Art and Literature
ജൂഡ് ആന്തണി ജോസഫ്
Art and Literature

2018ലെ പ്രളയവും ജൂഡ് കണ്ട കാഴ്ചകളും

വി.കെ ഷാഹിന
|
15 May 2023 3:17 PM GMT

സംഭാഷണങ്ങളേക്കാളേറെ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നതിനാല്‍ ഡബ്ബിംഗ് ആവശ്യമില്ലാതെ തന്നെ ഈ സിനിമ ഏതു ഭാഷക്കാരനുമായും സംവദിക്കുകയും ചെയ്യും. മഴയും വെള്ളവും മണ്ണൊലിപ്പും ദുരിതവും അതിനിടയിലെ ചെറിയ ആഹ്ലാദങ്ങളും രക്ഷപ്പെടലിന്റെ സന്തോഷങ്ങളുമായി അതിജീവനത്തിന്റെ ഹാര്‍മണിയാണ് 2018.

വെള്ളം കയറാത്ത ഇടങ്ങളേതെന്ന് തിരിച്ചറിയാനാകാത്ത വിധം ഒരൊറ്റ നീര്‍പ്പരപ്പായി കേരളം മാറിയ വര്‍ഷമായിരുന്നു 2018. പുഴയെ തടഞ്ഞ ഇടങ്ങളിലേക്ക് കെട്ടു പൊട്ടിച്ച് പുഴ ഒഴുകിയെത്തി, എന്നത് അതിശയോക്തിയാണെന്ന് വിചാരിക്കാതെ എല്ലാവരും ഒറ്റ സ്വരത്തില്‍ ഏറ്റു പറഞ്ഞു. വെള്ളത്തിന് കയറിച്ചെല്ലാന്‍ ആരും വഴി കാണിക്കേണ്ട, ആരുടേയും സഹായവും വേണ്ടെന്ന് ഗതി മാറി ഒഴുകിയ പുഴകള്‍ ഗര്‍വം കാണിച്ചു.

കേരളം ഒന്നാകെ ഒരു കണ്ണീര്‍പ്പരപ്പായി മാറിയ കഥയെ അടയാളപ്പെടുത്തുക എങ്ങനെ സാധ്യമാകും എന്നതിന് ഉത്തരമാണ് ജൂഡ് ആന്തണിയും അഖില്‍ പി ധര്‍മജനും ചേര്‍ന്ന് എഴുതി ജൂഡ് സംവിധാനം ചെയ്ത 2018: Every one is a hero എന്ന സിനിമ.

2018 റിലീസായത് മെയ് 5 നാണ്. മലയാളത്തില്‍ ഈയടുത്ത് സാമാന്യം ഭേദമില്ലാത്ത കളക്ഷന്‍ നേടിയത് കോമഡി ജോണറില്‍ നിര്‍മിച്ച രോമാഞ്ചം എന്ന സിനിമയാണ്. കോടികള്‍ കിലുങ്ങുന്ന മലയാള സിനിമാ വ്യവസായം തീരെ ആശാവഹമല്ലാതെ മുടന്തി നീങ്ങുന്ന കാഴ്ചയാണ് തീയേറ്റര്‍ റിലീസുകളില്‍ കാണുന്നത്. ആദ്യ ദിനങ്ങളിലെ ഫസ്റ്റ് ഷോ, സെക്കന്റ് ഷോകളിലല്ലാതെ തീയേറ്ററുകളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എത്തുന്നത്.


