Analysis
കെനിയന്‍ ചലച്ചിത്രകാരി വനൂരി കഹിയു
Analysis

വനൂരി കഹിയ: യാഥാസ്ഥിതികതയോട് പടവെട്ടിയ ചലച്ചിത്ര ഇതിഹാസം

ഷെല്‍ഫ് ഡെസ്‌ക്
|
20 Nov 2023 7:52 AM GMT

കെനിയന്‍ ചലച്ചിത്ര ഇതിഹാസമായി വിശേഷിപ്പിക്കുന്ന വനൂരി കഹിയുടെ സിനിമകള്‍ക്ക് നിരവധി തവണ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന ചലച്ചിത്രകാരിയാണ് വനൂരി കഹിയു. ആഫ്രിക്കയെ സംബന്ധിച്ച പൊതുധാരണകള്‍ തിരുത്തിക്കുറിക്കുന്നതിനും ഒരു പുതിയ വീക്ഷണം രൂപപ്പെടുത്തുന്നതിനുമായുള്ള 'ആഫ്രോബബിള്‍ഗം' എന്ന കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ് 43കാരിയായ വനൂരി.

കെനിയയിലെ നെയ്റോബിയിലാണ് കഹിയുവിന്റെ ജനനം. അമ്മ ഡോക്ടറും അച്ഛന്‍ ഒരു ബിസിനസുകാരനുമാണ്. അവര്‍ താമസിച്ചിരുന്ന പ്രദേശത്തെ ആദ്യത്തെ വനിതാ ശിശുരോഗ വിദഗ്ധരില്‍ ഒരാളാണ് അമ്മ. മാതാപിതാക്കള്‍ യാഥാസ്ഥിതികരായിരുന്നു. എന്നാല്‍, വനൂരിയുടെ അമ്മായി ഒരു അഭിനേത്രിയും അമ്മാവന്‍ ഒരു ശില്‍പിയുമാണ്. ശക്തമായ കലാപാരമ്പര്യമുള്ള, ചിന്തിക്കുന്ന സ്ത്രീകളുടെ ഒരു നിരയില്‍ നിന്നാണ് വനൂരി കഹിയു വരുന്നത്. പതിനാറാം വയസ്സില്‍, വായനയോടും കഥപറച്ചിലിനോടുമുള്ള ഇഷ്ടത്തില്‍ നിന്നാണ് ചലച്ചിത്ര നിര്‍മാണത്തോടുള്ള അഭിനിവേശം അവള്‍ കണ്ടെത്തിയത്. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം, ഇംഗ്ലണ്ടിലെ വാര്‍വിക്ക് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ കഹിയു തീരുമാനിച്ചു. 2001-ല്‍ വാര്‍വിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാനേജ്മെന്റ് സയന്‍സില്‍ ബി.എസ്.സി ബിരുദം നേടിയ ശേഷം, കലയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ലോസ് ഏഞ്ചല്‍സ് സ്‌കൂള്‍ ഓഫ് തിയേറ്ററില്‍ നിന്ന് നിര്‍മാണ/സംവിധാനത്തില്‍ മാസ്റ്റേഴ്സ് ഓഫ് ഫൈന്‍ ആര്‍ട്സ് ബിരുദം നേടുകയും ചെയ്തു.

കെനിയയിലെ ഭരണഘടനാ കോടതിയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നടന്ന ആദ്യകേസ് ആയിരുന്നു വനൂരി കഹിയുടെ 'റഫീക്കി' എന്ന സിനിമയുടേത്.

കെനിയയില്‍, ആഫ്രിക്കയില്‍ നിന്നുള്ള ഒരുപാട് പ്രണയകഥകള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അവളുടെ ചില കൃതികള്‍ അത്തരം പ്രണയകഥകള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കഹിയു പറയുന്നത്. അങ്ങിനെയാണ് കുടുംബത്തില്‍ പ്രൊഫഷണല്‍ പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, കഹിയു കലയില്‍ ഒരു കരിയര്‍ തുടരാന്‍ തീരുമാനിക്കുന്നത്. എഫ്. ഗാരി ഗ്രേയുടെ ഓഫീസില്‍ ഇന്റേണ്‍ ചെയ്തുകൊണ്ടാണ് കഹിയു തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് 2003-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഇറ്റാലിയന്‍ ജോബ് (2003) എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിച്ചു. ഫിലിപ്പ് നോയ്സ് സംവിധാനം ചെയ്ത 'ക്യാച്ച് എ ഫയര്‍' എന്ന ഫീച്ചര്‍ ഫിലിമിനെ കുറിച്ചുള്ള 'ദി സ്പാര്‍ക്ക്' എന്ന ഡോക്യുമെന്ററിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കഹിയു തന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയത്. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കഹിയുവും നോയ്സും അടുത്ത സുഹൃത്തുക്കളാകാന്‍ കാരണമായി. ഈ അനുഭവത്തെക്കുറിച്ച് പറയുമ്പോള്‍, സ്വന്തം രാജ്യമായ കെനിയയിലേക്ക് കഥകള്‍ പറയാന്‍ തന്നെ പ്രോത്സാഹിപ്പിച്ചത് നോയ്സാണെന്ന് കഹിയു പറയുന്നു.


