Analysis
ഉര്‍ദുഖാന്‍, തുര്‍ക്കി തെരഞ്ഞെടുപ്പ്
Analysis

തുര്‍ക്കി: ഉര്‍ദ്ദുഗാനില്‍ പ്രതീക്ഷവെക്കുമ്പോള്‍

ഹകീം പെരുമ്പിലാവ്
|
15 May 2023 2:08 PM GMT

അധികാരം ലഭിച്ചാല്‍ രാജ്യത്തെ പശ്ചാത്യവല്‍ക്കരിക്കുമെന്ന് പറയുന്ന നാഷ്ണല്‍ അലയന്‍സ് സഖ്യമായ പ്രതിപക്ഷവും ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനാധിപത്യപരമായി രാജ്യത്തെ ഇനിയും മുന്നോട്ട് നയിക്കുമെന്ന് തുറന്നടിച്ച ഉര്‍ദ്ദുഗാനും തമ്മിലായിരുന്നു യഥാര്‍ഥ മത്സരം.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള തുര്‍ക്കി ഭരണകര്‍ത്താക്കളെ തെരെഞ്ഞെടുക്കാനുള്ള പാര്‍ലമെന്റ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ടഫലങ്ങളില്‍ ഉര്‍ദ്ദുഗാനും എ.കെ പാര്‍ട്ടിയും മുന്നില്‍. 87 മേഖലകളില്‍ നിന്നായി 600 ഓളം അംഗങ്ങളെയാണ് ഇത്തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുന്നത്. 64 മില്യണ്‍ (ആറു കോടി 40 ലക്ഷം) തുര്‍ക്കിക്കാര്‍ക്കാണ് വോട്ടാവകാശമുള്ളത്. അതില്‍ ആറു മില്യനോളം (ഏതാണ്ട് 60 ലക്ഷം) യുവാക്കളും പുതിയ ആളുകളുമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ നയിക്കുന്ന കെമാല്‍ ക്ലച്ദാറോളുവും കഴിഞ്ഞ ഇരുപത് വര്‍ഷം രാജ്യം ഭരിച്ച നിലവിലെ പ്രസിഡണ്ട് ഉര്‍ദ്ദുഗാനും തമ്മിലായിരുന്നു പ്രസിഡന്റ് പദവിയിലേക്കുള്ള തീ പാറുന്ന പോരാട്ടത്തിലുണ്ടായിരുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ ഇരുകക്ഷികള്‍ക്കും വിജയം അനിവാര്യമായ തെരെഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. തുര്‍ക്കിയുടെ രാഷ്ട്രീയ ഭാവി എന്തായിരിക്കുമെന്ന് വിലയിരുത്തുന്ന നേര്‍ക്കുനേരെയുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നു ഇത്തവണത്തേത്.

പടിഞ്ഞാറിന്റെ മാധ്യമ സ്വാധീനം ഉപയോഗിച്ച് ജനങ്ങളെ, അത് രാജ്യത്തെ ചെറുതെങ്കിലും ഒരു സമൂഹത്തെ ഉര്‍ദ്ദുഗാനെതിരെയാക്കുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ വിജയിച്ചുവെങ്കിലും കഴിഞ്ഞ ഇരുപത് വര്‍ഷം രാജ്യത്തിനകത്തും പുറത്തും തുര്‍ക്കിയെ ഭരണപക്ഷത്തിരുന്നു ഉര്‍ദുഗാന്‍ എങ്ങനെയാണു അടയാളപ്പെടുത്തിയതെന്ന് ഭൂരിപക്ഷം ജനങ്ങളും മറന്നില്ല എന്നതാണു ഫലം സൂചിപ്പിക്കുന്നത്. മേയ് 15 ന് ടര്‍ക്കിഷ് സമയം പുലര്‍ച്ചെ 6:00 മണിയോടെ 99% പൂര്‍ത്തിയായ വോട്ടെണ്ണലില്‍ 49.4% വോട്ട് ആണ് ഉര്‍ദുഗാനു ലഭിച്ചത്. തൊട്ടടുത്ത പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് 44.9% വും ലഭിച്ചു. ഉര്‍ദ്ദുഗാന്‍ നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്റ് ഡവലപ്മന്റ് പാര്‍ട്ടിക്ക് (എ.കെ പാര്‍ട്ടി) 266 സീറ്റുും പ്രതിപക്ഷത്തെ പ്രബല പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (സി.എച്ച്.പി) 169 സീറ്റുമാണ് ലഭിച്ചത്. ഭരണപക്ഷമായ പീപ്പിള്‍സ് അലയന്‍സിനു 49.3% വോട്ടുകളും പ്രതിപക്ഷ സഖ്യമായ നാഷണല്‍ അലയന്‍സിനു 35.2% വോട്ടുകളും ലഭിച്ചു. 50% ല്‍ അധികം വോട്ട്‌ നേടുന്ന ആളായിരിക്കും നിയമപരമായി തുര്‍ക്കിയില്‍ പ്രസിഡന്റാകുന്നത്. 50% മുകളില്‍ ഇല്ലാത്തതിനാല്‍ മെയ് 27 നു നടക്കുന്ന രണ്ടാം ഘട്ട പോളിംഗ് അന്തിമ വിധി തീരുമാനിക്കും.

