നീതിസമരങ്ങളോട് ഗുസ്തി പിടിക്കുന്ന ഭരണകൂടം
|അത്‌ലറ്റുകളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച വിഷയങ്ങളില്‍ ഇന്റര്‍നാഷ്ണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി - ഐ.ഒ.സി ആശങ്ക അറിയിച്ചിട്ടുണ്ട്. പക്ഷപാതരഹിതമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അതിവേഗം നീതി നടപ്പാക്കണമെന്നാണ് ഐ.ഒ.സി ആവശ്യപ്പെട്ടിരിക്കുന്നത്.
അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് വേദികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയ മുന്‍നിര ഗുസ്തി താരങ്ങള്‍ ഇന്ന് ഡല്‍ഹിയിലെ തെരുവുകളില്‍ സമരത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അതിന്റെ റിപ്പബ്ലിക്കന്‍ മൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും ഉറപ്പാക്കാന്‍ കഴിയാതെയായിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്രംഗ് പൂനിയ, റിയോ ഒളിമ്പിക്‌സിലെ വെങ്കല ജേതാവ് സാക്ഷി മാലിക്, രണ്ടു ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത വിനേഷ് ഫോഗാട്ട് എന്നീ രാജ്യത്തിന്റെ അഭിമാന താരങ്ങളാണ് സമരം ചെയ്യുന്നത്. രാജ്യം ഖേല്‍രത്‌നയും പത്മശ്രീയും അര്‍ജുനയും നല്‍കി ആദരിച്ച ഈ താരങ്ങള്‍ 45 അന്താരാഷ്ട്ര മെഡലുകളാണ് ഇന്ത്യക്കായി ഗുസ്തിയില്‍ ഇതുവരെ നേടിയത്.
ഗോദയ്ക്കു പുറത്തെ ആരവങ്ങളും അഭിനന്ദനങ്ങളും ധാരാളം അനുഭവിച്ചവരാണ് ഈ താരങ്ങള്‍. ഇന്ന് ഇവര്‍ക്കു പിന്നില്‍ അണിനിരക്കുന്നത് ആയിരങ്ങളാണ്. മല്‍പിടുത്തം കണ്ട് കയ്യടിക്കാനല്ല എന്നുമാത്രം. എതിരാളികളുടെ ശക്തിയെ കുറിച്ചും സ്വാധീനത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളപ്പോഴും, താരങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളിലും ആവശ്യപ്പെടുന്ന നീതിയിലും വസ്തുത ഉണ്ടെന്ന തിരിച്ചറിവില്‍, അവരുടെ പോരാട്ടത്തിന് പിന്തുണയുമായി എത്തിയ ഒരു കൂട്ടം ജനങ്ങള്‍.
തങ്ങള്‍ക്കൊപ്പമുള്ള വനിതാ താരങ്ങള്‍ക്ക് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടും ബി.ജെ.പി നേതാവും പാര്‍ലമെന്റ് അംഗവുമായ ബ്രിജ് ഭൂഷണ്‍ സിങില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സമരം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ തനിക്കെതിരെ നിലനില്‍ക്കുമ്പോളും, എല്ലാം ആരോപണങ്ങളാണെന്ന് പറഞ്ഞു തള്ളിക്കളയുകയാണ് ബ്രിജ് ഭൂഷണ്‍.
2023 ജനുവരി 18 നാണ് ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ പ്രത്യക്ഷസമരം ആരംഭിക്കുന്നത്. ഇന്ത്യന്‍ റെസ്‌ലിങ് ഫെഡറേഷന്‍ (ഡബ്ല്യ.എഫ്.ഐ) മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുച്ചുകൊണ്ടും ആരോപണങ്ങളില്‍ അന്വേഷണവും അദ്ദേഹത്തിന്റെ അറസ്റ്റും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.
