Analysis
മണിപ്പൂര്‍ സംഘര്‍ഷം
Analysis

മണിപ്പൂരിലെ വെടിയുണ്ടകള്‍ പതിക്കുന്നത് എവിടെ

ബഷീര്‍ മാടാല
|
9 Sep 2023 1:37 PM GMT

കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ സൈന്യത്തിന്റെയും, പൊലീസിന്റെയും കാവല്‍പുരകള്‍ കയ്യേറി ആയുധങ്ങള്‍ കൊള്ളയടിച്ച് മെയ്‌തേയികളും കുക്കികളും ഇവിടെ ഏറ്റുമുട്ടുന്നു. ഗ്രാമങ്ങള്‍ക്ക് സമീപത്തായി ബങ്കറുകള്‍ സ്ഥാപിച്ച് സ്‌നൈപറുകളും, യന്ത്രത്തോക്കുകളുമായി യുവാക്കള്‍ പരസ്പരം വെടിയുതിര്‍ക്കുന്നു - മണിപ്പൂരിലെ സംഘര്‍ഷഭൂമിയിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയത്.

ഓരോ ദിവസം കഴിയുന്തോറും മണിപ്പൂര്‍ സംഘര്‍ഷഭരിതമാവുകയാണ്. കഴിഞ്ഞ നാല് മാസത്തിലധികമായി മണിപ്പൂര്‍ രാജ്യത്തെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അവിടെ നിന്നും പുറത്തേക്ക് വരുന്ന വര്‍ത്തമാനങ്ങള്‍ മനുഷ്യന്റെ എല്ലാ ചിന്തകള്‍ക്കും അതീതമായതാണ്. ഇന്നും തുടരുന്ന അക്രമ രീതികള്‍ ഗ്വാണ്ടനാമോയെ പലപ്പോഴും ഓര്‍മപ്പെടുത്തും. കുക്കി സോമി വിഭാഗക്കാരായ ഗോത്ര ജനതയും മെയ്‌തേയ് എന്ന വൈഷ്ണവ ഹിന്ദു സമുഹവും തമ്മില്‍ ഇപ്പോഴും ഇവിടെ പരസ്പരം ഏറ്റുമുട്ടുകയാണ്. ഇതിനിടയില്‍ മറ്റ് നിരവധി സമൂഹങ്ങളും ഇവരെ നിയന്ത്രിക്കാനെത്തിയ അനേകായിരം സൈനികരും മണിപ്പൂരിന്റെ താഴ് വരകളിലും മലമുകളിലുമായി പുതിയ ചോദ്യങ്ങളുമായി ഇവര്‍ക്കിടയിലുണ്ട്. ഒരു സംസ്ഥാനത്ത് പരസ്പരം വിശ്വാസമില്ലാതെ കഴിയുന്ന ഈ രണ്ട് വിഭാഗക്കാരെപ്പോലെ മറ്റൊരു ജനതയും രാജ്യത്തില്ല. കുക്കി ഗോത്ര സമൂഹം അവര്‍ക്ക് സ്വാധീനമുള്ള അഞ്ച് ജില്ലകള്‍ കേന്ദ്രീകരിച്ച് അവരുടെ പ്രാവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കുമ്പോള്‍ മെയ്‌തേയികള്‍ അവരുടെ സ്വാധീന മേഖലകളില്‍ ഭരണം ആസ്വദിക്കുകയാണ് ഇതിനിടയില്‍. ദിനേന തുടരുന്ന നിലക്കാത്ത വെടിയുണ്ടകള്‍ ഏറ്റ് ഇല്ലാതാവുന്നവരുടെ എണ്ണം കൂടി വരുന്നത് ആരെയും അസ്വസ്ഥരാക്കുന്നില്ല. നഷ്ടങ്ങളുടെ കണക്കെടുപ്പില്‍ വളരെ മുന്നിട്ടു നില്‍ക്കുന്ന കുക്കികളെ സാന്ത്വനപ്പെടുത്താന്‍ ആരും ഇവരെ തേടി എത്തുന്നില്ല. എന്നാല്‍, നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എല്ലാവിധ സൗകര്യങ്ങളുമായി ഭരണത്തിന്റെ ഔദാര്യവുമായി കഴിയുന്ന മെയ്‌തേയ്കളുടെ കഥകള്‍ കേള്‍ക്കാന്‍ ഇന്നും നിരവധിപേര്‍ എത്തുന്നു.

