Art and Literature
ആരാണ് ദൈവത്തിന്റെ ചാരന്മാര്‍?
Art and Literature

ആരാണ് ദൈവത്തിന്റെ ചാരന്മാര്‍?

ഷെജീന പി.എസ്
|
12 Aug 2024 9:32 AM GMT

ജോസഫ് അന്നംകുട്ടി ജോസിന്റെ 'ദൈവത്തിന്റെ ചാരന്മാര്‍' ഓര്‍മക്കുറിപ്പ് വായന.

ജോസഫ് അന്നംകുട്ടി ജോസിന്റെ 'ദൈവത്തിന്റെ ചാരന്മാര്‍' എന്ന പുസ്തകം ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവു മാത്രമല്ല, ബന്ധങ്ങളുടെ ആഴവും വിലയും മനസ്സിലാക്കിത്തരുന്നു. ജോപ്പന്‍ എന്നയാളുടെ ചുറ്റുപാടിലുള്ള അനുഭവങ്ങളുടെ ഒരു ഓര്‍മക്കുറിപ്പായാണ് ഈ പുസ്തകം വായിക്കാനാവുക. ജോപ്പനെ കുറെക്കൂടി നല്ലൊരു മനുഷ്യനാക്കാന്‍ സഹായിച്ച, ഒരുപറ്റം മനുഷ്യരെ മനോഹരമായി ജോപ്പന്‍ ഹൃദയത്തില്‍ ഓര്‍ത്തു വെച്ചിരിക്കുന്നത് കാണാന്‍ കഴിയും. പുസ്തകം ഓരോ വ്യക്തികള്‍ക്കും നല്‍കുന്ന വയനാനുഭവം വ്യത്യസ്ത തലങ്ങളിലായിരിക്കും. ഓരോരുത്തരും വായിച്ചെടുക്കുന്നത് അവരവരുടെ വീക്ഷണത്തിലെ ജീവിത അനുഭവങ്ങളുമായി ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടായിരിക്കും.

ഓരോ അധ്യായം തുടങ്ങുന്നതും മനോഹരമായ ഉദ്ധരണി കൊണ്ടാണ്. പുസ്തകത്തിന്റെ തലക്കെട്ട് ആദ്യം കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും ചിന്തിക്കും ആരാണ് ഈ ദൈവത്തിന്റെ ചാരന്മാര്‍ എന്നും, അവരെ അങ്ങനെ വിശേഷിപ്പിക്കാനുമുള്ള കാരണമെന്തെന്നും. വായനക്കാരന്റെയുള്ളില്‍ ആകാംക്ഷയും, അതിനേക്കാളേറെ കൗതുകവും ഒരുപോലെ നിറച്ചിടാന്‍ പുസ്തകത്തിന്റെ പേരിന് സാധിച്ചിട്ടുണ്ട്. ലളിതവും സുന്ദരവുമായാണ് ഓരോ കാര്യങ്ങളും വിവരിച്ചിരിക്കുന്നത്. നമ്മേ അലട്ടിക്കൊണ്ടിരിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട്.

'എന്റെ ജീവിതത്തിലേക്ക് ഒരുപാട് ആളുകള്‍ വന്നു. അങ്ങനെ വന്നവരേ, എന്നെ തൊട്ടവരേ, എന്നെ കൂറെക്കൂടി നല്ല മനുഷ്യനാകാന്‍ പ്രേരിപ്പിച്ചവരേ ഞാന്‍ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാര്‍'

