Analysis
സഞ്ജു സാംസണ്‍: വിയര്‍പ്പ് തുന്നിയിട്ട കുപ്പായം
Analysis

സഞ്ജുവിനെ ആഘോഷിക്കാന്‍ കാരണങ്ങളുണ്ട്

ഹാരിസ് നെന്മാറ
|
1 May 2024 10:57 AM GMT

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പേ ക്രിക്കറ്റ് വിശാരദരും മുന്‍ ഇന്ത്യന്‍ താരങ്ങളുമൊക്കെ തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ച് തുടങ്ങിയിരുന്നു. ഋഷഭ് പന്ത് ഫോമില്‍ നില്‍ക്കേ സഞ്ജുവിനെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പലരും ചോദിച്ചു.

'ഇപ്പോഴല്ലെങ്കില്‍ പിന്നെയെപ്പോഴാണ്'. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ സഞ്ജു ആരാധകരുടെ മനസ്സിങ്ങനെ ഒരു പോലെ മന്ത്രിച്ച് കാണണം. അതെ ഒടുവില്‍ ഒരു സ്വപ്നത്തിലെന്ന പോലെ അയാളെ കാത്ത് ആ വിളിയെത്തിരിക്കുന്നു. ഇക്കുറി കൂടി അവഗണിച്ചാല്‍ അയാളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിപ്പോകുമത് എന്ന് അജിത് അഗാര്‍ക്കര്‍ അടക്കമുള്ളവര്‍ക്ക് ബോധ്യപ്പെട്ട് കാണണം. ഇനിയുള്ള കാത്തിരിപ്പ് ക്രിക്കറ്റിന്റെ വിശ്വവേദിയില്‍ സഞ്ജുവിന്റെ നിറഞ്ഞാട്ടങ്ങള്‍ക്കായുള്ളതാണ്.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പേ ക്രിക്കറ്റ് വിശാരദരും മുന്‍ ഇന്ത്യന്‍ താരങ്ങളുമൊക്കെ തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ച് തുടങ്ങിയിരുന്നു. ഋഷഭ് പന്ത് ഫോമില്‍ നില്‍ക്കേ സഞ്ജുവിനെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പലരും ചോദിച്ചു. ' സഞ്ജു നല്ല ബാറ്ററൊക്കെ തന്നെയാണ്, പക്ഷെ പന്തിനേക്കാള്‍ മികച്ചവനല്ല അയാള്‍ ' എന്നാണ് റിക്കി പോണ്ടിങ്ങും ആദം ഗില്‍ ക്രിസ്റ്റും ഒരേ സ്വരത്തില്‍ പറഞ്ഞത്. ഇര്‍ഫാന്‍ പത്താനും അംബാട്ടി റായിഡുവും സഹീര്‍ ഖാനും മുഹമ്മദ് കൈഫും ടോം മൂഡിയുമൊക്കെ തങ്ങളുടെ ടീമുകളില്‍ നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് സഞ്ജുവിനെ ഒഴിവാക്കി. എന്നാല്‍, മുഹമ്മദ് കൈഫിന് തന്റെ തെരഞ്ഞെടുപ്പ് അബദ്ധമാണെന്ന് ബോധ്യമായത് ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ ഇന്നിങ്‌സ് കണ്ട ശേഷമാണ്.

സഞ്ജുവിന്റെ കണ്‍സിസ്റ്റന്‍സിയെ കുറിച്ച് വാതോരാതെ വിമര്‍ശനമുന്നയിച്ചിരുന്നവര്‍ക്കൊന്നും ഇപ്പോള്‍ മിണ്ടാട്ടമില്ല. ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനില്‍ സഞ്ജുവിന്റെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെട്ടിരുന്ന ഋഷഭ് പന്തിനേക്കാള്‍ എത്രയോ മുന്നിലായിരുന്നു കണക്കുകളില്‍ സഞ്ജു. 11 മത്സരം പൂര്‍ത്തിയായ പന്തിന്റെ ബാറ്റിങ് ആവറേജ് 44.22 ആണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 158 ഉം. സഞ്ജുവിനേക്കാള്‍ എത്രയോ പുറകില്‍.

