Analysis
ഇന്‍ഡ്യ ഗോദിമീഡിയയെ ബഹിഷ്‌കരിക്കുമ്പോള്‍
Analysis

'ഇന്‍ഡ്യ' ഗോദിമീഡിയയെ ബഹിഷ്‌കരിക്കുമ്പോള്‍

ഷിയാസ് ബിന്‍ ഫരീദ്
|
15 Sep 2023 4:11 PM GMT

ഇന്ത്യയിലെ വിവിധ ടെലിവിഷന്‍ ചാനലുകളിലെ 14 സുപ്രധാന അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷ മുന്നണിയായ 'ഇന്‍ഡ്യ'. ഗോദി മീഡിയ എന്ന പേരില്‍ അറിയപ്പെടുന്ന, മോദി ഭരണകൂടത്തിനു വേണ്ടി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന മാധ്യമങ്ങളിലെ ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാനാണ് ഇന്‍ഡ്യ മുന്നണിയുടെ തീരുമാനം.

ഇന്ത്യയില്‍ കൊറോണ പരത്തിയത് തബ്ലീഗ് ജമാഅത്തുകാരാണ്, അവര്‍ പൊതുവിടത്തില്‍ തുപ്പുകയും കറന്‍സികളില്‍ തുപ്പി റോഡില്‍ ഉപേക്ഷിച്ചും കൊറോണ പരത്തുകയാണ്, തബ്ലീഗ് ജമാഅത്തുകാരുടേത് തുപ്പല്‍ ജിഹാദ്, ഇവരൊക്ക ഇന്ത്യക്കൊപ്പമാണോ, അതോ വേറെ രാജ്യമുണ്ടാക്കലാണോ അജണ്ട, ഇതിനു പിന്നില്‍ പാകിസ്താന്റെ ഗൂഡാലോചനയുണ്ട് - രാജ്യം കോവിഡ് മഹാമാരിയെ അഭിമുഖീകരിച്ചd തുടങ്ങിയ കാലത്ത് ചില ദേശീയമാധ്യമങ്ങളില്‍ ഉയര്‍ന്നുകേട്ട ചര്‍ച്ചകളും വാദങ്ങളുമായിരുന്നു ഇതൊക്കെ. മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം 2020 മാര്‍ച്ച് 13 മുതല്‍ 15 വരെ ചേര്‍ന്നൊരു സമ്മേളനത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെടുത്തി വിദ്വേഷ പ്രചരണം നടത്തി ഇസ്ലാമോഫോബിയ പരത്തി നേട്ടമുണ്ടാക്കിയ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി, സുധീര്‍ ചൗധരിയുടെ സീ ന്യൂസ്, സുരേഷ് ചവ്നാകെയുടെ സുദര്‍ശന്‍ ന്യൂസ്, ഇന്ത്യ ടിവി, ന്യൂസ് 18ന്റെ ഹിന്ദി പതിപ്പായ ന്യൂസ് ഇന്‍ഡ്യ തുടങ്ങിയ ചാനലുകള്‍.

ഇന്ത്യയിലെ വിവിധ ടെലിവിഷന്‍ ചാനലുകളിലെ 14 സുപ്രധാന അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷ മുന്നണിയായ 'ഇന്‍ഡ്യ'. ഗോദി മീഡിയ എന്ന പേരില്‍ അറിയപ്പെടുന്ന, മോദി ഭരണകൂടത്തിനു വേണ്ടി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന മാധ്യമങ്ങളിലെ ചാനല്‍ അവതാരകരെയും ബഹിഷ്‌ക്കരിക്കാനാണ് ഇന്‍ഡ്യ മുന്നണിയുടെ മാധ്യമ വിഭാഗത്തിന്റെ തീരുമാനം. വവിധ ചാനലുകളിലെ 14 പേരെയാണ് ബഹിഷ്‌കരിച്ചത്. മേല്‍പ്പറഞ്ഞ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അവതാരകരുമൊക്കെ ഇതില്‍പ്പെടും എന്നതാണ് ഹൈലൈറ്റ്. റിപബ്ലിക് ഭാരത്, ടൈംസ് നൗ, സുദര്‍ശന്‍ ന്യൂസ്, ദൂരദര്‍ശന്‍ എന്നീ ചാനലുകളെയാണ് 'ഇന്‍ഡ്യ' മുന്നണി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയും പക്ഷപാതപരമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ബഹിഷ്‌കരണ കാരണമായി മുന്നണി ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം പൊതുപ്രശ്നങ്ങളില്‍നിന്നും വിഷയങ്ങളില്‍നിന്നും ഇവര്‍ ശ്രദ്ധ തിരിക്കുന്നതായും മുന്നണി പറയുന്നു. തുടക്കത്തില്‍ ഏതാനും മാസത്തേക്കായിരിക്കും ബഹിഷ്‌കരണം. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുനഃപരിശോധിക്കും. ഒരു പുരോഗതിയുമില്ലെങ്കില്‍ ഇത്തരം ചാനലുകള്‍ക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമുണ്ടാകുമെന്നും മുന്നണി വ്യക്തമാക്കുന്നു.