'ഡബ്ല്യു.എഫ്.ഐ മേധാവി തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായി കുറഞ്ഞത് പത്ത് വനിതാതാരങ്ങളെങ്കിലും തന്നോട് ഇതുവരെ നേരിട്ട് വെളിപ്പെടുത്തിയിട്ടുണ്ട്,' എന്ന വിനേഷ് ഫോഗട്ടിന്റെ ധീരമായ പ്രസ്താവനയിലായിരുന്നു രാജ്യം മുഴുവന്‍ വീശിയടിച്ച ആ കൊടുങ്കാറ്റിന്റെ തുടക്കം. ചില പരിശീലകരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാമര്‍ശിക്കാനും ഡബ്ല്യു.എഫ്.ഐയുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകളെക്കുറിച്ച് വിമര്‍ശിക്കാനും അന്ന് അവര്‍ മറന്നില്ല. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍, വനിതാ ദേശീയ ഗുസ്തി ക്യാമ്പ് റദ്ദാക്കുകയും, ബ്രിജ് ഭൂഷനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്യുന്നതുവരെ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയില്ലെന്നും അത്‌ലറ്റുകള്‍ തീരുമാനിച്ചു.
വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന കായിക മന്ത്രാലയത്തിന്റെയും സര്‍ക്കാരിന്റെയും ഉറപ്പിനെ മാനിച്ച് ജനുവരിയില്‍ തന്നെ പ്രതിഷേധം പിന്‍വലിച്ചിരുന്നു. ഡബ്ല്യു.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ ഒരു പാനലും അന്ന് രൂപീകരിച്ചു. ഒപ്പം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ) നേതൃത്വത്തില്‍, മേരി കോം, യോഗേശ്വര്‍ ദത്ത് എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏഴംഗ സമിതിയും രൂപീകരിക്കപ്പെട്ടു.
സമിതി ഏപ്രിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അതു പുറത്തുവിടാനോ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാനോ വിസമ്മതം പ്രകടിപ്പിക്കുകയാണുണ്ടായത്. നീതി നിഷേധിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞ താരങ്ങള്‍ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് 2023 ഏപ്രില്‍ 23 ന് പ്രതിഷേധം പുനരാരംഭിക്കുകയും സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. ഈ നീക്കം, ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിനെ നിര്‍ബന്ധിതരാക്കി. എന്നാല്‍, താരങ്ങളുടെ പ്രതിഷേധം പ്രതിഫലം വാങ്ങിയുള്ളതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു. സ്ഥാനത്തു നിന്നു മാറാനോ സ്വയം രാജിവെക്കാനോ അദ്ദേഹം തയ്യാറായതുമില്ല.
സമരത്തിന് പിന്തുണയേറിവന്നു. ദേശീയ തലത്തിലും അന്താരഷ്ട്ര തലത്തിലും സമരം ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സമരക്കാരോടുള്ള കര്‍ശന സമീപനം തുടര്‍ന്നു. മെയ് 28 ഞായറാഴ്ച പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ദിവസം, അവിടേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ച താരങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് തടയുകയും ജന്തര്‍ മന്ദറിലെ നിരത്തുകളിലൂടെ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ വലിച്ചിഴക്കുകയും ചെയ്തു. അറസ്റ്റു ചെയ്ത് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത ശേഷം രാത്രിയോടെയാണ് പൊലീസ് താരങ്ങളെ വിട്ടയച്ചത്. ജന്തര്‍ മന്ദറില്‍ നടന്ന സംഭവങ്ങളെ വിവിധ ദിശകളില്‍ നിന്നും വിമര്‍ശിക്കപ്പെട്ടു.
'ഗുസ്തി താരങ്ങളെ ലൈംഗികമായി ആക്രമിച്ച ബ്രിജ് ഭൂഷനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് ഏഴ് ദിവസമെടുത്തു. സമാധാനപരമായി പ്രതിഷേധിച്ചതിന് ഞങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഏഴ് മണിക്കൂര്‍ പോലും അവര്‍ക്ക് വേണ്ടി വന്നില്ല.' ഒളിംപിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായ സാക്ഷി മാലിക് സംഭവത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'തങ്ങളുടെ കായികതാരങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ എങ്ങനെ പെരുമാറുന്നുവെന്ന് ലോകം മുഴുവനും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,' എന്നും സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു.
