പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകരുടെ കൈകളില്‍ ഫലസ്തീനിയന്‍ രക്തമുണ്ട് - മുഹമ്മദ് അല്‍-കുര്‍ദ്
|പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ ഫലസ്തീനികളെ നിരന്തരം മനുഷ്യത്വരഹിതമായി ചിത്രീകരിക്കുന്നത് ഇസ്രായേലുകാരെ യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്ന് ലേഖകന്‍.
ഒക്ടോബര്‍ 9 ന്, യു.കെയിലെ ഫലസ്തീന്‍ അതോറിറ്റിയുടെ അംബാസഡര്‍ ഹുസാം സോംലോട്ട് ബി.ബി.സി ഹോസ്റ്റ് കിര്‍സ്റ്റി വാര്‍ക്കിന് ഒരു അഭിമുഖം നല്‍കി. ''അവര്‍ ബോംബ് ചെയ്യപ്പെട്ടു. മുഴുവന്‍ കെട്ടിടവും നിലംപതിച്ചു,'' അയാള്‍ അവരോടു പറഞ്ഞു.
അഭിമുഖത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ആറ് പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചു പോയിരുന്നു. ഒരു വര്‍ഷം മുഴുവനും അഫ്ഗാനിസ്താനില്‍ അമേരിക്ക വര്‍ഷിച്ചതിനേക്കാള്‍ കൂടുതല്‍ ബോംബുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചെറിയ ജനസാന്ദ്രതയുള്ള ഗാസ മുനമ്പില്‍ ഇസ്രായേല്‍ വര്‍ഷിച്ചു കഴിഞ്ഞിരുന്നു. അഫ്ഗാനിസ്താന്‍ ഗാസയേക്കാള്‍ 1,800 മടങ്ങ് വലുതാണ് എന്നോര്‍ക്കുക. ''എന്റെ കസിന്‍, അവളുടെ രണ്ട് കുട്ടികള്‍, അവളുടെ ഭര്‍ത്താവ്, അവളുടെ അമ്മായിയമ്മ, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു, അവരുടെ രണ്ട് ഇളയ കുട്ടികളായ വെറും രണ്ട് വയസ്സ് ഉള്ള ഇരട്ടകള്‍, ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്,'' സോംലോട്ട് പറഞ്ഞു.
2.2 ദശലക്ഷം മനുഷ്യ ജീവനുകള്‍ ഉപരോധിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ ജയിലിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരങ്ങളില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. വാര്‍ക്കിന്റെ മറുപടി തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു, ''നിങ്ങളുടെ വ്യക്തിപരമായ നഷ്ടത്തില്‍ ഖേദിക്കുന്നു. എന്നിരുന്നാലും, എനിക്ക് വ്യക്തമായി പറയാന്‍ കഴിയുമോ, ഇസ്രായേലില്‍ സാധാരണക്കാരെ കൊല്ലുന്നത് നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല, അല്ലേ?''
സോംലോട്ടിന്റെ ഭയാനകമായ നഷ്ടത്തോടുള്ള വാര്‍ക്കിന്റെ പ്രതികരണം കേവലം നിന്ദ്യം മാത്രമല്ല, പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളിലെ അസ്വസ്ഥജനകമായ ഒരു പ്രതിഭാസം ഇത് വെളിപ്പെടുത്തുന്നു: ഫലസ്തീനികളെ പൈശാചികവത്കരിക്കുക എന്നതാണ് ഈ മാധ്യമ വ്യവസായത്തിന്റ നിലവാരം. ഞങ്ങളുടെ ദുഃഖം നിസ്സാരമാണ്; ഞങ്ങളുടെ രോഷം ന്യായമല്ല. ഞങ്ങളുടെ മരണം വളരെ നിസ്സാരമാണ്. കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ, പത്രപ്രവര്‍ത്തകര്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നു - മേഘാവൃതമായ ആകാശം, നേരിയ മഴ, കഴിഞ്ഞ പത്തു ദിവസത്തിനിടെ മൂവായിരം ഫലസ്തീനികള്‍ മരിച്ചു. കാലാവസ്ഥ പോലെ, ദൈവം മാത്രമാണ് ഉത്തരവാദി: സായുധരായ കുടിയേറ്റക്കാരല്ല, ടാര്‍ഗെറ്റുചെയ്ത ഡ്രോണ്‍ ആക്രമണങ്ങളല്ല.
