള സ്വാഭാവിക പ്രതികരണമായിട്ടാണ് സ്‌ക്വാഡ് രൂപം കൊള്ളുന്നത്.

'A land without people for a people without a land' കേട്ടാല്‍ ന്യായമെന്ന് തോന്നുന്ന ഈ മുദ്രാവാക്യം അധിനിവേശ ഭ്രമങ്ങളുടെ തുടക്കകാലത്ത് സയണിസ്റ്റ് ഭീകരര്‍ ഉന്നയിച്ചതായിരുന്നു എന്ന് തിരിച്ചറിയുന്നതോടെ ഇവ നിരര്‍ഥകമാണെന്ന് നാം മനസിലാക്കുന്നു. ഹെര്‍സലില്‍ നിന്ന് തുടങ്ങി നെതന്യാഹു വരെയെത്തി നില്‍ക്കുന്ന തീവ്ര വലത് - വര്‍ഗീയ - അധിനിവേശ ശക്തികള്‍ ബൈപോളാര്‍ - യൂണിപോളാര്‍ - മള്‍ട്ടിപോളാര്‍ രാഷ്ട്രീയയുഗങ്ങളിലെല്ലാം അന്താരാഷ്ട്രനിയമങ്ങളെയും കോടതിനിര്‍ദേശങ്ങളെയും ചവിട്ടിമെതിക്കുമ്പോഴും ഈ നീക്കങ്ങള്‍ക്ക് സാധ്യതയും പിന്തുണയും നല്‍കിയ രാഷ്ട്രീയമാണ് അമേരിക്കയുടേത്. ഇസ്രായേല്‍ സ്ഥാപിതമാകുന്നതിന് മുന്‍പേ അതിന് വേണ്ടി വാദിക്കുകയും ആഗോള ഭീകരതയുടെ തലവന്മാര്‍ക്ക് വീറ്റോയധികാരവും ആയുധസന്നാഹങ്ങളുമുപയോഗിച്ച് നിയമസാധുതയും സൈനികസഹായങ്ങളും നല്‍കിയ അമേരിക്കയുടെ രാഷ്ട്രീയപൊതുബോധം തന്നെ ഇസ്രായേല്‍ പിന്തുണയില്‍ ലയിച്ചിരിക്കുന്നു.

ഡീപ്‌സ്റ്റേറ്റുകള്‍ നിര്‍മിക്കുന്ന അജണ്ടകളിലധിഷ്ഠിതമാണ് എക്കാലവും അമേരിക്കന്‍ രാഷ്ട്രീയം. ഇസ്ലാമോഫോബിയയും വംശീയതയും കുടിയേറ്റവിരുദ്ധതയുമെല്ലാം വിലയേറിയ രാഷ്ട്രീയ ഘടകങ്ങളാക്കി മാറ്റുന്നതില്‍ റിപ്പബ്ലിക്-ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ ഡീപ്‌സ്റ്റേറ്റുകളുടെ മാസ്റ്റര്‍ബ്രയിനുകള്‍ കിണഞ്ഞുപരിശ്രമിച്ചതിന്റെ ഫലമാണ് അമേരിക്കയിലെ നിലവിലെ രാഷ്ട്രീയകാലാവസ്ഥ. നവംബര്‍ 5 ന് നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് മുന്നോടിയായുള്ള നിരന്തരമായ ഇലക്ഷന്‍ കാമ്പയിനുകളും ഡിബേറ്റുകളുമെല്ലാം സജീവമായിരിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ പിന്മാറ്റവും ട്രംപിന് വെടിയേറ്റതിന് പിന്നിലെ നിഗൂഢതകളും സെന്റിമെന്‍സുമൊക്കെ ഇത്തവണ പ്രധാന വിഷയമാണ്. ക്രിസ്ത്യന്‍സയണിസവും മുസ്ലിംവിരുദ്ധതയുമെല്ലാം വലിയ സാധ്യതകളുള്ള വോട്ട് ബാങ്കുകളായതിനാല്‍ ഇരുപാര്‍ട്ടികള്‍ക്കും ഇസ്രായേലിനെ പിന്തുണക്കുകയും ഫലസ്തീനെ അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടുകള്‍ നിര്‍ണായകമാണ്. സെനറ്റ് ഹാളില്‍ നെതന്യാഹു ക്ഷണിക്കപ്പെടുന്നതും ബൈഡന്‍ ഇടക്കിടക്ക് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതും തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെല്ലാം ഇസ്രായേലിന് ട്രംപ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതുമെല്ലാം ഈ സ്ട്രാറ്റജിയുടെ ഭാഗമാണ്.

