സാബി ആലോന്സോയും റിലേഷനിസ്റ്റ് ഫുട്ബോളും
|തുടക്കത്തില്‍ ഡിഫെന്‍സിവ് ആയി നിന്ന് കൗണ്ടര്‍ അറ്റാക്കിങ്ങ് കളിച്ചിരുന്ന ആലോന്‍സോ പിന്നീട് പല തരത്തിലുള്ള നവീകരണങ്ങള്‍ നടത്തി സ്വന്തം പ്ലെയിങ്ങ് സ്റ്റൈല്‍ കണ്ടെത്തി.
2014ല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയതിന് തൊട്ടുപിന്നാലെ, റയല്‍ മാഡ്രിഡ് വിട്ട് മ്യൂണിക്കിലേക്ക് പോകാന്‍ തീരുമാനിച്ചതിന്റെ പ്രധാന കാരണം പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണെന്ന് സാബി അലോണ്‍സോ സമ്മതിക്കുന്നുണ്ട്. ''ഗാര്‍ഡിയോളയുടെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ എനിക്ക് വളരെ ആകാംക്ഷയുണ്ടായിരുന്നു എന്നാണ് 2019ല്‍ ദി അത്ലറ്റിക്കിന് അനുവദിച്ച അഭിമുഖത്തില്‍ സാബി അലോണ്‍സോ പറഞ്ഞത്.
സാബി ആലോന്‍സോയെ കുറിച്ച് ജോസെ മൊറിഞ്ഞോ പണ്ട് പറഞ്ഞത് പ്രശസ്തമാണ്: 'സാബി അലോണ്സോയ്ക്കൊപ്പം എപ്പോഴും ഒരു മാനേജര്‍ ഉണ്ടെന്ന് നമ്മുക്ക് കാണാന്‍ കഴിയും. എന്നെപ്പോലെ, അവന്റെ അച്ഛനെ പോലെ. അവന് കളിക്കാരനും മാനേജരുമായ അവന്റെ പിതാവിനൊപ്പം (പെരിക്കോ) വളര്‍ന്നു, 'കളിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് വളരെ ഉയര്‍ന്നതായിരുന്നു. പിന്നീട് സ്പെയിന്, ഇംഗ്ലണ്ട്, ജര്‍മ്മനി എന്നിവിടങ്ങളില്‍ കളിച്ചു. ബയേണില്‍ പെപ് ഗാര്‍ഡിയോളയും റയല്‍ മാഡ്രിഡില്‍ ഞാന്‍ തന്നെയും പിന്നെ കാര്‍ലോ ആന്‍സലോട്ടിയും ലിവര്‍പൂളില്‍ റാഫ ബെനിറ്റസും അദ്ദേഹത്തെ പരിശീലിപ്പിച്ചു.' അതുകൊണ്ട് നിങ്ങള്‍ അതെല്ലാം ഒരുമിച്ച് ചേര്‍ത്താല്‍ ഞാന്‍ പറയും സാബിക്ക് ഒരു മികച്ച പരിശീലകനാകാനുള്ള സാഹചര്യമുണ്ടെന്ന്.''
2022 ഒക്ടോബറില്‍ ബയേര്‍ ലെവര്കൂസന് അവരുടെ പുതിയ പരിശീലകനായി സാബി അലോണ്‍സോയെ നിയമിച്ചപ്പോള്‍ ഒരു ഫസ്റ്റ് ടീമിനെ പോലും പരിശീലിപ്പിച്ച അനുഭവം ആലോന്‍സോക്ക് ഉണ്ടായിരുന്നില്ല. 2022/23ലെ ബുണ്ടസ്ലിഗയില് റെലെഗേഷനില്‍ നിന്നും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ആലോന്‍സോയുടെ ലവര്‍കുസെന്‍ സാധിച്ചു. അലോണ്‍സോയുടെ മേലുള്ള ക്ലബ്ബിന്റെ വിശ്വാസവും ആലോന്‍സോയുടെ ചിന്തകളും ക്ലബ്ബിന്റെ ഭാഗ്യത്തെ മാറ്റിമറിച്ചു എന്ന് വേണം പറയാന്‍. ഈ സീസണില്‍ ഇതെഴുതുമ്പോള്‍ പത്ത് മത്സരങ്ങളില്‍ നിന്നും ഒരു തോല്‍വി പോലും അറിയാതെ ടേബിള്‍ ടോപ്പര്‍ ആണ് ലെവര്ക്കൂസന്.
