ഒരു വിന്റേജ് ഓര്‍മയാകുമോ വെസ്റ്റിന്‍ഡീസ്
|വീരോചിത പോരാട്ടങ്ങളാല്‍ വെട്ടിപ്പിടിച്ചെടുത്ത, ഭൂപടത്തില്‍ കാണാത്ത ഒരു ക്രിക്കറ്റ് സാമ്രാജ്യമായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. കൊളോണിയലിസത്തിന്റെ ഉല്‍പ്പന്നമായ ഒരു കളിയെ കൊളോണിയലിസത്തിനെതിരായ പോരാട്ടമാക്കി മാറ്റി അവര്‍. വെസ്റ്റിന്‍ഡീസിന്റെ ക്രിക്കറ്റ് ചരിത്രത്തെ കുറിച്ച്.
വംശീയ അതിക്രമത്തില്‍ മുറിവേറ്റവന്റെ പ്രതിഷേധത്തിന്റെ ചൂട് എത്രയാകും. 22 യാര്‍ഡ് അകലെനിന്നും 95 മൈലോളം വേഗത്തില്‍ തൊടുത്തുവിടുന്ന തുകലില്‍ തുന്നിക്കെട്ടിയ ചുവന്ന പന്ത് ഉടലില്‍ ഉരസുമ്പോഴുണ്ടാകുന്ന വികാരം എന്തായിരിക്കും. രണ്ടിനും ഏറ്റവും നന്നായി മറുപടി പറയാനാകുന്നയാള് ഇംഗ്ലീഷുകാരനായ ബ്രയാന്‍ ക്ലോസായിരിക്കും. മൈക്കല്‍ ഹോള്‍ഡിങ്ങും ആന്‍ഡി റോബര്‍ട്സും വാന്ബണ് ഹോള്‍ഡറും വെയ്ന്‍ ഡാനിയലും അടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് പേസ് ഫാക്ടറി തൊടുത്ത പന്തുകള്‍ ബ്രയാന്‍ ക്ലോസിന്റെ ശരീരത്തില്‍ പുതിയ ഭൂപടങ്ങള്‍ തീര്‍ത്താണ് മടങ്ങിയത്. പന്ത് ചുംബിച്ച അടയാളങ്ങളുമായി ഷര്ട്ടില്ലാതെയിരിക്കുന്ന ക്ലോസിന്റെ ചിത്രം ഉഗ്രപ്രതാപികളായിരുന്ന കരീബിയന്‍ ക്രിക്കറ്റിന്റെ ഒരടയാളമാണ്.
ബ്രിട്ടനിലെ താപമാപിനികളില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തപ്പെട്ട 1976 ലെ ഒരു സമ്മര്‍ സീസണായിരുന്നു അത്. വെസ്റ്റിന്‍ഡീസിന്റെ ഇംഗ്ലീഷ് പര്യടനം. ദക്ഷിണാഫ്രിക്കയില്‍ ജനിച്ചു വളര്‍ന്ന ടോണി ഗ്രെയ്ഗാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍. വിഖ്യാതമായ ടെസ്റ്റ് പരമ്പരക്ക് മുമ്പായി നല്കിയ അഭിമുഖത്തില്‍ ഗ്രെയ്ഗ് വംശീയ മുനയുള്ള 'ഗ്രോവല്‍' എന്ന പദപ്രയോഗം നടത്തി. കരീബിയന്‍ ക്രിക്കറ്റര്‍മാരെ അത് വല്ലാതെ മുറിവേല്‍പ്പിച്ചു. ദീര്‍ഘകാലം നീണ്ട ബ്രിട്ടന്റെ കോളനി ഭരണത്തിന് കീഴില്‍ നിന്നും കരീബിയന്‍ ദ്വീപുകാര്‍ പുറത്തുകടന്നിട്ട് അന്ന് അധികകാലമായിട്ടില്ല. ബ്രിട്ടീഷുകാരുടെ സ്വാധീനമുള്ള പലദ്വീപുകളിലും പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയവുമാണ്. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ കരീബിയന്‍ വംശജരെയും ആ പ്രയോഗം വല്ലാതെ മുറിവേല്‍പ്പിച്ചു.