റാസ് സ്റ്റാര്‍

കഹിയുവിന്റെ സംവിധാനത്തില്‍ ആദ്യം പുറത്തിറങ്ങുന്നത് 2006ല്‍ റാസ് സ്റ്റാര്‍ എന്ന ഹ്രസ്വ ചിത്രമായിരുന്നു. നെയ്റോബിയിലെ ഒരു മുസ്ലിം കുടുംബത്തിലെ അമാനി എന്ന കൗമാരക്കാരിയായ റാപ്പര്‍, അമ്മായിക്കും അമ്മാവനുമൊപ്പം താമസിക്കുന്ന കഥയാണ് ഇതില്‍ പറയുന്നത്. ഒരു റാപ്പറാകാന്‍ അമാനി സ്വപ്നം കാണുന്നു, കൂടാതെ ഒരു പ്രാദേശിക ടാലന്റ് ഷോക്കായി രഹസ്യമായി പരിശീലിക്കുന്നു. ഇതിനിടയില്‍ അവനും സഹോദരനും അവരുടെ അയല്‍പക്കത്തെ പ്രാദേശിക ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് റാസ് സ്റ്റാറിന്റെ ഇതിവൃത്തം.

ഫ്രം എ വിസ്പര്‍

കഹിയുവിന്റെ ആദ്യ ഫീച്ചര്‍ ഫിലിം 'ഫ്രം എ വിസ്പര്‍' എന്ന ചിത്രമാണ്. 2008 ല്‍ പുറത്തിറക്കിയ സിനിമക്ക് 2009 ലെ അഞ്ചാമത് ആഫ്രിക്ക മൂവി അക്കാദമി അവാര്‍ഡില്‍ അഞ്ച് അവാര്‍ഡുകള്‍ നേടി. 1998-ല്‍ നെയ്റോബിയിലെ യു.എസ് എംബസിക്ക് നേരെ നടന്ന ഭീകരാക്രമണമാണ് സിനിമയുടെ പശ്ചാത്തലം. ആക്രമണത്തില്‍ അമ്മയെ നഷ്ടപ്പെടുന്ന തമണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇത് പറയുന്നത്. ഭീകരാക്രമണത്തിനിടെ തമണിയുടെ അമ്മയെ കാണാതാവുന്നു. തമണി തന്റെ അമ്മയെ തിരയുന്നു. അവള്‍ അബു എന്ന പൊലീസുകാരനുമായും സൗഹൃദത്തിലാകുന്നു. എംബസിയെ ആക്രമിക്കാന്‍ സഹായിച്ച തന്റെ സുഹൃത്തിനെ തടയാത്തതില്‍ കാഴ്ചക്കാര്‍ തനിക്ക് തോന്നുന്ന നാണക്കേട് കാണുമ്പോള്‍ അബു തമാനിയെ സഹായിക്കുന്നു.


ഫ്രം എ വിസ്പര്‍

കഹിയുവിന്റെ അനുഭവങ്ങളുടെ പശ്ചാത്തലം കൂടി ഈ സിനിമക്ക് കാരണമാകുന്നുണ്ട്. നെയ്റോബിയിലെ യു.എസ് എംബസിക്ക് നേരെ ഭീകരാക്രമണമാണം നടക്കുമ്പോള്‍ കഹിയു കൗമാരപ്രായക്കാരിയായിരുന്നു. കെനിയയില്‍ നിന്നുള്ള ഭയാനകവും ആഘാതവുമായ സംഭവം എന്നാണ് അവള്‍ ബോംബിംഗിനെ വിശേഷിപ്പിക്കുന്നത്. ബോംബാക്രമണത്തിന് ഇരയായ നിരവധി രോഗികളെ കഹിയുവിന്റെ അമ്മ ചികില്‍സിച്ചത് അവള്‍ ഓര്‍ക്കുന്നു. സംഭവം ഒരു ദുരന്തമായിരുന്നെങ്കിലും, കെനിയക്കാരെ അവരുടെ വംശീയത-സാമൂഹിക പദവി-ഗോത്രം എന്നീ പരിഗണനകളില്ലാതെ ഒന്നിപ്പിച്ചതായി കഹിയു പറയുന്നു.

