Analysis
ഹിജ്‌റപോയി കമ്മ്യൂണിസ്റ്റായവര്‍
Analysis

ഹിജ്‌റപോയി കമ്മ്യൂണിസ്റ്റായവര്‍

പി.ടി നാസര്‍
|
27 Sep 2023 8:13 AM GMT

1915 ആഗസ്റ്റില്‍ ഉബൈദുല്ലാ സിന്ധി കാബൂളില്‍ എത്തി. അതിനുമുമ്പുതന്നെ മുഹാജിറുകള്‍ എത്തിത്തുടങ്ങിയിരുന്നു. ലാഹോറിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളാണ് ഹിജ്‌റ അഥവാ, പലായനം തുടങ്ങിയത്. 1915 ജനുവരി ആറിന് 15 പേരടങ്ങുന്ന ആദ്യസംഘം ഒരു ചെറുകപ്പലില്‍ രവി നദിയിലൂടെ കാബൂളിനടുത്തുള്ള അസ്മത്ത് പ്രദേശത്ത് ഇറങ്ങി. | ചുവപ്പിലെ പച്ച - ഭാഗം: 13

1914 ലെ ജൂലൈ മാസം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഓളപ്പരപ്പുകളെ വകഞ്ഞുമാറ്റിക്കൊണ്ട് കിന്‍ഫന്‍സ് കാസില്‍ എന്ന കപ്പല്‍ മുന്നേറുകയാണ്. ലണ്ടനിലേക്കാണ്. ആഫ്രിക്കയിലെ കേപ്ടൗണില്‍ നിന്ന് പുറപ്പെട്ടതാണ്. ഡക്കില്‍ ഗാന്ധി നില്‍ക്കുന്നുണ്ട്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. തൊട്ടടുത്ത് ആത്മാര്‍ത്ഥ സുഹൃത്ത് കല്ലന്‍ ബാഷുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ ജീവിതത്തില്‍ കിട്ടിയ കൂട്ടുകാരനാണ്. ഹെര്‍മന്‍ കല്ലന്‍ബാഷ്. ജര്‍മ്മന്‍കാരനാണ്. ജൂതനാണ്. ഇന്ത്യയിലേക്ക് കൂട്ടിയതാണ് ഗാന്ധി. കടല്‍യാത്രയല്ലേ, കല്ലന്‍ബാഷ് രണ്ട് ബൈനോക്കുലറുകള്‍ എടുത്തിരുന്നു. ഗാന്ധി അതിലൂടെ കടല്‍ക്കാഴ്ചകളില്‍ മുങ്ങിനില്‍ക്കുകയാണ്. അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു: 'അതിന് അടിമയാകുംകെട്ടോ, ആസക്തിയുണ്ടാക്കുന്ന സാധനമാണ്'. പെട്ടെന്നായിരുന്നു ഉത്തരം: 'എന്നാല്‍ നമുക്കിത് കടലിലെറിയാം''. കല്ലന്‍ബാഷ് മൂളലും ഗാന്ധി എറിയലും ഒന്നിച്ചുകഴിഞ്ഞു.

കളിച്ചും ചിരിച്ചും യാത്രയില്‍ ഉല്ലസിച്ച് കപ്പല്‍ ബ്രിട്ടീഷ്‌കനാല്‍ കടക്കുകയാണ്. അപ്പോഴാണ് ആ വാര്‍ത്തയറിഞ്ഞത്. ബ്രിട്ടന്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ആ നിമിഷംതന്നെ ഗാന്ധി, ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചു. കപ്പല്‍ ലണ്ടനിലെത്തുംമുമ്പേ ആ വിവരം ലണ്ടനിലറിഞ്ഞു. ചെന്നിറങ്ങിയപ്പോള്‍ അവിടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ പലരും പ്രതിഷേധിച്ചു. ബ്രീട്ടീഷധികാരികള്‍ ഗാന്ധിയേയും തീരുമാനത്തേയും സ്വാഗതം ചെയ്തു. ലണ്ടനിലെ ഇന്ത്യക്കാരുമായി (ബ്രിട്ടീഷുകാരുമായും) പരിചയപ്പെടലും നഗരംകാണലുമെല്ലാം കഴിഞ്ഞ് ഡിസംബര്‍ 19 ന് ഗാന്ധിയും കസ്തൂര്‍ബയും അറേബ്യ എന്ന കപ്പലില്‍ കയറി. ബോംബെയിലേക്ക്. പ്രിയസുഹൃത്ത് ഹെര്‍മന്‍ കല്ലന്‍ബാഷ് കൂടെയില്ല. ജര്‍മ്മന്‍കാരന് യാത്രാനുമതി കൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായില്ല. ഏതായാലും ഗാന്ധി ഭാര്യയോടൊപ്പം 1915 ജനുവരി 15ന് ബോംബെയിലിറങ്ങി. സ്വീകരണങ്ങള്‍ കഴിഞ്ഞ് പൊതുപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുതുടങ്ങി.

ലോകമുസ്‌ലിംകളുടെ ആത്മീയ നേതാവായിട്ടാണ് ഖലീഫയെ സുന്നീമുസ്‌ലിംകള്‍ കാണുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും അങ്ങനെ കരുതുന്നവരാണ്. അവരുടെ ആത്മീയ നേതാവിന് എതിരെയാണ് ബ്രിട്ടന്‍ പടകൂട്ടുന്നത്. ലോകം മുഴുവന്‍ യുദ്ധമുഖമാണ്. കരയിലും കടലിലും യുദ്ധം. പോര്‍മുഖങ്ങള്‍ പരന്നപ്പോള്‍ ബ്രിട്ടന് പട്ടാളക്കാര്‍ തികഞ്ഞില്ല. ഇന്ത്യന്‍ പട്ടാളക്കാരെ മുഴുവന്‍ ഇറക്കിയിട്ടും പോരാതെ വന്നപ്പോഴാണ് റിക്രൂട്ട്‌മെന്റ് തുടങ്ങിയത്.

അപ്പോഴുണ്ടായകാര്യം ഗാന്ധിയുടെ ജീവചരിത്രത്തില്‍ കൃഷ്ണ കൃപലാനി പറയുന്നുണ്ട്: 'സൈന്യത്തില്‍ ആളെ ചേര്‍ക്കുന്നതിനുള്ള തീവ്രയത്‌നത്തില്‍ ഇന്ത്യന്‍ നേതാക്കളുടെ പിന്തുണ തേടുന്നതിന് വൈസ്രോയി ചെംസ്‌ഫോര്‍ഡ് പ്രഭു ദല്‍ഹിയില്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഗാന്ധിയേയും ക്ഷണിച്ചിരുന്നു. ചമ്പാരനിലേയും ഖേഡയിലേയും അനുഭവങ്ങള്‍ക്ക് ശേഷവും ബ്രിട്ടീഷുസാമ്രാജ്യം നന്മയുടെ കേദാരമാണെന്നും ബ്രിട്ടീഷുകാരുമായുള്ള ബന്ധം ഇന്ത്യയ്ക്കു മൊത്തത്തില്‍ പ്രയോജനകരമാണെന്നും വിശ്വസിച്ചിരുന്ന ഗാന്ധി ക്ഷണം സ്വീകരിക്കുകയും വിഷമഘട്ടത്തില്‍ സാമ്രാജ്യത്തെ സഹായിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റേയും കര്‍ത്തവ്യമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു. അതുകൊണ്ടുമാത്രം തൃപ്തിപ്പെടാതെ ഇംപീരിയല്‍ ആര്‍മിയ്ക്കുവേണ്ടി റിക്രൂട്ടിങ്ങ് സാര്‍ജന്റായി പ്രവര്‍ത്തിക്കാനും ഗാന്ധി തയ്യാറായി'. ആ യോഗത്തില്‍ വൈസ്രോയിയുടെ അനുമതിവാങ്ങി ഹിന്ദിയിലാണ് താന്‍ പിന്താങ്ങല്‍പ്രസംഗം നടത്തിയതെന്ന് ഗാന്ധി ആത്മകഥയില്‍ പറയുന്നുണ്ട്!

ജര്‍മ്മനിയുടെ പക്ഷത്ത് തുര്‍ക്കിയുമുണ്ടല്ലോ. അതിനാല്‍ യുദ്ധം ആദ്യം ബാധിച്ചത് ഇന്ത്യന്‍ മുസ്‌ലിംകളെയാണ്. അവരാകെ അസ്വസ്ഥരാണ്. തുര്‍ക്കിയും ബ്രിട്ടനും ഏറ്റുമുട്ടുകയാണ്. തുര്‍ക്കിയിലെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ സുല്‍ത്താന്‍, ഖലീഫകൂടിയാണ്. ലോകമുസ്‌ലിംകളുടെ ആത്മീയ നേതാവായിട്ടാണ് ഖലീഫയെ സുന്നീമുസ്‌ലിംകള്‍ കാണുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും അങ്ങനെ കരുതുന്നവരാണ്. അവരുടെ ആത്മീയ നേതാവിന് എതിരെയാണ് ബ്രിട്ടന്‍ പടകൂട്ടുന്നത്. ലോകം മുഴുവന്‍ യുദ്ധമുഖമാണ്. കരയിലും കടലിലും യുദ്ധം. പോര്‍മുഖങ്ങള്‍ പരന്നപ്പോള്‍ ബ്രിട്ടന് പട്ടാളക്കാര്‍ തികഞ്ഞില്ല. ഇന്ത്യന്‍ പട്ടാളക്കാരെ മുഴുവന്‍ ഇറക്കിയിട്ടും പോരാതെ വന്നപ്പോഴാണ് റിക്രൂട്ട്‌മെന്റ് തുടങ്ങിയത്. ഗാന്ധിയൊക്കെയാണല്ലോ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.


'ഇന്ത്യയില്‍നിന്ന് നന്നായി പരിശീലനം നല്‍കി അയച്ച 9,85,000 പട്ടാളക്കാരില്‍ 7,91,000 പേരെ യുദ്ധത്തിന്റെ തുടക്കസമയത്തുതന്നെ ഇറക്കിയിട്ടുണ്ട്. യുദ്ധപരിശീലനം ലഭിക്കാത്ത വളണ്ടിയര്‍മാര്‍ 4,72,000 പേരുണ്ടായിരുന്നു. അവരെമുഴുവന്‍ യുദ്ധം നടക്കുന്നതിനിടയില്‍ റിക്രൂട്ടു ചെയ്തതായിരുന്നു. ഇന്ത്യയില്‍ നിന്നാകെ 14,57,000 പട്ടാളക്കാരെ നല്‍കിയിട്ടുണ്ട്. അതില്‍ 9,43,000 പേര്‍ മരണപ്പെടുകയും ചെയ്തു' - എന്നാണ് യുദ്ധാനന്തരം തയ്യാറാക്കിയ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്.

ഏതായാലും ആ പട്ടാളപ്പണി ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിംപട്ടാളക്കാര്‍ക്ക് സ്വന്തം ചങ്കിലേക്ക് വെടിയുതിര്‍ക്കുന്നതിന് സമമാണ്. സഹായിക്കണമെന്ന് ആവശ്യപ്പെടുന്നത് തങ്ങളെ ഭരിക്കുന്ന രാജാവാണ്. അതുകേട്ട് ഉറങ്ങിച്ചെന്നാല്‍ യുദ്ധം ചെയ്യേണ്ടത് സ്വന്തം ഖലീഫയോടാണ്.

അതൊഴിവാക്കാന്‍ പലരും ശ്രമിച്ചുനോക്കിയതാണ്. ലക്‌നൗവിലെ പ്രശസ്ത മതവിദ്യാഭ്യാസ സ്ഥാപനമായ ഫിറങ്കിമഹലിന്റെ തലവന്‍ മൗലവി അബ്ദുല്‍ ബാരി ഇസ്താംബൂളില്‍ പോയതാണ്. ഖലീഫയെ നേരില്‍ കണ്ടതാണ്. ബ്രിട്ടനെതിരെ ജിഹാദ് വിളിക്കരുതെന്ന് അപേക്ഷിച്ചതാണ്. അങ്ങനെ അഭ്യര്‍ത്ഥിക്കാനുള്ള കാരണങ്ങള്‍ നിരത്തിയതാണ്. കേട്ടിരിക്കുകയല്ലാതെ ഖലീഫ മുഹമ്മദ് അഞ്ചാമന്‍ ഒരക്ഷരം ഉരിയാടിയില്ല. ഒരുപക്ഷേ, കാര്യങ്ങള്‍ ഖലീഫയുടെ കയ്യില്‍നിന്ന് പോയതാവാം ആ മഹാമൗനത്തിന് കാരണം. കാര്യങ്ങളുടെ കടിഞ്ഞാണ്‍ യുവതുര്‍ക്കികളായ മൂന്നുപാഷമാരുടെ കയ്യിലാണല്ലോ. അവര്‍ തുര്‍ക്കിയെ യുദ്ധമുഖത്തേക്ക് ഇറക്കിനിര്‍ത്തി.

