Analysis
സംവരണത്തെ ആശ്രയിച്ചുള്ള തൊഴില്‍ സങ്കല്‍പത്തില്‍ മാറ്റം വരണം - രാകേഷ് ശര്‍മ
Analysis

സംവരണത്തെ ആശ്രയിച്ചുള്ള തൊഴില്‍ സങ്കല്‍പത്തില്‍ മാറ്റം വരണം - രാകേഷ് ശര്‍മ

നജ്മ മജീദ്
|
4 Oct 2024 8:31 AM GMT

ഡോക്യൂമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ രാകേഷ് ശര്‍മ, സമകാലീന ദേശീയ സാഹചര്യത്തെ കുറിച്ചും അതില്‍ സിനിമയുടെ ഇടപെടലിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടിയും സംസാരിക്കുന്നു.

അര്‍ധസത്യങ്ങളും, നുണകളും മനുഷ്യരുടെ ചിന്തകളെ നിയന്ത്രിക്കുന്ന സമൂഹത്തില്‍, സ്വതന്ത്രമായ സംസാരത്തിനും നിര്‍ഭയമായ അഭിപ്രായ പ്രകടനത്തിനുമുള്ള ഇടങ്ങള്‍ ചുരുങ്ങുകയാണ്. ഈ കാലഘട്ടത്തില്‍, അത്തരം ഇടങ്ങള്‍ സൃഷ്ടിക്കുന്നതും വികസിപ്പിക്കുന്നതും സംരക്ഷിക്കുന്നതും കൂടുതല്‍ നിര്‍ണായകമാണ്. അവിടെയാണ് സിനിമ ഉള്‍പ്പടെയുള്ള സര്‍ഗാത്മക സൃഷ്ടികളുടെ പ്രസക്തി. കാല്പനികമാകുന്നതിന് അപ്പുറം മനുഷ്യന്റെ ജീവിതത്തിന്റെ നീറ്റലുകളെയാണ് സിനിമകള്‍ അഭിമുഖീകരിക്കേണ്ടത്. റിസര്‍വേഷന്‍ പോലെയുള്ള കാര്യങ്ങള്‍ സിനിമയില്‍ അപൂര്‍വമായേ പ്രശ്‌നവത്കരിക്കുന്നുള്ളൂ. റിസര്‍വേഷന്റെ കാര്യത്തില്‍ അവകാശങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഞാന്‍ നിരന്തരം കേള്‍ക്കുന്ന ഒരു പ്രശ്‌നമാണ് മെറിറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുന്നില്ല എന്നുള്ളത്. ചില ചലച്ചിത്ര വിദ്യാര്‍ഥികള്‍ അതിനെ വിഷയമാക്കി സിനിമ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് സമീപിക്കാറുണ്ട്. പക്ഷേ, എങ്ങനെ ചെയ്യണം, എന്ത് ചെയ്യണം, അതൊന്നും അവര്‍ക്ക് അറിയില്ല. അവിടെ ഒരു സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്:

ആദ്യം നിങ്ങള്‍ എന്താണ് പറയാന്‍ പോകുന്നത് എന്ന് ചിന്തിക്കണം. രണ്ടാമതായി എന്തുകൊണ്ടാണ് നിങ്ങള്‍ അത് പറയാന്‍ ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ചും ആലോചിക്കണം. ശേഷമാണ് അത് എങ്ങനെ പറയാനാകും എന്ന് ചിന്തിക്കേണ്ടത്. ആദ്യം സിനിമയുടെ സത്തയും പിന്നെ സിനിമയുടെ ശൈലിയുമാണ് ചര്‍ച്ച ചെയ്യേണ്ടത്. അവ ലളിതമാണെങ്കിലും ഉത്തരം നല്‍കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ്.

സംവരണമെന്ന ആവശ്യം ബാബാസാഹെബ് അംബേദ്കറില്‍ നിന്നാണ് വന്നത് എന്നറിയാമല്ലോ. ശേഷം എന്തിനാണ് അദ്ദേഹം ദലിതര്‍ക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ടത്? സ്വാതന്ത്ര്യത്തിനു ശേഷം എന്തിനാണ് ഭരണഘടന സംവരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയത്? എന്തുകൊണ്ടാണ് അത് ഇപ്പോഴും നിലനില്‍ക്കുന്നത്? ഇങ്ങിനെയുള്ള ചരിത്രം മനസ്സിലാക്കണം. എങ്കില്‍ മാത്രമേ അതിനപ്പുറമുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ സ്വയം ചോദിക്കാന്‍ തുടങ്ങുകയുള്ളൂ. നിലവിലുള്ള നൂറ് ഉദ്യോഗങ്ങളില്‍ കൂടുതലും അപ്പര്‍ക്ലാസ്സിലുള്ളവര്‍ അപഹരിക്കുന്നു എന്ന് സങ്കുചിതമായി ചിന്തിക്കുന്നതിന് പകരം, ആയിരം ജോലികള്‍ ലഭ്യമാക്കുകയാണ് വേണ്ടത്. അപ്പോള്‍ ആരും തൊഴില്‍ രഹിതരാകുന്ന സാഹചര്യം ഉണ്ടാകുന്നില്ല.

