Analysis
രാമവിഗ്രഹ പ്രതിഷ്ഠാദിനം പോലെ നിരാശാഭരിതമായ ഒരു ദിനം ജീവിതത്തില്‍ കടന്നുപോയിട്ടില്ല എന്ന് പറയുന്നത് കേരളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പത്മനാഭനാണ്.
Analysis

ഇന്ത്യ ആരുടെ റിപ്പബ്ലിക്?

കെ.പി ഹാരിസ്
|
21 Feb 2024 3:41 PM GMT

ഒരു ദേശരാഷ്ട്ര സങ്കല്‍പത്തില്‍ ജനാധിപത്യത്തിന്റെ വികാസത്തെ അടയാളപ്പെടുത്തുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സുരക്ഷിതത്വത്തിന്റെ തോതനുസരിച്ചാണ്.

" ഏപ്രില്‍ ആണ് ഏറ്റവും ക്രൂരമായ മാസം എന്ന് കവികള്‍ പറയും. പക്ഷേ, ഡിസംബര്‍ അതിനേക്കാള്‍ ക്രൂരമെന്ന് ഇന്ത്യ പറയും " എം.എന്‍ വിജയന്‍ മാഷ് പറഞ്ഞ വാക്കാണിത്. ഇപ്പോള്‍ വിജയന്‍ മാഷ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം ജനുവരിയും ഡിസംബറിനോടൊപ്പം ചേര്‍ക്കും എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ജനുവരി 26 നമ്മുടെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു. നാം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് എന്നും അതില്‍ ജീവിക്കുന്ന മനുഷ്യര്‍ തുല്യ പൗരന്മാരാണ് എന്നുമാണ് റിപ്പബ്ലിക് ദിനത്തില്‍ നാം പറയുന്ന സത്യപ്രതിജ്ഞ. പക്ഷേ, പുതിയ ഇന്ത്യയില്‍ ജനുവരി 26 അല്ല റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്, അത് ജനുവരി 22 ലേക്ക് മാറ്റിയിരിക്കുന്നു എന്നതാണ് നമ്മുടെ രാജ്യം ഇപ്പോള്‍ വിളിച്ചറിയിക്കുന്നത്. അഥവാ, ജനുവരി 22 നമ്മുടെ രാജ്യം ഹിന്ദുത്വ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിരിക്കുന്നു എന്നര്‍ഥം.

ബാബരി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ രാമക്ഷേത്രം പണിതുയര്‍ത്തി അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് രാജ്യത്തിലെ മുഴുവന്‍ ഭരണസംവിധാനവും ആണ് എന്നുള്ളത് നാം അറിയുമ്പോള്‍ ഇവിടെ പുതിയ റിപ്പബ്ലിക്കിന്റെ വിളംബരം ആയിട്ടാണ് അതിനെ മനസ്സിലാക്കേണ്ടത്. ജുഡീഷ്യറിയും ലെജിസ്ലേച്ചറും ബ്യൂറോക്രസിയും ഒരു ജനതയെ അപമാനിക്കുകയും അവരുടെ ശവത്തില്‍ കയറി നിന്ന് ചുടലനൃത്തം ചെയ്യുന്നത് നോക്കിനില്‍ക്കുകയും ചെയ്യുന്ന ഒരു ജനസമൂഹത്തിന്റെ റിപ്പബ്ലിക്കാണ് ഇപ്പോള്‍ നിലവില്‍ വന്നത്. മുസ്‌ലിം സമുദായത്തെ അപമാനിച്ച് അന്യവത്കരിച്ച് ഈ നാട്ടില്‍ നിന്നും പറഞ്ഞയക്കാനുള്ള ഹിന്ദുത്വ ഭീകരതയുടെ റിപ്പബ്ലിക്ക് ഇനി ജനുവരി 26 മറക്കുകയും ജനുവരി 22 ആഘോഷ ദിനമായി പ്രഖ്യാപിക്കുകയും ചെയ്യുമായിരിക്കും. അല്ലെങ്കിലും ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നിറം കെട്ടു പോയിട്ടുണ്ടെങ്കില്‍ അതിന് കാരണം ജനുവരി 22ലെ ഹിന്ദുത്വ റിപ്പബ്ലിക്കിന്റെ പ്രഖ്യാപനമാണ്.

