Analysis
ബംഗ്ലാദേശ്, ശ്രീലങ്ക ഭരണമാറ്റവും അദാനിയും തമ്മിലെന്ത്?
Analysis

ബംഗ്ലാദേശ്, ശ്രീലങ്ക ഭരണമാറ്റവും അദാനിയും തമ്മിലെന്ത്?

കെ. സഹദേവന്‍
|
25 Sep 2024 8:18 AM GMT

ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും എന്തിന് ഓസ്ട്രേലിയയിലെപ്പോലും രാഷ്ട്രീയ ഭരണമാറ്റത്തിന് പിന്നിലെ പൊതുഘടകത്തെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഗൗതം അദാനിയില്‍ ചെന്ന് മുട്ടും.

ഉഭയകക്ഷി ബന്ധങ്ങളെ വ്യവസായ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ അതിന്റെ അനിവാര്യഫലമെന്നത് ആ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കപ്പെടുക എന്നതായിരിക്കും.

ബംഗ്ലാദേശിന് വൈദ്യുതി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ അദാനിക്ക് ലഭ്യമാക്കുന്നതിന് ബീഗം ഹസീനയ്ക്ക് മേല്‍ സമ്മര്‍ദ്ദമുയര്‍ത്താന്‍ നരേന്ദ്ര മോദിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. 2015ലെ മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ടതന്നെ അദാനിക്ക് വൈദ്യുതി വിതരണക്കരാര്‍ നേടിയെടുക്കുക എന്നതായിരുന്നു. ഇന്ന് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ മുന്നിലുള്ള പ്രധാന അജണ്ട അദാനിയുമായുള്ള കരാറില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം എന്നതാണ്.

ശ്രീലങ്കയില്‍ 400 മില്യണ്‍ ഡോളറിന്റെ ഗ്രീന്‍ എനര്‍ജി പ്രോജക്ടുകളാണ് അദാനി നേടിയെടുത്തത്. 225 മെഗാവാട്ടിന്റെ കാറ്റാടിപ്പാട നിര്‍മാണ പദ്ധതി നേടിയെടുക്കുന്നതിനും നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തപ്പെട്ടു. ഇതിനുപുറമെ 700 ദശലക്ഷം ഡോളറിന്റെ കണ്ടൈയ്നര്‍ തുറമുഖ പദ്ധതിയും നേടിയെടുക്കാന്‍ അദാനിക്ക് സാധിച്ചു. ഈ രണ്ട് പദ്ധതികളും ശ്രീലങ്കയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആരോപണം പാര്‍ലമെന്റിലും പുറത്തും ശക്തമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങളില്‍ പ്രമുഖമായതായിരുന്നു, കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനായി മുന്‍ സര്‍ക്കാര്‍ അദാനിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കുമെന്നത്. പൊതുവിഭവങ്ങള്‍ അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയ സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ താക്കീതായിരുന്നു ശ്രീലങ്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം

ശ്രീലങ്കയില്‍ പ്രസിഡണ്ടായി അനുര കുമാര ദിസനായകെ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷ തിമര്‍പ്പിലാണ് കേരളത്തിലെ ഇടതു സൈബര്‍ തൊഴിലാളികള്‍. അവിടത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങളില്‍ പ്രമുഖമായതായിരുന്നു, കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനായി മുന്‍ സര്‍ക്കാര്‍ അദാനിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കുമെന്നത്. പൊതുവിഭവങ്ങള്‍ അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയ സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ താക്കീതായിരുന്നു ശ്രീലങ്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം. ഇവിടെ പൊതുവിഭവമായ കടലും, കടല്‍ തീരവും, കടല്‍ സമ്പത്തും അദാനിയ്ക്ക് തുറമുഖം നിര്‍മിക്കാന്‍ തീറെഴുതിയവരാണ് ശ്രീലങ്കയില്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയം അദാനിയ്ക്കെതിരെ തിരിച്ച ഇടതുപക്ഷത്തിനു അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ മത്സരിക്കുന്നതെന്ന വിരോധാഭാസം കൂടിയുണ്ട്.


| അദാനി ഗ്രൂപ്പിന് പുനരുപയോഗ ഊര്‍ജ പദ്ധതി നല്‍കാനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നടന്ന പ്രതിഷേധം.

തുറമുഖ നിര്‍മ്മാണത്തിനു ക്രെയിന്‍ കൊണ്ടുവന്നപ്പോള്‍, 'വികസനത്തിന്റെ നങ്കൂരമിടാന്‍ അദാനി എത്തി' എന്നാര്‍ത്ത് വിളിച്ചുകൊണ്ട്, 'അദാനി തുറമുഖം'എന്നെഴുതിയ ബലൂണ്‍ പറത്തി, അദാനിയോടുള്ള വിധേയത്വം പ്രകടമാക്കിയവര്‍ ഒന്നോര്‍ക്കുക, ഇത്തരത്തിലുള്ള ഓരോ പദ്ധതികളിലൂടെയുമാണ് അദാനി ഓരോ രാജ്യത്തിന്റേയും രാഷ്ട്രീയധികാരത്തില്‍ സ്വാധീനം ചെലുത്തുന്നത്.

ആസ്ട്രേലിയയില്‍ അദാനി നേടിയെടുത്ത കാര്‍മൈക്ക്ള്‍ കല്‍ക്കരി ഖനന കരാറും ഇതേരീതിയില്‍ അതിശക്തമായ രാഷ്ട്രീയ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഒന്നാണ്. ഒരു ദശകക്കാലത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് ലെഫ്റ്റ് ചായ്‌വുള്ള ആന്റണി അല്‍ബനീസ് ഗവണ്‍മെന്റ് അധികാരക്കസേരയിലെത്തിയതിന് പിന്നിലും ഗൗതം അദാനിക്കെതിരായ പ്രതിഷേധത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ കഴിയും.

Similar Posts