വെല്ലുവിളി നിറഞ്ഞ രണ്ടു ദശകങ്ങള്‍

ഉര്‍ദുഗാന് സംബന്ധിച്ചിടത്തോളം തികച്ചും വെല്ലുവിളി നിറഞ്ഞ രണ്ടു ദശകങ്ങളായിരുന്നു കടന്നുപോയത്. ഇറാഖ് യുദ്ധം, ഐസിസ് കാലഘട്ടം, അറബ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രൂപപ്പെട്ട മുല്ലപ്പൂ വിപ്ലവം, ലോകത്തുടനീളം പടര്‍ന്ന കൊറോണയെന്ന മഹാവ്യാധിയുടെ കാലഘട്ടം, റഷ്യ-ഉക്രൈന്‍ യുദ്ധം, രാജ്യത്തെ പിടിച്ചുലച്ച വന്‍ ഭൂകമ്പം തുടങ്ങിയ തീക്ഷ്ണമായ പരീക്ഷണ കാലഘട്ടമായിരുന്നു അധികവും. ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി അധികാരമേറ്റെടുത്ത ഉടനെയായിരുന്നു ഇറാഖ് യുദ്ധം ആരംഭിച്ചത്. ഇറാഖിനെതിരെ അവരുടെ ഭാഗത്ത് ഒരു പോര്‍മുഖം തുറക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ ചരിത്രപരമായ വെല്ലുവിളിയായിരുന്നുവെങ്കിലും അന്ന് തുര്‍ക്കിഷ് ഭരണകൂടം അവരോട് പറഞ്ഞ 'നൊ' ആര്‍ജവമുള്ള ഒരു നേതാവില്‍ നിന്നുമാത്രം ഉണ്ടാകുന്നതാണ്. അധിനിവേശ ശക്തികളോട് തങ്ങളെ അവരുടെ ചൊല്‍പടിക്ക് കിട്ടില്ലെന്ന് പറയാന്‍ ഒരു ശക്തി മേഖലയില്‍ അനിവാര്യമായിരുന്നു. ഐസിസ് കാലഘട്ടത്തില്‍ മൊസൂള്‍ കീഴടക്കാനുള്ള ശിയാക്കളുടെ ഗൂഡമായ ശ്രമത്തെ ധീരമായി നേരിടുമെന്ന് പറഞ്ഞുകൊണ്ട് ഉര്‍ദ്ദുഗാന്‍ തീര്‍ത്ത പ്രതിരോധവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകം മുഴുവന്‍ കൊറോണയെന്ന മഹാവ്യാധിയുടെ പിടിയില്‍ അകപ്പെട്ടപ്പോള്‍ വിറങ്ങലിച്ച് നില്‍ക്കാതെ അയല്‍രാജ്യങ്ങളെയും സഖ്യരാജ്യങ്ങളേയും ഏറ്റവും അടുത്തുനിന്ന് സഹായിച്ചതിലൂടെയും ഉര്‍ദുഗാന്‍ ഭരണകൂടം വേറിട്ട് നിന്നു. ഏറ്റവുമൊടുവില്‍ രാജ്യത്ത് സംഭവിച്ച ഏറ്റവും വലിയ ഭൂകമ്പത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുകയും അവര്‍ക്ക് നഷ്ടപ്പെട്ടതെല്ലാം നിര്‍മിച്ചു നല്‍കുമെന്ന് അറിയിക്കുകയും ചെയ്ത ഒരു ഭരണാധികാരിയേയും ലോകത്തിനു കാണാനായി. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഉയരുന്ന നിര്‍മ്മിതികള്‍ ഇത് സത്യപ്പെടുത്തുകയും ചെയ്യുന്നു.

