Analysis
ഫൈനലിസ്സിമ
Analysis

ഫൈനലിസ്സിമയില്‍ സ്‌പെയിനിന് അര്‍ജന്റൈന്‍ കോട്ട പൊളിക്കുന്നത് അത്ര എളുപ്പമാവില്ല

റസിന്‍ അബ്ദുല്‍ അസീസ്
|
20 July 2024 8:02 AM GMT

യൂറോ കപ്പ് - കോപ്പ അമേരിക്ക മത്സര ആരവങ്ങള്‍ക്കൊടുവില്‍ സംഭവിച്ചതെന്ത്? സംഭവിക്കാനിരിക്കുന്നതെന്ത്?

ലോക ഫുട്‌ബോള്‍ ഒന്നടങ്കം രണ്ട് ഭൂഖണ്ഡങ്ങളിലായി ഉറ്റുനോക്കിയ ആവേശപ്പോരിന് വിരാമമായിരിക്കുന്നു. യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും തീപാറും പോരാട്ടങ്ങള്‍ക്ക് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ യൂറോ ജേതാക്കളായത് സ്‌പെയിനും, കോപ്പ ജേതാക്കളായത് അര്‍ജന്റീനയും. ഒരു മാസത്തിന് ശേഷം ടോപ്പ് ഫൈവ് ലീഗ് പുനരാരംഭിക്കുമ്പോള്‍ മിന്നിത്തിളങ്ങാന്‍ ഒരുപിടി യുവതാരങ്ങള്‍ തയ്യാറായി ഇരിക്കുകയാണ്. ഒപ്പം തന്നെ ഇനിയൊരു മത്സരത്തിന് ദേശീയ ജേഴ്‌സിയിലുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച്‌കൊണ്ട് ടോണി ക്രൂസും, എയ്ഞ്ചല്‍ ഡി മരിയയും, അല്‍വാരോ മൊറാറ്റയും, ഒലിവര്‍ ജിറൂഡും പടിയിറങ്ങി.

ലോക ജേതാക്കളായി കോപ്പ അമേരിക്കയില്‍ പന്തുതട്ടാന്‍ വന്ന അര്‍ജന്റീന കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. സ്‌പെയിനിന് അര്‍ഹിച്ചതുതന്നെയാണ് യൂറോ കപ്പ് വിജയം. 2022 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ഗംഭീര തിരിച്ചുവരവാണ് അവര്‍ നടത്തിയിട്ടുള്ളത്. എന്നിരുന്നാലും, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫൈനലിസ്സിമയില്‍ സ്‌പെയിനിന് അര്‍ജന്റൈന്‍ കോട്ട പൊളിക്കുന്നത് അത്ര എളുപ്പമാവില്ല.

സ്പാനിഷ് പോര്

''ടൂര്‍ണമെന്റിലെ മികച്ച ടീം തന്നെ കപ്പുയര്‍ത്തിയിരിക്കുന്നു'' യൂറോ കപ്പ് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കമന്ററി ബോക്സില്‍ നിന്ന് പീറ്റര്‍ ഡ്രൂറി പറഞ്ഞ വാക്കുകളാണിത്. അക്ഷരാര്‍ഥത്തില്‍ ഇത് സ്‌പെയിനിന്റെ ടൂര്‍ണമെന്റായിരുന്നു. ഗ്രൂപ്പ് സ്റ്റേജ് തുടങ്ങിയതു മുതല്‍ സ്‌പെയിന്‍ തങ്ങളുടെ വീറും വാശിയും കാണിച്ചു. ഗ്രൂപ്പ് സ്റ്റേജില്‍ ഇറ്റലിയെ ഒരു ഗോളിനും ക്രൊയേഷ്യയെ മൂന്ന് ഗോളിനും തകര്‍ത്തു. ഗ്രൂപ്പ് ഘട്ടം ഒരു ഗോള്‍ പോലും വഴങ്ങാതെ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ജോര്‍ജിയക്കെതിരെ ആദ്യ പ്രഹരമേറ്റു. പക്ഷെ, നാലെണ്ണം തിരിച്ചടിച്ചു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജര്‍മനിയെ പരാജയപ്പെടുത്തിയപ്പോള്‍ സെമിയില്‍ ഫ്രാന്‍സിനെ 2-1 ന് തോല്‍പിച്ചു. കണക്കുകളിലെല്ലാം പിന്നിലായ ഇംഗ്ലണ്ട് കഷ്ടിച്ച് ഫൈനലിലെത്തിയപ്പോള്‍, 58 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് അറുതിയാകുമെന്ന് സെക്കന്റ് ഹാഫിലെ കോള്‍ പാമറിന്റെ ഗോളില്‍ ഒരുവേള പ്രതീക്ഷിച്ചതാണ്. എന്നാല്‍, സ്പാനിഷ് കരുത്തിന് മുന്നില്‍ അതെല്ലാം വിഫലമായി.


