Analysis
ഇസ്രായേലിലെ ഇറാന്‍ ആക്രമണം
Analysis

വംശഹത്യയെ നിഴല്‍ യുദ്ധം കൊണ്ട് മറച്ചുപിടിക്കുമ്പോള്‍

ഹകീം പെരുമ്പിലാവ്
|
27 April 2024 5:05 AM GMT

ഇസ്രായേല്‍-ഇറാന്‍ നിഴല്‍ യുദ്ധം നിണം ചിന്തുന്ന യുദ്ധത്തിലേക്ക് വഴിമാറിയാല്‍ മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് ആയിരിക്കും കൊണ്ടെത്തിക്കുന്നത്. ഇസ്രായേലിനൊപ്പം അമേരിക്കയും ബ്രിട്ടനും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളും അണിനിരക്കുമെന്നതിനാല്‍ ഇറാനോടൊപ്പം റഷ്യയും ചൈനയും ശക്തമായ ചേരിയായുണ്ടാകും.

ഇസ്രായേലും ഇറാനും തമ്മില്‍ എങ്ങനെ കൊമ്പുകൊര്‍ക്കുമെന്നാണ് ലോകമാധ്യമങ്ങളുടെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന നാടകീയ (പുല്‍വാമ) ആക്രമണങ്ങളെ പോലെ കൃത്യമായ രാഷ്ടീയ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളും. ഗസ്സയില്‍ നടക്കുന്ന അതിഭീകരമായ വംശഹത്യയെ മറച്ചുപിടിക്കാനാണ് ഇറാനെ ഇപ്പോള്‍ യുദ്ധക്കളത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന് പകല്‍ പോലെ വ്യക്തവുമാണ്. ഇസ്രായേല്‍ അകപ്പെട്ട വലിയ കുരുക്കിലേക്ക് കൂടുതല്‍ രാജ്യങ്ങളെ എത്തിക്കുകയും അതൊരു ലോകമഹായുദ്ധമാക്കി മാറ്റണമെന്നുമാണ് ഇസ്രായേലും ജൂതലോബിയും ലക്ഷ്യം വെക്കുന്ന അജണ്ട. അതുവഴി കുറേ രാജ്യങ്ങളെ നിശ്ശേഷമായി ഭൂമുഖത്ത് നിന്നും തുടച്ച് നീക്കാമെന്നും അവര്‍ സ്വപ്നം കാണുന്നു. അതേസമയം ഇറാനുമായി നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍ക്ക് മാനുഷിക പ്രതിസന്ധിയെ മറികടക്കാനാവില്ലന്ന് അജണ്ട നിര്‍മാതാക്കള്‍ മറന്നുപോവുകയും ചെയ്യുന്നു. ഏപ്രില്‍ 1 നും ഏപ്രില്‍ 22 നും ഇടയില്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ നരഹത്യ മാത്രം എടുത്താല്‍ അത് വ്യക്തമാകുന്നതുമാണ്. ഇസ്രായേല്‍ 1500 ലധികം ഫലസ്തീനികളെ കൊല്ലുകയും 2,500 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോകമനസ്സാക്ഷിയുടെ മുന്നില്‍ പുതിയ വിഷയങ്ങള്‍ ഇട്ടുകൊണ്ട് വംശഹത്യ രൂക്ഷമാക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്.

