Analysis
സവര്‍ണ്ണ ഫാസിസത്തിന്റെ നടുത്തളത്തിലേക്ക് ഇരമ്പിക്കയറാന്‍, ഇരകള്‍ക്കൊപ്പം നിന്ന് സത്യം പറയാന്‍ ത്രാണിയുള്ള എഴുത്തുകാരുടെ ഭാഷ  ഇനിയും ഉയര്‍ന്നു വരണം.
Analysis

ഫാസിസ്റ്റ് കാലത്തെ എഴുത്തുകാരും നദിക്കരകളും

പി.എ പ്രേംബാബു
|
31 Dec 2023 12:44 PM GMT

ഏകാധിപതിയായ അധികാരി അധമനും ദുര്‍വൃത്തനുമാണ് എന്നു പറയുന്നത് എഴുത്തുകാരന്റെ ഭാഷയുടെ ധര്‍മവും അങ്ങനെ പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാഷയുടെ അധര്‍മവുമാണ്.

ചരിത്ര സ്മാരകവും ഒരു മതവിഭാഗത്തിന്റെ ആരാധനാലയവും തകര്‍ത്ത് അവിടെ നിര്‍മിച്ച രാമക്ഷേത്ര പൂജ നടക്കുമ്പോള്‍ 140 കോടി ജനങ്ങളും വിളക്ക് തെളിയിക്കണം എന്ന് ഒരു ഏകാധിപതി മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് പ്രഖ്യാപിക്കുമ്പോള്‍, ഉയിര് ഭാഷക്ക് നല്‍കി, ആ ഭാഷ കാഴ്ചയുടെയും പോരാട്ടത്തിന്റെയും ഇന്ദ്രിയമാക്കിത്തീര്‍ക്കേണ്ട എഴുത്തുകാര്‍ പൂര്‍ണ്ണ നിശ്ശബ്ദരാവുകയോ, ഒരു മേമ്പൊടിക്ക് വേണ്ടി മാത്രം എന്തെങ്കിലും ഉച്ചരിക്കുകയോ ചെയ്യുന്നവര്‍ മാത്രമായിരിക്കുന്നു.

ഗുജറാത്തും മണിപ്പൂരും ഡല്‍ഹിയും കണ്ഡമാലും നെല്ലിയും അയോധ്യയും രഥയാത്രയും തുടങ്ങി മൃത്യുവിന്റെ ഗുഹാമുഖങ്ങളില്‍ നിന്നും ഇനിയും മരിച്ചിട്ടില്ലാത്ത ബലിരക്തത്തില്‍ നിന്ന് ഇനി നാം എന്തുചെയ്യണമെന്ന ചോദ്യം ഒരു ഇടിമുഴക്കം പോലെ പൊട്ടിത്തെറിച്ചു വരുമ്പോള്‍ നിരാലംബരായ ആ മനുഷ്യരോട് 'ഉടല്‍ മണ്ണിന്, ഉയിര് നിങ്ങള്‍ക്ക് വേണ്ടി എഴുതാന്‍' എന്നു പറയാന്‍ മലയാളത്തില്‍ എത്ര എഴുത്തുകാരുണ്ട്? എന്തുകൊണ്ട് അവര്‍ തെരുവില്‍ ഇറങ്ങുന്നില്ല?

പൂര്‍ണ്ണ നഗ്‌നരാക്കി ക്രൂരമായി പീഡിപ്പിച്ചും, കൂട്ടബലാത്സംഗം ചെയ്തും കൊച്ചു കുഞ്ഞിനെ കല്ലില്‍ അടിച്ചുകൊന്നും, വംശീയ കലാപക്കളത്തില്‍ നിരത്തില്‍ കാക്ക കൊത്തുന്ന സ്ത്രീ ശവശരീരത്തിലെയും അവളുടെ മുലകുടിക്കുന്ന കുഞ്ഞിനെയും പോലും സവര്‍ണ്ണ ഭീകരതയുടെ വോട്ട് ബാങ്ക് ആക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ വര്‍ത്തമാന കാലം കമ്പോള കോളറ ബാധിച്ച എഴുത്തുകാരെ ബാധിക്കാതായിരിക്കുന്നു.

നിര്‍ണായകമായ ഈ കാലത്ത് നമ്മുടെ നദികളില്‍ സംഘ്പരിവാറിന്റെ തുരുത്തുകള്‍ പൊന്തിവരും എന്ന് ആശങ്കപ്പെടുന്ന കാലത്ത് ഉയിര് കാലത്തിന്റെ നിലവിളിയും, ക്രോധവുമായിത്തീരുന്ന ഭാഷയില്‍ എഴുതാന്‍ ഉത്തരവാദിത്തപ്പെട്ട എഴുത്തുകാരില്‍ വലിയ വിഭാഗം നിശ്ശബ്ദരാണ്.

