യുവതുര്‍ക്കികള്‍ ലെനിന്റെ റഷ്യയില്‍
|മുഹമ്മദ് തലത്ത് പാഷ, ഇസ്മയില്‍ അന്‍വര്‍ പാഷ, അഹമ്മദ് ജമാല്‍ പാഷ എന്നിവരായിരുന്നു യുവതുര്‍ക്കികളുടെ ഉന്നതനേതാക്കള്‍. മൂന്നുപാഷമാര്‍ എന്നാണ് അവരറിയപ്പെട്ടത്. 'ഐക്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള കമ്മിറ്റി' (സി.യു.പി) രൂപീകരിച്ചു കൊണ്ടാണ് അവര്‍ രംഗത്തെത്തിയത്. സമാനമനസ്‌ക്കരായ എല്ലാവരേയും കൂട്ടിച്ചേര്‍ത്ത് സി.യു.പി പിന്നീട് പാര്‍ട്ടിയായി വികസിപ്പിച്ചു. | ചുവപ്പിലെ പച്ച - ഭാഗം: 11
ഒന്നാം ലോകമഹായുദ്ധം റഷ്യയോട് ചെയ്തതുതന്നെയാണ് തുര്‍ക്കിയോടും ചെയ്തത്. ആ യുദ്ധം റഷ്യയിലെ റൊമാനോവ് കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ചു. സാര്‍സാമ്രാജ്യത്തെ തകര്‍ത്തു. അതു തന്നെയാണ് തുര്‍ക്കിയിലും സംഭവിച്ചത്. ഓട്ടോമന്‍ സുല്‍ത്താന്‍മാരുടെ ഭരണം അവസാനിപ്പിച്ചു. ഓട്ടോമന്‍ ഖിലാഫത്തിനെ തകര്‍ത്തു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അടിക്കല്ല് ഇളകിത്തുടങ്ങിയതു മുതല്‍ കാണണമെങ്കില്‍ കുറേക്കൂടി പുറകോട്ടു പോകണം.
1853- 1856 കാലഘട്ടത്തില്‍ ക്രീമിയന്‍ ഉപദ്വീപിനുവേണ്ടി തുര്‍ക്കിയും റഷ്യയും തമ്മിലുണ്ടായ യുദ്ധത്തോടുകൂടിയാണ് മാര്‍ക്‌സിനും എംഗല്‍സിനും മുസ്‌ലിംകളുടെ കാര്യത്തില്‍ താല്‍പര്യം ജനിച്ചതെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നല്ലോ. ആ യുദ്ധത്തിന്റെ ചില പാര്‍ശ്വഫലങ്ങളാണ് ഓട്ടോമന്‍ സമ്രാജ്യത്തിന്റെ അടിത്തറയ്ക്ക് ഇളക്കംതട്ടിച്ചത്. അബ്ദുല്‍ മജീദ് ഒന്നാമനാണ് അന്ന് തുര്‍ക്കി സുല്‍ത്താന്‍. ഇപ്പോള്‍ ബള്‍ഗേറിയയില്‍ ഉള്‍പ്പെടുന്ന സില്‍സ്ട്രയായിരുന്നു പ്രധാന യുദ്ധമുഖം.
1878 ഫെബ്രുവരി 13ന് സുല്‍ത്താന്‍ പാര്‍ലിമെന്റിനെ മരവിപ്പിച്ചു. ഭരണഘടന നല്‍കിയ അധികാരം ഉപയോഗിച്ചുതന്നെയാണ് അത് ചെയ്തതെന്ന് മറ്റൊരു കാവ്യനീതി. അതോടൊപ്പം പ്രധാനമന്ത്രി മിദത്ത് പാഷയെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തുകയും ചെയ്തു. യഥാര്‍ഥത്തില്‍, അട്ടിമറിക്കാരെ അട്ടിമറിച്ച് അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഏകാധിപത്യം അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്.
ആ യുദ്ധത്തില്‍ ബ്രിട്ടന്‍ തുര്‍ക്കിയെ സഹായിച്ചിരുന്നു. എന്നിട്ട് ആ സഹായത്തിന്റെ പേരില്‍ തുര്‍ക്കിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഓട്ടോമന്‍ സാമ്രാജ്യത്തിലെ ക്രിസ്ത്യന്‍പൗരന്മാര്‍ക്ക് കൂടുതല്‍ അവകാശവും സംരക്ഷണവും നല്‍കുന്നതരത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. അതിനുമൊക്കെ മുന്‍പ് സുല്‍ത്താന്‍ മഹമ്മൂദ് രണ്ടാമന്റെ കാലത്തുതന്നെ (ഭരണം 1808- 1839) നവീകരണം തുടങ്ങിയിരുന്നു. 'തന്‍സീമാത്ത് ' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
ബ്രിട്ടന്റെ സമ്മര്‍ദ്ദദത്തിന് വഴങ്ങി സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്‍ നവീകരണത്തിന് ആക്കംക്കൂട്ടി. ബാങ്കിങ്ങ് സമ്പ്രദായവും സൈനികഘടനയും നവീകരിക്കുന്നതിലാണ് തുടങ്ങിയത്. മതനിയമങ്ങള്‍ മാറ്റി എല്ലാമേഖലയിലും മതേതരനിയമങ്ങള്‍ കൊണ്ടുവരുന്നതിലൂടെ അത് മുന്നേറി. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കുക തുടങ്ങിയ ലിബറല്‍ നടപടികള്‍ വരെയെത്തി. രണ്ടുമൂന്നു ഘട്ടങ്ങളിലായി നടപ്പാക്കിയ ഈ നവീകരണത്തിന്നിടയില്‍ സുല്‍ത്താന്‍മാര്‍ മാറിവരുന്നുണ്ട്.