ക്യൂബയോട് ചേര്‍ന്നുകിടക്കുന്ന ജമൈക്ക മുതല്‍ ബ്രസീലിനടുത്തുള്ള ഗയാനവരെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിലുണ്ട്. ഡൊമിനിക്ക, ബാര്‍ബഡോസ്, ട്രിനിഡാഡ്, സെന്റ് ലൂസിയ, ഗ്രനഡ എന്നിങ്ങനെ പരമാധികാരമുള്ള രാജ്യങ്ങളും ഡിപെന്‍ഡന്റ് രാജ്യങ്ങളും അതിലുള്‍പ്പെടും.
തങ്ങളുടെ ആത്മാഭിമാനത്തിലേറ്റ ആ മുറിവില്‍ കരീബിയന്‍ താരങ്ങള്‍ മരുന്നുവെച്ചത് കളിക്കളത്തില്‍ വെച്ചാണ്. എല്ലാ താരങ്ങളും ഗ്രെയ്ഗിന്റെ പ്രസ്താവനയെ വ്യക്തിപരമായെടുത്തു. ഓരോ തവണ ക്രീസിലെത്തുമ്പോഴും ശരീരം ലക്ഷ്യമാക്കി കുത്തിയുയര്‍ന്ന് വന്ന പന്തുകളെ പാടുപെട്ടാണ് ടോണി ഗ്രെയ്ഗ് പ്രതിരോധിച്ചത്. മുമ്പെങ്ങുമില്ലാത്ത വിധം കരീബിയന്‍ വംശജര്‍ ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളില്‍ നിറഞ്ഞു. വെസ്റ്റിന്‍ഡീസുകാര്‍ ഓരോ തവണ ബൗണ്ടറി നേടുമ്പോഴും ഗ്രെയ്ഗിനെ നോക്കി കാണികള്‍ ഗ്രോവല്‍ ഗ്രോവല്‍ എന്നാര്‍ത്തുവിളിച്ചു. ഇംഗ്ലണ്ടിനെ ഒരു മത്സരം പോലും വിജയിക്കാന്‍ അനുവദിക്കാതെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-0 ത്തിനാണ് വെസ്റ്റിന്‍ഡീസ് നേടിയത്. ഏഴ് ഇന്നിങ്സുകളില്‍ നിന്നായി വിവ് റിച്ചാര്‍ഡ്സ് മാത്രം 829 റണ്‍സ് അടിച്ചെടുത്തു.
ഇങ്ങനെ വീരോചിത പോരാട്ടങ്ങളാല്‍ വെട്ടിപ്പിടിച്ചെടുത്ത, ഭൂപടത്തില്‍ കാണാത്ത ഒരു ക്രിക്കറ്റ് സാമ്രാജ്യമായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. കൊളോണിയലിസത്തിന്റെ ഉല്‍പ്പന്നമായ ഒരു കളിയെ കൊളോണിയലിസത്തിനെതിരായ പോരാട്ടമാക്കിയവര്‍. മരണം മണക്കുന്ന പന്തുകളെറിഞ്ഞും ബാറ്റിങ്ങിനെ ഒരു കലയാക്കിയും കളിക്കളങ്ങളെ എക്സ്പോ സെന്ററാക്കിയവര്. ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വീണ്ടും ആതിഥ്യമരുളാനിരിക്കെ അതിലെ ഏറ്റവും വലിയ വാര്‍ത്ത വെസ്റ്റിന്‍ഡീസ് ഇല്ല എന്നതാണ്. പോയ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പിലും ഫൈനല്‍ ക്വാളിഫയേഴ്സില്‍ ഇടം പിടിക്കാന്‍ വിന്ഡീസിനായിരുന്നില്ല. എതിരാളികളില്ലാതെ ലോകം ഭരിച്ചിരുന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് സാമ്രാജ്യത്തിന് എന്താണ് സംഭവിച്ചത്? ഒറ്റവാക്കില്‍ പറയാവുന്ന ഉത്തരമല്ല അത്.
