ടി.ആര് ആന്‍ഡ് ടീ എസ്റ്റേറ്റ്: ഭൂമി കയ്യേറ്റത്തിന്റെ മകുടോദാഹരണം
|ഇടുക്കി-കോട്ടയം ജില്ലകളിലായി പതിനായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനിയുടെ ഭൂമി കയ്യേറ്റത്തിന്റെയും സര്‍ക്കാര്‍ ഇടപെടലുകളുടെയും ചരിത്രം പരിശോധിക്കുന്നു.
'രാജ്യത്തെ ഗ്രാമീണ ദാരിദ്ര്യത്തിന്റെ ശക്തമായ സൂചകമാണ് ഭൂരാഹിത്യം. സാമ്പത്തിക സ്വാതന്ത്യം, സാമൂഹിക പദവി, ശാശ്വതവും മിതവുമായ ജീവിതാവസ്ഥ എന്നിവക്കായി ജനങ്ങള്‍ സ്വീകരിക്കുന്ന ഏറ്റവും വിലപ്പെട്ടതും നാശകാരിയല്ലാത്തതുമായ സ്വത്താണ് ഭൂമി. ഭൂമി അവര്‍ക്ക് സ്വത്വവും അന്തസ്സും ഉറപ്പു നല്‍കുകയും സാമൂഹികസമത്വം സാക്ഷാത്കരിക്കാനുള്ള വ്യവസ്ഥയും അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഉപജീവനത്തിനായി കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്നവരുടെ ഭൂ ഉടമസ്ഥത, ഭൂമിയുടെ തുല്യമായ വിതരണം എന്നിവ സമാധാനത്തിന്റേയും സമൃദ്ധിയുടേയും ശാശ്വതമായ ഉറവിടമാണ്. സാമ്പത്തിക സാമൂഹിക നീതിയിലേക്കുള്ള പാത ഒരുക്കലാണ്'. കരട് ദേശീയ ഭൂപരിഷ്കരണ നയത്തിലെ വാചകങ്ങളാണ് ഇത്.
മനോഹരമായ വാചകങ്ങള്‍ കൊണ്ട് ഭൂപ്രശ്നത്തെയും ദാരിദ്ര്യത്തെയും പരിഹരിക്കാന്‍ കഴിയുമെന്ന മിഥ്യാ ധാരണ നമുക്കൊന്നും ഇല്ല എന്നതിനാല്‍ രാജ്യത്തെ ഭൂപ്രശ്നങ്ങള്‍ എത്രമേല്‍ സങ്കീര്‍ണമാണ് എന്ന് വിവരിക്കേണ്ടതില്ല. കേരളം ഭൂപരിഷ്കരണം നടപ്പാക്കി എന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ്. കേരളത്തിലെ അവശേഷിച്ച ഭൂരാഹിത്യത്തിന് പരിഹാരമില്ല എന്ന് കരുതുന്നവരാണ് കേരളം ഭരിക്കുന്നത്. കേരള മുഖ്യമന്ത്രി മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ രണ്ടാം ഭൂപരിഷ്കരണത്തെ പറ്റി 'വിപ്ലവ വായാടിത്തം' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍, കേരളീയ യാഥാര്‍ഥ്യം ഇനിയും സമഗ്രമായ ഭൂ നിയമം ആവശ്യമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ടി.ആര് ആന്റ് ടീ കമ്പനിക്കെതിരെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം സ്വാതന്ത്ര്യത്തിനു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന മുഴുവന്‍ സ്ഥലത്തിന്റേയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാനാണ് സര്‍ക്കാര്‍ രാജമാണിക്യത്തോട് ആവശ്യപ്പെട്ടത്. രാജമാണിക്യത്തിന്റെ പ്രാഥമിക പരിശോധനയില്‍ത്തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തിലെ സര്‍ക്കാര്‍ റവന്യു ഭൂമിയുടെ 58 ശതമാനം, അതായത് അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ സ്ഥലം ഇപ്പോഴും വിദേശകമ്പനികളുടേയോ, അവരുടെ ഇന്ത്യക്കാരായ ബിനാമികളുടേയോ കൈവശമാണ് എന്നതാണ് സുപ്രധാന വിവരം.
വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എലിയെപ്പിടിക്കാന്‍ ശേഷിയുള്ള മുന്ന് 'പൂച്ചകളെ' അയച്ച് നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട മൂന്നാര്‍ ഓപ്പറേഷന് കേരളീയര്‍ക്ക് എന്തായാലും ഓര്‍മയുണ്ടാകും. ആ ഓപ്പറേഷനെ പരാജയപ്പെടുത്തിയത് കേരളത്തില്‍ ഇപ്പോള്‍ (അപ്പോഴും) റവന്യൂ വകുപ്പ് ഭരിക്കുന്ന ഇടതു മുന്നണി ഘടകകക്ഷിയായ സി.പി.ഐയും സി.പി.എമ്മിന്റെ എം.എം മണി നയിക്കുന്ന ഇടുക്കി ജില്ലാ ഘടകവും ചേര്‍ന്നാണ്. ഒരു പക്ഷേ, അതിന് ശേഷമാണ് എം.എം മണി എന്ന നേതാവ് സംസ്ഥാനത്താകെ പാര്‍ട്ടി അണികളില്‍ സ്വീകാര്യനാകുന്നതും ഇടുക്കി ജില്ലയിലെ സി.പി.എം, കേരള സി.പി.എമ്മിനെ തന്നെ നിയന്ത്രിക്കാന്‍ പാകത്തില്‍ പണക്കൊഴുപ്പുള്ള സംവിധാനമായി മാറുന്നതും.
2011 ല്‍ കേരളത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭൂരഹിതരുടെ പ്രശ്നം അറ്റന്റ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്ലാന്റേഷന് മാഫിയയെ തൊടാനോ പാട്ടക്കാലാവധി കഴിഞ്ഞതും കയ്യേറിയതും പാട്ട വ്യവസ്ഥ ലംഘിച്ചതുമായ ഭൂമികള്‍ തിരിച്ച് പിടിക്കാനോ അലോചിച്ചതുപോലുമില്ല. പകരം മൂന്ന് സെന്റ് ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് എടുത്തത്. മുന്ന് സെന്റ് ഭൂമി നല്കി പരിഹരിക്കാവുന്നതാണോ കേരളത്തിലെ ഭൂപ്രശ്നങ്ങള്‍ എന്ന ചോദ്യം അവിടിരിക്കട്ടെ. ഇത്തരം ഭൂമികള്‍ തിരിച്ചു പിടിക്കാതെ മൂന്ന് സെന്റ് പോയിട്ട്, ഒരു സെന്റ്വീതം പോലും ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതര്‍ക്ക് നല്‍കാനുള്ള ഭൂമി ലഭ്യമാകില്ല എന്ന വസ്തുത ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയെ പരിഹാസ്യമായ പരാജയമാക്കി മാറ്റി. എന്നാല്‍, ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് 2016- ജനുവരി 1 ന് വളരെ ശ്രദ്ധേയമായ ഒരു ഉത്തരവ് കേരള സര്‍ക്കാര്‍ പുറത്തിറക്കുകയുണ്ടായി. 1947-നു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടേയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ഡോ. എം.ജി രാജമാണിക്യം എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്പെഷല്‍ ഓഫീസറായി നിയമിച്ച് ഒരു കമീഷനെ നിയമിക്കുകയുണ്ടായി.
നിയമസഭയ്ക്ക് അകത്തും പുറത്തും ഒരു ഡസന്‍ അവസരങ്ങളിലെങ്കിലും രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തും എന്ന് റവന്യുമന്ത്രി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പക്ഷേ, എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒന്നും നടന്നിട്ടില്ല.
ഇതിന് പശ്ചാത്തലമൊരുക്കിയത് ഇടുക്കി-കോട്ടയം ജില്ലകളിലായി പതിനായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനിക്കെതിരെ (ടി.ആര് ആന്‍ഡ് ടീ കമ്പനി) നടന്ന സമരത്തിന്റേയും റിട്ട് പെറ്റീഷന് 26230/15 കേസില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിന്റേയും അടിസ്ഥാനത്തിലാണ്. ടി.ആര് ആന്റ് ടീ കമ്പനിക്കെതിരെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം സ്വാതന്ത്ര്യത്തിനു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന മുഴുവന്‍ സ്ഥലത്തിന്റേയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാനാണ് സര്‍ക്കാര്‍ രാജമാണിക്യത്തോട് ആവശ്യപ്പെട്ടത്.