അമേരിക്കന്‍ കോണ്‍ഗ്രസിനകത്തും കാമ്പസുകളിലും തെരുവുകളിലും ഫലസ്തീന്‍ അനുകൂല വികാരം വളരാന്‍ പ്രധാനകാരണം ചില പ്രോ-ഫലസ്തീന്‍ ആക്ടിവിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളാണ്. ഇവരില്‍ പ്രധാന രാഷ്ട്രീയനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവനേതാക്കളുടെ സംഘടനയാണ് ദി സ്‌ക്വാഡ്.

ഇത്തരം വംശീയ വാര്‍പ്പുമാതൃകകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നവരെയെല്ലാം രാഷ്ട്രീയ-സാമൂഹിക ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ രാഷ്ട്രീയം മുന്‍കയ്യെടുത്തിട്ടുണ്ട്. അവര്‍ രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെടുകയും വ്യക്തിഹത്യ നടത്തപ്പെടുകയും ഗവണ്മെന്റ് ലോബികളാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ചരിത്രം പീഡിതരുടെയും പീഡിതരോടൊപ്പം നില്‍ക്കുന്നവരുടേതും കൂടിയാണല്ലോ. നിരന്തരമായ പീഡനങ്ങളും വേട്ടയാടലുകളും ഉണ്ടായിരിക്കെതന്നെ ന്യുനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കുമൊപ്പം നിലകൊള്ളാനും ഇസ്ലാമോഫോബിയക്കെതിരെ ശബ്ദിക്കാനും ഇസ്രായേല്‍, ഭീകരതയാണെന്നും അമേരിക്ക ലോകഭീകരതക്കും വംശഹത്യക്കും കൂട്ട്‌നില്‍ക്കുകയാണെന്നും വിളിച്ചുപറയാനും ധൈര്യമുള്ള ഒരുപറ്റം സംഘടിത ശബ്ദങ്ങള്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിനകത്തും കാമ്പസുകളിലും തെരുവുകളിലും ഫലസ്തീന്‍ അനുകൂല വികാരം വളരാന്‍ പ്രധാനകാരണം ചില പ്രോ-ഫലസ്തീന്‍ ആക്ടിവിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളാണ്. ഇവരില്‍ പ്രധാന രാഷ്ട്രീയനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവനേതാക്കളുടെ സംഘടനയാണ് ദി സ്‌ക്വാഡ്. യു.എസ് പ്രതിനിധിസഭയിലെ ഒന്‍പത് ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടുന്ന ഒരു ഇടത് അനൗദ്യോഗിക സംഘടനയാണിത്. അലക്‌സാന്‍ഡ്രിയ ഒക്കാസിയോ, ഇല്‍ഹാന്‍ ഒമര്‍, റാഷിദ താലിബ്, അയന്ന പ്രെസ്ലി എന്നിവര്‍ ചേര്‍ന്ന് 2018 ല്‍ രൂപീകരിച്ച ഈ സംഘടന ഇസ്ലാമോഫോബിയക്കെതിരായും അമേരിക്കയുടെ ഇസ്രായേല്‍ അനുകൂല വിദേശനയങ്ങള്‍ക്കെതിരായും നിരന്തര കാമ്പയിനുകളുമായി രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ വംശീയ പൊതുബോധത്തെ ചോദ്യംചെയ്തു എന്നതിനാല്‍ തന്നെ ഇലക്ഷനുകളില്‍ ഇവരെ തോല്‍പ്പിക്കാന്‍ ഫാര്‍-റൈറ്റ് ഗ്രൂപ്പുകള്‍ വലിയതോതില്‍ ക്രൗഡ് ഫണ്ടിങ്ങുകള്‍ നടത്തിയതും ചരിത്രത്തിലുണ്ട്.