ശ്രീബുദ്ധന്‍ ഒരു നദിയുടെ ഇരുകരയിലും നടക്കാറുണ്ട് എന്നാണ് ആഖ്യാനം. കേരളത്തില്‍ കമ്യൂണിസ്റ്റ് നദിക്കരയിലൂടെയും കോണ്‍ഗ്രസ് നദിക്കരയിലൂടെയും നടന്ന ഒരുപാട് എഴുത്തുകാര്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. അവര്‍ അതതു പാര്‍ട്ടിയെ പ്രതിനിധാനം ചെയ്തു തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ട് പോലുമുണ്ട്. ഈ രണ്ടു വ്യവഹാരങ്ങളെയും കേരളത്തിലെ പല വിപ്ലവ പ്രസ്ഥാനങ്ങളും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളും സ്വതന്ത്ര ജനാധിപത്യ എഴുത്തുകാരും വിമര്‍ശിച്ചിട്ടുണ്ട്. പിന്നീട് എഴുത്തുകാരില്‍ ലിബറല്‍ വിപണി കേന്ദ്രീകൃത അരാജകത്വത്തോടുള്ള മൂടുപടമിട്ട ആദരവിന്റെ അടിത്തട്ടിലുള്ള ജുഗുപ്‌സാവഹമായ ധന മൂലധന തൃഷ്ണയുടെ വേരുകള്‍ കണ്ടിട്ടുണ്ട്. വര്‍ഗബോധമുള്ള കവികളും എഴുത്തുകാരും പൊരുതി നിന്നിട്ടുമുണ്ട്

പക്ഷേ, ഇന്ന് നിര്‍ണായകമായ ഈ കാലത്ത് നമ്മുടെ നദികളില്‍ സംഘ്പരിവാറിന്റെ തുരുത്തുകള്‍ പൊന്തിവരും എന്ന് ആശങ്കപ്പെടുന്ന കാലത്ത് ഉയിര് കാലത്തിന്റെ നിലവിളിയും, ക്രോധവുമായിത്തീരുന്ന ഭാഷയില്‍ എഴുതാന്‍ ഉത്തരവാദിത്തപ്പെട്ട എഴുത്തുകാരില്‍ വലിയ വിഭാഗം നിശ്ശബ്ദരാണ്.

ഏകാധിപതിയായ അധികാരി അധമനും ദുര്‍വൃത്തനുമാണ് എന്നു പറയുന്നത് എഴുത്തുകാരന്റെ ഭാഷയുടെ ധര്‍മവും അങ്ങനെ പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാഷയുടെ അധര്‍മവുമാണ്.

തീര്‍ച്ചയായും അങ്ങനെ പറയുമ്പോള്‍ കടുത്ത പ്രകോപനങ്ങള്‍ ഉണ്ടാവുകയും അധികാരസ്ഥാനങ്ങളില്‍ നിന്ന് സംഹാര ഭീഷണി പുറപ്പെട്ടുവരികയും ചെയ്യുന്നതിനാല്‍ അങ്ങനെ പറയുക, പറയുക, പറയുക, വീണ്ടും വീണ്ടും പറയുക എന്നത് എഴുത്തുകാരന്റെ ഭാഷയുടെ വിപ്ലവ ധര്‍മം തന്നെയാണ്. ഭാഷ ജന ജീവിതത്തിന്റെ ജീവനും ശരീരവും വഴിയും ആണ് എന്നതിനാല്‍ അങ്ങനെ പറയാന്‍ കഴിയാതെ വരുമ്പോള്‍ ഭാഷയും ജനസമുദായവും മരിക്കുന്നു.

സവര്‍ണ്ണ ഫാസിസത്തിന്റെ നടുത്തളത്തിലേക്ക് ഇരമ്പിക്കയറാന്‍, ഇരകള്‍ക്കൊപ്പം നിന്ന് സത്യം പറയാന്‍ ത്രാണിയുള്ള എഴുത്തുകാരുടെ ഭാഷ ഇനിയും ഉയര്‍ന്നു വന്നില്ലെങ്കില്‍ ഗ്വാട്ടിമാലയിലെ വിപ്ലവകാരിയും ഗറില്ല പോരാളിയും കവിയുമായ ഒട്ടോ റെനെ കാസില്ലോ പറഞ്ഞതുപോലെ 'ഒരുനാള്‍ ഈ അരാഷ്ട്രീയ ബുദ്ധിജീവികളും എഴുത്തുകാരും ചോദ്യം ചെയ്യപ്പെടും'

Similar Posts