സൂപ്പര്‍ സ്റ്റാറുകളെ മുന്‍ നിര്‍ത്തി തീയേറ്റര്‍ കളക്ഷന്‍ നിലനിര്‍ത്താനുള്ള നിര്‍മാതാക്കളുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും പരിശ്രമങ്ങളും തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നു. പൊളിറ്റിക്കല്‍ സറ്റയര്‍, പ്രണയം, ഫെമിനിസം എന്നിവയില്‍ വട്ടം ചുറ്റി കുറ്റിയില്‍ കെട്ടിയ പശുവിനെപ്പോലെ സിനിമാക്കഥകള്‍ കറങ്ങുമ്പോള്‍ കെട്ടുകഥകളും ഗവേഷണം നടത്തി (?) കണ്ടെത്തി എന്നവകാശപ്പെട്ടു കൊണ്ട് ഒട്ടും റിയലിസ്റ്റിക്കല്ലാത്ത ചില സ്റ്റോറികളും, വര്‍ഗ്ഗീയ വാദികള്‍ക്ക് കളമൊരുക്കാനുള്ള മിത്തിക്കല്‍ പരിവേഷവുമായി ചില പുരാണ കഥകളും റീമേക്കുകളായി തീയേറ്റര്‍ കളക്ഷന്‍ നേടി ബമ്പര്‍ ഹിറ്റാകുന്നുമുണ്ട്. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഒ.ടി.ടി റിലീസിങ്ങിലൂടെ സൂപ്പര്‍ ഹിറ്റായി മാറിയ പല ലോ ബജറ്റ് ചിത്രങ്ങളുമുണ്ട്. ഇപ്പോള്‍ അതും ക്ലിക്കാകാത്ത അവസ്ഥയാണ്. സിനിമ ഒരേ സമയം ദൃശ്യ വിസ്മയം എന്ന നിലയിലും കഥ കൈവിടാതെയും കാണിയുടെ മനസ്സു പിടിച്ചെടുക്കേണ്ടതുണ്ടെന്ന് തീയേറ്റര്‍ വിജയം നേടിയ പുതിയ തെലുങ്ക്-കന്നഡ ചിത്രങ്ങള്‍ തെളിവുകളായി മുന്നില്‍ നില്‍ക്കുന്നു. ബാഹുബലി, ആര്‍.ആര്‍.ആര്‍, പൊന്ന്യന്‍ ശെല്‍വം മോഡല്‍ ചിത്രങ്ങള്‍ നിര്‍മിക്കുക മലയാള ചലച്ചിത്ര വ്യവസായത്തിന് താങ്ങാന്‍ പറ്റാത്ത ഭാരിച്ച ബജറ്റാകുമ്പോള്‍ ഗിമ്മിക്കാകാതെ തന്നെ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന് 2018 തെളിവു തരുന്നു.

കേരളത്തിന്റെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു 2018 ലെ വെള്ളപ്പൊക്കം. ഒന്നൊഴിയാതെ എല്ലാ വലിയ ഡാമുകളും തുറന്നു വിടേണ്ട സാഹചര്യത്തെ കേരളം പോലെ ഒരു തീരദേശ സംസ്ഥാനം എങ്ങനെ നേരിട്ടുവെന്നത് ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് പാഠപുസ്തകമായി മാറേണ്ടതാണ്. വെള്ളപ്പൊക്കത്തിന്റെ കാരണമെന്താണ്, കാരണക്കാര്‍ ആരാണ് എന്നീ തര്‍ക്കവിതര്‍ക്കങ്ങള്‍ ഇന്നും ചൂടുപിടിച്ചു നില്‍ക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനവും ന്യൂനമര്‍ദ്ദവും മുഖ്യ കാരണമായി എന്ന സത്യം മറക്കാനും സാധിക്കില്ല. 2018 ന് മുമ്പുണ്ടായ സുനാമിയും ചുഴലിക്കാറ്റുകളും തന്ന മുന്നറിയിപ്പുകള്‍ 'പുലി വരുന്നേ' എന്ന രീതിയില്‍ എപ്പോഴുമെന്നതു പോലെ നമ്മള്‍ പൂര്‍ണമായി അവഗണിക്കുകയും ചെയ്തു.


വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ജൂഡിന്റെ സിനിമ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ നിന്നുള്ള ഒരു രേഖപ്പെടുത്തലാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മന്ത്രി സഭായോഗം, കളക്ട്രേറ്റ്, പള്ളി എന്നിങ്ങനെ ചില അധികാര കേന്ദ്രങ്ങളിലെ കൂടിയാലോചനകളും സഹായ ഹസ്തവും മാത്രമല്ലാതെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പേരറിയാത്ത നിരവധി പേരുടെ നിസ്വാര്‍ത്ഥവും കാരുണ്യം നിറഞ്ഞതുമായ ഇടപെടലായിരുന്നു കേരളത്തെ വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍ നിന്ന് തിരിച്ചു പിടിച്ചത്.