ടൈംസ് നെറ്റ്വര്‍ക്കിലെ നവിക കുമാര്‍, റിപബ്ലിക് ടി.വിയിലെ അര്‍ണബ് ഗോസ്വാമി, ഡി.ഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ന്യൂസ്18ലെ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്സ്പ്രസിലെ അതിഥി ത്യാഗി, ആജ്തകിലെ സുധീര്‍ ചൗധരി, ചിത്ര തൃപാഠി, ഭാരത്24ലെ റുബിക ലിയാഖത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടി.വിയിലെ പ്രാച്ഛി പരാശ്വര്‍, ടൈംസ് നൗ നവഭാരതിലെ സുശാന്ത് സിന്‍ഹ എന്നിവരാണ് ബഹിഷ്‌കരണ ലിസ്റ്റിലുള്ള അവതാരക-മാധ്യമപ്രവര്‍ത്തകര്‍. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന 'ഇന്‍ഡ്യ' മുന്നണിയുടെ കോഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. ഈ ചാനലുകളിലെ 14 അവതാരകര്‍ നടത്തുന്ന പരിപാടികളിലും ചര്‍ച്ചകളിലും മുന്നണിയുടെ പ്രതിനിധികള്‍ പങ്കെടുക്കില്ല. വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയും പക്ഷപാതപരമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ബഹിഷ്‌കരണ കാരണമായി മുന്നണി ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം പൊതുപ്രശ്നങ്ങളില്‍നിന്നും വിഷയങ്ങളില്‍നിന്നും ഇവര്‍ ശ്രദ്ധ തിരിക്കുന്നതായും മുന്നണി പറയുന്നു. തുടക്കത്തില്‍ ഏതാനും മാസത്തേക്കായിരിക്കും ബഹിഷ്‌കരണം. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുനഃപരിശോധിക്കും. ഒരു പുരോഗതിയുമില്ലെങ്കില്‍ ഇത്തരം ചാനലുകള്‍ക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമുണ്ടാകുമെന്നും മുന്നണി വ്യക്തമാക്കുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ഇന്‍ഡ്യ സഖ്യത്തിലെ പല കക്ഷികളും ആരോപിക്കുന്നു.


നേരത്തെ, മാധ്യമവിവേചനത്തില്‍ പ്രതിഷേധിച്ച് 2019 മെയില്‍ കോണ്‍ഗ്രസ് ഒരു മാസത്തേക്ക് ടെലിവിഷന്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചിരുന്നു. കൂടാതെ, കര്‍ഷകപ്രക്ഷോഭ കാലത്ത് കര്‍ഷക സംഘടനകളും സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളുടെ പ്രചാരണം തടയാന്‍ ബഹിഷ്‌കരണവുമായി രംഗത്തെത്തിയിരുന്നു. 'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കുക' എന്ന സന്ദേശമുയര്‍ത്തി രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയെ രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ തമസ്‌കരിക്കുകയും വേണ്ട പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏകപക്ഷീയമായി ബി.ജെ.പിക്ക് അനൂകൂലമായി വാര്‍ത്തകളെ വളച്ചൊടിക്കുകയും കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും അവര്‍ക്കു വേണ്ടി മാത്രം സംസാരിക്കുകയും പ്രതിപക്ഷനിരയെ ഇകഴ്ത്തുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണവും വിദ്വേഷപ്രചരണവും നടത്തുകയും ചെയ്യുന്നതാണ് ഗോദി മീഡിയയുടെ രീതി. ഇത്തരത്തില്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി മാത്രം മാധ്യമ പ്രവര്‍ത്തനം നടത്തുന്ന 14 പേരെയാണ് ഇന്‍ഡ്യ മുന്നണി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

ചില മാധ്യമങ്ങള്‍ കൊറോണ വൈറസിനെ 'തബ്ലീഗി വൈറസ്' എന്ന് പോലും വിളിച്ചു. കോവിഡ് വ്യാപനത്തെ തബ്ലീഗുമായി ബന്ധിപ്പിച്ചുള്ള ഗോദി മീഡിയയുടെ വിദ്വഷ പ്രചരണങ്ങള്‍ നിരവധിയായിരുന്നു. ഇത്തരം വിഭജന റിപ്പോര്‍ട്ടുകളുടെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തബ്ലീഗ് ജമാഅത്തുകാര്‍ ആക്രമിക്കപ്പെടുന്ന ദുരവസ്ഥ പോലുമുണ്ടായി.