മധ്യപൗരസ്ത്യ ദേശത്ത് ഇറാനും സൗദിയും തമ്മിലുണ്ടായിരുന്ന എതിര്‍പ്പും മേഖലയിലെ ഇറാന്റെ പ്രത്യേക താല്‍പര്യവും നന്നായി മുതലെടുത്തത് ഇസ്രായേല്‍ ആണെങ്കിലും ഇറാനുമായുള്ള സഹകരണത്തിനും അത് കാരണമായി. എന്നാല്‍, ചൈനയുടെ നേതൃത്വത്തില്‍ സൗദിയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണ വീണ്ടും ഇസ്രായേലിനു പാരയായി മാറുകയായിരുന്നു. ചരിത്രപരമായ ഭൗമരാഷ്ട്ര ഘടകങ്ങളുടെ സങ്കീര്‍ണതകള്‍ക്കനുസൃതമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദവും ശത്രുതയും നിലനിന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ എപ്രിലില്‍ സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇറാന്‍ തിരിച്ചടിച്ചത്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ക്ക് അത് വഴിവെക്കുകയായിരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിഴല്‍ യുദ്ധങ്ങള്‍ അതിരൂക്ഷമായ യഥാര്‍ഥ യുദ്ധത്തിലേക്ക് എത്തിപ്പെടുമൊ എന്നായിരുന്നു ലോകം മുഴുവന്‍ നോക്കികൊണ്ടിരുന്നത്. എന്നാല്‍, അധികം വൈകാതെ തര്‍ക്കം അവസാനിപ്പിക്കാന്‍, ഇരുപക്ഷത്തിനും പരസ്പരം സ്വീകാര്യമായ ഒരു മാര്‍ഗത്തിലേക്ക് എത്തിക്കാന്‍ അമേരിക്ക കിണഞ്ഞ് ശ്രമിക്കുന്നതാണ് രാഷ്ട്രീയ ലോകം കണ്ടത്. ചരിത്രത്തിലാദ്യമായി ഇറാന്‍ നേരിട്ട് ഇസ്രായേലിലേക്ക് നടത്തിയ ഡ്രോണ്‍ ആക്രമങ്ങളും ഇറാനിലെ ഇസ്ഫഹാനിലേക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണവുമാണ് ഇരുപക്ഷത്തുനിന്നുമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, ഇരു രാഷ്ട്രങ്ങളും അവര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ ലഘുവാണെന്ന് സ്ഥാപിക്കുവാനും ശ്രമിച്ചിരുന്നു. ഈ ഘട്ടത്തിലും ഇരു രാജ്യങ്ങളും നിഴല്‍ യുദ്ധങ്ങളില്‍ തന്നെയാണിപ്പോഴുമുള്ളതെന്ന് ചിലര്‍ നിരീക്ഷിക്കുന്നു.

എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുതല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ശക്തമായ ചെറുത്ത്‌നില്‍പ്പ് വരെയുള്ള ലോകത്തെ സമകാലിക രാഷ്ടീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും അതൊരു വലിയ പുകയായി എയറില്‍ നിര്‍ത്താന്‍ തന്നെയാണ് ഇസ്രായേലിന്റെയും പടിഞ്ഞാറന്‍ മാധ്യമങ്ങളുടെയും ശ്രമം. എന്നാല്‍, ഇരുരാജ്യങ്ങളും തുല്യമായ അളവില്‍ ഇപ്പോള്‍ വലിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. യുദ്ധവുമായി ഇരുരാജ്യങ്ങളും മുന്നോട്ട് പോകാതിരിക്കുന്ന പക്ഷം അത് മേഖലയില്‍ നിലനില്‍ക്കുന്ന ഭീതിയൊഴിവാക്കാന്‍ കൂടി കാരണമായേക്കും.

ഇറാന്‍ ഇസ്രായേല്‍ ബന്ധങ്ങള്‍

ഇറാനും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന് പഴക്കമേറെയുണ്ട്. 1979 ലെ ഇറാന്‍ വിപ്ലവത്തിനും മുമ്പ് തുടക്കം കുറിച്ചതാണത്. ആശയപരമായ വൈവിധ്യങ്ങളുള്ളതോടൊപ്പം ഇരു രാജ്യങ്ങളും രാഷ്ടീയവും വ്യവസായ-വണിജ്യ ബന്ധങ്ങളും സൂക്ഷിച്ചു പോന്നു. ഇസ്രായേലിലേക്കുള്ള എണ്ണകയറ്റുമതിക്കായി 1960 ല്‍ തുടങ്ങിയ ഐലാത്ത്-അഷ്‌കലോണ്‍ പൈപ്പ് ലൈന്‍ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. സൂയസ് കനാല്‍ വഴി എണ്ണ കടത്തുന്നതിനു തന്ത്രപ്രധാനമായ ബദല്‍ നല്‍കുന്ന ഈ പൈപ്പ് ലൈന്‍ ഇസ്രയേലിന്റെ ഊര്‍ജ്ജ സുരക്ഷയില്‍ ഇന്നും പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍, ഇറാന്‍ വിപ്ലവത്തിനു ശേഷം ഔപചാരികമായ കരാറുകളോ സൈനിക സഹകരണമൊ ഇതുവരെയും ഉണ്ടായിട്ടില്ല. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നത്. പിന്നീടങ്ങോട്ട് ബദ്ധവൈരികളായിട്ടായിരുന്നു ലോകമാധ്യമങ്ങള്‍ ഇരു രാജ്യങ്ങളേയും ഉയര്‍ത്തിക്കാണിച്ചിരുന്നത്.