കരീബിയന്‍ കടലിന് ചുറ്റുമായി പടര്‍ന്നുകിടക്കുന്ന അനേകം രാജ്യങ്ങളുടെ കൂട്ടായ്മയാണ് വെസ്റ്റിന്‍ഡീസ്. ക്യൂബയോട് ചേര്‍ന്നുകിടക്കുന്ന ജമൈക്ക മുതല്‍ ബ്രസീലിനടുത്തുള്ള ഗയാനവരെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിലുണ്ട്. ഡൊമിനിക്ക, ബാര്‍ബഡോസ്, ട്രിനിഡാഡ്, സെന്റ് ലൂസിയ, ഗ്രനഡ എന്നിങ്ങനെ പരമാധികാരമുള്ള രാജ്യങ്ങളും ഡിപെന്‍ഡന്റ് രാജ്യങ്ങളും അതിലുള്‍പ്പെടും. സ്വന്തം പതാകയും അതിര്‍ത്തികളുമുള്ള വേവ്വേറെ രാജ്യങ്ങള്‍. പക്ഷേ, ക്രിക്കറ്റിനായി അവര്‍ ഒരുമിച്ചു നിന്നു. ഒരുമിക്കാന്‍ അവര്‍ക്കൊരു കാരണവുമുണ്ടായിരുന്നു. ഏത് വിധേനയും വെള്ളക്കാരെ തോല്‍പ്പിക്കണം. പ്രത്യേകിച്ചും ഇംഗ്ലീഷുകാരെ.
മറ്റുകായിക ഇനങ്ങളുടെ വളര്‍ച്ചയേക്കാള്‍ ക്രിക്കറ്റിന് വില്ലനാകുന്നത് സാമ്പത്തിക പ്രശ്നങ്ങളാണെന്ന് കാണാം. ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്ക് തങ്ങളുടെ ക്രിക്കറ്റ് ഇക്കണോമി നന്നായി കൊണ്ടുപോകാനുള്ള വരുമാനമില്ല.
വില്ലോ ബാറ്റും ഡ്യൂക്സ് ബാളുമായി കപ്പലുകളിലെത്തിയ ഇംഗ്ലീഷുകാരാണ് കരീബിയന്‍ ദ്വീപുകളില്‍ ക്രിക്കറ്റെത്തിക്കുന്നത്. ബ്രിട്ടീഷ് അധികാരികള്‍ക്കും വെള്ളക്കാരായ പ്ലാന്റേഴ്സിനും മാത്രം കളിക്കാനാകുമായിരുന്ന ജെന്റില്‍മെന്‍സ് ഗെയിം. കടുത്ത വെയിലുള്ള ദിനങ്ങളില്‍ ഇവരുടെ മക്കള്‍ക്ക് പന്തെറിയാന്‍ കറുത്തവരായ അടിമകളെ വേണ്ടിയിരുന്നു. അങ്ങനെയാണ് വെള്ളക്കാരല്ലാത്തവര്‍ ഈ കളിയെ പരിചയപ്പെടുന്നത്. പതിയെ ഈ കളി കറുത്തവര്‍ക്കിടയിലും പ്രചാരം നേടി. ഉടമകളായ വെള്ളക്കാര്‍ ആദ്യത്തെ ഇന്റര്‍ കൊളോണിയന്‍ ടൂര്‍ണമെന്റ് നടത്തുമ്പോള്‍ അസൂയയോടെ നോക്കിയിരിക്കാനായിരുന്ന കറുത്തവരുടെ വിധി. അവര്‍ വെറുതെയിരുന്നില്ല. സണ്‍ഡേ ക്ലബ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനായി സ്വന്തമായി ഒരു ക്ലബ് രൂപീകരിച്ചു. ആദ്യം