2018: അപരവത്കരണത്തിന്റെ ചലച്ചിത്ര രൂപം
|പ്രളയ കാലഘട്ടത്തിന്റെ വക്രീകരണവും പ്രളയാനുഭവങ്ങളുടെ മനഃപൂര്‍വ്വമായ തമസ്‌കരണവുമാണ് 2018 എന്ന സിനിമ.
പ്രളയത്തിന്റെ നേര്‍സാക്ഷ്യമെന്ന് തെറ്റിദ്ധരിപ്പിച്ച്, ആ കാലഘട്ടത്തെ അടയാളപ്പെടുത്താന്‍ സിനിമക്ക് മനഃപൂര്‍വ്വം 2018 എന്ന പേര് ചാര്‍ത്തി ജൂഡ് ആന്തണി സിനിമയിലൂടെ നല്‍കുന്നത് അപരവത്കരണത്തിന്റെ സന്ദേശമാണ്. ട്രെയിലറില്‍ Based on എന്നതിന് പകരം inspired by (ഇന്‍സ്പയേര്‍ഡ് ബൈ) എന്നെഴുതി സംവിധായകന്‍ തടിതപ്പുന്നുണ്ട്. എന്നാല്‍, 2018 ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ അവശേഷിപ്പും ഇന്‍സ്പിരേഷനും ലോകെത്തെവിടെയും ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത മതസൗഹാര്‍ദമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അമൂല്യമായ ആ അനുഭവത്തെ അടയാളപ്പെടുത്തുന്ന ഏതു രംഗമാണ് ഈ സിനിമയില്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ക്ഷേത്രങ്ങളുടെയും മസ്ജിദുകളുടെയും ചരിത്രപരമായ പങ്കിനുമേല്‍ വെളിച്ചം വിതറുന്ന ഏതു കഥാസന്ദര്‍ഭമാണ് രചനയും സംവിധാനവും നിര്‍വഹിച്ച ജൂഡിന് ചൂണ്ടിക്കാണിക്കാനുള്ളത്?
ബോക്‌സ് ഓഫീസില്‍ ജൂഡും ടീമും വിജയിച്ചിരിക്കാം. നിലവിലുള്ള സിനിമാ വിപണത്തിന്റെ പ്രത്യേകത കൊണ്ട് മാത്രമാണ് ഈ വിജയം. സിനിമയുടെ ബോക്‌സോഫീസ് വിജയത്തിന് പിന്നില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. അവരില്‍ പലര്‍ക്കും ജൂഡ് തിരശ്ശീലയില്‍ നന്ദി എഴുതി കാണിക്കുന്നുമുണ്ട്. പക്ഷെ, ബോക്‌സ് ഓഫീസ് അടച്ചു കഴിഞ്ഞാല്‍ പ്രേക്ഷകര്‍ ഈ സിനിമയെയും അതിനകത്തെ ഒളിച്ചുകടത്തലിനെയും പതുക്കെ തിരിച്ചറിയും. സത്യസന്ധനായ ഒരു ചലച്ചിത്രകാരനായി ജൂഡിനെ കാലം ഓര്‍ക്കാന്‍ പോകുന്നില്ല.
ഒരു പ്രത്യേക കാലഘട്ടത്തെ വിശ്വസ്തതയോടെ പകര്‍ത്താന്‍ ശ്രമിക്കുന്ന സിനിമാ ശൈലിയെയാണ് നാം 'പിര്യേഡ് സിനിമ' എന്ന് വിളിക്കുന്നത്. ആ കാലഘട്ടം സന്ദര്‍ശിക്കാന്‍ പ്രേക്ഷകനെ സഹായിക്കുകയാണ് പിര്യേഡ് സിനിമയുടെ ലക്ഷ്യം. 2018 എന്ന ഈ സിനിമ പക്ഷെ, ആ കാലഘട്ടത്തിന്റെ വക്രീകരണവും അതിലെ പ്രളയാനുഭവങ്ങളുടെ മനഃപൂര്‍വ്വമായ തമസ്‌കരണവുമാണ്.
