കവാത്ത് മറന്ന സായ്യിപ്പ്
|പല രാഷ്ട്ര തലവന്മാരെയും വിവരമില്ലാത്തവരെന്നും വിവേകമില്ലാത്തവരെന്നും പുച്ഛിച്ചിരുന്ന ബ്രിട്ടീഷ് ജനത ഒന്ന് ഇരുന്നു ചിന്തിച്ചു നോക്കണം, നിങ്ങളുടെ നേതാക്കള്‍ കാട്ടിക്കൂട്ടിയ പോഴത്തരങ്ങളെ കുറിച്ച്. ഭിന്നിപ്പിച്ചു ഭരിക്കുന്ന സ്വഭാവം പണ്ടേയുള്ള ബ്രിട്ടന്‍, ബ്രെക്‌സിറ്റ് നയം കൊണ്ട് വന്നു അത് ഒന്ന് കൂടി പയറ്റി നോക്കിയെങ്കിലും, ഇത്തവണ അക്കിടി പറ്റിയ മട്ടാണ്. ഇനി ആ രാജ്യത്തിന് പണ്ട് അവകാശപ്പെട്ടിരുന്ന പോലെയുള്ള ഒരു നേതൃത്വസ്ഥാനം ലോക രാജ്യങ്ങള്‍ക്കിടയില്‍ കിട്ടുമോ എന്ന് കണ്ടറിയണം.
പണ്ട് സൂര്യന്‍ അസ്തമിക്കാത്ത രാഷ്ട്രമായിരുന്ന ബ്രിട്ടനില്‍ നിന്നും രാജ്യങ്ങള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം നേടി കൊണ്ടിരുന്ന സമയത്ത്, ഇംഗ്ലീഷ് ഭരണകൂടം മുന്നോട്ട് വച്ചിരുന്ന ഒരു വാദം, ഈ 'ഗോത്രവര്‍ഗക്കാര്‍ക്ക്' ഭരിക്കാന്‍ അറിയില്ല എന്നതാണ്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനു പോലും ഇന്ത്യ അടക്കമുള്ള ഇങ്ങനെ സ്വാതന്ത്ര്യം നേടുന്ന രാജ്യങ്ങളെ കുറിച്ച് ഇതേ അഭിപ്രായമായിരുന്നു. അതായത്, ഈ രാജ്യക്കാര്‍ക്കു ആര്‍ക്കും തന്നെ ഇംഗ്‌ളീഷ്‌കാരുടെ വിദ്യാഭ്യാസവും, പരിഷ്‌കാരവും, വിവരവും ഇല്ലെന്നും, മാസങ്ങള്‍ക്കുള്ളില്‍ ഈ രാജ്യങ്ങള്‍ എല്ലാം തകര്‍ന്നു തരിപ്പണമാകും എന്നാണ്.
എന്നാല്‍, ഈ രാജ്യങ്ങള്‍ക്കു പിന്നീട് സ്വന്തം കാലില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന്റെ തിരുശേഷിപ്പുകള്‍ ആയിരിന്നു എന്നതാണ് സത്യം. ഇങ്ങനെ സ്വാതന്ത്ര്യം നേടുന്ന രാജ്യങ്ങള്‍ വിജയിക്കരുത് എന്ന തീരുമാനപ്രകാരം അവര്‍ ബാക്കി വച്ച വിഘടന പ്രക്രിയകളാണ് പലപ്പോഴും കീറാമുട്ടികളായി മാറിയത്. ഈ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടന്‍ കൊള്ളയടിച്ചു കൊണ്ടുപോയതിന്റെ ചെറിയൊരു അംശം ഉണ്ടായിരുന്നെങ്കില്‍ തന്നെ ഈ രാജ്യങ്ങള്‍ നേരത്തെ തന്നെ സ്വയംപര്യാപ്തത കൈവരിക്കുമായിരിന്നു.