എന്താണ് ഗോദി മീഡിയ

'ഗോദി' എന്നത് ഹിന്ദി വാക്കാണ്. 'മടിയില്‍' എന്നാണ് മലയാളത്തില്‍ അര്‍ഥം. അതായത് 'മടിയിലെ മീഡിയ' എന്നര്‍ഥം. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാഗ്സസെ അവാര്‍ഡ് ജേതാവും എന്‍.ഡി.ടി.വി എഡിറ്ററുമായിരുന്ന രവീഷ് കുമാറാണ് ഗോദി മീഡിയ എന്ന വാക്കിന്റെ ഉപജ്ഞാതാവ്. ഇവിടുത്തെ മാധ്യമങ്ങള്‍ മിക്കവയും ഒന്നുകില്‍ സര്‍ക്കാരിന്റെ, അല്ലെങ്കില്‍ കോര്‍പ്പറേറ്റുകളുടെ മടിയിലെ കളിപ്പാവകളാണ് എന്നാണ് അദ്ദേഹം ഗോദി മീഡിയ എന്ന പേരുകൊണ്ടുദ്ദേശിച്ചത്. അതേസമയം, ഇതേ എന്‍.ഡി.ടി.വി ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ചങ്കും കരളുമായ അദാനിയുടെ കൈകളിലാണ് എന്നത് മറ്റൊരു വസ്തുത.

കോവിഡ് കാലത്ത് ഈ ഗോദി മീഡിയകള്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങള്‍ക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല. തബ്ലീഗ് സമ്മേളനമാണ് രാജ്യത്തെ കോവിഡിന്റെ പ്രഭവകേന്ദ്രമെന്നും അവരാണ് കൊറോണ പരത്തുന്നതെന്നും അവര്‍ പച്ചയ്ക്കു പറഞ്ഞു. 'ദ തബ്ലീഗി ജമാഅത്ത് മര്‍ക്കസ് ഓഫ് നിസാമുദ്ദീന്‍ ഇന്‍ ഡല്‍ഹി ഹാസ് ബിക്കം ദ ബിഗ്ഗെസ്റ്റ് കൊറോണ വൈറസ് സൂപ്പര്‍ സ്പ്രെഡര്‍' എന്നായിരുന്നു റിപ്പബ്ലിക് ടി.വി ചര്‍ച്ചയിലിരുന്ന് അര്‍ണബ് ഗോസ്വാമി അലറിവിളിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് നടക്കാന്‍ അവരുടെ നേതാക്കള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കുന്നു, വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന് നടത്തുന്ന ഈ ഇസ്ലാമിക സമ്മേളനവും അതിലെ മുസ്ലിം പുരോഹിതരും രാജ്യത്ത് വൈറസ് പടര്‍ത്താന്‍ ഗൂഢാലോചന നടത്തി എന്നൊക്കെയായിരുന്നു 'മര്‍ക്കസ് സൂപ്പര്‍ സ്പ്രഡര്‍', 'മര്‍ക്കസ് കോവിഡ് സ്പ്രെഡ് സ്‌കെയര്‍' എന്നൊക്കെയുള്ള ഹാഷ്ടാഗുകളിലും തലക്കെട്ടുകളിലും ഊന്നിയുള്ള ചര്‍ച്ചയില്‍ അര്‍ണബ് തട്ടിവിട്ടത്. ഈ വിദ്വേഷ പ്രചാരണത്തിലൂന്നി അര്‍ണബും റിപ്പബ്ലിക്കും നടത്തിയ നിരവധി ചര്‍ച്ചകളില്‍ ഒന്ന് മാത്രമായിരുന്നു ഇത്.


