Analysis
അഘശംസിയുടെ വേര്‍പാട്; ഓമനക്കുട്ടന്‍ മാഷെ ഓര്‍ക്കുമ്പോള്‍
Analysis

'അഘശംസി'യുടെ വേര്‍പാട്; ഓമനക്കുട്ടന്‍ മാഷെ ഓര്‍ക്കുമ്പോള്‍

സി.ഐ.സി.സി ജയചന്ദ്രന്‍
|
26 Sep 2023 8:50 AM GMT

'എന്റെ മകനെ നിങ്ങള്‍ മഴയത്തു നിര്‍ത്തുകയാണോ' എന്ന് രാജന്റെ അമ്മയുടെയും അച്ഛന്‍ ഈച്ചര വാര്യരുടെയും ചോദ്യം കാമ്പസുകളെ പിടിച്ചുകുലുക്കിയ സന്ദര്‍ഭത്തിലാണ് ദേശാഭിമാനി പത്രത്തില്‍ ഓമനക്കുട്ടന്‍ മാഷുടെ 'ശവംതീനികള്‍' എന്ന പരമ്പര വരുന്നത്.

രണ്ടു തരം അധ്യാപകരാണുള്ളത്. ഒന്ന്, തങ്ങളുടെ അധ്യാപകര്‍ നല്‍കിയ ടീച്ചിങ് നോട്‌സ് അങ്ങനെ തന്നെ കയ്യില്‍ വെച്ച്, പിന്നീട് അധ്യാപകരായി വരുമ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി ക്ലാസ് എടുക്കുകയും കുട്ടികളെ നന്നായി പഠിപ്പിക്കുകയും കൃത്യമായി അറ്റന്റന്‍സ് എടുക്കുകയും ഒക്കെ ചെയ്യുന്ന അധ്യാപകര്‍. പലപ്പോഴും നമ്മള്‍ നല്ല അധ്യാപകര്‍ എന്ന് പറയുന്നത് ഇവരെയാണ്. അവര്‍ക്കൊരിക്കലും പോര്‍ഷന്‍സ് വിട്ടുപോകില്ല. അവര്‍ സര്‍വകലാശാല പഠിപ്പിക്കാന്‍ പറഞ്ഞ പാഠ്യഭാഗങ്ങള്‍ അങ്ങനെത്തന്നെ പഠിപ്പിക്കുന്നവരായിരിക്കും. മറ്റൊരു തരത്തിലുള്ള അധ്യാപകര്‍, ടീച്ചിങ് നോട്‌സ് പോലുള്ള യാതൊരുവിധ തയ്യാറെടുപ്പുമില്ലാതെ, സ്വതസിദ്ധമായ ശൈലിയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നവരായിരിക്കും. അവര്‍ ഒരുപക്ഷെ പാഠ്യഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു പഠന രീതിയായിരിക്കും അവലംബിക്കുക. ഒരു സാഹിത്യകാരന്‍ ഒരു കൃതിയെ എങ്ങനെ സമീപിക്കുന്നുവെന്നത് മറ്റൊരു രീതിയിലായിരിക്കും കുട്ടികളെ പഠിപ്പിക്കുക. പലപ്പോഴും അവരായിരിക്കും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകര്‍. ക്ലാസില്‍ കുട്ടികള്‍ കയറിയില്ലെങ്കില്‍ അവര്‍ വലിയ പ്രശ്‌നമൊന്നുമുണ്ടാക്കില്ല. അറ്റന്റന്‍സ് അത്രമാത്രം നിര്‍ബന്ധമായിരിക്കില്ല. അത്യാവശ്യം ക്ലാസില്‍ ഇരിക്കേണ്ട എന്ന് തോന്നിയാല്‍ ഇറങ്ങിപ്പോകാന്‍ സ്വാതന്ത്രം നല്‍കുകയും നല്ല സൗകര്യമുണ്ടെങ്കില്‍ മാത്രം ക്ലാസ്സില്‍ ഇരുന്നാല്‍ മതിയെന്ന് പറയുകയും ചെയ്യുന്ന അധ്യാപകര്‍. അത്തരം അധ്യാപകര്‍ പഠിപ്പിക്കുന്നത് എത്ര കാലം കഴിഞ്ഞാലും നമ്മുടെ മനസിലുണ്ടാകും.


