Analysis
ടി.എം കൃഷ്ണ: പെരിയാറിനെ പുകഴ്ത്തിയ പെരിയോര്‍
Analysis

ടി.എം കൃഷ്ണ: പെരിയാറിനെ പുകഴ്ത്തിയ പെരിയോര്‍

ശ്യാം സോര്‍ബ
|
24 March 2024 8:49 AM GMT

എന്താണ് ടി.എം കൃഷ്ണ ചെയ്ത തെറ്റ്; അത്, കര്‍ണാടക സംഗീതത്തിന്റെ അനുഷ്ഠാന ചട്ടക്കൂടുകള്‍ പൊളിച്ചുകൊണ്ട് ജാതി മത ഭേദമന്യേ സകല മനുഷ്യര്‍ക്കും ആസ്വദിക്കാന്‍ തക്കവണ്ണം പരിഷ്‌കരിച്ചു എന്നതാണ്.

തൊഡൂര്‍ മാഡബുസി കൃഷ്ണ എന്ന ടി.എം കൃഷ്ണ, കര്‍ണ്ണാട്ടിക് സംഗീതത്തില്‍ തന്റെതായ ആലാപന ശൈലി കൊണ്ട് മുദ്രകള്‍ ചാര്‍ത്തിയ അതുല്യ കലാകാരനാണ്. അതിനുമപ്പുറം ആ മനുഷ്യന്‍ സ്വയം അടയാളപ്പെടുത്തുന്ന ഇടങ്ങള്‍ ഒരുപാടാണ്. ജാതി വിവേചനങ്ങള്‍ക്കെതിരെ, ലിംഗ-ലൈംഗീക-ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടിയെല്ലാം തന്റെ പാട്ടിലൂടെ വേറിട്ട ശബ്ദമായി നിലകൊള്ളുന്ന കലാകാരനാണ് ടി.എം കൃഷ്ണ. എന്നിരുന്നാലും പലര്‍ക്കും അതത്ര ദഹിക്കുന്നില്ല. ടി.എം കൃഷ്ണ കര്‍ണ്ണാട്ടിക് സംഗീത മേലാളന്മാരില്‍ നിന്ന് കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.

ചിട്ടയായി എഴുതപ്പെട്ട രാഗങ്ങളും താളങ്ങളും വര്‍ണ്ണങ്ങളും ഒക്കെയുള്ള ബൃഹത്തായ ക്ലാസ്സിക് കലയാണ് കര്‍ണ്ണാട്ടിക് സംഗീതം എന്നത് തീര്‍ച്ചയാണ്. പക്ഷെ, ഈ സംഗീതത്തിന് വേരുകള്‍ പകര്‍ന്ന, ഊര്‍ജ്ജം നല്‍കിയ ആരും തന്നെ ഈ ശാഖയില്‍ പരിഷ്‌കരണം പാടില്ലെന്നു പറഞ്ഞിട്ടില്ല. ത്യാഗരാജ സ്വാമികള്‍, സ്വാതി തിരുനാളള്‍, ലാല്‍ഗുടി ജയരാമന്‍, ശ്രീനിവാസ അയ്യര്‍, ദക്ഷിണാമൂര്‍ത്തി, എംഎസ് സുബ്ബലക്ഷ്മി തുടങ്ങിയവരൊക്കെ അവരുടേതായ ശൈലിയും പരിഷ്‌കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. അവരവരുടെ മനോധര്‍മത്തിനനുസരിച്ച് ഈ മേഖലയെ സമീപിച്ചിട്ടുണ്ട്. നൃത്തം ആയാലും നാടകം ആയാലും ചിത്രകല ആയാലും സിനിമ ആയാലും ഉപകരണ സംഗീതം ആയാലും എല്ലാത്തിനും നിയമങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷെ, എഴുതിയവര്‍ ആരും തന്നെ ആ നിയമത്തെ മാത്രം തുടരണം എന്ന് പറഞ്ഞിട്ടില്ല. കാരണം, കല എപ്പോഴും മികച്ച ആവിഷ്‌കാരമാവുന്നത് അവയില്‍ നൂതന ആശയങ്ങളും ശൈലികളും കൊണ്ടുവരുമ്പോള്‍ തന്നെയാണ്. അല്ലായിരുന്നുവെങ്കില്‍ ഇന്നും കഥകളി ക്ഷേത്രാങ്കണങ്ങളില്‍ നിന്ന് പുറത്തേക്ക് വരല്ലായിരുന്നു. പുരുഷന്മാര്‍ അല്ലാതെ മറ്റാരും കഥകളി വേഷം കെട്ടില്ലായിരുന്നു. സ്ത്രീകള്‍ നാടകം കളിക്കില്ലായിരുന്നു. സ്ത്രീകള്‍ കല ആസ്വദിക്കില്ലായിരുന്നു. ഇവിടെയൊക്കെ പൊളിച്ചെഴുത്തുകളാണ് നടന്നത്. ആ പൊളിച്ചെഴുത്തുകളുടെ ശേഷിപ്പുകൂടിയാണ് ആണ് ഇന്ന് കാണുന്ന കലാവിഷ്‌കാരങ്ങള്‍.