തനിക്ക് തെറ്റു പറ്റിയെന്ന് കൈഫ് തുറന്ന് സമ്മതിച്ചു. സഞ്ജുവിനെ പോലൊരു താരത്തെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും തന്റെ ഫസ്റ്റ് ചോയ്‌സ് സഞ്ജു തന്നെയാണെന്നും കൈഫ് പറഞ്ഞത് വലിയ ചില തിരിച്ചറിവുകള്‍ക്ക് ശേഷമാണ്. ഈ തിരിച്ചറിവ് കിട്ടിയവരുടെ കൂട്ടത്തില്‍ സഞ്ജയ് മഞ്ജരേക്കര്‍ മുതല്‍ സഞ്ജുവിന്റെ സ്ഥിരം വിമര്‍ശകനായ സുനില്‍ ഗവാസ്‌കര്‍ വരെയുണ്ട്.

''കമന്ററി ബോക്‌സിലിരിക്കുന്നവര്‍ക്കും വിമര്‍ശകര്‍ക്കും വായില്‍ തോന്നിയത് വിളിച്ച് പറയാം. ടീമിന്റെ ജയം മാത്രമാണ് എന്റെ മനസ്സില്‍. കഴിഞ്ഞ 15 വര്‍ഷമായി ഞാനതിന് വേണ്ടിയാണ് ഈ മൈതാനങ്ങളില്‍ പൊരുതിക്കൊണ്ടിരിക്കുന്നത്''- തന്റെ സ്‌ട്രൈക്ക് റൈറ്റിനെ കുറിച്ച് വിമര്‍ശനമുന്നയിച്ചവരെ കഴിഞ്ഞ ദിവസം വിരാട് കോഹ്ലി വൈകാരികമായി നേരിട്ടതെങ്ങനെയാണെന്ന് നമ്മള്‍ കണ്ടതാണ്. എന്നാല്‍, തന്റെ വിമര്‍ശകരുടെ വായടിപ്പിക്കാന്‍ സഞ്ജു സാംസണെന്ന നായകന്‍ മൈക്കെടുക്കുന്നത് നാളിതുവരെ ആരാധകര്‍ കണ്ടിട്ടില്ല. വിമര്‍ശകര്‍ക്ക് മുന്നിലയാള്‍ വൈകാരികമായി വീണു പോവാറില്ല. പക്ഷെ, അയാള്‍ ഇക്കൂട്ടരുടെയൊക്കെ വായടപ്പിക്കാറുണ്ട്. വിമര്‍ശകരെക്കൊണ്ട് പറഞ്ഞത് മാറ്റിപ്പറയിക്കാറുണ്ട്. അത് ബാറ്റ് കൊണ്ടാണെന്ന് മാത്രം.