മനുഷ്യസ്നേഹത്തിന്റെ അമൂല്യമായ സന്ദേശം ലോകത്തിനു മുമ്പില്‍ സമര്‍പ്പിച്ച അത്യപൂര്‍വ്വമായ അനുഭവമായിരുന്നു 2018ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയവും അതിലെ രക്ഷാപ്രവര്‍ത്തനങ്ങളും. ഹൈന്ദവരും ക്രൈസ്തവരും മുസ്‌ലിംകളും ഉള്‍പ്പെടുന്ന ഒരു മനുഷ്യപ്പട ആയിരത്തിലേറെ മത്സ്യബന്ധന ബോട്ടുകളും ചെറുവള്ളങ്ങളും, മലപോലെ ഉയര്‍ന്നുവന്ന പ്രളയജലത്തിലേക്കു ഒഴുക്കിയിറക്കിയും കൂരിരുട്ടില്‍ നീന്തിച്ചെന്നും, എണ്ണമറ്റ മനുഷ്യ ജീവനുകളെ മതം നോക്കാതെ രക്ഷാതീരങ്ങളിലേക്കു ചുമന്നുകൊണ്ടുപോയ സമാനതകളില്ലാത്ത ജീവിതാനുഭവമായിരുന്നു അത്.
ഒരു യുവാവ് വെള്ളത്തില്‍ കാല്‍ മുട്ടുകളും കൈകളും കുത്തി ഒരു കഴുതയെപ്പോലെ കമിഴ്ന്നുനിന്നു വൃദ്ധന്മാര്‍ക്കും സ്ത്രീകള്‍ക്കും രക്ഷാബോട്ടുകളിലേക്കു കയറാന്‍ സ്വന്തം മുതുകിനെ ചവിട്ടുപടിയായി പരിവര്‍ത്തിപ്പിച്ച കരളലിയിക്കുന്ന അനുഭവം സമ്മാനിച്ച ജീവിതപരീക്ഷണം. അഭയാര്‍ഥികളാല്‍ നിറഞ്ഞ മസ്ജിദില്‍ നമസ്‌കരിക്കാന്‍ സ്ഥലമില്ലാതെവന്നപ്പോള്‍ അമ്പലത്തിന്റെ അങ്കണം അവര്‍ക്കു പ്രാര്‍ഥനക്കായി തുറന്നിട്ട മേല്‍ശാന്തിക്കാരെ കണ്ടു നാം കണ്‍കുളിര്‍ത്ത അപൂര്‍വ ചരിത്രമുഹൂര്‍ത്തം. മുസ്‌ലിംകള്‍ അമ്പലങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലും, ഹൈന്ദവര്‍ മസ്ജിദുകളിലും അഭയാര്‍ഥികളായി ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിച്ചുകൂട്ടിയ നാളുകള്‍. മുതുകത്ത് അരിയും വെള്ളവും ചുമന്നു കൊണ്ടുപോയി ചര്‍ച്ചിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ വിതരണം ചെയ്തതിനു നന്ദി പറയാന്‍ ക്രൈസ്തവ പുരോഹിതന്‍ പെരുന്നാള്‍ നമസ്‌കാരസമയത്ത് മസ്ജിദിലേക്കു കടന്നു ചെന്ന് മനുഷ്യസ്‌നേഹത്തെ കുറിച്ച് പ്രസംഗിച്ച രോമാഞ്ചജനകമായ സന്ദര്‍ഭങ്ങള്‍ സമ്മാനിച്ച പ്രളയാനുഭവം.
ഈ പ്രളയാനുഭവങ്ങളൊക്കെ എവിടെ ഈ സിനിമയില്‍? മൊത്തം സ്‌ക്രീന്‍ ടൈമിന്റെ പത്തിലൊന്നു വേണമായിരുന്നോ സമര്‍ഥനായ ഒരു സംവിധായകന് ഇതൊക്കെ ചിത്രീകരിക്കാന്‍? ഒരു ഗാനത്തിന്റെ മൊണ്ടാഷിലൂടെ എങ്കിലും അയത്‌നലളിതമായി ഇവ ചിത്രീകരിക്കാന്‍ സാധിക്കുയിരുന്നില്ലേ? അതിനു പകരം 'ടൈറ്റാനിക്' സിനിമക്ക് സമാനമായ 'അണ്ടര്‍വാട്ടര്‍' രംഗങ്ങള്‍ സൃഷ്ടിച്ചു സാധാരണ പ്രേക്ഷകരെ അന്ധാളിപ്പിച്ചു അവരുടെ കയ്യടി വാങ്ങാനും അതിനിടയില്‍ ഒരു 'മേരിമാതാ' ബോട്ടിനെയും ഒരു പാതിരിയേയും മത്സ്യബന്ധന തൊഴിലാളികളെയും കൂട്ടത്തില്‍ അനൂപ് (ടോവിനോ) എന്ന ഒരു വീരപുത്രനെയും കേന്ദ്രബിന്ദുവാക്കി ഒരു ത്രില്ലെര്‍ തീര്‍ക്കുവാനായിരുന്നില്ലേ സംവിധായകന്‍ ശ്രമിച്ചത്?