മധ്യവര്‍ഗക്കാര്‍ മാത്രമായിരുന്നുവെങ്കില്‍ പതിയെ വര്‍ക്കിങ് ക്ലാസും അതില്‍ പങ്കെടുത്തു. അങ്ങനെ ക്രിക്കറ്റ് ജനകീമായിത്തുടങ്ങി. കൊളോണിയല്‍ കാലത്തും അതിന് ശേഷവും അവര്‍ക്ക് ക്രിക്കറ്റെന്നത് വെള്ളക്കാര്‍ക്ക് നേരെയുള്ള പോരാട്ടങ്ങളായിരുന്നു. അവര്‍ അടിക്കുന്ന ഓരോ ഷോട്ടിലും എറിയുന്ന ഓരോ പന്തിലും പ്രതിഷേധത്തിന്റെയും വിമോചനാഗ്രഹങ്ങളുടെയും മുദ്രകളുണ്ടായിരുന്നു. ട്രിനിഡാഡില്‍ നിന്നുള്ള മാര്‍ക്സിസ്റ്റ് ചിന്തകന്‍ സി.എല്‍.ആര് ജെയിംസ് തന്റെ Beyond a Boundary എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
1976നും 1986നും ഇടയിലുള്ള വര്‍ഷങ്ങളെ കരീബിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലമായി വിലയിരുത്താം. കളിച്ച 17ല്‍ 15 ടൂര്‍ണമെന്റും അവര്‍ വിജയിച്ചു. 1975നും 1987നും ഇടയിലുള്ള കാലത്ത് ഏകദിനത്തില്‍ അവരുടെ വിജയശരാശരി 74 ശതമാനമാണ്. ആദ്യ രണ്ട് ലോകകപ്പുകളും ഏകപക്ഷീയമായി നേടി. 1983 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയോട് തോല്‍വി. ഒരു പക്ഷേ ഇന്ത്യയുടെ ആ ലോകകപ്പ് വിജയം പോലും മഹാഅട്ടിമറിയായി ആഘോഷിക്കാന്‍ കാരണം അത് സാക്ഷാല്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചു എന്നത് കൊണ്ടാണ്. സ്വന്തമായ താളവും മാന്യന്മാരുടെ കളിയാണ് തങ്ങള്‍ കളിക്കുന്നതെന്ന കൂസലുമില്ലാതിരുന്ന അവരെ ലോകം കലിപ്സോ ക്രിക്കറ്റേഴ്സ് എന്നുവിളിച്ചു. എന്നാല്‍, രണ്ടായിരമാണ്ടിന് ശേഷമുള്ള കണക്കുകള്‍ നോക്കിയാല്‍ വിന്‍ഡീസ് ക്രിക്കറ്റിന്റെ പതനത്തിന്റെ വ്യാപ്തി മനസ്സിലാകും. 2000ത്തിന് ശേഷമുള്ള 217 ടെസ്റ്റ് മത്സരങ്ങളില്‍ അവര്‍ വിജയിച്ചത് 48 മത്സരങ്ങളില്‍ മാത്രം. 115 എണ്ണത്തില്‍ തോറ്റു. ഇതേകാലയളവില്‍ 475 ഏകദിന മത്സരങ്ങള്‍ കളിച്ചപ്പോള്‍ വിജയിച്ചത് 182 എണ്ണത്തില്‍ മാത്രം. 264 എണ്ണത്തില്‍ തോറ്റു. വിജയ ശതമാനം 38 മാത്രം.
