'സംഘ'കാലത്ത് ഹം ദേഖേംഗേ കേള്‍ക്കുമ്പോള്‍
|പാകിസ്താന്‍ വിരുദ്ധനായ, സിയാഉല്‍ ഹഖിന്റെ ഏകാധിപത്യ നിലപാടുകളെ നഖശ്ശിഖാന്തം എതിര്‍ക്കുന്ന ഫൈസ് അഹമ്മദ് ഫൈസ് ഏകാധിപത്യ നിലപാടുകളോട് പ്രതിഷേധിച്ചാണ് 1979 ല്‍ ഹംദേഖേംഗെ എഴുതിയത്.
എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ സമരകാലത്താണ് ഇന്ത്യയിലെങ്ങും 'ഹം ദേഖേംഗെ (നമ്മളത് കാണും) തരംഗമായി ആഞ്ഞടിച്ചത്. ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റി മുതല്‍ ജന്തര്‍മന്ദര്‍ വഴി കൊച്ചിയിലും കോഴിക്കോട്ടും എന്നുവേണ്ട കേരളക്കരയൊട്ടാകെയും അതിന്റെ അലയൊലികള്‍ മുഴങ്ങി.
ഉറുദു, പാഴ്സി, അറബി ഭാഷയിലെ വിഖ്യാത വിപ്ലവ കവിയും, പാകിസ്താനിലെ കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമായിരുന്ന ഫൈസ് അഹ്മദ് ഫായിസിന്റെ കവിതയാണ് 'ഹം ദേഖേംഗേ'. ഈ കവിത ആദ്യം ആലപിച്ചത് പാകിസ്താനിലെ ഇതിഹാസ ഗായിക ഇഖ്ബാല്‍ ബാനോയാണ്. പാകിസ്താനില്‍ സിയാഉല്‍ ഹഖ് പട്ടാള അട്ടിമറി നടത്തുകയും സകല പുരോഗമന ആശയങ്ങളെയും അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍ അതിനെതിരെയുള്ള പ്രതിഷേധം എന്ന നിലക്കാണ് ബാനോ ഈ പാട്ട് പാടിയത്. 50000 പേര്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ കറുത്ത സാരി ധരിച്ച് ഇഖ്ബാല്‍ ബാനോ ഈ പാട്ട് പാടിയപ്പോള്‍ അവര്‍ സംഗീത ചരിത്രത്തിലേക്ക് കൂടി നടന്നുകയറുകയായിരുന്നു. ഇതോടെ ഇഖ്ബാല്‍ ബാനോയുടെ പാട്ട് ഭരണകൂടം നിരോധിച്ചെങ്കിലും ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമായി മാറിയ ഈ പാട്ട് കാട്ടുതീ പോലെ പടരുകയും ജനത ഒന്നടങ്കം അത് ഏറ്റെടുക്കുകയും ചെയ്തു.
സി.എ.എ വിരുദ്ധ സമരകാലത്ത് ഹംദേഖേംഗെ കോടതി വ്യവഹാരങ്ങളിലേക്ക് ആനയിക്കപ്പെട്ടു. സമരം യൂണിവേഴ്‌സിറ്റികളിലും, കാമ്പസുകളിലും കാട്ടുതീ പോലെ പടര്‍ന്നു പിടിച്ച സമയത്ത് കാണ്‍പൂര്‍ ഐ.ഐ.ടിയിലും ജാമിയ മില്ലിയയിലും വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കാമ്പസില്‍ നേടിടേണ്ടി വന്ന പൊലീസ് അതിക്രമത്തിനെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഫൈസിന്റെ 'ഹം ദേഖേംഗെ 'ആലപിച്ചിരുന്നു. ഈ കവിതയില്‍ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കാണ്‍പൂര്‍ ഐ.ഐ.ടി, വിദഗ്ദ സമിതിയെ രൂപീകരിച്ചിരുന്നു. കൂടാതെ പാകിസ്താന്‍കാരന്‍ എഴുതിയ കവിതയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉണ്ടോയെന്നും അന്വേഷിച്ചിരുന്നു. പാകിസ്താന്‍ വിരുദ്ധനായ, സിയാഉല്‍ ഹഖിന്റെ ഏകാധിപത്യ നിലപാടുകളെ നഖശ്ശിഖാന്തം എതിര്‍ക്കുന്ന ഫൈസ് അഹമ്മദ് ഫൈസ് ഏകാധിപത്യ നിലപാടുകളോട് പ്രതിഷേധിച്ചാണ് 1979 ല്‍ ഹംദേഖേംഗെ എഴുതിയത്. കവി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ച് പാകിസ്താന്‍ ഭരണകൂടം ഫൈസിനെ തടവിലാക്കിയിരുന്നു. ജയില്‍ ദിനങ്ങള്‍ അദ്ദേഹം കവിതാ രചനയില്‍ മുഴുകി.