ഇപ്പോള്‍ മണിപ്പൂരിന്റെ താഴ്‌വരകളില്‍ ഒരു കുക്കിയും ഇല്ലെന്ന് ഭരണകൂടം ഉറപ്പ് വരുത്തിക്കഴിഞ്ഞു. മറുവശത്ത് മലമുകളില്‍ ഒരു മെയ്‌തേയിയും ജീവനോടെയില്ലെന്ന് കുക്കികളും വ്യക്തമാക്കുന്നു. ഇരുകൂട്ടരും സമാന്തര ഭരണകൂടങ്ങളായി മാറിയിരിക്കുന്നു. മെയ്‌തേയ്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ കുക്കികളും ഇതില്‍ സംതൃപ്തരാണ്. ഇനിയൊരിക്കലും മരണത്തിന്റെ വ്യാപാരികളായ മെയ്‌തേയ്കള്‍ക്കൊപ്പം തങ്ങള്‍ക്ക് ജീവിതമില്ലെന്ന് അവര്‍ പറയുന്നു. അതുകൊണ്ടു തന്നെയാണ് സ്വതന്ത്ര ഭരണമെന്ന അവരുടെ ആവശ്യത്തിന് പ്രസക്തിയേറുന്നതും.

മെയ് മൂന്നിന് കുക്കി സ്വാധീന മേഖലയായ ചൂരാചന്ദ് പൂരില്‍ ആരംഭിച്ച പ്രക്ഷോഭം ഒരു വംശീയ കലാപത്തിലേക്ക് എടുത്തെറിയപ്പെട്ടത് നിമിഷ നേരം കൊണ്ടായിരുന്നു. പിന്നീടെല്ലാം നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെയായിരുന്നു. നൂറ് കണക്കിന് കുക്കി ഗ്രാമങ്ങളിലേക്ക് ഇരച്ചെത്തിയ സംഘടിതരായ ജനക്കൂട്ടം ആവരുടെ സര്‍വ്വസ്വവും ഇല്ലാതാക്കി. ഇംഫാല്‍ പട്ടണത്തില്‍ കുക്കികളുടെ വീടുകള്‍ മാത്രം തിരഞ്ഞു അഗ്‌നിക്കിരയാക്കി. മാസങ്ങള്‍ക്ക് മുമ്പ് ഒരു സര്‍വേയുടെ ഭാഗമായി കുക്കികളുടെ വിടുകള്‍, സ്ഥാപനങ്ങള്‍ മാത്രം നീല പെയ്ന്റ് അടിച്ച് അടയാളപ്പെടുത്തിയിരുന്നു. ഈ അടയാളപ്പെടുത്തല്‍ നടക്കാന്‍ പോകുന്ന കലാപത്തിന്റെ മാര്‍ക്കായിരിക്കുമെന്ന് ഒരിക്കലും കുക്കികള്‍ കരുതിയില്ല. താരതമ്യേന സാമ്പത്തികമായി മെയ്‌തേയ്കള്‍ക്കൊപ്പം താഴ്‌വരകളില്‍ കുക്കികളും ഉണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസുകളിലും ഇവരുടെ സാന്നിധ്യം വലുതാണ്. ഇംഫാല്‍ പട്ടണത്തില്‍ നൂറ് കണക്കിന് കുക്കി കുടുംബങ്ങള്‍ വലിയ ഫ്‌ളാറ്റുകളിലായി കഴിഞ്ഞിരുന്നു. നല്ല ബിസിനസ് സ്ഥാപനങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ഇന്ന് ഇംഫാലിലെത്തുന്നവര്‍ക്ക് ഇവരുടെ കത്തിക്കരിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ മാത്രം കാണാം. ഇവിടെ ഉണ്ടായിരുന്ന നൂറ് കണക്കിന് കുക്കി കുടുംബങ്ങള്‍ എല്ലാവരും കാംഗ്‌കോക്പി ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണിപ്പോഴുള്ളത്. കലാപത്തിന്റെ രാത്രികളില്‍ ഓടി രക്ഷപ്പെട്ടവരാണ് എല്ലാവരും.


മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും കുക്കി ഗോത്രക്കാരായിരുന്നു. എല്ലാം നഷ്ടപ്പെട്ട് ഇവര്‍ ഓര്‍മകളുമായി ക്യാമ്പുകളിലുണ്ട്. കുക്കികളുടെ മക്കയായ ചൂരാചന്ദ്പൂരിലെ (ഈ പേര് മാറ്റി ലാംക എന്നാക്കി കുക്കികള്‍) പതിനായിരങ്ങളുടെ ജീവിതം ദൂരിതപൂര്‍ണമാണ്. ഗ്രാമങ്ങളില്‍ തീ പടര്‍ന്നപ്പോള്‍ ഓരോരുത്തരും ആ കാളരാത്രികളില്‍ ശത്രുക്കള്‍ക്ക് മുന്നില്‍ പെടാതെ കാട്ടിലേക്ക് ഒളിച്ചോടിയത് മാത്രമാണ് ഇവരുടെ ഓര്‍മകള്‍. ഇന്ന് ഇവര്‍ രണ്ട് ഭൂപ്രദേശങ്ങളിലായി രണ്ട് രാജ്യങ്ങളായി കഴിയുകയാണ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഇംഫാല്‍ പട്ടണത്തില്‍ അവശേഷിച്ചിരുന്ന പത്ത് കുടുംബങ്ങളെ രാത്രിയില്‍ കടന്നെത്തിയ സൈനികര്‍ വളരെ ദൂരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്. ഇപ്പോള്‍ മണിപ്പൂരിന്റെ താഴ്‌വരകളില്‍ ഒരു കുക്കിയും ഇല്ലെന്ന് ഭരണകൂടം ഉറപ്പ് വരുത്തിക്കഴിഞ്ഞു. മറുവശത്ത് മലമുകളില്‍ ഒരു മെയ്‌തേയിയും ജീവനോടെയില്ലെന്ന് കുക്കികളും വ്യക്തമാക്കുന്നു. ഇരുകൂട്ടരും സമാന്തര ഭരണകൂടങ്ങളായി മാറിയിരിക്കുന്നു. മെയ്‌തേയ്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ കുക്കികളും ഇതില്‍ സംതൃപ്തരാണ്. ഇനിയൊരിക്കലും മരണത്തിന്റെ വ്യാപാരികളായ മെയ്‌തേയ്കള്‍ക്കൊപ്പം തങ്ങള്‍ക്ക് ജീവിതമില്ലെന്ന് അവര്‍ പറയുന്നു. അതുകൊണ്ടു തന്നെയാണ് സ്വതന്ത്ര ഭരണമെന്ന അവരുടെ ആവശ്യത്തിന് പ്രസക്തിയേറുന്നതും.

മിസോറാം സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയും കുക്കികള്‍ക്കുണ്ട്. മണിപ്പൂര്‍, മിസോറാം, നാഗാലാന്റ് സംസ്ഥാനങ്ങളിലെ കുന്നില്‍ പുറങ്ങള്‍ കൂക്കി ഗോത്ര വിഭാഗക്കാരുടെ സ്വാധീന മേഖലകളാണ്. മിസോറാമിന്റെയും മണിപ്പൂരിന്റെയും കുന്നിന്‍പുറങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ ഒരു സംസ്ഥാനമെന്ന ആവശ്യമാണ് കുക്കി, സോമി ഗോത്രവിഭാഗങ്ങള്‍ മുന്നോട്ട് വെക്കുന്നത്.

എവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ആദ്യം എത്തുക മെയ്രാ പെയ്ബീസിലെ സ്ത്രീകള്‍ ആയിരിക്കും. സൈന്യത്തിന്റെ വഴിമുടക്കല്‍ മുതല്‍ റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വഴിമുടക്കുന്നത് വരെ ഇവരുടെ ഡ്യൂട്ടിയാണ്. ഇംഫാലില്‍ നിന്ന് ചൂരാചന്ദ് പൂരിലേക്കുള്ള യാത്രയില്‍ കുക്കി, മെയ്‌തേയ് അതിര് പങ്കിടുന്ന ബിഷ്ണുപൂര്‍ ജില്ലാ ആസ്ഥാനം കടന്നുപോകണമെങ്കില്‍ ഇവരുടെ ദേഹപരിശോധന ഇപ്പോഴും ആവശ്യമാണ്. വടികളും പിടിച്ച് രാത്രിയിലും കാവലിരിക്കുന്ന മെയ്‌തേയ് സ്ത്രീകള്‍ മണിപ്പൂരിന്റെ മറ്റൊരു പ്രതീകം തന്നെയാണ്.

കഴിഞ്ഞ നാല് മാസത്തിലധികമായി തുടരുന്ന കലാപ അന്തരീക്ഷം ഇന്നും മണിപ്പൂരില്‍ നില നില്‍ക്കുന്നു എന്നത് മണിപ്പൂരികളെ മാത്രമല്ല, മറ്റെല്ലാവരെയും ഭയപ്പെടുത്തുന്നതാണ്. മണിക്കൂറുകള്‍ കൊണ്ട് തീര്‍ക്കാവുന്ന ഒന്നായിരുന്ന ആക്രമങ്ങളെ ഭരണകൂടത്തിന്റെ ഒത്താശയോടെ വിപുലീകരിക്കുകയായിരുന്നു. കലാപം തുടങ്ങിയതിന് ശേഷം എത്തിയ അന്‍പതിനായിരത്തില്‍പ്പരം സൈനികര്‍ക്ക് മണിപ്പൂരില്‍ ഇപ്പോഴും കാര്യമായിട്ടൊന്നും ചെയ്യാനില്ല എന്നറിയുമ്പോള്‍ ആണ് ഭരണകൂടത്തിന്റെ ഒളിച്ചുകളി വ്യക്തമാകുക. ഇന്ന് കുക്കികളും മെയ്‌തേയ്കളും പരസ്പരം വെടിവെച്ച് മരിച്ചുവീഴുന്നത് നോക്കി നില്‍ക്കാന്‍ മാത്രമെ സൈന്യത്തിന് കഴിയുന്നുള്ളൂ. കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ സൈന്യത്തിന്റെയും, പൊലീസിന്റെയും കാവല്‍പുരകള്‍ കയ്യേറി ആയുധങ്ങള്‍ കൊള്ളയടിച്ച് മെയ്‌തേയികളും കുക്കികളും ഇവിടെ ഏറ്റുമുട്ടുന്നു. ഗ്രാമങ്ങള്‍ക്ക് സമീപത്തായി ബങ്കറുകള്‍ സ്ഥാപിച്ച് സ്‌നൈപറുകളും, യന്ത്രത്തോക്കുകളുമായി യുവാക്കള്‍ പരസ്പരം വെടിയുതിര്‍ക്കുന്ന കാഴ്ച ഇപ്പോഴും ഇവിടെ തുടരുകയാണ്.