ഒരു സുപ്രഭാതത്തില്‍ തുടങ്ങിയ തകര്ച്ചയല്ലിത്. 90കള്‍ മുതല്‍ കരീബിയന്‍ യുവത ഫുട്ബാള്‍, അത്ലറ്റിക്സ് അടക്കമുള്ള ഒളിമ്പിക്സ് ഗെയിമുകളിലേക്ക് തിരിഞ്ഞു. അതവര്‍ക്ക് ഗുണം ചെയ്തിട്ടുമുണ്ട്. ക്രിക്കറ്റ് കളിച്ചുനടന്ന ഉസൈന്‍ ബോള്‍ട്ടിനെയും യൊഹാന്‍ ബ്ലെയ്ക്കിനെയും ട്രാക്കിലേക്ക് കളം മാറ്റിയപ്പോള്‍ ലോകത്തിന് ലഭിച്ചത് എക്കാലത്തെയും മികച്ച അത്ലറ്റുകളെയാണ്. എന്നാല്‍, മറ്റുകായിക ഇനങ്ങളുടെ വളര്‍ച്ചയേക്കാള്‍ ക്രിക്കറ്റിന് വില്ലനാകുന്നത് സാമ്പത്തിക പ്രശ്നങ്ങളാണെന്ന് കാണാം. ചെറിയ ജനസംഖ്യയുള്ള ഈ രാജ്യങ്ങള്‍ക്ക് തങ്ങളുടെ ക്രിക്കറ്റ് ഇക്കണോമി നന്നായി കൊണ്ടുപോകാനുള്ള വരുമാനമില്ല. 2007 ക്രിക്കറ്റ് ലോകകപ്പിന് അവര്‍ വേദിയൊരുക്കിയത് സാമ്പത്തികനേട്ടം കൂടി മുന്നില്‍ കണ്ടായിരുന്നു. പക്ഷേ, അവിടെയും വിധി ചതിച്ചു. ഇന്ത്യയും പാകിസ്താനും ആദ്യറൗണ്ടില്‍ പുറത്തായതോടെ സ്പോണ്‍സര്‍മാരും ടൂര്‍ ഓപ്പറേറ്റേഴസും ബ്രോഡ്കാസ്റ്റേഴുമെല്ലാം പിന്‍വലിഞ്ഞു. ബോര്‍ഡിന് സാമ്പത്തികമായി കനത്ത നഷ്ടം സംഭവിച്ചു. ഐ.സി.സി അവര്‍ക്ക് മുന്നില്‍ കൈമലര്‍ത്തി.
മെച്ചപ്പെട്ട പരിശീലനമോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാനുളള ശേഷി നിലവില്‍ വിന്‍ഡീസ് ബോര്‍ഡിനില്ല. പക്ഷേ, പ്രതിഭയുള്ള ക്രിക്കറ്റര്‍മാര്‍ ഇന്നും കരീബിയന്‍ തീരങ്ങളിലുണ്ട്. എന്നാല്‍, അവര്‍ക്കൊന്നും വെസ്റ്റിന്‍ഡീസിനായി കളിക്കാന്‍ യാതൊരു താല്പര്യവുമില്ല. പ്രശ്നം സാമ്പത്തികം തന്നെയാണ്. താരങ്ങള്‍ക്ക് പണം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കൊടുക്കുന്നില്ല എന്ന് കരുതേണ്ടതില്ല. തങ്ങളുടെ വരുമാന പരിധിക്കുള്ളില്‍ നിന്ന് നല്കാന് കഴിയുന്നതാണ് കൊടുക്കുന്നത്. കരീബിയന്‍ ദ്വീപുകളിലുള്ള 95% ശതമാനം ജനങ്ങളേക്കാള്‍ പണം താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് മുന്‍ താരവും കമന്റേറ്റുമായ മൈക്കല്‍ ഹോള്‍ഡിങ് പറയുന്നത്. പക്ഷേ, ട്വന്റി 20 ലീഗുകളില്‍ നിന്നും ലഭിക്കുന്ന പണവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത് വളരെ തുച്ഛമാണ്. വെസ്റ്റിന്‍ഡീസിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ തന്നെ പ്രമുഖ താരങ്ങള്‍ വിവിധ ട്വന്റി 20 ലീഗുകളില്‍ കളത്തിലിറങ്ങുന്നതിന്റെ കാരണവും അതുതന്നെ. ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് മാത്രം സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ല എന്നാണ് വിന്‍ഡീസ് മുന്‍ നായകന് ഡാരന്‍ സമ്മി ഇതേക്കുറിച്ച് പ്രതികരിച്ചത്. സാമ്പത്തികമടക്കമുളള കാരണങ്ങളാല്‍ വിന്‍ഡീസ് താരങ്ങളും ബോര്‍ഡും ഏറ്റുമുട്ടുന്നതും ലോകം പലകുറി കണ്ടു. 2014ല്‍ ഇന്ത്യയിലെത്തിയ വിന്‍ഡീസ് ടീം ബോര്‍ഡുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ടീമിനെ പിന്‍വലിച്ചത് ചിലര്‍ക്കെങ്കിലും ഓര്‍മയുണ്ടാകും.
ട്വന്റി 20 ലീഗുകളിലേക്ക് കരീബിയന്‍ ദ്വീപുകാര്‍ കളിക്കാന്‍ പോയതിന്റെ ഗുണങ്ങളും വെസ്റ്റിന്‍ഡീസിന് ലഭിച്ചിട്ടുണ്ട്. 2012, 2016 ട്വന്റി 20 ലോകകപ്പുകളിലെ വിജയം അതിന്റെ ഫലമായിരുന്നു. പക്ഷേ, ആകെത്തുകയില്‍ അത് വെസ്റ്റിന്‍ഡീസെന്ന, ക്രിക്കറ്റിനായുള്ള ആ കൂടിച്ചേരലിനെ ഇല്ലാതാക്കിയെന്ന് പറയാം. ക്രിസ് ഗെയില്‍, കീരണ്‍ പൊള്ളാര്‍ഡ്, ഡാരന്‍ സമി, ആന്ദ്രേ റസല്‍, സുനില്‍ നരൈന് അടക്കമുള്ള മികച്ച താരങ്ങളെല്ലാം ബോര്‍ഡുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് പലകാലങ്ങളിലായി മെറൂണ്‍ ജഴ്സിയില്‍നിന്നും മാറിനിന്നവരാണ്.
അന്താരാഷ്ട്ര കലണ്ടറുകള്‍ക്ക് പ്രധാന്യം കൊടുത്തിരുന്ന പരമ്പരാഗത ശൈലിയില്‍ നിന്നും മാറി ക്രിക്കറ്റ് കൂടുതല്‍ ഫ്രാഞ്ചൈസി ലീഗുകളിലേക്ക് പടരുകയാണ്. യു.എ.ഇയിലും യു.എസിലും കാനഡയിലുമടക്കം ഫ്രാഞ്ചൈസി ലീഗുകള്‍ ഉണര്‍ന്നിട്ടുണ്ട്. എല്ലായിടത്തും ഹോട്ട് ചോയ്സായി കരീബിയന്‍ താരങ്ങള്‍ പങ്കെടുക്കുന്നുമുണ്ട്. ഒരു പക്ഷേ കരീബിയയില്‍നിന്നുള്ള താരങ്ങളെ കാണുകയും വെസ്റ്റിന്‍ഡീസെന്ന ക്രിക്കറ്റിന്റെ ഒരു പ്രതീകത്തെ കാണാതിരിക്കുകയും ചെയ്യുന്ന കാലമാകും ഇനി വരാനിരിക്കുന്നത്. അതെന്തായാലും ക്രിക്കറ്റിന് ഗുണകരമായിരിക്കില്ല.