കഴിഞ്ഞ ദിവസം ലഖ്നൗവിലെ എകന സ്റ്റേഡിയത്തില്‍ യാഷ് താക്കൂറിന്റെ പന്തിനെ ഡീപ് ഫൈന്‍ ലെഗ്ഗിലൂടെ ഗാലറിയിലെത്തിച്ച് അലറി വിളിച്ചോടുന്ന സഞ്ജു സാംസണെ കണ്ട് അമ്പരന്ന് പോയവരാണ് ആരാധകര്‍. ജയമോ തോല്‍വിയോ ആവട്ടെ മൈതാനത്തയാള്‍ അതിരുവിട്ട വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നത് നാളിതുവരെ അവര്‍ കണ്ടിട്ടില്ല. ഏഴ് മത്സരം ജയിച്ചു നില്‍ക്കേ ലഖ്‌നൗവിനെതിരായ മത്സരം അത്ര നിര്‍ണായകമൊന്നുമായിരുന്നില്ല. എന്നിട്ടും അയാള്‍ അങ്ങനെയൊരു ആഘോഷ പ്രകടനം നടത്തിയതിന് പിന്നില്‍ അകാരണമായി തന്നെ തഴഞ്ഞു കൊണ്ടേയിരുന്നവരോടുള്ള അമര്‍ഷമാവണം. കണ്‍സിസ്റ്റന്‍സിയില്ലെന്ന് നിരന്തരം കുറ്റപ്പെടുത്തിയവര്‍ക്കുള്ള മറുപടിയാവണം. എന്നെ തഴയാന്‍ ഇനി നിങ്ങള്‍ പുതുതായി കണ്ടുപിടിക്കാന്‍ പോകുന്ന കാരണമെന്താണെന്നുള്ള ചോദ്യമാവണം. ''വരും ദിവസങ്ങളില്‍ ഒരു സുപ്രധാന പ്രഖ്യാപനമുണ്ടാവാമെന്ന തോന്നല്‍ സഞ്ജുവിനുണ്ടായിരിക്കാം.'' രാജസ്ഥാന്‍ നായകന്റെ വിജയാഘോഷത്തെ കുറിച്ച് കമന്ററി ബോക്‌സിലിരുന്ന് ഹര്‍ഷാ ഭോഗ്ലെ പറഞ്ഞതിങ്ങനെയാണ്. ഭോഗ്ലേ അത്രമാത്രം ദീര്‍ഘവീക്ഷണമുള്ളയാളാണ്. ഒടുവിലിതാ ആ പ്രഖ്യാപനം വന്നു കഴിഞ്ഞിരിക്കുന്നു.

ഐ.പി.എല്‍ ഈ സീസണില്‍ ഇതുവരെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 392 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 77 ആണ് ബാറ്റിങ് ആവറേജ്. 161 സ്‌ട്രൈക്ക് റൈറ്റ്. നാല് അര്‍ധ സെഞ്ച്വറികള്‍. ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ സഞ്ജുവിന് മുകളില്‍ ബാറ്റിങ് ആവറേജുള്ള ഒരാള്‍ പോലും ആദ്യ പത്തിലില്ല എന്നോര്‍ക്കണം. സഞ്ജുവിന്റെ കണ്‍സിസ്റ്റന്‍സിയെ കുറിച്ച് വാതോരാതെ വിമര്‍ശനമുന്നയിച്ചിരുന്നവര്‍ക്കൊന്നും ഇപ്പോള്‍ മിണ്ടാട്ടമില്ല. ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനില്‍ സഞ്ജുവിന്റെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെട്ടിരുന്ന ഋഷഭ് പന്തിനേക്കാള്‍ എത്രയോ മുന്നിലായിരുന്നു കണക്കുകളില്‍ സഞ്ജു. 11 മത്സരം പൂര്‍ത്തിയായ പന്തിന്റെ ബാറ്റിങ് ആവറേജ് 44.22 ആണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 158 ഉം. സഞ്ജുവിനേക്കാള്‍ എത്രയോ പുറകില്‍.

പലവുരു മൈതാനങ്ങളില്‍ തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയിട്ടും കരിയറാരംഭിച്ച് നാളിതുവരെ ഒരിക്കല്‍ പോലും ഒരു ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല സഞ്ജുവിന്. ഭാവിയില്‍ ഇന്ത്യന്‍ ടി 20 ടീമിന്റെ നായകനാവാന്‍ പോലും ശേഷിയുള്ളൊരു താരത്തെ നിരന്തരം അവഗണിക്കുന്നത് മൂലം എന്ത് സന്ദേശമാണ് വളര്‍ന്നു വരുന്ന യുവ ക്രിക്കറ്റര്‍മാര്‍ക്ക് നല്‍കാനുദ്ദേശിക്കുന്നത് എന്ന് കാലങ്ങളായി സെലക്ടര്‍മാരോട് ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട് ആരാധകര്‍.