പിന്നീട് മൂന്നാം ലോക രാജ്യങ്ങള്‍, അല്ലെങ്കില്‍ പുരോഗമിക്കുന്ന രാജ്യങ്ങള്‍ എന്ന മുദ്ര കുത്തിയിരുന്ന ഈ രാജ്യങ്ങളില്‍ പലതും ബ്രിട്ടനേക്കാള്‍ ശക്തവും ധനികരുമായിരുന്നു എന്നതാണ് ശരി. ഇന്ന് ഇവയില്‍ ഭൂരിപക്ഷം രാജ്യങ്ങളും വീണ്ടും ലോക രാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് വന്നു കഴിഞ്ഞിട്ടുണ്ട്, വീണ്ടും ബ്രിട്ടനെ കവച്ചു വച്ചിട്ടുമുണ്ട്. ബ്രിട്ടന്‍ ലോക ശക്തിയായി മാറാന്‍ 200 വര്‍ഷങ്ങള്‍ എടുത്തെങ്കില്‍, ഇന്ത്യയടക്കം പല രാജ്യങ്ങളും അതിന്റെ നാലിലൊന്ന് സമയം കൊണ്ടാണ് വളര്‍ന്നത്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയത്ത്, ഈ സ്വദേശികള്‍ക്ക് രാജ്യം ഭരിക്കാനും, നയിക്കാനും ഉള്ള പക്വത ഇല്ല എന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രഭുവര്‍ഗത്തിന് പക്ഷെ എന്താണ് സംഭവിച്ചത് എന്നതാണ് രസകരം. സൂര്യന്‍ അസ്തമിക്കുന്ന രാജ്യമായി മാറിയ ശേഷം പിടിച്ചു നില്‍ക്കാന്‍ എത്രയോ തവണ അവര്‍ പൗണ്ടിനെ ഡീവാല്യൂ ചെയ്തിരിക്കുന്നു, എത്രയോ പ്രാവശ്യം അമേരിക്കയില്‍ നിന്നും കടം വാങ്ങിയിരിക്കുന്നു. മൂന്നാം ലോക രാജ്യങ്ങള്‍ കടമെടുക്കുമ്പോള്‍ ആ രാജ്യത്തിന്റെ പരാജയമായി ഘോഷിക്കുന്ന പാശ്ചാത്യ പത്രപ്രവര്‍ത്തകര്‍ക്ക് ഇതൊക്കെ വെറും സാമ്പത്തിക തീരുമാനങ്ങള്‍ മാത്രം. ഈ രാജ്യങ്ങളിലെ ഭരണമാറ്റങ്ങള്‍ രാഷ്ട്രീയ മൂല്യച്യുതിയായി ഉയത്തിക്കാട്ടുന്ന വിദേശികള്‍, ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തില്‍ എത്ര പ്രധാനമന്ത്രിമാര്‍ ഉണ്ടായിരിന്നു എന്ന് കണക്കുകൂട്ടി നോക്കണം, അവരുടെ സാമ്പത്തിക സ്ഥിതി എന്താണെന്നു പരിശോധിച്ചു നോക്കണം. ഇപ്പോള്‍ രാജിയില്‍ എത്തി നില്‍ക്കുന്ന ലിസ് ട്രസ്സിന്റെ പ്രധാനമന്ത്രി പദത്തിന് വെറും 45 ദിവസത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇനി വരും എന്ന് കരുതുന്ന സര്‍ക്കാരിനും എത്ര ആയുസ്സുണ്ട് എന്ന് പറയാന്‍ പറ്റില്ല. പല രാഷ്ട്ര തലവന്മാരെയും വിവരമില്ലാത്തവരെന്നും വിവേകമില്ലാത്തവരെന്നും പുച്ഛിച്ചിരുന്ന ബ്രിട്ടീഷ് ജനത ഒന്ന് ഇരുന്നു ചിന്തിച്ചു നോക്കണം, നിങ്ങളുടെ നേതാക്കള്‍ കാട്ടിക്കൂട്ടിയ പോഴത്തരങ്ങളെ കുറിച്ച്. ഭിന്നിപ്പിച്ചു ഭരിക്കുന്ന സ്വഭാവം പണ്ടേയുള്ള ബ്രിട്ടന്‍, ബ്രെക്‌സിറ്റ് നയം കൊണ്ട് വന്നു അത് ഒന്ന് കൂടി പയറ്റി നോക്കിയെങ്കിലും, ഇത്തവണ അക്കിടി പറ്റിയ മട്ടാണ്. ഇനി ആ രാജ്യത്തിന് പണ്ട് അവകാശപ്പെട്ടിരുന്ന പോലെയുള്ള ഒരു നേതൃത്വസ്ഥാനം ലോക രാജ്യങ്ങള്‍ക്കിടയില്‍ കിട്ടുമോ എന്ന് കണ്ടറിയണം.
സായ്യിപ്പ് വേണമെങ്കില്‍ പറയണം, ഇന്ത്യക്ക് പഠിപ്പിച്ചു തരാന്‍ കുറെയേറെ കാര്യങ്ങള്‍ ഉണ്ട്. ഞങ്ങള്‍ക്ക് 75 വര്‍ഷത്തെ പരിചയമേ ഉള്ളൂ, പക്ഷെ നിങ്ങളുടെ വലിപ്പമുള്ള പത്തിരുപത് സംസ്ഥാനങ്ങള്‍ ഇവിടുണ്ട്. അടിമത്തത്തില്‍ നിന്ന് മോചിക്കപ്പെട്ട ഒന്നേകാല്‍ ബില്യണ്‍ വരുന്ന ജനങ്ങളെ ഈ കുറഞ്ഞ കാലയളവ് കൊണ്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിച്ച രാജ്യമാണ്, നിങ്ങളുടെ സര്‍ക്കാരിനെയും പഠിപ്പിക്കാന്‍ തയ്യാറാണ്. ഒന്നുമില്ലേലും ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ച സാറമ്മാരല്ലേ!