Analysis
മഴ മയയുടെ പര്യായം ആണ്
Analysis

മലയാള സിനിമ; പുതിയ ദേശങ്ങള്‍ പുതിയ കാഴ്ചകള്‍ - വിധു വിന്‍സെന്റ്, മുഹ്‌സിന്‍ പരാരി

നബിൽ ഐ.വി
|
3 Dec 2023 8:09 AM GMT

ധീരരായി നീതിയുടെ പക്ഷത്തുനിന്നും മനുഷ്യ പക്ഷത്തുനിന്നും ഉറക്കെ സംസാരിക്കുന്ന സിനിമകള്‍ വരുന്ന കാലം വിദൂരമല്ലെന്ന് വിധു. വളരെ ഇന്‍ട്രാക്റ്റീവ് ആയിട്ടുള്ള ആത്മവിശ്വാസമുള്ളവരാണ് പുതിയതലമുറ, അവര്‍ക്ക് അങ്ങനെ വലുപ്പ ചെറുപ്പങ്ങള്‍ ഒന്നും ഇല്ല. അവര്‍ കൃത്യമായി ചോദ്യം ചെയ്യുകയും ഇടപെടുകയും ചെയ്യുന്നുവെന്ന് മുഹ്‌സിന്‍ പരാരി. | MLF2023 | റിപ്പോര്‍ട്ട്: നബില്‍ ഐ.വി

ഞങ്ങള്‍ മാന്‍ഹോളിനെ സൃഷ്ട്ടിച്ചു, മാന്‍ഹോള്‍ ഞങ്ങളെ സൃഷ്ട്ടിച്ചു - വിധു വിന്‍സെന്റ്

മാധ്യമ ജീവിതത്തിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ചെയ്യപ്പെടാത്തതുമായ അനുഭവങ്ങളാണ് പിന്നീട് ഒരു സിനിമ ചെയ്യാന്‍ പ്രാപ്തമാക്കുന്നത്. ജാതിയെ സംബന്ധിച്ചും ജാതിയുടെ ജീവിതവൃത്തികള്‍ സംബന്ധിച്ചും നാം ജാതിരഹിത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നുള്ള സംസാരങ്ങളെക്കുറിച്ചും രാഷ്ട്രീയമായ ഒരു വര്‍ത്തമാനം കേരളത്തില്‍ ആവശ്യമായിരുന്നു എന്ന് തോന്നിയ സമയത്താണ് മാന്‍ഹോള്‍ എന്ന സിനിമ ഉണ്ടാവുന്നത്. കടലുകള്‍ കണ്ട് കണ്ട് കടലുവലുതായതുപോലെ മാന്‍ഹോള്‍ തെളിച്ച വഴിയിലൂടെ നടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സിനിമയെക്കുറിച്ചുള്ള സ്വപ്നം ഇനി കാണാന്‍ തുടങ്ങുന്നതേയുള്ളു.

ഇന്ന് ഭാഷയുടെ മറ്റുചില ഭാഗങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള സിനിമകള്‍ വരികയും അതുവരെ നാം കണ്ടുവന്ന സാംസ്‌കാരിക അവസ്ഥകളെ മാറ്റിവെച്ച് പുതിയ ഒരു തലത്തിലേക്ക് അത് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്നു. കേരള സ്റ്റോറീസ് എന്നുപറയുന്ന ഒരു സിനിമ കേരളത്തിലും തമിഴ് നാട്ടിലും മാത്രമാണ് വിവാദങ്ങളിലൂടെ കടന്നുപോയത്. ഇന്ത്യയുടെ പല ഭാഗത്തും അത് വന്‍ വിജയമായി. എന്നാല്‍ മാളികപ്പുറം എന്ന സിനിമ വരാനും അത് ആഘോഷിക്കപ്പെടാനുള്ള ഒരു പശ്ചാത്തലം ഇവിടെ ഉണ്ട് എന്ന സാഹചര്യത്തിലും വാരിയംകുന്നന്‍ എന്ന സിനിമ ഉണ്ടാവാന്‍ പോവുന്നു എന്നു പറഞ്ഞ സമയത്തുണ്ടായ വിവാദങ്ങള്‍ നാം ആലോചിക്കേണ്ടതാണ്. ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് നിര്‍മിക്കുന്ന, ആര്‍.എസ്.എസ്സിന്റെ ചരിത്രം പറയുന്ന സിനിമ ചന്ദ്രയാന്‍ ദൗത്യത്തോളം വരുന്ന ബജറ്റ് ഉപയോഗിച്ചാണ് നിര്‍മിക്കാന്‍ പോവുന്നത്. അത്തരത്തിലുള്ള സിനിമകള്‍ പാകമാവുന്ന കാലത്താണ് നാം ഈ വര്‍ത്തമാനം പറയുന്നത് എന്നത് ഒരു വൈരുധ്യം തന്നെയാണ്. അതിനായി എത്ര സമയം നമുക്കായി ബാക്കിയുണ്ടാവും എന്ന് നാം ആലോചിക്കേണ്ടതുണ്ട്. അതിനാല്‍ ധീരരായി നീതിയുടെ പക്ഷത്തുനിന്നും മനുഷ്യ പക്ഷത്തുനിന്നും ഉറക്കെ സംസാരിക്കുന്ന സിനിമകള്‍ വരുന്ന കാലം വിദൂരമല്ല. സിനിമാ പ്രവര്‍ത്തകരുടെയും സിനിമാ ആസ്വാദകരുടെയും ഒരു വലിയ ഉത്തരവാദിത്വത്തിലേക്ക് ഈ കാലം നമ്മെ വിളിച്ചടുപ്പിക്കുന്നു.