ടി.എം കൃഷ്ണയെ പോലെ പ്രതിഭാധനനായ സാമൂഹിക പ്രതിബദ്ധതയുള്ള കര്‍ണ്ണാടക സംഗീതജ്ഞന്‍ അധ്യക്ഷത വഹിക്കുന്ന മ്യൂസിക് അക്കാദമിയുടെ 2024 വര്‍ഷത്തെ കോണ്‍ഫറന്‍സിലെ സംഗീത പരിപാടി രഞ്ജിനി - ഗായത്രി, ട്രിച്ചൂര്‍ ബ്രദേഴ്സ് തുടങ്ങിയവര്‍ ബഹിഷ്‌കരിച്ചിരിക്കുന്നു. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ടി.എം കൃഷ്ണക്കു നല്‍കിയതിലുള്ള പ്രതിഷേധം കൂടി ആയാണ് ഒരു വിഭാഗം കര്‍ണാടക സംഗീതജ്ഞര്‍ ടി.എം കൃഷ്ണക്കെതിരെ രംഗത്തെത്തിയത്. ടി.എം കൃഷ്ണ, കര്‍ണാടക സംഗീതത്തിനും സംഗീതജ്ഞര്‍ക്കും വലിയ പരിക്കുകളുണ്ടാക്കിയ ആളാണെന്നും പെരിയാറെ പോലെയുള്ള വ്യക്തികളെ മഹത്വവത്കരിക്കുന്ന ആളാണെന്നുമെല്ലാമാണ് എതിര്‍പ്പിനു കാരണമായി പറഞ്ഞത്. യഥാര്‍ഥത്തില്‍ എന്താണ് ടി.എം കൃഷ്ണ ചെയ്ത തെറ്റ്. അത്, കര്‍ണാടക സംഗീതത്തിന്റെ അനുഷ്ഠാന ചട്ടക്കൂടുകള്‍ പൊളിച്ചുകൊണ്ട് ജാതി മത ഭേദമന്യേ സകല മനുഷ്യര്‍ക്കും ആസ്വദിക്കാന്‍ തക്കവണ്ണം പരിഷ്‌കരിച്ചു എന്നതാണ്. കൃത്യമായ രാഷ്ട്രീയ ബോധത്തോടെ തലയുയര്‍ത്തി സംസാരിച്ചു എന്നതാണ്. പെരിയാറിന്റെ മൂല്യങ്ങള്‍ പിന്തുടര്‍ന്നു എന്നതാണ്. സവര്‍ണ്ണ ആധിപത്യത്തിന് എതിരെ സംസാരിച്ചു എന്നതാണ്. അതിനുമൊക്കെ ഉയരെ, ബി.ജെ.പി - സംഘ്പരിവാര്‍ രാഷ്ട്രീയത്തെ പരസ്യമായി വിമര്‍ശിച്ചു എന്നതാണ്. ഹിന്ദുക്കള്‍ ഭീഷണിയിലാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് മുസ്‌ലിംകളെയും ദലിതരെയും ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുകയാണെന്ന സത്യം വിളിച്ചു പറഞ്ഞതാണ്. 2019 ഏപ്രിലില്‍, കേരളത്തില്‍ ഹിന്ദുമതം സുരക്ഷിതമല്ലെന്ന് ബി.ജെ.പി പ്രചരിപ്പിച്ച തെറ്റായ വിവരങ്ങളില്‍ വിശ്വസിക്കരുതെന്നും വിവേകത്തോടെ വോട്ടുചെയ്യണമെന്നും അദ്ദേഹം കേരളത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടതാണ്.

,


Similar Posts