സ്‌ക്വാഡ് നിര്‍ണയിച്ച രാഷ്ട്രീയദിശകള്‍

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഫാര്‍-റൈറ്റുകളോടും ട്രംപിന്റെ വംശീയ മനോഭാവത്തോടുമുള്ള സ്വാഭാവിക പ്രതികരണമായിട്ടാണ് സ്‌ക്വാഡ് രൂപം കൊള്ളുന്നത്. ആദ്യകാലങ്ങളില്‍ പരിസ്ഥിതി സംരക്ഷണ വാദവും വിയറ്റ്‌നാം യുദ്ധവിരുദ്ധതയും ഉയര്‍ത്തിയ ഇവര്‍ ക്രമേണ ഇസ്രായേല്‍ അധിനിവേശത്തെയും അതിനെ പിന്തുണക്കുന്ന അമേരിക്കയെയും നിശിതമായി വിമര്‍ശിക്കുന്ന ഒരു പുതിയ രാഷ്ട്രീയദിശയിലേക്ക് കുതിച്ചു. ഇത്തവണ ഇലക്ഷന്‍ അടുത്തതോടെ ഗസ്സയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതില്‍ പ്രസിഡന്റ് ജോ ബൈഡന് പങ്കുണ്ടെന്നും അത് അമേരിക്കയുടെ ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സ്‌ക്വാഡിന്റെ പ്രോഗ്രസ്സീവ് വീക്ഷണത്തോട് താല്‍പര്യമുള്ള പ്രതിനിധികള്‍ ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങി. പാര്‍ട്ടിയിലെ യുവവോട്ടര്‍മാര്‍ക്കുള്ള ഈ രോഷം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഗുരുതര ഭീഷണി പാര്‍ട്ടിനേതാക്കള്‍ക്ക് മനസ്സിലാകുന്നതിന്റെ അനുരണങ്ങള്‍ ചെറിയ തോതിലെങ്കിലും പ്രകടമായി തുടങ്ങുന്നുണ്ട്. 'ഒക്ടോബര്‍ 7 ന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രിയായി തുടരാന്‍ നെതന്യാഹു യോഗ്യനല്ല' എന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള സെനറ്ററും ഇസ്രായേലി സപ്പോട്ടറുമായ ചാള്‍സ് ശൂമര്‍ പ്രസ്താവിച്ചതും, 'സിവിലിയന്‍സിനെ കൊല്ലുന്നത് അവസാനിപ്പിക്കാതെ ഇസ്രായേലിന് യുദ്ധോപകരണങ്ങള്‍ വില്‍ക്കുന്നതിനെ ഞാന്‍ പിന്തുണക്കില്ല' എന്ന് വിദേശകാര്യ വകുപ്പിലെ ന്യൂയോര്‍ക്ക് പ്രതിനിധി ഗ്രിഗറി മീക്‌സ് മീഡിയകള്‍ക്ക് മുന്‍പില്‍ തുറന്നുപറഞ്ഞതും ഈ അനുരണനങ്ങളുടെ ഭാഗമാണ്. ഇന്ന് ഞങ്ങളുയര്‍ത്തുന്ന പ്രശ്‌നം പാര്‍ട്ടിയുടെ മുഖ്യധാരാ വിഷയങ്ങളിലൊന്നായി മാറിയെന്നും അതിനോട് പാര്‍ട്ടി പ്രതികരിച്ചുതുടങ്ങിയെന്നും സ്‌ക്വാഡ് മെമ്പറായ അയന്ന പ്രസ്ലി ഇതിനോടകം അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.