ഇതിലും ഭയാനകമായിരുന്നു സീന്യൂസ് ഇടപെടല്‍. തബ്ലീഗ് ജമാഅത്തുകാരെ ചാവേറുകള്‍ എന്ന് വിളിച്ചായിരുന്നു സീന്യൂസ് ഒരു ചര്‍ച്ചയില്‍ അധിക്ഷേപിച്ചത്. അവര്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നു എന്നായിരുന്നു മറ്റൊരു ആരോപണം. തബ്ലീഗ് ജമാഅത്തിനെ അല്‍ ഖ്വയ്ദയുമായി ബന്ധിപ്പിച്ചായിരുന്നു ചാനലിന്റെ മറ്റൊരു 'എക്‌സ്‌ക്ലൂസീവ്' റിപ്പോര്‍ട്ട്. കോവിഡ് കേസുകളുടെ വര്‍ധനവ് തബ്ലീഗ് ജമാഅത്ത് അംഗങ്ങളുടെ ദുഷിച്ച ചിന്തകള്‍ കാരണമാണെന്നായിരുന്നു സീ ന്യൂസ് എഡിറ്ററായിരിക്കെ, ഇപ്പോഴത്തെ ആജ് തക് കണ്‍സള്‍ട്ടിങ് എഡിറ്റര്‍ സുധീര്‍ ചൗധരി ആരോപിച്ചത്. രാജ്യത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയതിന് പിന്നില്‍ തബ്ലീഗുകാരുടെ മതവിശ്വാസമാണെന്നും ചൗധരി ആരോപിച്ചിരുന്നു. ഇവിടംകൊണ്ടും തീര്‍ന്നില്ല, 'മര്‍ക്കസ് എന്ന നാശകാരി' എന്നായിരുന്നു ടൈം നൗ വിശേഷിപ്പിച്ചത്. 'കൊറോണ ജിഹാദ്' എന്ന് വിശേഷിപ്പിച്ചായിരുന്നു സുദര്‍ശന്‍ ന്യൂസില്‍ സുരേഷ് ചവാങ്കെയുടെ വിദ്വേഷ പരിപാടികള്‍.

2020 ഫെബ്രുവരി അവസാനം ക്വാലാലംപൂരിലെ പെറ്റാലിംഗിലെ ഒരു പള്ളിയിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ വെച്ച് ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഇത് പാകിസ്താന്റെ നിര്‍ദേശപ്രകാരമാണ് എന്നൊക്കെയായിരുന്നു 2020 ഏപ്രില്‍ 7ന്, ന്യൂസ് 18 ഇന്ത്യയുടെ മാനേജിങ് എഡിറ്റര്‍ അമീഷ് ദേവ്ഗണ്‍ തന്റെ ഷോയില്‍ പറഞ്ഞത്. ചില മാധ്യമങ്ങള്‍ കൊറോണ വൈറസിനെ 'തബ്ലീഗി വൈറസ്' എന്ന് പോലും വിളിച്ചു. കോവിഡ് വ്യാപനത്തെ തബ്ലീഗുമായി ബന്ധിപ്പിച്ചുള്ള ഗോദി മീഡിയയുടെ വിദ്വഷ പ്രചരണങ്ങള്‍ നിരവധിയായിരുന്നു. ഇത്തരം വിഭജന റിപ്പോര്‍ട്ടുകളുടെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തബ്ലീഗ് ജമാഅത്തുകാര്‍ ആക്രമിക്കപ്പെടുന്ന ദുരവസ്ഥ പോലുമുണ്ടായി. മുസ്ലിം വ്യാപാരികളെ ബഹിഷ്‌കരിക്കുകയും വിലക്കുകയും ആശുപത്രികളില്‍ ചികിത്സ നിഷധിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍, 22കാരനായ മെഹ്ബൂബ് അലി എന്ന യുവാവിനെ വൈറസ് പടര്‍ത്തുന്നുവെന്ന് ആരോപിച്ച് ചിലര്‍ മര്‍ദിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലും നാല് തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ ആക്രമിക്കപ്പെട്ടു. സുഹൈല്‍ തംബോലി, അസ്ലം അഥര്‍, സയ്യിദ് ലായക്, നിസാമുദ്ദീന്‍ ഖാസി എന്നിവരാണ് മര്‍ദനത്തിന് ഇരയായത്.

വിദ്വേഷവും കുപ്രചരണവും ഛര്‍ദിക്കാന്‍ മാത്രം വായ തുറക്കുന്ന ഇത്തരം അവതാരകര്‍ക്ക് ഇടയ്‌ക്കെങ്കിലും ഇത്തരം തിരിച്ചടികള്‍ നല്‍കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നു എന്നതും അല്‍പം ആശ്വാസകരമാണ്.

