ആടുജീവിതം വായിച്ചു കൊണ്ടിരിക്കെ ഞാന്‍ ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നി
|ആദ്യാവസാനം വരേയും ഞാന്‍ നജീബ് എന്ന മനുഷ്യനിലൂടെ യാത്ര ചെയ്തു. ഞാന്‍ ആ മനുഷ്യന്റെ സിരകളില്‍, രക്തധമനികളില്‍, നാഡി ഞരുമ്പുകളിലൂടെയൊക്കെയും സഞ്ചരിക്കുകയായിരുന്നു. വായിക്കുന്ന സമയങ്ങളിലെല്ലാം ഞാന്‍ അയാളുടെ വിശപ്പ് അറിയുന്നു വേദനയറിയുന്നു വിരഹമറിയുന്നു തൃഷ്ണയറിയുന്നു. | ബെന്യാമിന്റെ 'ആടുജീവിതം' നോവല്‍ വായന.
'പെരിയോനേ എന്‍ റഹ്മാനേ..
പെരിയോനേ റഹീം..'
മനോഹരമായൊരു ഗാനം വരികളില്‍ നിന്നും വരികളിലേക്ക് ആത്മാവിനെയും തൊട്ട് കടന്നുപോകുന്നു. വീണ്ടും വീണ്ടും പലയാവര്‍ത്തി കേള്‍ക്കുകയാണ്. കരുണാമയനായ തമ്പുരാനേ നിന്നോടുള്ള പ്രതീക്ഷകളല്ലാതെ മറ്റെന്താണ് അങ്ങകലെ പെയ്യുന്ന പുതുമഴയുടെ ഗന്ധം ഉള്ളില്‍ നിറക്കുന്നത്.
ഏകദേശം മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആടുജീവിതമെന്ന പുസ്തകം ഞാന്‍ ആദ്യമായി വായിക്കുന്നത്. മാറ്റാര്‍ക്കോ വേണ്ടി കാത്തിരുന്ന വിധിയിലേക്ക് നടന്നുകയറിയ നജീബ് എന്ന മനുഷ്യന്റെ വായനയാല്‍ തൊട്ടറിഞ്ഞൊരു ജീവിതം സ്‌ക്രീനിലേക്ക് എത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീവ്രമായ മനോവ്യഥകളോടെ വായിച്ചു തീര്‍ത്ത പുസ്തകത്തിന്റെ വായനാനുഭവം എനിക്കുള്ളില്‍ നിറയുകയാണ്.
സര്‍വ്വ ഭാരവും വിധിയുടെ മേല്‍ ഏല്‍പ്പിച്ചതിനു ശേഷം ഒരു തൂവലിന്റെ കനം പോലും ശേഷിക്കാതെ വിധിക്കൊപ്പം നമ്മള്‍ ഒഴുകി തുടങ്ങും. ആ ഒഴുക്കിലാണ് ഒരാള്‍ യഥാര്‍ഥത്തില്‍ സ്രഷ്ട്ടാവിനെ അറിയുന്നത്.
അന്ന് നജീബിന്റെ മസറയിലെ കഠിനമായ ആടുജീവിതം വായിച്ചു തീര്‍ത്തുകൊണ്ട് ഞാന്‍ ഇങ്ങനെയെഴുതി:
പുസ്തകം വായിച്ചു തീര്‍ത്ത് ഞാനിപ്പോള്‍ മുറിയില്‍ തലങ്ങും വിലങ്ങും നടക്കുന്നു. എന്തിനെന്ന് ചോദിച്ചാല്‍ എന്റെ ചില പ്രവര്‍ത്തികള്‍ എനിക്ക് നിങ്ങളെക്കാള്‍ അജ്ഞാതമാണ്.