സ്‌പെയിന്‍ ഇത് അര്‍ഹിച്ച ട്രോഫിയാണ്. 2022 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ഗംഭീര തിരിച്ചുവരവാണ് അവര്‍ നടത്തിയിട്ടുള്ളത്. ലൂയിസ് എന്റികെ മാനേജര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വന്ന ലൂയിസ് ഡെ ലാ ഫുവന്റെ, ടീമിനെ മികച്ച രീതിയില്‍ പടുത്തുയര്‍ത്തി. ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സും ജോര്‍ദി ആല്‍ബയും വിരമിച്ചപ്പോള്‍ ടീം ചെറുതായൊന്ന് പതറിയെങ്കിലും ലാ ഫുവന്റെ അതിനെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്തു. യുവതാരങ്ങളുടെ ഒരു വലിയ നിരയും സീനിയര്‍ താരങ്ങളും ചേര്‍ന്ന്‌കൊണ്ടുള്ള മികച്ച കോമ്പിനേഷന്‍ ലാ ഫുവന്റെ ഒരുക്കി. ഫലമാവട്ടെ, ഏത് പ്രതിരോധ മതിലും തകര്‍ക്കാന്‍ കഴിയുന്ന ഡെഡ്ലി കോംബോയായി നിക്കോ വില്യംസ് - ലാമിന്‍ യമാല്‍ കൂട്ടുകെട്ട് മാറി. ഇരു വിങ്ങുകളിലുമായി സ്വിച്ച് ചെയ്ത് കളിക്കാനും ആവശ്യമെങ്കില്‍ ഡിഫെന്‍സിലേക്ക് ഇറങ്ങിവന്ന് കളിക്കാനും വില്യംസ് - യമാല്‍ കൂട്ടുകെട്ടിന് സാധിക്കുന്നുണ്ട്. ഡിഫെന്‍സിലേക്ക് വന്നാല്‍ എതിരാളികളില്‍ നിന്ന് പന്ത് റാഞ്ചാന്‍ വേണ്ടി മികച്ച അഗ്രഷന്‍ കാണിക്കുന്ന മാര്‍ക് കുക്കുറേയയും, ഡാനി കാര്‍വഹാളും. ടൂര്‍ണമെന്റില്‍ സ്‌പെയിന്‍ ആകെ വഴങ്ങിയത് നാല് ഗോളുകളാണ്. അടിച്ച് കൂട്ടിയത് പതിനഞ്ച് ഗോളും. ഇതിന് കാരണക്കാരന്‍ മിഡ്ഫീല്‍ഡില്‍ അറ്റാക്കിങ്ങിലും, ഡിഫെന്‍ഡിങ്ങിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റോഡ്രിയാണ്. ഫൈനലില്‍ ആദ്യ പകുതിക്ക് ശേഷം സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് തന്റെ പേരിലാക്കിയാണ് റോഡ്രി കളം വിട്ടത്. പുതുക്കിയ ഫിഫ റാങ്കിങ്ങില്‍ സ്‌പെയിനിപ്പോള്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാമതെത്തിയിട്ടുണ്ട്. വരാന്‍ പോകുന്ന നേഷന്‍സ് ലീഗിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഒരുങ്ങുകയാണ് യൂറോ ചാമ്പ്യന്‍മാര്‍.