രാജമാണിക്യത്തിന്റെ പ്രാഥമിക പരിശോധനയില്‍ത്തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തിലെ സര്‍ക്കാര്‍ റവന്യു ഭൂമിയുടെ 58 ശതമാനം, അതായത് അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ സ്ഥലം ഇപ്പോഴും വിദേശകമ്പനികളുടേയോ, അവരുടെ ഇന്ത്യക്കാരായ ബിനാമികളുടേയോ കൈവശമാണ് എന്നതാണ് സുപ്രധാന വിവരം. ഉടമസ്ഥാവകാശം കാണിക്കുന്നതിനുവേണ്ടി ഹാജരാക്കിയ ആധാരങ്ങളും രേഖകളും കൃത്രിമമായി വിദേശത്തു ചമച്ചവയാണ് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. വിദേശനാണ്യ ചട്ടങ്ങള്‍ ലംഘിച്ച് ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയാണ് വിദേശത്തേക്കു കടത്തുന്നത്.
തോട്ടങ്ങളുടെ ഉടമസ്ഥരാണ് എന്ന് അവകാശപ്പെടുന്ന പല ഇന്ത്യന്‍ കമ്പനികളും പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ ബിനാമികളാണ് തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് രാജമാണിക്യം തന്റെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എസ്. ശ്രീജിത്ത് ഐ.പി.എസ്സിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും ടാറ്റാ, ഹാരിസണ്‍, ടി.ആര് ആന്റ് ടീ തുടങ്ങിയ വന്‍കിട കുത്തകകള്‍ക്കെതിരെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനു വിവിധ കോടതികളില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ അവസരത്തിലാണ് കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുന്നത്. പുതുതായി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരിന് രാജമാണിക്യം തന്റെ അന്തിമ റിപ്പോര്‍ട്ട് 2016 ജൂണ്‍ ആദ്യവാരം സമര്‍പ്പിച്ചു. വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനു പുതിയ നിയമ നിര്‍മാണം വേണം എന്നും ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിദേശബന്ധങ്ങള്‍ ഉള്ളതിനാല്‍ സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഉന്നതതല അന്വേഷണവും ശുപാര്‍ശ ചെയ്യുന്നതായിരുന്നു രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്.
വന്‍കിട കമ്പനികളുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു നല്‍കുമെന്നും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്നുമായിരുന്നു 2016 ലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്. ഈ സാഹചര്യത്തില്‍ വളരെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ഭൂരഹിതരും ഭൂസമര സംഘടനകളും രാജമാണിക്യം റിപ്പോര്‍ട്ടിനെ വീക്ഷിച്ചത്. നിയമസഭയ്ക്ക് അകത്തും പുറത്തും ഒരു ഡസന്‍ അവസരങ്ങളിലെങ്കിലും രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തും എന്ന് റവന്യുമന്ത്രി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പക്ഷേ, എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒന്നും നടന്നിട്ടില്ല.
ഇപ്പോള്‍ ടി.ആര് ആന്‍ഡ് ടീ കൈവശം വെച്ചിരിക്കുന്ന 1145 ഏക്കര്‍ ഭൂമികയ്യേറ്റം സംബന്ധിച്ച് പ്രക്ഷോഭങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഈ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നവര്‍ വ്യാപകമായി പ്ലാന്റേഷനില്‍ മരം മുറിയ്ക്കുന്നതും തൊഴില്‍ പ്രശ്നങ്ങളുമാണ് സമരം പൊട്ടിപ്പുറപ്പെടാന്‍ കാരണെമങ്കിലും ഈ ഭൂമിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പെരുവന്താനം വില്ലേജിലെ ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി (ടി.ആര് ആന്‍ഡ് ടീ) അധികൃതര്‍ ഭൂവുടമസ്ഥത തെളിയിക്കാന്‍ ഓരേ ഭൂമിക്ക് തന്നെ രണ്ട് രേഖകള്‍ ഹാജരാക്കിയുണ്ടെന്ന് രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1944 ലെ വിദേശകമ്പനികള്‍ തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടി കരാറാണ് ഒന്ന്. പക്ഷേ, അതിന് നിയമ സാധുതയില്ല എന്ന് മനസ്സിലാക്കി കമ്പനി 1956 ലെ മറ്റൊരു ഉടമ്പടി കരാര്‍ കൂടി കമീഷനു മുമ്പില്‍ ഹാജരാക്കിയിരുന്നു.
