വോട്ടിങ് മെഷീനിലെ തിരിമറിയും പിടിതരാത്ത OMG പാര്‍ട്ടിക്കിളും
|ഭൂമിക്കു അകത്തും പുറത്തും നിന്നും സാങ്കേതികമായി സാധ്യമായ ബഹുമുഖ സുരക്ഷാ വെല്ലുവിളികളെ മാനിച്ചു കൊണ്ടാവണം, ബെല്‍ജിയം അടക്കമുള്ള പല വികസിത രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിങ് സിസ്റ്റത്തില്‍ നിന്നും സാമ്പ്രദായിക ബാലറ്റിലേക്കു തിരിഞ്ഞു നടന്നത്.
ഭൂമിക്കു അകത്തും പുറത്തും നിന്നും സാങ്കേതികമായി സാധ്യമായ ബഹുമുഖ സുരക്ഷാ വെല്ലുവിളികളെ മാനിച്ചു കൊണ്ടാവണം, ബെല്‍ജിയം അടക്കമുള്ള പല വികസിത രാജ്യങ്ങളും, EVM/ഇലക്ട്രോണിക് വോട്ടിങ് സിസ്റ്റത്തില്‍ നിന്നും, സാമ്പ്രദായിക ബാലറ്റിലേക്കു തിരിഞ്ഞു നടന്നത്.
സംഭവം നടക്കുന്നത് കൃത്യം 21 വര്‍ഷം മുമ്പ് ബെല്‍ജിയത്തിലാണ്. 2003 മെയ് 18, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടന്ന ബെല്‍ജിയത്തിലെ തെരഞ്ഞെടുപ്പില്‍, വോട്ടെണ്ണിയപ്പോള്‍ ഒരു സ്ഥാനാര്‍ഥിക്ക് 4096 വോട്ടുകള്‍ അധികം കിട്ടുന്നു. ഒരു ലോജിക്കല്‍ കണക്ക് വച്ച് പ്രസ്തുത സ്ഥാനാര്‍ഥിക്ക് ഇത്രയും വോട്ടുകള്‍ ഒരിക്കലും കിട്ടാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഇലക്ഷന്‍ ഒഫീഷ്യല്‍സും മറ്റ് സാങ്കേതികവിദഗ്ധരും ചേര്‍ന്ന് അത്ഭുതകരമായ/അവിശ്വസനീയമായ ഈ കൃത്രിമത്വം എങ്ങനെ സംഭവിച്ചു എന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടുപിടിക്കാനും കള്ളത്തരം കാണിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അശ്രാന്ത പരിശ്രമം തുടങ്ങി. തികച്ചും സുതാര്യവും, മള്‍ട്ടി ലെയര്‍ സുരക്ഷിതത്വത്തിലൂടെ വിശ്വാസ്യത ഉറപ്പാക്കാന്‍ സമാന്തരമായി ഒരു മാഗ്‌നെറ്റിക് ടേപ്പിലും വോട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. ആ മാഗ്‌നെറ്റിക് ടേപ്പിലെ വോട്ടുകള്‍ എണ്ണി നോക്കി ഇ.വി.എമ്മിലെ വോട്ടുമായി താരതമ്യം ചെയ്തപ്പോഴാണ് കൃത്രിമത്വം നടന്നിട്ടുണ്ട് എന്ന് ഉറപ്പായത്.
സാധ്യമായ സര്‍വ്വസാങ്കേതിക ജ്ഞാനവും ഉപയോഗിച്ച് നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണവും ഗവേഷണവും നടത്തിയിട്ടും യാതൊരു കാരണവും കണ്ടുപിടിക്കാനാവാതെ തൃശങ്കുവില്‍ ഇരുന്നപ്പോഴാണ്, വളരെ വിചിത്രവും അവിശ്വസനീയവുമായ വാദവുമായി ചിലര്‍ രംഗത്ത് വന്നത്. പ്രസ്തുത സ്ഥാനാര്‍ഥിക്ക് ലഭിച്ച അധിക വോട്ടിന്റെ എണ്ണം 4096 ആയിരുന്നു എന്ന് പറഞ്ഞല്ലോ. ഈ സംഖ്യയുടെ പ്രത്യേകത ഇത് 2-നെ 12 പവര്‍ ചെയ്താല്‍ കിട്ടുന്ന സംഖ്യ ആണ്. അതായത് 2 ^ 12 = 4096.
