അമീറ | Short Story
|| കഥ
നേരം പുലരുമ്പോഴേ അടുക്കള ബഹളത്തിലേക്ക് അമീറയെത്തേടി നിരന്തരം വിളികള്‍ ഒഴുകി തുടങ്ങും.
ദോശക്കല്ലിലേക്ക് ആദ്യത്തെയോ രണ്ടാമത്തെയോ തവി കോരിയൊഴിക്കുമ്പോഴാവും
അവളിലൊരു കവിതയുടെ ആദ്യവരി പിറക്കുന്നത്.
''അമീ.. എന്റെ മൊബൈല്‍ ഞാനിപ്പോ ഇവിടെ വെച്ചതായിരുന്നല്ലോ.''
പേര് അമീറ എന്നാണെങ്കിലും സ്‌നേഹത്തോടെ എല്ലാവരും അവളെ വിളിക്കുന്നത് അമീ.. എന്നാണ്.
അദ്ദേഹത്തിന്റെ ആദ്യത്തെ വിളിയില്‍.
രണ്ടാമത്തെ ദോശയോടൊപ്പം ആ കവിതയും ദോശക്കല്ലിലേക്ക് ഒഴുകിപ്പരക്കും.
''അത് മോന്റെ കയ്യിലോ മറ്റോ കാണും.''
പതിവ് മറുപടി തന്നെയാണ് ഓരോ ദിവസവും അവള്‍ക്കതിന് പറയാനുണ്ടാകുക. എന്നിട്ടും ഈ ചോദ്യങ്ങള്‍ എന്നും അവളെത്തേടി വന്നുകൊണ്ടേയിരുന്നു.
''അമ്യേ.. ഞമ്മളെ ചെറിയ കൈക്കോട്ട് ഇവടെണ്ടായിര്ന്നല്ലോ. ഒരു മൊരട് ചേമ്പ് കളക്കാന്നു കരുത്യെതാ.
അതെങ്ങനാ.. ഒരു സാധനം വെച്ചാല്‍ വെച്ചിടത്ത് കാണൂല്ലല്ലോ''
തെക്കേ മുറ്റത്ത് നിന്നും ഉപ്പയാണ്.
''ആ വെട്ടുകത്തിപ്പോ എവടെ വെച്ചത്. ആ മുരിങ്ങാക്കൊമ്പൊന്നു വെട്ടായ്‌നി.''
ഉമ്മാന്റെ വിളിയാളം അടുക്കളപ്പുറത്തു നിന്നുമാണ്.
ഇട്ടിരിക്കുന്ന നൈറ്റിയില്‍ കൈ അമര്‍ത്തിത്തുടച്ച് അമീറ അടുക്കളപ്പുറത്തേക്കോടും.
'അതിവിടെത്തന്നെണ്ടല്ലോ മോളേ. കിട്ടീ ട്ടോ.'
എന്ന പതിവ് മറുപടിയില്‍ പാതി വഴിയില്‍ ഓട്ടം മതിയാക്കി തെക്കേമുറ്റത്തേക്ക് നടക്കും.
അവളെത്തും മുന്നേ വെച്ചിടത്ത് നിന്ന് തന്നെ കണ്ട് കിട്ടിയ ചെറിയ കൈകോട്ടും പിടിച്ച് ഉപ്പയും നടന്നു തുടങ്ങിയിരിക്കും.
മക്കളെഴുന്നേറ്റു വന്നാല്‍ പിന്നത്തെ കാര്യം പറയുകയും വേണ്ട.
അമീറയുടെ സ്ഥിരം ഓട്ടങ്ങളുടെ ദൈര്‍ഘ്യം കൂട്ടിക്കൊണ്ട് ഒരു കാര്യവുമില്ലാതെ ഈ വിളികളൊക്കെ എന്നും തുടര്‍ന്നു പോന്നു.
അമീറയുടെ കവിതകളും കഥകളും ദോശക്കല്ലിന്റെ ചൂടില്‍ കരിഞ്ഞും സിങ്കിലെ പാത്രങ്ങളില്‍ തട്ടിത്തെറിച്ചു വീണും ഇങ്ങനെ നഷ്ടപ്പെട്ടുപോകുന്നത് അവളുടെ മാത്രം സ്വകാര്യങ്ങളായി മാറാന്‍ തുടങ്ങീട്ടിപ്പോള്‍ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിരിക്കുന്നു.