ഈ നവീകരണങ്ങളുടെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ജനറല്‍ അസംബ്ലി എന്നപേരില്‍ ഓട്ടോമന്‍ പാര്‍ലിമെന്റ് സ്ഥാപിക്കപ്പെടുന്നത്. 1876ല്‍. പിന്നാലെതന്നെ ഭരണഘടനയും നിലവില്‍വന്നു. 1876 ഡിസംബര്‍ 23ന്. അബ്ദുല്‍ ഹമീദ് രണ്ടാമനാണ് അന്ന് സുല്‍ത്താന്‍. യുവ ഉസ്മാനികള്‍ എന്നറിയപ്പെടുന്ന ഒരു സംഘം നടത്തിയ അട്ടിമറിയിലൂടെയാണ് അബ്ദുല്‍ ഹമീദ് അധികാരത്തിലെത്തിയത്. അബ്ദുല്‍ മജീദ് ഒന്നാമന്റെ മരണശേഷം സിംഹാസനത്തിലെത്തിയത് അബ്ദുല്‍ അസീസാണ് (ഭരണം 1861 -1867) അതിനു ശേഷം വന്നത് മുറാദ് അഞ്ചാമനാണ്. മുറാദിനെ മാസങ്ങള്‍ക്കകം സ്ഥാനഭ്രഷ്ടനാക്കി യുവ ഉസ്മാനികള്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെ അധികാരം ഏല്‍പ്പിക്കുകയായിരുന്നു. ഭരണഘടനാനുസൃതമായ ഭരണം എന്നതായിരുന്നു അട്ടിമറിക്കാരുടെ ആവശ്യം. അതംഗീകരിച്ചു കൊണ്ട് അബ്ദുല്‍ ഹമീദ് രണ്ടാമന്‍ അധികാരമേറ്റു. അട്ടിമറിക്കാരുടെ നേതാവ് മിദത്ത് പാഷയെ പ്രധാനമന്ത്രിയായി നിയമിച്ചു. ഭരണഘടന അംഗീകരിച്ചു. അങ്ങനെ 1877 മാര്‍ച്ച് 19ന് ഓട്ടോമന്‍ പാര്‍ലിമെന്റ് അഥവാ ജനറല്‍ അസംബ്ലി യോഗം ചേര്‍ന്നു. ഒരിക്കലേ ചേര്‍ന്നുള്ളൂ. 1878 ഫെബ്രുവരി 13ന് സുല്‍ത്താന്‍ പാര്‍ലിമെന്റിനെ മരവിപ്പിച്ചു. ഭരണഘടന നല്‍കിയ അധികാരം ഉപയോഗിച്ചുതന്നെയാണ് അത് ചെയ്തതെന്ന് മറ്റൊരു കാവ്യനീതി. അതോടൊപ്പം പ്രധാനമന്ത്രി മിദത്ത് പാഷയെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തുകയും ചെയ്തു. യഥാര്‍ഥത്തില്‍, അട്ടിമറിക്കാരെ അട്ടിമറിച്ച് അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഏകാധിപത്യം അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്.
അധികാരം സ്വന്തം കിരീടത്തിന് കീഴിലാക്കിയെങ്കിലും സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെ സംബന്ധിച്ച് അതൊട്ടും സുഖകരമായിരുന്നില്ല. സാമ്രാജ്യത്തിനകത്ത് പലതരം പ്രശ്‌നങ്ങള്‍ തലപൊക്കി. ബാള്‍ക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ വിഘടനവാദം ഉയര്‍ത്തി. അതുപിന്നെ കലാപമായി. അവര്‍ക്ക് റഷ്യയുടെ സഹായവുമുണ്ടായിരുന്നു. ക്രിസ്ത്യന്‍ പ്രദേശങ്ങളിലൊക്കെ അസ്വസ്ഥത പടര്‍ന്നു. റഷ്യക്കുപുറമെ ബ്രിട്ടനും കലാപകാരികള്‍ക്ക് തരാതരം സഹായങ്ങള്‍ ചെയ്തുകൊടുത്തു.
യുവ ഉസ്മാനികള്‍ രംഗംവിട്ടെങ്കിലും അതിന്റെ രണ്ടാംതരംഗം ആര്‍ത്തലച്ചു വരുന്നുണ്ടായിരുന്നു. അതാണ് യുവതുര്‍ക്കികള്‍. സുല്‍ത്താന്റെ സൈന്യത്തിലും സര്‍ക്കാര്‍ സര്‍വ്വീസിലും എന്തിനേറെ, കുടുംബത്തില്‍ തന്നെയുമുള്ള യുവാക്കളാണ് ഒരുമ്പെട്ടിറങ്ങിയത്. എല്ലാവരും വിദേശവിദ്യാഭ്യസം നേടിയവര്‍. കാര്യപ്രാപ്തിയുള്ളവര്‍. 'ഐക്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള കമ്മിറ്റി' (സി.യു.പി) രൂപീകരിച്ചു കൊണ്ടാണ് അവര്‍ രംഗത്തെത്തിയത്. 1902 ല്‍ പാരീസിലാണ് ആദ്യയോഗം ചേര്‍ന്നത്. റഷ്യയിലെ കമ്മ്യൂണിസ്റ്റുകാരെപ്പോലെ തുര്‍ക്കിയിലെ വിപ്ലവകാരികളും ഒളിവിലോ വിദേശത്തോ ഇരുന്നു കൊണ്ടാണ് കരുക്കള്‍ നീക്കിയത്.