എല്ലാ ഡിജിറ്റല്‍ ഇലക്ട്രോണിക് സര്‍ക്യൂട്ടുകളും ഉണ്ടാക്കിയിരിക്കുന്നത് ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ചാണ് എന്ന് നമ്മള്‍ പഠിച്ചത് ഓര്‍മയില്ലേ? ബൈനറി ബേസ് ചെയ്തു കൊണ്ടുള്ള പ്രോസസറുകള്‍ക്ക് ഓണ്‍/ഓഫ് അല്ലെങ്കില്‍ പൂജ്യം/ഒന്ന് എന്നീ രണ്ട് സ്റ്റേറ്റുകളെ മാത്രമേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ബൈനറിയില്‍ 4096 എന്ന് എഴുതുന്നത് (1 000 000 000 000) എന്നാണ്. അതായത്, ബൈനറി സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാന്‍സിസ്റ്ററിന്റെ പതിമൂന്നാമത്തെ ബിറ്റ് 0 എന്നതില്‍ നിന്ന് 1 ലേക്ക് മാറിയാല്‍, അത് കാണിക്കുന്ന ഔട്ട്പുട്ട് വാല്യൂവില്‍, 4096 ന്റെ വ്യത്യാസം ഉണ്ടാകും എന്നര്‍ഥം. പക്ഷേ, നമ്മള്‍ പഠിച്ചിട്ടുള്ളത് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറുകള്‍ എല്ലാം കണക്ക് കൂട്ടലുകളില്‍ യാതൊരു വിധത്തിലുള്ള പിഴവ്/തെറ്റ് ഉണ്ടാവാത്ത വിധത്തില്‍ അതി സൂക്ഷ്മമായി ആര്‍ക്കിടെക്ചര്‍ ബില്‍ഡ് ചെയ്തിട്ടുള്ളതും, അതില്‍ നിന്ന് വരുന്ന റിസള്‍ട്ട് കൃത്യവും സൂക്ഷ്മവും സുരക്ഷിതവും ആണ് എന്നാണ്.
പിന്നെ ആരാണ്/എങ്ങനെയാണ് സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകളെയും, ഹാര്‍ഡ് വെയര്‍ ആര്‍ക്കിടെക്ചറിനെയും ഒക്കെ മറികടന്നു കൊണ്ട് ഈയൊരു കൃത്രിമത്വം നടത്തി റിസള്‍ട്ട് മാനിപ്പുലേറ്റ് ചെയ്തത്?
എന്താണ് OMG / ഓ മൈ ഗോഡ് പാര്‍ട്ടിക്ക്ള്‍ & single-event upset (SEU)
അനന്തമജ്ഞാതമവര്‍ണനീയമായ ഈ പ്രപഞ്ചത്തിന്റെ സകല ദിക്കുകളില്‍ നിന്ന് പലതരത്തിലും തലത്തിലും ശക്തിയിലുമുള്ള, എണ്ണമറ്റ കോസ്മിക്ക് കിരണങ്ങള്‍/കണങ്ങള്‍ ഭൂമിയിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്നു. അതില്‍ മഹാഭൂരിഭാഗവും അന്തരീക്ഷത്തിലെ വാതക കണികകളുമായി പ്രതി പ്രവര്‍ത്തിക്കുകയും ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അന്തരീക്ഷം അതിനെ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
അതിവേഗത്തില്‍ ചലിക്കുന്ന പ്രോട്ടോണ്‍, ഇലക്ട്രോണ്‍, പോസിട്രോണ്‍ പോലെയുള്ള സബ് അറ്റോമിക് കണങ്ങളാണ് ഇവ. കോസ്മിക് സ്പീഡ് ലിമിറ്റ് (വാക്വത്തിലെ പ്രകാശ വേഗത) നോട് വളരെ അടുത്ത വേഗതയില്‍ സഞ്ചരിക്കുന്നത് കൊണ്ടുതന്നെ, ആല്‍ബെര്‍റ്റ് ഐന്‍സ്റ്റീന്റെ സ്‌പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റി അനുശാസിക്കുന്ന അതി ഭീമമായ ഊര്‍ജം ഈ കണികകള്‍ക്ക് കൈവരുന്നു.