കേരളത്തിന്റെ അന്തര്‍ലീനമായ മതേതര ഘടന സാമൂഹിക സമാധാനമാണ്. അതിന്റെ സാമുദായിക സൗഹാര്‍ദ്ദം തന്നെ ഭീഷണിയിലാണ്. നിലവില്‍ ലോക്‌സഭാ റിസള്‍ട്ട് പോലും കേവലം ഒരു തെരഞ്ഞെടുപ്പ് ഫലമായി മാത്രം കണക്കാക്കാന്‍ കഴിയില്ല. പക്ഷെ, രണ്ട് ഡസന്‍ അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി വളരെ ശക്തമായി മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യഥാര്‍ഥ വോട്ടിംഗ് മൈക്രോ ഡാറ്റയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ എതിരാളികള്‍, ഈ സംഭവവികാസത്തെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജനങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രതിഷേധവും പ്രതികരണവും ആരോഗ്യമുള്ള ഒരു ജനാധിപത്യ സമൂഹത്തിന്റെ ലക്ഷണമാണ്.

യഥാര്‍ഥ യുദ്ധം, യഥാര്‍ഥ യുദ്ധഭൂമി തെരഞ്ഞെടുപ്പ് മണ്ഡലമല്ല. മറിച്ച് ജേനങ്ങളുടെ ഹൃദയവും മനസ്സുമാണ്. കലയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യം കൈവരുന്നത് ഇതേ ജനഹൃദയ മണ്ഡലങ്ങളിലാണ്. അതുകൊണ്ട് തന്നെ ഡോക്യുമെന്ററികളോ, ഫിക്ഷനുകളോ ഷോര്‍ട്ട് ഫിലിമുകളോ, സിനിമയോ ആകട്ടെ, മാനവ ഹൃദയങ്ങളിലേക്ക് എത്തിച്ചേരാനുള്ള മികച്ച മാര്‍ഗം തീര്‍ച്ചയായും കല തന്നെയാണ്. 24 x 7 കുപ്രചാരണങ്ങളുടെയും, വ്യാജവാര്‍ത്തകളുടെയും തെറ്റായ വിവരണങ്ങളുടെയും യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഗൗരവമായി തന്നെ നാം അത് ഉള്‍ക്കൊള്ളേണ്ടതുണ്ട്.

ഈ മേളയില്‍ (സൈന്‍ ഫെസ്റ്റിവെല്‍) നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുണ്ട്. അവര്‍ക്ക് സ്വതന്ത്ര്യ ഡോക്യുമെന്ററിയുടെ വെല്ലുവിളികളെ കുറിച്ച് മാത്രമേ അറിയൂ. ഫണ്ടിംഗ്, ഷൂട്ടിംഗ്, എഡിറ്റിങ് തുടങ്ങി സിനിമയാകുന്നതുവരെയുള്ള വെല്ലുവിളികള്‍ അവരുടെ തൊഴിലിന്റെ അനുഭവത്തില്‍ അവര്‍ ദൈനംദിന അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്ന ഒന്നാണ്. എന്നാല്‍, സിനിമാ നിര്‍മാതാക്കള്‍ എന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി വിശാലവും ആഴത്തിലുമുള്ള പ്രേക്ഷക സമൂഹത്തെ കണ്ടെത്തുക എന്നതാണ്.

ഇതിനുള്ള പരിഹാരമായി സംസ്ഥാന ഗവണ്മെന്റിന് മുന്നില്‍ ഞാന്‍ രണ്ട് നിര്‍ദ്ദേശങ്ങള്‍ വെക്കുന്നു: അതില്‍ ആദ്യം, സംസ്ഥാന ഗവണ്‍മെന്റ് പിന്തുണയിലൂടെ പ്രാരംഭ ഘട്ടത്തില്‍ ഒറ്റത്തവണ ഗ്രാന്റിങ്ങിലൂടെ ഒരു പോര്‍ട്ടലും, സെര്‍വറും അതിനുള്ള മറ്റു സാങ്കേതികവിദ്യയും സജ്ജീകരിക്കുക എന്നുള്ളതാണ്.

വിവിധ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വേണ്ടി സിനിമകളുടെ ഡിജിറ്റല്‍ കോപ്പികള്‍ സ്വന്തമായി നല്‍കുന്ന ഒരു സമ്പ്രദായം കൊണ്ടുവരിക എന്നുള്ളതാണ് രണ്ടാമത്തേത്. ആയിരമോ രണ്ടായിരമോ കോപ്പി മാത്രമേ ആവശ്യമുള്ളൂവെങ്കില്‍, ഒരു കോപ്പിക്ക് പരിമിതമായ അഞ്ഞൂറ് രൂപ വിലയിട്ട്, ചലച്ചിത്ര നിര്‍മാതാവിന് അഞ്ചുലക്ഷം ലഭ്യമാക്കുക. അത് സിനിമാ പ്രവര്‍ത്തകര്‍ക്ക് തന്നെ വലിയൊരു പിന്തുണയുമായിരിക്കും. എന്നാല്‍, പ്രധാനമായി അതുവഴി സിനിമ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന 2000 കാമ്പസുകള്‍ ലഭിക്കുകയും, അവരുടെ സിനിമകളിലെ ആശയങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാവുകയും ചെയ്യും. സ്വതന്ത്രമായ ശബ്ദങ്ങള്‍, സ്വതന്ത്രമായ അവതരണങ്ങള്‍, ക്രിയാത്മകമായ ആവിഷ്‌കാരം എന്നിവയ്ക്കായി പ്രേക്ഷകര്‍ക്ക് അങ്ങേയറ്റം ദാഹമുണ്ട് എന്നാണ് അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുന്നത്.

(രാകേഷ് ശര്‍മ, ഫെഡറഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം സംഘടിപ്പിച്ച തീരൂരില്‍ സംഘടിപ്പിച്ച സൈന്‍ (SIGNS) ഫിലിം ഫെസ്റ്റിവലില്‍ സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം.)

തയ്യാറാക്കിയത്; നജ്മ മജീദ്

Similar Posts