മുഹമ്മദ് തലത്ത് പാഷ, ഇസ്മയില്‍ അന്‍വര്‍ പാഷ, അഹമ്മദ് ജമാല്‍ പാഷ എന്നിവരായിരുന്നു യുവതുര്‍ക്കികളുടെ ഉന്നതനേതാക്കള്‍. മൂന്നുപാഷമാര്‍ എന്നാണ് അവരറിയപ്പെട്ടത്. സമാനമനസ്‌ക്കരായ എല്ലാവരേയും കൂട്ടിച്ചേര്‍ത്ത് സി.യു.പി പിന്നീട് പാര്‍ട്ടിയായി വികസിപ്പിച്ചു. പുരോഗതിക്കും ഐക്യത്തിനും വേണ്ടിയുള്ള പാര്‍ട്ടി.
1902 ല്‍ ഇസ്താംബൂളിലെ മിലിറ്ററി അക്കാദമിയില്‍ നിന്ന് ബിരുദംനേടി പുറത്തിറങ്ങിയ മുസ്തഫാ കെമാല്‍ പാഷയുടെ രംഗപ്രവേശം ഇക്കാലത്താണ്. 1905 ല്‍ സ്റ്റാഫ് ക്യാപ്റ്റന്‍ പദവിയിലെത്തിയ കെമാല്‍ പാഷയെ ദമസ്‌ക്കസില്‍ സ്ഥാനമുറപ്പിച്ചിരുന്ന അഞ്ചാംപടയിലാണ് നിയമിച്ചത്. അവിടെയപ്പോള്‍ 'വത്വന്‍ വ ഹുര്‍രിയത്ത്' എന്ന പേരിലൊരു പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നു. മാതൃഭൂമിയും സ്വാതന്ത്ര്യവും എന്നാണര്‍ഥം. അലി ഫുഅത്ത്, ലത്തീഫ് മുഫ്തി തുടങ്ങിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുസ്തഫാ കെമാല്‍ പാഷ വത്വന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. പിന്നീടദ്ദേഹം യുവതുര്‍ക്കി പ്രസ്ഥാനത്തില്‍ ചേര്‍ന്നു. യൂണിയന്‍ ആന്റ് പ്രോഗ്രസീവ് പാര്‍ട്ടിയില്‍ 322 ആണ് കെമാല്‍ പാഷയുടെ മെമ്പര്‍ഷിപ്പ് നമ്പര്‍. ഇതിനിടെ സീനിയര്‍ക്യാപ്റ്റനായി സ്ഥാനക്കയറ്റം കിട്ടിയ കെമാല്‍പാഷയെ മൂന്നാം പടയുടെ തലപ്പത്ത് നിയമിച്ചു. മാസിഡോണിയയിലെ ബത്തോലയിലാണ് പടയുടെ ആസ്ഥാനം. ഗ്രീക്കിന്റെ അതിര്‍ത്തിപ്രദേശമാണത്.
1907 ല്‍ വീണ്ടും പാരീസില്‍ യോഗം ചേര്‍ന്ന് യുവതുര്‍ക്കികള്‍ സായുധ കലാപം നടത്താന്‍ തീരുമാനിച്ചു. 1908 ജൂലായ് 29 ന് യുവതുര്‍ക്കികള്‍ കയറിയടിച്ചു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെ തടവിലാക്കി. ഭരണഘടനാനുസൃത ഭരണം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ എന്ന പദവി ഒഴിവാക്കി അബ്ദുല്‍ഹമീദ് രണ്ടാമനെ 'ഖലീഫ' പദവിയില്‍ പരിമിതപ്പെടുത്തി. ഭരണം പൂര്‍ണമായും യുവതുര്‍ക്കികള്‍ ഏറ്റെടുത്തു. പ്രധാനമന്ത്രി തലത്ത് പാഷ, ആഭ്യന്തരമന്ത്രി അന്‍വര്‍പാഷ, യുദ്ധകാര്യ മന്ത്രി ജമാല്‍ പാഷ എന്നിവരാണ് എല്ലാതീരുമാനവും എടുത്തത്. ചുരുക്കത്തില്‍, ഓട്ടോമന്‍ സാമ്രാജ്യം മൂന്നു പാഷമാരുടെ കയ്യിലൊതുങ്ങി.
യുവതുര്‍ക്കി തലവന്മാരുമായി അടുത്തുനിന്നിരുന്ന മുസ്തഫാ കെമാല്‍ പാഷ ഇതിനിടെ കുറച്ചൊന്ന് അകന്നു. സൈന്യത്തെ രാഷ്ട്രീയരഹിതമായി നിലനിര്‍ത്തണമെന്ന് കെമാല്‍ പാഷ അഭിപ്രായപ്പെട്ടിരുന്നു. അത്യുന്നത നേതാക്കളായ മൂന്ന് പാഷമാര്‍ക്ക് അത് രസിച്ചില്ല. അതാണ് അകല്‍ച്ചയുടെ തുടക്കം. അവര്‍ കെമാല്‍ പാഷയെ ലിബിയയിലേക്കയച്ചു. അവിടെ ഗോത്രവര്‍ഗ്ഗക്കാരുടെ കലാപം അമര്‍ച്ചചെയ്യുകയായിരുന്നു ദൗത്യം. അത് വിജയകരമായി പൂര്‍ത്തിയാക്കി. അതിനുശേഷവും ദൗത്യങ്ങള്‍ ഏല്‍പ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്‌തെങ്കിലും മൂന്നു പാഷമാരും കെമാല്‍ പാഷയും പഴയതുപോലെ അടുത്തില്ല.
1918 ഒക്ടോബറില്‍ ഓട്ടോമന്‍ ഖലീഫ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള ത്രികക്ഷിസൗഹാര്‍ദ്ദ സഖ്യവുമായി കരാറില്‍ ഒപ്പിട്ടു. മുഡ്രോസ് കരാര്‍ എന്നറിയപ്പെടുന്ന ഈ യുദ്ധവിരാമക്കരാര്‍ തുര്‍ക്കിക്ക് വന്‍ നഷ്ടവും മാനഹാനിയുമാണ് വരുത്തിവെച്ചത്.