പടിഞ്ഞാറിന്റെ ഭീതി

പടിഞ്ഞാറു നിന്നുമുള്ള എതിര്‍ ശബ്ദങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള മികച്ച മാതൃകകള്‍ സൃഷ്ടിച്ച നേതാവ് കൂടിയായിരുന്നു ഉര്‍ദ്ദുഗാന്‍. താനൊരു പാവ ഭരണകൂടമല്ലെന്ന് ഉര്‍ദ്ദുഗാന്‍ നാളിതുവരെയായി തെളിയിച്ചുകൊണ്ടിരുന്നു. യു.എന്‍ അസംബ്ലിയില്‍ പരസ്യമായി അമേരിക്കയേയും ഇസ്രായേലിനെയും വെല്ലുവിളിച്ച ഉര്‍ദുഗാന്‍ തന്റെ ഭരണകാലത്തുടനീളം ഗര്‍ജിക്കുന്ന സിംഹമായി മാറി. പടിഞ്ഞാറിനെ സംബന്ധിച്ചേടത്തോളം ഓട്ടോമന്‍ സാമ്രാജ്യം പുനര്‍ജനിക്കുമെന്നും തുടര്‍ന്ന് ഇസ്‌ലാം ഒരു ശക്തിയായി മാറുമോ എന്നതാണു അവരെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്. ഈ ലക്ഷ്യത്തോടെയാണ് തുര്‍ക്കിയും ഇറാനും തമ്മിലുള്ള ബന്ധം തടയണമെന്നും തുര്‍ക്കി അനാവശ്യമായി അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്നും മേഖലയിലെ എണ്ണ ഖനനം തുര്‍ക്കി വരുതിയിലാകുമെന്നുമുള്ള പരിദേവനങ്ങള്‍ പടച്ചുവിട്ടത്. യഥാര്‍ഥത്തില്‍ അവരെ ഭയപ്പെടുന്നത് എണ്ണ ഖനനമോ ഗള്‍ഫ് ഇറാന്‍ ബന്ധവമോ അയല്‍ രാജ്യങ്ങളോ ഒന്നുമല്ല. മറിച്ച് ഇസ്‌ലാമിക വേരുകളില്‍ ഊന്നിയുള്ള അവരുടെ സാംസ്‌കാരവും നാഗരികതയും പടിഞ്ഞാറിന് ഭീഷണിയാകുമെന്നതാണ്. തുര്‍ക്കിയുടെ ഉയര്‍ച്ചയിലൂടെ ഓട്ടൊമന്‍ സാമ്രാജ്യം പുനര്‍ജനിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളും ഇറാനും എല്ലാം അവരുടെ ഒപ്പം നില്‍ക്കുകയും അത് പടിഞ്ഞാറിനു മറ്റാരേക്കാളും വലിയ സാംസ്‌കാരിക ഭീഷണിയാകുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

അധികാരം ലഭിച്ചാല്‍ രാജ്യത്തെ പശ്ചാത്യവല്‍ക്കരിക്കുമെന്ന് പറയുന്ന നാഷനല്‍ അലയന്‍സ് സഖ്യമായ പ്രതിപക്ഷവും ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനാധിപത്യപരമായി രാജ്യത്തെ ഇനിയും മുന്നോട്ട് നയിക്കുമെന്ന് തുറന്നടിച്ച ഉര്‍ദ്ദുഗാനും തമ്മിലായിരുന്നു യഥാര്‍ഥ മത്സരം. പശ്ചാത്യവത്കരിക്കുമെന്ന് പറയുന്നതിലൂടെ രാജ്യത്തെ പടിഞ്ഞാറന്‍ ശക്തികള്‍ക്ക് മുന്നില്‍ അടിയറവെക്കുമെന്ന സന്ദേശമാണ് പ്രതിപക്ഷം മുന്നോട്ട് വെച്ചത്. കഴിഞ്ഞ രണ്ടു ദശകമായി രാജ്യം ഉണ്ടാക്കിയെടുത്ത യശസ്സും ടര്‍ക്കിഷ് സ്വത്വവും മറ്റു ശക്തികള്‍ക്ക് മുന്നില്‍ അടിയറവെക്കുമ്പോള്‍ മറ്റൊരു പാവ ഭരണകൂടമുണ്ടാക്കുന്നതിനാണ് പ്രതിപക്ഷം കോപ്പുകൂടുന്നതെന്ന് രാഷ്ടീയമായ നിരൂപണങ്ങളുണ്ടായിരുന്നു. ഭരണത്തിലേറിയ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഐ.എം.എഫിന്റെ കടം വീട്ടി മാതൃക കാണിച്ച ഉര്‍ദ്ദുഗാന്‍ ലോകത്തിന്റെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ ഭരണകര്‍ത്താവാണ്. വിവിധ കാരണങ്ങളാല്‍ ഇന്ന് രാജ്യം വലിയ പണപ്പെരുപ്പം നേരിടുന്നുണ്ടെങ്കിലും നിലംതൊടാതെ കൊണ്ടുപോകുന്നതില്‍ ഭരണകൂടം വിജയിച്ചിരുന്നു. അതേസമയം ഇത്തരം ഒരവസ്ഥ നേരിടേണ്ടി വരുന്നത് പ്രതിപക്ഷമായിരുന്നുവെങ്കില്‍ രാജ്യം സാമ്പത്തികമായി കൂപ്പുകുത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. പടിഞ്ഞാറും ഇസ്രായേലും അത് ലക്ഷ്യം വെക്കുമ്പോള്‍ പ്രത്യേകിച്ചും.