ഡെമോക്രറ്റ് പ്രോഗ്രസീവുകളിലൊരാളും സ്‌ക്വാഡ് അംഗവുമായ അലക്‌സാന്‍ഡ്രിയ ഒക്കാസിയോ, ഇസ്രായേല്‍ ഗസ്സയെ ആക്രമിക്കാന്‍ തുടങ്ങിയ ആദ്യനാളുകളില്‍ തന്നെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിരുന്നു. മിനിസോട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍ ഒമര്‍ ഇസ്രായേലിന് മേല്‍ പരസ്യമായി തന്നെ യുദ്ധക്കുറ്റം ആരോപിച്ചിരുന്നു. ഇസ്രായേലിന്റെ സംഘര്‍ഷങ്ങള്‍ വ്യക്തമായ അധിനിവേശ താല്‍പര്യങ്ങളാണെന്ന് മിഷിഗനില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായ റാഷിദ ത്‌ലൈബ് ആരോപിച്ചിരുന്നു. ഇത്തരം വാദങ്ങള്‍ക്കെതിരായ രാഷ്ട്രീയ പൊതുബോധം വളര്‍ത്തിയെടുക്കാന്‍ ഇരുപാര്‍ട്ടികളും കിണഞ്ഞു പരിശ്രമിക്കുകയും ഇസ്രായേലിനെ ന്യായീകരിക്കുകയും ചെയ്യുന്നതിനിടയിലാണ് സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ഇവര്‍ സന്നദ്ധരാകുന്നതെന്ന പശ്ചാത്തലത്തില്‍ നിന്ന് വേണം ഇവയെ മനസ്സിലാക്കാന്‍. എന്നാല്‍, തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള ഈ താല്‍പര്യങ്ങളെ തള്ളിക്കളയാനും ഇവയെല്ലാം തീവ്രവാദമാണെന്ന് ആരോപിക്കാനും ബൈഡന്‍ തന്നെ മുന്നോട്ട് വന്നു. എങ്കിലും അമേരിക്കയിലെ യുവാക്കള്‍ക്കിടയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ സ്‌ക്വാഡിന് സാധിച്ചിട്ടുണ്ട്. വലിയൊരു സമൂഹം തന്നെ കാമ്പസുകളിലും തെരുവുകളിലും ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇസ്രായേലിനെതിരെയുള്ള എല്ലാ വാദങ്ങളെയും ആന്റിസെമെറ്റിക് ചാപ്പയടിച്ച് എതിര്‍ക്കുന്ന ശൈലി ഗവണ്മെന്റും AIPAC പോലെയുള്ള അമേരിക്കന്‍ ഇസ്രായേല്‍ സംഘടനകളും സ്വീകരിച്ചിരിക്കുന്നു.

ഇല്‍ഹാന്‍ ഒമര്‍

ഇസ്ലാമോഫോബിയക്കെതിരായ രാഷ്ട്രീയ യുദ്ധത്തിന്റെ പോരാട്ടമുഖമായി മാറിയ സോമാലിയന്‍ മുസ്ലിം വനിതയാണ് മിനിസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലാഹി ഒമര്‍. Conducted കോണ്‍ഗ്രസ് ചരിത്രത്തിലെ ആദ്യ മുസ്ലിം വനിത എന്ന ബഹുമതി റാഷിദ ത്‌ലൈബിനൊപ്പം പങ്കിടുന്ന സ്ത്രീയാണ് സ്‌ക്വാഡ് സ്ഥാപക അംഗമായ ഇവര്‍. സോമാലിയയിലെ ആഭ്യന്തര യുദ്ധം മൂലം കുടുംബത്തോടൊപ്പം കെനിയയിലേക്ക് പലായനം ചെയ്യുകയും നാലു വര്‍ഷം അഭയാര്‍ഥി ക്യാമ്പില്‍ കഴിയുകയും ചെയ്തു. നിറത്തിന്റെ പേരിലും ഹിജാബ് ധരിക്കുന്നതിന്റെ പേരിലും നിരവധി ഭീഷണികളും ഉപദ്രവങ്ങളും ചെറുപ്പകാലം മുതല്‍തന്നെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.


| ഇല്‍ഹാന്‍ ഒമര്‍

സ്‌ക്വാഡ് മൂവ്‌മെന്റിലൂടെ അമേരിക്കന്‍ ഇടത് പ്രോഗ്രസ്സീവ് രാഷ്ട്രീയത്തിന്റെ മുഖമായ ഇവര്‍ ഇസ്രയേലിനെ നിരന്തരം വിമര്‍ശിക്കുകയും ഫലസ്തീനികള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്തതിന്റെ പേരില്‍ 2019 ആഗസ്റ്റ് മുതല്‍ ഇസ്രായേലില്‍ പ്രവേശിക്കുന്നതിന് നിരോധനം നേരിടുന്ന കോണ്‍ഗ്രസ് വുമണ്‍ കൂടിയാണ്. മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശത്രുക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ട്രംപിന്റെ ഭരണകാലത്ത് നിരവധി വധഭീഷണികള്‍ നേരിടേണ്ടിവരികയും ചെയ്തു. 2019 ല്‍ ഒമറിനെക്കുറിച്ച് 'എവിടെ നിന്നാണോ വന്നത് അവിടേക്കുതന്നെ മടങ്ങിപ്പോകൂ'എന്ന് ട്രംപ് വംശീയമായി അധിക്ഷേപിച്ചിരുന്നു. എന്നാല്‍, 2021 ല്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളെ നയിച്ചവരില്‍ ഇല്‍ഹാന്‍ ഒമര്‍ പ്രധാനിയായിരുന്നു.