ഗാസയില്‍ അരങ്ങേറുന്ന, തലക്കെട്ടുകളില്‍ കാണാത്ത, അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞാനും മറ്റ് കുറച്ച് ഫലസ്തീനികളും ടി.വി ചാനലുകള്‍ക്കും റേഡിയോ സ്റ്റേഷനുകള്‍ക്കുമിടയില്‍ ഓടി തളരുന്നു. എന്നാല്‍, അവയില്‍ മിക്കതിലും, ഞങ്ങള്‍ക്ക് സമാനമായ ശത്രുതയാണ് നേരിടേണ്ടി വന്നത്. അവര്‍ ഞങ്ങളെ ക്ഷണിക്കുന്നത്, ഞങ്ങളുടെ അനുഭവങ്ങള്‍ക്കോ വിശകലനത്തിനോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് നല്‍കാനാകുന്ന സാഹചര്യവിവരണങ്ങളോ അറിയാനോ കേള്‍ക്കാനോ വേണ്ടിയല്ല. മറിച്ച്, ഞങ്ങളെ ഭേദ്യം ചെയ്ത് ചോദ്യം ചെയ്യാനാണ്. അവരുടെ പ്രേക്ഷകരില്‍ അന്തര്‍ലീനമായ പക്ഷപാതത്തിന് - വര്‍ഷങ്ങളായി ഇസ്ലാമോഫോബിയയും പലസ്തീനിയന്‍ വിരുദ്ധ വാചാടോപങ്ങളും കൊണ്ട് നന്നായി പോഷിപ്പിക്കപ്പെട്ട ആ പക്ഷപാതത്തിന് - അനുഗുണമായി അവര്‍ ഞങ്ങളുടെ ഉത്തരങ്ങളില്‍ പരീക്ഷണം നടത്തുന്നു. ഉപരോധിക്കപ്പെട്ട ഗാസ മുനമ്പില്‍ വര്‍ഷിക്കുന്ന ബോംബുകള്‍ ഞങ്ങളുടെ ടെലിവിഷന്‍ ട്രയലുകളില്‍ അപ്രസക്തമോ തീര്‍ത്തും പ്രാധാന്യമില്ലാത്തതോ ആയിത്തീരുന്നു.
പ്രസന്നതകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും കൃത്യമായ റിപ്പോര്‍ട്ടിംഗ് വേണം എന്നാഗ്രഹിക്കാമല്ലോ. യു.കെയിലെ എല്‍.ബി.സി റേഡിയോയില്‍, കഴിഞ്ഞയാഴ്ച, ആതിഥേയയായ റേച്ചല്‍ ജോണ്‍സണ്‍ (മുന്‍ പ്രധാനമന്ത്രിയുടെ സഹോദരി) ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ''ശിരഛേദവും ബലാത്സംഗവും'' എന്ന സ്ഥിരീകരിക്കാത്ത വായ്മൊഴി റിപ്പോര്‍ട്ടുകളെക്കുറിച്ച്, എന്നെ ചോദ്യം ചെയ്യാന്‍ വേണ്ടി ആവര്‍ത്തിച്ച് തടസ്സപ്പെടുത്തുന്നതില്‍ നിന്ന് അല്‍പം ഇടവേള എടുത്തു. എന്നാല്‍, ഇസ്രായേലികള്‍ ഫലസ്തീന്‍ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചവിട്ടുകയും അവയ്ക്കുമേല്‍ മൂത്രമൊഴിക്കുകയും ചെയ്യുന്നതിന്റെ വിവിധ വീഡിയോകളെക്കുറിച്ച് അവര്‍ പരാമര്‍ശിച്ചില്ല - ആ വിഡിയോകളും ചിത്രങ്ങളും 'Terrorists_are_dying' എന്ന ഇസ്രായേലി ടെലിഗ്രാം ചാനലിന്റെ എണ്‍പത്തിമൂന്നായിരം വരിക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാണെങ്കിലും.
ഇതൊരു പരിചിതമായ പ്ലേബുക്കാണ്. യാതൊരു തെളിവുമില്ലാതെ ഒരു അവകാശവാദം ഉണ്ടാക്കുക, പാശ്ചാത്യ പത്രപ്രവര്‍ത്തകര്‍ അത് കാട്ടുതീ പോലെ പ്രചരിപ്പിക്കുക; നയതന്ത്രജ്ഞരും രാഷ്ട്രീയക്കാരും അതിനെ തത്തകളായി ഏറ്റുപാടുന്നു; ഒരു ആഖ്യാനം നിര്‍മിച്ചെടുക്കുന്നു; പൊതുജനം അത് വിശ്വസിക്കുന്നു, അപകടം സംഭവിച്ചു കഴിഞ്ഞു
ബില്‍ ഹെമ്മര്‍, അമേരിക്കന്‍ ടെലിവിഷന്‍ ഫോക്‌സ് ന്യൂസിന്റെ ന്യൂസ്‌റൂം പ്രോഗ്രാം അവതാരകന്‍ - 2023 ഒക്ടോബര്‍ 13.