1924 ല്‍ കേരളത്തെ തകര്‍ത്ത പ്രളയത്തിന്റെ കഥ പറഞ്ഞു കൊണ്ട് അരുവിക്കുളം എന്ന മലയോര ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതമാണ് ആദ്യ കാഴ്ചകളില്‍ നിറയുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴ ഭീഷണിയായേക്കാം എന്ന കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ ചര്‍ച്ചകളും ഉദ്യോഗസ്ഥ കിട മത്സരങ്ങളും കണ്ടതിനു ശേഷം വരള്‍ച്ച കൊണ്ട് പൊറുതി മുട്ടുന്ന തമിഴ്‌നാട്ടിലെ ഒരു പ്രദേശവും അടുത്ത ഫ്രെയിമില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വെള്ളം വേണ്ടതിലധികമായി ബുദ്ധിമുട്ടുന്ന മലയാളികളും ചെളിവെള്ളം ശേഖരിക്കുന്ന തമിഴന്മാരും ഭക്ഷണം പാഴാക്കുന്ന വരും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരും ഒരേ നാട്ടില്‍ അധികം ദൂരത്തല്ലാതെയാണ് എന്ന വൈരുദ്ധ്യം നിറഞ്ഞ ദൃശ്യങ്ങളിലൂന്നിയാണ് സിനിമ മുന്നോട്ടു പോകുന്നത്. പ്രളയം നേരിട്ടു ബാധിച്ച ജീവിതങ്ങളെപ്പറ്റി പറയുമ്പോള്‍ ആരിലാണ് കൂടുതല്‍ ഫോക്കസ് ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പം സ്വാഭാവികമാണ്. പ്രളയവാര്‍ത്തകളും മുന്നറിയിപ്പുകളും ജനങ്ങളിലേക്കെത്തിക്കാന്‍ അഹോരാത്രം പരിശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍, കാലാവസ്ഥാ നിരീക്ഷകര്‍, ജില്ലാ ഭരണകൂടങ്ങള്‍, പൊലീസുകാര്‍, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ കഥകളിലൂടെ പ്രളയക്കാഴ്ചയുടെ ഒരു പനോരമയാണ് ജൂഡ് ഒരുക്കിയത്. കഥ ഏതെങ്കിലും ഒരാളില്‍ മാത്രം ഒതുക്കി ജോലി എളുപ്പമാക്കാന്‍ ശ്രമിച്ചില്ല എന്നത് ഒരേസമയം ഈ സിനിമയുടെ നേട്ടവും കോട്ടവുമാകുന്നു.


ടൊവിനോ തോമസ് അവതരിപ്പിച്ച പട്ടാളത്തില്‍ നിന്ന് ഒളിച്ചോടിയ അനൂപും ആസിഫ് അലി അവതരിപ്പിച്ച മോഡലിംഗ് നടത്തുന്ന നിക്‌സണും കലയരശന്റെ തമിഴന്‍ ലോറി ഡ്രൈവറും സുധീഷിന്റെ വര്‍ഗീസും പ്രണവ് ബിനുവിന്റെ കുട്ടുമോനും അജു വര്‍ഗീസിന്റെ കോശിയും തന്‍വി റാമിന്റെ മഞ്ജു ടീച്ചറും അപര്‍ണ ബാലമുരളിയുടെ ജേര്‍ണലിസ്റ്റും ലാലിന്റെ മത്സ്യത്തൊഴിലാളിയായ മാത്തച്ചനും ഇന്ദ്രന്‍സിന്റെ ഭാസിയെന്ന അന്ധനായ ചെറുകിട കച്ചവടക്കാരനും വലിപ്പച്ചെറുപ്പങ്ങളില്ലാതെ പ്രേക്ഷകന്റെ മനസ്സില്‍ ഇടം പിടിക്കുന്നുണ്ട്.

