Analysis
സര്‍ഫാസിയുടെ ഇരകള്‍ക്ക് പറയാനുള്ളത്
Analysis

സര്‍ഫാസിയുടെ ഇരകള്‍ക്ക് പറയാനുള്ളത്

ഗീതു രാജേന്ദ്രന്‍
|
22 Oct 2022 12:05 PM GMT

കര്‍ഷകര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം കുടിയിറക്ക് ഭീഷണി നേരിടുന്നത് വിദ്യാഭ്യാസ വായ്പയെടുത്തവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ കുട്ടികളുടെ ഉന്നതപഠനത്തിന് ആശ്രയിക്കുന്നത് വിദ്യാഭ്യാസ വായ്പയെയാണ്. പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നവരാണ് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരില്‍ ഭൂരിപക്ഷവും. എത്രയും പെട്ടന്ന് നല്ല ജോലിയില്‍ കയറി എടുത്ത വായ്പ തിരിച്ചടക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുള്ളവരാണ് എല്ലാം.

തുടര്‍ച്ചയായുണ്ടായ പ്രളയവും വിലത്തകര്‍ച്ചയും കോവിഡും സംസ്ഥാനത്തിന്റെ കാര്‍ഷിക-കച്ചവട മേഖലയെ ഒട്ടാകെ അവതാളത്തിലാക്കി. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വയനാട്, ഇടുക്കി പോലുള്ള ജില്ലയിലെ സാധാരണക്കാരും ചെറുകിട-നാമമാത്ര കര്‍ഷകരും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള തത്രപ്പാടിലാണ്. അതിനിടയിലാണ് സര്‍ഫാസിയുടെ നീരാളിപ്പിടിത്തം ഇവരുടെ മേല്‍ വന്ന് വീഴുന്നത്.

ഇരുളത്ത് അഭിഭാഷകനായ ടോമി ആത്മഹത്യ ചെയ്തത് ഈ പിടിത്തം മുറുകിയപ്പോഴാണ്. ടോമിയുടെ ഭവന വായ്പാ കുടിശ്ശിക വസൂലാക്കാന്‍ കൊച്ചിയിലെ ഡെബിറ്റ് ട്രൈബ്യൂണിലില്‍ ബാങ്ക് തന്നെ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നാലെ ജില്ലാ കോടതിയില്‍ നിന്ന് അനുകൂല വിധി നേടി ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയി. വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ നടന്ന പുല്‍പള്ളിയിലായിരുന്നു ഈ സംഭവവും. ധനക്കമ്മിയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കുടിശ്ശികകളും നികുതിയും കര്‍ശനമായി പിരിച്ചെടുക്കാന്‍ തുടങ്ങിയതാണ് ഇത്തരം സംഭവങ്ങളില്‍ വന്ന് നില്‍ക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്നോടിയായി 6000-ത്തോളം പേര്‍ക്കാണ് വയനാട് ജില്ലയില്‍ മാത്രം റിക്കവറി നോട്ടീസുകള്‍ ലഭിച്ചത്.