യുവതുര്‍ക്കികളുടെ ഭരണകാലത്തും ഓട്ടോമന്‍ സാമ്രാജ്യത്തിന്നകത്ത് കുഴപ്പങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. ഗ്രീക്ക് അതിര്‍ത്തിപ്രദേശം, ബള്‍ഗേറിയ, ബാള്‍ട്ടിക്ക് മേഖല എന്നിവിടങ്ങളിലൊക്കെ വിഘടനവാദം തലപൊക്കി. അര്‍മേനിയന്‍ വംശജരുള്ളിടത്ത് കലാപം രൂക്ഷമായി. അര്‍മേനിയന്‍ വംശജരുടെ നേതാക്കള്‍ തലസ്ഥാനമായ ഇസ്താംബൂളിലും അങ്കാറ അടക്കമുള്ള പ്രധാന നഗരങ്ങളിലുമുണ്ട്. പ്രധാനമന്ത്രി തലത്ത് പാഷയുടെ നിര്‍ദ്ദേശപ്രകാരം അര്‍മേനിയന്‍ പ്രമുഖരെ കൂട്ടത്തോടെ അറസ്റ്റുചെയ്തു. ഏറ്റുമുട്ടലിലും തടവിലുമായി ചിലരൊക്കെ കൊല്ലപ്പെട്ടു. അതിന്റെ പേരില്‍ ബാള്‍ട്ടിക്ക് പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ വിഘടനവാദികളും ഓട്ടോമന്‍ സൈന്യവും തമ്മിലുള്ള സംഘട്ടനം രൂക്ഷമായി.
യുദ്ധങ്ങളില്‍ ക്രിസ്ത്യന്‍ സൈനികര്‍ നിസ്സഹകരണം തുടങ്ങി. അപ്പോള്‍ സൈനികനേതൃത്വം അവരെ നിരായുധരാക്കി. ഇങ്ങനെ നിരായുധരാക്കിയ അര്‍മേനിയക്കാരെ മരുഭൂമിയിലൂടെ സിറിയയിലേക്ക് അയച്ചു. യാത്രയ്ക്കിടയില്‍ കുറേയധികംപേര്‍ മരണമടഞ്ഞു. ഈ സംഭവം അമേനിയന്‍ വംശഹത്യ എന്നാണ് അറിയപ്പെട്ടത്. ഇതിനിടയിലാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. സെര്‍ബിയക്ക് എതിരെ ഓസ്ട്രിയോ - ഹംഗറി യുദ്ധം പ്രഖ്യാപിച്ചതോടെയാണ് തുടക്കം. ഓസ്ട്രിയോ - ഹംഗറി രാജകുമാരനായ ഫെര്‍ഡിനാന്റിനേയും ഭാര്യയേയും 1914 ജൂണ്‍ 28 ന് ബോസ്‌നിയയില്‍ വെച്ച് ആക്രമികള്‍ കൊലപ്പെടുത്തിയതാണ് യുദ്ധത്തിലേക്ക് നയിച്ച പ്രകോപനം. ഒരു മാസത്തിനകം യുദ്ധമാരംഭിച്ചു. രണ്ടുഭാഗത്തും സഖ്യകക്ഷികള്‍ അണിനിരന്നതോടെ അത് വളരെപ്പെട്ടെന്ന് ലോകയുദ്ധമായി പടര്‍ന്നു.
ഓസ്ട്രിയാ - ഹംഗറി, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ത്രികക്ഷിസഖ്യമാണ് ഒരു ഭാഗത്ത്. ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍ എന്നിവര്‍ ചേര്‍ന്ന ത്രികക്ഷിസൗഹാര്‍ദ്ദസഖ്യം മറുപക്ഷത്തും ചേര്‍ന്നു. യുദ്ധം ചൂടായതോടെ ജര്‍മ്മനി തുര്‍ക്കിയോട് സഹായം ആവശ്യപ്പെട്ടു. നേരത്തെ ബാള്‍ക്കന്‍ യുദ്ധത്തില്‍ തുര്‍ക്കിയെ ജര്‍മ്മനി സഹായിച്ചിരുന്നു. അത് തിരിച്ചു ചോദിച്ചതാണ് ജര്‍മ്മനി. തന്നെയുമല്ല, അന്‍വര്‍ പാഷയ്ക്ക് മധ്യേഷ്യന്‍പ്രവിശ്യകള്‍ റഷ്യയില്‍നിന്ന് മോചിപ്പിച്ച് തുര്‍ക്കിയുടെ ഭാഗമാക്കണം എന്നുണ്ട്. പാന്‍തുര്‍ക്കി ആശയക്കാരനാണദ്ദേഹം. അതിനാല്‍, റഷ്യയെ തോല്‍പ്പിക്കാന്‍ യുദ്ധത്തില്‍ ചേരണമെന്ന് തുര്‍ക്കിയുടെ ഭരണനേതൃത്വം ആഗ്രഹിച്ചു. ഖലീഫയോട് അടുപ്പമുള്ള ചിലരൊക്കെ മറിച്ച് ഉപദേശിച്ചെങ്കിലും യുവതുര്‍ക്കികള്‍ അടങ്ങിയിരുന്നില്ല. തുര്‍ക്കി റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ലോകമഹായുദ്ധത്തില്‍ കക്ഷിചേര്‍ന്നു.