' ഞാന്‍ ഇന്ത്യയുടെ സെലക്ടറായിരുന്നെങ്കില്‍ ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് ആദ്യം തെരഞ്ഞെടുക്കുക സഞ്ജുവിനെയായിരിക്കും ' ലഖ്‌നൗവിനെതിരായ മത്സരശേഷം കമന്റി ബോക്‌സിലിരുന്ന മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ' കെ.എല്‍ രാഹുലും ഋഷഭ് പന്തും മറുവശത്തുണ്ട് എന്ന് മറക്കരുത് ' എന്നായിരുന്നു ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍ ഇതിനുളള മറുപടിയായി പറഞ്ഞത്. എന്നാല്‍, നിലപാട് മാറ്റാന്‍ പീറ്റേഴ്‌സണ്‍ ഒരുക്കല്ലായിരുന്നു. ' മറ്റുള്ളവരെപറ്റി ഞാന്‍ ചിന്തിക്കുന്നേയില്ല. എനിക്ക് സഞ്ജുവിനെ വേണം. അയാളൊരു ക്ലീന്‍ ഹിറ്ററാണ് ' എന്നാണ് പീറ്റേഴ്‌സണ്‍ ഉറപ്പിച്ച് പറഞ്ഞത്.

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ വളരെ കുറഞ്ഞ അവസരങ്ങള്‍ മാത്രമേ സഞ്ജുവിന് ഇതുവരെ ലഭിച്ചിട്ടുള്ളൂ. 2015 ല്‍ സിംബാവെക്കെതിരെ അരങ്ങേറിയ താരം കളിച്ചത് ആകെ 25 മത്സരങ്ങള്‍. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 374 റണ്‍സാണ് സമ്പാദ്യം. നിരന്തരം പരാജയപ്പെടുമ്പോഴും തുടരെ അവസരം ലഭിച്ചു കൊണ്ടേയിരിക്കുന്ന പ്രിവിലേജ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പല താരങ്ങള്‍ക്കും കിട്ടാറുണ്ട്. ഋഷഭ് പന്തടക്കം പലരും ഈ പ്രിവിലേജ് വേണ്ടുവോളം അനുഭവിച്ചവരാണ്. അതുകൊണ്ടു തന്നെയാണ് സ്റ്റാറ്റസുകളില്‍ സഞ്ജു മുന്നിലെത്തുമ്പോഴും പലര്‍ക്കും പന്തിനെ മറികടന്നൊരു പേരുപറയാനാവാത്തത്. പലവുരു മൈതാനങ്ങളില്‍ തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയിട്ടും കരിയറാരംഭിച്ച് നാളിതുവരെ ഒരിക്കല്‍ പോലും ഒരു ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല സഞ്ജുവിന്. ഭാവിയില്‍ ഇന്ത്യന്‍ ടി 20 ടീമിന്റെ നായകനാവാന്‍ പോലും ശേഷിയുള്ളൊരു താരത്തെ നിരന്തരം അവഗണിക്കുന്നത് മൂലം എന്ത് സന്ദേശമാണ് വളര്‍ന്നു വരുന്ന യുവ ക്രിക്കറ്റര്‍മാര്‍ക്ക് നല്‍കാനുദ്ദേശിക്കുന്നത് എന്ന് കാലങ്ങളായി സെലക്ടര്‍മാരോട് ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട് ആരാധകര്‍.