കുക്കി സ്ത്രീകള്‍ അവരുടെ മേഖലകളിലേക്ക് കടന്നെത്തുന്ന ഓരോരുത്തരേയും നിരീക്ഷിക്കുന്നു. കയ്യില്‍ ആയുധമേന്തിയ അവര്‍ കടന്നുപോകുന്ന ഓരോ വാഹനങ്ങളും പരിശോധിക്കുന്നു. മെയ്‌തേയ് സ്ത്രീകളിലെ മെയ്രാപെയ് ബീസ് എന്ന സ്ത്രീകൂട്ടം ഇതിനകം തന്നെ വിവാദങ്ങളില്‍ പെട്ടുകഴിഞ്ഞു. കലാപത്തിന്റെ ആദ്യനാളുകളില്‍ കുക്കി സ്ത്രീകളെ വലിച്ചിറക്കി മെയ്‌തേയ് പുരുഷന്മാര്‍ക്ക് വിട്ടുനല്‍കിയ സംഭവങ്ങള്‍ നിരവധിയാണ്. ഓരോ സ്ഥലത്തും നൂറുകണക്കിന് സ്ത്രീകളെയാണ് വിന്യസിച്ചിരിക്കുന്നത്. എവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ആദ്യം എത്തുക മെയ്രാ പെയ്ബീസിലെ സ്ത്രീകള്‍ ആയിരിക്കും. സൈന്യത്തിന്റെ വഴിമുടക്കല്‍ മുതല്‍ റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വഴിമുടക്കുന്നത് വരെ ഇവരുടെ ഡ്യൂട്ടിയാണ്. ഇംഫാലില്‍ നിന്ന് ചൂരാചന്ദ് പൂരിലേക്കുള്ള യാത്രയില്‍ കുക്കി, മെയ്‌തേയ് അതിര് പങ്കിടുന്ന ബിഷ്ണുപൂര്‍ ജില്ലാ ആസ്ഥാനം കടന്നുപോകണമെങ്കില്‍ ഇവരുടെ ദേഹപരിശോധന ഇപ്പോഴും ആവശ്യമാണ്. വടികളും പിടിച്ച് രാത്രിയിലും കാവലിരിക്കുന്ന മെയ്‌തേയ് സ്ത്രീകള്‍ മണിപ്പൂരിന്റെ മറ്റൊരു പ്രതീകം തന്നെയാണ്.


മണിപ്പൂരിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന മൊറെ ഇന്ന് പ്രേത നഗരമാണ്. ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയിലെ പ്രധാന നഗരമായിരുന്നു മൊറെ. കുക്കികള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഇവിടെ അനേകം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയ തമിഴര്‍ ബിസിനസ് രംഗത്ത് സജീവമായിരുന്നു. മെയ്‌തേയ്കളും കുക്കികളും ഇടകലര്‍ന്ന് കഴിഞ്ഞിരുന്ന ഇവിടെ ഇപ്പോള്‍ മെയ്‌തേയികളില്‍ ഒരാളും അവശേഷിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടന്നിരുന്ന ഇവിടെ ഇപ്പോള്‍ ആരും കച്ചവടത്തിനായി എത്തുന്നില്ല. തൊട്ടപ്പുറത്ത് മ്യാന്‍മറിലെ തമു പുതിയ വ്യാപാര കേന്ദ്രമായി മാറിക്കഴിഞ്ഞു. ഇവിടെ കുക്കികളും മെയ്‌തേയ്കളും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. കലാപത്തിന്റെ ആദ്യ നാളുകളില്‍ നിരവധി മെയ്‌തേയ്കള്‍ മ്യാന്‍മറിലേക്ക് പോയെങ്കിലും അടുത്ത ദിവസങ്ങളില്‍ ഇവരെ സൈന്യം ഇംഫാലിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. മണിപ്പുരിലെ വംശീയ ആക്രമങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ നടത്തിയ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ആള്‍ ഇന്ത്യാ വുമണ്‍സ് കൗണ്‍സില്‍ എന്നിവര്‍ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്ത സംഭവം ഇതിനകം രാജ്യം ചര്‍ച്ച ചെയ്തു. ഈ ഒരൊറ്റ സംഭവം മാത്രം മതി എങ്ങിനെയാണ് ഭരണകൂടം ഒരു വിഭാഗത്തിന്റെ മാത്രമായി മാറിയത് എന്നറിയാന്‍. വംശീയമായി കുക്കികളെ ഇല്ലാതാക്കുക എന്നതു തന്നെയായിരുന്നു മണിപ്പൂര്‍ കലാപത്തിന് പിന്നിലെ അജണ്ട. അതില്‍ ഒരു പരിധിവരെ വിജയിക്കാന്‍ കഴിഞ്ഞതായി കഴിഞ്ഞ നാല് മാസത്തെ അനുഭവങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. ഇന്നും ഇവിടെ നടക്കുന്ന ഓരോ വെടിവെപ്പും വെടിയുണ്ടയും മുന്നോട്ട് വെക്കുന്ന ആശയവും വംശവെറിയുടെത് തന്നെയാണ്.

Similar Posts