രണ്ടാമത് പറഞ്ഞ അധ്യാപകരുടെ കൂട്ടത്തില്‍ പെട്ടതാണ് ഓമനക്കുട്ടന്‍ മാഷ്. അടിയന്തരാവസ്ഥ കഴിഞ്ഞു കാമ്പസുകളില്‍ വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സജീവമായ സമയം. 'എന്റെ മകനെ നിങ്ങള്‍ മഴയത്തു നിര്‍ത്തുകയാണോ' എന്ന് രാജന്റെ അമ്മയുടെയും അച്ഛന്‍ ഈച്ചര വാര്യരുടെയും ചോദ്യം കേരളത്തിലങ്ങോളമിങ്ങോളമുള്ള കാമ്പസുകളെ പിടിച്ചുകുലുക്കിയ സന്ദര്‍ഭത്തിലാണ് ദോശാഭിമാനിയില്‍ ഓമനക്കുട്ടന്‍ മാഷുടെ 'ശവംതീനികള്‍' എന്ന പരമ്പര വരുന്നത്. അതിനു മുന്‍പ് 'അഘശംസി' എന്ന പേരില്‍ അദ്ദേഹത്തിന്റെ അനേകം ലേഖനങ്ങള്‍ കേരളത്തിലെ അക്കാലത്തെ പുരോഗമനക്കാരായ ധാരാളം വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിട്ടുണ്ട്.

എഴുത്തിന്റെ കാര്യത്തില്‍ പൊതുവെ പുറകോട്ടായിരുന്നു അദ്ദേഹം. വര്‍ത്തമാനമായിരുന്നു കൂടുതല്‍. എഴുതിയിരുന്നെങ്കില്‍ വാള്യങ്ങളോളം മലയാള സാഹിത്യത്തെക്കുറിച്ചും, മലയാള സാഹിത്യത്തിലെ കാരണവന്മാരെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും അവരുടെ പിന്നാമ്പുറ വര്‍ത്തമാനങ്ങളെക്കുറിച്ചും അവരുടെ ബലത്തെയും ബലഹീനതയെക്കുറിച്ചും അദ്ദേഹത്തിനെഴുതാന്‍ കഴിയുമായിരുന്നു.

ഒരുപക്ഷെ മഹാരാജാസ് കോളജിലെ മൂന്ന് വര്‍ഷത്തെ ഗുരു-ശിഷ്യ ബന്ധത്തിലുപരിയായി - അതിനു ശേഷമാണു എനിക്ക് മാഷുമായി ഏറെ അടുത്ത ബന്ധമുണ്ടാകുന്നത്. ഒരു വലിയ സൗഹൃദ വലയമുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. മലയാള സാഹിത്യത്തെക്കുറിച്ച്, അത് നോവല്‍ സാഹിത്യമാണെങ്കിലും ചെറുകഥ സാഹിത്യമാണെങ്കിലും അപസര്‍പ്പക സാഹിത്യമാണെങ്കിലും പൈങ്കിളി സാഹിത്യമാണെങ്കിലും ഏത് ഉറക്കത്തില്‍ വിളിച്ച് ചോദിച്ചാലും കൃത്യമായി ഉത്തരം നല്‍കുന്ന ആളായിരുന്നു അദ്ദേഹം. പലപ്പോഴും പ്രസാധക രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്നെപ്പോലുള്ളവര്‍ ചില പഴയ റഫറന്‍സിനു വിളിക്കുക അദ്ദേഹത്തെയാണ്. വളരെ ചെറുപ്പം മുതല്‍ കോട്ടയം നഗരത്തില്‍, ഏഷ്യയിലെ ഏറ്റവും വലിയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘവുമായി ഏറ്റവും അടുത്തിടപഴകുന്ന ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ തകഴി ശിവശങ്കര പിള്ളയുടെയും പൊന്‍കുന്നം വര്‍ക്കിയുടെയും കേശവദേവിന്റെയും മുട്ടത്ത് വര്‍ക്കിയുടേയുമൊക്കെ മാനസ പുത്രനായി മാറിയ ഓമനക്കുട്ടന്‍ മാഷ്‌ക്ക് മലയാള സാഹിത്യ ചരിത്രം കൈവെള്ളയിലെ വരകള്‍ പോലെയായിരുന്നു. മലയാള സാഹിത്യ ചരിത്രത്തെക്കുറിച്ചു മാഷ് പുസ്തകമൊന്നും എഴുതിയിട്ടില്ലയെങ്കില്‍ പോലും എന്താണ് മലയാള സാഹിത്യം, മലയാള പുസ്തക പ്രസിദ്ധീകരണ രംഗം എങ്ങനെയായിരുന്നു. എസ്.ടി റെഡ്ഡ്യാര്‍ മുതല്‍ പി.കെ.എം ചമ്പക്കുളം, ശ്രീരാമ വിലാസം മുതല്‍ ഏറ്റവുമവസാനം മള്‍ബറി വരെയുള്ള ചരിത്രം ഓമനക്കുട്ടന്‍ മാഷ്‌ക്ക് നന്നായി അറിയാമായിരുന്നു. രണ്ടാം തലമുറയില്‍ പെട്ട മലയാള സാഹിത്യത്തെക്കുറിച്ചു പണ്ട് മാഷ് തന്നെ കലാകൗമുദിയില്‍ എഴുതിയിട്ടുണ്ട്. പരമേശ്വരന്റെ മകന്‍ ജയചന്ദ്രനും ഡി.സി കിഴക്കേമുറിയുടെ മകന്‍ രവി ഡി.സി യും തോമസ് മുണ്ടശ്ശേരിയുടെ മകന്‍ പെപ്പിന്‍ തോമസും ബാലകൃഷ്ണ മാരാരുടെ മകന്‍ എന്‍.ഇ മനോഹരനുമൊക്കെ മലയാള സാഹിത്യ രംഗത്ത് രണ്ടാം തലമുറയായി വന്ന കഥ വളരെ വലുതായി തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്.