1956ലെ രേഖയില്‍ കാണുന്നത്, തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് 1149.39 ഏക്കര്‍ ഭൂമി ആദ്യം വഞ്ചിപ്പുഴ ഇടവക എടക്കരക്കാര്ക്ക് പാട്ടത്തിന് നല്കി എന്നതാണ്. എടക്കരക്കാര് നാട്ടുകാര്‍ക്കും ഇക്കാലത്ത് ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. അതുവഴി ഈ ഭൂമി കരിമ്പനാല്‍ സഹോദരന്മാരുടെ കൈകളില്‍ എത്തി. ഇവരില്‍ നിന്ന് ഇംഗ്ലീഷ് കമ്പനിക്കും അവരുടെ ഏജന്റുമാര്‍ക്കും പാട്ടത്തിന് കൈമാറി എന്നതാണ്. പാട്ടക്കാലാവധി കഴിയുന്നതോടെ ഭൂമിയുടെ അവകാശം വഞ്ചിപ്പുഴ ഇടവകക്ക് തിരികെ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, വിദേശ കമ്പനികള്‍ പാട്ടവകാശം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയാണുണ്ടായത്. അതായത്, അതോടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിന്ന് വഞ്ചിപ്പുഴ ഇടവക പുറത്തായി.
വഞ്ചിപ്പുഴ ഇടവകയുടെ മേധാവിയുടെ സമ്മതമില്ലാതെയാണ് ഇംഗ്ലീഷുകാര്‍ പാട്ടാവകാശം കൈമാറിയതെന്നാണ് രാജമാണിക്യം അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇംഗ്ലീഷ് പൗരന്മാര് ഡയറക്ടര്‍മാരായി നടത്തിവന്ന വിദേശ കമ്പനിയാണ് ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ. വിദേശ കമ്പനികളുടെ പേരുകളല്ലാതെ ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നവരുടെ മുന്‍ഗാമികളുടെ ആരുടെയും പേര് ഈ രേഖയില്‍ കാണുന്നില്ല. അതേസമയം, രേഖകളില്‍ കരിമ്പനാല്‍ കുടുംബത്തിലെ കെ.ടി എബ്രഹാം, തോമസ് തോമസ്, തോമസ് സെബാസ്റ്റ്യന്‍, തോമസ് നിക്കോളാസ്, തോമസ് ചാണ്ടി, തോമസ് ജോസഫ്, തോമസ് ജോര്‍ജ്, തോമസ് റോസമ്മ, കെ.വി എബ്രഹാം, ഇട്ടിയവര വര്‍ക്കി, ഇട്ടിയവര തോമസ് എന്നിവരുടെ പേരുകളുണ്ട്. വഞ്ചിപ്പുഴ മുഖ്യന് ഭൂമി പാട്ടത്തിന് നല്കിയ എടക്കരയിലെ മൂന്നു പാട്ടക്കാരില്‍ ഒരാളായ ഇട്ടിയവര വര്‍ക്കിയുടെ അനന്തരാവകാശികളാണ് ഈ കരാര്‍ ഉണ്ടാക്കിയതെന്ന് രേഖകളില്‍ പറയുന്നു. പെരുവന്താനം പകുതിയിലെ വഞ്ചിപ്പുഴ ഇടവക ഭൂമിയുടെ ഭാഗമായിരുന്നു ഇതെന്ന് കരാറിലൂടെ വ്യക്തമാണ്. കരിമ്പനാല്‍ കുടുംബത്തിലെ അംഗങ്ങള്‍ 1145 ഏക്കര്‍ 1045 രൂപ വാര്‍ഷിക പാട്ടത്തിന് മതമ്പ സിന്‍ഡിക്കേറ്റിന് ഉപപാട്ടം നല്കി. ഈ തുകയില്‍ 500 രൂപ വഞ്ചിപ്പുഴ മുഖ്യനും 545 രൂപ കരിമ്പനാല്‍ കുടുംബത്തിനും നല്‍കണമെന്നായിരുന്നു പാട്ടക്കരാറിലെ വ്യവസ്ഥ.
| വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ടി.ആര് ആന്റ് ടീ കമ്പനി കയ്യേറിയ ഭൂമിപിടിച്ചെടുക്കല്‍ സമരം
അതേസമയം ഇതേ ഭൂമിക്ക് 1945 മാര്‍ച്ച് ഒമ്പതിലെ ഉടമ്പടി (2278/ 1945) കരാറും ടി.ആര് ആന്‍ഡ് ടീ കമ്പനി തന്നെ ഹാജരാക്കി. 1956ലെ രേഖ പ്രകാരം കരിമ്പനാല്‍ കുടുംബത്തിന്റെ നിയമപരമായ അവകാശികളില്‍ നിന്നും ഭൂമി വാങ്ങിയെന്നാണ് ടി.ആര് ആന്‍ഡ് ടീ കമ്പനി കമീഷന് മുന്നില്‍ അവകാശപ്പെട്ടത്. ട്രാവന്‍കൂര്‍ റബ്ബര്‍ കമ്പനി എന്നത് ഒരു വിദേശ കമ്പനിയായിരുന്നു. ഇപ്പോള്‍ ഈ ഭൂമി കൈവശം വച്ചിരിക്കുന്നത് ശിവരാമ കൃഷ്ണ ശര്‍മ എന്നയാളാണ്. അവരവകാശപ്പെടുന്നത് ഈ കമ്പനിയുടെ പിന്‍ഗാമികള്‍ എന്നാണ്. എന്നാല്‍, അതിന് ഉപോദ്ബലകമായ രേഖകളൊന്നും ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. 1947ന് ശേഷം വിദേശ കമ്പനികള്‍ ഉപേക്ഷിച്ചു പോയ ഭൂമിയാണ് പെരുവന്താനം വില്ലേജിലെ ടി.ആര് ആന്‍ഡ് ടീ എസ്റ്റേറ്റ് എന്നത് വ്യക്തമാണ്. ഈ ഭൂമിക്ക് മേല്‍ ഇപ്പോഴത്തെ കൈവശക്കാര്‍ക്ക് അവകാശങ്ങളൊന്നും സ്ഥാപിക്കാന്‍ തക്ക രേഖകളൊന്നുമില്ല എന്നാണ് രാജമാണിക്യം റിപ്പോര്‍ട്ട് അസന്നിഗ്ദമായി പറയുന്നത്. 1947ന് ശേഷം ഈ ഭൂമി വിദേശികള്‍ ഉപേക്ഷിച്ച് പോയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റേതായി എന്നതാണ് രാജമാണിക്യം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത്.
രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ ടീം ഐ.ജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് അനുസരിച്ച് ഈ ഭൂമി 1955 ഇടവക അവകാശ പ്രകാരം സര്‍ക്കാര്‍ 4,16,358 രൂപയ്ക്ക് വഞ്ചിപ്പുഴ മഠത്തില്‍ നിന്നും 4581/1955 നമ്പര്‍ ആധാര പ്രകാരം വിലയ്ക്ക് വാങ്ങിയതായും രേഖകള്‍ പരിശോധിച്ചതില്‍ കാണുന്നുണ്ട്. സര്‍ക്കാര്‍ വിലയ്ക്കെടുത്ത ഈ ഭൂമി പിന്നീട് ആര്‍ക്കും പതിച്ചു നല്‍കിയതായി രേഖകളില്ല എന്നതാണ്.
രാജമാണിക്യം കമീഷന്റെ അന്വേഷണത്തില്‍ ഈ ഭൂമി എത്രയും പെട്ടെന്ന് പിടിച്ചെടുത്തു ലാന്‍ഡ് ബോര്‍ഡില്‍ നിക്ഷേപിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതും യാതൊരു രേഖകളും റിക്കാര്‍ഡുകളും ഇല്ലാതെ ആണ് നിലവിലെ ഉടമസ്ഥന് ഈ ഭൂമി കൈവശം വെച്ചിരിക്കുന്നതും എന്നും കണ്ടെത്തിയതുമാണ്. തോട്ട ഭൂമി എന്നാണ് പറയുന്നതെങ്കിലും ഭൂമിയിലെ മുക്കാല്‍ ഭാഗവും തോട്ട ഇതര വിളകളാണ് നിലവിലെ കൈവശക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ഭൂപരിഷ്കരണ നിയമത്തിന്റെ നഗ്നമായ ലംഘനം കൂടിയാണ്. ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമി ഇപ്പോഴത്തെ കൈവശക്കാരന് മുറിച്ച് വില്‍ക്കുന്നതായി ഇവിടത്തെ തൊഴിലാളികള്‍ തന്നെ ആരോപണം ഉന്നയിക്കുന്നുണ്ട്. കേരളത്തില്‍ ഭൂരാഹിത്യം നിലനില്‍ക്കെ ഇത്തരത്തില്‍ അനധികൃതമായി ഭൂമി കൈവശം വെക്കാന്‍ സ്വീധീനമുള്ളവര്ക്ക് കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പെരുവന്താനം ടി.ആര് ആന്‍ഡ് ടീ എസ്റ്റേറ്റ്.