കോക്കസ് ഭാഗത്തെ മലനിരകള്‍ ഭേദിച്ച് കിഴക്ക്‌നിന്ന് റഷ്യയെ ആക്രമിക്കാന്‍ മുസ്തഫാ കെമാല്‍ പാഷയുടെ നേതൃത്വത്തിലുള്ള പട എത്തി. പക്ഷേ, താഴ്‌വരയിലെ ആളുകള്‍ അര്‍മേനിയന്‍ വംശക്കാരായിരുന്നു. അവര്‍ രാജ്യത്തിന്റെ പട്ടാളത്തെ സഹായിച്ചില്ല. ഇടഞ്ഞുനിന്നു. പടിഞ്ഞാറ്ഭാഗത്ത് അറേബ്യന്‍ പ്രദേശങ്ങളിലും വിമതര്‍ തലപൊക്കി. പല അറബി ഗോത്രങ്ങളും ഖലീഫയുടെ തുര്‍ക്കിയെ സഹായിക്കാതെ മാറിനിന്നു. 1918ല്‍ ജര്‍മ്മനി പരാജയപ്പെട്ടതോടെ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു. പിന്നെ കളി ഓട്ടോമന്‍ തുര്‍ക്കിക്ക് അകത്തായി. 1918 ഒക്ടോബറില്‍ ഓട്ടോമന്‍ ഖലീഫ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള ത്രികക്ഷിസൗഹാര്‍ദ്ദ സഖ്യവുമായി കരാറില്‍ ഒപ്പിട്ടു. മുഡ്രോസ് കരാര്‍ എന്നറിയപ്പെടുന്ന ഈ യുദ്ധവിരാമക്കരാര്‍ തുര്‍ക്കിക്ക് വന്‍ നഷ്ടവും മാനഹാനിയുമാണ് വരുത്തിവെച്ചത്.
ഇതിനിടയില്‍ ഖലീഫ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ മരണപ്പെട്ടിരുന്നു. മുഹമ്മദ് ആറാമനാണ് യുദ്ധകാലത്ത് ഖലീഫ. അദ്ദേഹമാണ് ത്രികക്ഷിസൗഹാര്‍ദ്ദ സഖ്യമുമായി യുദ്ധവിരാമക്കരാറില്‍ ഒപ്പുവെച്ചത്. അര്‍മേനിയന്‍ വംശഹത്യ, രാജ്യതാല്‍പ്പര്യത്തിന് എതിരായി യുദ്ധത്തില്‍ പങ്കെടുത്തു, യുദ്ധത്തില്‍നിന്ന് ലാഭമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ യുവതുര്‍ക്കി നേതാക്കളുടെ മേല്‍ ചുമത്താന്‍ ഈ കരാറിലൂടെ ഖലീഫ സമ്മതിച്ചു. അതിന്റെയടിസ്ഥാനത്തില്‍ പട്ടാളക്കോടതി സ്ഥാപിക്കുകയും ചെയ്തു. 1919 ഏപ്രില്‍ 28 നാണ് കോടതിനടപടികള്‍ ആരംഭിച്ചത്. മൂന്ന് പാഷമാരുടെയും അസാന്നിധ്യത്തിലായിരുന്നു വിചാരണ. ഇസ്താംബൂള്‍ വിചാരണ എന്നാണിത് അറിയപ്പെടുന്നത്.
1920 മാര്‍ച്ച് 16ന് ബ്രിട്ടീഷ് സേന ഇസ്താംബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. യുവതുര്‍ക്കി നേതാക്കളെ അറസ്റ്റുചെയ്യണമെന്ന ബ്രിട്ടന്റെ ആവശ്യം ഖലീഫ അംഗീകരിച്ചു. മുസ്തഫാ കെമാല്‍ പാഷ അടുത്ത ദിവസംതന്നെ അങ്കാറയില്‍ ഗ്രാന്റ് നാഷനല്‍ അസംബ്ലി വിളിച്ചുകൂട്ടി. ഫലത്തില്‍ തുര്‍ക്കിക്ക് രണ്ട് സര്‍ക്കാരുകളായി. ഇസ്താംബൂളില്‍ ഖലീഫയുടെ സര്‍ക്കാര്‍. അങ്കാറയില്‍ മുസ്തഫാ കെമാല്‍ പാഷയുടെ ഭരണം.
തുര്‍ക്കിയിലെ ഇസ്മീര്‍ തുറമുഖം ഗ്രീസിന് വിട്ടുകൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. അനാത്തോളിയ മുഴുവനായി കൂട്ടിച്ചേര്‍ത്ത് വിശാലഗ്രീസ് രൂപീകരിക്കാനായിരുന്നു ഇത്. ഖലീഫയും ത്രികക്ഷി സൗഹാര്‍ദ്ദസഖ്യവും തമ്മിലുണ്ടാക്കിയ യുദ്ധവിരാമക്കരാര്‍ പാടേ തള്ളിക്കളഞ്ഞുകൊണ്ട് കെമാല്‍ പാഷയുടെ നേതൃത്വത്തില്‍ യുദ്ധമാരംഭിച്ചു. ബ്രിട്ടനടക്കം യൂറോപ്യന്‍ ശക്തികള്‍ ഗ്രീസിന്റെ ഭാഗത്ത് കക്ഷിചേര്‍ന്നു. ഒരുവര്‍ഷം പൊരുതിയെങ്കിലും ഗ്രീസുകാരെ കെമാല്‍ പാഷ തോല്‍പ്പിച്ചു. അങ്കാറ സര്‍ക്കാറിനെ അംഗീകരിക്കാതെ ആര്‍ക്കും വഴിയില്ലെന്ന് വന്നു. കൂടിയാലോചനകള്‍ ആരംഭിച്ചു.