ലബനാനില്‍ ഹിസ്ബുല്ലയേയും ഫലസ്തീനില്‍ ഹമാസിനേയും സഹായിക്കുന്നതും ഇസ്രായേലിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതിയും ആയുധ നിര്‍മാണവും ഇസ്രായേലും അമേരിക്കയും എന്നും ചോദ്യം ചെയ്തു. സിറിയയിലും യെമനിലും അവരുടെ സൈനിക സാന്നിദ്ധ്യത്തെ ഇസ്രായേലിനു തലവേദന സൃഷ്ടിച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ചാരപ്രവര്‍ത്തിയും വിധ്വംസന പ്രവര്‍ത്തനങ്ങളുമായി ഇസ്രായേല്‍ മുന്നോട്ട് പോയി. ശക്തമായ സൈബര്‍ അറ്റാക്കുകള്‍ക്ക് ഇരുരാജ്യങ്ങളൂം ഇരയായി. മധ്യപൗരസ്ത്യ ദേശത്ത് ഇറാനും സൗദിയും തമ്മിലുണ്ടായിരുന്ന എതിര്‍പ്പും മേഖലയിലെ ഇറാന്റെ പ്രത്യേക താല്‍പര്യവും നന്നായി മുതലെടുത്തത് ഇസ്രായേല്‍ ആണെങ്കിലും ഇറാനുമായുള്ള സഹകരണത്തിനും അത് കാരണമായി. എന്നാല്‍, ചൈനയുടെ നേതൃത്വത്തില്‍ സൗദിയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണ വീണ്ടും ഇസ്രായേലിനു പാരയായി മാറുകയായിരുന്നു. ചരിത്രപരമായ ഭൗമരാഷ്ട്ര ഘടകങ്ങളുടെ സങ്കീര്‍ണതകള്‍ക്കനുസൃതമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദവും ശത്രുതയും നിലനിന്നിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അനൗധ്യോഗിക സൗഹൃദം ഇന്നും നിലനില്‍ക്കുന്നുണ്ട് എന്ന തരത്തിലുള്ള നിരീക്ഷണങ്ങളും ഉണ്ട്.

ഇസ്രായേലിനോട് അരുതെന്ന് പറയാന്‍ ബൈഡന്‍ കാണിച്ച ധൈര്യം അമേരിക്കന്‍ ജനതയെ കൂടെ നിര്‍ത്തുന്നതിന്റെ കൂടി ഭാഗമായി വേണം കരുതാന്‍. ഇറാനെതിരെ ഇപ്പോള്‍ നടത്തുന്ന ഏതു വിധത്തിലുള്ള പ്രതികാരവും കൂടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വല്ലാതെ ചൊടിപ്പിക്കുകയും അതുവഴി ലോകം അരാജകത്വത്തിനു വഴിമാറുമെന്നും അമേരിക്ക മനസ്സിലാക്കുന്നുണ്ട്.