ഇത്തവണ കോണ്‍ഗ്രസിലേക്ക് മത്സരിച്ച ഒമറിനെ തോല്‍പിക്കാനായി AIPAC,Alliance for New Zionist Vision തുടങ്ങിയ അമേരിക്കന്‍ പ്രോ-ഇസ്രായേല്‍ സംഘടനകള്‍ വലിയ കാമ്പയിനുകള്‍ സംഘടിപ്പിച്ചു. സ്‌ക്വാഡ് അംഗങ്ങളായ കോറി ബുഷിനേയും ജമാല്‍ ബോമാനെയും തോല്‍പ്പിക്കാനായി ബില്യണുകള്‍ സമാഹരിച്ച ഈ സംഘടനകള്‍, പ്രൈമറി ഇലക്ഷനില്‍ ബുഷും ബോമാനും പരാജയപ്പെട്ടതോടെ ഒമറിന് എതിരെയും കാമ്പയിനുകള്‍ തൊടുത്തുവിട്ടു. എതിരാളിയെ ഡോണ്‍ സാമുവലിനെ വിജയിപ്പിക്കുന്നതിനായി Zionist for DON SAMUEL against ILHAN OMAR എന്ന പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിക്കുകയും Crowd funding ആരംഭിക്കുകയും ചെയ്തു. എന്നാല്‍, 2018 ല്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ഇത്തരം ലോബികളോട് പൊരുതിനില്‍ക്കാനുള്ള രാഷ്ട്രീയടിത്തറ ഒമര്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. 2022 ല്‍ 35,000 ഡോളര്‍ സമാഹരിച്ചിട്ടും ഒമറിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. 535,000 ഡോളര്‍ 2024 ലെ ഇലക്ഷനില്‍ ഇല്‍ഹാന്‍ വിരുദ്ധ ക്യാമ്പയിനുകള്‍ക്കായി സമാഹരിച്ചിട്ടും പ്രൈമറി ഇലക്ഷനില്‍ ഇല്‍ഹാന്‍ ഒമര്‍ വിജയിച്ച വാര്‍ത്തകളാണ് ലോകമെങ്ങും നിറയുന്നത്.

റാഷിദ ത്‌ലൈബ്

2019 മുതല്‍ മിഷിഗണില്‍ നിന്നുള്ള ഡെമോക്രറ്റിക് കോണ്‍ഗ്രസ് വുമണാണ് റാഷിദ ഹര്‍ബി ത്‌ലൈബ്. ദിവസങ്ങള്‍ക്കുമുന്‍പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് കോണ്‍ഗ്രസില്‍ വെച്ച് ലോകത്തിന് മുന്‍പില്‍ ഗസ്സയിലെ നിരപരാധികളെ വംശഹത്യ നടത്തിയ ചോരപുരണ്ട കൈകളുയര്‍ത്തി നിര്‍ലജ്ജം നുണകളാവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വലത്തേബെഞ്ചില്‍ നിന്ന് ഫലസ്തീന്‍ പതാക കുത്തിയ ഷര്‍ട്ട് ധരിച്ച് നെതന്യാഹുവിന് നേരെ 'War criminal, Guilty of genocide' എന്നെഴുതിയ ബോര്‍ഡുകളുയര്‍ത്തി പ്രതിഷേധമറിയിച്ച ധീരവനിതയാണിവര്‍.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ച് കഴിഞ്ഞ നവംബറില്‍ യു.എസ് കോണ്‍ഗ്രസില്‍ ഇവര്‍ നടത്തിയ പ്രസംഗം സെന്‍സര്‍ ചെയ്യപ്പെട്ടതിനോടുള്ള മറുപടിയായി, വെസ്റ്റ്ബാങ്കില്‍ ജീവിക്കുന്ന തന്റെ മുത്തശ്ശിയുടെ ഫോട്ടോ ഉയര്‍ത്തിപിടിച്ച് 'ഞങ്ങള്‍ നിശബ്ദരാകില്ല, എന്റെ വാക്കുകളെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല' എന്നട്ടഹസിച്ചു. ഇടറുന്ന വാക്കുകളോടെ അവര്‍ തന്റെ പ്രസംഗം തുടര്‍ന്നു: എനിക്കിത് പറയേണ്ടി വരുന്നു എന്നതുതന്നെ അവിശ്വസനീയമാണ്. ഫലസ്തീന്‍ ജനത നിങ്ങളുടെ ഉപയോഗശേഷം വലിച്ചെറിയേണ്ട ഒന്നല്ല. അവരുടെയും എന്റെയും കണ്ണുനീര്‍ ഒന്നുതന്നെയാണ്. ഈ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ഡെമോക്രറ്റിക് പാര്‍ട്ടിയിലെ ഇരുപത്തിരണ്ടോളം അംഗങ്ങളില്‍ നിന്ന് ത്‌ലൈബിന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു.