ഇഖ്ബാല്‍ ബാനോ
അവിഭക്ത പഞ്ചാബില്‍ ജനിച്ച് വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ ഫൈസ് അഹമ്മദ് ഫൈസ് സ്വന്തം രാജ്യത്ത് എന്നും പ്രവാസിയായിരുന്നു. ഭരണകൂടത്തിന്റെ വിമര്‍ശകനായ കവി എപ്പോഴും നോട്ടപ്പുള്ളിയായിരുന്നു. സുല്‍ഫീകര്‍ അലി ഭൂട്ടോയുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. ഭുട്ടോയെ സ്ഥാനഭ്രഷ്ട്‌നാക്കി പട്ടാള മേധാവി സിയാവുല്‍ ഹഖ് ഭരണം പിടിച്ചെടുത്തപ്പോള്‍ ഭരണകൂടം കവിയെ നിരീക്ഷിക്കാന്‍ തുടങ്ങി. അശാന്തമായ പാകിസ്താനില്‍ ഫൈസിന് ഭരണകൂടത്തില്‍ നിന്നും ഒരു പാട് ഭീഷണികള്‍ നേരിടേണ്ടി വന്നു. ഇതേത്തുടര്‍ന്ന് ഫൈസ് രാജ്യം വിട്ട് ലബനാനിലേക്ക് പോയി. എന്നിരുന്നാലും ഇന്നും ഇക്ബാല്‍ ബാനോവിന്റെ ശബ്ദത്തിലും, കോക്ക് സ്റ്റുഡിയോയില്‍ നൂറ് മില്യനോളം ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന പാകിസ്താനിലെ പ്രമുഖ ഗായകരായ ആബിദ പര്‍വീന്‍, അലി അസ്മത്ത്, അലി സേത്തി, ഗുല്‍ പന്റ, ഫരീദ് ബ്രദേഴ്‌സ്, നടാഷ ബെയ്ഗ് എന്നിവരാല്‍ പാടപ്പെടുന്ന പ്‌ളേലിസ്റ്റുകളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമാണ്. എന്നും പ്രചോദനമേകുന്ന ഹംദേഖേംഗെയുടെ മലയാള വിവര്‍ത്തനം കവയിത്രി ഷമീന ബീഗം നിര്‍വഹിക്കുകയും, പുഷ്പാവതിയുടെ ശബ്ദത്തില്‍ എന്‍.ആര്‍.സി സമര നാളുകളില്‍ പുറത്തു വരികയും ചെയ്തിരുന്നു.
ഹം ദേഖേംഗേ (കവിത)
നമ്മള്‍ കാണും.
നാമത് കാണും നമ്മള്‍ കാണും
നിശ്ചയമത് നാം നേരില്‍ കാണും
കാലം അതിന്റെ കരളില്‍ കൊത്തിയ
*വാഗ്ദാനത്തിന്‍ നാള്‍ പുലരും.
നാമത് കാണും നമ്മള്‍ കാണും
നിശ്ചയമത് നാം നേരില്‍ കാണും
ഈ അപമാനത്തിന്‍ തീമലയൊക്കെ
പഞ്ഞി കണക്കെ പാറിപ്പോകും
മര്‍ദ്ദനം ഏറ്റവര്‍ കാല്‍വയ്ക്കുമ്പോള്‍
തുട തുട് എന്നീ മണ്ണ് തൂടിക്കും
നാമത് കാണും നമ്മള്‍ കാണും
നിശ്ചയമത് നാം നേരില്‍ കാണും
ദുര്‍ഭരണത്തിന്‍ ശിരസ്സ് സുകളമ്പെ
വെള്ളിടി വെട്ടിച്ചിതറുമ്പോള്‍
വിശുദ്ധമേടയില്‍ നിന്നാ വ്യാജ
ദൈവം ഇറങ്ങിപ്പോകുമ്പോള്‍
തീണ്ടാപ്പാടില്‍ നിന്നവരവിടെ
അന്തസ്സോടെ ഇരിക്കുമ്പോള്‍
നിന്‍ കനക കീരീടം വെന്തുരുകും
ആ സിംഹാസനവും കടപുഴകും.
നാമത് കാണും ഉറപ്പായ് കാണും
നിശ്ചയം അത് നാം നേരില്‍ കാണും
പരമപ്പൊരുളാം *അല്ലാഹ് അന്നും
കാണുന്നവനായുണ്ടാകും
അദൃശ്യനെന്നാല്‍ സകലം കാണാന്‍
കഴിയുന്നവനായുണ്ടാകും.
അതില്‍ ഞാനുണ്ടാവും നീയുണ്ടാവും
മര്‍ദിതര്‍ അന്നീ നാട് ഭരിക്കും
ദൈവത്തിന്റെ നാട് പിറക്കും.
അത്യുച്ചത്തില്‍ നമ്മള്‍ വിളിക്കും
ഞാനാണൂടയോന്‍; ഞാനാണൂടയോന്‍.
അതില്‍ ഞാനുണ്ടാവും നീയുണ്ടാവും.
നാമത് കാണും നമ്മള്‍ കാണും
നിശ്ചയമത് നാം നേരില്‍ കാണും
കാലം അതിന്റെ കരളില്‍ കൊത്തിയ
വാഗ്ദാനത്തില്‍ നാള്‍ പുലരും.
.............
(വാഗ്ദാനം *ഭൂമിയിലെ മര്‍ദ്ദിതരോട് ദയ കാണിക്കാനും അവരെ നായകരും ഭൂമിയുടെ അവകാശികളുമാക്കുവാനും നാമുദ്ദേശിക്കുന്നു. (ഖുര്‍ആന്‍ 28:5)