ഒരു ടെന്നീസ് ബോള്‍ 100 km/hr വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്നതിന് സമാനമായ ഊര്‍ജം, ഈ സൂക്ഷ്മാല്‍ സൂക്ഷ്മമായ, ഏകദേശം 1.6 femtometers (1.6 × 10^-15 meters) മാത്രം വലുപ്പമുള്ള, ഒരു പ്രോട്ടോണ്‍ കണങ്ങള്‍ക്ക് അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ കൈവരുന്നു. അതിഭീമമായ ഊര്‍ജമുള്ള ഇത്തരം സൂക്ഷ്മ കണങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ അന്തരീക്ഷത്തിന് ആഗിരണം ചെയ്യാന്‍ കഴിയാതെ വരികയും അത് ഭൂമിയുടെ ഉപരിതലം വരെ എത്തുകയും ചെയ്ത സന്ദര്‍ഭങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. Gamma ray burst, Super Nova, Super massive black Holes പോലെയുള്ള ഔട്ടര്‍ സ്‌പേസ് സ്രോതസ്സുകളില്‍ നിന്നും വരുന്നതായി അനുമാനിക്കുന്ന ഇത്തരം കണികകളാണ് OMG പാര്‍ട്ടിക്കള്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്നത്.
അതുകൊണ്ടുതന്നെ, ഇത്തരം ഹൈ എനര്‍ജി കോസ്മിക് കണങ്ങളെ, കൃത്യമായി ഡിറ്റക്ട് ചെയ്യാനോ, ലൊക്കേറ്റ് ചെയ്യാനോ, പ്രവചിക്കാനോ, പ്രതിരോധിക്കാനോ ഒന്നും സാധ്യമല്ല. ഭൂമിയുടെ ഉപരിതലിതത്തില്‍ എത്തിയാല്‍, ഇത്തരം കണങ്ങള്‍ മറ്റു വസ്തുക്കളുമായി പ്രതി പ്രവര്‍ത്തിക്കാനും അതിന്റെ അറ്റോമിക്ക് തലത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. പറഞ്ഞുവന്നത്, ബെല്‍ജിയത്തിലെ സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ട് രേഖപ്പെടുത്തിയ ട്രാന്‍സിസ്റ്ററിലെ പതിമൂന്നാമത്തെ ബിറ്റില്‍ മാറ്റം വരുത്തി, അവര്‍ക്ക് 4096 വോട്ടുകള്‍ അധികം കിട്ടാനായി കള്ളത്തരം കാണിച്ച വില്ലന്‍ ഈ OMG എന്ന ആശാന്‍ തന്നെയാവണം എന്നതാണ് സാധ്യതയുള്ള ഒരു വിശദീകരണം.
കോസ്മിക് കിരണങ്ങള്‍ കൊണ്ട് സംഭവിക്കുന്ന ഇത്തരം മാറ്റങ്ങളെ 'സിംഗിള്‍ ഇവന്റ് അപ്‌സെറ്റ് - SEU - single Event upset എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍, വോട്ടിങ് മെഷീനുകളെ മാത്രമല്ല, ശാന്തമായി ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തെ തകാറിലാക്കി, വിമാനത്തെ പെട്ടെന്ന് വായുവില്‍ ഇടിച്ചു താഴ്ത്തി, നൂറുകണക്കിന് യാത്രക്കാരെ പരിഭ്രാന്തരാക്കുകയും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ OMG എന്ന വിരുതന്‍.