ഞാന്‍ മറ്റൊരു കാര്യം ചോദിക്കാം. ബെന്യാമിന്റെ ആടുജീവിതം വായിച്ചു കൊണ്ടിരിക്കെ കുറച്ച് മുന്‍പ് ഞാന്‍ ശ്വാസംമുട്ടി മരിക്കാന്‍ പോയെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ല, നിങ്ങളെന്നല്ല പെട്ടന്ന് എന്നെ കേള്‍ക്കുന്ന ആരും വിശ്വസിക്കില്ല. പക്ഷെ സത്യം ഇതാണ്. ഞാന്‍ കരുതിയത് ഒരല്‍പ്പം കൂടി പേജുകള്‍ ഇങ്ങനെ തുടര്‍ന്ന് പോയാല്‍ എനിക്ക് ഹൃദയാഘാതം വരുമെന്നാണ്. ഒരു പുസ്തകം വായിച്ചു മരിച്ചെന്ന ചീത്തപ്പേര് കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഞാന്‍ ഫ്രിഡ്ജ് തുറന്ന് ഒരല്‍പ്പം തണുത്ത വെള്ളമെടുത്ത് കുടിച്ചത്, പുസ്തകം മടക്കി വച്ചു കണ്ണുകള്‍ അടച്ചു കിടന്നത്.
ഇതിനിടയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്, ഞാനാ വെള്ളം കുടിക്കുമ്പോള്‍ ഇരിക്കാന്‍ ശ്രമിച്ചിരുന്നു. ഇറക്കുകളായി കുടിച്ചിരുന്നു. തുടക്കത്തിലും ഒടുവിലും സൃഷ്ട്ടാവിനെ സ്തുതിച്ചിരുന്നു. ഒരല്‍പം വെള്ളം കുടിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ടുന്ന മുഴുവന്‍ മര്യാദകളെ കുറിച്ചും ഞാന്‍ പൂര്‍ണ്ണ ബോധമുള്ളവളായിരുന്നു. അപ്പോഴെല്ലാം എനിക്ക് മുന്നിലൂടെ ഒരിറ്റ് ദാഹജലത്തിനായി മരുഭൂവില്‍ നിലവിളിച്ചു കൊണ്ട് ഹക്കീം ഓടി നടക്കുകയായിരുന്നു. ആ തളര്‍ന്നു വാടിയ ശരീരത്തിലൂടെ നുരയും പതയും രക്തവുമായി ഒഴുകിയത് ഒരു യൗവ്വനത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളുമാണ്.
'ആടുജീവിതം' ആദ്യ പതിപ്പും നൂറ്റി അന്‍പതാം പതിപ്പും
ആദ്യാവസാനം വരേയും ഞാന്‍ നജീബ് എന്ന മനുഷ്യനിലൂടെ യാത്ര ചെയ്തു. ഒരല്‍പ്പം സാഹിത്യം കലര്‍ത്തി പറയുകയാണെങ്കില്‍ ഞാന്‍ ആ മനുഷ്യന്റെ സിരകളില്‍ രക്തധമനികളില്‍ നാഡി ഞരുമ്പുകളിലൂടെയൊക്കെയും സഞ്ചരിക്കുകയായിരുന്നു. വായിക്കുന്ന സമയങ്ങളില്‍ എല്ലാം ഞാന്‍ അയാളുടെ വിശപ്പ് അറിയുന്നു വേദനയറിയുന്നു വിരഹമറിയുന്നു തൃഷ്ണയറിയുന്നു, അങ്ങനെ പല വികാരങ്ങളിലൂടെ.