'ഇമ്മള് ജയിക്കാന്‍ സാധ്യതയില്ലാത്തിടത്ത് ഇമ്മള് കാരണം മറ്റൊരാള്‍ ജയിക്കുന്നത് കാണാന്‍ കാരണമാകുന്നതും ഇമ്മളെ വിജയമാണെന്ന്' ആദ്യത്തെ കുമ്പസാര ഭാഗം തൊട്ട്, പിന്നീടങ്ങോട്ടുള്ള സൗഹൃദം, പ്രണയം, ജീവിതം അങ്ങനെ അവസാനം വരേ നന്നായി തന്നെ കൊണ്ടുപോയിരിക്കുന്നു. മാത്രമല്ല, ജോപ്പനിലൂടെ നമ്മോട് പറഞ്ഞുവെക്കുന്ന ചില കാര്യങ്ങളുണ്ട്; ഒരുപക്ഷേ നാമത് ഇതുവരെ ചിന്തിക്കാത്തതും, അല്ലെങ്കില്‍ മനഃപൂര്‍വം മറന്നു കളഞ്ഞതുമായവ. നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഒരുപാട് മനുഷ്യര്‍ പല സാഹചര്യങ്ങളിലായി കടന്നു വന്നിട്ടുണ്ടാകും, നമ്മുടെ യാത്രകളിലോ മറ്റോ നാം കണ്ടുമുട്ടുന്ന ചില മനുഷ്യര്‍. ആരാണെന്നോ, എന്താണെന്നോ അറിയാതെ ഒരുപുഞ്ചിരി മാത്രം സമ്മാനിച്ചു മുന്നിലൂടെ കടന്നുപോയവര്‍. വീണ്ടുമൊരിക്കല്‍ കൂടി കണ്ടുമുട്ടിയെങ്കിലെന്ന് ആശിച്ചവര്‍. ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നത് ദൈവം പറഞ്ഞേല്‍പ്പിച്ച കടമകള്‍ ഭംഗിയായി നിര്‍വഹിച്ചു ഒരു നന്ദി വാക്കുപോലും പ്രതീക്ഷിക്കാതെ പടിയിറങ്ങി പോയിടാനാകും, അവരെ തിരിച്ചറിയാന്‍ പോലും നമ്മള്‍ വൈകി പോയിട്ടുണ്ടാകും. അതുപോലെ ആഴത്തില്‍ മുറിവേല്‍പ്പിക്കാനായി മാത്രം നമ്മിലേക്ക് എത്തിപ്പെട്ടവരുമുണ്ട്. ബലഹീനതകളെ പരിഗണിച്ചവരും, അതുപോലെ മുതലെടുത്തവരും, നമ്മുടെ സ്‌നേഹം നിഷേധിച്ചവരും, നമ്മേ സ്വാധീനിപ്പിച്ചവരും. ആ കൂട്ടത്തില്‍ നാം അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചവരുമുണ്ടാകും. നിമിത്തമായി മാറിയവരുമുണ്ടാകാം. അതിഥികളായി വന്നവരും, ജീവിതത്തിന്റെ ഭാഗമായവരും - അങ്ങനെ കുറെയേറെ മനുഷ്യര്‍ - അവര്‍ എന്തിനാണോ വന്നതെന്നും, നമുക്ക് സമ്മാനിച്ചത് എന്തൊക്കെയാണെന്നും നാം ചിന്തിച്ചിട്ടുണ്ടോ?


മറക്കാനായി ഓര്‍ക്കുന്നതല്ലാതെ ഇത്തരമാളുകളുടെ ഇടപെടലുകളിലൂടെ ചില തിരിച്ചറിവുകള്‍ നമുക്കുണ്ടാകും. രണ്ടു തരം മനുഷ്യരുണ്ട് നമ്മുടെയൊക്കെ ചുറ്റും.

അവിടെയാണ് ജോപ്പന്റെ വാക്കുകളുടെ പ്രസക്തി: 'എന്റെ ജീവിതത്തിലേക്ക് ഒരുപാട് ആളുകള്‍ വന്നു. അങ്ങനെ വന്നവരേ, എന്നെ തൊട്ടവരേ, എന്നെ കൂറെക്കൂടി നല്ല മനുഷ്യനാകാന്‍ പ്രേരിപ്പിച്ചവരേ ഞാന്‍ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാര്‍'. അതിനോടൊപ്പം ഒന്നുകൂടി ജോപ്പന്‍ നമ്മോട് പറയുന്നുണ്ട് നിങ്ങളിത് വായിക്കുമ്പോള്‍, ഇവരെ പരിചയപ്പെട്ടു കഴിയുമ്പോള്‍ നിങ്ങള്‍ ഒരുപക്ഷേ സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും നിങ്ങളുടെ ജീവിതത്തിലേക്ക് അയക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താന്‍.

പുസ്തകം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ ജീവിതത്തിലേക്കു നമ്മളൊന്ന് തിരിഞ്ഞു നോക്കും. അവരെ അറിയാനും, കേള്‍ക്കാനും ശ്രമിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ജോപ്പന്‍ പറഞ്ഞത് പോലെ പലവേഷത്തിലും അവരൊക്കെ നമുക്ക് ചുറ്റിലുമുണ്ട്. പക്ഷേ, അവരെ കാണാനും, കേള്‍ക്കാനും, മനസിലാക്കാനും ഈശ്വരന്‍ പുതിയൊരു കണ്ണും, ചെവിയും, ഹൃദയവും നല്‍കട്ടെയെന്ന് ജോപ്പനപോലെ നമ്മുക്കും പ്രാര്‍ഥിക്കാം.

2019 ല്‍ പുറത്തിറങ്ങിയ 'ദൈവത്തിന്റെ ചാരന്മാര്‍' പബ്ലിഷ് ചെയ്തത് ഡി.സി ബുക്‌സാണ്.


Similar Posts