ബദ്ധശ്രദ്ധയോടെയുള്ള വിദേശനയം

നാളിതുവരെ വിദേശ നയരൂപീകരണത്തില്‍ പ്രശംസാര്‍ഹമായ നിലപാടാണ് ഉര്‍ദുഗാന്‍ സ്വീകരിച്ചത്. അറബ് ഗള്‍ഫ് രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയന്‍ അംഗത്വ രാജ്യങ്ങളുമായും അമേരിക്കയുമായി പോലും നിലനിര്‍ത്തിയ നയതന്ത്രബന്ധം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. മേഖലയില്‍ ഒരു നിര്‍ണായക ശക്തിയായും മാധ്യസ്ഥ വിഷയങ്ങളില്‍ തങ്ങളുടെതായ വ്യക്തിമുദ്ര പഠിപ്പിക്കുന്നതിലും ഉര്‍ദുഗാന്‍ ശ്രദ്ധ പതിപ്പിച്ചു. ഇസ്രായേലിനും സിറിയക്കുമിടയില്‍, സൈപ്രസ് വിഷയത്തില്‍, ഖത്തര്‍-സൗദി തര്‍ക്കത്തില്‍, ഇറാന്‍-സൗദി വിഷയത്തിലുമെല്ലാം തുര്‍ക്കി വഹിച്ച പങ്ക് എന്തുകൊണ്ടും ഒരു ഭരണാധികാരിയുടെ സജ്ജീവതയും കൂര്‍മ ബുദ്ധിയും നേതൃപാഠവവും തെളിയിക്കുന്നുണ്ട്. റഷ്യയുടെ അധിനിവേശത്തിനെതിരെ ഉക്രൈനൊപ്പം ചേരുമ്പോഴും സാമ്പത്തിക വിഷയങ്ങളില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ റഷ്യയോടൊപ്പം നില്‍ക്കുവാനും അവരുടെ സഹായം സ്വീകരിക്കാനും തുര്‍ക്കി കാണിച്ച സന്തുലിത നിലപാട് ലോകം നോക്കികണ്ട മറ്റൊരു മാതൃകയാണ്. യൂറോപ്പിന് അരുകൊപ്പിക്കുന്ന വിദേശനയമാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്നതെന്ന് നേരെത്തെ വിമര്‍ശനമുണ്ടായിരുന്നു. യൂറോപ്പും അമേരിക്കയും അധികാരശക്തി എന്ന നിലയില്‍ ലോകഭൂപടങ്ങളില്‍ നിന്നുപോലും ഇല്ലാതാകുമ്പോള്‍ അവര്‍ രൂപപ്പെടുത്തിയ വിദേശ നയത്തിനു യാതൊരു സാധ്യതയും ഇല്ലെന്നാണ് വിമര്‍ശിക്കുന്നവരുടെ ന്യായം