വിദ്യാഭ്യാസ വായ്പ, കാര്‍ഷിക വായ്പ, സ്വയംതൊഴില്‍ വായ്പ തുടങ്ങി വിവിധ വായ്പകളെടുത്തവര്‍ ഇതില്‍ പെടും. അടുപ്പിച്ച് അഞ്ചുതവണ റിക്കവറി നോട്ടീസ് തനിക്ക് ലഭിച്ചെന്ന് തിരുനെല്ലിയില്‍ കര്‍ഷകനായ ബാബു (പേരുകള്‍ യഥാര്‍ഥമല്ല) പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടെ വന്യമൃഗശല്യം കൂടിയായപ്പോള്‍ നെല്‍കൃഷിയില്‍ നിന്ന് വരുമാനം നിലച്ചു. ഇതോടെയാണ് ബാബുവിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയത്. വളങ്ങളുടെ വില ഇടയ്ക്കിടെ വര്‍ധിക്കുന്നതും സര്‍ക്കാരില്‍ നിന്ന് കാര്യമായ ആശ്വാസ പദ്ധതികളുമില്ലാത്തതും കാരണം കൃഷി തന്നെ ഉപേക്ഷിച്ചാലോ എന്ന ആലോചനയിലാണ് ബാബുവിനെ പോലെ നിരവധി കര്‍ഷകര്‍. ഇതിനിടയില്‍ എങ്ങനെ പിഴപ്പലിശയും കൂട്ടുപ്പലിശയുമടക്കം വലിയൊരു തുക തിരിച്ചടക്കുമെന്ന ആശങ്കയിലാണ് ഇവര്‍. എന്തെങ്കിലും മാര്‍ഗമുണ്ടാക്കി വായ്പകള്‍ തിരിച്ചടക്കണമെന്നാണ് വെങ്ങപ്പള്ളിയില്‍ ചെറുകിട വാഴക്കര്‍ഷകനായ രവിയുടെ ആഗ്രഹം. അതിന് സാവകാശം വേണം. മൊറട്ടോറിയം കാലാവധി നീട്ടിയില്ലെങ്കില്‍ വന്‍ തുക പലിശ ഇനത്തില്‍ മാത്രം അടക്കേണ്ടി വരും. ഇടത്തരം കൃഷിയില്‍ നിന്ന് ഇതിനുള്ള വരുമാനം ലഭിക്കില്ല. ഇത്തരം സാഹചര്യത്തിലാണ് സര്‍ഫാസി വിരുദ്ധ സമരസമിതികളുണ്ടാകുന്നതെന്ന് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി കൂടിയായ തോമസ് അമ്പലവയല്‍ പറയുന്നു. ബാങ്കുകള്‍ റിക്കവറിക്കായി വീടുകളിലെത്തുകയാണെങ്കിലും അവരെ തടയുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് സമരസമിതികളുടെ തീരുമാനം.

കര്‍ഷകര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം കുടിയിറക്ക് ഭീഷണി നേരിടുന്നത് വിദ്യാഭ്യാസ വായ്പയെടുത്തവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ കുട്ടികളുടെ ഉന്നതപഠനത്തിന് ആശ്രയിക്കുന്നത് വിദ്യാഭ്യാസ വായ്പയെയാണ്. പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നവരാണ് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരില്‍ ഭൂരിപക്ഷവും. എത്രയും പെട്ടന്ന് നല്ല ജോലിയില്‍ കയറി എടുത്ത വായ്പ തിരിച്ചടക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുള്ളവരാണ് എല്ലാം. തുടര്‍ച്ചയായി വരുന്ന റിക്കവറി നോട്ടീസുകള്‍ കണ്ട് പേടിച്ചാണ് പുല്‍പള്ളി സ്വദേശി ചന്ദ്രനും (പേരുകള്‍ യഥാര്‍ഥമല്ല) കുടുംബവും ഇപ്പോള്‍ വാടക വീട്ടില്‍ കഴിയുന്നത്. ബാങ്ക് ജപ്തി നോട്ടീസ് വന്നപ്പോള്‍ അയല്‍ക്കാരെ പോലും അറിയിക്കാതെയാണ് വീടുമാറി പോയത്. വിദ്യാഭ്യാസ വായ്പയാണ് ഇവിടെ വില്ലനായത്. വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വീട് ജപ്തി ചെയ്ത് പോയാലും വീടുപകരണങ്ങള്‍ എങ്കിലും ബാക്കിയാകുമല്ലോയെന്ന പ്രതീക്ഷയിലാണ് അവര്‍ വീട് വിടാന്‍ തയ്യാറായത്. വീട്ടില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ ഉണ്ടാകുന്ന നാണക്കേട് ഒഴിവാക്കുകയെന്നതും പ്രധാന കാരണമാണ്.


