വി.ഡി സതീശന്‍ ക്യാപ്റ്റനോ ലീഡറോ?
|കരുണാകരന്‍ പാര്‍ട്ടിയെ നിരവധി വിജയങ്ങളിലേക്ക് നയിച്ചപ്പോള്‍, തന്റെ പാര്‍ട്ടിയെ സംസ്ഥാന നിയമസഭയില്‍ വിജയത്തിലേക്ക് നയിച്ചുകൊണ്ട് മാത്രമേ സതീശന് വളരാന്‍ കഴിയൂ - തൃക്കാക്കരയിലെ വിജയത്തിന്റെ പേരില്‍ സതീശനെ ലീഡര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് അനൗചിത്യമാകും.
ജൂണ്‍ മൂന്നിന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യഥാര്‍ഥ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച് എറണാകുളം എം.പി ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടിയത് ക്യാപ്റ്റന്‍ എന്ന വിശേഷണവുമായിട്ടായിരുന്നു. പിണറായിയോളം പോന്ന ഒരു നേതാവിന്റെ അഭാവമാണ് യു.ഡി.എഫിന്റെ പരാജയ കാരണങ്ങളില്‍ ഒന്നെന്ന് ആണ് അന്ന് വിലയിരുത്തിയത്.
കെ.പി.സി.സി അധ്യക്ഷന്റെ സ്ഥാനത്തേക്ക് കെ. സുധാകരന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആ സ്ഥാനത്തെത്താന്‍ അദ്ദേഹത്തെ സഹായിച്ച മുഖ്യ ഘടകങ്ങളില്‍ ഒന്ന് ശക്തനായ നേതാവെന്ന അദ്ദേഹത്തിന്റെ പ്രതീതിയാണ്. പരാജയത്തിന്റെ നിരാശയിലാണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സുധാകരന്റെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള വരവ് ആശ്വാസമായി എന്നതില്‍ സംശയമില്ല; സംസ്ഥാന നേതൃത്വത്തിന് അപ്പുറം സംഘടനയുടെ പുനഃസംഘടനക്ക് സാധ്യമാകാതെ വന്നതോടെ പുതിയ നേതൃത്വത്തിന് പണി എളുപ്പമാകില്ലെന്ന് വ്യക്തമായതാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസിന്റെ വിയോഗത്തോടെ ഒഴിവു വന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനമിറങ്ങുന്നത്. തന്റെ സ്വന്തം ആളായ ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ വെച്ച് വി.ഡി സതീശന്‍ സംഘടനയെ നിയന്ത്രിക്കുന്ന എറണാകുളം ജില്ലയിലാണ് തൃക്കാക്കര മണ്ഡലം. അതുകൊണ്ട് തന്നെ ആ മണ്ഡലം നിലനിര്‍ത്തുകയെന്നത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണസംവിധാനം മൊത്തം ഇറങ്ങി ഇടതുപക്ഷത്തിന്റെ പ്രചാരണത്തിന് ഇറങ്ങിയത് യു.ഡി.എഫിന് കനത്ത മത്സരമാണ് നല്‍കിയത്. സുധാകരന്‍ ചിത്രത്തില്‍ ഇല്ലാതിരിക്കുകയും സതീശന്‍ പ്രചാരണം മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തതോടെ സതീശന്റേതായി അവസാനത്തെ ചിരി.
തോല്‍വികള്‍ പതിവായ ഒരു പാര്‍ട്ടിക്ക് ഇരുപത്തി അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സതീശന്റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം ജൂണ്‍ ആറിന് സതീശന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ 'ലീഡര്‍' എന്ന് വിശേഷിപ്പിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ നഗരത്തിലുടനീളം പ്രത്യക്ഷപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ലീഡര്‍ എന്ന വിശേഷണം മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനാണ് നല്‍കിയിരുന്നത്. വെറുമൊരു തെരഞ്ഞെടുപ്പ് വിജയം കൊണ്ട് സതീശനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതിനെയും പലരും വിമര്‍ശിച്ചിരുന്നു.
പൊളിറ്റിക്കലി കറക്റ്റ് ആയ സതീശന്‍ ഈ നടപടിയെ എതിര്‍ത്ത് പെട്ടെന്ന് തന്നെ രംഗത്തുവരികയും പ്രവര്‍ത്തകരുടെ അമിതാവേശമായി വിശേഷിപ്പിച്ചെങ്കിലും പാര്‍ട്ടിയിലെ സ്ഥാനമോഹികളായ ചിലര്‍ ഇതിനോടകം ഏറ്റെടുത്താല്‍ ഈ വിവാദം എളുപ്പം കെട്ടടങ്ങാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഇളയവര്‍ വിഭാഗീയ ബന്ധങ്ങള്‍ കണക്കിലെടുക്കാതെ വി.ഡി സതീശനെ പിന്തുണക്കുന്നു.
പാര്‍ട്ടിയില്‍ വെല്ലുവിളികളില്ലാത്ത പ്രായപരിധിയിലുള്ളതിന്റെ സവിശേഷമായ നേട്ടമാണ് സതീശന്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ കാലാവധി കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ മോശമല്ലെങ്കിലും, അദ്ദേഹം എല്ലായ്‌പ്പോഴും ഒരു വിശ്വാസ്യത പ്രതിസന്ധിയുമായി പോരാടുകയായിരുന്നു. സി.പി.എം വ്യക്തിപരമായി ലക്ഷ്യമിട്ട് ആരംഭിച്ച 'മൃദു-ഹിന്ദുത്വ' പ്രചാരണമാണ് ചെന്നിത്തലയുടെ വിശ്വാസ്യത പ്രതിസന്ധി രൂക്ഷമാക്കിയത്.