മുസ്‌ലിംപ്രജകളുടെ ധര്‍മ്മസങ്കടം ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് പിടികിട്ടി. അവര്‍ വാഗ്ദാനങ്ങള്‍ നിരത്തി. യുദ്ധത്തില്‍ തുര്‍ക്കിയെ തോല്‍പ്പിച്ചാലും ഒട്ടോമന്‍ ഖലീഫയെ അപമാനിക്കില്ല എന്നാണൊന്ന്. ഒട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലെ സ്ഥലങ്ങള്‍, പ്രത്യേകിച്ച് മക്കയും മദീനയുമുള്‍പ്പടെ ഹിജാസിലെ പുണ്യകേന്ദ്രങ്ങള്‍ അന്യാധീനപ്പെടുത്തില്ലെന്ന് മറ്റൊന്ന്, യുദ്ധത്തില്‍ ബ്രിട്ടന്‍ ജയിച്ചാലുടന്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം തരുമെന്ന് ഇനിയൊന്ന്. വാഗ്ദാനം വണ്ടിച്ചെക്കാണല്ലോ.

ലോകംമുഴുവന്‍ സഞ്ചരിച്ച് പാന്‍ഇസ്‌ലാമിക് പ്രസ്ഥാനത്തിന് പ്രചാരമുണ്ടാക്കിയ സയ്യിദ് ജമാലുദ്ദീന്‍ അഫ്ഘാനി ഇന്ത്യയിലും വന്നിട്ടുണ്ട്. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നെരിപ്പോടിലേക്കാണ് ആദ്യത്തെ വരവ്. അന്ന് ചെറുപ്പമാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ്. പ്രാദേശിക മുസ്‌ലിം നേതാക്കളേയോ പണ്ഡിതരേയോ ബന്ധപ്പെടാന്‍ അനുവദിക്കാതെ അന്ന് കമ്പനിയുദ്യോഗസ്ഥര്‍ 'സ്വീകരണം' നല്‍കി നിയന്ത്രണത്തിലാക്കി.

ഇന്ത്യയില്‍ മാത്രമല്ല. കോളനി രാജ്യങ്ങളിലാകെ അസ്വസ്ഥത പടരുന്നുണ്ട്. ഈജിപ്ത്, മെസോപൊട്ടാമ്യ എന്നിവിടങ്ങളിലൊക്കെ കലാപമാണ്. ഒറ്റപ്പെട്ട മുസ്‌ലിംരാജ്യങ്ങള്‍ ആശങ്കയോടെ രണ്ടുപക്ഷത്തേക്കും നോക്കുന്നു. അഫ്ഘാന്‍ അമീറിനെപ്പോലെ ചുരുക്കംചിലര്‍ നിഷ്പക്ഷരാകാന്‍ ശ്രമിക്കുന്നുണ്ട്.

യുദ്ധം തുടങ്ങിയപ്പോള്‍, എല്ലാ മുസ്‌ലിംരാജ്യങ്ങളും ബ്രിട്ടനെതിരെ ജിഹാദ് പ്രഖ്യാപിക്കണമെന്ന് തുര്‍ക്കി ഖലീഫ ആവശ്യപ്പെട്ടു. പല രാജാക്കന്മാര്‍ക്കും ഖലീഫയുടെ കത്തുകിട്ടി. ഖലീഫ ജിഹാദ് വിളിക്കുകയും ബ്രിട്ടനെതിരെ അണിനിരക്കാന്‍ മുസ്‌ലിംരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു എന്ന വാര്‍ത്ത പരന്നതോടെ പാന്‍ഇസ്‌ലാം പ്രചാരകര്‍ സജീവമായി.

ഈജിപ്തിലെ പ്രധാന പാന്‍ഇസ്‌ലാമിക് നേതാവായ അബ്ദുല്‍ അസീസ് ഷാവേശ് ഉടന്‍തന്നെ ഇന്ത്യയിലെ സമാന ചിന്താഗതിക്കാരുമായി ബന്ധപ്പെട്ടു. മൗലാനാ മുഹമ്മദലി ജൗഹര്‍, സഹോദരന്‍ മൗലാനാ ഷൗക്കത്തലി, കല്‍ക്കത്തയിലെ ഇമാമുദ്ദീനായ മൗലാനാ സഫര്‍ അലിഖാന്‍, മൗലാനാ അബുല്‍കലാം ആസാദ്, മൗലവി അബ്ദുല്‍ ബാരി എന്നിവരൊക്കെ ഇതിലുള്‍പ്പെടും. ദാറുല്‍ ഉലൂം ദയൂബന്ദിലെ പണ്ഡിത പ്രമുഖനായ മൗലാന മഹ്മൂദുല്‍ ഹസ്സന്‍ അല്ലെങ്കില്‍തന്നെ, തുര്‍ക്കികളുടെ സഹായത്തോടെ വിപ്ലവം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ചില മുന്നൊരുക്കങ്ങളൊക്കെ ചെയ്തുവെച്ചിട്ടുമുണ്ട്. പ്രിയ ശിഷ്യനായ മൗലാനാ ഉബൈദുല്ലാ സിന്ധിയെയാണ് അതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.

പഞ്ചാബില്‍ ജനിച്ച് സിന്ധില്‍ വളര്‍ന്ന് ദയൂബന്ദില്‍ പഠിക്കാനെത്തിയ ആളാണ് ഉബൈദുല്ലാ സിന്ധി. അന്ന് യൂനൈറ്റഡ് പ്രൊവിന്‍സ് എന്നറിയപ്പെട്ടിരുന്ന യു.പിയിലെ സഹാറന്‍പൂര്‍ ജില്ലയിലാണ് ദയൂബന്ദ്. മൗലാനാ മഹ്മൂദുല്‍ഹസ്സന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ദയൂബന്ദില്‍നിന്ന് ദല്‍ഹിയിലേക്ക് നീങ്ങിയതാണ്. ദല്‍ഹിയിലും അലിഗഡിലുമൊക്കെ സജീവമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ അന്‍സാര്‍ എന്നൊരു പ്രസ്ഥാനത്തിന് 1912 -ല്‍ രൂപംകൊടുത്തിട്ടുണ്ട്. അലിഗഡ് ആഗ്ലോ മുഹമ്മദന്‍ ഓറിയന്റല്‍ കോളേജില്‍ നിന്ന് (1920 ലാണ് കോളേജ് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയായി മാറിയത്) ആധുനിക വിദ്യാഭ്യാസം നേടിയവരേയും ദയൂബന്ദില്‍ നിന്നുംമറ്റും മതവിദ്യാഭ്യാസം നേടിയവരേയും ഒരേചരടില്‍ കൊണ്ടുവരിക എന്നതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. 1913 - ല്‍ മൗലാനാ മഹ്മൂദുല്‍ ഹസ്സന്റെ നിര്‍ദ്ദേശപ്രകാരം ദല്‍ഹിയില്‍ നസാറത്തുല്‍ മആരിഫുല്‍ ഖുര്‍ആനിയ്യ എന്നൊരു സ്ഥാപനവും തുടങ്ങി. ഇംഗ്ലീഷ്മട്ടിലുള്ള ആധുനിക വിദ്യാഭ്യാസംമാത്രം ലഭിച്ചിട്ടുള്ള മുസ്‌ലിം ചെറുപ്പക്കാരെ ഖുര്‍ആന്‍ പഠിപ്പിക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, ഉബെദുല്ലാ സിന്ധിയ്ക്ക് മറ്റൊരുദ്ദേശ്യം കൂടെയുണ്ട്. വിദ്യാസമ്പന്നരായ മുസ്‌ലിംചെറുപ്പക്കാര്‍ക്കിടയില്‍ ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയം പടര്‍ത്തുകയെന്നത്. പഞ്ചാബിലും സിന്ധിലും പഴയ ശിഷ്യന്മാരുടെ സഹായത്തോടെ വലിയൊരു ശൃംഖലയുമുണ്ടാക്കിയിട്ടുണ്ട്. ഇടക്കിടെയുള്ള യാത്രകളിലൂടെ അതൊക്കെ ചലിപ്പിക്കുന്നുണ്ട്. അതിലൂടെ പാന്‍ഇസ്‌ലാമിക് ചിന്ത ചെറുപ്പക്കാരില്‍ പടരുന്നുണ്ട്.

പാന്‍ഇസ്‌ലാമിക് പ്രസ്ഥാനമെന്നത്, ലളിതമായി പറഞ്ഞാല്‍ ഖലീഫയെ കേന്ദ്രമാക്കി ലോകമുസ്‌ലിംകളെ ഏകീകരിക്കുക എന്നതാണ്. പടിഞ്ഞാറന്‍ സാമ്രാജ്യത്തത്തെ പ്രതിരോധിക്കാനുള്ള ഇസ്‌ലാമികമുന്നണി. തുര്‍ക്കിസുല്‍ത്താന്‍ ഖലീഫയെന്ന നിലയില്‍ നെടുനായകത്തം വഹിക്കും. ലോകത്തെ എല്ലാ മുസ്‌ലിംരാജ്യങ്ങളും ഖലീഫയോടു കൂറുപ്രഖ്യാപിക്കും. അതാണ് പരിപാടി. ലോകംമുഴുവന്‍ സഞ്ചരിച്ച് ഈ ആശയത്തിന് പ്രചാരമുണ്ടാക്കിയ സയ്യിദ് ജമാലുദ്ദീന്‍ അഫ്ഘാനി ഇന്ത്യയിലും വന്നിട്ടുണ്ട്. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നെരിപ്പോടിലേക്കാണ് ആദ്യത്തെ വരവ്. അന്ന് ചെറുപ്പമാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ്. പ്രാദേശിക മുസ്‌ലിം നേതാക്കളേയോ പണ്ഡിതരേയോ ബന്ധപ്പെടാന്‍ അനുവദിക്കാതെ അന്ന് കമ്പനിയുദ്യോഗസ്ഥര്‍ 'സ്വീകരണം' നല്‍കി നിയന്ത്രണത്തിലാക്കി. പിന്നീടെത്തിയത് 1879 - ലാണ്. ഇത്തവണ രണ്ടുവര്‍ഷത്തിലേറെ ഇന്ത്യയില്‍ തങ്ങി. ഹൈദരാബാദ് നഗരത്തില്‍. പാന്‍ഇസ്‌ലാമിക് ആശയത്തിന് പിന്തുണ സംഭരിക്കാന്‍ ഖലീഫ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ അഫ്ഘാനിയെ ഇന്ത്യയിലേക്ക് അയച്ചതാണെന്ന് വിവരിക്കുന്ന ചരിത്രകാരന്മാരുമുണ്ട്.


ഏതായാലും എഴുത്തും പ്രഭാഷണങ്ങളുമായി സംഭവബഹുലമായിരുന്നു രണ്ടാംവരവ്. അലിഗഡ് പ്രസ്ഥാനത്തിന്റെ ആചാര്യനും മുസ്‌ലിം - ബ്രിട്ടീഷ് സൗഹൃദത്തിന്റെ പ്രായോജകനുമായ സയ്യിദ് അഹമ്മദ് ഖാന്റെ ആശയങ്ങളെ വെല്ലുവിളിച്ചതാണ് ഈ വരവിനെ ശ്രദ്ധേയമാക്കിയത്. സമകാലികരാണ് സയ്യിദ് അഹമ്മദ് ഖാനും (1817 - 1898) സയ്യിദ് ജമാലുദ്ദീന്‍ അഫ്ഘാനിയും (1838 - 1897). ദില്ലിയില്‍ ജനിച്ച് ദില്ലിയില്‍ വളര്‍ന്നയാളാണ് അഹമ്മദ് ഖാന്‍. ഖബറിടം അലിഗഡിലാണ്. ഇറാനില്‍ ജനിച്ച് ലോകംമുഴുവന്‍ കറങ്ങി തുര്‍ക്കിയില്‍ മരിച്ചയാളാണ് ജമാലുദ്ദീന്‍. കബറിടം കാബൂളിലാണ്.