ദ്വാരകയിലെ മേരിക്കുട്ടി സമാധാനമായി ഉറങ്ങിയിട്ട് മാസങ്ങളായി. പണി തീരാത്ത ഒറ്റമുറി വീട് മാത്രമാണ് സമ്പാദ്യം. ഈ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞ് ഇടയ്ക്കിടെ റിക്കവറി നോട്ടീസ് വരും. ഭര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങളായി. മകനെ പഠിപ്പിക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് കുറേക്കാലമായി മുടങ്ങി കിടപ്പാണ്. പ്രൊഫഷണല്‍ കോഴ്സാണ് ചെയ്തതെങ്കിലും നല്ല ജോലി കിട്ടിയില്ല. പഠിച്ച കോഴ്സിനനുസരിച്ച് ജോലിയൊന്നും കിട്ടാതായതോടെ മറ്റൊരുജില്ലയില്‍ കടയില്‍ പണിക്ക് നില്‍ക്കുകയാണ്. എങ്ങനെയെങ്കിലും എടുത്ത വായ്പ തിരിച്ചടയ്ക്കണമെന്നാണ് രണ്ടുപേരുടെയും മനസ്സില്‍. അതിനുള്ള സാവകാശം തരണമെന്നാണ് ഇവരുടെ ആവശ്യം.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മാനന്തവാടി സ്വദേശിനിക്ക് വിദ്യാഭ്യാസ വായ്പയ്ക്ക് മേല്‍ ബോംബെ റിലയന്‍സിന്റെ റിക്കവറി നോട്ടീസ് വന്നത്. ജപ്തി ഉണ്ടാകുമോയെന്ന പേടിയിലാണ് ഇവര്‍. മറ്റൊരു ഏജന്‍സി വഴി റിക്കവറി നോട്ടീസ് വന്നതിനാല്‍ കളക്ടര്‍ക്ക് നിവേദനം കൊടുത്തു. മികച്ച ജോലി സ്വപ്നം കണ്ട് കോഴ്സ് തിരഞ്ഞെടുത്ത ഈ യുവതിയെ വലച്ചത് അപ്രതീക്ഷിതമായി വന്ന കോവിഡ് മഹാമാരിയും ലോക്ഡൗണുമാണ്. ഇവരെ പോലെ കോവിഡ് കാരണം കിട്ടിയ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നവര്‍ക്ക് വായ്പാ തിരിച്ചടവ് മുടങ്ങിയത് കാണിച്ച് റിക്കവറി നോട്ടീസുകള്‍ വന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് സാവകാശം കൊടുക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം.

തോമാട്ടുച്ചാല്‍ സ്വദേശി തോമസ് 2006-ലാണ് മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വായ്പയെടുത്തത്. നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ക്ക് കിട്ടിയതെല്ലാം ചെറിയ ശമ്പളമുള്ള ജോലികള്‍. മൂന്ന് ലക്ഷത്തിന്റെ വായ്പയ്ക്ക് പലിശയും പിഴപ്പലിശയുമടക്കം 18 ലക്ഷത്തിന്റെ തിരിച്ചടവാണ് ഇപ്പോള്‍ വന്നത്. വായ്പാതിരിച്ചടവ് ആവശ്യപ്പെട്ട് ഒരുമാസം തന്നെ രണ്ട് നോട്ടീസുകള്‍ ഇവര്‍ക്ക് കിട്ടി. വിവാഹിതയായി പോയ മകള്‍ ഇപ്പോള്‍ ഭര്‍തൃവീട്ടിലെയും സ്വന്തം വീട്ടിലെയും സാമ്പത്തിക ഉത്തരവാദിത്തം കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഈ അവസ്ഥയില്‍ എങ്ങനെ വായ്പ തിരിച്ചടയ്ക്കുമെന്ന് ഈ അച്ഛന്‍ ചോദിക്കുന്നു.

മാനന്തവാടി സ്വദേശി സിറിയക്കിനും സമാനമായ അവസ്ഥയാണ്. കര്‍ഷകനായ സിറിയക്കും വിദ്യാഭ്യാസ വായ്പയെടുത്താണ് മകളെ പഠിപ്പിച്ചത്. തന്റെ ആരോഗ്യ സ്ഥിതി മോശമായപ്പോള്‍ രണ്ടു പെണ്‍മക്കളുടെയും ഭാവി ആലോചിച്ച് പഠനം കഴിഞ്ഞ് വൈകാതെ വിവാഹം കഴിപ്പിച്ച് അയച്ചു. വിവാഹത്തിനെടുത്ത കടം അടച്ചു തീര്‍ക്കാന്‍ വഴിയാലോചിച്ചിരിക്കുമ്പോഴാണ് വിദ്യാഭ്യാസ വായ്പ തിരിച്ചടവിനുള്ള നോട്ടീസ് വരുന്നത്. വിവാഹം കഴിഞ്ഞ മക്കളുടെ ചുമരിലേക്ക് വായ്പാ ഭാരം ഇറക്കിവെക്കാന്‍ സിറിയക്ക് ആലോചിക്കുന്നില്ല. എങ്ങനെയെങ്കിലും സ്വന്തം നിലയില്‍ കടം തിരിച്ചടക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. പക്ഷേ, തുടര്‍ച്ചയായ പ്രളയവും വിളനഷ്ടവും എല്ലാ പ്രതീക്ഷകളും തെറ്റിച്ചു.