സതീശന്‍ ഉത്തരവാദിത്വമേറ്റപ്പോള്‍ നിയമസഭയിലും പുറത്തും അദ്ദേഹം സി.പി.എമ്മിനെ രാഷ്ട്രീയമായി ആക്രമിക്കാന്‍ മുതിരുകയും പലപ്പോഴും കോണ്‍ഗ്രസിനെതിരായ ആരോപണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ ആഖ്യാനങ്ങള്‍ രൂപീകരിച്ചിരുന്ന സി.പി.എമ്മിന്റെ കുത്തകയെ മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇടതുപക്ഷ സര്‍ക്കാരിന് ഇനി നാലു വര്‍ഷം കൂടി ഉണ്ടെന്ന് ഇരിക്കെ രാഷ്ട്രീയ മേല്‍കൈ നേടാന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വരും.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ രണ്ടാം നിര, മൂന്നാം നിര നേതാക്കളെ മുന്നോട്ട് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ക്കിടയിലും മുതിര്‍ന്ന നേതാക്കളെ പിണക്കാതിരിക്കാനും സതീശന്‍ ശ്രമിക്കുന്നുണ്ട്. കെ.വി തോമസിന്റെ പുറത്ത് പോകല്‍ സതീശന് ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രത്യേക പ്രഭാവം ഒന്നും അതിനു ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ കൊഴിഞ്ഞുപോക്കിനു ശേഷം ഇനി കൂടുതല്‍ നേതാക്കളെ നഷ്ടപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയില്ല.
തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘോഷങ്ങള്‍ കെട്ടടങ്ങും മുന്‍പേ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം ആരംഭിച്ചു. പ്രമുഖ നേതാവ് ഡൊമിനിക്ക് പ്രസന്റേഷനെതിരെ ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് രംഗത്ത് വന്നു. ഡൊമിനിക് പ്രസന്റേഷനും അബ്ദുല്‍ മുത്തലിബും ഉമ്മന്‍ ചാണ്ടി വിഭാഗക്കാരാണെന്ന് ശ്രദ്ധിക്കണം. എന്നിരുന്നാലും, വൈകിയാണെങ്കിലും എറണാകുളത്തെ നിരവധി നേതാക്കളുടെ വിശ്വസ്തത നേടാന്‍ സതീശന് കഴിഞ്ഞു. 2021 ലെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന്, രണ്ട് എം.എല്‍.എമാര്‍ - അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ മാത്രമാണ് ചെന്നിത്തല വിഭാഗത്തോടുള്ള കൂറ് ഇപ്പോഴും തുടരുന്നത്; കെ. ബാബു ഉമ്മന്‍ ചാണ്ടി വിഭാഗത്തോടും. എറണാകുളം ഡി.സി.സിയിലെ യു,ഡി,എഫ് മീറ്റിംഗുകളില്‍ അദ്ദേഹം ഇപ്പോഴും അധ്യക്ഷത വഹിക്കുന്നു എന്നത് കൊണ്ട് തന്നെ ഡൊമിനിക് പ്രസന്റേഷനെതിരായ ആഭ്യന്തര കലാപം നിരുപദ്രവകരമല്ലെന്ന് കരുതണം; അദ്ദേഹത്തിനെ സംഘടനയിലെ കേവല ഉത്തരവാദിത്തത്തിലേക്ക് ഒതുക്കാന്‍ സതീശന്‍ ശ്രമിക്കുമ്പോഴും. ഡൊമിനിക്ക് പ്രസന്റേഷനെ മാറ്റിനിര്‍ത്തുന്നതില്‍ ഹൈബി ഈഡനും നിക്ഷിപ്ത താത്പര്യമുണ്ട്, കാരണം ഇത് അദ്ദേഹത്തെ കോണ്‍ഗ്രസിലെ ഉന്നത ലാറ്റിന്‍ കത്തോലിക്കാ നേതാവാക്കും. മുതിര്‍ന്ന നേതാക്കളെ ഒന്നിച്ചു 2026 തെരഞ്ഞെടുപ്പ് വരെ കൊണ്ടുപോകാന്‍ കഴിയുമോ എന്നതാണ് സതീശന്‍ നേരിടുന്ന വെല്ലുവിളി. 1967-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് സപ്ത കക്ഷി മഴവില്ല് സഖ്യത്തിന് നേതൃത്വം നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിലേക്ക് ചുരുങ്ങി, അന്നത്തെ മുതിര്‍ന്ന നേതാവായ അലക്‌സാണ്ടര്‍ പറമ്പിത്തറ കെ. കരുണകരനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നാമനിര്‍ദ്ദേശം ചെയ്തു. കരുണാകരന്‍ പാര്‍ട്ടിയെ നിരവധി വിജയങ്ങളിലേക്ക് നയിച്ചപ്പോള്‍, തന്റെ പാര്‍ട്ടിയെ സംസ്ഥാന നിയമസഭയില്‍ വിജയത്തിലേക്ക് നയിച്ചുകൊണ്ട് മാത്രമേ സതീശന് വളരാന്‍ കഴിയൂ - തൃക്കാക്കരയിലെ വിജയത്തിന്റെ പേരില്‍ സതീശനെ ലീഡര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് അനൗചിത്യമാകും.