| റാഷിദ ത്‌ലൈബ്

'From the river to the sea, Palestine will be free' എന്ന പ്രസിദ്ധ മുദ്രാവാക്യത്തോടെ ത്‌ലൈബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍, ബൈഡന്‍ വംശഹത്യക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചതും വലിയ കോലാഹലങ്ങളുണ്ടാക്കി. ഈ മുദ്രാവാക്യം ഉപയോഗിച്ചത്തിനെതിരെ പ്രമുഖ അമേരിക്കന്‍-ഫലസ്തീനിയന്‍ ആക്റ്റീവിസ്റ്റായ ബേണി സാന്റേഴ്സ് വരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ത്‌ലൈബ് തന്റെ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഫലസ്തീന്‍ പതാക നീക്കം ചെയ്യണമെന്നും ഇവര്‍ ധരിക്കാറുള്ള ഫലസ്തീന്‍ പതാക കുത്തിവെച്ച വസ്ത്രത്തെ ലക്ഷ്യമാക്കി ക്യാപിറ്റോളിനകത്ത് മറ്റു രാജ്യങ്ങളുടെ പാതകകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും പ്രതിഷേധികള്‍ വാദിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രായേലി അധിനിവേശത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയത്തിനെതിരെ ഡെമോക്രാറ്റുകളില്‍ നിന്ന് വോട്ട്‌ചെയ്ത ഒന്‍പത് പേരിലൊരാളായും ഇവര്‍ ശ്രദ്ധയാകര്‍ഷിച്ചു. ത്‌ലൈബിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഇവര്‍ ആന്റിസെമെറ്റിക് ആണെന്നും ഹമാസ് അനുകൂലിയാണെന്നും പറഞ്ഞുകൊണ്ട് പലരും എതിര്‍പ്പുകള്‍ ഉന്നയിച്ചു.


എങ്കിലും ത്‌ലൈബിന് അമേരിക്കയില്‍ നിന്ന് തന്നെ ജൂതപിന്തുണകള്‍ ലഭിക്കുന്നുണ്ട്. ത്‌ലൈബിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനം ഉയര്‍ത്തിപ്പിടിച്ച ചില അമേരിക്കന്‍ ജൂതസംഘടനകള്‍ വാഷിംഗ്ടണില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ജനകീയ വിഷയങ്ങളില്‍ കാര്യമാത്രമായ ശ്രദ്ധചെലുത്തുന്ന ചുരുക്കം കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളാണ് ത്‌ലൈബ് എന്ന് Jewish Voice for Peace എന്ന ആന്റിസയണിസ്റ്റ് സംഘടനയുടെ പൊളിറ്റിക്കല്‍ ഡയറക്ടര്‍ സൂചിപ്പിച്ചിരുന്നു. ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടേണ്ടിവന്ന കോളജ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി വാഷിംഗ്ടണില്‍ സംഘടിപ്പിച്ച റാലിയില്‍ ത്‌ലൈബ് ഗര്‍ജിച്ചു: മിസ്റ്റര്‍ ബൈഡന്‍... എവിടെയാണ് നിങ്ങളുടെ റെഡ്‌ലൈന്‍? നിങ്ങളൊരു വംശഹത്യാഭ്രമം ബാധിച്ചയാളാണ്.


Similar Posts