വിദ്യാഭ്യാസ വായ്പയെടുത്ത് ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ 2017-ല്‍ സര്‍ക്കാര്‍ 900 കോടിയുടെ പദ്ധതി കൊണ്ടുവന്നിരുന്നു. എന്നിട്ടും ഇവരെ പോലെയുള്ള ധാരാളം ആളുകള്‍ കേരളത്തിലങ്ങോളമിങ്ങോളം ജപ്തി ഭീഷണി നേരിടുന്നുണ്ട്. 2000 മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ളവരാണ് പദ്ധതിക്കായി പരിഗണിച്ചത്. ബാങ്കുകള്‍ പലിശ ഒഴിവാക്കുകയും വായ്പയുടെ 40 ശതമാനം സ്വന്തമായും ബാക്കി 60 ശതമാനം സര്‍ക്കാരും അടക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെച്ചത്. 190 കോടി രൂപയോളം വായ്പാ തിരിച്ചടവിന് ചെലവഴിക്കുകയും ചെയ്തു. മെറിറ്റില്‍ പഠിച്ചവര്‍ക്കും സംസ്ഥാനത്തിനകത്ത് നഴ്സിങ് പഠിച്ചവര്‍ക്കും മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം കിട്ടിയത്. അയല്‍ സംസ്ഥാനങ്ങളില്‍ പോയി പഠിച്ച വലിയൊരു ശതമാനം വരുന്ന ആളുകള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടാതെ പോയി. മറ്റു സംസ്ഥാനങ്ങളിലെ കോളജുകളില്‍ വലിയ തുക ഡൊണേഷന്‍ ഇനത്തില്‍ നല്‍കിയാണ് ഇവരെല്ലാം പഠിക്കുന്നതെന്നും അത്തരക്കാര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നല്‍കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. എന്നാല്‍, പുറമേ പോയി പഠിക്കുന്നവര്‍ക്ക് വലിയൊരു തുക ഫീസ് നല്‍കേണ്ടി വരുന്നതാണെന്നും അത് ഡൊണേഷനല്ലായെന്നും അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസകിനോട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി പറയുന്നു. പക്ഷേ, കാര്യമായ ഫലമൊന്നും ഉണ്ടായില്ല. ആഗസ്റ്റ് വരെ വായ്പയെടുത്തവര്‍ക്കെല്ലാം വ്യാപകമായി റിക്കവറി നോട്ടീസ് കിട്ടിയതോടെ കമ്മിറ്റി ഇടപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ബാങ്കിന്റെ നടപടികളുടെ ഭാഗമായാണ് നോട്ടീസുകള്‍ വരുന്നതെന്നും ജപ്തി നടപടികളുണ്ടാകില്ലെന്ന് ഉറപ്പും നല്‍കിയെങ്കിലും ഇത് താത്കാലിക ആശ്വാസമായേ കാണാന്‍ പറ്റുകയുള്ളു എന്നും അസോസിയേഷന്‍ പറയുന്നു.