കൊല നടന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, കൊലപാതകത്തിന്റെ ''പ്രത്യേക രീതിക്ക്'' അത്തരം ഭാരം നല്‍കുന്നത് നിസ്സാരമെന്ന് തോന്നാം. പക്ഷേ, അത്തരം ഭാഷ അനന്തരഫലങ്ങളില്ലാത്തതല്ല. തിങ്കളാഴ്ച, ഇല്ലിനോയിസ് ഭൂവുടമ തന്റെ ഫലസ്തീന്‍ അമേരിക്കന്‍ വാടകക്കാരെ ആക്രമിക്കുകയും ഒരു സ്ത്രീയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും അവളുടെ ആറു വയസ്സുള്ള കുട്ടിയെ കൊല്ലുകയും ചെയ്തു. 'നിങ്ങള്‍ മുസ്ലിംകള്‍ എല്ലാം മരിക്കണം,' അയാള്‍ കൊലക്കിടയില്‍ ആക്രോശിച്ചു. ഓരോരുത്തരേയും അയാള്‍ ഒരു ഡസനിലധികം തവണ കുത്തി. 'ഭീകരര്‍ ശിരഛേദം ചെയ്ത കുട്ടികളുടെ ചിത്രങ്ങള്‍' താന്‍ കണ്ടതായി, ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഉന്നയിച്ച ഒരു അവകാശവാദത്തില്‍ നിന്ന് സ്വയം മോചനം നേടാമെന്ന മട്ടില്‍, ആക്രമണത്തില്‍ താന്‍ ഞെട്ടിപ്പോവുകയും വ്യാകുലപ്പെടുകയും ചെയ്തുവെന്ന് ജോ ബൈഡന്‍ പറഞ്ഞു.
ബലാത്സംഗം ചെയ്യലും ശിരഛേദം ചെയ്യലും പരിചിതമായ ഇസ്‌ലാമോഫോബിക് വാര്‍പ്പ്മാതൃകകളെ പോഷിപ്പിക്കുന്നു. അതോടൊപ്പം, 'ഭീകരതയ്ക്കെതിരായ യുദ്ധം' കൊണ്ടുവന്ന സംസ്‌കാരത്തെ പുനരുജ്ജീവിപ്പിച്ച് പ്രേക്ഷകരുടെ ഭാവനയില്‍ ഹമാസിനെ ഐ.എസുമായി തുലനം ചെയ്യാന്‍ ശ്രമിക്കുന്ന ഇസ്രായേലി ഭരണകൂടത്തിന്റെ പി.ആര്‍ തന്ത്രവുമായി ഇത് കൈകോര്‍ക്കുന്നു.
ഉദ്ദേശം എന്തുതന്നെയായാലും, തങ്ങളുടെ തൊഴിലിന്റെ ധാര്‍മികതയുടെ എല്ലാ കണികകളും ഉപേക്ഷിച്ച്, ഗസ്സയിലെ ഫലസ്തീന്‍ ജനതയെ സമീപിക്കുന്ന നിലയില്ലാത്ത ക്രൂരതകള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ തുടക്കമിടുകയാണ്: ഒരു പക്ഷേ വംശഹത്യക്ക്.
ഇതൊരു വന്യമായ ഗൂഢാലോചന സിദ്ധാന്തമല്ല. ഒക്ടോബര്‍ 13-ന്, സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്സ്, ''ഒരു സമൂഹത്തെ മുഴുവനായോ ഭാഗികമായോ നശിപ്പിക്കുന്നതിന് വേണ്ടി കൊല്ലുകയോ അല്ലെങ്കില്‍ ആ സമൂഹത്തിന്റെ നാശം ഉറപ്പു വരുത്താന്‍ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്ന'' നടപടികള്‍ കൈക്കൊള്ളുക വഴി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഭരണകൂടം വംശഹത്യ നടത്തുകയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. ഒരു ദിവസത്തിനുശേഷം, ലെംകിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെനോസൈഡ് പ്രിവന്‍ഷന്‍ ഒരു SOS മുന്നറിയിപ്പ് നല്‍കി, 'അടിയന്തര സമാധാന ശ്രമങ്ങളില്ലാതെ, ഗാസയിലെ വംശഹത്യയ്ക്ക് അന്താരാഷ്ട്ര സമൂഹം മേല്‍നോട്ടം വഹിക്കുകയും പങ്കാളികളാകുകയും ചെയ്യുന്നു' എന്ന്. വംശീയ ഉന്മൂലന-വംശഹത്യ പഠനങ്ങള്‍ നടത്തുന്ന പ്രൊഫസറായ റാസ് സെഗല്‍ ഇതിനെ 'നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന വംശഹത്യയുടെ പാഠപുസ്തക കേസ്' എന്ന് വിളിക്കുകയുണ്ടായി.
മുഹമ്മദ് അല്‍-കുര്‍ദ് ദി നാഷനില്‍ എഴുതിയ ''പാശ്ചാത്യ പത്രപ്രവര്‍ത്തകരുടെ കൈകളില്‍ ഫലസ്തീനിയന്‍ രക്തമുണ്ട്'' എന്ന ലേഖനത്തില്‍ നിന്ന്.
വിവര്‍ത്തനം: അഫ്താബ് ഇല്ലത്ത്
അഫ്ഗാനിസ്താന്‍, ഫലസ്തീന്‍, ഗാസ,