തന്ത്രവും രീതിശാസ്ത്രവും
തുടക്കത്തില്‍ ഡിഫെന്‍സിവ് ആയി നിന്ന് കൗണ്ടര്‍ അറ്റാക്കിങ്ങ് ഫുട്ബോള്‍ കളിച്ചിരുന്ന ആലോന്‍സോ പിന്നീട് പല തരത്തിലുള്ള നവീകരണങ്ങള്‍ നടത്തി സ്വന്തം പ്ലെയിങ്ങ് സ്റ്റൈല്‍ കണ്ടെത്തുന്നു. ഗഗന് പ്രെസ്സിങ്ങ്, പൊസിഷനല്‍ പ്ലെ, റിലേഷനിസം എന്നീ മോഡേണ്‍ ഡേ ഫുട്ബോള്‍ തന്ത്രങ്ങളുടെ സംയോജനമാണ് സാബി ആലോന്‍സോ. റിലേഷനിസ്റ്റ് പ്ലേയില്‍ സാധാരണയായി കാണപ്പെടുന്ന ഏഴ് തന്ത്രപരമായ പാറ്റേണുകളും രൂപങ്ങളും ഉണ്ട്. അതില്‍ തന്നെ Toco y me voy ('I pass and I go') എന്ന അടിസ്ഥാന കളി ശൈലിയെ ഉപയോഗപ്പെടുത്തിയാണ് സാബി ആലോന്‍സോയുടെ പ്ലെയിങ്ങ് സ്റ്റൈല്‍ വികസിക്കുന്നത്. കളിക്കാരെ കൃത്യമായ പൊസിഷന്‍ സ്വീകരിക്കുന്നതില്‍ വാശി പിടിക്കാതെ എല്ലാ സമയത്തും എതിരാളികളെ ആശയക്കുഴപ്പത്തിലക്കുന്ന ടീം മൂവ്മെന്റ്സ് നടത്തിയാണ് സാബി ആലോന്‍സോ കളിക്കുക.
നിര്‍ണിതമായ ഒരു ഫോര്മേഷന് ഇല്ലെങ്കിലും ശരാശരി പൊസിഷന്‍ വെച്ചു നാല് ഡിഫന്‍ഡര്‍മാര്‍, രണ്ട് ഹോള്‍ഡിങ്ങ് മിഡ്ഫീല്‍ഡര്‍, രണ്ട് ഇന്‍സൈഡ് ഫോര്‍വേഡും ഒരു റൈറ്റ് വിങ്ങ്ബാക്കും, ഒപ്പം മുകളില്‍ ഒരു സ്ട്രൈക്കര്‍. വെര്‍ട്ടിക്കലായും ഹോറിസോന്റലായും പൊസിഷന്‍ ഷിഫ്റ്റ് നടത്തി കളിക്കുന്ന ഡബിള്‍ പിവോട്ട്സാണ് ആലോന്‍സോ ഫുട്ബോളിന്റെ കേന്ദ്ര ആകര്‍ഷണം. വളരെ അധികം ടെക്നിക്കലി അഡ്വാന്‍സ്ഡ് ആയിട്ടുള്ള പ്ലെയേഴ്സിനെ ഉപയോഗപ്പെടുത്തിയാണ് ലെവര്‍കൂസന്റെ അറ്റാക്കിങ്ങ് സെറ്റ് ചെയ്തിരിക്കുന്നത്. അറ്റാക്ക് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഓപ്പോസിഷന്‍ ബോക്സില്‍ കളിക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു ബോള്‍ വിന്നിങ്ങ് സാധ്യത എപ്പോഴും നിലനിര്‍ത്തുകയും അത് ഉപയോഗപ്പെടുത്തി ഗോള്‍ അടിക്കാനും ശ്രമിക്കുന്നു.
ഫ്ലോറിയന്‍ വിര്‍ട്സ്, ഗ്രനിറ്റ് ഷാക്ക, ബോനിഫെസ് അടക്കമുള്ള മികച്ച കളിക്കാര്‍ അടങ്ങുന്ന സ്ക്വാഡ്, സാബി ആലോന്‍സോയുടെ ശിക്ഷണം കൂടി ആവുമ്പോള്‍ എന്തുകൊണ്ടും ബന്ഡെസ്ലീഗ ടൈറ്റില്‍ അടിക്കാന്‍ തന്നെ പര്യാപ്തമായ ടീമാണ് ബയേര്‍ ലെവര്ക്കൂസന്.
ഇപ്പോള്‍ തന്നെ റയല്‍ മാഡ്രിഡ് അടക്കമുള്ള വമ്പന്‍ ക്ലബ്ബുകളോട് ചേര്‍ത്ത് അലോന്‍സോയുടെ പേര് പറഞ്ഞു തുടങ്ങിയെങ്കിലും 'Too early' എന്നാണ് ആലോന്‍സോയുടെ അതിനെ കുറിച്ചുള്ള മറുപടി. നിലവില്‍ ബയേര്‍ ലെവര്‍കൂസന്റെ ലീഗിലെ ഭാവി നിര്‍ണയിക്കുന്നതില്‍ ആലോന്‍സോ ചെലുത്തുന്ന സ്വാധീനവും ക്ലബ്ബ് അവരുടെ പ്രകടനങ്ങളില്‍ കാട്ടുന്ന സ്ഥിരതയെയും ആശ്രയിച്ചു ഒരുപാട് സാധ്യതകള്‍ ഭാവിയില്‍ ആലോന്‍സോക്ക് മുന്നില്‍ തുറക്കപ്പെടും എന്നുള്ളത് തീര്‍ച്ചയാണ്.