ചലച്ചിത്ര പ്രവര്‍ത്തകരെ മ്യൂസിയങ്ങളില്‍ ഇരുത്തേണ്ടി വരും - ടി.വി ചന്ദ്രന്
|ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടന്ന ഓപണ്‍ഫോറത്തില്‍ സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം. | MLF 2023 | റിപ്പോര്‍ട്ട്: അനുലേഖ
വംശീയതയുടെയും യുദ്ധത്തിന്റെയും ശാസ്ത്രത്തിലെ ഉത്സവം എന്തെന്നാല്‍ നമ്മള് ജീവിച്ചിരിക്കുന്ന നമ്മുടെ ഇന്ത്യയിലെ ഇന്നത്തെ ഫെസ്റ്റിവല്‍ ആണ്. കാരണം, നമുക്ക് ചുറ്റുമുളതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ താല്പര്യത്തോടെ കാണുന്ന പല സ്ഥാപനങ്ങളും അടച്ചുപൂട്ടുന്ന ഈ കാലത്തില്‍ പ്രതിരോധം എന്നതിന് വിലയില്ലാതാവുകയാണ്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ മണിപ്പൂരില്‍ മാസങ്ങളോളമായി വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ ക്രൂരതയും പീഡനങ്ങളും അനുഭവിക്കുന്നു. ഇതാണ് നമ്മള് ജീവിക്കുന്ന ഇന്ത്യ. ഈ സംഘര്‍ഷങ്ങള്‍ക്കും വംശീയ കലാപങ്ങള്‍ക്കുമിടയില്‍ തമാശയായ സിനിമകള്‍ ഉണ്ടാകുന്നു. വിവേക് അഗ്നിഹോത്രിയുടെ 'വാക്സിന് വാര്' എന്ന സിനിമയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എങ്ങനെ വാക്സിന് മാനേജ് ചെയ്യുന്നു എന്നതിനെപറ്റി കാണിക്കുന്നു. എന്നാല്‍, ഇങ്ങനെ ഒരു സിനിമ ഉണ്ടാവുകയാണെങ്കില്‍ ആളുകള്‍ ട്രെയിനിലേക്ക് ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ ആയിരിക്കണം തുടക്കം. ആരോടും സംസാരിക്കാന്‍ പോലും കഴിയാതെ നിസ്സഹായരായി നിലവിളിക്കുന്ന ആളുകള്‍ റെയില്‍പാളങ്ങളിലൂടെ ഓടിപ്പോകുന്നു. ആ തീവണ്ടിയോ റെയില്പാളമോ ഒന്നുമല്ല വാക്സിന് വാറിന്റ വിഷയം. അങ്ങനെയുള്ള സിനിമകള്‍ ഉണ്ടാകുന്നു എന്നത് വലിയ തോതില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
പലരും പറയുന്നു സിനിമയെന്നാല്‍ സ്നേഹമാണെന്ന്. എന്നാല്‍ എന്താണീ ലവ്? ലവ് എന്നുപറഞ്ഞാല്‍ മള്‍ട്ടി ബിസിനസ് മാന്‍ സംസാരിക്കുമ്പോള്‍ ഉണ്ടാവുന്ന സ്നേഹമാണ്. അദാനിയുടെ പ്രേമമാണ്. ഇന്ത്യയുടെ പേര് ഭാരതം എന്നതാകുന്നതും, ഇന്ത്യ എന്നതും - ഈ രണ്ട് പേരുകളും ഇഷ്ട്ടപെടുന്നതാണെന്നതില് സംശയമില്ല. ഭാരതത്തിനും ഇന്ത്യയ്ക്കും പുറകില്‍ അദാനി രാജ്യം എന്നു പേരിടേണ്ടതാണ്. അതിനു കഴിയാത്തതുകൊണ്ടാണ് ഈ കാട്ടിക്കൂട്ടലുകള്‍. വീണ്ടും വീണ്ടും ആളുകള്‍ തെരഞ്ഞെടുക്കപ്പെടുന്നു. അതേ ആളുകള്‍ ഭരണത്തില്‍ വരുന്നു. അടുത്ത വര്‍ഷവും ഭരണതുടര്‍ച്ച