Analysis
നെയ്മറിന്റെ പകരക്കാരനാര്; ആരാധകര്‍ മറുപടി പറഞ്ഞു തുടങ്ങിയിരിക്കുന്നു
Analysis

നെയ്മറിന്റെ പകരക്കാരനാര്; ആരാധകര്‍ മറുപടി പറഞ്ഞു തുടങ്ങിയിരിക്കുന്നു

ഹാരിസ് നെന്മാറ
|
30 Nov 2022 5:06 PM GMT

ചാമ്പ്യന്‍സ് ലീഗില്‍ ഇനിയൊരിക്കലും റയല്‍ മാഡ്രിഡിന്റെ കിരീട ധാരണമുണ്ടാകില്ലെന്ന് വിധിയെഴുതിയവര്‍ക്ക് മുന്നില്‍ കാര്‍ലോ ആഞ്ചലോട്ടി ഒരിക്കല്‍ കൂടി അത്ഭുതം കാണിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ഐതിഹാസിക മടങ്ങിവരവിന് ശേഷം 2021 സീസണിലെ ഫൈനലില്‍ ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് റയല്‍ മാഡ്രിഡ് കിരീടം ചൂടുമ്പോള്‍ മത്സരത്തിലെ ഏക ഗോള്‍ പിറന്നത് വിനീഷ്യസ് ജൂനിയറിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

2022 സെപ്റ്റംബര്‍ 19. മെട്രൊ പൊളിറ്റാനോ സ്റ്റേഡിയം ചുവപ്പും വെള്ളയും കൊണ്ട് നിറഞ്ഞു. ഡെര്‍ബിയുടെ വീറും വാശിയും മാഡ്രിഡ് നഗരത്തിന്റെ മുക്കിലും മൂലയിലുമുണ്ടായിരുന്നു. എന്നാല്‍, ഏതോ ഒരു നിമിഷത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ ആവേശത്തിന്റെ സീമകളൊക്കെ ലംഘിച്ചു. മെട്രോ പൊളിറ്റാനോ ഗാലറിയില്‍ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. വിനീഷ്യസ് പന്ത് തൊടുമ്പോഴൊക്കെ ഗാലറികളില്‍ ആക്രോശങ്ങള്‍ മുഴങ്ങി.

എന്നാല്‍, റയല്‍ മാഡ്രിഡ് താരങ്ങളെ ഇതൊന്നും ബാധിക്കുന്നേയുണ്ടായിരുന്നില്ല. വിനീഷ്യസും ബെന്‍സേമയും റോഡ്രിഗോയും. വാല്‍വര്‍ഡേയുമൊക്കെ അത്ലറ്റിക്കോ ഗോള്‍മുഖം ലക്ഷ്യമാക്കി കുതിച്ചു കൊണ്ടേയിരുന്നു. മത്സരത്തിന്റെ പതിനെട്ടാം മിനിറ്റില്‍ റയല്‍ ആദ്യ വെടി പൊട്ടിച്ചു. മൈതാനത്തിന്റെ ഇടതു വിങ്ങിലുടെ ചുവാമെനി നീട്ടി നല്‍കിയ പന്തുമായി കുതിച്ച റോഡ്രിഗോ മനോഹരമായി ആ പന്തിനെ വലയിലെത്തിച്ചു. ഗോള്‍ നേടിയതും വിനീഷ്യസിനൊപ്പം കോര്‍ണര്‍ ഫ്ലാഗിനടുത്തേക്കോടി വന്ന റോഡ്രിഗോ ആനന്ദ നൃത്തം ചവിട്ടി. അത് വെറുമൊരാനന്ദ നൃത്തം മാത്രമായിരുന്നില്ല. ഫുട്ബോള്‍ ചരിത്രം കണ്ട ഏറ്റവും മനോഹരമായൊരു പ്രതിഷേധം കൂടെയായിരുന്നു.