മഴ മയയുടെ പര്യായം ആണ് എന്ന് പറയാതെ, വെറുതെ മയ എന്ന് പറയാന്‍ പറ്റിയാല്‍ മതി - മുഹ്‌സിന്‍ പരാരി

ഒരു കാണി എന്ന നിലയിലാണ് സിനിമ ചെയ്യാന്‍ ആഗ്രഹിച്ചത്. സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍ എന്നതില്‍ ഏതാണ് ആദ്യം പറയേണ്ടത് എന്നുള്ളത് ക്യാമറമാനോട് ചോദിച്ചാണ് ആദ്യം ആല്‍ബം പുറത്തിരിക്കിയത്. ആത്മവിശ്വാസത്തോടുകൂടി ഒരു സ്വയം തിരുത്തല്‍ ഇല്ലാതെ രസിക്കുന്നത് എഴുതാനും ചെയ്യാനും സാധിക്കുന്ന ഒരു സാഹചര്യമുണ്ടാവുക, അത് ഒരു വന്‍ ജനാവലിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിപ്പിക്കുന്ന ഒരു സാഹചര്യം നാട്ടില്‍ ഉണ്ടാവുക എന്നുള്ളതാണ് ആഗ്രഹം. തല്ലുമാലയുടെ പാട്ടുകള്‍ തയ്യാറാക്കുന്ന സമയത്ത് ബഷീറിന്റെ 'യാ ഇലാഹി' എന്ന പുസ്തകം കാണുകയും ചിത്രത്തിന്റെ സംഗീത സംവിധായകന്‍ യാ ഇലാഹി എന്ന പദം വരികളില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'താന്‍ പോടോ എന്നാണ് മറുപടി ഉണ്ടായത്'. ആ മറുപടി ഉള്ളില്‍ ഉണ്ടാവാതിരിക്കുക എന്നാണ് ആഗ്രഹിക്കുന്നത്. മഴ മയയുടെ പര്യായമാണ് എന്നു പറഞ്ഞത് ഇപ്പോള്‍ ഒരു ക്ഷമാപണമായി തോന്നുന്നുണ്ട്. കാരണം, അത് പ്രതേകം തന്നെ പറയേണ്ടി വരികയാണ്. അതിന്റെ ആവശ്യം ഇല്ലാതെ തന്നെ വെറുതെ മയ എന്ന് പറയാന്‍ കഴിയണം.

തല്ലുമാല എന്ന സിനിമ എന്ത് അനുഭവമാണ് പ്രസരിപ്പിക്കേണ്ടത് എന്ന് തീരുമാനിച്ചത് ശേഷം അതിന് വേണ്ട കാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. ഒരു കഥ പറയാന്‍ വേണ്ടി തിരക്കഥയുണ്ടാക്കുക എന്നതിലുപരി ഒരു അനുഭവം ഉല്‍പാദിപ്പിക്കണം എന്നതായിരുന്നു തല്ലുമാലയുടെ ലക്ഷ്യം. അത് പുതുതലമുറയോട് അടുത്തുകിടക്കുന്നു എന്നത് സ്വഭാവികമായ ഒന്നാണ്. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അതില്‍ നല്ല രീതിയിലുള്ള പങ്കുണ്ട്. പുതിയതലമുറ എന്നുള്ളത് വളരെ ഇന്‍ട്രാക്റ്റീവ് ആയിട്ടുള്ള ആത്മവിശ്വാസമുള്ള തലമുറയാണ്. അവര്‍ക്ക് അങ്ങനെ വലുപ്പ ചെറുപ്പങ്ങള്‍ ഒന്നും ഇല്ല. അവര്‍ കൃത്യമായി ചോദ്യം ചെയ്യുകയും ഇടപെടുകയും ചെയ്യുന്നു.

(മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'മലയാള സിനിമ; പുതിയ ദേശങ്ങള്‍ പുതിയ കാഴ്ചകള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം)

തയ്യാറാക്കിയത്: നബില്‍ ഐ.വി

Similar Posts