പിതൃവഴിക്ക് അഹമ്മദ് ഖാന്റെ കുടുംബത്തിലെല്ലാവരും മുഗള്‍സര്‍ക്കാരിലെ ഉദ്യോഗസ്ഥരായിരുന്നു. ഉപ്പയുടെ ഉപ്പ അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ ദര്‍ബാറില്‍ അംഗമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കുടുംബത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് ഇരുപതാം വയസ്സില്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയില്‍ ഉദ്യോഗം സ്വീകരിക്കുകയാണ് അഹമ്മദ് ഖാന്‍ ചെയ്തത്. 1857 - ല്‍ ഒന്നാം സ്വാതന്ത്ര്യസമരം അരങ്ങേറുമ്പോള്‍ അഹമ്മദ് ഖാന് 40 വയസ്സാണ്. ബിജ്‌നൂരിലെ മജിസ്‌ട്രേറ്റാണന്ന്. യു.പി യിലെ ബിജ്‌നൂര്‍ ഔധിലെ നവാബ്മാരില്‍നിന്ന് 1801- ല്‍ ഈസ്റ്റിന്ത്യാകമ്പനി പിടിച്ചടക്കിയ നാട്ടുരാജ്യമാണ്. 1857 - ലെ കലാപം തുടങ്ങിയപ്പോള്‍ നവാബുമാരുടെ സേനാനായകനായ മുഹമ്മദ് ഖാന്‍ ബിജ്‌നൂര്‍ തിരിച്ചുപിടിച്ചു. കമ്പനിയുദ്യോഗസ്ഥരേയും ബന്ധുക്കളേയും ബന്ദികളാക്കി. അവരെ രക്ഷിച്ച് സുരക്ഷിതസ്ഥാനത്ത് എത്തിച്ച് അഹമ്മദ്ഖാന്‍ ബ്രിട്ടീഷുകാരുടെ അഭിനന്ദനം നേടി.

കലാപം അടിച്ചമര്‍ത്തിയശേഷം 'ബ്രിട്ടീഷുകാരുടെ കനത്തകരങ്ങള്‍ ഹിന്ദുക്കളേക്കാള്‍ മുസ്‌ലിംകളുടെ ചുമലിലാണ് പതിച്ചത്. ഹിന്ദുക്കളേക്കാള്‍ സമരോത്സുകരും ആക്രമകാരികളുമാണ് മുസ്‌ലിംകളെന്ന് അവര്‍കണ്ടു. അടുത്തകാലംവരെ അധികാരത്തിലിരുന്നതിന്റെ ഓര്‍മ കാരണം മുസ്‌ലിംകളാണ് കൂടുതല്‍ ആക്രമണകാരികളെന്ന് ബ്രിട്ടീഷുകാര്‍ കരുതി.' എന്നാണ് നെഹ്‌റു ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മുസ്‌ലിംകളുടെ വര്‍ഗ്ഗീയതയല്ല, ഈസ്റ്റിന്ത്യാ കമ്പനിയുദ്യോഗസ്ഥരുടെ അധികാരത്വരയും അഴിമതിയുമാണ് സംഗതികള്‍ വഷളാക്കിയത് എന്ന് വിശദീകരിച്ച് അഹമ്മദ് ഖാന്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. 'അസ്ബാബെ ഭഗാവതേ ഹിന്ദ് ' (ഇന്ത്യന്‍ കലാപത്തിന്റെ കാരണങ്ങള്‍) എന്ന ലഘുലേഖ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. അത് കടുത്ത ദ്രോഹമായി കണക്കാക്കി കേസെടുക്കണമെന്ന് ഉന്നതര്‍ ആവശ്യപ്പെട്ടു.

മുസ്‌ലിംകളുടെ വര്‍ഗ്ഗീയതയാണ് കലാപത്തിന് കാരണമെന്ന് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചിരുന്നു. പല റിപ്പോര്‍ട്ടുകളിലും അതുണ്ട്. കലാപം അമര്‍ത്തിയശേഷം ബ്രിട്ടീഷുകാര്‍ വിദ്യാഭ്യാസരീതി പരിഷ്‌ക്കരിച്ചു. പുതിയ പാഠ്യപദ്ധതിയുസരിച്ചുള്ള കോളേജുകള്‍ പലയിടത്തും ആരംഭിച്ചു. ഇത് സമുദായത്തിന് എതിരായ നീക്കമായിട്ടാണ് മുസ്‌ലിംകള്‍ കണ്ടത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് മുസ്‌ലിംകളെ അകറ്റാനാണെന്ന് നേതാക്കള്‍ കരുതി. രാജ്യത്തെയൊന്നാകെ ക്രൈസ്തവവത്കരിക്കാനാണ് എന്ന് കരുതിയവരുമുണ്ട്.

അഹമ്മദ് ഖാന്റെ സമീപനം മറ്റൊന്നായിരുന്നു. ഭരണകൂടവുമായി നിത്യശത്രുതയില്‍ കഴിഞ്ഞാല്‍ സമുദായം ഞെരിയുമെന്ന് അദ്ദേഹം കരുതി. അതൊഴിവാക്കണം. സര്‍ക്കാര്‍ ജോലിയും അതുവഴി അധികാരത്തില്‍ പങ്കും നേടണം. അതിന് പുതിയമട്ടിലുള്ള വിദ്യാഭ്യാസത്തെ ആശ്രയിക്കണം എന്നാണദ്ദേഹം ചിന്തിച്ചത്. മുസ്‌ലിംകളുടെ വര്‍ഗ്ഗീയതയല്ല, ഈസ്റ്റിന്ത്യാ കമ്പനിയുദ്യോഗസ്ഥരുടെ അധികാരത്വരയും അഴിമതിയുമാണ് സംഗതികള്‍ വഷളാക്കിയത് എന്ന് വിശദീകരിച്ച് അദ്ദേഹം ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. 'അസ്ബാബെ ഭഗാവതേ ഹിന്ദ് ' (ഇന്ത്യന്‍ കലാപത്തിന്റെ കാരണങ്ങള്‍) എന്ന ലഘുലേഖ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. അത് കടുത്ത ദ്രോഹമായി കണക്കാക്കി കേസെടുക്കണമെന്ന് ഉന്നതര്‍ ആവശ്യപ്പെട്ടു. പക്ഷേ, വൈസ്രോയ് കാന്നിങ്ങ് പ്രഭു അഹമ്മദ് ഖാനെ വിളിച്ചുവരുത്തി സംസാരിച്ചു. അതില്‍ പറഞ്ഞ കാര്യങ്ങളൊക്കെ വിദേശകാര്യ സെക്രട്ടറി സീസില്‍ ബീദോനെ ബോധ്യപ്പെടുത്താന്‍ വൈസ്രോയി നിര്‍ദ്ദേശിച്ചു. അതിനായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അഹമ്മദ് ഖാനും ബീദോനും സുഹൃത്തുക്കളായി. അഹമ്മദ് ഖാന്റെ രണ്ടാമത്തെ രചന 'ലോയല്‍ മുഹമ്മദന്‍സ് ഓഫ് ഇന്ത്യ' എന്ന ലഘുലേഖയായിരുന്നു. കലാപസമയത്ത് ഹിന്ദുക്കളേക്കാള്‍ കമ്പനിയോട് കൂറു കാണിച്ചത് മുസ്‌ലിംകളാണെന്നും എല്ലാ മുസ്‌ലിംകളും കമ്പനിയെ എതിര്‍ത്തിട്ടില്ലെന്നും അതില്‍ വാദിച്ചു.


1858 നവംബര്‍ ഒന്നിനാണ് കമ്പനിഭരണം അവസാനിപ്പിച്ച് ബ്രിട്ടീഷ്‌റാണിയുടെ നേരിട്ടുള്ള ഭരണം പ്രഖ്യാപിച്ചത്. അപ്പോഴേക്ക് ബ്രിട്ടീഷ് പിന്തുണ ഉറപ്പാക്കാനുള്ള വഴിയില്‍ അഹമ്മദ് ഖാന്‍ ഏറെ മുന്നേറിയിരുന്നു. രചനകള്‍ അത്തരത്തിലുള്ളതായിരുന്നു. ബൈബിളിന്റെ ഉറുദു തര്‍ജ്ജമപോലും ചെയ്തു. അബ്രഹാമീ പാരമ്പര്യം പിന്തുടരുന്ന മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ വിയോജിപ്പിനേക്കാള്‍ യോജിപ്പിനാണ് സാധ്യതയെന്ന് വാദിച്ചു. 1864 -ല്‍ അഹമ്മദ് ഖാന്‍ 'സൈന്റിഫിക് സൊസൈറ്റി ഓഫ് ഇന്ത്യ' രൂപീകരിച്ചു. 1869 -ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചു. തിരിച്ചുവന്ന ശേഷം 1875 -ല്‍ അലിഗഡില്‍ 'ആഗ്ലോ മുഹമ്മദന്‍ ഓറിയന്റല്‍ കോളേജ് ' സ്ഥാപിച്ചു. 1875 മെയ് 24 നാണ് തുടക്കം കുറിച്ചത്. ആ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. വിക്ടോറിയാ റാണിയുടെ ജന്മദിനമായിരുന്നു. അഹമ്മദ് ഖാന്റെ സമീപനത്തിന് ബ്രിട്ടീഷുകാരില്‍ നിന്ന് തക്ക പ്രതികരണമുണ്ടായി. നിലപാടുകള്‍ക്ക് പിന്തുണയും സ്ഥാപനങ്ങള്‍ക്ക് സഹായവും ലഭിച്ചു. സര്‍ എന്ന ബഹുമതി പതിച്ചുകൊടുത്തു.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്തേക്ക് ഒരടിപോലും മുസ്‌ലിംകള്‍ കടക്കരുതെന്ന് അദ്ദേഹം വാശിപിടിച്ചു. രാജ്യത്ത് ആദ്യമായി മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തെക്കുറിച്ച് ആലോചിച്ചത് ബംഗാളിലെ സയ്യിദ് അമീര്‍ അലിയാണ്. 1876 -ല്‍ അമീറലി സെന്‍ട്രല്‍ നാഷനല്‍ മുഹമ്മദന്‍ അസോസിയേഷന്‍ രൂപീകരിക്കാന്‍ ആലോചിച്ചപ്പോള്‍ അഹമ്മദ് ഖാന്‍ മുഖംതിരിച്ചു. 1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊണ്ടപ്പോള്‍ മുസ്‌ലിംകള്‍ അതില്‍ ചേരുന്നതിനെ എതിര്‍ത്തു. മുസ്‌ലിംകള്‍ കോളേജില്‍ ചേര്‍ന്നാല്‍മതി, കോണ്‍ഗ്രസില്‍ ചേരേണ്ട എന്ന് അദ്ദേഹം ശഠിച്ചു.

പോകപ്പോകെ അഹമ്മദ് ഖാന്റെ സൈന്റിഫിക് വാദങ്ങള്‍ പലപ്പോഴും മുസ്‌ലിംകളുടെ മൗലിക വിശ്വാസവുമായി ഉരസുന്ന ഘട്ടംവരെയെത്തി. പ്രവാചകന്‍ ഒരു രാത്രികൊണ്ട് വാനയാത്ര നടത്തി തിരിച്ചെത്തി എന്ന വിശ്വാസത്തെ, അതൊരു സ്വപ്നമായിരിക്കാം എന്ന് വ്യാഖ്യാനിച്ചു. ഇത്രയുമായപ്പോള്‍ അക്കാലത്തെ മുസ്‌ലിം പണ്ഡിതര്‍ ദയൂബന്ദ് ദാറുല്‍ ഉലൂമിന്റെ തലവന്‍ മൗലാനാ റഷീദ് അഹമ്മദ് ഗംഗോഹിയോട് മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചു:

1. ഭൗതികകാര്യങ്ങളില്‍ ഹിന്ദുക്കളോടൊത്ത് പ്രവര്‍ത്തിക്കല്‍ അനുവദനീയമാണോ?

2. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ചേരാന്‍ പാടുണ്ടോ?

3. സര്‍ സയ്യിദ് അഹമ്മദ് ഖാനുമായി ഐക്യപ്പെടാമോ?

മറുപടിയായി മൗലാനാ റഷീദ് അഹമ്മദ് ഗംഗോഹി ഒരു ഫത്വ പുറപ്പെടുവിച്ചു: 'പലിശയും നിയമവിരുദ്ധ വ്യാപാരങ്ങളും ഒഴിവാക്കാമെങ്കില്‍ ഹിന്ദു -മുസ്‌ലിം വ്യാപാരബന്ധങ്ങളും ശരീഅത്തിന് വിരുദ്ധമല്ലാത്ത മറ്റേത് വിഷയങ്ങളും അനുവദനീയമാണ്. സയ്യിദ് അഹമ്മദ് ഇസ്‌ലാമിന്റെ ഗുണകാംക്ഷിയാകട്ടെ, ആകാതിരിക്കട്ടെ, അദ്ദേഹവുമായുള്ള കൂട്ടുചേരല്‍ കാലക്രമത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വിനാശകരമായിരിക്കും. മധുരമുള്ള വിഷമാണ് അദ്ദേഹം കുടിപ്പിക്കുന്നത്. അത് മാരകമാണ്. അതുകൊണ്ട് അദ്ദേഹത്തോട് ഐക്യപ്പെടരുത്. നിങ്ങള്‍ക്ക് ഹിന്ദുക്കളുമായൊത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാം'. - ഇതാണ് ഫത്വ.

ഇങ്ങനെയിരിക്കുമ്പോഴാണ് സയ്യിദ് ജമാലുദ്ദീന്‍ അഫ്ഘാനി ഹൈദരാബാദില്‍ പ്രത്യക്ഷപ്പെടുന്നത്. 'രണ്ടുകാലില്‍ സഞ്ചരിക്കുന്ന കൊടുങ്കാറ്റ്' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജമാലുദ്ദീന്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് തെന്നിനീങ്ങുന്ന കാലമാണത്. 1879 -ല്‍ ബ്രിട്ടീഷുകാര്‍ ഈജിപ്തില്‍ നിന്ന് നാടുകടത്തിയതാണ്. അവിടെ റിപ്പബ്ലിക്കനിസം പ്രചരിപ്പിക്കുന്നു എന്നതാണ് ആരോപിച്ച കുറ്റം. രണ്ടുവര്‍ഷത്തിലേറെ ഹൈദരാബാദില്‍ താമസിച്ചു. ഈ സമയത്താണ്, 'ഭൗതികവാദികളെ സംബന്ധിച്ച യാഥാര്‍ത്ഥ്യവും വിശദീകരണവും' എന്നപേരില്‍ അഹമ്മദ് ഖാനെ വെല്ലുവിളിച്ചുകൊണ്ടുള്ള പുസ്തകം എഴുതിയത്. അഹമ്മദ് ഖാന്‍ ഭൗതികവാദിയാണ് എന്ന് സ്ഥാപിക്കാന്‍ ജമാലുദ്ദീന്‍ ശ്രമിച്ചു. അത് അക്കാലത്തെ ഇന്ത്യന്‍ പണ്ഡിതന്മാരില്‍ പലരുടേയും കാഴ്ചപ്പാടുമായി യോജിച്ചു പോകുന്നതുമാണ്. അഹമ്മദ് ഖാന്റെ നിലപാടുകളെ മുച്ചൂടും നിരാകരിച്ചു കൊണ്ടാണ് ജമാലുദ്ദീന്റെ അങ്കം. പ്രധാനകാരണം അഹമ്മദ്ഖാന്റെ ബ്രിട്ടീഷനുകൂല നിലപാടു തന്നെ.

ഹൈദരാബാദില്‍ തമ്പടിച്ച ജമാലുദ്ദീന്‍ ലേഖനപരമ്പരകള്‍തന്നെ എഴുതി. അഹമ്മദ് ഖാന്‍ അനങ്ങിയില്ലെങ്കിലും അനുയായികള്‍ മറുപടിയെഴുതി. ജമാലുദ്ദീന്‍ തിരിച്ചടിച്ചു. ഈ വിവാദത്തിലൂടെ ജമാലുദ്ദീനും അദ്ദേഹത്തിന്റെ പാന്‍ഇസ്‌ലാം ചിന്തയ്ക്കും ഇന്ത്യയില്‍ വേരോട്ടമുണ്ടായി. അഹമ്മദ്ഖാന്റെ ആശയങ്ങളോട് മമത പുലര്‍ത്തിയിരുന്ന അല്ലാമാ ശിബിലി നുഅ്മാനിയാണ് ജമാലുദ്ദീന്റെ ആശയങ്ങള്‍ ആദ്യം ഏറ്റുപിടിച്ചത്. മഹ്മൂദുല്‍ ഹസ്സനും അബുല്‍കലാം ആസാദുമൊക്കെ പിന്നീടാണ് ഈ വഴിക്ക് വരുന്നത്. ആ ചിന്തകള്‍ പ്രയോഗത്തില്‍ വരുത്താനിറങ്ങിയവരാണ് ഇന്ത്യയില്‍ 'ദേശീയ മുസ്‌ലിംകള്‍' എന്നറിയപ്പെട്ടത്.

ഈയ്യൊരു പശ്ചാത്തലത്തില്‍വേണം 1914 ലെ സംഭവവികാസങ്ങളെ കാണാന്‍. സയ്യിദ് ജമാലുദ്ദീന്‍ അഫ്ഘാനി 1897-ലും സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ 1898 -ലും കണ്ണടച്ചെങ്കിലും അവരുടെ ആശയങ്ങള്‍ മണ്ണിടിഞ്ഞില്ല. 1914 -ല്‍ കത്തിനിന്നത് ജമാലുദ്ദീന്റെ ആശയങ്ങളാണ്.

അതിര്‍ത്തി സംസ്ഥാനത്ത് ചരിത്രപരമായിത്തന്നെ അനുകൂല സാഹചര്യമുണ്ട്. അവിടേക്ക് മഹ്മൂദുല്‍ ഹസ്സന്‍ എത്തുമെന്ന ധാരണ ബ്രിട്ടീഷ് ചാരസംഘത്തിനുമുണ്ട്. അക്കൂട്ടര്‍ പിന്നാലെയുണ്ട് എന്ന അറിയിപ്പുകിട്ടിയ മഹ്മൂദുല്‍ ഹസ്സന്‍ ഹജ്ജിന് പോവുകയാണ് എന്ന് എല്ലാവരേയും അറിയിച്ചശേഷം നേരെ മക്കയിലേക്ക് പുറപ്പെട്ടു. 1915 സെപ്തംബറിലാണ് ദല്‍ഹി വിട്ടത്. അതിനുമുമ്പുതന്നെ മൗലാനാ ഉബൈദുല്ലാ സിന്ധിയെ കാബൂളിലേക്ക് അയച്ചിരുന്നു.

ജിഹാദിനുള്ള ഖലീഫയുടെ ആഹ്വാന്നം മൗലാനാ മഹ്മൂദുല്‍ ഹസ്സന്‍ ഏറ്റെടുത്തു. 'റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്നവരടക്കം ലോകത്തിലെ മുഴുവന്‍ മുസ്‌ലിംകളും ജിഹാദ് ചെയ്യണം. ഈ മൂന്നു രാജ്യങ്ങളും ഇസ്‌ലാമിന്റെ ശത്രുക്കളാണ്. അവര്‍ക്കെതിരെ ഐക്യപ്പെടല്‍ പവിത്രകര്‍മ്മമാണ് ' എന്ന് 1914 നവംബര്‍ ഏഴിന് മൗലാനാ മഹ്മൂദുല്‍ ഹസ്സന്‍ ഫത്വ പുറപ്പെടുവിച്ചു. അതോടൊപ്പം ഒരു നൂറ്റാണ്ട് പഴക്കമുള്ളൊരു ഫത്വയുടെ പ്രതികളും പ്രചരിച്ചു തുടങ്ങി. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി 1800കളില്‍ ദല്‍ഹി പിടിച്ചപ്പോള്‍ ഷാ അബ്ദുല്‍ അസീസ് പുറപ്പെടുവിച്ചതാണാ ഫത്വ. പുകഴ്‌പെറ്റ നേതാവ് ഷാ വലിയുല്ലാ ദഹ് ലവിയുടെ മൂത്ത മകനാണ് ഷാ അബ്ദുല്‍ അസീസ്. ഇന്ത്യയെ ദാറുല്‍ ഹര്‍ബ് (യുദ്ധഭൂമി)യായി കണക്കാക്കി മുസ്‌ലിംകള്‍ പലായനം ചെയ്യണം എന്നതാണ് ആ ഫത്വ. അതിന്റെ പതിപ്പുകളാണ് ദല്‍ഹിയിലും പഞ്ചാബിലും സിന്ധിലും യു.പി യിലുമെല്ലാം 1914 ല്‍ പ്രചരിച്ചത്. മുസ്‌ലിംകള്‍ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യണമെന്ന പ്രചാരണം ഇതോടൊപ്പം ശക്തമായി.

പലായനത്തിന് ബൃഹത്തായ പദ്ധതിയും അതിനു ശേഷമുള്ള കാര്യങ്ങളുടെ രൂപരേഖയും മഹ്മൂദുല്‍ ഹസ്സന്‍ തയ്യാറാക്കിയിരുന്നു. അദ്ദേഹം വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കടന്ന് താവളമുറപ്പിക്കാനാണ് ആദ്യം ആലോചിച്ചത്. അതിര്‍ത്തി സംസ്ഥാനത്ത് ചരിത്രപരമായിത്തന്നെ അനുകൂല സാഹചര്യമുണ്ട്. അവിടേക്ക് മഹ്മൂദുല്‍ ഹസ്സന്‍ എത്തുമെന്ന ധാരണ ബ്രിട്ടീഷ് ചാരസംഘത്തിനുമുണ്ട്. അക്കൂട്ടര്‍ പിന്നാലെയുണ്ട് എന്ന അറിയിപ്പുകിട്ടിയ മഹ്മൂദുല്‍ ഹസ്സന്‍ ഹജ്ജിന് പോവുകയാണ് എന്ന് എല്ലാവരേയും അറിയിച്ചശേഷം നേരെ മക്കയിലേക്ക് പുറപ്പെട്ടു. 1915 സെപ്തംബറിലാണ് ദല്‍ഹി വിട്ടത്. അതിനുമുമ്പുതന്നെ മൗലാനാ ഉബൈദുല്ലാ സിന്ധിയെ കാബൂളിലേക്ക് അയച്ചിരുന്നു.