അലി സായി ബേ എന്ന പേരിലാണ് തലത്ത് പാഷ ബര്‍ലിനില്‍ താമസിച്ചത്. അദ്ദേഹത്തിന് എല്ലാ സൗകര്യങ്ങളുമുള്ള ബംഗ്ലാവും അനുവദിച്ചിരുന്നു. അതിന്റെ തൊട്ടടുത്തുതന്നെയുള്ള അപ്പാര്‍ട്ട്‌മെന്റ് ബ്രിട്ടീഷ് വിരുദ്ധ പോരാളികളുടെ സംഗമകേന്ദ്രമായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം നേതാക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. അത് തലത്ത് പാഷയ്ക്ക് സൗകര്യമായി. അവിടെ ഓറിയന്റല്‍ ക്ലബ്ബ് എന്ന പേരിലൊരു കൂട്ടായ്മ രൂപപ്പെട്ടു.
സ്വിറ്റ്‌സര്‍ലാന്റിലെ ലൂസന്നയില്‍ വെച്ച് 1923 ജൂലായ് 24ന് കരാറില്‍ ഒപ്പുവെച്ചു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞയുടന്‍ ഖലീഫയും ത്രികക്ഷിസൗഹാര്‍ദ്ദ സഖ്യവും തമ്മിലുണ്ടാക്കിയ യുദ്ധവിരാമക്കരാറിലെ ചില വ്യവസ്ഥകള്‍ പൊളിച്ചെഴുതേണ്ടിവന്നു. സാമ്രാജ്യ സഖ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഖലീഫ സമ്മതിച്ച പലസ്ഥലങ്ങളും കെമാല്‍പാഷ വിട്ടുകൊടുത്തില്ല. ഇരട്ടഭരണം എന്ന പ്രശ്‌നത്തിനുള്ള പരിഹാരവും ലൂസെന്നാ കരാറിലുണ്ടായിരുന്നു. ജനഹിതം അറിയാനുള്ള തെരഞ്ഞെടുപ്പ് നടത്താനാണ് വ്യവസ്ഥ. ആ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ തുര്‍ക്കിയുടെ ഔദ്യോഗിക ഭരണകൂടമായി അംഗീകരിക്കണം. ഖലീഫയുടെ സര്‍ക്കാരിനെയാണെങ്കിലും കെമാല്‍പാഷ നയിക്കുന്ന ദേശീയവാദികളുടെ സര്‍ക്കാരിനെയാണെങ്കിലും, ജനപിന്തുണയുള്ളവരെ അംഗീകരിക്കണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കെമാല്‍ പാഷയുടെ ഗ്രാന്റ് നാഷനല്‍ അസംബ്ലിക്ക് വന്‍ഭൂരിപക്ഷം കിട്ടി. കെമാല്‍ പാഷ തുര്‍ക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. 1923 ഒക്ടോബര്‍ 23 നാണത്. മുഹമ്മദ് ആറാമനെ ഖലീഫയായിപ്പോലും അംഗീകരിക്കാന്‍ കെമാല്‍ പാഷ തയ്യാറായില്ല. ആ പഴയ സുല്‍ത്താന്‍ ഒരു ബ്രിട്ടീഷ് കപ്പലില്‍ കയറി രാജ്യംവിട്ടു. അദ്ദേഹത്തിന്റെ അനന്തിരവന്‍ അബ്ദുല്‍ മജീദിനെ പേരിന് ഖലീഫ പദവിയില്‍ ഇരുത്തി. മുസ്തഫാ കെമാല്‍ പാഷയെ തുര്‍ക്കി റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 1924 മാര്‍ച്ച് മൂന്നിനാണിത്. അദ്ദേഹം അത്താ തുര്‍ക്ക് (തുര്‍ക്കിയുടെ പിതാവ്) എന്ന പേര് സ്വീകരിച്ചു. തുര്‍ക്കി മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു. ഖലീഫയടക്കം ഓട്ടോമന്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും നാടുകടത്തുകയും ചെയ്തു.
ഇതൊക്കെ അരങ്ങേറുമ്പോള്‍ മൂന്നുപാഷമാരും തുര്‍ക്കിയിലുണ്ടായിരുന്നില്ല. അവര്‍ക്കെതിരെ യുദ്ധക്കറ്റം ആരോപിച്ച് പട്ടാളക്കോടതി വിചാരണ ആരംഭിച്ചത് പറഞ്ഞല്ലോ. അര്‍മേനിയന്‍ വംശഹത്യയുടെ പ്രധാന ഉത്തരവാദിയായി കണക്കാക്കിയത് തലത്ത് പാഷയെയാണ്. 1919 ജൂലായ് അഞ്ചിന് തലത്ത് പാഷ, അന്‍വര്‍ പാഷ, അഹമ്മദ് ജമാല്‍ പാഷ എന്നിവര്‍ക്കെതിരെ വിധിവന്നു. പ്രതികളുടെ അസാന്നിധ്യത്തിലാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയാണ്. അതിനുമുമ്പ് ഒരു ഘട്ടം വിധിവന്നുകഴിഞ്ഞിരുന്നു. മുഹമ്മദ് ജമാല്‍, അബ്ദുല്ലാ അവ്‌നി, ബെഹ്‌റാം സാദേ നുസറത്ത് എന്നിവര്‍ക്കാണ് അതില്‍ വധശിക്ഷ കിട്ടിയത്. അവരെ 1920 ഏപ്രിലിനും ആഗസ്റ്റിനും ഇടയില്‍ പരസ്യമായി തൂക്കികൊന്നു. വധശിക്ഷ നടപ്പാക്കാനുള്ള ഫത്‌വയില്‍ ഒച്ചവെച്ചത് ഖലീഫ തന്നെയായിരുന്നു.
