Analysis
ലോക സംഗീത ദിനം
Analysis

ഫെറ്റെ ഡെ ല മ്യൂസിക്: അതിരുകളില്ലാത്ത ഈണങ്ങള്‍

ശ്യാം സോര്‍ബ
|
21 Jun 2023 6:32 AM GMT

ജൂണ്‍ 21ന് ലോക സംഗീത ദിനത്തില്‍ സിംഫണിയോടൊപ്പം ഉയരുന്നത് ഹാര്‍മണിയുമാണ്.

ജൂണ്‍ 21 ലോക സംഗീത ദിനം. സങ്കടത്തിലും സന്തോഷത്തിലും സമാധാനത്തിലും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഈണമെങ്കിലും നമ്മുടെയൊക്കെ ഉള്ളില്‍ ഉണ്ടാകും. അതിന് ഭാഷയോ ദേശമൊ അതിരുകള്‍ ആവാറില്ല. കര്‍ണാടിക് സംഗീതത്തിന്റെ ലയങ്ങളും താളങ്ങളും ഹിന്ദുസ്ഥാനിയുടെ ഈണങ്ങളും കഥകളിപദത്തിന്റെ ഒഴുക്കും റോക്ക് മ്യൂസിക്കിന്റെ ചടുലതയും ഡപ്പാംകൂത്ത് പാട്ടുകളുടെ ചടുതലയും എന്നിങ്ങനെ ഈണവും താളവുമൊക്കെ മാറി മാറി ആസ്വദിക്കുന്നവരാണ് മനുഷ്യര്‍.

നുസ്രത് ഫത്തെ അലി ഖാനെയും റാഹത്ത് ഫത്തെഅലി ഖാനെയും എം.എസ് സുബ്ബലക്ഷ്മിയേയും ബോംബെ സിസ്റ്റേഴ്‌സിനെയും സാകിര്‍ ഹുസൈനെയും ഒരുപോലെ സ്വീകരിക്കുന്ന ആസ്വാദകര്‍. ഗസലും, ഖവാലിയും, ബീറ്റില്‍സും നിര്‍വാണയും ബി.ടി.എസ്സും ഒരുക്കുന്ന വിരുന്നുകള്‍ ഒരുപോലെ സ്വീകരിക്കുന്ന ലോകം. ഇളയരാജയെയും ഹരിപ്രസാദ് ചൗരസ്യയും യേശുദാസിനെയും ചിത്രയെയും ഉമ്പായിയെയും ഭാസ്‌കരന്‍ മാഷിനെയും ഷഹബാസിനെയും ശ്യാമിനെയും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍. അങ്ങിനെ തലമുറകളോളം ഉള്ളില്‍ ഈണമിടുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്.


സംഗീതം മാസ്മരികതയാണ്. മനോഹരമായ മരുന്നായി, തെറാപ്പിയായി സംഗീതം മാറാറുണ്ട്. അതിരുകളും സംസ്‌കാരങ്ങളും നിറങ്ങളും ജാതിയും മതവും ഒക്കെ വേലികള്‍ തീര്‍ത്തു വേര്‍തിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ലോക സംഗീത ദിനം ആഘോഷിക്കപ്പെടുന്നത്. അതിരുകള്‍ക്കപ്പുറത്ത് ആസ്വാദക ഹൃദയത്തിലൂടെ കടന്ന് പോകുന്നൊരു നൂലുണ്ട്. ആ അദൃശ്യ നൂല് സംഗീതമാണ്. ലോകം മുഴുവന്‍ ആ അദൃശ്യതയെ ചേര്‍ത്ത് പിടിക്കുന്ന ദിനമാണ് ജൂണ്‍ 21-ലോക സംഗീത ദിനം.

Fête de la Musique, (ഫെറ്റെ ഡെ ല മ്യൂസിക്) അഥവാ, ലോക സംഗീത ദിനം, അതൊരു ആഘോഷമാണ്. സര്‍വ്വ ഭാഷകളുടെയും അതിരുകള്‍ കീറിമുറിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പുതിയ വാതില്‍ തുറക്കുന്ന സംഗീത ആഘോഷം. ലോകത്തിന്റെ നാനാ ഭാഗത്ത് തെരുവുകളും പാര്‍ക്കുകളും പൊതു ഇടങ്ങളും വ്യത്യസ്തമായ ഈണങ്ങളാല്‍ പ്രതിധ്വനി ഉയരുന്ന ദിനം. ഈ ദിവസം സംഗീതം പറന്നുയരുന്നു. ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിനെയും ഒക്കെ കൂട്ട് പിടിച്ചു സംഗീതം ഈണമിടുന്നു.


1982 ല്‍ ആണ് ലോക സംഗീത ദിനം ആരംഭം കുറിക്കുന്നത്. ഫ്രാന്‍സില്‍ സാംസ്‌കാരിക മ്ര്രന്തിയായിരുന്ന ജാക്ക് ലാങ് ആണ് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വെച്ചത്. ഫെറ്റെ ഡെ ല മ്യൂസിക് എന്ന ആശയം ലളിതമായിരുന്നു. എന്നാല്‍, അത് അതിലേറെ ഗഹനമായിരുന്നു. സംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഒരു ദിനം, ഒരു വേദി പൊതു ഇടങ്ങളില്‍ ഒരുക്കുക എന്ന ജാക്കിന്റെ ആശയം പെട്ടെന്ന് പ്രചാരം നേടി. പിന്നീട് ഈ നൂലില്‍ കോര്‍ത്തത് 120 ഓളം രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന ഈണങ്ങളാണ്.


ജൂണ്‍ 21ന് ലോക സംഗീത ദിനത്തില്‍ സിംഫണിയോടൊപ്പം ഉയരുന്നത് ഹാര്‍മണിയുമാണ്. തിരക്കേറിയ മുംബൈ നഗരത്തിന്റെ തെരുവുകളിലും പാരീസിന്റെ പാര്‍ക്കുകളിലുമെല്ലാം ഈണങ്ങള്‍ അലയടിക്കും. തിരക്കേറിയ അങ്ങാടികളില്‍ കര്‍ണാടിക് സംഗീതവും ഹിന്ദുസ്ഥാനിയും സൂഫിയും ഖവാലിയും റോക്ക് മ്യൂസിക്കും ജാസുമൊക്കെ മായിക വലയം കൊണ്ട് ആളുകളെ ആലിംഗനം ചെയ്യും. ക്ലാസിക്കല്‍ മുതല്‍ റോക്ക് വരെ, റെഘേ മുതല്‍ നാടന്‍ പാട്ടുകള്‍ വരെ, പരമ്പരാഗത സംഗീതം മുതല്‍ പരീക്ഷണ സംഗീതം വരെ അലയടികള്‍ ഉയര്‍ന്നുകൊണ്ടിരിക്കും. കേവലം 24 മണിക്കൂറില്‍ ഒതുങ്ങുന്ന ഒന്നല്ല ലോക സംഗീത ദിനം. മനസ്സില്‍ സംഗീതം സൂക്ഷിക്കുന്ന കോടാനുകോടി മനുഷ്യര്‍ക്ക് സംഗീതത്തെ ചേര്‍ത്ത് പിടിക്കാനുള്ള ഓര്‍മപ്പെടുത്തലാണ്. ഹൃദയങ്ങളെ സ്വാധീനിക്കുന്ന ഈണങ്ങളെ ചേര്‍ത്ത് പിടിക്കലാണ്.

Similar Posts