ജാതിയും മതവും സമ്പത്തും വേര്‍തിരിച്ച മതിലുകള്‍ വെള്ളം കൊണ്ട് തകര്‍ന്ന കാഴ്ചകള്‍ സമൃദ്ധമായി സിനിമയിലുണ്ട്. അതിജീവനത്തിനായി നടത്തിയ പോരാട്ടങ്ങളുടെ നേര്‍ക്കാഴ്ചകളും അതി ഭാവുകത്വമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. വീടും നാടും വിട്ട് ഓടിപ്പോരേണ്ടി വരുന്ന ഗതികെട്ട നേരത്ത് നഷ്ടങ്ങളുടെ കണക്കുകള്‍ ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാണ്. ജീവിതകാലം മുഴുവന്‍ സ്വരുക്കൂട്ടിയത് മണ്ണിനും വെള്ളത്തിനുമടിയിലായിപ്പോയവരും സര്‍ട്ടിഫിക്കറ്റുകളും വിലപ്പെട്ട രേഖകളും നഷ്ടമായവരും ഉറ്റവരെ എന്നെന്നേക്കുമായി കൈവിട്ടു പോയവരും പ്രളയത്തിന്റെ കണ്ണീര്‍പ്പാച്ചിലില്‍ മറന്നു പോയ കാര്യങ്ങള്‍ ഒരു നടുക്കത്തോടെ നാം വീണ്ടും ഓര്‍ത്തു പോകും.

ലഹരിക്കും മൊബൈല്‍ ഫോണിനും അടിമകളായി സാമൂഹ്യ ബോധമില്ലാത്തവരായി മാറിയ യുവതലമുറയെന്ന് നാം കുറ്റപ്പെടുത്തിയവര്‍ എത്ര പെട്ടെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ദൈവദൂതന്മാരായി മാറിയത് ! ടൊവിനോ അവതരിപ്പിച്ച നന്മ മരത്തേക്കാള്‍ തിളക്കത്തോടെ ആസിഫ് അലിയുടെ കഥാപാത്രവും നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്നത് അതുകൊണ്ടാണ്. 2018

ആഗസ്റ്റ് 14 മുതല്‍ ആഗസ്റ്റ് 18 വരെ കേരളത്തില്‍ മിക്കവാറും പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളത്തിലും ആകാശത്തിലും രക്ഷാപ്രവര്‍ത്തകര്‍ വട്ടമിട്ടു നടന്നു. നേവിയുടെ ഹെലികോപ്റ്ററുകളുടെ ശബ്ദത്താല്‍ മുഖരിതമായ ആ കാലം മലയാളിയുടെ മനസ്സില്‍ നിന്ന് പെട്ടെന്ന് മാഞ്ഞുപോവുകയുമില്ല. എന്നിട്ടും ഒരു പാടു പേര്‍ വെള്ളത്തില്‍ പെട്ടു. മരിച്ചവരുടെ കണക്കുകള്‍ വെള്ളമിറങ്ങിയതിനു ശേഷമാണ് ശരിയായി കിട്ടിത്തുടങ്ങിയതും. അഞ്ഞൂറിനടുത്ത് ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായ കണക്കുകള്‍. സിനിമയില്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കൊഴുകിയ ധനസഹായത്തെക്കുറിച്ചും സാധന സാമഗ്രികളെക്കുറിച്ചും പരാമര്‍ശിച്ചു കണ്ടില്ല. റീബില്‍ഡ് കേരളയുടെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയില്ല എന്ന് സിനിമയെക്കുറിച്ചു വിമര്‍ശനമുയരുമ്പോള്‍ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗത്തിന് വകുപ്പുണ്ടെന്ന് വിചാരിക്കാതെ വയ്യ. ജൂഡ് തന്നെ കഥയെഴുതിയാല്‍ ഒരു പൊളിറ്റിക്കല്‍ സറ്റയറാകാനാണ് കൂടുതല്‍ സാദ്ധ്യത. പ്രളയത്തില്‍ തീരാ നഷ്ടം സംഭവിച്ചവര്‍ക്ക് അതൊരു പൊളിറ്റിക്കല്‍ ഇഷ്യു അല്ല, മറിച്ച് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. വികലാംഗര്‍, വൃദ്ധര്‍, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, നിത്യരോഗികള്‍, ദരിദ്രര്‍ എന്നിങ്ങനെ ജീവിക്കാന്‍ പരസഹായം അത്യാവശ്യമായവരെ പ്രളയം എങ്ങനെ ബാധിച്ചു എന്ന് രേഖപ്പെടുത്തി എന്നതാണ് ജൂഡിന്റെ സിനിമയുടെ മികവ്.


പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കുട്ടനാടന്‍ മേഖലയിലേക്ക് കഥ അധികം കടന്നുപോയിട്ടില്ലെന്ന് മാത്രമല്ല, ഒരു കുട്ടനാട്ടുകാരന്‍ വിദേശികളെയും കൊണ്ട് വെള്ളത്തിലൂടെ നാടുകാണിക്കാന്‍ നടക്കുന്ന ഹാസ്യാത്മകമായ രംഗങ്ങള്‍ കൂടിയുണ്ട്. 2018 ലെ പ്രളയത്തില്‍ മനുഷ്യരേക്കാളേറെ മരണമടഞ്ഞത് തിര്യക്കുകളായിരുന്നു. തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയിലേതു പോലെ ചുറ്റും പരന്ന വെള്ളത്തില്‍ നിന്നും ആരും രക്ഷിക്കാന്‍ വരാതെ കൂട്ടിലും അല്ലാതെയും കുടുങ്ങിപ്പോയ വളര്‍ത്തുമൃഗങ്ങളും പക്ഷികളും ആയിരക്കണക്കിനായിരുന്നു. അവയുടെ കാഴ്ചകള്‍ക്കായി മറ്റൊരു സിനിമ തന്നെ വേണ്ടി വരും. കേരളത്തിലെ 54 ഡാമുകളില്‍ 35 എണ്ണവും തുറന്നു വിട്ടിരുന്നു. ആകസ്മികമായ ജലപ്രവാഹത്താല്‍ മരണപ്പെട്ട കാട്ടുമൃഗങ്ങളും ജീവികളും എത്രയായിരിക്കണം! സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന തലതല്ലി വീഴുന്ന മീനിനെ പോലെ ഓരോ പ്രളയത്തിലും കൊല്ലപ്പെടുന്ന വന്യജീവി സമ്പത്തിനെ ആരോര്‍ക്കുന്നു!

2018 ലെ പ്രളയത്തിനായി ഒരു സെറ്റൊരുക്കുക എന്നത് സാമാന്യം ചെലവേറിയതും ബുദ്ധിമുട്ടേറിയതുമായ ഒരു കാര്യമാണ്. അത് വളരെ ഭംഗിയായി തന്നെ കലാസംവിധായകന്‍ മോഹന്‍ദാസ് പല്ലക്കോട്ടില്‍ നിര്‍വഹിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന കടലിലെ ഒരു സീന്‍ പോലെ പിന്നീട് കാണിച്ച പല വി.എഫ്.എക്‌സുകളും ലോക സിനിമകളോട് കിട പിടിക്കുന്ന രീതിയില്‍ മനോഹരമായിട്ടുണ്ട്. സംഭാഷണങ്ങളേക്കാളേറെ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നതിനാല്‍ ഡബ്ബിംഗ് ആവശ്യമില്ലാതെ തന്നെ ഈ സിനിമ ഏതു ഭാഷക്കാരനുമായും സംവദിക്കുകയും ചെയ്യും. മഴയും വെള്ളവും മണ്ണൊലിപ്പും ദുരിതവും അതിനിടയിലെ ചെറിയ ആഹ്ലാദങ്ങളും രക്ഷപ്പെടലിന്റെ സന്താഷങ്ങളുമായി അതിജീവനത്തിന്റെ ഹാര്‍മണിയാണ് 2018.

Similar Posts