കെമാല്‍ ക്ലച്ദാറോളുവിനു കൃത്യമായ ഒരു വിദേശനയം മുന്നോട്ടുവെച്ചിട്ടില്ല. മുന്‍ഗാമികളെ അനുകരിക്കുകയോ അവയില്‍നിന്ന് തിരുത്തല്‍ വരുത്തി പിന്തുടരുകയോ ചെയ്യാനാണു സാധ്യത. പടിഞ്ഞാറിന്റെ താളത്തിനൊത്തു നീങ്ങുന്നതിലാണ് കൂടുതല്‍ ശ്രദ്ധ. അതേസമയം ഉര്‍ദ്ദുഗാന്റെ ഭരണ പരിഷ്‌കാരങ്ങള്‍ പഴയ പടിയിലേക്ക് കൊണ്ടുവരാനും എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ റദ്ദ് ചെയ്യാനും പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കാനും ശ്രമിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. നാറ്റോ അംഗങ്ങളോടും ഒപ്പം പടിഞ്ഞാറിനോടും അനുനയപ്പെടാനും സ്വീഡന്റെ അംഗത്വത്തിന്മേലുള്ള വീറ്റോ നീക്കംചെയ്യാനും ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മാധ്യമപ്പടയുടെ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്

ഈ തെരഞ്ഞെടുപ്പില്‍ ഉര്‍ദ്ദുഗാനെതിരെ ഏറ്റവും കൂടുതല്‍ കാമ്പയിന്‍ നടത്തിയത് പടിഞ്ഞാറന്‍ മാധ്യമങ്ങളായിരുന്നു. നാളിതുവരെയും തുര്‍ക്കിയുടെ വളര്‍ച്ചയില്‍ ഏറെ വിളറി പിടിക്കുന്നതും പടിഞ്ഞാറന്‍ ശക്തികള്‍ക്ക് തന്നെയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന ബ്രിട്ടനെയാണ് ഇത് കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നത്. അന്താരാഷ്ട്ര ആയുധ വ്യവസായത്തിലെ തുര്‍ക്കിയുടെ പങ്കാളിത്തം, സ്മാര്‍ട്ടായ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മേഖലയിലെ തുര്‍ക്കിയുടെ ഓഹരിയുമെല്ലാം തന്നെയാണ് അതിനുള്ള പ്രധാന കാരണം. തുര്‍ക്കിയുടെ അറബ് രാജ്യങ്ങളുമായുള്ള ഊഷ്മള ബന്ധം, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പരക്കുന്ന കച്ചവട ബന്ധങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങളുമായുള്ള രാഷ്ടീയ ഉടമ്പടികള്‍ റഷ്യയുമായുണ്ടാക്കിയ സാമ്പത്തിക കരാറുകള്‍ ഇതെല്ലാം പശ്ചാത്യന്‍ ശക്തികളെ തെല്ലൊന്നുമല്ല അലട്ടുന്നത്. ആഫ്രിക്കയിലേക്കുള്ള തുര്‍ക്കിയുടെ കച്ചവടവ്യാപനം ഫ്രാന്‍സിനെയാണ് ചൊടിപ്പിച്ചത്. തുര്‍ക്കിയുടെ മോട്ടോര്‍ വാഹന രംഗത്തേക്കുള്ള പ്രവേശനമാണ് ലോകത്തര വാഹന വിപണി കയ്യടക്കുന്ന ജര്‍മനിയെ പ്രയാസപ്പെടുത്തുന്നത്. ഇതിനെയെല്ലാം തുരങ്കം വെക്കാന്‍ ഉര്‍ദ്ദുഗാനു പകരം പടിഞ്ഞാറിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു പാവയെ തുര്‍ക്കിയില്‍ സ്ഥാപിക്കണം. അതിനുവേണ്ടിയാണു പ്രതിപക്ഷത്തിനു വേണ്ടി പടിഞ്ഞാറിന്റെ മാധ്യമ പടയൊരുക്കം. പക്ഷെ, തുര്‍ക്കിയിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അതിനെയെല്ലാം തള്ളിക്കളയുകയും ഉര്‍ദുഗാനൊപ്പം നില്‍ക്കുകയും ചെയ്തുവെന്നതാണ് വസ്തുത. എന്തായാലും വരുന്ന അഞ്ച് വര്‍ഷം ആരായിരിക്കും രാജ്യത്തെ നയിക്കുന്നത് എന്ന് വ്യക്തമാകാന്‍ മേയ് 27 നു നടക്കുന്ന അവസാനഘട്ട പോളിംഗ് വരെ കാത്തിരിക്കേണ്ടി വരും.

Similar Posts