തന്നെയുറപ്പ്!. അതിലും നമ്മള് ഫെസ്റ്റിവല്‍സ് നടത്തും, അത് വലിയ കഴിവ് തന്നെയാണ്. സിനിമയിലെ യഥാര്‍ഥ സംരക്ഷണത്തിന്റെ ചില ശൈലികള്‍ ഉള്ളിടത്തോളം കാലം ഇത് തുടരും. ഇത് ലോകത്തിന്റെ മറുവശത്ത് ഒരു വലിയ പാഠമാണ്. ഇന്ത്യക്കാര്‍ക്ക് വേണ്ടിയല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് വേണ്ടി, വംശീയതയുടെയും യുദ്ധത്തിന്റെയും ശാസ്ത്രത്തില്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ എന്താണ് ചെയ്യുന്നതെന്ന് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കണ്ടെത്താന്‍ കഴിയും എന്നത് ഇന്ത്യയെയും ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള) കണ്ടുപഠിക്കണം. എക്കാലത്തും ഐ.എഫ്.എഫ്.കെ എങ്ങനെ നടത്തുന്നു എന്നും ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് ഡയറക്ടര്‍സിന് ഇതെങ്ങനെ സാധിക്കുന്നു എന്ന് പില്കാലത് വലിയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
മധു ജനാര്ധനെ പോലുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ നാളെകളില്‍ സ്റ്റാമ്പ് ചെയ്യപ്പെടും. മ്യൂസിയങ്ങളില്‍ കൊണ്ടുപോയി ഇരുത്തേണ്ടിവരും.
സിനിമയുടെ വിഷയം ലവ് ആണെന്ന് പറയപ്പെടുന്നു. എന്നാല്‍, സിനിമയുടെ വിഷയം കഷ്ടപ്പാടാണ്. ''മെന്‍ സഫര്‍ ബട്ട് അനിമല്‍സ് ഡോണ്ട് ' ടോള്‍സ്റ്റോയിയുടെ ഈ വാക്കുകള്‍ പോലെ മൃഗങ്ങള്‍ക്ക് കഷ്ടപ്പാട് ഉണ്ടാകുന്നില്ല. എന്നാല്‍, മനുഷ്യന് കഷ്ടപ്പാടിനെ ഇഷ്ട്ടപ്പെടുന്നില്ല. നമ്മളൊക്കെ കഷ്ട്ടപ്പെടുന്നു. നമുക്കുചുറ്റുമുള്ള മഹാന്മാര് കഷ്ട്ടപെടുന്നില്ല. മൃഗങ്ങള്‍ എന്നുവിളിക്കുന്നത് മോശമായി കാണാനാകില്ല. പാലകാര്യങ്ങള്ക്കും മനുഷ്യരെക്കാളും ഭേദമായി മൃഗത്തെ കാണാം. കഷ്ടപ്പാട് ഉള്ളിടത്തോളം കാലം സിനിമയും ഉണ്ടാകും.
പണ്ട് 'മങ്കമ്മ' എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും തിലകനും അഭിനയിക്കുന്ന രംഗത്തില്‍ മണ്ണാടിയന് (ഒടുവില്‍ ഉണ്ണികൃഷ്ണന്) കറുപ്പനോട ്(തിലകന്) പറയുന്നു: 'വിശപ്പുള്ളപ്പോള്‍ ഓര്‍മയുണ്ടാകില്ല കറുപ്പാ...'' എന്ന്. അന്നത്തെ ക്യാമറ മാന്‍ ആയ സണ്ണി ജോസഫ് പറഞ്ഞു, 'ഓര്‍മകള്‍ ഉണ്ടായിരിക്കണം' എന്ന സിനിമയുടെ അര്‍ഥം എന്താണെന്ന് ഇപ്പോള്‍ മനസിലായിരിക്കുന്നു എന്ന്. കാരണം, വിശപ്പ് ഉണ്ടായിരിക്കുമ്പോള്‍ ഓര്‍മയുണ്ടാകില്ല; സ്നേഹവും ഉണ്ടാവില്ല. വിശപ്പ് മാറ്റുന്ന ഒരു കാലത്ത് ജീവിക്കാന്‍ സാധിക്കട്ടെ.