ഒരു ബാബരി മസ്ജിദ് തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മിച്ചുകഴിഞ്ഞാല്‍ തീരുന്ന ഒരു പ്രശ്‌നമായിരുന്നു ഇത് എങ്കില്‍ ഖ്യാന്‍വ്യാപി മസ്ജിദില്‍ വിഗ്രഹ പ്രതിഷ്ഠ നടത്താന്‍ കോടതി ഉത്തരവിടുമായിരുന്നില്ല. പക്ഷേ, ഇത് വിപുലമായ ഹിന്ദുത്വ പ്രൊജക്റ്റിന്റെ ഭാഗമായത് കൊണ്ട് തന്നെ ഖ്യാന്‍വ്യാപി പിടിച്ചടക്കുന്നതിലേക്ക് വ്യാപിക്കുകയാണ്. ഇനിയും തകര്‍ക്കപ്പെടേണ്ട പള്ളികളുടെ ലിസ്റ്റുമായി ഹിന്ദുത്വ ഭീകരത മുന്നോട്ടുപോകുമ്പോള്‍ ജുഡീഷ്യറി പൂര്‍ണ്ണ പിന്തുണ നല്‍കുന്നു എന്നുള്ളത് മറ്റൊരു ദുരന്തമായി നമ്മുടെ മുന്നില്‍ തുറിച്ച് നോക്കുന്നു. ഹിന്ദുത്വ ഭീകരതയുടെ ഒരു ഭരണകൂടം നിലനില്‍ക്കുമ്പോള്‍ ജുഡീഷ്യറിക്ക് അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയാത്ത വിധം ഭരണകൂടത്തിന് ഒപ്പം നില്‍ക്കേണ്ടുന്ന അവസ്ഥയാണ് നമ്മുടെ രാജ്യത്ത് സംജാതമായിരിക്കുന്നത്!

ഒരു ദേശരാഷ്ട്ര സങ്കല്‍പത്തില്‍ ജനാധിപത്യത്തിന്റെ വികാസത്തെ അടയാളപ്പെടുത്തുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സുരക്ഷിതത്വത്തിന്റെ തോതനുസരിച്ചാണ്. ഒട്ടും സുരക്ഷിതമല്ലാത്ത ഒരു ജനസമൂഹമായി ഇന്ത്യയിലെ മുസ്‌ലിം സമൂഹം മാറിക്കൊണ്ടിരിക്കുന്നത് സവര്‍ണ്ണ ഭാവന ആയിരുന്നു ഇന്ത്യയുടെ സാംസ്‌കാരികതയെ നിര്‍ണയിച്ചത് എന്നതുകൊണ്ടാണ്. സവര്‍ണാധിപത്യത്തിന്റെ മൂല്യവ്യവസ്ഥയോടൊപ്പം ഹിന്ദുത്വ എന്ന പുതിയ പരികല്‍പനകൂടി കൂടി വികസിച്ചു വരികയും ചെയ്തു. ഈ ഹിന്ദുത്വ എന്ന പരികല്‍പന ഇന്ന് സ്വയം ഒരു ഭരണകൂടമായി വളരുകയും നേരത്തെ തന്നെ സവര്‍ണ്ണ മൂല്യങ്ങളെ സാംശീകരിക്കുകയും ചെയ്ത രാഷ്ട്രത്തിനകത്ത് ഹിംസയുടെ തീവ്രതയില്‍ എത്തി നില്‍ക്കുകയാണ്.


ഹിന്ദുത്വയുടെ പുതിയ റിപ്പബ്ലിക്കില്‍ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ തീര്‍ത്തും അന്യവത്കരിക്കപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ എന്നു പറയുന്നത് ഇന്ത്യയെ വീണ്ടെടുക്കുന്നതിനു തുല്യമാണ്. മത നിരപേക്ഷ റിപ്പബ്ലിക് എന്ന നമ്മുടെ രാജ്യത്തിന്റെ മഹത്തായ സങ്കല്‍പനത്തെ ഹിന്ദുത്വ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് മാത്രമേ അതിനെതിരെയുള്ള പ്രതിരോധത്തിന് സാധ്യതയുള്ളൂ. ഭയാനകമായ ഒരു വംശീയ ഉന്‍മൂലനത്തിന് മുന്നില്‍ ഒര ജനതയെ കൊണ്ടെത്തിച്ചു നിര്‍ത്തിയതില്‍ ഇവിടുത്തെ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കുളള പങ്ക് അവിതര്‍ക്കിതമാണ്. അഥവാ, മുസ്‌ലിം സമുദായത്തിന് പരിക്കുകള്‍ ഏല്‍പിക്കുന്നതില്‍ ഇവിടുത്തെ മതേതര പ്രസ്ഥാനങ്ങള്‍ ചെയ്ത തെറ്റുകള്‍ ചെറുതല്ല. പക്ഷെ, ഈ മതേതര പ്രസ്ഥാനത്തോടൊപ്പം നിന്ന് കൊണ്ട് മാത്രമെ ഇന്ത്യയെ തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിന് സാധ്യമാവുകയുള്ളൂ എന്നുള്ളത് ചരിത്രത്തിന്റെ മറ്റൊരു വിപര്യയമായി ഇവിടെ നില നില്‍ക്കുന്നു.