1918 നവംബറില്‍തന്നെ മൂന്നു പാഷമാരും രാജ്യത്തുനിന്ന് പുറത്തുകടന്നിരുന്നു. നവംബര്‍ ഒന്നാം തിയ്യതി പാര്‍ട്ടി നേതൃത്വം യോഗം ചേര്‍ന്നു. പാര്‍ട്ടി പിരിച്ചുവിടണമെന്നും മൂന്നു പാഷമാരും രാജ്യം വിട്ടുപോകണമെന്നും തീരുമാനമെടുത്തു. തലത്ത് പാഷ ഈ തീരുമാനത്തെ ആദ്യം എതിര്‍ത്തു. എന്നാല്‍, സാഹചര്യങ്ങള്‍ അത്യന്തം ഗൗരവതരമാണെന്ന് കെമാല്‍ പാഷ അടക്കമുള്ളവര്‍ പറഞ്ഞുമനസ്സിലാക്കി. അങ്ങനെ മൂന്നുപാഷമാരും തുര്‍ക്കി വിട്ടു. ഒരു ജര്‍മന്‍ യുദ്ധക്കപ്പലിലാണ് അവര്‍ കരിങ്കടല്‍ വഴി പുറത്തു കടന്നത്. യുക്രയിനിലെ സെവാസ്റ്റോപോള്‍ തുറമുഖത്ത് വെച്ച് പലവഴിക്ക് പിരിഞ്ഞു. അന്‍വര്‍ പാഷ യുക്രയിനില്‍ തങ്ങി. ജമാല്‍ പാഷ കാബൂളിലേക്ക് കടന്നു. തലത്ത് പാഷയും സംഘവും നവംബര്‍ പത്തിന് ബര്‍ലിനിലെത്തി.
അതിനിടെ ജര്‍മ്മനിയിലും വിപ്ലവത്തിന്റെ തിരനോട്ടമുണ്ടായി. ജര്‍മന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായ വിപ്ലവം കൈസര്‍ വില്ല്യം രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. അധികം ആയുസ്സില്ലാത്ത ഒരു വിപ്ലവഗവര്‍മെണ്ടാണ് അധികാരത്തിലുണ്ടായിരുന്നത്. അതിന്റെ പ്രസിഡണ്ട് ഫെഡറിക് എബര്‍ട്ട് തലത്ത് പഷയ്ക്ക് ജര്‍മനിയില്‍ രാഷ്ട്രീയാഭയം നല്‍കി. അലി സായി ബേ എന്ന പേരിലാണ് തലത്ത് പാഷ ബര്‍ലിനില്‍ താമസിച്ചത്. അദ്ദേഹത്തിന് എല്ലാ സൗകര്യങ്ങളുമുള്ള ബംഗ്ലാവും അനുവദിച്ചിരുന്നു. അതിന്റെ തൊട്ടടുത്തുതന്നെയുള്ള അപ്പാര്‍ട്ട്‌മെന്റ് ബ്രിട്ടീഷ് വിരുദ്ധ പോരാളികളുടെ സംഗമകേന്ദ്രമായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം നേതാക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. അത് തലത്ത് പാഷയ്ക്ക് സൗകര്യമായി. അവിടെ ഓറിയന്റല്‍ ക്ലബ്ബ് എന്ന പേരിലൊരു കൂട്ടായ്മ രൂപപ്പെട്ടു.
പ്രമുഖ ബോള്‍ഷേവിക് നേതാവായ കാള്‍ റെഡക്ക് ഈ സമയത്ത് ബെര്‍ലിനിലുണ്ട്. 1917 ലെ വിപ്ലവം കഴിഞ്ഞയുടന്‍തന്നെ തലത്ത് പാഷ ബോള്‍ഷേവിക് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അന്നദ്ദേഹം ഓട്ടോമന്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയാണ്. 1878 മുതല്‍ റഷ്യ അധീനപ്പെടുത്തി വെച്ചിരുന്ന അനത്തോളിയ തുര്‍ക്കിക്ക് തിരിച്ചു കൊടുക്കാമെന്ന് ബോള്‍ഷേവിക് ഗവര്‍മെണ്ട് സമ്മതിച്ചത് തലത്ത് പാഷ കൂടി ഒപ്പുവെച്ച ബ്രെസ്റ്റ് - ലിവ് സ്റ്റോക്ക് ഉടമ്പടി പ്രകാരമാണ്. അങ്ങനെയൊക്കെ തലത്ത് പാഷ ബോള്‍ഷേവിക് നേതാക്കള്‍ക്ക് പരിചയക്കാരനാണ്. ബെര്‍ലിന്‍വാസം തലത്ത് പാഷയേയും റെഡക്കിനേയും കൂടുതല്‍ അടുപ്പിച്ചു.
ജമാല്‍ പാഷയും അന്‍വര്‍ പാഷയും മോസ്‌ക്കോവിലെത്തി. ബോള്‍ഷേവിക് നേതാക്കള്‍ ഇരുവരേയും സ്വീകരിച്ചു. വിദേശമന്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ഇരുവര്‍ക്കും താമസമൊരുക്കിയത്. വിദേശകാര്യ കമ്മീസാര്‍ അടക്കമുള്ള ഉന്നതരും താമസിക്കുന്നത് അതേ കെട്ടിടത്തിലാണ്.
പാഷമാരുടെ പ്രവാസ ജീവിതം അക്കാലത്ത് ചാര ഏജന്‍സികളുടേയും വാര്‍ത്താമാധ്യമങ്ങളുടേയും പ്രിയവിഷയമായിരുന്നു. യുക്രെയിനില്‍ തങ്ങിയ അന്‍വര്‍ പാഷയുടെ ലക്ഷ്യം മധ്യേഷ്യയായിരുന്നു. പക്ഷെ, കുറേമാസങ്ങള്‍ അദ്ദേഹം അജ്ഞാതവാസത്തിലായിരുന്നു. ആ സമയത്ത് യൂറോപ്യന്‍ പത്രങ്ങളില്‍ സംഭ്രമജനകമായ കഥകള്‍ പ്രത്യക്ഷപ്പെട്ടു. ചാര ഏജന്‍സികള്‍ ഊറ്റിക്കൊടുക്കുന്ന ഊഹങ്ങള്‍ ന്യൂസ് ഏജന്‍സികള്‍ വാര്‍ത്തകളാക്കി പത്രങ്ങള്‍ക്ക് നല്‍കി. അഫ്ഘാന്‍ മുതല്‍ ആഫ്രിക്കവരെ പലയിടത്തും അന്‍വര്‍ പാഷ പോരാടുന്ന കഥകള്‍ വന്നുകൊണ്ടിരുന്നു!