2008 ഒക്ടോബര്‍ 7-, സിംഗപ്പൂരില്‍ നിന്നും പെര്‍ത്തിലേക്കു പുറപ്പെട്ട എയര്‍ ബസ് A 330 ആണ് ആകാശത്തു നിന്ന് പൊടുന്നനെ 200 മീറ്റര്‍ താഴേക്ക് മൂക്കും കുത്തി വീണത്. ചുരുക്കത്തില്‍, വോട്ടിങ് മെഷീന്‍ അടക്കം ഭൂമിയിലുള്ള ഇലക്ട്രോണിക് ഡിജിറ്റല്‍ ഡിവൈസുകളില്‍ ഒന്നും തന്നെ പൂര്‍ണമായും സുരക്ഷിതമല്ല എന്ന് സാരം. ഏതായാലും, വോട്ടിംഗ് മെഷീന്‍ തിരുമറിയിലൂടെ അല്ലാതെ തന്നെ, ബെല്‍ജിയത്തിലെ, സെന്‍ട്രല്‍ ബ്രസ്സല്‍സ്സിലെ, മരിയ വിണ്ഡിവാഗള്‍ എന്ന സ്ഥാനാര്‍ഥി ഭരണ സംവിധാനത്തിന്റെ ഭാഗമായി. ഭൂമിക്കു അകത്തും പുറത്തും നിന്നും സാങ്കേതികമായി സാധ്യമായ ബഹുമുഖ സുരക്ഷാ വെല്ലുവിളികളെ മാനിച്ചു കൊണ്ടാവണം, ബെല്‍ജിയം അടക്കമുള്ള പല വികസിത രാജ്യങ്ങളും, EVM / ഇലക്ട്രോണിക് വോട്ടിങ് സിസ്റ്റത്തില്‍ നിന്നും, സാമ്പ്രദായിക ബാലറ്റിലേക്കു തിരിഞ്ഞു നടന്നത്.
സമകാലിക ഇന്ത്യയുടെ അഥവാ, ആസേതു ഹിമാചലം ആബാലവൃന്ദം ഭാരതീയന്റെ വര്‍ത്തമാനവും ഭാവിയും, നിര്‍ണയിക്കുന്ന, തെരഞ്ഞടുപ്പു പ്രക്രിയയില്‍, EVM കൃതിമത്വം ആരോപിക്കപ്പെടുന്ന സാങ്കേതികമായ സാധ്യതകളില്‍ വ്യത്യസ്തവും വിചിത്രവുമായ ഒരു ഡയമെന്‍ഷന്‍ ആണ് ഒരു സംഭവ കഥയിലൂടെ വിവരിക്കാന്‍ ശ്രമിച്ചത്. ഭാഗ്യ/നിര്‍ഭാഗ്യവശാല്‍ മഹത്തായ ജനാധിപത്യത്തിന്റെ വിശാല-വിശ്വമാതൃകയായി/മകുടോദാഹരണമായി അഭിമാനിക്കുന്ന നമ്മള്‍/നമ്മുടെ ഭരണ വര്‍ഗം ഇന്നും ചില മുടന്തന്‍ ന്യായങ്ങള്‍ കാണിച്ചു EVM ഇല്‍ തന്നെ പിടിച്ചു തൂങ്ങുമ്പോള്‍, സെന്‍ട്രല്‍ ബ്രസ്സല്‍സ്സിലെ, മരിയ വിണ്ഡിവാഗള്‍ അടക്കം പലരും, (ഒപ്പം സഹസ്ര കോടി കാതങ്ങള്‍ അകലെയുള്ള തമോ ഗര്‍ത്തത്തില്‍ ചുട്ടെടുക്കുന്ന ചില കണങ്ങളെങ്കിലും) നമ്മെ നോക്കി ചിലപ്പോഴെങ്കിലും, ചിരിക്കുകയോ/കരയുകയോ ചെയ്യുന്നുണ്ടാവും. അപ്പോഴും 'ഓ മൈ ഗോഡ്' എന്ന് വിളിച്ചു നെറുവീര്‍പ്പിടാനേ നമുക്ക് നിവൃത്തിയുള്ളു.
(സൗദി സാമി എ.ഇ.സി, കമ്പനിയില്‍ മെക്കാനിക്കല്‍ & എയ്‌റോസ്‌പേസ് ലീഡ് എഞ്ചിനീയറും, സിജി റിയാദ് വൈസ് ചെയര്‍മാനും ആണ് ലേഖകന്‍)