യു.പി അടക്കം വിവിധ സംസ്ഥാനങ്ങളില്‍ തബ്ലീഗുകാര്‍ക്കെതിരെ കോവിഡ് പരത്തിയെന്ന് ആരോപിച്ച് കേസെടുത്തു, നിരവധി പേരെ ജയിലിലടച്ചു. ഒടുവില്‍ കോടതികള്‍ തന്നെ ഇടപെട്ട് അവരെ മോചിപ്പിക്കുകയായിരുന്നു. തബ്ലീഗുകാര്‍ കോവിഡ് വ്യാപിപ്പിച്ചതിന് തെളിവില്ലെന്നും അവരെ ഭരണകൂടവും മാധ്യമങ്ങളും ബലിയാടുകളാക്കുകയായിരുന്നു എന്നുമാണ് എഫ്.ഐ.ആറുകള്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്. ഡല്‍ഹി മര്‍കസില്‍ എത്തിയ വിദേശികള്‍ക്കെതിരെ മാധ്യമങ്ങളില്‍ വലിയ പ്രചരണം നടക്കുകയും ഇന്ത്യയില്‍ കോവിഡ് പരത്തുന്നതില്‍ അവരാണ് ഉത്തരവാദികള്‍ എന്ന ചിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


ഇതുകൂടാതെ, നവരാത്രിയുടെ ഭാഗമായി നടക്കുന്ന ഗര്‍ബ നൃത്താഘോഷ പരിപാടികളില്‍ മുസ്ലിം യുവാക്കള്‍ പേരുമാറി എത്തുന്നുവെന്നും 'ലൗ ജിഹാദി'ന്റെ ഭാഗമായിട്ടാണിതെന്നും സുധീര്‍ ചൗധരി ആജ് തകില്‍ കുപ്രചരണം നടത്തിയിരുന്നു. സീ ന്യൂസിലായിരിക്കെ, ലാന്‍ഡ് ജിഹാദ്, പോപുലേഷന്‍ ജിഹാദ്, ലവ് ജിഹാദ്, എജ്യുക്കേഷന്‍ ജിഹാദ്, എക്കണോമിക് ജിഹാദ്, ഹിസ്റ്ററി ജിഹാദ്, മീഡിയ ജിഹാദ് എന്നിങ്ങനെ വിവിധ തരം ജിഹാദുകള്‍ ഉണ്ടെന്ന മികച്ച കണ്ടുപിടിത്തവുമായി ചാര്‍ട്ടിന്റെ അകമ്പടിയോടെ ഡിഎന്‍എ എന്ന പരിപാടിയില്‍ ചൗധരി വിദ്വേഷം തുപ്പി. പരിപാടി മുസ്ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസ് ചൗധരിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഇത്രയൊക്കെ പറഞ്ഞത് ഗോദി മീഡിയയുടെ വിദ്വേഷ പ്രചരണത്തിന്റെ വ്യാപ്തിയും സ്വഭാവവും സൂചിപ്പിക്കാനാണ്. എന്നാല്‍, ഇത്തരം 14 അവതാരകരെ ബഹിഷ്‌കരിക്കാനുള്ള ഇന്‍ഡ്യ മുന്നണിയുടെ തീരുമാനം ജനാധിപത്യത്തിനെതിരായ ആക്രമണവും അടിയന്തരാവസ്ഥാ മനോഭാവവും സേച്ഛാധിപത്യ ചിന്തഗതിയും ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.


തങ്ങള്‍ക്കു നേരെ സംസാരിക്കുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും നിരോധനം ഏര്‍പ്പെടുത്തിയും പ്രതിപക്ഷ നേതാക്കളെയും ആക്ടിവിസ്റ്റുകളേയും ജയിലിലടച്ചും അന്വേഷണ ഏജന്‍സികളെ വിട്ടും വേട്ടയാടി രസിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പിക്ക് ജനാധിപത്യമെന്നും അടിയന്തരാവസ്ഥയെന്നും സ്വേച്ഛാധിപത്യമെന്നുമൊക്കെ പറയാനും അങ്ങനെ ചില വാക്കുകളുണ്ട് എന്നവരെ തോന്നിക്കാനും പ്രതിപക്ഷ മുന്നണിയുടെ തീരുമാനം സഹായിച്ചു എന്നത് വലിയ കാര്യമാണ്. ഇതൊക്കെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ ബി.ജെ.പിയുടെയും കേന്ദ്രത്തിന്റേയും വായില്‍ നിന്ന് വരൂ എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. വിദ്വേഷവും കുപ്രചരണവും ഛര്‍ദിക്കാന്‍ മാത്രം വായ തുറക്കുന്ന ഇത്തരം അവതാരകര്‍ക്ക് ഇടയ്‌ക്കെങ്കിലും ഇത്തരം തിരിച്ചടികള്‍ നല്‍കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നു എന്നതും അല്‍പം ആശ്വാസകരമാണ്.

Similar Posts