പഴയ കാലങ്ങളില്‍ എല്ലാ ദിവസവും എന്റെ സ്ഥാപനത്തില്‍ വരുകയും വൈകുന്നേരം ഏഴരയ്ക്ക് കടയടക്കുന്ന വരെയും ഈ ലോകത്ത് നടക്കുന്ന സകല കാര്യങ്ങളെക്കുറിച്ചും പരസ്പരം സംവദിക്കുകയും ചെയ്തിരുന്നു. അന്ന് സായാഹ്നത്തില്‍ ഒരു വലിയ കൂട്ടായ്മ തന്നെ ഉണ്ടാവുമായിരുന്നു. മാതൃഭൂമിയിലെ രാജേട്ടന്‍, കെ.എം റോയ്, മുന്‍ പി.എസ്.സി ചെയര്‍മാന്‍ ആയിരുന്ന കെ.എസ് രാധാകൃഷ്ണന്‍, പി.എം സെയ്ദിന്റെ മകന്‍ ഹനീഫ് അങ്ങനെയൊരു വലിയ സദസ് തന്നെയായിരുന്നു അത്. രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നു.


തന്റെ വിദ്യാര്‍ഥിയെ എക്കാലവും തിരിച്ചറിയാന്‍ സാധിക്കുന്നുവെന്നതാണ് ഒരു അധ്യാപകന്റെ ഏറ്റവും വലിയ ഗുണം. നിങ്ങളൊരാളെ അധ്യാപകനായി അംഗീകരിക്കുന്നത് അദ്ദേഹം നിങ്ങളെ അംഗീകരിക്കുമ്പോഴാണ്. അങ്ങനെ അനേകം വിദ്യാര്‍ഥികളുടെ അംഗീകാരം ലഭിച്ച, മഹാരാജാസ് കോളജില്‍ 23 വര്‍ഷം പഠിപ്പിച്ചപ്പോള്‍ 23 ലക്ഷം ആളുകളുടെ മനസ്സില്‍ കയറാന്‍ സാധിച്ച അധ്യാപകനാണ് അദ്ദേഹം. എഴുത്തിന്റെ കാര്യത്തില്‍ പൊതുവെ പുറകോട്ടായിരുന്നു അദ്ദേഹം. വര്‍ത്തമാനമായിരുന്നു കൂടുതല്‍. എഴുതിയിരുന്നെങ്കില്‍ വാള്യങ്ങളോളം മലയാള സാഹിത്യത്തെക്കുറിച്ചും, മലയാള സാഹിത്യത്തിലെ കാരണവന്മാരെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും അവരുടെ പിന്നാമ്പുറ വര്‍ത്തമാനങ്ങളെക്കുറിച്ചും അവരുടെ ബലത്തെയും ബലഹീനതയെക്കുറിച്ചും അദ്ദേഹത്തിനെഴുതാന്‍ കഴിയുമായിരുന്നു. കോവിഡാനന്തരമാണ് മാഷ് പൊതുരംഗത്തു നിന്നും അല്‍പമെങ്കിലും മാറി നില്‍ക്കാന്‍ തുടങ്ങിയത്. കോവിഡിനു ശേഷം കേരളത്തിലെ സാംസ്‌കാരിക രംഗത്ത് വന്ന സ്വാഭാവികമായ ഒരു പിന്നോട്ടടി, ഓമനക്കുട്ടന്‍ മാഷെയും ബാധിച്ചു. യാതൊരു പരിപാടികളുമില്ലാതെയിരുന്ന രണ്ട് വര്‍ഷത്തിന് ശേഷം ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ സജീവമാകാന്‍ സാധിച്ചില്ലായെന്നത് സങ്കടകരമായ അവസ്ഥയായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഗസ്റ്റ് മൂന്നാം തിയ്യതി, എറണാകുളം താജ് ഗേറ്റ് വേയില്‍ വെച്ച് ഓമനക്കുട്ടന്‍ മാഷെ തിരിച്ചു കിട്ടിയെന്നാണ് ഞങ്ങളെല്ലാവരും കരുതിയതും ആശിച്ചതും. വളരെ സന്തോഷകരമായി, മാഷിന്റെ ചെറുകഥകളും അടിയന്തരാവസ്ഥയെ ആസ്പദമാക്കി എഴുതിയ ശവംതീനികളും, മമ്മൂട്ടിയും സലിം കുമാറും മകന്‍ അമല്‍ നീരദും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രകാശിതമായപ്പോള്‍ ഏറ്റവും സന്തോഷിച്ചിരുന്നത് മാഷ് തന്നെയായിരുന്നു. പുസ്തകത്തിന്റെ മുകളില്‍ കൈയൊപ്പ് വാങ്ങാന്‍ വന്നവരോട്, അവരുടെ പേരും വിലാസവുമൊക്കെ ചോദിച്ചറിഞ്ഞു നല്ല ഉരുണ്ട അക്ഷരത്തില്‍ സി.