1915 ആഗസ്തില്‍ ഉബൈദുല്ലാ സിന്ധി കാബൂളില്‍ എത്തി. അതിനുമുമ്പുതന്നെ മുഹാജിറുകള്‍ എത്തിത്തുടങ്ങിയിരുന്നു. ലാഹോറിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളാണ് ഹിജ്‌റ അഥവാ പലായനം തുടങ്ങിയത്. 1915 ജനുവരി ആറിനാണ് 15 പേരടങ്ങുന്ന ആദ്യസംഘം ഒരു ചെറുകപ്പലില്‍ രവി നദിയിലൂടെ കാബൂളിനടുത്തുള്ള അസ്മത്ത് പ്രദേശത്ത് ഇറങ്ങിയത്. മിയാന്‍ അബ്ദുല്‍ ബാരി, ശൈഖ് അബ്ദുല്‍ ഖാദിര്‍, അല്ലാഹ് നവാസ് ഖാന്‍ എന്ന മുഹമ്മദ് ഉമര്‍, ശൈഖ് അബ്ദുല്ല എന്ന സാദിഖ്, അബ്ദുല്‍ റഷീദ് എന്ന യൂസഫ്, സഫര്‍ ഹസ്സന്‍ ഐബക്, മുഹമ്മദ് ഹസ്സന്‍ എന്ന യാക്കൂബ് (എല്ലാവരും ലാഹോര്‍ ഗവര്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍) മൂന്ന് വിളിപ്പേരുകളില്‍ അറിയപ്പെട്ടിരുന്ന ഖുഷി മുഹമ്മദ് (ജലന്ധര്‍കാരന്‍, കിങ്ങ് എഡ്വേര്‍ഡ് കോളേജ്) ലുധിയാനയില്‍ നിന്നുള്ള യഹിയ എന്ന അബ്ദുല്‍ ഹമീദ്, റഹ്മത്ത് അലി എന്ന സക്കരിയ്യ (ലാഹോറിലെ ഓറിയന്റല്‍ കോളേജില്‍ നിന്ന് ഫ്രഞ്ച്ഭാഷ പഠിച്ചശേഷം കിങ്ങ് എഡ്വേര്‍ഡ് കോളേജില്‍) ശൈഖ് ശുജാഹല്ല എന്ന മുഹമ്മദ് യൂനസ് (കിങ്ങ് എഡ്വേര്‍ഡ് കോളേജ്) അല്ലാഹ് നവാസ് ഖാന്റെ സഹോദരന്‍ ഷുജാ നവാസ്ഖാന്‍, ശൈഖ് അബ്ദുല്‍ ഹഖ് എന്ന ഇല്ല്യാസ് എന്നിവരാണ് അസ്മത്തില്‍ എത്തിയ ആദ്യസംഘം. അവിടെവെച്ച് മൂന്നുപേര്‍കൂടി കൂട്ടത്തില്‍ ചേര്‍ന്നു. പെഷവാര്‍ ഇസ്‌ലാമിയ കോളേജിലെ അബ്ദുല്‍ ലത്തീഫ്, കോഹട്ടില്‍ പോലീസുകാരനായിരുന്ന അബ്ദുല്‍ ഹമീദ് കശ്മീരി, ഫക്കീര്‍ ഷാ എന്നിവരാണത്. അസ്മത്ത് കാമ്പിന്റെ മേല്‍നോട്ടക്കാരന്‍ ഇവരെ അഭിമുഖം നടത്തി ഉദ്ദേശലക്ഷ്യങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം കാബൂളിലേക്ക് അയയ്ക്കുകയായിരുന്നു.

ഇങ്ങനെയെത്തിപ്പെടുന്ന മുഹാജിറുകളെ സ്വീകരിക്കാനായി അസ്മത്തിനു പുറമെ ചമര്‍ഖന്ദിലും കാമ്പ് ഒരുക്കിയിരുന്നു. ആദ്യ സംഘത്തില്‍ അംഗമായിരുന്ന സഫര്‍ ഹസ്സന്‍ ഐബക് വിശദമായ ഡയറിക്കുറിപ്പുകള്‍ സൂക്ഷിച്ചിരുന്നു. അതടിസ്ഥാനമാക്കി പില്‍ക്കാലത്ത് ആത്മകഥഴുതി. 'ആപ് ബീതി' എന്ന ആ ഉറുദു പുസ്തകം രാഷ്ട്രീയ ഹിജ്‌റയുടെ കൃത്യമായ വിവരണമാണ്. 1915 ഡിസംബറില്‍ രൂപീകരിച്ച പ്രവാസഗവര്‍മെന്റില്‍ മന്ത്രിമാരായ പലരും ചമര്‍ഖന്ദ് കാമ്പിലെ അംഗങ്ങളായിരുന്നു.

രവി നദിയിലൂടെ ആ ചെറുകപ്പലില്‍ എത്തിയത് ചെറിയൊരരുവി മാത്രമായിരുന്നു. ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ ഒഴുക്ക് മലവെള്ളപ്പാച്ചിലായി. ഖലീഫയുടെ സുരക്ഷയ്ക്കായി ജിഹാദ് ചെയ്യല്‍ മുസല്‍മാന്റെ ബാധ്യതയാണെന്ന് മൗലാനാ അബുല്‍ കലാം ആസാദ് വാദിച്ചു. വെറുതെ വാദിക്കുകയല്ല, ഒരു ഡോക്ടറേയും ഒരു ബോംബ് വിദഗ്ദ്ധനേയും മുഹാജിറുകള്‍ക്കൊപ്പം അയച്ചുകൊടുത്തു. മൗലവി അബ്ദുല്‍ ബാരിയും 117 പണ്ഡിതരും ഒപ്പുവെച്ച ഐക്യഫത്വ പുറത്തുവന്നു. ഇതിന്റെയൊക്കെ ഫലം അല്‍ഭുതാവഹമായിരുന്നു. ഹിജ്‌റ ഒരു പ്രവാഹമായി.

ഇതിനിടയില്‍ അഫ്ഘാനിസ്ഥാനില്‍ ഭരണമാറ്റമുണ്ടായല്ലോ. തുര്‍ക്കിക്കും ബ്രിട്ടനുമിടയില്‍ നടുനിലകളിച്ചിരുന്ന അമീര്‍ ഹബീബുല്ല കൊല്ലപ്പെട്ടല്ലോ. 1919 ഫെബ്രുവരി 19നാണത്. ചെറിയൊരു കിടമത്സരത്തിനൊടുവില്‍ ഹബീബുല്ലയുടെ മൂന്നാമത്തെ മകന്‍ അമാനുല്ല അധികാരമേറ്റു. ആദ്യം അമീറായി. പിന്നെ രാജാവുതന്നെയായി.

ഇന്ത്യയിലാകെ അസ്വസ്ഥത പടരുകയാണ്. റൗലത്ത് നിയമത്തിനെതിരായ പ്രതിഷേധം, ജാലിയന്‍വാലാബാഗ് വെടിവെപ്പിനെതിരായ പ്രക്ഷോഭം, അതിനിടയില്‍ മുസ്‌ലിംകളുടെ രാഷ്ട്രീയാവേശം ഏറ്റിക്കൊണ്ട് ജം ഇയ്യത്തുല്‍ ഉലമായേ ഹിന്ദ് രൂപം കൊണ്ടിട്ടുണ്ട്. അതിനൊക്കെ പുറമെ ബ്രിട്ടീഷിന്ത്യയുടെ പട്ടാളം പുറത്താണ്. ഒന്നാം ലോകമഹായുദ്ധത്തിനായി പോയവര്‍ തിരിച്ചെത്തിയിട്ടില്ല. ഇതിനിടയിലാണ് അഫ്ഘാന്‍ കയറിയടിച്ചത്. 'അമാനുല്ല പിന്നില്‍ നിന്ന് കുത്തി' എന്ന് പഞ്ചാബ് ഗവര്‍ണര്‍ മൈക്കിള്‍ ഓഡയര്‍ വിലപിച്ചു.

ബ്രിട്ടീഷുകാരെ ഒന്നു ഞെട്ടിക്കാനായിരുന്നു അമാനുല്ലയുടെ പദ്ധതി. 1919 ഫെബ്രുവരി 28 നാണ് അധികാരമേറ്റത്. മാര്‍ച്ച് മൂന്നിന് അമാനുല്ല അഫ്ഘാനിസ്ഥാനിന്റെ സ്വാതന്ത്യം പ്രഖ്യാപിച്ചു. അതുവരേയും, വിദേശനയം പോലുള്ള ചില കാര്യങ്ങളില്‍ ബ്രിട്ടന്റെ നിയന്ത്രണമുണ്ടായിരുന്നു. അത് കുടഞ്ഞുകളഞ്ഞ് സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടും അടങ്ങിയില്ല. അഫ്ഘാനിസ്ഥാനും ഇന്ത്യയുമായുള്ള വ്യാപാരക്കരാറുകള്‍ കാലാനുസൃതമായി പുതുക്കണമെന്നാവശ്യപ്പെട്ട് വൈസ്രോയി ചെംസ്‌ഫോര്‍ഡ് പ്രഭുവിന് കത്തെഴുതി. അത് പ്രഭു നിരാകരിച്ചപ്പോള്‍ അമാനുല്ല സൈനികനീക്കം നടത്തി. ബ്രിട്ടീഷിന്ത്യയിലേക്ക് കടന്നുകയറി. യുദ്ധമായി. മൂന്നാം ആഗ്ലോ- അഫ്ഘാന്‍ യുദ്ധം. നേരത്തെ രണ്ടു യുദ്ധങ്ങളിലും ബ്രിട്ടനാണ് അധിനിവേശം നടത്തിയിരുന്നത്. ഇത്തവണ അഫ്ഘാനാണ് അതു ചെയ്തത്. ബ്രിട്ടീഷുകാര്‍ ഞെട്ടുകതന്നെ ചെയ്തു. ഞെട്ടിക്കാന്‍ പറ്റിയസമയംതന്നെ ആയിരുന്നു അത്. ഇന്ത്യയിലാകെ അസ്വസ്ഥത പടരുകയാണ്. റൗലത്ത് നിയമത്തിനെതിരായ പ്രതിഷേധം, ജാലിയന്‍വാലാബാഗ് വെടിവെപ്പിനെതിരായ പ്രക്ഷോഭം, അതിനിടയില്‍ മുസ്‌ലിംകളുടെ രാഷ്ട്രീയാവേശം ഏറ്റിക്കൊണ്ട് ജം ഇയ്യത്തുല്‍ ഉലമായേ ഹിന്ദ് രൂപം കൊണ്ടിട്ടുണ്ട്. അതിനൊക്കെ പുറമെ ബ്രിട്ടീഷിന്ത്യയുടെ പട്ടാളം പുറത്താണ്. ഒന്നാം ലോകമഹായുദ്ധത്തിനായി പോയവര്‍ തിരിച്ചെത്തിയിട്ടില്ല. ഇതിനിടയിലാണ് അഫ്ഘാന്‍ കയറിയടിച്ചത്. 'അമാനുല്ല പിന്നില്‍ നിന്ന് കുത്തി' എന്ന് പഞ്ചാബ് ഗവര്‍ണര്‍ മൈക്കിള്‍ ഓഡയര്‍ വിലപിച്ചു.

അഫ്ഘാനിസ്ഥാനാണെങ്കില്‍ സ്വന്തംസേനയ്ക്ക് പുറമെ ബ്രിട്ടീഷിന്ത്യയിലെ അതിര്‍ത്തി സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ സഹായമുണ്ട്. പോരാത്തതിന് ഇന്ത്യയില്‍ നിന്നെത്തിയ മുഹാജിറുകളുടെ പടയുമുണ്ട്. 1915 ആഗസ്തില്‍ കാബൂളില്‍ എത്തിയയുടന്‍ മൗലാനാ ഉബൈദുല്ല സിന്ധി ചെയ്തത് നേരത്തെയെത്തിയ മുഹാജിറുകളെ കൂട്ടിചേര്‍ത്ത് ജുന്‍ദുല്ല എന്ന പേരില്‍ സൈനികദളം രൂപീകരിക്കുകയാണ്. അഫ്ഘാന്‍ സൈനികരുടേയും ഗോത്രവര്‍ഗ്ഗക്കാരുടേയും സഹായത്തോടെ പരിശീലനവും നല്‍കി. വലിയൊരു സായുധ മുന്നേറ്റത്തിന് പദ്ധതിയിട്ടാണ് സൈനികദളം രൂപീകരിച്ചത്. പക്ഷേ, പട്ടുറുമാല്‍ കേസോടെ അത് തകരുകയാണുണ്ടായത്.


വലിയ യുദ്ധസന്നാഹം പാളിപ്പോയെങ്കിലും ഉബൈദുല്ലാ സിന്ധിയുടെ ജുന്‍ദുല്ലാ പടയാളിക്കൊണ്ട് ഗുണമുണ്ടായി. അവര്‍ അഫ്ഘാന്‍ സേനക്കൊപ്പം തോളോട്‌തോള്‍ ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി. ചിലരൊക്കെ രക്തസാക്ഷികളായി. തുടക്കത്തില്‍ കാബൂളിലടക്കം പലയിടത്തും ബോംബിട്ടെങ്കിലും ബ്രിട്ടീഷ് സൈന്യം പൊടുന്നനെ മയപ്പെട്ടു. 1919 മെയ് മൂന്നിനാണ് യുദ്ധമാരംഭിച്ചത്. മെയ് 31 ന് സന്ധിസംഭാഷണം ആരംഭിച്ചു. അഫ്ഘാനിസ്ഥാനിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാന്‍ ബ്രിട്ടന്‍ തയ്യാറായി.