പുംസി

മൂന്നാം ലോകമഹായുദ്ധത്തിന് മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം നടന്ന പുംസി (ജലയുദ്ധം) മാണ് സിനമയുടെ പശ്ചാത്തലം. യുവ സസ്യശാസ്ത്രജ്ഞയായ ആഷയുടെ കഥയാണ് ഈ സിനിമ പറയുന്നത്. ലോകബാങ്കിന്റെ ഘടനാപരമായ പരിഷ്‌കരണ പരിപാടികള്‍ക്ക് ശേഷമുള്ള സാമ്പത്തിക തകര്‍ച്ചയും പരിസ്ഥിതി നാശവും സിനിമയില്‍ ചര്‍ച്ച ചെയ്യുന്നു. പരിസ്ഥിതി നാശം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്, എന്നാല്‍ അവരുടെ സമൂഹത്തെ മെച്ചപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ഇക്കോ ഫെമിനിസ്റ്റ് വിമര്‍ശനാത്മക നിലപാട് സിനിമ പ്രകടിപ്പിക്കുന്നു. ന്യൂ ആഫ്രിക്കന്‍ സിനിമാ പ്രോഗ്രാമിന്റെ ഭാഗമായി 2010-ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പംസിയുടെ പ്രീമിയര്‍ പ്രദര്‍ശനം നടത്തി. ഇത് നിരവധി അവാര്‍ഡുകള്‍ നേടി, അതിലൊന്ന് കാന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡാണ്.

ഫോര്‍ അവര്‍ ലാന്‍ഡ്

സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ പ്രൊഫസര്‍ വങ്കാരി മാത്തായിയുടെ കഥയാണ് കഹിയുവിന്റെ ഫോര്‍ ഔര്‍ ലാന്‍ഡ് ഡോക്യുമെന്ററി രേഖപ്പെടുത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ ടെലിവിഷന്‍ ചാനലായ എം-നെറ്റ് ലെ 'ദി ഗ്രേറ്റ് ആഫ്രിക്കന്‍സ്' എന്ന പരമ്പരയുടെ ഭാഗമായാണ് വങ്കാരി മാത്തായിയുടെ ജീവചരിത്രം ചിത്രീകരിച്ചത്. ഡോക്യുമെന്ററി യൂറോപ്യന്‍ കൊളോണിയലിസവും പാരിസ്ഥിതിക മാറ്റവും തമ്മിലുള്ള ബന്ധത്തെ പ്രതിപാധിക്കുന്നു. വികസനവുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങളെയും ഭവന രാഹിത്യത്തെയും ചിത്രം അടിവരയിടുന്നു.


ഫോര്‍ അവര്‍ ലാന്‍ഡ്

റഫീക്കി

കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമായ 'റഫീക്കി'യാണ് വനൂരിയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയാക്കിയത്. രണ്ടു പെണ്‍കുട്ടികളുടെ പ്രണയകഥ പറയുന്ന ഈ ചിത്രം രാജ്യത്തെ യാഥാസ്ഥിതിക ഭരണകൂടം നിരോധിച്ചു. നടപ്പുസദാചാരമൂല്യങ്ങളും കെനിയന്‍ നിയമവും ലംഘിച്ചുകൊണ്ട് ചിത്രം സ്ത്രീകളുടെ സ്വവര്‍ഗപ്രണയത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് നിരോധനത്തിന് കാരണമായി സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്.


റഫീക്കി

കൊളോണിയല്‍ കാലം മുതല്‍ നിലവിലുള്ള നിയമപ്രകാരം കെനിയയില്‍ സ്വവര്‍ഗലൈംഗികത 14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പ്രധാന കഥാപാത്രമായ കേന പശ്ചാത്തപിക്കുന്ന വിധത്തില്‍ അവസാനരംഗം മാറ്റിയാല്‍ മുതിര്‍ന്നവര്‍ക്കുള്ള ചിത്രത്തിനുള്ള സര്‍ട്ടിഫിക്കറ്റ് തരാമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞെങ്കിലും വനൂരി വഴങ്ങിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാവകാശം നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനെതിരെ വനൂരി നിയമയുദ്ധം നടത്തി. കെനിയയിലെ ഭരണഘടനാ കോടതിയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നടന്ന ആദ്യകേസ് ആയിരുന്നു അത്. ഓസ്‌കാറിന് അയക്കാനുള്ള യോഗ്യത നേടുന്നതിനായി ഹൈക്കോടതി താല്‍ക്കാലിക പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ഒരാഴ്ചയ്ക്കുശേഷം നിരോധനം തുടരുകയും 2020ല്‍ സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനെതിരായ കനത്ത പ്രഹരം എന്നാണ് വനൂരി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. 11 അവാര്‍ഡുകള്‍ നേടി അന്താരാഷ്ട്ര തലത്തില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കെനിയയില്‍ വനൂരിക്ക് എതിരെയുള്ള വിദ്വേഷ്വപ്രചാരണങ്ങള്‍ ശക്തമായി. കുടുംബത്തില്‍നിന്നും സമുദായത്തില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും ഭീഷണികള്‍ വരെ ഉണ്ടായി.