കോപ്പയില്‍ അര്‍ജന്റൈന്‍ മുത്തം

ലോക ജേതാക്കളായി കോപ്പ അമേരിക്കയില്‍ പന്തുതട്ടാന്‍ വന്ന അര്‍ജന്റീന കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. സമീപകാലത്തെ ഏറ്റവും മികച്ച സ്‌ക്വാഡുള്ള ടീമും കൂടിയാണ് അര്‍ജന്റീന. എന്നാല്‍, ലോക കപ്പിലെ മികച്ച പ്രകടനം ഇത്തവണ കോപ്പയില്‍ പുറത്തെടുക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചിട്ടില്ല. ജേതാക്കളായെങ്കിലും ആവറേജ് പ്രകടനമാണ് ടീം നടത്തിയിട്ടുള്ളത്. ഗ്രൂപ്പ് സ്റ്റേജില്‍ മിന്നും പ്രകടനം നടത്തിയപ്പോള്‍ നോക്ക് ഔട്ട് മത്സരങ്ങളില്‍ ചെറുതായൊന്ന് പതറി. എക്വഡോറിനെതിരെയും, കാനഡക്കെതിരെയും ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസിന്റെ മികച്ച പ്രകടനമാണ് തുണയായത്. ടീമിന്റെ കരുത്തായ മെസ്സി ടൂര്‍ണമെന്റില്‍ ഒരേ ഒരു ഗോള്‍ മാത്രമാണ് നേടിയിട്ടുള്ളത്. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാവാന്‍ കഴിയാത്തതായിരുന്നു കാരണം. എന്നാല്‍, അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കുന്നതിന് നിര്‍ണായകമായ ചില താരങ്ങളുണ്ട്. ലോകകപ്പിലെ മോശം പ്രകടനത്തിന് വിമര്‍ശനങ്ങളേറ്റുവാങ്ങിയ ലൗതാറോ മാര്‍ട്ടിനസ് കോപ്പയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോപ്പക്ക് മുന്നേ ഗോട്ടിമാലക്കെതിരെയുള്ള മത്സരത്തില്‍ അര്‍ജന്റീനക്ക് പെനാല്‍റ്റി ലഭിച്ചപ്പോള്‍ മാര്‍ട്ടിനസിനോട് കിക്കെടുക്കാനാണ് മെസ്സി പറഞ്ഞത്. ഇത് മാര്‍ട്ടിനസിന് വലിയ ഊര്‍ജമാണ് പകര്‍ന്നത്. കോപ്പയിലെ ടോപ്പ് സ്‌കോറര്‍ ആവാന്‍ മാര്‍ട്ടിനസിന് സാധിച്ചു. ടൂര്‍ണമെന്റില്‍ അര്‍ജന്റീന വഴങ്ങിയത് ഒരേ ഒരു ഗോള്‍ മാത്രമാണ്. ഡിഫന്‍സില്‍ ലിസാന്‍ട്രോ മാര്‍ട്ടിനസും ക്രിസ്ത്യന്‍ റൊമേറോയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം ഗോള്‍ വലക്ക് മുന്നില്‍ നിര്‍ഭയനായി നില്‍ക്കുന്ന എമി മാര്‍ട്ടിനസും. അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങളിലും മിഡ്ഫീല്‍ഡില്‍ എഞ്ചിന്‍ പോലെ പ്രവര്‍ത്തിക്കുന്ന താരമാണ് റോഡ്രിഗോ ഡി പോള്‍. കളിക്കളത്തിലുടനീളം ഡി പോള്‍ നിറസാന്നിദ്ധ്യമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫൈനലിസ്സിമയില്‍ സ്‌പെയിനിന് അര്‍ജന്റൈന്‍ കോട്ട പൊളിക്കുന്നത് അത്ര എളുപ്പമാവില്ല.


യൂറോയിലും കോപ്പയിലും നടത്തിയ മികച്ച പ്രകടനം കൈമുതലാക്കി യുവതാരങ്ങള്‍ തങ്ങളുടെ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടി ഇറങ്ങാന്‍ തയ്യാറായിരിക്കുകയാണ്. തുര്‍ക്കിഷ് വണ്ടര്‍കിഡ് ആര്‍ദ ഗുളറും ബ്രസീലിയന്‍ വണ്ടര്‍കിഡ് എന്റികും റയല്‍ മാഡ്രിഡിനുവേണ്ടി കളിക്കളത്തിലിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ലാമിന്‍ യമാലിന് കൂട്ടായി നിക്കോ വില്യംസിനെ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാന്‍ ഒരുങ്ങുകയാണ് ബാഴ്സ. കോപ്പയിലെ മികച്ച താരത്തിനുള്ള അവാര്‍ഡിനര്‍ഹനായ ഹാമിഷ് റോഡ്രിഗ്വസും ടോപ്പ് ഫൈവ് ലീഗിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ്.


Similar Posts