ബ്രിട്ടീഷുകാരെ ഞെട്ടിച്ചതോടെ അഫ്ഘാനിസ്ഥാനും അമാനുല്ലാ രാജാവും ഇന്ത്യയില്‍ ഹരമായി. ഇസ്‌ലാമിക രാജ്യത്തേക്ക് ഹിജ്‌റ പോകാന്‍ കൊതിക്കുന്നവരൊക്കെ അതിര്‍ത്തിക്കപ്പുറത്തേക്ക് പൂതിയോടെ നോക്കി. യുദ്ധസമയത്തെ സഹായം അമാനുല്ലയേയും തരളിതനാക്കി. രാജാവിന് ഇന്ത്യന്‍ മുഹാജിറുകളോട് സ്‌നേഹം കൂടിയോ എന്തോ! 1920 ജൂണ്‍ മൂന്നിന് കാബൂള്‍ നഗരത്തില്‍ ഒരു വാഹനത്തിനു മുകളില്‍ കയറിനിന്നുകൊണ്ട് മൈക്കിലൂടെ രാജാവ് മുഹാജിറുകളെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.

അതിര്‍ത്തി കടന്നുവരുന്നവര്‍ക്ക് അഫ്ഘാന്‍ സ്വന്തംനാടുപോലെ കരുതാം എന്ന് പ്രഖ്യാപിച്ചു. എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. ഇതുകൂടിയായപ്പോള്‍ ഒഴുക്ക് വെള്ളപ്പൊക്കമായി. കണക്കില്ലാത്തത്ര ആളുകള്‍ എത്തിച്ചേര്‍ന്നു. പലരും പല കണക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 'അഞ്ചുലക്ഷം മുതല്‍ ഇരുപതുലക്ഷം വരെ മുസ്‌ലിംകള്‍ ഇന്ത്യയില്‍ നിന്ന് അഫ്ഘാനിസ്ഥാനിലേക്ക് പലായനം ചെയ്തതിന്റെ ആശ്ചര്യകരമായ കാഴ്ചക്കും ചരിത്രം സാക്ഷിയായി. മുഴുവന്‍ കുടുംബങ്ങളും ഗ്രാമമൊന്നാകെയും പലായനം ചെയ്യുകയായിരുന്നു ' - എന്നാണ് എഫ്.എസ് ബ്രിഗ്‌സിനെ ഉദ്ധരിച്ചുകൊണ്ട് ജി.എം ബനാത്ത് വാല എഴുതിയിട്ടുള്ളത്. ഇത് ഏറ്റവുംകൂടിയ കണക്കാണ്. മൂന്നു ലക്ഷമെന്നും രണ്ടുലക്ഷമെന്നുമൊക്കെ രേഖപ്പെടുത്തിയവരുണ്ട്.

ഏതായാലും കാബൂള്‍ നഗരത്തിന് താങ്ങാവുന്നതിലപ്പുറമായിരുന്നു അതിഥികളുടെ ഒഴുക്ക്. ഒരു സൗകര്യവും ഒരുക്കാന്‍ സര്‍ക്കാറിന് കഴിയുമായിരുന്നില്ല. കാബൂള്‍ നഗരത്തിലെ അന്നത്തെ ആകെ ജനസംഖ്യ 60,000 ആയിരുന്നു. അതിന്റെ പലമടങ്ങ് ആളുകള്‍ തെരുവുകളില്‍ അടിഞ്ഞു കൂടി. ഒരു റൊട്ടിക്ക് രണ്ടു പൈസ ആയിരുന്നത് ഒരു ഉറുപ്പികവരെയായി. പട്ടിണി ക്ഷാമമായി മാറുമോ എന്ന ഭയം വളര്‍ന്നു. പെട്ടെന്നൊരു രാത്രിയില്‍ അമാനുല്ലാ രാജാവ്, വന്നുകൂടിയ എല്ലാവരെയും നഗരത്തില്‍ നിന്നൊഴിപ്പിക്കാന്‍ പട്ടാളത്തോട് നിര്‍ദ്ദേശിച്ചു. വിവരമറിഞ്ഞ് ഉബൈദുല്ലാ സിന്ധി എത്തി. 'ആദരവില്ലാതെ മുഹാജിറുകളെ കൈകാര്യം ചെയ്താല്‍ തിരിച്ചടിയുണ്ടാകും' എന്ന് ശ്രദ്ധയില്‍പ്പെടുത്തി. പിറ്റേന്ന് അമാനുല്ല മയത്തില്‍ കാര്യംപറഞ്ഞു. കഴിയാവുന്നിടത്തോളം ആളുകള്‍ തിരിച്ചുപോകണം എന്ന് നിര്‍ദ്ദേശിച്ചു. തങ്ങണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് തുര്‍ക്കിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഥലം നല്‍കാമെന്നും പറഞ്ഞു. സിന്ധില്‍ നിന്നെത്തിയ അന്‍പത് കുടുംബങ്ങള്‍ മാത്രമാണ് തങ്ങിയത്. അവര്‍ പിന്നീട് കഷ്ടപ്പെടുകയും ചെയ്തു. ബാക്കി ഭൂരിപക്ഷംപേരും വന്നപോലെ മടങ്ങി.

പലായനം അന്താരാഷ്ട്ര തലത്തില്‍ ബ്രിട്ടനെതിരെ വലിയ എതിരഭിപ്രായമുണ്ടാക്കിയിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ജനങ്ങളെ പീഡിപ്പിക്കുന്നതുകൊണ്ടാണ് ആളുകള്‍ വീടുംനാടും വിട്ട് കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നതെന്ന് പത്രങ്ങള്‍ എഴുതി. എതിരാളികള്‍ എല്ലായിടത്തും ഇതുന്നയിച്ചു. സമ്മര്‍ദ്ദത്തില്‍പെട്ട ബ്രിട്ടീഷധികാരികള്‍ അമാനുല്ലാ രാജാവിനെ സ്വാധീനിച്ച് ജനങ്ങളെ തിരിച്ചയപ്പിച്ചതാണ് എന്നും വ്യാഖ്യാനങ്ങളുണ്ട്. അമാനുല്ലയുടെ ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്നുവരെ ബ്രിട്ടീഷുകാര്‍ താഴ്ന്നുവത്രെ. ഏതായാലും ഹിജ്‌റ പോയവര്‍ തിരിച്ചുവന്നപ്പോള്‍ ബ്രിട്ടീഷുദ്യോഗസ്ഥര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ഭക്ഷണവും വാഹനങ്ങളുമായി അതിര്‍ത്തിയില്‍ സ്വീകരണമൊരുക്കി.

അഫ്ഘാനിസ്ഥാനിന്റെ സ്വതന്ത്രപരമാധികാരം അംഗീകരിച്ചുകൊണ്ട് ആദ്യമായി നയതന്ത്രബന്ധം സ്ഥാപിച്ച രാജ്യം സോവിയറ്റ് യൂണിയനാണ്. ഡെന്‍മാര്‍ക്കിലെ നയതന്ത്ര പ്രതിനിധിയായിരുന്ന ജേക്കബ് സക്കറിയോവിച്ച് സൂറിത്സിനെ ബോള്‍ഷേവിക് സര്‍ക്കാര്‍ 1919 ജൂലൈയില്‍ കാബൂളിലേക്കയച്ചു. പഴയ ജൂതത്തൊഴിലാളി യൂണിയന്റെ നേതാവായിരുന്ന സൂറിത്സ് വളരെപ്പെട്ടെന്നുതന്നെ അമാനുല്ലയുമായി അടുത്തു. 'ഞങ്ങള്‍ ബോള്‍ഷേവിക്കുകള്‍ ആയതുകൊണ്ട് പേടിയുണ്ടോ'- എന്ന് സൂറിത്സ് അമാനുല്ലാ രാജാവിനോട് ചോദിച്ച കഥയുണ്ട്. ' ഞാനും ബോള്‍ഷേവിക്കാണല്ലോ' എന്നായിരുന്നു ഉത്തരം. അന്തംവിട്ട സൂറിത്സ് 'അതെങ്ങനെ' എന്ന് ചോദിച്ചുതീരുംമുമ്പ് അമാനുല്ല പറഞ്ഞു: ' ഉപ്പയെ കൊന്നിട്ടാണല്ലോ ഞാന്‍ അധികാരം പിടിച്ചെടുത്തത്''!

ബ്രിട്ടീഷുകാരുമായി കരാറൊപ്പിട്ടതോടെ അമാനുല്ല ഇന്ത്യന്‍ വിപ്ലവകാരികളോടുള്ള സമീപനം മാറ്റി. പ്രവാസ ഇന്ത്യാ ഗവര്‍മെന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. അതിനുമുമ്പേ പ്രസിഡന്റ് മഹേന്ദ്രപ്രതാപ് സിംഗും പ്രധാനമന്ത്രി മൗലവി ബര്‍ക്കത്തുല്ലയും ചെമ്പകരാമന്‍പിള്ളയുമൊക്കെ കാബൂള്‍ വിട്ടിരുന്നു. അവര്‍ പലവഴിക്ക് റഷ്യയിലെത്തി. എന്നിട്ടാണ് 1919 മെയ്മാസത്തില്‍ മോസ്‌കോവില്‍വെച്ച് ലെനിനെ കണ്ടുസംസാരിച്ചത്. ഈ കൂടിക്കാഴ്ചയില്‍ ലെനിന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ബര്‍ക്കത്തുല്ല 'ബോള്‍ഷേവിക്കുകളും മുസ്‌ലിം രാജ്യങ്ങളും' എന്ന പുസ്തകം രചിച്ചത്.

സൂറിത്സിന്റ നയതന്ത്ര ഓഫീസു വഴിയാണ് പ്രവാസ ഇന്ത്യാ ഗവര്‍മെന്റ് സോവിയറ്റ് സര്‍ക്കാറുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നത്. അഫ്ഘാനിസ്ഥാന്‍ ബോള്‍ഷേവിക് റഷ്യയുമായി അടുത്തത് ബ്രിട്ടീഷുകാരെ പരിഭ്രാന്തരാക്കി. അവര്‍ അമാനുല്ലയെ പിന്നാക്കം വലിച്ചു. ദൗത്യസംഘത്തെ മുസൂറിയിലേക്കയക്കാന്‍ 1920 മാര്‍ച്ച് ഒന്‍പതിന് ചെംസ്‌ഫോര്‍ഡ് പ്രഭു അമാനുല്ലയോട് നിര്‍ദ്ദേശിച്ചു. ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച ചര്‍ച്ച നാലഞ്ചുമാസം നീണ്ടു. ഒടുവില്‍ 1921 നവംബറില്‍ അഫ്ഘാനിസ്ഥാനും ബ്രിട്ടനും സൗഹൃദ കരാറില്‍ ഒപ്പിട്ടു. അതിനു മുന്‍പ് അഫ്ഘാനിസ്ഥാന്‍ സോവിയറ്റ് സര്‍ക്കാറുമായും സൗഹൃദകരാറില്‍ ഒപ്പിട്ടിട്ടുണ്ട്. 1921 ഫെബ്രുവരി 28 നാണത്. നടുനിലകളിക്കാനാണ് അമാനുല്ലയുടേയും നീക്കമെന്ന് വ്യക്തം. ബ്രിട്ടീഷുകാരുമായി കരാറൊപ്പിട്ടതോടെ അമാനുല്ല ഇന്ത്യന്‍ വിപ്ലവകാരികളോടുള്ള സമീപനം മാറ്റി. പ്രവാസ ഇന്ത്യാ ഗവര്‍മെന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. അതിനുമുമ്പേ പ്രസിഡന്റ് മഹേന്ദ്രപ്രതാപ് സിംഗും പ്രധാനമന്ത്രി മൗലവി ബര്‍ക്കത്തുല്ലയും ചെമ്പകരാമന്‍പിള്ളയുമൊക്കെ കാബൂള്‍ വിട്ടിരുന്നു. അവര്‍ പലവഴിക്ക് റഷ്യയിലെത്തി. എന്നിട്ടാണ് 1919 മെയ്മാസത്തില്‍ മോസ്‌കോവില്‍വെച്ച് ലെനിനെ കണ്ടുസംസാരിച്ചത്. ഈ കൂടിക്കാഴ്ചയില്‍ ലെനിന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ബര്‍ക്കത്തുല്ല 'ബോള്‍ഷേവിക്കുകളും മുസ്‌ലിം രാജ്യങ്ങളും' എന്ന പുസ്തകം രചിച്ചത്. ലെനിനെ കണ്ടപ്പോള്‍ എം.പി.ബി.ടി തിരുമുല്‍ ആചാരി, അബ്ദുറബ്ബ് ബാര്‍ക്ക് എന്നിവരുമുണ്ടായിരുന്നു. അവര്‍ ബെര്‍ലിനില്‍ നിന്ന് അവസാനഘട്ടത്തില്‍ കാബൂളില്‍ എത്തിയവരാണ്.