ഒന്ന് ചിന്തിച്ചു നോക്കൂ. പെട്ടന്ന് ഇന്നലെ വരെ ജീവിച്ചു വന്നിരുന്ന സാഹചര്യങ്ങളില്‍ നിന്നും ജീവിതത്തില്‍ നിന്നും തന്നെ നമ്മള്‍ പിഴുത് മാറ്റപ്പെടുന്ന അവസ്ഥ. ഒരു വലിയ ആഴമേറിയ കിണറ്റില്‍ വീണ നായയെന്ന പോല്‍ നമ്മള്‍ പരക്കം പായുന്നു. നമ്മെ കൊണ്ട് നമുക്ക് വേണ്ടി ഒന്നും ചെയാന്‍ കഴിയുന്നില്ല. നമുക്കുണ്ടായിരുന്നെന്ന് അഹങ്കരിച്ചിരുന്ന ആരോഗ്യം കൊണ്ട് സമ്പത്ത് കൊണ്ട് ബന്ധങ്ങള്‍ കൊണ്ട് ഒന്നിനാലും രക്ഷയില്ലെന്ന് ഉറപ്പായി കഴിയുമ്പോള്‍ മനുഷ്യന്‍ വിധിയെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നു. എല്ലാം വിധിയെന്ന് സങ്കല്‍പ്പിച്ചു തുടങ്ങുന്നു. സര്‍വ്വ ഭാരവും വിധിയുടെ മേല്‍ ഏല്‍പ്പിച്ചതിനു ശേഷം ഒരു തൂവലിന്റെ കനം പോലും ശേഷിക്കാതെ വിധിക്കൊപ്പം നമ്മള്‍ ഒഴുകി തുടങ്ങും. ആ ഒഴുക്കിലാണ് ഒരാള്‍ യഥാര്‍ഥത്തില്‍ സ്രഷ്ട്ടാവിനെ അറിയുന്നത്.
അങ്ങനെ തന്നെയാണ് ഒരുപാട് പ്രതീക്ഷകളുമായി കടല്‍കടന്ന് വന്ന നജീബ് എന്ന മനുഷ്യനും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ വിധിയുടെ ഒഴുക്കിലേക്ക് സ്വയം സമര്‍പ്പിക്കപ്പെടുന്നത്. മസറയിലെ അതികഠിനമായ പരീക്ഷണകാലഘട്ടങ്ങളില്‍ പലപ്പോഴായി അല്ലാഹുവിന്റെ അദൃശ്യ സാന്നിധ്യം നജീബ് അറിയുന്നുണ്ട്. തനിക്ക് പിറന്നത് ഒരു ആണ്‍കുഞ്ഞാണെന്നും അവന്‍ നബീല്‍ ആണെന്നും നജീബ് ഉറച്ചു വിശ്വസിക്കാനുള്ളതിന്റെ കാരണവും ആ സാന്നിധ്യമാണ്. മറ്റൊരിക്കല്‍, തന്റെ ജീവന്‍ ബലി നല്‍കി ഒരു ആട് നജീബിന്റെ ജീവന്‍ സംരക്ഷിച്ച സന്ദര്‍ഭത്തില്‍.
തുളച്ചു കയറാവുന്ന ഒരു വെടിയുണ്ടയില്‍ നിന്നും താന്‍ തെന്നി വീണതല്ലെന്നും താന്‍ ആരാലോ തട്ടി മാറ്റപ്പെട്ടതാണെന്നുമുള്ള തിരിച്ചറിവുകള്‍ക്കിടയില്‍. ഇബ്രാഹിം ഖാദിരി എന്ന വലിയ മനുഷ്യന്റെ രൂപത്തില്‍.. അങ്ങനെ പലയിടത്തും സര്‍വ്വശക്തന്റെ സാമിപ്യം നജീബ് അറിഞ്ഞു കൊണ്ടേയിരുന്നു.
ആടുജീവിതം മടക്കിവച്ചു. മനസ്സില്‍ ഉള്ളത് എഴുതിയും തീര്‍ത്തു. എന്നിട്ടും എന്നെ, എന്റെ ഹൃദയത്തെ ഇങ്ങനെ പൊള്ളിച്ചു നീറ്റാന്‍ മാത്രം, വര്‍ഷങ്ങളോളം വെള്ളം വീഴാത്ത ശരീരത്തിലേക്ക് തുളച്ചു കയറുന്ന മഴത്തുള്ളികള്‍ക്ക് സമം എഴുത്തുകാരാ നിങ്ങളുടെ അക്ഷരങ്ങള്‍ക്ക് എന്ത് തീക്ഷ്ണതയാണ്.