ദുരധികാരത്തിനെതിരായ മനുഷ്യവംശത്തിന്റെ സമരം മറവിയ്‌ക്കെതിരായ ഓര്‍മകളുടെ സമരം ആണെന്ന് മിലന്‍ കുന്ദേര ഒരിടത്ത് പറയുന്നുണ്ട്. അഥവാ, ഓര്‍മകള്‍ മറവിയ്‌ക്കെതിരായ പോരാട്ടമായി തീരണം എന്നാണ് അദ്ധേഹം പറഞ്ഞ് വെക്കുന്നത്. എന്നാല്‍, മാപ്പു സാക്ഷിത്ത മനസ്സുള്ള ചിലയാളുകള്‍ പറയുന്നത് ബാബരിയെ മറക്കണം എന്നാണ്. പക്ഷേ, നിങ്ങള്‍ക്ക് ഖ്യാന്‍വ്യാപിയെ കുറിച്ച് സംസാരിക്കണമെങ്കില്‍ ബാബരിയെ മറന്നുകൊണ്ട് സാധ്യമാണോ എന്ന ചോദ്യം പ്രസക്തമാണ്. അഥവാ, മധുരയിലെയും കാശിയിലെയും അവകാശവാദവുമായി ഹിന്ദുത്വം വീണ്ടും ഇറങ്ങി വരുമ്പോള്‍ ബാബരിയെ മറന്നുകൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ സാധ്യമാണോ എന്ന മൗലികചോദ്യം ഇവിടെ ബാക്കിയാവുകയാണ്. അതിനാല്‍ ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നത് മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകന്‍ ടി.വി ചന്ദ്രന്‍ ചെയ്ത ഒരു സിനിമയുടെ പേര് മാത്രമല്ല, ബോധമായി അത് വികസികുകയും വേണം.

ബാബരി എന്ന ഒരു അനീതി ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ ഖ്യാന്‍വാപി മറ്റൊരു ബാബരിയായി മാറാതിരിക്കണമെങ്കില്‍ ബാബരിയെ കുറിച്ച ഓര്‍മകള്‍ നഷ്ടമായിക്കൂടാ. ബാബരിയെ മറക്കണമെന്ന് ഹിന്ദുത്വക്ക് കീഴൊതുങ്ങിയ ചിലരില്‍ നിന്നുളള ശബ്ദങ്ങള്‍ നമുക്ക് കേള്‍ക്കാമെങ്കിലും പ്രതിരോധത്തിന്റെ വര്‍ത്തമാനവും നാം കേള്‍ക്കുന്നു എന്നത് ശുഭ സൂചകമാണ്. രാമവിഗ്രഹ പ്രതിഷ്ഠാദിനം പോലെ നിരാശാഭരിതമായ ഒരു ദിനം തന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ കടന്നുപോയിട്ടില്ല എന്ന് പറയുന്നത് കേരളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പത്മനാഭനാണ്. അദ്ധേഹത്തെ പോലുള്ള എഴുത്തുകാര്‍ തന്നെയാണ് നമ്മുടെ പ്രതീക്ഷ. അഥവാ, ഇവിടുത്തെ മതേതരത്വം അത്ര പെട്ടെന്ന് ഹിന്ദുത്വ ഭീകരതക്ക് കീഴൊതുങ്ങാന്‍ ഒരുക്കമല്ല എന്ന് വ്യക്തമാണ്. ഹിന്ദുത്വക്ക് അടിയറ വെക്കാത്ത ഒരു മതനിരപേക്ഷ സമൂഹം ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളത് തന്നെയാണ് ഭാവിയിലേക്ക് നോക്കാനും ഇന്ത്യ എന്ന മതനിരപേക്ഷ റിപ്പബ്ലിക്കിനെ തിരിച്ച് പിടിക്കാനുമുള്ള പോരാട്ടത്തിന് പ്രതീക്ഷ നല്‍കുന്നതും.



Similar Posts