ഇതിനിടയില്‍ 1920ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ കാബൂള്‍ ഘടകം രൂപീകരിച്ചിരുന്നു. മൗലാനാ ഉബൈദുല്ലാ സിന്ധിയാണ് പ്രസിഡന്റ്. അതിര്‍ത്തിക്കു പുറത്ത് രൂപീകരിക്കുന്ന കോണ്‍ഗ്രസിന്റെ ആദ്യഘടകമാണത്. കാബൂളില്‍ ഒരു ഉറുദു യൂണിവാഴ്‌സിറ്റി സ്ഥാപിക്കാനും ഉബൈദുല്ലാ സിന്ധിക്ക് പരിപാടിയുണ്ടായിരുന്നു. സ്ഥലം അനുവദിച്ചതാണ്. പണി ആരംഭിച്ചതുമാണ്. അതും അമാനുല്ല നിര്‍ത്തിവെപ്പിച്ചു. ഉബൈദുല്ലാ സിന്ധി കര്‍മ്മപ്രതിസന്ധിയിലായി.

മുസ്‌ലിംരാജ്യത്തെത്തി ബ്രിട്ടനെതിരെ പൊരുതുക എന്ന രാഷ്ട്രീയലക്ഷ്യത്തോടെ അഫ്ഘാനിലേക്ക് കടന്നവര്‍ ചെറുചെറു സംഘങ്ങളായി മധ്യേഷ്യയിലേക്ക് നീങ്ങി. അമുദാരിയ അഥവാ, ഓക്‌സസ് നദി കടന്ന് ആദ്യം തെമിസില്‍. പിന്നെ താഷ്‌ക്കന്റില്‍. ആ വഴി തുര്‍ക്കിയിലേക്ക് കടക്കുകയാണ് ലക്ഷ്യം. അവിടെ കമാല്‍പാഷയുടെ നേതൃത്വത്തില്‍ തുര്‍ക്കി പട്ടാളം ബ്രിട്ടീഷുകാര്‍ക്കും ഗ്രീക്കുകാര്‍ക്കുമെതിരെ പൊരുതുന്നുണ്ടല്ലോ. അങ്ങോട്ടെത്തണം. പക്ഷെ, എത്തിയില്ല. അവരൊക്കെ മധ്യേഷ്യയില്‍ കുടുങ്ങിപ്പോയി.

അങ്ങനെ കുടുങ്ങിയവര്‍ പുതിയ നാടും പുതിയ രാഷ്ട്രീയവും കണ്ടറിഞ്ഞു. 1920 ഏപ്രില്‍ ആയപ്പോഴേക്ക് 'ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് സെക്ഷന്‍ എന്നൊരു സംഘടന താഷ്‌ക്കെന്റില്‍ രൂപം കൊണ്ടു. കാബൂളിലെ പ്രവാസഗവര്‍മെന്റില്‍ അംഗങ്ങളായിരുന്ന മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ് എന്നിവരടക്കം ഒന്‍പതു പേരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് സെക്ഷനില്‍ ഉണ്ടായിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രചാരണപ്രവര്‍ത്തനം നടത്താനായി ബോള്‍ഷേവിക്കുകള്‍ സ്ഥാപിച്ച പ്രൊപ്പഗാന്റാ സെന്ററിന്റെ ഭാഗമായിരുന്നു അത്.

മൗലവി ബര്‍ക്കത്തുല്ലയുടെ ലഘുലേഖകള്‍ അടക്കം പല പ്രചാരണ സാഹിത്യങ്ങളും പേര്‍ഷ്യന്‍, ഉറുദു, താജിക്, തുര്‍ക്കി ഭാഷകളിലായി അവര്‍ പ്രചരിപ്പിച്ചു. അപ്പോഴൊന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് ആരും ആലോചിച്ചിട്ടില്ലെന്ന് ഓര്‍ക്കണം. 'ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ സ്ഥാപകര്‍' പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കും മുമ്പേ മുഹാജിറുകള്‍ കമ്മ്യൂണിസ്റ്റ് പ്രചാരണം ആരംഭിച്ചിരുന്നു.

* * * * * * * * * * * * * * * * * *

പട്ടുറുമാല്‍ കേസ്

സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രസിദ്ധമായ ഗൂഡാലോചനാ കേസുകളില്‍ ഒന്നാണ് പട്ടുറുമാല്‍ കേസ്. 1915 -ല്‍ മൗലാനാ മഹ്മൂദുല്‍ ഹസ്സന്‍ മക്കയിലേക്കും മൗലാനാ ഉബൈദുല്ലാ സിന്ധി കാബൂളിലേക്കും പോകുമ്പോള്‍ സായുധസമരത്തിന് പദ്ധതിയിട്ടിരുന്നു. അഫ്ഘാനിസ്ഥാനിലും ഹിജാസിലുമുള്ള ഇന്ത്യക്കാരെ സംഘടിപ്പിച്ച് പട്ടാളമുണ്ടാക്കുക. തുര്‍ക്കി, അഫ്ഘാന്‍ സേനകളുടേയും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗക്കാരുടേയും സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിക്കുക - ഇതായിരുന്നു പദ്ധതി.

ഉബൈദുല്ലാ സിന്ധി 1915 ആഗസ്തില്‍ കാബൂളില്‍ എത്തിയ ഉടന്‍ മുഹാജിറുകളെ ചേര്‍ത്ത് സേന രൂപീകരിച്ചു. അല്ലാഹുവിന്റെ സൈന്യം എന്നര്‍ത്ഥം വരുന്ന ജുന്‍ദുല്ല എന്നാണ് പേരിട്ടത്. (ജുന്‍ദേ റബ്ബാനിയ്യ എന്നും കാണാം. അര്‍ത്ഥം ഒന്നുതന്നെ) മക്കയിലെത്തിയ മഹ്മൂദുല്‍ ഹസ്സന്‍ സാമ്പത്തിക സഹായവും സൈനിക ശക്തിയും സംഭരിക്കാനുള്ള നീക്കം നടത്തി. ഒട്ടോമന്‍ സര്‍ക്കാരിന്റെ ഹിജാസിലെ പ്രതിനിധി ഗാലിബ് പാഷയെ കണ്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യണമെന്ന് ഇന്ത്യ, അഫ്ഘാന്‍, പ്രദേശങ്ങളിലെ മുസ്‌ലിംകളോട് നിര്‍ദ്ദേശിക്കുന്ന മതവിധി ഹിജാസിലെ പ്രമുഖ പണ്ഡിതന്മാരില്‍ നിന്ന് വാങ്ങാന്‍ ആലോചിച്ചു. വിപ്ലവത്തിന് ഒരുങ്ങണമെന്ന് ഇന്ത്യയിലെ പ്രമുഖരോടും സാധാരണക്കാരോടും ഗാലീബ് പാഷ അഭ്യര്‍ത്ഥിക്കുന്ന കത്ത് വാങ്ങി ഇങ്ങോട്ടയച്ചു. അത് ഇവിടെ വിതരണം ചെയ്തു. ഗാലിബ് നാമ എന്നാണിത് അറിയപ്പെട്ടത്. വിപ്ലവത്തിന് ഫണ്ടിനുവേണ്ടി മക്ക കേന്ദ്രീകരിച്ച് ഇസ്‌ലാമിക ബാങ്ക് ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നു.

ഇന്ത്യയിലും അതിര്‍ത്തി സംസ്ഥാനത്തും അഫ്ഘാനിലുമായി നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി മഹ്മൂദുല്‍ ഹസ്സനെ അറിയിക്കാനായി ഉബൈദുല്ലാ സിന്ധി കത്ത് എഴുതി. മഹ്മൂദുല്‍ ഹസ്സനോടൊപ്പം ഹുസൈന്‍ അഹമ്മദ് മദനിയും ഹിജാസിലുണ്ട്. അദ്ദേഹത്തിനും ഒരു കത്ത്. കത്തുകള്‍ കാബൂളില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചശേഷം ഇവിടെ നിന്ന് ഹജ്ജിന് പോകുന്നവരില്‍ വിശ്വസ്തനായ ആരെയെങ്കിലും കണ്ടെത്തി അയാള്‍വശം മക്കയിലേക്ക് കൊടുത്തയക്കാനാണ് പരിപാടി. അതിനുവേണ്ടി ചുമതലപ്പെടുത്തിയിരുന്നത് സിന്ധിലെ ഹൈദരാബാദിലുള്ള ശൈഖ് അബ്ദുല്‍ റഷീദിനെയാണ്. കാബൂളില്‍ നിന്ന് കത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ശൈഖ് അബ്ദുല്‍ ഹയ്യ് എന്നയാളാണ്.

മഞ്ഞ നിറമുള്ള പട്ടുതുണിയില്‍ ഭംഗിയായും വൃത്തിയായും എഴുതിയ രണ്ട് കത്തുകള്‍. ഇന്ത്യയില്‍ നിന്ന് അറേബ്യയിലെത്തിക്കാന്‍ ചുമതലപ്പെട്ട അബ്ദുല്‍ റഷീദിന് ഒരു കവറിങ്ങ് ലെറ്ററും. അതും പട്ടില്‍തന്നെ. അങ്ങനെ മൂന്നു കത്തുകള്‍. ഇന്ത്യയില്‍ എത്തിയെങ്കിലും കത്തൊന്നും അബ്ദുല്‍ റഷീദിന്റെ കയ്യിലല്ല എത്തിയത്. പഞ്ചാബിലെ മുള്‍ത്താനിലുള്ള റബ്ബ് നവാസ് എന്ന പോലീസുദ്യോഗസ്ഥന്റെ കയ്യിലാണ്. ആദ്യം റബ്ബ് നവാസ് അത് ഗൗരവത്തിലെടുത്തില്ല. പിന്നീട് പഞ്ചാബ് പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ തര്‍ജ്ജമ ചെയ്തു. ഇവിടെ പട്ടാളം തയ്യാറാണെന്നും തുര്‍ക്കി - ഹിജാസ് സൈന്യത്തെ കാത്തിരിക്കുകയാണെന്നും കത്തിലുണ്ട്. കത്ത് വായിച്ചതോടെ ബ്രിട്ടീഷ് പോലീസ് ഉണര്‍ന്നു. ഹിജാസും അന്ന് ബ്രിട്ടീഷ് ഭരണത്തിലാണല്ലോ. വ്യാപകമായി അറസ്റ്റുണ്ടായി. മൗലാനാ മഹ്മൂദുല്‍ ഹസ്സനും ഹുസൈന്‍ അഹമ്മദ് മദനിയുമടക്കം 54 പേര്‍ അറസ്റ്റിലായി. പട്ടുറുമാല്‍ കേസ് എന്ന പേരിലാണ് വിചാരണ ചെയ്തത്. രശ്മി റുമാല്‍ തെഹരീക് എന്ന് ഹിന്ദി. എല്ലാവരേയും ശിക്ഷിച്ചു. 1918 -ലെ രാജ്യദ്രോഹക്കുറ്റക്കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇതിന്റെ വിവരണമുണ്ട്. അത് പൂര്‍ണമായി ശരിയല്ലെന്ന് പറയുന്ന ചരിത്രകാരന്മാരുമുണ്ട്.

ആ വിപ്ലവശ്രമം ചീറ്റിപ്പോകാന്‍ പ്രധാന കാരണം ഹിജാസിലെ തുര്‍ക്കി ഗവര്‍ണറായിരുന്ന ശരീഫ്ഹുസൈന്‍ അപ്പോഴേക്ക് ഇടംതിരിഞ്ഞതാണ്. അദ്ദേഹം തുര്‍ക്കി ഖലീഫക്കെതിരെ തിരിഞ്ഞു. അതിനു പിന്നിലുണ്ടായിരുന്നത് ബ്രിട്ടീഷുകാരാണ്. ലോറന്‍സ് ഓഫ് അറേബ്യ എന്ന് പേരെടുത്ത ടി.ഇ ലോറന്‍സും സംഘവും.