''സ്‌പെയിനില്‍ നിങ്ങള്‍ എതിരാളികളെ ബഹുമാനിക്കാന്‍ പഠിക്കണം. കുരങ്ങിനെ പോലെ നൃത്തം ചവിട്ടരുത്'' വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തെ അധിക്ഷേപിച്ച് സ്പാനിഷ് ഫുട്‌ബോള്‍ ഏജന്റ്്സ് അസോസിയേഷന്‍ മേധാവി പെഡ്രോ ബ്രാവോ പറഞ്ഞ വംശീയ വര്‍ത്തമാനത്തിനും അത്ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ക്കും ഒറ്റ മത്സരത്തില്‍ അത്ലറ്റിക്കോയുടെ തിരുമുറ്റത്ത് വെച്ച് മറുപടി നല്‍കുകയായിരുന്നു അയാള്‍. മൂപ്പത്തിയാറാം മിനിറ്റില്‍ വാല്‍വര്‍ഡേ നേടിയ ഗോളിന് വഴിതുറന്നത് ഇടത് വിങ്ങിലൂടെ വിനീഷ്യസ് നടത്തിയ മനോഹരമായൊരു മുന്നേറ്റമായിരുന്നു. തന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്ന രീതിയിലായിരുന്നു വംശീയാധിക്ഷേപങ്ങള്‍ക്ക് എതിരെ മെട്രോ പൊളിറ്റാനോ സ്റ്റേഡിയത്തില്‍ അന്ന് അയാള്‍ നല്‍കിയ മറുപടി.


2000 ജൂലൈ 12. ബ്രസീലില്‍ കുറ്റ കൃത്യങ്ങള്‍ക്ക് പേരു കേട്ട സാവോ ഗോണ്‍സാലോ നഗരത്തിലാണ് വിനീഷ്യസിന്റെ ജനനം. ദാരിദ്ര്യം മുച്ചൂടും വിഴുങ്ങിക്കളഞ്ഞ സാവോ ഗോണ്‍സാലോയുടെ തെരുവുകളില്‍ പിടിച്ചുപറിയും കൊള്ളയും സ്ഥിരം കാഴ്ചയായിരുന്നു. അതിനിടയില്‍ തങ്ങളുടെ പട്ടിണിക്കാലങ്ങളെ ഓടിത്തോല്‍പ്പിക്കാന്‍ തുകല്‍ പന്തിന് പിറകേ പായുന്ന ഒരു പറ്റം കുട്ടികളും വളര്‍ന്നു വന്നു. അവര്‍ക്കിടയില്‍ നിന്നാണ് ബ്രസീലിലെ പ്രമുഖ ക്ലബ്ബായ ഫ്ലമെങ്ങോ വിനീഷ്യസിനെ കണ്ടെത്തുന്നത്.

ഫ്ലമെങ്ങോയുടെ ഫുട്സാല്‍ അക്കാദമിയില്‍ നിന്നാണ് വിനീഷ്യസ് പ്രൊഫഷണല്‍ ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. അപാരമായ വേഗതയും പന്തടക്കവും കൊണ്ട് തന്നേക്കാള്‍ മുതിര്‍ന്നവരെ പോലും മൈതാനത്ത് കീഴടക്കുന്ന ആ കൗമാരക്കാരനെ ഫ്ലമംഗോയിലെ പരിശീലകര്‍ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് തന്നെ ഫ്ലമെംഗോ ഫുട്സാലില്‍ നിന്ന് അയാളെ മാറ്റി പരീക്ഷിക്കാനാരംഭിച്ചു. അത് മറ്റൊരു തുടക്കമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിനീഷ്യസ് ഫ്ലമങ്ങോയുടെ സീനിയര്‍ ടീമില്‍ ഇടം പിടിച്ചു.