1980 ലെ ഇറാന്‍-ഇറാഖ് യുദ്ധ വേളയില്‍ ഇറാഖിനെ ദുര്‍ബലപ്പെടുത്തുന്നതിനു ഇറാന് ഇസ്രായേലിന്റെ നിര്‍ലോഭമായ സഹായം ലഭിച്ചിരുന്നുവെന്ന് ചരിത്ര രേഖകളിലുണ്ട്. ഇറാഖ് പ്രബലമായ ഒരു ശക്തിയായി ഉയര്‍ന്നു വരുന്നതിനെ ഏറ്റവും ഭയപ്പെട്ടിരുന്ന ഇസ്രായേല്‍ ഇറാനെ സഹായിച്ചുവെന്നതില്‍ അത്ഭുതമൊന്നുമില്ല. മേഖലയില്‍ അവരുടെ തന്ത്രപ്രധാനമായ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഗള്‍ഫ് യുദ്ധസമയത്ത് ഇസ്രായേലിനു പ്രകോപനം സൃഷ്ടിക്കുവാനും യുദ്ധത്തിലിറക്കുവാനുമായി അന്നത്തെ ഇറാഖ് പ്രസിഡ്ന്റ് സദ്ദാം ഹുസൈന്‍ 40 ഓളം സ്‌ക്ഡ് മിസൈലുകള്‍ തുരുതുരാ അയച്ചിട്ടും അമേരിക്കയുടെ ശക്തമായ സമ്മര്‍ധത്തെ തുടര്‍ന്ന് ഇസ്രായേല്‍ തിരിച്ചടിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മതപരവും അതിലേറെ വിഭാഗീയവുമായ താല്‍പര്യങ്ങളാണ് ഇരുരാജ്യങ്ങളേയും തമ്മില്‍ ഒന്നിപ്പിക്കുന്ന മറ്റൊരു ഘടകം. ജൂതമതത്തിന്റെ മറപിടിച്ച് സയണിസവും ഇസ്‌ലാമിന്റെ മറവില്‍ ഷിയാഇസവും രണ്ട് രാജ്യങ്ങളുടേയും താല്‍പര്യങ്ങളെ നയിച്ചു. അമേരിക്കയുടെ ഇറാഖ് അധിനിവേശാനന്തരം ഇറാന്‍ നിരന്തരമായി ഇസ്രായേല്‍ വിരുദ്ധ ഗ്രൂപ്പുകളെ സഹായിക്കുന്നതും ഇറാന്റെ ആണവ പദ്ധതിയും ഇറാഖ്, സിറിയ, യെമന്‍, ലെബനാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ യുദ്ധ പങ്കാളിത്തവും ഇസ്രായേലിനു ഇറാന്‍ ഏറ്റവും വലിയ സുരക്ഷ ഭീഷണിയാകുന്നതിനും കാരണമായി.

ആഗോള യുദ്ധവും നിലനില്‍ക്കുന്ന ഭീതിയും

നിഴല്‍ യുദ്ധം നിണം ചിന്തുന്ന യുദ്ധത്തിലേക്ക് വഴിമാറിയാല്‍ മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് ആയിരിക്കും കൊണ്ടെത്തിക്കുന്നത്. ഇസ്രായേലിനൊപ്പം അമേരിക്കയും ബ്രിട്ടനും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളും അണിനിരക്കുമെന്നതിനാല്‍ ഇറാനോടൊപ്പം റഷ്യയും ചൈനയും ശക്തമായ ചേരിയായുണ്ടാകും. ആഗോളയുദ്ധമായി മാറാന്‍ സാധ്യതകളേറെയാണെങ്കിലും അമേരിക്കക്ക് തങ്ങളുടെ സൂപ്പര്‍ പവര്‍ നഷ്ടപ്പെടുകയും അതിലേക്ക് മറ്റു രാജ്യങ്ങള്‍ കയറിവരുമെന്നതിനാലും അമേരിക്ക ഇത്തരത്തിലൊരു യുദ്ധം ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇസ്രായേല്‍ എന്ന അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുരക്ഷിത സ്ഥാനം നഷ്ടപ്പെടുത്താന്‍ അത് കാരണമാകും. ഇസ്രായേല്‍ മുന്നിട്ടിറങ്ങുന്ന ഏത് ആക്രമണവും അമേരിക്കയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്നതിനാല്‍ യുദ്ധ സാഹചര്യം എങ്ങനെയും ഒഴിവാക്കണമെന്നാണ് ബൈഡന്‍ ഭരണകൂടം ആഗ്രഹിക്കുന്നത്. ഇസ്രായേലിനോട് അരുതെന്ന് പറയാന്‍ ബൈഡന്‍ കാണിച്ച ധൈര്യം അമേരിക്കന്‍ ജനതയെ കൂടെ നിര്‍ത്തുന്നതിന്റെ കൂടി ഭാഗമായി വേണം കരുതാന്‍. ഇറാനെതിരെ ഇപ്പോള്‍ നടത്തുന്ന ഏതു വിധത്തിലുള്ള പ്രതികാരവും കൂടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വല്ലാതെ ചൊടിപ്പിക്കുകയും അതുവഴി ലോകം അരാജകത്വത്തിനു വഴിമാറുമെന്നും അമേരിക്ക മനസ്സിലാക്കുന്നുണ്ട്. ഇസ്രായേലിനു ചുറ്റുമുള്ള ചെറുരാജ്യങ്ങള്‍ മാത്രമായിരിക്കില്ല സംഘര്‍ഷവുമായി വരുന്നത്, റഷ്യ ഉക്രൈനെ അക്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അക്രമം വ്യാപിച്ചാല്‍ അത് തങ്ങളുടെ വരുതിയില്‍ നില്‍ക്കില്ലെന്നും അമേരിക്ക മനസ്സിലാക്കുന്നു.


ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡും അവരുടെ ആണവ പദ്ധതിയും ഇസ്രായേലിനെയും അതുവഴി അമേരിക്കയേയും വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനെ സ്ഥാനത്തും അസ്ഥാനത്തും തീവ്രവാദ മുദ്ര ചാര്‍ത്തുകയും ആണവോര്‍ജം കൈവരിക്കുന്ന ഇറാന്‍ ലോകത്തിനു ഭീഷണിയാണെന്ന് നിരന്തരം പ്രസ്താവനകളിറക്കി അന്താരാഷ്ട്ര ശ്രദ്ധ എന്നും ഇറാനെതിരെയാക്കി നിര്‍ത്തുകയും ചെയ്യുന്നതില്‍ അമേരിക്കയും ഇസ്രായേലും ശ്രദ്ധവെച്ചു. ഒന്നിനു പുറകെ ഒന്നായി ഉപരോധങ്ങള്‍ ചുമത്തിയിടും ഇറാനിയന്‍ ജനത അവയെല്ലാം അതിജീവിക്കുകയായിരുന്നു. റെവല്യൂഷണറി ഗാര്‍ഡിന്റെ തലവനായിരുന്ന ഖാസിം സുലൈമാനിയേയും ആണവോര്‍ജ പദ്ധതികളുടെ ബുദ്ധികേന്ദ്രവും തലവനുമായിരുന്ന മുഹ്‌സിന്‍ ഫക്രിസാദിനേയും അമേരിക്കയും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദും ചേര്‍ന്ന് നിഷ്‌കരുണം കൊല ചെയ്തു. ആണവോര്‍ജ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട വേറെയും നാലോളം ശാസ്ത്രജ്ഞന്മാരെ നിഷ്‌കരുണം കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസവും ഇസ്രായേല്‍ ഇസ്ഫഹാനിലെ ആണവോര്‍ജ ഗവേഷണ കേന്ദ്രത്തിനു നേരെയാണ് മിസൈലയച്ചതെന്ന് ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. സൗദിയും ഇസ്രായേലും തമ്മില്‍ ഏതാണ്ട് എല്ലാ വാതിലുകളും തുറക്കാവുന്ന ഘട്ടത്തിലായിരുന്നു നിലവിലെ യുദ്ധവും വംശഹത്യയും എന്നതിനാല്‍ സൗദി പരസ്യമായ സൗഹൃദത്തിന്റെ വാതിലുകളില്‍ നിന്ന് തല്‍കാലം പിന്മാറുകയും ഇറാനുമായി കൂടുതല്‍ സഹകരിക്കുന്ന അവസ്ഥകള്‍ ഉണ്ടാവുകയും ചെയ്തതു അമേരിക്കക്കും ഇസ്രായേലിനും തിരിച്ചടിയായി. ഇറാനുമായി ഒരിക്കലും സംഘര്‍ഷമുണ്ടാകരുതെന്ന അറബ് രാജ്യങ്ങള്‍ അമേരിക്കയോട് തുറന്ന് പറയുകയും ചെയ്തു. ഇസ്രായേല്‍ ഫലസ്തീന്‍ യുദ്ധം പോലെയാവില്ല ഇറാനെന്ന് അറബ് രാജ്യങ്ങള്‍ക്ക് നല്ല ധാരണയുണ്ട്.