വിവരങ്ങള്‍: Colonialism and call of jihad in British India- Tariq Hassan. SAGE Publications.

ജമാലുദ്ദീന്‍ അഫ്ഘാനി: സയ്യിദ് മുഹമ്മദ് ഇബ്‌നു സഫ്ദര്‍ ഹുസൈനി എന്നാണ് മുഴുവന്‍ പേര്. 1838 -ല്‍ ഇറാനിലെ ഹമദാന്‍ പ്രവിശ്യയിലെ അസദാബാദില്‍ ശിയാകുടുംബത്തില്‍ ജനനം. ഇറാനില്‍ ജമാലുദ്ദീന്‍ അസദാബാദി എന്നാണ് അറിയപ്പെടുന്നത്. ഇറാഖിലെ ശിയാ പുണ്യ കേന്ദ്രങ്ങളായ നജഫിലും കര്‍ബലയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. ശിയാ സ്വത്വം മറച്ചുവെക്കാനാണ് അഫ്ഘാനി എന്ന പേരു സ്വീകരിച്ചത് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍, ശിയാ - സുന്നീ വേര്‍തിരിവില്‍ ഒട്ടും താല്‍പ്പര്യം കാണിച്ചിരുന്നില്ലെന്ന് ജീവചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം ഏകീകരണത്തിനാണ് പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. സുന്നീ നാടുകളിലും സുന്നീ സമൂഹങ്ങളിലും പ്രവര്‍ത്തിച്ച് ഏറെ സ്വകാര്യത നേടിയിട്ടുണ്ട്.

പതിനെട്ടാം വയസ്സിലാണ് ആദ്യം ഇന്ത്യയില്‍ വരുന്നത്. ദല്‍ഹിയില്‍. 1857ലെ കലാപകാലത്താണ്. ദല്‍ഹിയില്‍ നിന്ന് ഹജ്ജിന്നായി മക്കയിലേക്കാണ് പോയത്. 1866 -ല്‍ അഫ്ഘാനിസ്ഥാനില്‍ പ്രത്യക്ഷപ്പെട്ടു. കന്ദഹാറില്‍. അഫ്ഘാനില്‍ ഭരണാധികാരികളോടും അഭിപ്രായരൂപീകരണ കേന്ദ്രങ്ങളോടും അടുത്തും അകന്നും സാമൂഹ്യ ജീവിതത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ജമാലുദ്ദീന്‍ അഫ്ഘാനി എന്ന പേര് സ്വീകരിക്കുകയായിരുന്നു. 1871 മുതല്‍ ഈജിപ്തിലാണ്. അതിനിടയില്‍ യൂറോപ്പിലും യാത്ര ചെയ്യുന്നുണ്ട്. കെയ്‌റോവില്‍ മുഹമ്മദ് അബ്ദുവുമായി അടുക്കുന്നു. അതു പിന്നീട് ബൗദ്ധിക കൂട്ടുകെട്ടായി വളരുന്നു. 1879 ല്‍ ബ്രിട്ടീഷുകാര്‍ ഈജിപ്തില്‍ നിന്ന് പുറത്താക്കി. രാഷ്ട്രീയാശയങ്ങളാണ് കാരണം. 1879 മുതല്‍ മൂന്നു വര്‍ഷത്തോളം ഇന്ത്യയില്‍. ഈജിപ്തില്‍ അഹമ്മദ് ഉറൈബിയുടെ നേതൃത്വത്തില്‍ കലാപം നടക്കുന്ന കാലമാണ്. ബ്രിട്ടീഷുകാര്‍ കല്‍ക്കത്തിലേക്ക് കൊണ്ടുപോയി നിയന്ത്രണത്തില്‍ വെയ്ക്കുന്നു.

1890 -ല്‍ റഷ്യ, തുര്‍ക്കി വഴി ഇറാനിലെത്തി. അവിടെ നസറുദ്ദീന്‍ ഷായുടെ ഭരണകാലമാണ്. പാശ്ചാത്യര്‍ക്ക്, പ്രത്യേകിച്ച് ബ്രിട്ടീഷുകാര്‍ക്ക് ഏറെ വഴങ്ങിയിരുന്ന ഭരണാധികാരിയാണ് നസറുദ്ദീന്‍ ഷാ. ആ നിലപാടുകള്‍ക്കെതിരെ പ്രചാരണം ആരംഭിക്കുന്നു. അതിനിടയില്‍ നസറുദ്ദീന്‍ ഷാ കൊല്ലപ്പെടുന്നു. ജമാലുദ്ദീന്‍ നടത്തിയ വിജയകരമായൊരു നീക്കത്തിന്റെ ഫലമാണ് അത് എന്ന് കരുതുന്നവരുണ്ട്. തുടര്‍ന്ന് ഇറാനില്‍ പുകയിലവിരുദ്ധ കലാപവും ഭരണഘടനാപ്രക്ഷോഭവുമൊക്കെ ഉയര്‍ന്നുവന്നു.

അവിടെ നിന്ന് ലണ്ടനിലേക്കാണ് കടക്കുന്നത്. ഇറാന്‍ സര്‍ക്കാറിന്റെ ഏജന്റുമാര്‍ പിന്തുടര്‍ന്നപ്പോള്‍ തുര്‍ക്കിയിലേക്ക് കടന്നു. ഖലീഫ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ പ്രതിമാസ പെന്‍ഷനും എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും നല്‍കി. ഇറാനിലെ ഭരണാധികാരി സലീം ഷാ ജമാലുദ്ദീനെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുര്‍ക്കി കൊടുത്തില്ല. എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കഴിഞ്ഞിരുന്നതെങ്കിലും ഇസ്താംബൂളില്‍ വീട്ടുതടങ്കിലായിരുന്നു എന്ന് കുരുതുന്നവരുമുണ്ട്. അതിനിടയില്‍ കീഴ്ത്താടിയില്‍ കാന്‍സര്‍ ബാധിക്കുന്നു. അതാണ് മരണകാരണമായത്. വിഷബാധയാണ് കാന്‍സറിന് വഴിവച്ചതെന്ന് പറയുന്നവരുമുണ്ട്. 1897 മാര്‍ച്ച് ഒന്‍പതിനാണ് മരണം. മൃതദേഹം ഇസ്താംബൂളില്‍ അടക്കംചെയ്ത സ്ഥലം രഹസ്യമായി സൂക്ഷിച്ചതായിരുന്നു. 1944ല്‍ അഫ്ഘാനിസ്ഥാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഭൗതികാവശിഷ്ടങ്ങള്‍ എടുത്ത് കാബൂളിലെത്തിച്ച് മറവ്‌ചെയ്തു. അവിടെ സ്മാരക കുടീരമുണ്ട്. ലോകമെങ്ങും പാന്‍ ഇസ്ലാമിക് ആശയത്തിന്റേയും ഇന്ത്യയില്‍ ദേശീയമുസ്‌ലിം ധാരയുടേയും പ്രചോദനകേന്ദ്രമാണ്.

മൗലാനാ മഹ്മൂദുല്‍ഹസ്സന്‍: ശൈഖുല്‍ ഹിന്ദ് എന്ന് അറിയപ്പെടുന്നു. 1851 - ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ജനനം. ഒന്നാം സ്വാതന്ത്ര്യസമരം അരങ്ങേറുമ്പോള്‍ ആറുവയസ്സാണ്. കലാപത്തിന്റെ പ്രധാന കേന്ദ്രമായ മീററ്റിലാണ് അന്ന് പിതാവിനോടൊപ്പം ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്താണ് സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദില്‍ ദാറുല്‍ ഉലൂം സ്ഥാപിതമാകുന്നത്. മതപണ്ഡിതനായ പിതാവ് മുഹമ്മദ് സുള്‍ഫിക്കര്‍ മകനെ അവിടെ ചേര്‍ത്തു. 1873 ല്‍ ദാറുല്‍ ഉലൂമില്‍ നിന്ന് മതബിരുദവും തലപ്പാവ് ധരിക്കാനുള്ള അവകാശവും കരസ്ഥമാക്കി. അറിയപ്പെടുന്ന ഹദീസ് പണ്ഡിതനും പ്രഗത്ഭനായ അധ്യാപകനുമായി മാറി.

ദയൂബന്ദ് ജീവിതകാലത്തു തന്നെ സജീവമായി രഷ്ട്രീയത്തിലിടപെട്ടു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നിലുണ്ടായിരുന്നു. 1914 -ല്‍ ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ഹിജ്‌റ പ്രസ്ഥാനം ശക്തമായപ്പോള്‍ മുന്നില്‍ നിന്നു. തന്റെ രഷ്ട്രീയ പ്രവര്‍ത്തനം ദാറുല്‍ ഉലൂമിന് ബുദ്ധിമുട്ടാകരുത് എന്ന ഉദ്ദേശത്തോടെ ദല്‍ഹിയിലേക്ക് മാറി. 1915ല്‍ മക്കയിലേക്ക് കടന്നു. അവിടെ വെച്ചാണ് 1916 -ല്‍ പട്ടുറുമാല്‍ കേസില്‍ അറസ്റ്റിലായത്. പഞ്ചാബിലെ മുള്‍ത്താനില്‍ എത്തിച്ച് തടവിലിട്ടു. മൂന്നുവര്‍ഷത്തിനു ശേഷം കടുത്ത ക്ഷയരോഗം കണക്കിലെടുത്ത് വിട്ടയച്ചു.

1920ല്‍ ദല്‍ഹിയിലെത്തിയപ്പോള്‍ വീരോചിത സ്വീകരണമാണ് ലഭിച്ചത്. ഗാന്ധിജിയടക്കമുള്ള നേതാക്കള്‍ സ്വീകരിക്കാനെത്തിയിരുന്നു. ആ വര്‍ഷം തന്നെ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി ശൈഖുല്‍ ഹിന്ദ് (ഇന്ത്യയുടെ നേതാവ്) എന്ന ബഹുമതി നല്‍കി. 1920 ഒക്ടോബര്‍ 30 ന് അലിഗഡില്‍ ജാമിയ മില്ലിയ ഇസ്‌ലാമിയക്ക് തറക്കല്ലിട്ടു. അന്നുതന്നെ സുഹൃത്തായ ഡോക്ടറെ കാണാന്‍ ദില്ലിയിലേക്ക് പോയി. സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം ദരിയാഗഞ്ചില്‍ താമസിച്ച് ചികിത്സയാരംഭിച്ചു. നവംബര്‍ 30 ന് അന്ത്യശ്വാസം വലിച്ചു. മൃതദേഹം ദയൂബന്ദില്‍ എത്തിച്ച് ഖബറടക്കി.

അവലംബം:

1. Mohandas - A True story of a Man, his people and an Empire. Rajmohan ഗാന്ധി, Penguin books

2. Understanding the Muslim Mind. (Article - Sir Sayyid Ahmadh khan), Rajmohan Gandhi Penguin books

3. Makers of modern India. (ariticle - sir sayyid), Ramachandra Guha , Penguin books

4. Sayyid Jamaluddin Afghani- A political Biography. Nikkie R Keddy , University of California Press.

5. Ubaidulla Siddie's mission in Kabul and Central Asia. Abdulla Khan islam books - Karachi.

6. The comintern and global osuth. Article - via kabul) Suchethana chathopathya Raotledge

7. Indian Revalutionarees and the Bolsheviks their early contact- 1918- 1922. Arun Coomar Bose

8. Initiativies in the Soviet Union. cpiml.org

9. മഹാത്മാഗാന്ധി, കൃഷ്ണാ കൃപലാനി വിവ: എം.പി സദാശിവന്‍, ഡി.സി. ബുക്‌സ്

10. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. ഗാന്ധിജി, പൂര്‍ണോദയ

11. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. മൊയാരത്ത് ശങ്കരന്‍, കേരള സാഹിത്യ അക്കാദമി

12. മതവും രാഷ്ട്രീയവും ഇന്ത്യയില്‍. ജി.എം ബനാത്ത് വാല, വിവ: അഹ്മദ് മൂന്നാംകൈ, വചനം ബുക്‌സ്

13.ന്യൂനപക്ഷ രാഷ്ട്രീയം ദര്‍ശനവും ദൗത്യവും. എം.ഐ തങ്ങള്‍, ഗ്രെയ്‌സ് ബുക്‌സ്

Similar Posts