ഇതിനെല്ലാമിടയിലാണ് കൊല്ലം ശാസ്താംകോട്ടയില്‍ വീടിനു മുന്നില്‍ കേരള ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് ബിരുദ വിദ്യാര്‍ഥിയായ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകള്‍ അഭിരാമി ജീവനൊടുക്കിയത്. നാലുവര്‍ഷം മുന്‍പ് വീട് പണിക്കായാണ് അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ കേരള ബാങ്കിന്റെ പാതാരം ശാഖയില്‍ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തത്. കോവിഡ് കാലത്ത് അജിത്കുമാറിന്റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി. തുടര്‍ന്ന് പതാരത്തു നിന്നുള്ള ബാങ്ക് അധികൃതരും ജില്ലാതല അധികൃതരും പൊലീസുമായി എത്തി വീട്ടില്‍ നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചു. ഈ സമയം വീട്ടില്‍ അഭിരാമിയുടെ മുത്തച്ചന്‍ മാത്രമാണുണ്ടായിരുന്നത്. ബാങ്ക് സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റാന്‍ അഭിരാമി അച്ഛന്‍ അജികുമാറിനോട് പറഞ്ഞു. സര്‍ക്കാര്‍ ബോര്‍ഡായതിനാല്‍ പ്രശ്‌നമായലോ എന്ന് അജികുമാര്‍ മറുപടി നല്‍കി. ഒരു തുണി കൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ എന്നായി അഭിരാമിയുടെ ആവശ്യം. തുടര്‍ന്ന് ബാങ്കില്‍ പോയി പ്രശ്‌നം പരിഹരിക്കാമെന്ന് അഭിരാമിയെ പറഞ്ഞ് അച്ഛന്‍ അജികുമാര്‍ സമാധാനിപ്പിച്ചു. അധികൃതര്‍ നടപടിക്കെത്തിയപ്പോള്‍ അജിയും ഭാര്യയും ബാങ്കിലെത്തി ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു. അച്ഛനും അമ്മയും ജപ്തിയൊഴിവാക്കാന്‍ സാവകാശം തേടി ബാങ്കിലെത്തിയ സമയത്ത് വീടിനുള്ളില്‍ അഭിരാമിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


നിലവില്‍ കാര്‍ഷിക-വിദ്യാഭ്യാസ ലോണ്‍ കൊടുക്കുന്നതില്‍ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വിമുഖത കാണിക്കുകയാണെന്നും പരാതികളുയരുന്നുണ്ട്. കാര്‍ഷിക-വിദ്യാഭ്യാസ ലോണുകളില്‍ തിരിച്ചടവിനുള്ള സാധ്യത കുറവാണെന്ന കാരണത്താലാണ് ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ മടിക്കുന്നത്.

കേരളത്തില്‍ സര്‍ഫാസിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത് 2018-ല്‍ എറണാകുളം മാനാത്ത് പാടത്ത് പ്രീതാ ഷാജി നടത്തിയ സമരമാണ്. ഹൈക്കോടതി വിധിയിലൂടെ ഇവര്‍ക്ക് ബാങ്ക് ജപ്തി ചെയ്ത ഭൂമി തിരികെ ലഭിച്ചെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. എന്നിരുന്നാലും സര്‍ഫാസിയുടെ അപകടകരമായ വ്യവസ്ഥകള്‍ സമൂഹം ചര്‍ച്ച ചെയ്യാന്‍ ഇത് കാരണമായി.


കേരളത്തില്‍ പലവിധ വായ്പകളെടുത്ത് തിരിച്ചടവ് മുടങ്ങി, ജപ്തി ഭീഷണിയിലായ 10 ലക്ഷം പേരെങ്കിലും ഉണ്ടാകുമെന്നാണ് സര്‍ഫാസി വിരുദ്ധ ജനകീയ സമര സമിതി അംഗം അഡ്വ. പി.ജെ മാനുവല്‍ പറയുന്നത്. കടമെടുത്ത് തിരിച്ചടക്കാത്ത ബഹുരാഷ്ട്ര കുത്തകകളില്‍ നിന്ന് പണം തിരിച്ചുപിടിക്കാനെന്ന പേരില്‍ നിലവില്‍ വന്ന സര്‍ഫാസി സാധാരണക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. അതേസമയം സര്‍ഫാസിക്ക് ശേഷം വന്ന ബാങ്ക്റപ്സി ആന്‍ഡ് ഇന്‍സോള്‍വന്‍സി കോഡ് പോലുള്ള നിയമങ്ങള്‍ കടമെടുക്കുന്ന കുത്തക കമ്പനികളെ വീണ്ടും സഹായിക്കുകയാണ് ചെയ്യുന്നത്. കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുതെന്നൊരു നയം സംസ്ഥാന സര്‍ക്കാരിന് കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍, കേന്ദ്ര നിയമം എന്ന നിലയ്ക്കും കേന്ദ്രസര്‍ക്കാരിന് കീഴിലാണ് ബാങ്കുകള്‍ വരുന്നത് എന്നത് കൊണ്ടും സംസ്ഥാന സര്‍ക്കാരിന് പരിമിതികളോടെ മാത്രമേ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ പറ്റുകയുള്ളു.

Similar Posts