ജന്തര്‍ മന്ദറില്‍ നിന്ന് സമരക്കാരെ പൂര്‍ണ്ണമായി ഒഴിപ്പിച്ച പൊലീസ്, താരങ്ങള്‍ക്കെതിരെ-കലാപം, നിയമവിരുദ്ധമായി ഒത്തുകൂടല്‍, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാവിയില്‍ പുതിയ അപേക്ഷ നല്‍കുകയാണെങ്കില്‍ താരങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ ഉചിതമായ സ്ഥലം വീണ്ടും ജന്തര്‍ മന്ദറില്‍ തന്നെ അനുവദിക്കും എന്നാണ് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് മേധാവി സുമന്‍ നല്‍വ പ്രതികരിച്ചത്.
ഇന്ത്യന്‍ ഗുസ്തിതാരങ്ങളുടെ അവസ്ഥയിലും, ഡബ്ല്യു.എഫ്.ഐ മേധാവിക്കെതിരായി ഉന്നയിക്കപ്പെടുന്ന പരാതികളിലും യു.ഡബ്ല്യു.ഡബ്ല്യു വലിയ ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങും (യു.ഡബ്ല്യു.ഡബ്ല്യു), അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐ.ഒ.സി) പൊലീസ് ഗുസ്തി താരങ്ങളോടു സ്വീകരിച്ച നടപടികളെ അപലപിച്ചു.
അത്‌ലറ്റുകളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച വിഷയങ്ങളില്‍ ഇന്റര്‍നാഷ്ണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി - ഐ.ഒ.സി ആശങ്കയറിയിച്ചിട്ടുണ്ട്. പക്ഷപാതരഹിതമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അതിവേഗം നീതി നടപ്പാക്കണമെന്നാണ് ഐ.ഒ.സി ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനം തുടര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയോടുള്ള പ്രതിഷേധ സൂചകമായി വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യുമെന്ന വൈകാരികമായ തീരുമാനത്തിലേയ്ക്കു വരെ താരങ്ങള്‍ ഒരു ഘട്ടത്തില്‍ എത്തുകയുണ്ടായി. ഇന്ത്യന്‍ കര്‍ഷക നേതാക്കളുടെ ഇടപെടലുകളുടെ ഫലമായാണ് താരങ്ങള്‍ ആ നടപടിയില്‍നിന്ന് പിന്‍മറിയത്. എങ്കിലും, ഡല്‍ഹിയിലെ യുദ്ധസ്മാരകമായ ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് താരങ്ങളുടെ പുതിയ തീരുമാനം.
കര്‍ഷകര്‍, കായിക താരങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രൈഡ് യൂണിയനുകള്‍ തുടങ്ങി പല മേഖലകളില്‍ നിന്നും പിന്തുണകള്‍ ലഭിക്കുന്നുണ്ടെങ്കിലും നീതി ഇന്നും അവര്‍ക്ക് അന്യമായിതന്നെ നിലകൊള്ളുകയാണ്. ബ്രിജ് ഭൂഷണ്‍ സിംങിനെതിരെ രാജ്യത്തെ മുന്‍നിര ഗുസ്തിക്കാര്‍ നടത്തുന്ന പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ സോറാം ഗ്രാമത്തില്‍ മഹാപഞ്ചായത്തും വിളിച്ചുകൂട്ടിയിരുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
'ഫെഡറല്‍' ഗവണ്‍മെന്റ് എന്ന് അവകാശപ്പെടുമ്പോഴും, നീതി ഇവിടെ അധികാരത്തിന്റെയും അധികാരികളുടെയും സ്വകാര്യ താല്‍പര്യങ്ങള്‍ മാത്രമാവുകയാണ്. ഒരിക്കല്‍ അവര്‍ക്കുവേണ്ടി കയ്യടിച്ചവരാണ് ഇന്നവരെ കാണാത്ത പോലെ നടിക്കുന്നത്. അധികാരത്തിന്റെ ചെങ്കോലിനു മുന്‍പില്‍ അടിയാളന്റെ അതിജീവനത്തിന് എന്ത് പ്രസക്തിയാണെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. രാജ്യത്ത് നിയമമാകുന്നത് അനീതിയാണ്; ജനങ്ങളുടെ കടമയോ ചെറുത്തുനില്‍പ്പും.