2017 മെയ് 13. ബ്രസീലിയന്‍ സീരി എ യില്‍ ഫ്ലംമെഗോ അത്ലറ്റിക്കോ മിനീറോയെ നേരിടുകയായിരുന്നു. മത്സരത്തിന്റെ 82 ാം മിനിറ്റില്‍ ആ 17 വയസ്സുകാരനെ കോച്ച് മൈതാനത്തിറക്കാന്‍ തീരുമാനിച്ചു. അന്ന് കമന്ററി ബോക്സില്‍ നിന്ന് ഉയര്‍ന്ന ശബ്ദം ഇതായിരുന്നു. ''എ ലിറ്റില്‍ ബിറ്റ് ലൈക് എ ബോള്‍ ബോയ് ഹു ഹാഡ് റണ്‍ ഓണ്‍ ടു ദ ഫീല്‍ഡ്'' ആരുടെയൊക്കെയോ കണ്ണു വെട്ടിച്ച് മൈതാനത്തിറങ്ങിയ ബോള്‍ ബോയെ നോക്കൂ എന്നായിരുന്നു കമന്റേറ്റര്‍മാരുടെ പരിഹാസം. എന്നാല്‍, ആ പരിഹാസങ്ങള്‍ക്ക് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ആ മത്സരം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കകം ഫ്ളംമെംഗോ വിനീഷ്യസുമായുള്ള കരാര്‍ 49 മില്യണ്‍ യൂറോ എന്ന റിലീസ് ക്ലോസ് വച്ച് പുതുക്കി.

2017 ല്‍ ബ്രസീല്‍ അണ്ടര്‍ 17 ടീമിലേക്ക് വിനീഷ്യസിന് ക്ഷണമെത്തി. ആ വര്‍ഷം മാര്‍ച്ചില്‍ ചിലിയില്‍ വച്ച് നടന്ന അണ്ടര്‍ 17 ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റിലേക്കുള്ള ബ്രസീലിയന്‍ ടീം പ്രഖ്യാപിക്കുമ്പോള്‍ വിനീഷ്യസ് ടീമിലുണ്ടായിരുന്നു. അന്ന് ടൂര്‍ണമെന്റിലുടനീളം ബ്രസീലിന്റെ പടയോട്ടമാണ് ആരാധകര്‍ കണ്ടത്. ഒപ്പം വിനീഷ്യസ് ജൂനിയര്‍ എന്ന കളിക്കാരനും ബ്രസീല്‍ ടീമിലും ലോക ഫുട്ബോളിലും സ്ഥാനമുറപ്പിക്കുകയായിരുന്നു. ബ്രസീല്‍ വന്‍കരയുടെ ചാമ്പ്യന്മാരാകുമ്പോള്‍ ഏഴ് ഗോളുകളുമായി വിനീഷ്യസ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോററും വിനീഷ്യസായിരുന്നു. ഇതോടെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ആ 17 വയസ്സുകാരന്റെ മൂല്യം കുതിച്ചുയര്‍ന്നു. ദ ബ്രസീലിയന്‍ വണ്ടര്‍ കിഡ് എന്നയാളെ കളിയെഴുത്തുകാരും ആരാധകരും വിളിച്ചു തുടങ്ങി.

2018 ട്രാന്‍സ്ഫര്‍ വിന്‍ഡോ കാലം. ക്രിസ്റ്റ്യാനോ സാന്റിയാഗോ ബെര്‍ണബ്യൂ വിടാനിരിക്കെ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റ നിരയെ വരും കാലങ്ങളില്‍ നയിക്കാന്‍ പുതിയൊരു ഗലാറ്റിക്കോയെ തേടിയുള്ള യാത്രയിലായിരുന്നു റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്ലോറന്റീനോ പെരസ്. ബ്രസീലിനെ അണ്ടര്‍ 17 ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരാക്കിയ വണ്ടര്‍ കിഡ് വിനീഷ്യസിനെക്കുറിച്ച് അറിഞ്ഞ് പെരസ് ബ്രസീലിലേക്ക് വണ്ടി കയറി. ലോസ് ബ്ലാങ്കോസിന്റെ ചാണക്യ നീക്കങ്ങളൊക്കെ പിന്നീട് പെട്ടെന്നായിരുന്നു.

യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ വിനീഷ്യസിനായി വലവിരിച്ചു തുടങ്ങുകയായിരുന്നു. അവരുടെ കൂട്ടത്തില്‍ സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡും ബാഴ്സലോണയുമുണ്ടായിരുന്നു. 2018 ട്രാന്‍സ്ഫര്‍ വിന്‍ഡോ കാലം. ക്രിസ്റ്റ്യാനോ സാന്റിയാഗോ ബെര്‍ണബ്യൂ വിടാനിരിക്കെ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റ നിരയെ വരും കാലങ്ങളില്‍ നയിക്കാന്‍ പുതിയൊരു ഗലാറ്റിക്കോയെ തേടിയുള്ള യാത്രയിലായിരുന്നു റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്ലോറന്റീനോ പെരസ്. ബ്രസീലിനെ അണ്ടര്‍ 17 ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരാക്കിയ വണ്ടര്‍ കിഡ് വിനീഷ്യസിനെക്കുറിച്ച് അറിഞ്ഞ് പെരസ് ബ്രസീലിലേക്ക് വണ്ടി കയറി. ലോസ് ബ്ലാങ്കോസിന്റെ ചാണക്യ നീക്കങ്ങളൊക്കെ പിന്നീട് പെട്ടെന്നായിരുന്നു. ബാഴ്സലോണയുടെ വെല്ലുവിളികളെ മറികടന്ന് 46 മില്യണ്‍ യൂറോക്ക് ആ 18 കാരനെ പെരസ് സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിച്ചു. ഫുട്ബോള്‍ ലോകത്തെ ഒന്നായി അടക്കി വാഴാന്‍ പോവുന്നയൊരാള്‍ മാഡ്രിഡില്‍ എത്തിയിട്ടുണ്ട് എന്നാണ് പെരസ് അന്ന് ആരാധകരോട് പറഞ്ഞത്.

എന്നാല്‍, വലിയ പ്രതീക്ഷയോടെ പെരസ് ടീമിലെത്തിച്ച വിനീഷ്യസ് തുടക്കത്തില്‍ താളം കണ്ടെത്താന്‍ വല്ലാതെ പണിപ്പെടുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. തുടര്‍ച്ചയായി വന്ന പരിക്കുകളും റയല്‍ മാഡ്രിഡിലെ വന്‍ താരനിരയും അയാളെ നിരന്തരമായി സൈഡ് ബെഞ്ചിലിരുത്താന്‍ കാരണമായി. എന്നാല്‍, സിദാന്‍ ഇടക്കിടക്ക് അയാളെ സൂപ്പര്‍ സബ്ബായി പരീക്ഷിച്ച് വിജയം കാണുന്നുമുണ്ടായിരുന്നു. മികച്ച പന്തടക്കവും വേഗതയുമുണ്ടെങ്കിലും ഫിനിഷിങ്ങിലെ പിഴവുകള്‍ വിനീഷ്യസിന് വലിയ തലവേദനയായി. 2019 സീസണ്‍ വിനീഷ്യസിന് അത്ര മികച്ചതായിരുന്നില്ല, മോശം പ്രകടനങ്ങള്‍ അയാളെ ആരാധകരുടെ പരിഹാസ്യ പാത്രമാക്കി. പരിഹാസങ്ങള്‍ അതിരു കവിഞ്ഞ് ഒടുക്കം വംശീയാധിക്ഷേപങ്ങളില്‍ വരെയെത്തി. ആ സീസണില്‍ പലതാരങ്ങളെയും മാറ്റിപ്പരീക്ഷിച്ചു കൊണ്ടിരുന്ന ലോസ് ബ്ലാങ്കോസ് അപ്പോഴും വിനീഷ്യസ് ജൂനിയര്‍ എന്ന ആ കൗമാരക്കാരനില്‍ പ്രതീക്ഷയര്‍പ്പിച്ചു. പെരസ് അയാളെ പറഞ്ഞു വിടാന്‍ തയ്യാറായിരുന്നില്ല.