ബ്രിട്ടന്റേയും സഖ്യകക്ഷികളുടെയും ചാര ശൃംഖലകള്‍ പിന്തുടരുന്നതിനിടയില്‍ 1919 മാര്‍ച്ചില്‍ സ്വിറ്റ്‌സര്‍ലാന്റിലെ ബേണില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് ഇന്റര്‍നാഷനലില്‍ തലത്ത്പാഷ പങ്കെടുത്തു. ഇന്റര്‍നാഷലിന്റെ സെക്രട്ടറിയും ബെല്‍ജിയത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ കാമില്‍ ഹുയ്‌സ്മാന്‍സുമായുള്ള കൂടിക്കാഴ്ചയില്‍ അര്‍മേനിയന്‍ വംശഹത്യാ ആരോപണത്തില്‍ സ്വന്തം ഭാഗം തലത്ത് പാഷ വിശദീകരിക്കുന്നുണ്ട്. അത് ലോകത്തിനു മുന്നില്‍ ഫലപ്രദമായി പ്രചരിപ്പിക്കാനായിരുന്നു സോഷ്യലിസ്റ്റ് നേതാവിന്റെ നിര്‍ദ്ദേശം.
ഏതായാലും 1919 ല്‍ മൂന്നു പാഷമാരും ബെര്‍ലിനിലുണ്ട്. ലെനിനും ട്രോട്‌സ്‌കിയും മുസ്‌ലിംലോകത്ത് സാമ്രാജ്യത്തവിരുദ്ധ മുന്നേറ്റം ഉണ്ടാകുന്നത് കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൂന്നു പാഷമാര്‍ തുര്‍ക്കിക്ക് പുറത്തുകടക്കുന്നത്. ജര്‍മ്മനിയായിരുന്നു പാഷമാരുടെ ലക്ഷ്യവും പ്രതീക്ഷയും. ഒന്നാം ലോകമഹായുദ്ധത്തിലെ തോല്‍വിയും പിന്നാലെ വിപ്ലവംവന്ന് പരാജയപ്പെട്ടതും ജര്‍മ്മനിയിലും അനിശ്ചിതാവസ്ഥയുണ്ടാക്കിയിരുന്നു. അതിനാല്‍ മോസ്‌ക്കോവിലേക്ക് കടക്കാന്‍ പാഷമാര്‍ ആലോചിച്ചു. തലത്ത് പാഷ പക്ഷേ, ബെര്‍ലിനില്‍ തങ്ങി. ജര്‍മ്മന്‍ സൈന്യം ഉയര്‍ത്തെഴുന്നേറ്റു വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ജമാല്‍ പാഷയും അന്‍വര്‍ പാഷയും മോസ്‌ക്കോവിലെത്തി. ബോള്‍ഷേവിക് നേതാക്കള്‍ ഇരുവരേയും സ്വീകരിച്ചു. വിദേശമന്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ഇരുവര്‍ക്കും താമസമൊരുക്കിയത്. വിദേശകാര്യ കമ്മീസാര്‍ അടക്കമുള്ള ഉന്നതരും താമസിക്കുന്നത് അതേ കെട്ടിടത്തിലാണ്.
ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എന്‍ റോയ് 1920 മെയ്മാസത്തില്‍ മോസ്‌ക്കോവിലെത്തുമ്പോള്‍ അന്‍വര്‍ പാഷയും ജമാല്‍ പാഷയും അവിടെയുണ്ട്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലില്‍ പങ്കെടുക്കാനാണ് റോയ് മോസ്‌ക്കോവിലെത്തിയത്. രണ്ടു പാഷമാരേയും റോയിക്ക് പരിചയപ്പെടുത്തിയത് ഉന്നതരായ ബോള്‍ഷേവിക് നേതാക്കളാണ്. തുടര്‍ന്നങ്ങോട്ട്, മുസ്‌ലിംലോകത്ത് വിപ്ലവം പടര്‍ത്താന്‍ പാഷമാരും എം.എന്‍ റോയിയും ബോള്‍ഷേവിക് സഹായത്തോടെ ശ്രമിക്കുകയാണ്. ആ സാഹസങ്ങള്‍ ഉദ്വേഗജനകവും കൗതുകകരവുമാണ്. അതിലേക്ക് കടക്കുംമുമ്പ്, അഫ്ഘാന്‍ വഴിയും ബെര്‍ലിന്‍ വഴിയും റഷ്യയിലെത്തിയ ഇന്ത്യന്‍ മുസ്‌ലിംനേതാക്കളെകൂടി അറിഞ്ഞുവെക്കണം.
(തുടരും)
......................................
അവലംബം:
1.The Young Tuk Aftermath
A. Alp Yanen
2.M.N. Roy Memoirs
3.എം. എന്‍. റോയ് സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി - എന്‍ ദാമോദരന്‍
4.പശ്ചിമേഷ്യാ ഒരു രാഷട്രീയചരിത്രം - ഡോ: ടി. ജമാല്‍ മുഹമ്മദ്
5.ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം - വോള്യം 2, ൪ - സര്‍വത് സൗലത്
6.ലോകചരിത്രം - പ്രൊഫ. ഇ. ശ്രീധരന്‍ , കെ.പി. ദേവദാസ്