കാലങ്ങള്‍ക്കിപ്പുറമിപ്പോള്‍ അമീറ മനസ്സിലൊരു കുഞ്ഞു തുരുത്ത് തീര്‍ത്തിരിക്കുന്നു. ആര്‍ക്കും കാണാന്‍ കഴിയാത്ത അവള്‍ക്ക് മാത്രം അനുഭവഭേദ്യമായ ഒരു കൊച്ചു തുരുത്ത്.
വല്ലപ്പോഴും വീണു കിട്ടുന്ന ഇടവേളകളിലൊക്കെ അവളിപ്പോള്‍ സ്വയം കല്‍പിച്ചുണ്ടാക്കിയ കുഞ്ഞു തോണി തുഴഞ്ഞ് തന്റെ തുരുത്തിലെ ഏകാന്തത തേടി യാത്ര പോകാറുണ്ട്. ആ സമയം മറ്റുള്ളവരുടെ വിളിയൊച്ചകളോ ആവലാതികളോ പരിഭവങ്ങളോ ഒന്നും അവളെ അലട്ടാറില്ല.
കൊച്ചു മക്കളുടെ ശബ്ദകോലാഹലങ്ങള്‍ ഒന്നും തന്നെ അന്നേരം അവളിലേക്കെത്താറുമില്ല. അന്നേരമവള്‍ ജീവിത വഴിയില്‍ കളഞ്ഞു പോയെന്ന് കരുതിയ തന്റെ പഴയ മനസ്സു തിരയാന്‍ തുടങ്ങും. ഹൃദയത്തിന്റെ ഉള്ളാഴങ്ങളിലെവിടെയോ അതുണ്ടെന്നു അവള്‍ക്കറിയാമായിരുന്നു.
ആര്‍ക്കൊക്കെയോ വേണ്ടി കടം കൊണ്ട പുതിയ മനസ്സിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് കിടക്കുന്ന പഴയ മനസ്സിനെ മെല്ലെ മെല്ലെ പുറത്തെടുത്തുകൊണ്ടവള്‍ അല്‍പസമയം വ്യാകുലചിത്തയാകും. പിന്നെ പുതിയ
പുതിയ സ്വപ്നങ്ങളില്‍ മേഞ്ഞുനടക്കാന്‍ തുടങ്ങും. ശേഷം ജീവിത വഴികളില്‍ തട്ടി മുട്ടി അലങ്കോലമായ
കടം കൊണ്ട മനസ്സിനെ പുറത്തെടുത്തവള്‍ ദൂരേക്കൊരേറ് വെച്ചു കൊടുക്കും.
അപ്പോള്‍ പഴയകാലം വീണ്ടും വിരുന്നെത്തിയപോലെ അവളില്‍ സന്തോഷം വന്നു നിറയാന്‍ തുടങ്ങും.
അവള്‍ വീണ്ടും കുഞ്ഞു കഥകളും കവിതകളും എഴുതിത്തുടങ്ങും. ഉള്ളില്‍ കൊണ്ട് നടക്കുന്ന അക്ഷര ഭാരം മുഴുവന്‍ മൊബൈല്‍ സ്‌ക്രീനിലേക്ക് പകര്‍ന്നു നല്‍കിക്കഴിയുന്നതോടെ നാലുമണിച്ചായയുടെ ഓര്‍മകളിലേക്കവള്‍ കൂപ്പുകുത്തും.
പിന്നെ തുരുത്തിറങ്ങി തന്റെ കുഞ്ഞു തോണി തുഴഞ്ഞ് അമീറ വീണ്ടും പഴയ അമിയാകും.
വിളിയൊച്ചകള്‍ക്ക് പിറകെ ഓടിത്തുടങ്ങും.
എങ്കിലും അവള്‍ക്കിപ്പോഴൊരു തുരുത്ത് സ്വന്തമായുണ്ട്. അവിടെ അവള്‍ക്കായി കഥകള്‍ പൂക്കുന്ന ചെണ്ടുമല്ലിപ്പൂക്കളും. കവിതകള്‍ വിരിയുന്ന അസര്‍മുല്ലപ്പൂക്കളുമുണ്ട്.