ആര്‍ ഓമനക്കുട്ടന്‍ എന്നെഴുതി ഒപ്പിട്ടു കൊണ്ടിരിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ 'മതിയെനിക്ക്, എഴുതിയെഴുതി കൈ വേദനിച്ചു' എന്നു പറഞ്ഞപ്പോള്‍, മാഷ് എന്തിനാണ് ഇങ്ങനെ അവരുടെ പേര് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞെഴുതുന്നത്, മാഷ്‌ക്ക് ഒരു ഒപ്പിട്ടു കൊടുത്താല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ പറ്റില്ലെന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. തന്റെ വായനക്കാരന്‍ ആരാണ്, എവിടെയാണ്, എന്താണ് എന്നൊക്കെ അറിയാനുള്ള ത്വരയാണ് മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അന്ത്യമായിരുന്നു. എറണാകുളത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നെ വിളിച്ച് അടിയന്തിരമായി ലിസി ആശുപത്രിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാനൊന്ന് പകച്ചുപോയി. ഓമനക്കുട്ടന്‍ മാഷ് പോയി എന്ന് അദ്ദേഹം പറഞ്ഞത് സ്വാഭാവികമായും എനിക്ക് ഉള്‍കൊള്ളാന്‍ സാധിച്ചില്ല. എറണാകുളം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ഒരു പരിപാടിയില്‍ മന്ത്രി രാജീവിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. മന്ത്രി വന്നയുടന്‍ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.

വേണ്ടായെന്നു പറഞ്ഞിരുന്നെങ്കിലും ഞങ്ങള്‍ നിര്‍ബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. വയ്യാതിരുന്നിട്ടും പറവൂരില്‍ നിന്നും അദ്ദേഹത്തിന്റെ വത്സല ശിഷ്യന്‍, സിനിമ നടന്‍ സലിം കുമാര്‍ അന്ന് വരികയുണ്ടായി. 'രണ്ടാം ലോകത്തില്‍' ഉണ്ടായിരുന്ന സമയത്തെ ഓര്‍മകള്‍ എഴുതണം എന്ന് എസ്.ആര്‍ ലാല്‍ വിളിച്ചു പറഞ്ഞപ്പോള്‍, ഗ്രന്ഥാലയ ഓര്‍മകള്‍ എന്ന പേരില്‍ ഒരു ഓര്‍മക്കുറിപ്പ് എഴുതാമെന്ന് മാഷ് ഏല്‍ക്കുകയുമുണ്ടായി. എന്നാല്‍, അവസാനമാവുമ്പോഴേക്ക് മാഷുടെ ഓര്‍മ ചെറുതായി മങ്ങിയിരുന്നു. ഓമനക്കുട്ടനെന്നാല്‍ ഓര്‍മക്കുട്ടന്‍ എന്ന് പറഞ്ഞിരുന്ന കൂട്ടുകാര്‍ക്ക്, ശിഷ്യര്‍ക്ക് ആ ലിങ്കുകള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്, മാഷൊന്ന് പകക്കുന്ന പോലെ ഞങ്ങള്‍ക്ക് തോന്നി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശിഷ്യഗണങ്ങളുള്ള അധ്യാപകന്‍ എന്ന ബഹുമതി മറ്റേതൊരു ബഹുമതികള്‍ക്കും മുകളിലായി സി.ആര്‍ ഓമനക്കുട്ടന്‍ എന്ന മാഷ്‌ക്ക് നല്‍കാം.

Similar Posts