ഐ.പി.എല്ലിന്റെ ഈ സീസണില്‍ സ്ഥിരതയോടെ ബാറ്റ് വീശുമ്പോഴും സഞ്ജുവെന്ന ബാറ്ററെക്കാള്‍ സഞ്ജുവെന്ന ക്യാപ്റ്റനെ കുറിച്ച് അത്ഭുതത്തോടെ സംസാരിച്ച് തുടങ്ങിയിട്ടുണ്ട് ക്രിക്കറ്റ് പണ്ഡിറ്റുകളും മുന്‍ താരങ്ങളും. ഐ.പി.എല്ലില്‍ ഇതുവരെ ഒറ്റ മത്സരത്തിലാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ഗുജറാത്തിനെതിരെയായിരുന്നു ടീമിന്റെ ഏക തോല്‍വി. മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടിനെ പോലൊരു സീനിയര്‍ താരത്തിന് ഓവര്‍ ബാക്കി നില്‍ക്കേ ആവേശ് ഖാന് അവസാന ഓവര്‍ എറിയാന്‍ അവസരം നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സഞ്ജുവിനെതിരെ ഉയര്‍ന്നത്. മത്സര ശേഷം കളിയില്‍ ' എവിടെയാണ് നിങ്ങള്‍ പരാജയപ്പെട്ടത് ' എന്ന ചോദ്യത്തിന് ' അവസാന പന്തില്‍ ' എന്നായിരുന്നു ഏറെ ആത്മവിശ്വാസത്തോടെയുള്ള സഞ്ജുവിന്റെ മറുപടി. അവിടന്നങ്ങോട്ട് തോല്‍വിയറിയാത്ത പടയോട്ടം.

നിലവിലെ ടി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ നായകന്‍ ജോസ് ബട്ലര്‍, വിന്‍ഡീസ് ടി 20 നായകന്‍ റോവ്മാന്‍ പവല്‍, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വേഗപ്പന്തുകാരില്‍ ഒരാളായ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ആര്‍. അശ്വിന്‍ തുടങ്ങി ക്രിക്കറ്റ് ലോകത്തെ വലിയ പേരുകാരില്‍ പലരും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെന്താണെന്ന് മൈതാനങ്ങളില്‍ നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ്. പല സന്ദര്‍ഭങ്ങളിലും ഇവരൊക്കെ സഞ്ജു എന്ന നായകനെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. സന്ദീപ് ശര്‍മ, റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍ തുടങ്ങിയ യുവതാരങ്ങള്‍ വീഴ്ചകള്‍ക്ക് ശേഷമുള്ള തങ്ങളുടെ തിരിച്ചുവരവിന് പിന്നില്‍ സഞ്ജു സാംസണെന്ന ക്യാപ്റ്റന്‍ ചെലുത്തുന്ന സ്വാധീനം എത്ര വലുതാണെന്ന് മനസ്സ് തുറക്കുന്നതും ആരാധകര്‍ ഈ സീസണില്‍ കണ്ടു. രോഹിതിന് ശേഷം ഇന്ത്യന്‍ ടി 20 ടീമിന്റെ നായകനായി സഞ്ജു വരട്ടെ എന്ന് ഹര്‍ഭജന്‍ സിങ്ങും സുരേഷ് റെയ്നയുമൊക്കെ പറയുന്നതിന് പിന്നിലെ ചേതോവികാരം ഇതൊക്കെയാണ്.

ഏതായാലും നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ തേടിയെത്തിയ ഈ വിളി ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചൊരു ശുഭ സൂചനയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വരും കാലങ്ങളില്‍ ആര്‍ക്കും എഴുതിത്തള്ളാനാവാത്ത ഒരനിഷേധ്യ സാന്നിധ്യമായി അയാള്‍ ഈ മൈതാനങ്ങളില്‍ നിറഞ്ഞു തുടങ്ങുമെന്ന് ഉറപ്പുണ്ട് ആരാധകര്‍ക്ക്. അതുകൊണ്ടൊക്കെയാണ് ദേശീയ ജേഴ്സിയില്‍ അധികം അവസരങ്ങള്‍ ലഭിക്കാതിരുന്നിട്ട് പോലും ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പേരുകള്‍ക്കൊപ്പം സഞ്ജു ഇക്കാലമത്രയും ഈ മൈതാനങ്ങളില്‍ ആഘോഷിക്കപ്പെട്ടു കൊണ്ടിരുന്നത്.


Similar Posts