ഇബ്രാഹിം ഖാദിരിയെ കുറിച്ച് എഴുതിയപ്പോഴാണ് ഓര്‍ത്തത്, ഇബ്രാഹിം ഒരു സാധാരണ മനുഷ്യനാണെന്ന് എനിക്കിപ്പോഴും സമ്മതിച്ചു കൊടുക്കുക വയ്യ. ഞാന്‍ വിശ്വസിക്കുന്നത് അത് നജീബിന്റെ ചിന്തയിലേത് പോലെ മൂസ പ്രവാചകനാണെന്നല്ല, മറിച്ചു അത് ഹിളര്‍ പ്രവാചകനാണെന്നാണ്. ' നിന്നെ ഇങ്ങനെ കളഞ്ഞിട്ടു പോകാനല്ല അല്ലാഹു എന്നെ മസറയിലേക്ക് അയച്ചത് ' ഈ ദൃഢമായ വാക്കുകളില്‍ എവിടെയോ, ഹിളര്‍ പ്രവാചകനെ കണ്ടത് ഞാന്‍ മാത്രമാണെന്നാണോ. നിങ്ങള്‍ ഇതും വിശ്വസിക്കില്ല. പക്ഷെ, സത്യമായിട്ടും. നിങ്ങളെ വിശ്വസിപ്പിക്കുക എന്നത് എന്റെ വിഷയമേ അല്ല.
കുഞ്ഞിക്കയുടെ ഹോട്ടലിനു മുന്നില്‍ ഞാന്‍ നജീബിനെ ഉപേക്ഷിച്ചു. എനിക്കറിയാം നജീബിന്റെ പരീക്ഷണകാലയളവ് അവിടെ അവസാനിക്കുകയാണെന്ന്. അതായത് മൂന്ന് വര്‍ഷം നാലുമാസം ഒന്‍പത് ദിവസം. പിന്നീട് ഞാന്‍ തിരിച്ചു നടന്നത് ഹക്കീമിനെ മൂടിപ്പോയ മണല്‍കൂന തേടിയാണ്. ഭീകരരൂപിയുടെ അറ്റ കൈപ്പത്തി തേടിയാണ്. എത്രയോ മസറകള്‍ക്കുള്ളില്‍ നിന്നും പുതുജീവന്‍ തേടി പുറപ്പെട്ട അനേകം ആത്മാക്കളുടെ കുഴിമാടങ്ങള്‍ തേടിയാണ്.
ആടുജീവിതം മടക്കിവച്ചു. മനസ്സില്‍ ഉള്ളത് എഴുതിയും തീര്‍ത്തു. എന്നിട്ടും എന്നെ, എന്റെ ഹൃദയത്തെ ഇങ്ങനെ പൊള്ളിച്ചു നീറ്റാന്‍ മാത്രം, വര്‍ഷങ്ങളോളം വെള്ളം വീഴാത്ത ശരീരത്തിലേക്ക് തുളച്ചു കയറുന്ന മഴത്തുള്ളികള്‍ക്ക് സമം എഴുത്തുകാരാ നിങ്ങളുടെ അക്ഷരങ്ങള്‍ക്ക് എന്ത് തീക്ഷ്ണതയാണ്.
അതേ, 'ആടുജീവിതം' മടക്കിയ ഞാന്‍ പിന്നീടൊരിക്കലും അത് തുറന്നതേയില്ല. വീണ്ടുമെന്നേ പൊള്ളിച്ചു നീറ്റാന്‍ പാകത്തിന് പുസ്തകത്തിനകത്ത് ഇനിയും വേദനകള്‍ ബാക്കി കിടക്കുന്നു.