ക്രൈസ്തവ സമുദായത്തിന്റെയും അവര്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്ന പുരോഹിതന്മാരുടെയും ക്രൈസ്തവരായ മത്സ്യത്തൊഴിലാളികളുടെയും മനുഷ്യസേവനം ജൂഡ് ആന്തണി വരച്ചുകാണിച്ചതിനെക്കാളും ആയിരം മടങ്ങു മഹത്തരമായിരുന്നു. അതിന്റെ ഒരു ചെറിയ അംശംപോലും, ഒഴുക്കുള്ള ഒരു തിരക്കഥയിലൂടെ ആഖ്യാനം ചെയ്യാനോ അതിനെ ഹൃദയസ്പര്‍ശിയായ രീതിയില്‍ ദൃശ്യവത്കരിക്കാനോ രചനയും സംവിധാനവും നിര്‍വഹിച്ച ജൂഡിന് കഴിഞ്ഞിട്ടില്ല. ക്രമത്തില്‍ വികസിക്കുന്ന ഒരു കഥാതന്തുവോ ക്ലൈമാക്‌സോ ഈ സിനിമക്കില്ല. സംവിധായകന്‍ തന്റെ ആഖ്യാനത്തിന്റെ ഭദ്രതയേക്കാള്‍ ശ്രദ്ധിച്ചത് ബോക്‌സോഫീസിന്റെ ഭദ്രതയിലായിരുന്നു.
ടോവിനോവിന്റെ മനോഹരമായ അഭിനയവും 2018ലും 2019ലും പ്രളയങ്ങളുണ്ടായപ്പോള്‍ അന്ന് ഷൂട്ട് ചെയ്തുവച്ചിരുന്ന ഫൂട്ടേജുകളും കഴിച്ചാല്‍ ഈ സിനിമയില്‍ ഓര്‍ക്കാനായി ഒന്നുമില്ല. 'ഡോള്‍ബി-അറ്റ്മസി' ലൊരുക്കിയ ചെവി തകര്‍ക്കുന്ന, രംഗപ്പൊരുത്തമില്ലാത്ത പശ്ചാത്തല സംഗീതം മാത്രം. അഭിനയ നൈപുണ്യമുള്ള അനവധി താരങ്ങള്‍ ഈ സിനിയില്‍ വേഷമിട്ടുവെങ്കിലും, ദുര്‍ബലമായ തിരക്കഥയിലെ 'ക്യാരക്ടര്‍ ഡയനമിക്‌സ്‌ന്റെ' അപര്യാപ്തത കാരണം തങ്ങളുടെ അഭിനയശേഷി വേണ്ടവിധം ഉപയോഗിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
യുട്യൂബ് തുറന്നു, ഈ മഹാപ്രളയത്തെ അടയാളപ്പെടുത്തുന്ന വീഡിയോ ക്ലിപ്പുകള്‍ കണ്ടുനോക്കുക. മൊബൈല്‍ ക്യാമറകളിലൂടെ സാധാരണക്കാര്‍ അന്ന് പകര്‍ത്തിവെച്ചിരുന്ന ദൃശ്യങ്ങളും മുഖ്യധാരാ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതില്‍ നിന്ന് മുറിച്ചെടുത്തു തുന്നിച്ചേര്‍ത്തതുമായ അഞ്ചും പത്തും മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആ വിഡിയോകള്‍ ഈ സിനിമയെക്കാളും ആയിരം മടങ്ങു ഹൃദയസ്പര്‍ശിയാണ്.
മസ്ജിദും മന്ദിറും കനീസയും ഒരു മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യസ്നേഹത്തിന്റെ പാതയില്‍ പരസ്പരം ആശ്ലേഷിക്കുന്ന, ലോകത്തില്‍ മറ്റെവിടെയും സമാനതകളില്ലാത്ത യാഥാര്‍ഥകഥയുടെ കരളലിയിക്കുന്ന രംഗങ്ങള്‍ പകര്‍ത്തുന്ന ഒരു സിനിമക്ക് ഇനിയും പ്രസക്തിയുണ്ട്. അതിനായി ആരെങ്കിലും മുന്നോട്ടു വരുമോ?