തൊട്ടടുത്ത സീസണില്‍ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പടിയിറങ്ങി. റയലിന്റെ എക്കാലത്തേയും മികച്ച പരിശീലകരില്‍ ഒരാളായിരുന്ന കാര്‍ലോ ആഞ്ചലോട്ടിയെ ഒരിക്കല്‍ കൂടി ഫ്ലോറന്റീനോ പെരസ് ബെര്‍ണബ്യൂവിലേക്ക് തിരിച്ചു വിളിച്ചു. ക്രിസ്റ്റ്യാനോയുടെ പടിയിറക്കത്തിന് ശേഷം താളം കണ്ടെത്താന്‍ ഏറെ പണിപ്പെടുകയായിരുന്ന റയല്‍ മുന്നേറ്റ നിരയില്‍ പലര്‍ക്കും പ്രതീക്ഷ നഷ്ടപ്പെട്ട് തുടങ്ങിയ കാലമായിരുന്നു അത്. എന്നാല്‍, ലോസ് ബ്ലാങ്കോസിനെ ആഞ്ചലോട്ടി അടിമുടി ഉടച്ചുവാര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സൈഡ് ബെഞ്ചില്‍ സ്ഥിരം സാന്നിധ്യമായിരുന്ന വിനീഷ്യസ് ജൂനിയര്‍ എന്ന പടക്കുതിരയെ അയാള്‍ രാകി മിനുക്കിയെടുത്തു. ഒപ്പം പലരും എഴുതിത്തള്ളിയ ഫ്രഞ്ച് ഇതിഹാസം കരീം ബെന്‍സേമയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും ആരാധകര്‍ കണ്ടു.


ഫിനിഷിങ്ങിലെ പിഴവുകളുടെ പേരില്‍ ഏറെ പഴികേട്ട വിനീഷ്യസ് ബെന്‍സേമക്കൊപ്പം പിന്നീട് നടത്തിയ പടയോട്ടങ്ങള്‍ അത്ഭുതത്തോടെയാണ് റയല്‍ ആരാധകര്‍ നോക്കി നിന്നത്. ആയിരം ഗോളുകളെന്ന അത്ഭുത സംഖ്യയിലേക്ക് റയല്‍ മാഡ്രിഡ് ഓടിയടുക്കുമ്പോള്‍ ബെന്‍സേമക്കൊപ്പം വിനീഷ്യസും ലോസ് ബ്ലാങ്കോസിന്റെ മുന്നേറ്റ നിരയിലെ നിര്‍ണ്ണായക സാന്നിധ്യമായി തലയെടുപ്പോടെ നിന്നു. മാസങ്ങള്‍ കൊണ്ട് ലോകത്തെ പേരു കേട്ട പ്രതിരോധ നിരകളൊക്കെ ഭയക്കുന്ന കൂട്ടുകെട്ടായി വിനീഷ്യസ് -ബെന്‍സേമ കൂട്ടുകെട്ട് മാറുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ഇനിയൊരിക്കലും റയല്‍ മാഡ്രിഡിന്റെ കിരീട ധാരണമുണ്ടാകില്ലെന്ന് വിധിയെഴുതിയവര്‍ക്ക് മുന്നില്‍ കാര്‍ലോ ആഞ്ചലോട്ടി ഒരിക്കല്‍ കൂടി അത്ഭുതം കാണിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ഐതിഹാസിക മടങ്ങിവരവിന് ശേഷം 2021 സീസണിലെ ഫൈനലില്‍ ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് റയല്‍ മാഡ്രിഡ് കിരീടം ചൂടുമ്പോള്‍ മത്സരത്തിലെ ഏക ഗോള്‍ പിറന്നത് വിനീഷ്യസ് ജൂനിയറിന്റെ ബൂട്ടില്‍ നിന്നായിരുന്നു. അതേ സീസണില്‍ വിനീഷ്യസിന്റേയും ബെന്‍സേമയുടേയും തോളിലേറി റയല്‍ ലാലീഗ കിരീടത്തിലും മുത്തമിട്ടു.


ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ടിറ്റേയുടെ കളിക്കൂട്ടത്തില്‍ വിനീഷ്യസ് ഉണ്ടാകുമോയെന്ന ചോദ്യം പോലും അപ്രസക്തമായിരുന്നു. ഖത്തറിലെ വേഗതയുടെ മൈതാനങ്ങള്‍ അയാളുടെ മിന്നലാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. ലോകകപ്പിന് ശേഷം കാനറിപ്പടയില്‍ നെയ്മറിന്റെ പകരക്കാരനാരെന്ന ചോദ്യത്തിന് ആരാധകര്‍ ഇപ്പോള്‍ തന്നെ ഒരേ സ്വരത്തില്‍ മറുപടി തുടങ്ങിയിരിക്കുന്നു. ദ ബ്രസീലിയന്‍ വണ്ടര്‍ കിഡ്. വിനീഷ്യസ് ജൂനിയര്‍.




Similar Posts