ആഫ്രിക്കന്‍ എഴുത്തുകാരില്‍ ശ്രദ്ദേയമായ സ്ഥാനം നേടിയ ഒരാള്‍ കൂടിയാണ് കഹിയു. ആദ്യത്തെ കുട്ടികളുടെ പുസ്തകമാണ് തടി ഒട്ടകം. ഒട്ടകങ്ങളെ ഓടിക്കാന്‍ സ്വപ്നം കാണുന്ന എറ്റാബോ എന്ന ആണ്‍കുട്ടിയുടെ കഥയാണ് ഇത് പറയുന്നത്. അവന്റെ മൂത്ത സഹോദരങ്ങള്‍ അവനെ കളിയാക്കുകയും അവന്റെ കുടുംബം അതിജീവിക്കാന്‍ ഒട്ടകങ്ങളെ വില്‍ക്കുകയും ചെയ്യുന്നു. കഹിയു സഹ-എഴുതിയ ചെറുകഥ, 'RUSTIES', ഒരു ഭാവി ലോകത്തെ ഉള്‍ക്കൊള്ളുന്നു. ഒരു പെണ്‍കുട്ടിയും ട്രാഫിക് സംവിധാനം ചെയ്യുന്ന റോബോട്ടുകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ഇതില്‍ പറയുന്നത്.

ആഫ്രോ ബബിള്‍ഗം

ആഫ്രിക്ക എന്നാല്‍ യുദ്ധം, ദാരിദ്ര്യം, രോഗം എന്നിവയാണ് എന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്കും പ്രതിനിധാനങ്ങള്‍ക്കുമെതിരെ പൊരുതുന്നതിനായാണ് വനൂരി 'ആഫ്രോ ബബിള്‍ഗം' എന്ന കൂട്ടായ്മ രൂപീകരിച്ചത്. ആനന്ദം, പ്രത്യാശ, സ്‌നേഹം എന്നിവയില്‍ അധിഷ്ഠിതമായ ആഫ്രിക്ക എന്ന പുതിയ വീക്ഷണമാണ് ഈ സംഘം മുന്നോട്ടുവെക്കുന്നത്. ഒരു സിനിമയില്‍ ആരോഗ്യവും സന്തോഷവും സാമ്പത്തികസ്ഥിരതയുമുള്ള രണ്ടു ആഫ്രിക്കക്കാരെങ്കിലും ഉണ്ടായിരിക്കണമെന്ന് ഈ കൂട്ടായ്മ നിഷ്‌കര്‍ഷിക്കുന്നു.



നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ 'ലുക്ക് ബോത്ത് വേയ്‌സ്' വനൂരിയുടെ ശ്രദ്ധഏയമായ മറ്റൊരു ചിത്രമാണ്. ദക്ഷിണാഫ്രിക്കയിലെ ട്രിഗര്‍ഫിഷ് സ്റ്റുഡിയോയുമായി ചേര്‍ന്ന് ഒരു അനിമേഷന്‍ ചിത്രത്തിന്റെ എഴുത്തിലാണിപ്പോള്‍ വനൂരി. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കുള്ള ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ ഗുഡ് വില്‍ അംബാസഡറും കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സുഡാന്‍ ചിത്രമായ 'ഗുഡ് ബൈ ജൂലിയ' ഉള്‍പ്പെടെയുള്ള സിനിമകളിലെ പ്രധാനനടനുമായ ഗേര്‍ ഡുവേനിയെക്കുറിച്ച് ഫീച്ചര്‍ ഫിലിമിന്റെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒപ്പം ദേശീയ സ്വത്വത്തെക്കുറിച്ചുള്ള 'ഹു ആം ഐ, നെയ്റോബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡി പോപ് ഗ്രൂപ്പിനെക്കുറിച്ചുള്ള 'ജസ്റ്റ് എ ബാന്‍ഡ്' എന്നീ ഡോക്യുമെന്ററികളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണിപ്പോള്‍ വനൂരി.


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് നല്‍കി കെനിയന്‍ സംവിധായിക വനൂരി കഹിയുവിനെ ആദരിക്കുന്നുണ്ട്.

Similar Posts