ഇറാന്‍ ഇസ്രായേല്‍ ആക്രമണത്തിനു മുന്നോടിയായി എടുത്ത മുന്‍കരുതലുകളും യു.എന്നിലേക്കയച്ച സന്ദേശവും വെറും നിഴല്‍ യുദ്ധങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നിരുന്നാലും ഇറാന്‍ ആക്രമണത്തില്‍ എടുത്തു പറയേണ്ട ചില സംഗതികളുണ്ടയിരുന്നു. രാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡതയും രാഷ്ടീയ സ്വാന്തന്ത്ര്യവും ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര നിയമത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടാണ് ആക്രമണം ഒരുക്കിയതെന്നതാണതില്‍ ഒന്നാമത്തേത്. തങ്ങള്‍ നടത്തുന്നത് യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രകാരമുള്ള നിയമപരമായ പ്രതിരോധവുമാണെന്നും സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും കൃത്യവും വ്യക്തവുമായ ഭാഷയില്‍ യു.എന്നിനെ ഇറാന്‍ അറിയിച്ചിരുന്നു. ഇത് സ്വയം പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും നിയമാനുസൃത പരമാധികാര രാജ്യമായതിനാല്‍ അതിനു തങ്ങള്‍ക്ക് കഴിയുമെന്നും ആ ധൈര്യം കാണിക്കുകയാണെന്നുമുള്ള വ്യക്തത അതിലുണ്ടായിരുന്നു. അതോടൊപ്പം ഇസ്രായേലിനു നിയമസാധുതയില്ലെന്ന സൂചനയും അതിലെ വരികള്‍ക്കിടയില്‍ വായിക്കാം. ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചടിച്ച ഇസ്രായേലിന്റെ ആക്രമണങ്ങളിലും വിപുലീകരണ സാധ്യത തുലോം കുറവായിരുന്നു.

ചുരുക്കത്തില്‍ ഇസ്രായേലിനു ഗസ്സയിലെ തുടര്‍ച്ചയായ യുദ്ധ പരാജയം മറച്ചുപിടിക്കാന്‍ പ്രബലനായ ഒരു എതിരാളിയെ വേണം. അതിനേറ്റവും പറ്റിയത് ഇറാന്‍ തന്നെയാണെന്നും പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അന്തരീക്ഷത്തില്‍ നിര്‍ത്തിയ ഇറാന്‍ ഇസ്രായേല്‍ ശത്രുത ലോകം എളുപ്പത്തില്‍ വിശ്വസിച്ചുകൊള്ളുമെന്നും ഇസ്രായേലിനറിയാം. ലോകമൊന്നടങ്കം തള്ളിപ്പറയുകയും അന്താരാഷ്ട്ര തലത്തില്‍ യാതൊരു നിയമത്തിന്റെ പിന്‍ബലവുമില്ലാതെ ഇക്കഴിഞ്ഞ ഏതാണ്ട് 200 ദിവസങ്ങളായി ഇസ്രായേല്‍ തുടരുന്ന ലോകം കണ്ട ഏറ്റവും കിരാതമായ വംശഹത്യയില്‍ നിന്ന് മാധ്യമങ്ങളെ വഴിതിരിച്ച് വിടാന്‍ മാത്രമാണ് നിഴല്‍ യുദ്ധങ്ങളില്‍ നിന്നും ഇസ്രായേലും അമേരിക്കയും പുതുവഴിതേടുന്നത്. അതിലേക്കാണ് ഇറാനെ വലിച്ചിഴക്കുന്നത്.


Similar Posts